Kerala
മുംബൈ: മഹാരാഷ്ട്രയിലെ പൂനയിൽ വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരൻ കാറിടിച്ചു മരിച്ചു. ലോണി കാൽഭോർ മേഖലയിലെ റസിഡൻഷ്യൽ സൊസൈറ്റിയിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ജോയ് നെസ്റ്റ് സൊസൈറ്റിയിൽ താമസിക്കുന്ന നിഷ്കർഷ് അശ്വത് സ്വാമി ആണ് മരിച്ചത്.
പാർക്കിംഗ് ഏരിയയിൽ മുത്തശ്ശിയോടൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടിയെ കാറിടിച്ചത്. ഉടൻ തന്നെ കാറോടിച്ചയാൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് മരണത്തിനു കീഴടങ്ങുകയായിരുന്നു.
കുട്ടിയുടെ പിതാവ് അശ്വത് നാരായൺ സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഡ്രൈവർക്കെതിരേ കേസെടുത്തിട്ടുണ്ട്.
Kerala
ആലപ്പുഴ: തുറവൂർ ജംഗ്ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം. ബസ് ഡ്രൈവർ അടക്കം നാലു പേർക്ക് പരിക്കേറ്റു.
ഇന്നു പുലർച്ചെ അഞ്ചരയ്ക്കായിരുന്നു സംഭവം. എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് പാതയോരത്ത് ഒതുക്കിയിട്ടിരുന്ന ടിപ്പർ ലോറിയിൽ ഇടിച്ചത്.
കുത്തിയതോട് പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റി.
Kerala
തൃശൂർ: കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 20-ലേറെ പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല.
തിരുവനന്തപുരം സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസും ചെങ്ങന്നൂർ സൂപ്പർ ഫാസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ കുന്നംകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ അമിത വേഗതയിലെത്തിയ ബസ് വാനിലേക്ക് ഇടിച്ചുകയറി അഞ്ച് പേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു.
ഗൊഹാദ് ചൗരാഹ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചിംക ഗ്രാമത്തിന് സമീപം നാഷണൽ ഹൈവേ 719ലാണ് അപകടം നടന്നതെന്ന് എസ്എച്ച്ഒ മനീഷ് ധാക്കഡ് പറഞ്ഞു.
ഭരത് ശർമ, അതുൽ ശിവാരെ, ജഗദീഷ് ബദൗരിയ, പ്രദീപ് പ്രജാപതി, ആനന്ദ് ബദൗരിയ എന്നിവരാണ് മരിച്ചത്. കേതു ശർമ (10), സന്തോഷ് ശർമ (37), മേവാരം ബദൗരിയ (61), രാംലഖൻ (59), മീര (30), സുഖ്വീർ ശർമ (50) എന്നിവർക്കാണ് പരിക്കേറ്റത്.
ബസ് വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാനിലുണ്ടായിരുന്ന നാല് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചും മരിച്ചു. പരിക്കേറ്റ ആറ് പേരെയും വിദഗ്ധ ചികിത്സയ്ക്കായി ഗ്വാളിയോറിലേക്ക് മാറ്റി.
ഗ്വാളിയോറിൽ നിന്ന് ഭിന്ദിലേക്ക് പോവുകയായിരുന്നു വാനിലുണ്ടായിരുന്നവർ. ഒരു വിവാഹ ചടങ്ങിൽ പോയി മടങ്ങിവന്ന ബസിൽ ആളുകൾ ഉണ്ടായിരുന്നില്ല.
Kerala
തിരുവനന്തപുരം: റോഡിന് കുറുകെ കിടന്ന ഇലക്ട്രിക് ലൈനിൽ കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. തിരുവനന്തപുരം നെയ്യാറ്റിൻകര ആശുപത്രിക്ക് സമീപത്തുണ്ടായ അപകടത്തിൽ കാഞ്ഞിരംകുളം സ്വദേശി രാജേന്ദ്രനാണ് പരിക്കേറ്റത്.
കൂടെയുണ്ടായിരുന്ന മകൻ അരുണിന് നിസാരപരിക്കേറ്റു. രാജേന്ദ്രനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പണിനടക്കുന്നിടത്ത് റോഡിന് കുറുകെക്കിടന്ന കമ്പിയിൽ കുടുങ്ങിയാണ് അപകടമുണ്ടായത്.
പണി നടത്തിയത് സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെയാണെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ അധികൃതർക്ക് പരാതി നൽകുമെന്ന് രാജേന്ദ്രൻ പറഞ്ഞു.
Kerala
കൊല്ലം: നാടൻ പാട്ട് സംഘം സഞ്ചരിച്ച വാൻ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഗായികയ്ക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലർച്ചെ കൊല്ലം ശാസ്താംകോട്ടയിലെ സിനിമാ പറമ്പിൽ വച്ചുണ്ടായ അപകടത്തിൽ കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ലക്ഷ്മി (20) ആണ് മരിച്ചത്.
കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിലെ ബിരുദ വിദ്യാർഥിയാണ് ലക്ഷ്മി. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന സൂചന. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അപകടത്തിൽ പരിക്കേറ്റവർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
തിരുവനന്തപുരം: കരമനയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥി ഓടിച്ച കാര്‍ അപകടത്തിൽപെട്ടു. മാതാപിതാക്കള്‍ ഉറങ്ങിക്കിടന്നപ്പോള്‍ വിദ്യാർഥി മുറി പൂട്ടിയിട്ട് രാത്രിയിൽ കാറുമായി ഇറങ്ങുകയായിരുന്നു എന്നാണ് വിവരം.
കരമന നീറമണ്‍കരയിൽ വച്ച് കാർ തലകീഴായി കുഴിയിലേക്ക് മറിയുകയായിരുന്നു. വിദ്യാർഥിയും സഹപാഠിയുമാണ് കാറിലുണ്ടായിരുന്നത്. ആര്‍സി ഓണറായ അച്ഛനെതിരെ കേസെടുത്തിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. മാതാപിതാക്കളെ വീട്ടിൽ പൂട്ടിയിട്ട് തൊട്ടടുത്ത വീട്ടിലെ സൂഹൃത്തിനെയും വിളിച്ചാണ് വിദ്യാർഥി നൈറ്റ് ഡ്രൈവിനിറങ്ങിയത്.
ദേശീയപാതയിലെത്തിയപ്പോള്‍ വാഹനം നിയന്ത്രണം വിട്ട് ഒരു വീടിന് സമീപത്തെ താഴ്ചയിലേക്ക് തലകീഴായി പതിക്കുകയായിരുന്നു. പോലീസെത്തി രണ്ട് വിദ്യാർഥികളെയും തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല.
National
ന്യൂഡൽഹി: ഡൽഹിയിലെ ജാനക്പുരിയിൽ അമിതവേഗത്തിലെത്തിയ കാർ ഓട്ടോയിലിടിച്ച് ആറ് വയസുകാരി മരിച്ചു. സംഭവത്തിൽ കാർ ഡ്രൈവർ സഞ്ജീവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ കുട്ടി മുത്തശി മേഴ്സി സേവ്യറിനൊപ്പം സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിയുകയും ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു.
