ലക്നോ: രഞ്ജി ട്രോഫി സെമിഫൈനലിൽ ഉത്തരാഖണ്ഡിനെതിരെ കർണാടകയ്ക്ക് കൂറ്റൻ ലീഡ്. നാലാം ദിവസത്തെ മത്സരം അവസാനിപ്പിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് എന്ന നിലയിലാണ് കർണാടക. ഇരു ഇന്നിംഗ്സുകളിലുമായി 802 റൺസിന്റെ ലീഡാണ് നിലവിൽ കർണാടകയ്ക്കുള്ളത്. മത്സരത്തിലെ കർണാടകയുടെ ആകെ സ്കോർ 1035 ആയി.
മത്സരം നിർത്തുമ്പോൾ കെ.എൽ. രാഹുലാണ് ക്രീസിലുള്ളത്. രാഹുൽ 70 റൺസെടുത്തിട്ടുണ്ട്. കർണാടകയുടെ ആറാം വിക്കറ്റ് നഷ്ടമായതിന് പിന്നാലെ നാലാം ദിനത്തിലെ മത്സരം അവസാനിപ്പിച്ചതോടെയാണ് ക്രീസിൽ രാഹുൽ മാത്രമായത്. ഏഴ് റൺസെടുത്ത വിദ്യാദർ പാട്ടീലാണ് ആറാമനായി പുറത്തായത്.
രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടിയ സ്മരൻ രവിചന്ദ്രന്റെയും അർധ സെഞ്ചുറി നേടിയ രാഹുലിന്റെയും കൃതിക് കൃഷ്ണയുടെയും മികവിലാണ് കർണാടക കൂറ്റൻ ലീഡിലേക്കെത്തിയത്. ആദ്യ ഇന്നിംഗ്സിൽ 135 റൺസെടുത്ത സ്മരൻ രണ്ടാം ഇന്നിംഗ്സിൽ 127 റൺസെടുത്താണ് പുറത്തായത്. കൃതിക് കൃഷ്ണ 52 റൺസും മായങ്ക് അഗർവാൾ 21 റൺസുമെടുത്തു.
രണ്ടാം ഇന്നിംഗ്സിൽ ഉത്തരാഖണ്ഡിന് വേണ്ടി അഭയ് നേഗിയും മായംഗ് മിസ്രയും രണ്ട് വിക്കറ്റ് വീതമെടുത്തിട്ടുണ്ട്. അവ്നീഷ് സുധയും ജഗദീഷാ സുചിത്തും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ ഇന്നിംഗ്സിൽ കർണാടക 736 റൺസാണ് പടുത്തുയർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഉത്തരാഖണ്ഡ് 233 റൺസിൽ ഓൾഔട്ടായി.
Tags : ranji trophy semi-final karnataka uttarakhand huge lead