അപകടത്തിന് പിന്നാലെ രക്തത്തിൽ കുളിച്ച് കിടന്ന കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ അടുത്ത് നിന്ന ഒരു കാർ ഡ്രൈവറോട് യാചിച്ചപ്പോൾ അയാൾ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടതായി മേഴ്സി പറഞ്ഞു. പിന്നീട് സമീപത്തെ ആശുപത്രിയിലെ ഒരു നഴ്സും മറ്റൊരാളും കൂടിയാണ് തങ്ങളെ ആശുപത്രിയിൽ എത്തിച്ചതെന്നും അവർ പറഞ്ഞു.
മേഴ്സിയെയും കുട്ടിയെയും ആദ്യം മാതാ ചനൻ ദേവി ആശുപത്രിയിലും പിന്നീട് ദ്വാരകയിലെ മാക്സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് പെൺകുട്ടി മരിച്ചത്.
അശ്രദ്ധമായി വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും സഞ്ജീവനെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.
Kerala
മലപ്പുറം: സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങിയ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. വളാഞ്ചേരി മുക്കിലപീടിക സ്വദേശി ശശി ആണ് മരിച്ചത്. വളാഞ്ചേരി ടൗണില്‍ ബുധനാഴ്ച വൈകുന്നേരം 6:45ഓടെ ആയിരുന്നു അപകടം.
റോഡിലൂടെ നടന്നുപോകുകയായിരുന്ന ശശിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു. വളാഞ്ചേരി-കോഴിക്കോട് റോഡിലായിരുന്നു അപകടം. പുത്തനത്താണി ഭാഗത്തു നിന്നും വന്ന സ്വകാര്യ ബസ് ആണ് ശശിയുടെ കാലിലൂടെ കയറിയിറങ്ങിയത്.
അപകടത്തെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ശശിയെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
Kerala
കൊച്ചി: എറണാകുളം പൂക്കാട്ടുപടിയില്‍ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. നാലു വിദ്യാര്‍ഥികള്‍ക്കും കോളജ് ബസ് ഡ്രൈവര്‍ക്കും അടക്കം ഒമ്പതു പേര്‍ക്ക് പരിക്ക്. പെരുമ്പാവുര് അറയ്ക്കപ്പടിയിലുള്ള ജയ് ഭാരത് കോളജിന്റെ ബസും എറണാകുളം ആലുവ റൂട്ടില്‍ ഓടുന്ന റയാന് ബസുമാണ് കൂട്ടിയിടിച്ചത്.
രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. മതിലിനോട് ചേര്‍ന്ന് വന്ന കോളജ് ബസ് കണ്ട് സ്വകാര്യ ബസ് നിര്‍ത്തിയെങ്കിലും നേരെ വന്ന് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറുടെ രണ്ടു കാലും ബസിലെ കാബിനുള്ളില്‍ കുടുങ്ങി.
സ്വകാര്യ ബസിലെ ഡ്രൈവര്‍ക്ക് പരിക്കില്ല. എന്നാല്‍ നാലു യാത്രികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥികളെയും യാത്രികരെയും ഡ്രൈവറെയും ഉടന്‍ അടുത്തുള്ള ആശുപത്രികളില്‍ എത്തിച്ചു. സ്ഥലത്ത് വന്‍ ഗതാഗതക്കുരുക്കും ഉണ്ടായി.
Kerala
കൊച്ചി: ടോറസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മാണിക്കമംഗലം തോട്ടകം കോന്നൂരാൻ വീട്ടിൽ വിത്സന്റെ മകൻ അക്ഷയ് (30) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.30 ഓടെ മറ്റൂരിലായിരുന്നു അപകടം.
ടോറസ് ലോറി തട്ടി റോഡിലേക്ക് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂടാലപ്പാട് തോട്ടങ്കര കുടുംബംഗം ഐശ്വര്യയാണ് ഭാര്യ. 41 ദിവസം മുമ്പായിരുന്നു അക്ഷയുടെ വിവാഹം. വിദേശത്തായിരുന്ന അക്ഷയ് രണ്ട് മാസം മുമ്പാണ് വിവാഹത്തിനായി നാട്ടിലെത്തിയത്.
അമ്മ: ഷാലി, സഹോദരൻ: അനോൾഡ്. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിന് മാണിക്കമംഗലം സെന്റ് റോക്കീസ് പള്ളിയിൽ.
Kerala
കോഴിക്കോട്: തൊടുപുഴയില്‍ റോഡരികില്‍ മൂടാതെ കിടന്നിരുന്ന കുഴിയില്‍ വീണ് യുവാവ് മരിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പേ കോഴിക്കോട് എരഞ്ഞിപ്പാലത്തും സമാന അപകടം.
സ്ലാബില്ലാത്ത ഓടയിലേക്ക് തെറിച്ചുവീണെങ്കിലും സ്കൂട്ടര്‍ യാത്രികനായ ഒളവണ്ണ സ്വദേശി നിസാര്‍ (38) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കാണു സംഭവം.
നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മലാപറമ്പ് - മാനാഞ്ചിറ റോഡില്‍ എരഞ്ഞിപ്പാലം ട്രാഫിക് ജംഗ്ഷനു സമീപമുള്ള ഓടയിലാണു നിസാര്‍ വീണത്. റോഡരികിലൂടെ സ്കൂട്ടറിൽ വരികയായിരുന്നു നിസാര്‍. തൊട്ടരികിലൂടെ വരികയായിരുന്ന കാര്‍ സമീപത്തേക്ക് അടുപ്പിച്ചതുകണ്ട് നിസാര്‍ സ്കൂട്ടര്‍ വെട്ടിച്ചപ്പോള്‍ പെട്ടെന്ന് മറിഞ്ഞുവീഴുകയായിരുന്നു. ഒരു മീറ്ററിലധികം ആഴമുള്ള ഓടയിലേക്കാണ് നിസാര്‍ വീണത്.
ഹെല്‍മെറ്റ് ഉണ്ടായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അടുത്തിടെ നിര്‍മിച്ച ഓവുചാലിന്റെ അരിക് ഭിത്തികളില്‍ ഇരുമ്പുകമ്പികള്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. കമ്പിയില്‍ ഇടിച്ച് കൈക്കാണു പരിക്കേറ്റത്.
നാട്ടുകാര്‍ ഓടിക്കൂടിയാണ് നിസാറിനെ ഓടയില്‍ നിന്നു പുറത്തെടുത്തത്. മലാപറമ്പ് -മാനാഞ്ചിറ റോഡില്‍ പുതുതായി നിര്‍മിച്ച ഓവുചാലില്‍ പലയിടത്തും സ്ലാബുകള്‍ ഇട്ട് മൂടിയിട്ടില്ല. അപകടം വായ് പിളര്‍ത്തി നില്ക്കുന്ന ഓവുചാലുകള്‍ക്കു സമീപം അപകട സൂചക ബോര്‍ഡുകളോ റിബണുകളോ സ്ഥാപിക്കാന്‍ കരാര്‍ കമ്പനി തയാറായിട്ടില്ല.
Editorial
പതിനഞ്ച് വർഷം തുറന്നുകിടന്ന ഒരു കുഴിയിൽ വീണ് നിരവധിപ്പേർക്കു പരിക്കേറ്റിട്ടും അനങ്ങാതിരുന്നവർ, ഒടുവിലൊരു യുവാവിന്റെ മരണത്തിൽ പൊറാട്ടുനാടകത്തിനിറങ്ങിയിരിക്കുന്നു. പ്രതിസ്ഥാനത്തുനിന്നു രക്ഷപ്പെടാനുള്ള പൊതുമരാമത്തു വകുപ്പിന്റെ തൊടുന്യായങ്ങൾ, നഗരസഭയുടെ ഉത്തരവാദിത്വമൊഴിയൽ, ജനപ്രതിനിധികളുടെ പ്രതിഷേധനാടകം, സംരക്ഷിക്കപ്പെടുമെന്ന ഉദ്യോഗസ്ഥരുടെ സംഘടിത ധൈര്യം, ഉത്തരവാദികൾ തയാറാക്കുന്ന റിപ്പോർട്ടിനു കാത്തിരിക്കുന്ന പൊതുമരാമത്തുവകുപ്പ് മന്ത്രി... ഈ നാടകങ്ങൾക്കു തിരശീലയിടണം.
ഇത് അപകടമല്ല, 15 കൊല്ലം കെണിവച്ചു വീഴ്ത്തിയതാണ്, കൊലപാതകമാണ്. ഉത്തരവാദികൾക്കെതിരേ മനഃപൂർവമുള്ള നരഹത്യക്കു കേസെടുത്താൽ അന്നു തീരും ഈ കെടുകാര്യസ്ഥത. തൊടുപുഴയിൽ നരഹത്യക്കു കേസെടുത്ത് മുന്നറിയിപ്പു കൊടുത്താൽ, കേരളമൊട്ടാകെ തുറന്നിരിക്കുന്ന ഇത്തരം മരണക്കെണികൾ 24 മണിക്കൂറിനുള്ളിൽ മൂടിയിരിക്കും. തുടർഭരണത്തിനുള്ള വളഞ്ഞ സർവേകളിലല്ല, കൺമുന്നിലെ പരാജയങ്ങളിലാണ് പാഠങ്ങൾ.
തിങ്കളാഴ്ച രാത്രി തൊടുപുഴയില്‍നിന്നു മുതലക്കോടത്തെ വീട്ടിലേക്കു പോകവേ, തുറന്നുകിടന്നിരുന്ന കുഴിയിൽ വീണാണ് മുതലക്കോടം സ്വദേശി ജെയിസ് മരിച്ചത്. വിദേശത്തു ജോലിയിലായിരുന്ന 27 വയസുകാരൻ അടുത്ത ദിവസം മടങ്ങാനിരിക്കുകയായിരുന്നു. ഒരു സർവേയുമില്ലാതെ മിനിട്ടുകൾക്കുള്ളിൽ തെളിഞ്ഞ യാഥാർഥ്യങ്ങളുണ്ട്.
ഒന്നാമത്, 15 വർഷമായി ഈ മരണക്കുഴി മുതലക്കോടം മാവിൻകുഴിയിൽ ഉണ്ടായിരുന്നു. 15 കൊല്ലം മുൻപ് ബസിടിച്ചു തകർന്ന കലുങ്കായിരുന്നു ഇത്. പലരും അപകടത്തിൽ പെട്ടെന്ന വിവരം പൊതുമരാമത്ത് വകുപ്പിനും നഗരസഭയ്ക്കും ജനപ്രതിനിധികൾക്കും അറിവുള്ളതുമാണ്. ഏകദേശം രണ്ടു വർഷം മുൻപ്, വെള്ളക്കെട്ട് ഉണ്ടായപ്പോൾ നഗരസഭ ജെസിബി ഉപയോഗിച്ച് തടസം നീക്കി. പിന്നെ പൊതുമരാമത്തുവകുപ്പിന്റെ തടസങ്ങൾ അതിന്റെ പേരിലായെന്നാണ് അറിയുന്നത്.
എട്ടു മാസം മുൻപ്, ഇതിനടുത്തുള്ള കടമുറികളുടെ ഉടമ പി.എ. കൃഷ്ണകുമാർ സ്വന്തം ചെലവിൽ ഇതു പണിതു മൂടിയും സ്ഥാപിക്കാമെന്ന് നഗരസഭയെയും തുടർന്നു പൊതുമരാമത്തു വകുപ്പിനെയും അറിയിച്ചിരുന്നു. കരിങ്കല്ലുകൊണ്ട് കെട്ടരുത് തുടങ്ങി പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ചട്ടപ്പടി നിബന്ധനകളും കടുംപിടിത്തവും മുറുകിയതോടെ സൗജന്യമായി ചെയ്യാമെന്നേറ്റയാൾ ‘വയ്യാവേലി’ വേണ്ടെന്നുവച്ചു. പൊതുമരാമത്തുവകുപ്പ് പണിതുമില്ല.
ഇതേ വകുപ്പിന്റെ വിജിലന്‍സ് ഡെപ്യൂട്ടി എൻജിനിയറില്‍ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസ് ഇപ്പോൾ റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. വീഴ്ച സംഭവിച്ചെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇങ്ങനെ ഉത്തരവാദികളായേക്കാവുന്നവർ കൊടുക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ‘നടപടി’ സ്വീകരിച്ചാണ് നമ്മുടെ സംസ്ഥാനത്തെ ഉദ്യോഗസ്ഥർ ഏതു തെറ്റു ചെയ്താലും സുരക്ഷിതരായി തുടരുന്നത്. നിരവധി അപകടങ്ങളുണ്ടായിട്ടും 15 വർഷമെങ്കിലും ഈ കുഴി ഉദ്യോഗസ്ഥർ നിലനിർത്തിയെങ്കിൽ ഇപ്പോഴത്തേത് അപകടമരണമാണോ കൊലപാതകമാണോ?
പൊതുമരാമത്തു വകുപ്പിന്റെ ഉദ്യോഗസ്ഥരല്ല, വിവിധ തലത്തിലുള്ള കരാറുകാരും പൊതുജനവുമാണ് ഇവരുടെ അഴിമതി മുതൽ കെടുകാര്യസ്ഥത വരെയുള്ള റിപ്പോർട്ട് തയാറാക്കേണ്ടത്. നഗരസഭാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടുകയാണ്. ഒന്നര പതിറ്റാണ്ടായി ഈ കെണി നിങ്ങളുടെ കൺമുന്നിലുണ്ടായിരുന്നു.
പൊതുമരാമത്ത് ചെയ്തില്ല എന്നു പറഞ്ഞൊഴിയാനല്ല ജനം വോട്ട് തന്നത്. സർക്കാർ വകുപ്പുകളുടെ ജനസേവനം ഇങ്ങനെയൊക്കെയാണെന്ന് അറിയാവുന്ന മാധ്യമങ്ങൾ ഇത്തരം ആപത്തുകൾ ഒന്നോ രണ്ടോ തവണയല്ല നിരന്തരം ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. കെടുകാര്യസ്ഥതയുടെ ഭരണരഥത്തിൽ വിനോദയാത്ര നടത്തുന്ന ഉദ്യോഗസ്ഥവൃന്ദം അത്ര സുഖിമാന്മാരും ഉദാസീനരുമായെന്നത് മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന ബോധ്യമാകണം.
ഇനിയൊരു നാട്ടുനടപ്പ് ആചാരപ്രകാരം നടന്നേക്കും. 15 കൊല്ലം മുടന്തൻന്യായം എഴുന്നള്ളിച്ചവർ ഉടനെ കലുങ്കുപണി തുടങ്ങും. ബഹളം തീരുന്ന മുറയ്ക്ക് ഉത്തരവാദികളില്ലാത്ത ഒരു റിപ്പോർട്ട് പൊതുമരാമത്തുവകുപ്പ് ‘ബഹു.’ മന്ത്രിക്കു സമർപ്പിക്കും. അപകടക്കെണി ഒഴിവാകുന്നതോടെ ജനങ്ങളും അതു മറക്കും. പരിക്കേറ്റവരുടെയും കൊല്ലപ്പെട്ട ജെയിസിന്റെ കുടുംബാംഗങ്ങളുടെയും നഷ്ടങ്ങൾ സ്വകാര്യ വിഷയങ്ങളായി മാറും.
മൂടിയില്ലാത്ത ഓടകൾ, നിർമാണബാക്കികൾ, മുന്നറിയിപ്പില്ലാത്ത അപകടക്കെണികൾ, തകർന്ന മുന്നറിയിപ്പു ബോർഡുകൾ, വെള്ളക്കെട്ടുകൾ, പുതിയ റോഡിലെ അപ്രതീക്ഷിത കുഴികൾ, പുത്തൻ റോഡിലെ ജല അഥോറിറ്റിയുടെ വെട്ടിപ്പൊളിക്കലുകൾ, തകർന്ന റിഫ്ലക്ടറുകൾ, റോഡ് സുരക്ഷാ കണ്ണാടികൾ (Convex Mirrors)... നൂറുകണക്കിന് അപകടക്കെണികളാണ് സംസ്ഥാനത്ത് ഉടനീളമുള്ളത്. ഈ ചെറിയ കാര്യങ്ങളെങ്കിലും ചെയ്തില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഈ മാസത്തെ ശന്പളം കൊടുക്കില്ലെന്നു പറയാനുള്ള ആർജവം സർക്കാരിനുണ്ടായാൽ പരിഹരിക്കാൻ മണിക്കൂറുകൾ മതി. പക്ഷേ, ഇച്ഛാശക്തി വേണം.
National
ഗാന്ധിനഗർ: ഗുജറാത്തിലെ ദാഹോദിന് സമീപം ഇൻഡോർ - അഹമ്മദാബാദ് ദേശീയപാതയിൽ അമിതവേഗതയിലെത്തിയ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മൂന്ന് പേർ മരിച്ചു. സച്ചിൻ ബിരാദാർ (27), അഭിഷേക് യാദവ് (26), തേജസ് ദാഗ്ഡെ (26) എന്നിവരാണ് മരിച്ചത്.
ഉജ്ജൈനിലെ മഹാകാൽ ക്ഷേത്രം സന്ദർശിച്ച ശേഷം സോമനാഥിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലും സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിലിടിക്കുകയും ചെയ്തു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ എൻജിൻ വാഹനത്തിൽ നിന്ന് വേർപെട്ടു. അഭിഷേകും സച്ചിനും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ചികിത്സയിലായിരിക്കെയാണ് തേജസ് മരിച്ചത്.
National
ബംഗളൂരു: റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ബംഗളൂരു ലഗ്ഗരെ സ്വദേശിനിയും സ്വകാര്യ ബാങ്കിലെ ജീവനക്കാരിയുമായ യോഗേശ്വരി (27) യാണ് മരിച്ചത്. വാഹനമോടിച്ച അൾസൂർ സ്വദേശി ദീപക് തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.
ബാങ്കിന്റെ എതിർവശത്തുള്ള ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം വാങ്ങി മടങ്ങുന്നതിനിടെയാണ് അപകടം. ഭക്ഷണവുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്ക് യോഗേശ്വരിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഇരുവരുടെയും തലയ്ക്ക് പരിക്കേറ്റൽക്കുകയും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ചികിത്സയിലായിരിക്കെയാണ് യോഗേശ്വരി മരിച്ചത്. മനഃപൂർവമല്ലത്ത നരഹത്യയ്ക്ക് ദീപക്കിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
ഏറ്റുമാനൂർ: ഏറ്റുമാനൂർ പ്രൈവറ്റ് ബസ്റ്റാൻഡിനു സമീപമുള്ള ചിറകുളത്തിൽ ചൂണ്ടയിടാൻ എത്തിയ മധ്യവയസ്കൻ മുങ്ങി മരിച്ചു. ഏറ്റുമാനൂർ സ്വദേശി അഷറഫാണ് മരിച്ചത്. ഇന്നു രാവിലെ 8.30 ഓടെയാണ് സംഭവം.
ഏറ്റുമാനൂർ മത്സ്യമാർക്കറ്റിലെ തൊഴിലാളിയാണ് ഇദ്ദേഹം.
ചൂണ്ടയിൽ കുടുങ്ങിയ മത്സ്യത്തെ കുളത്തിൽ ഇറങ്ങി പിടിക്കുന്നതിനിടെ അഷറഫ് കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിശമന സേനയുടെ സ്കൂബാ സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Kerala
മുണ്ടക്കയം: പുഞ്ചവയലിൽ സ്വകാര്യ ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു. പുഞ്ചവയൽ കുളമാക്കൽ വയലുങ്കൽ ശശിയുടെ ഭാര്യ ആനന്ദവല്ലി (60) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 ടെയായിരുന്നു അപകടം.
കുളമാക്കൽനിന്നു പുഞ്ചവയലിലേക്ക് വരും വഴിയാണ് അപകടമുണ്ടായത്. ഇറക്കവും വളവുമുള്ള റോഡിൽ നിയന്ത്രണം വിട്ട സ്വകാര്യ ഓട്ടോറിക്ഷ റോഡിൽ വട്ടം മറിയുകയായിരുന്നു. വാഹനത്തിന്റെ അടിയിൽ അകപ്പെട്ട ആനന്ദവല്ലിയെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓട്ടോറിക്ഷ ഓടിച്ചിരുന്ന അയൽവാസി ബിനോയ്ക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ആനന്ദവല്ലിയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും.
മക്കൾ: പ്രശാന്ത്, പ്രവീൺ, ആശ. മരുമക്കൾ: രമ്യ, സതീഷ്.
Kerala
മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്എന്‍ഡിപി ജംഗ്ഷന് സമീപം തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് അപകടം. പോസ്റ്റ് ഓഫീസ് ഭാഗത്തു നിന്നും വന്ന ലോറി മീഡിയനും മറി കടന്ന് എതിര്‍വശത്തുള്ള കൈവരിയില്‍ ഇടിച്ചാണ് നിന്നത്. പുലര്‍ച്ചെയാണ് അപകടം നടന്നത്. ഈ സമയത്ത് റോഡില്‍ മറ്റു വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
അതേസമയം, കഴിഞ്ഞ ഒരു മാസത്തിനിടെ ഇവിടെ നടക്കുന്ന അഞ്ചാമത്തെ അപകടമാണിത്. മൂവാറ്റുപുഴ നഗരവികസനത്തിന് ശേഷം നിരവധി അപകടങ്ങളാണ് ഇത്തരത്തില്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന് മുതല്‍ കച്ചേരിത്താഴം വരെയുള്ള ഭാഗത്ത് ഉണ്ടായിട്ടുള്ളത്.
സ്ഥലത്ത് സ്ട്രീറ്റ് ലൈറ്റുകളോ മറ്റു വെളിച്ച സംവിധാനങ്ങളോ ഒന്നും ഇല്ലാത്തത് അപകടങ്ങള്‍ക്ക് കാരണമാവുകയാണ്. നാറ്റ്പാക് ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ നഗരത്തില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി മടങ്ങിയെങ്കിലും അവരുടെ റിപ്പോര്‍ട്ടോ മറ്റു നടപടിക്രമങ്ങളോ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
Kerala
ഇടുക്കി: തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 10.45 ഓടെ തൊടുപുഴ-ഉടുമ്പന്നൂര്‍ റൂട്ടില്‍ മുതലക്കോടത്തായിരുന്നു അപകടം. തൊടുപുഴ ഭാഗത്തേയ്ക്ക് വരികയായിരുന്ന ജെയ്സിന്റെ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികില്‍ കലുങ്കിനായി എടുത്തിട്ടിരുന്ന കുഴിയിലേയ്ക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ജെയ്സിനെ നാട്ടുകാര്‍ ഉടന്‍ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മാള്‍ട്ടയില്‍ ജോലിയില്‍ ചെയ്തിരുന്ന ജെയ്സ് അവധിയ്ക്ക് വന്ന ശേഷം നാളെ വീണ്ടും തിരികെ പോകാനിരിക്കെയാണ് മരണം. മൃതദേഹം ഇന്ന് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. ബിന്ദുവാണ് മാതാവ്. അന്ന ഏക സഹോദരിയാണ്.
ഇതിനിടെ അപകടത്തിനു ശേഷം കടുത്ത എതിര്‍പ്പുമായി നാട്ടുകാര്‍ രംഗത്തെത്തി. കലുങ്കിനായി എടുത്ത കുഴി മൂടാത്തതിനാലാണ് ജീവന് പൊലിയാനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാലങ്ങളായി ഈ കുഴി മൂടാതെ കിടക്കുന്നതിനാല്‍ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. പൊതുമരാമത്ത് അധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
Kerala
കൂത്തുപറമ്പ്: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യ വില്പനക്കാരനായ ഗൃഹനാഥന് മരിച്ചു. കൂത്തുപറമ്പ് നരവൂരിലെ അവിട്ടം ഹൗസിൽ എന്‍. പ്രദീപന് (52) ആണ് മരിച്ചത്.
കതിരൂര്‍ മൂന്നാം മൈലില്‍ വച്ച് ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. തലശേരി മാര്‍ക്കറ്റില്‍ നിന്നും ഓട്ടോയില്‍ വില്പനക്കുള്ള മത്സ്യവും എടുത്ത് നരവൂരിലേക്ക് പോകുകയായിരുന്നു പ്രദീപൻ.
മൂന്നാം മൈല്‍ ടൗണിന് സമീപം വെച്ച് പന്നി കുറുകെ ചാടിയപ്പോൾ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്ക് പറ്റിയ പ്രദീപനെ തലശേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ ഏഴോടെ മരണപ്പെടുകയായിരുന്നു.
District News
ആലത്തൂർ: പാടൂരിനു സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പുതുക്കോട് തിരുവടി പൊറ്റ സ്വദേശി ഹക്കിമിന്റെ മകൻ അനസ് (21) ആണ് മരിച്ചത്.
സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന പഴയന്നൂർ സ്വദേശി റാഷിദിന് അപകടത്തിൽ പരിക്കേറ്റു. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു അപകടം.
ആലത്തൂർ ഭാഗത്തേക്കു സ്കൂട്ടറിൽ വരികയായിരുന്നു ഇരുവരും. പാടൂരിനുസമീപംവച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ റോഡിലേക്കു മറിയുകയും എതിർദിശയിൽനിന്ന് ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറിക്കടിയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഉടൻതന്നെ ഇരുവരെയും ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനസിന്റെ ജീവൻ രക്ഷിക്കാനായില്ല. റാഷിദ് ചികിത്സയിലാണ്.
District News
എകരൂൽ: ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. താമരശേരി തച്ചംപൊയിൽ വാകപ്പൊയിൽ തൈക്കണ്ടി ഉദയകുമാർ (70) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ എകരൂലിന് അടുത്ത് എസ്റ്റേറ്റ് മുക്കിലായിരുന്നു അപകടം.
ഉദയകുമാർ സഞ്ചരിച്ചിരുന്ന ബുള്ളറ്റിൽ മിനി ലോറി ഇടിക്കുകയായിരുന്നു. ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സജീവ പാലിയേറ്റീവ് പ്രവർത്തകനായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകൾക്കും ഗുരുതര പരിക്ക്. തിരുവനന്തപുരം അമ്പലത്തറയിലുണ്ടായ സംഭവത്തിൽ പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ചശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി. കാര്‍ ഓടിച്ചിരുന്ന പനങ്ങോട് സ്വദേശി സിജിയെ പൂന്തുറ പോലീസ് കസ്റ്റഡിയിൽ എടുത്തു. ലഹരി വസ്തുക്കള്‍ ഉപയോഗിച്ചില്ലെന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തിയെന്നും ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നും പോലീസ് പറഞ്ഞു.
Kerala
കാഞ്ഞിരപ്പള്ളി: കോട്ടയം കൂവപ്പള്ളിയിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു. കൂവപ്പള്ളി പെരുമ്പാറ കൊടംതൂക്കിൽ സിബിയുടെ മകൻ എബിൻ ആന്റണി (24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം.
പൂച്ചയ്ക്ക് പിന്നാലെ ഓടിയപ്പോൾ വീട്ടുമുറ്റത്തെ ചുറ്റുമതിലില്ലാത്ത കിണറ്റിലേക്ക് യുവാവ് വീഴുകായിരുന്നുവെന്നണ് പറയപ്പെടുന്നത്. പിന്നാലെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് യുവാവിനെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലു ജീലൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ടോടെ കുടുംബത്തിന് വിട്ടുനൽകും. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിൽ നടക്കും.
Kerala
മല്ലപ്പള്ളി: കുഞ്ഞ് ആലിന് ഷെറിന് ഏബ്രഹാം വിടവാങ്ങിയെങ്കിലും തങ്ങള്‍ക്ക് ഇനി നാലു കൊച്ചുമക്കളാണുള്ളതെന്ന് മല്ലപ്പള്ളി പഞ്ചായത്ത് മുന്‍ പ്രസിഡന്റും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിന്റെ മുത്തച്ഛനുമായ റെജി ശാമുവേല്‍.
അവയവദാനം കുടുംബം ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെയാണ് ആലിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആലിന് തിരികെവരുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതോടെയാണ് അവയവദാനത്തിനു കുടുംബം തയാറായത്. മകന് അരുണിന്റെയും ഭാര്യ ഷെറിന്റെയും താത്പര്യം അറിയിച്ചു. താനും പൂര്‍ണ പിന്തുണ നല്കിയെന്നു റെജി ശാമുവേല്‍ പറഞ്ഞു. ഞങ്ങളുടെ ഒരു നാല് കുഞ്ഞുങ്ങള്‍ക്കു ഭൂമിയില്‍ ജീവിക്കാന്‍ അവസരമായല്ലോയെന്ന് റെജി സമാധാനപ്പെടുന്നു.
പത്തു മാസത്തെ ഇഹലോക ജീവിതം പൂര്‍ത്തിയാക്കി, നാലുപേരെ ജീവിതത്തിലേക്കു നയിച്ച ദൗത്യം പൂര്‍ത്തിയാക്കി കുഞ്ഞ് ആലിന് നാളെ പറന്നുയരും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവെന്ന ബഹുമതിയോടെ ആലിന് ഷെറിന് ഏബ്രഹാമിന്റെ ഭൗതികശരീരം നാളെ രാവിലെ വീട്ടില്‍ കൊണ്ടുവരും.
വൈകുന്നേരം അഞ്ചോടെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിലെ കല്ലറ ഏറ്റുവാങ്ങും. മുന്‍ മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മല്ലപ്പള്ളി വെസ്റ്റ് കോഴഞ്ചേരി മലയാറ്റൂര്‍ വാലുമണ്ണില്‍ റെജി ശാമുവേലിന്റെ മകനാണ് അരുണ്‍ ഏബ്രഹാം. മല്ലപ്പള്ളി ഈസ്റ്റ് പുളിഞ്ചിമൂട്ടില്‍ കുടുംബാംഗമാണ് അധ്യാപിക കൂടിയായ ഷെറിന് ആന്‍ ജോണ്‍. ഇവരുടെ ഏകമകളായിരുന്നു ആലിന് ഷെറിന് എബ്രഹാം
തീവ്ര ദുഃഖത്തിലും മറ്റുള്ളവരുടെ ജീവന് നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിനെ മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചിന് എംസി റോഡില്‍ പള്ളം ബോര്‍മ ജംഗ്ഷനു സമീപത്തു കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആലിന് ഗുരുതരമായി പരിക്കേറ്റത്.
പത്തു മാസം പ്രായമുള്ള ആലിനൊപ്പം അമ്മ ഷെറിനും അമ്മയുടെ മാതാപിതാക്കളും ഉണ്ടായിരുന്നു. കോട്ടയം സ്വദേശികളുടെ കാറുമായാണ് ഇവരുടെ കാര്‍ കൂട്ടിയിടിച്ചത് ഷെറിന്റെ മാതാപിതാക്കളായ രാജനും ജെസിയും ഇപ്പോഴും പരിക്കുകളോടെ ചികിത്സയിലാണ്.
അപകടം നടന്ന ഉടന്‍തന്നെ കുഞ്ഞിനെ ചങ്ങനാശേരിയിലെയും തിരുവല്ലയിലെയും ആശുപത്രികളിലേക്കും പിന്നീട് കഴിഞ്ഞ ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഇന്നലെ കുട്ടിക്കു മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ കുട്ടിയുടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കുകയായിരുന്നു. ഇതാകട്ടെ കേരളത്തിലെ ആരോഗ്യ ചരിത്രത്തിലെ ഒരു ചരിത്ര നിമിഷവുമായി.
കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്കാണ് നല്‍കിയത്. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കു ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങള്‍ അമൃത ആശുപത്രിയിലേക്കും രാത്രിയില്‍തന്നെ എത്തിച്ചു. ആറുമാസം പ്രായമുള്ള കുഞ്ഞിനാണ് കിംസ് ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കുന്നത്. അതി സങ്കീര്‍ണമായ ശസ്ത്രകിയയാണിത്. സംസ്ഥാനത്തു മരണാനാന്തര അവയവദാനത്തിലൂടെ കരള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്.
National
ജയ്പുർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. ചക്സു പ്രദേശത്തെ ടിഗാഡിയയിലാണ് അപകടം നടന്നത്.
ഇന്ന് രാവിലെ ആറോടെയാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
നാല് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിൽ വച്ചുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
Kerala
തൃശൂർ: ഒല്ലൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസിൽ ചരക്കുലോറിയിടിച്ച് അഞ്ച് അയ്യപ്പഭക്തർക്ക് പരിക്ക്. പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്.
തമിഴ്നാട് ഈറോഡ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ശനിയാഴ്ച വെളുപ്പിന് 4.20നായിരുന്നു സംഭവം. പരിക്കേറ്റവർ തൃശൂർ ജില്ലാ ജനറലാശുപത്രിയിൽ ചികിത്സയിലാണ്.
ഒല്ലൂർ ആക്ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
National
ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ ട്രക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. സരയ് ജുലെന സ്വദേശി മാനവ് (19) ആണ് മരിച്ചത്.
മാനവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് സാദ് (21) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഇരുവരും ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥികളാണ്.
മാനവിന്റെ പിറന്നാൾ ആഘോഷത്തിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മോദി മിൽ ഫ്ലൈ ഓവറിന് സമീപത്ത് വച്ച് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേയ്ക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.
മാനവ് സംഭവസ്ഥലക്ക് വച്ച് തന്നെ മരിച്ചു. മുഹമ്മദ് സാദ് സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി ട്രക്ക് ഡ്രൈവർ ജഹുൽ (32) നെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ബംഗളുരു: ബംഗളുരുവിനു സമീപം ഹൊസ്കോട്ടെ താലൂക്കിലെ സത്യവാര ഗ്രാമത്തില്‍ ഹൊസ്കോട്ടെ- ദബാസ്പെട്ട ഹൈവേയില്‍ ഇന്നു പുലര്‍ച്ചെ 4.30ന് ഉണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ ഏഴു യുവാക്കള്‍ മരിച്ചു. മരിച്ച ആറു പേർ കാറിൽ സഞ്ചരിച്ചിരുന്നവരും ഒരാൾ കാർ ഇടിച്ചു കയറിയ ബൈക്കിൽ സഞ്ചരിച്ചിരുന്ന ആളുമാണ്.
മരിച്ചവരെല്ലാം ബംഗളൂരുവില്‍ വിദ്യാര്‍ഥികളും ജോലി ചെയ്യുന്നവരുമാണ്. യുവാക്കള്‍ സഞ്ചരിച്ചിരുന്ന എക്സ്യുവി കാര്‍ ബൈക്കിലും ചരക്ക് ലോറിയിലും ഇടിച്ച് മറഞ്ഞുവെന്നാണ് സൂചന. കാറിലുണ്ടായിരുന്ന ആറു പേരും തത്ക്ഷണം മരിച്ചു. രാത്രി സെക്യൂരിറ്റി ജോലിക്കുശേഷം വീട്ടിലേക്ക് ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഗഗന്(26) എന്ന യുവാവും ഇടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്തു മരിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കാറിന്റെ അമിതവേഗമാണ് അപകടത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന അശ്വിന് നായർ (17), അയാന്, അര്ഹാന് ഷെരീഫ്, ഭരത്(18), ഏദൻ ജോർജ്, എന്നിവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരാളെക്കുറിച്ചു വിവരമില്ല.
മൃതദേഹങ്ങള്‍ ഹൊസ്കോട്ടെ ഗവണ്മെന്റ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
Kerala
കൊച്ചി: പറവൂര്‍ പെരുമ്പടന്ന ഭാഗത്ത് ലോഡുമായെത്തിയ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ദേശീയപാത നിര്‍മാണം നടക്കുന്നയിടത്ത് എത്തിച്ച ലോറിയാണ് തലകീഴായി മറിഞ്ഞത്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ക്രെയ്ന് ഉപയോഗിച്ചാണ് ലോറി പൊക്കിയെടുത്തത്. അതേസമയം, കഴിഞ്ഞ ദിവസം ദേശീയ പണിമുടക്ക് ആയിരുന്നുവെങ്കിലും റോഡ് നിര്‍മാണ പണികള്‍ നടന്നിരുന്നു.
Kerala
മൂവാറ്റുപുഴ: മൂവാറ്റുപുഴ-കൂത്താട്ടുകുളം എംസി റോഡില്‍ നടന്ന അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. അഞ്ചല്‍പ്പെട്ടി സ്വദേശി ചായേലില് പുത്തന്പുരയില്റോയ് വര്‍ഗീസ് (60) ആണ് മരിച്ചത്. എതിരെ വന്ന കാറും ബൈക്കുമായി ഇടിച്ചായിരുന്നു അപകടം.
മൂവാറ്റുപുഴ ഭാഗത്തുനിന്നു കൂത്താട്ടുകുളം ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കിലേക്കു പണ്ടപ്പിള്ളി ഭാഗത്തുനിന്നു മൂവാറ്റുപുഴ ഭാഗത്തേക്കു തിരിയുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ ഒൻപതോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റോയിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.
അപകടത്തെത്തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴ പോലീസെത്തി റോഡില്‍നിന്നു വാഹനങ്ങള്‍ നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിച്ചു.
National
കാൺപുർ: കാൺപുർ ടൗണിലെ വിഐപി റോഡിൽ കഴിഞ്ഞദിവസം ലംബോർഗിനി കാർ ഇടിച്ച് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ കാറുടമയും വ്യവസായിയുമായ ശിവം മിശ്രയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.
മിശ്രയെ അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി 14 ദിവസം ജുഡീഷൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 20,000 രൂപയുടെ ആൾജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
NRI
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ നിരത്തുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം നടത്തിയ വ്യാപക പരിശോധനയില്‍ രണ്ടായിരത്തോളം ഡ്രൈവര്‍മാരെയും വാഹനങ്ങളെയും പിടികൂടി.
ഫെഡറല്‍ മോട്ടോര്‍ കാരിയര്‍ സേഫ്റ്റി അഡ്മിനിസ്ട്രേഷന് നടത്തിയ "ഓപ്പറേഷന് സേഫ് ഡ്രൈവ്' എന്ന പദ്ധതിയിലൂടെയാണ് നടപടി. ജനുവരി 13 മുതല്‍ 15 വരെ നടന്ന മൂന്ന് ദിവസത്തെ പരിശോധനയുടെ വിവരങ്ങള്‍ ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി ഈ മാസം ഒമ്പതിനാണ് പുറത്തുവിട്ടത്.
പിടികൂടിയവരില്‍ ഏകദേശം 500-ഓളം ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിയെടുത്തത് അവര്‍ക്ക് അടിസ്ഥാനപരമായ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഇല്ലാത്തതിനാലാണ്. റോഡ് ചിഹ്നങ്ങള്‍ വായിക്കാനും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനും കഴിയാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
8,215 പരിശോധനകളിലായി 704 ഡ്രൈവര്‍മാരെയും 1,231 വാഹനങ്ങളെയും സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു. മദ്യപിച്ച് വണ്ടിയോടിച്ചതിനും രാജ്യത്ത് അനധികൃതമായി താമസിച്ചതിനുമായി 56 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അമേരിക്കന്‍ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും റോഡ് അപകടങ്ങള്‍ കുറയ്ക്കാനും കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്ന് ഷോണ്‍ ഡഫി വ്യക്തമാക്കി. അടുത്തിടെ നടന്ന പല വാഹനാപകടങ്ങളിലും അനധികൃത കുടിയേറ്റക്കാരായ ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തിലാണ് കര്‍ശന നടപടി.
National
ബംഗളൂരു: ബംഗളൂരുവിലെ തനിസാന്ദ്രയിൽ ബൈക്കിൽ സ്കൂൾ ബസ് ഇടിച്ച് രണ്ടു പിഞ്ചുകുട്ടികൾ മരിച്ചു.
പോലീസ് ഓഫീസർ നാഗനഗൗഡയുടെ മകൾ രണ്ടുവയസുകാരി വർഷ, ഗൗഡയുടെ മൂത്ത സഹോദരന്റെ മകൾ നാലുവയസുകാരി ഭാനു എന്നിവരാണ് മരിച്ചത്.
പാൽ വാങ്ങാൻ കുട്ടികളുമായി പുറപ്പെട്ടതായിരുന്ന നാഗനഗൗഡ. റോഡ് മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ വളവിൽവച്ച് സ്കൂൾ ബസ് മൂന്നുപേരെയും ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ബസിന്റെ ചക്രങ്ങൾക്കടിയിൽപ്പെട്ടാണ് കൂട്ടികളുടെ മരണം. നാഗനഗൗഡ പരിക്കേൽക്കാതെ രക്ഷപെട്ടു. ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ്ചെയ്തു.
Kerala
കോഴിക്കോട്: നടുവണ്ണൂരിനടുത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. പേരാമ്പ്ര മുതുവണ്ണാച്ച സ്വദേശി അശ്വിന് രാജ്(22) ആണ് മരിച്ചത്. നടുവണ്ണൂരിനടുത്ത് കരുവണ്ണൂരില്‍ അശ്വിന് സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഓസ്ട്രേലിയയില്‍ നിന്നും രണ്ട് ദിവസം മുന്‍പ് നാട്ടിലെത്തിയതാണ് അശ്വിൻ രാജ്. നടുവണ്ണൂരിനടുത്ത് കരുവണ്ണൂരില്‍ അശ്വിന് സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ എട്ടരയോടെ കരുവണ്ണൂര്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം നടന്നത്.
കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന അശ്വിന് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലൂടെ അശ്വിന് അല്പ ദൂരം നിരങ്ങി നീങ്ങിപ്പോയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ മൊടക്കല്ലൂരിലെ സ്വകാര്യ മഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓസ്ട്രേലിയയില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന അശ്വിന് രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അധ്യാപകരായ ചെറുവലത്ത് രാജിന്റെയും(റിട്ട. അധ്യാപകന്, എംജെ വിഎച്ച്എസ്എസ്, വില്യാപ്പള്ളി) ബിനിതയുടേയും(എജെജെഎം എച്ച്എസ് ചാത്തന്‍കോട്ട്നട) മകനാണ്. സഹോദരന് അഭയ് ബി. രാജ്.
Kerala
കൊയിലാണ്ടി: സ്കൂളിൽനിന്നു കൂട്ടുകാർക്കൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്കു പോവുകയായിരുന്ന വിദ്യാർഥിനി റോഡിൽ തെറിച്ചുവീണ സംഭവത്തിൽ സ്കൂൾ അധികൃതർ അടിയന്തര യോഗം ചേർന്നു.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. കൊയിലാണ്ടി കോതമംഗലം ജിഎൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി മണമൽ ചെമ്പിൽ വയൽ രാകേഷിന്റെ മകൾ ആരാധ്യ (ആറ്) യാണ് ഓട്ടോയിൽനിന്നു തെറിച്ചു വീണത്. കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിനു സമീപം നാലോടെയായിരുന്നു സംഭവം.
അമിതവേഗത്തിൽ പോവുകയായിരുന്നു ഓട്ടോറിക്ഷയിൽനിന്നു കുട്ടി റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു. കുട്ടി തെറിച്ചു വീണത് അറിയാതെ ഒാട്ടോ കുറെക്കൂടി മൂന്നോട്ട് ഓടി. വീണ ഉടൻതന്നെ റോഡിൽനിന്നു ചാടി എഴുന്നേൽക്കുന്ന കുട്ടിയുടെ ദൃശ്യം സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിയുടെ കാലിനും കൈയ്ക്കും പരിക്കുണ്ട്.
സംഭവം നടന്ന ഉടൻ ഓടിക്കൂടിയവർ കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സ്കൂൾ വിദ്യാർഥികളെയുംകൊണ്ടു പോകുന്ന പല വാഹനങ്ങളും സമയത്തിന് എത്താൻ അമിതവേഗത്തിയിലാണ് പോകുന്നതെന്ന പരാതി നേരത്തെ ഉയർന്നിട്ടുണ്ട്.
കുട്ടികൾ വീഴാതിരിക്കാൻ ഓട്ടോയിൽ സുരക്ഷാവേലി വേണമെന്നാണ് നിർദേശമെങ്കിലും പല വാഹനങ്ങളിലും ഇതില്ലെന്നും ആക്ഷേപവും ഉണ്ട്. അനുവദനീയമായതിൽ കൂടുതൽ കുട്ടികളെ ഒാട്ടോയിൽ കുത്തിനിറച്ചു കൊണ്ടുപോകുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. സംഭവത്തെത്തുടർന്നു സ്കൂൾ അധികൃതർ സ്കൂളിൽനിന്നു വിദ്യാർഥികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരുടെ യോഗം വിളിച്ചു ചേർത്തു വിഷയം ചർച്ച ചെയ്തു.
Kerala
കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ കാര്‍ പുഴയിലേക്ക് വീണു. കാറിലുണ്ടായിരുന്ന ഡ്രൈവറെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.
ഇന്ന് രാവിലെ 9.30 തട്ടുകടവ് പാലത്തിനു സമീപത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന എടവനക്കാട് സ്വദേശികള്‍ ചായ കുടിക്കാനായി വണ്ടിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം.
Kerala
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് യുവാവ് മരിച്ചു. മൂക്കന്നൂർ കോക്കുന്ന് കാഞ്ഞുക്കാരൻ വീട്ടിൽ നോബിൾ തോമസ് (35) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ആയിരുന്നു അപകടം നടന്നത്.
ആലുവ- മൂന്നാർ റോഡിൽ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു സംഭവം. കോതമംഗലത്തേക്ക് പോകുകയായിരുന്ന നോബിളിന്റെ സ്കൂട്ടറിൽ പെരുമ്പാവൂരിലേക്ക് വന്ന ടൂറിസ്റ്റ് ബസിടിച്ചാണ് അപകടം നടന്നത്.
അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേന നോബിളിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളി ആയിരുന്നു നോബിൾ.
National
ഫരീദാബാദ്: സൂരജ്കുണ്ഡ് മേളയിൽ യന്ത്ര ഊഞ്ഞാൽ തകർന്നുവീണ് പോലീസ് ഓഫീസർ മരിച്ച സംഭവത്തിൽ ഊഞ്ഞാൽ നിയന്ത്രിച്ചിരുന്നയാൾ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ 12 പേർക്കു പരിക്കേറ്റിരുന്നു. 19 പേർ കയറിയ ഊഞ്ഞാലിന്റെ ഒരുഭാഗം നിലം പൊത്തുകയായിരുന്നു.
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിടെയാണ് എസ്ഐ ജഗദീഷ് പ്രസാദ് (58) കൊല്ലപ്പെട്ടത്. 36 വർഷത്തെ സർവീസിനുശേഷം മാർച്ചിൽ വിരമിക്കാനിരിക്കുകയായിരുന്നു ജഗദീഷ് പ്രസാദ്. പരിക്കേറ്റവരിൽ ഏതാനും പോലീസുകാരും ഉൾപ്പെടും.
Kerala
പാലക്കാട്: അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഞായറാഴ്ച വൈകുന്നേരം പാലക്കാട് കല്ലേക്കാട്ടുവച്ചുണ്ടായ സംഭവത്തിൽ കൽപ്പാത്തി കുന്നുംപുറം ഫൈസൽ (38) ആണ് മരിച്ചത്.
അപകടസമയത്ത് ഫൈസലിന്റെ മകൻ ബൈക്കിലുണ്ടായിരുന്നു. റോഡിന്റെ മറുവശത്തേക്ക് തെറിച്ചുവീണതിനാല്‍ മകന് പരിക്കുകളോടെ രക്ഷപ്പെട്ടു. ഫൈസലിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവത്തില്‍ കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
Kerala
കൊച്ചി: ഊബർ ടാക്സി ഫുട്പാത്തിലേയ്ക്ക് ഇടിച്ചു കയറി കാൽനട യാത്രക്കാരി മരിച്ചു. ഫുട്പാത്തിലൂടെ നടന്നു വരികയായിരുന്ന കൊല്ലം പുത്തൂർ മാറനാട് ചാമത്തുണ്ടിൽ വീട്ടിൽ ജയചന്ദ്രബാബുവിന്റെ മകൾ ഗോപിക ജയൻ (31) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 5.45 ന് കടവന്ത്ര മെട്രോ പില്ലർ 852ന് സമീപത്തായിരുന്നു അപകടം. കൂട്ടുകാരിയെ വൈറ്റില മൊബിലിറ്റി ഹബ്ബിൽ നിന്ന് പുലർച്ചെ അഞ്ചിന് കൊല്ലത്തേക്കുള്ള ബസ് കയറ്റി വിട്ടശേഷം ഫുട്പാത്തിലൂടെ നടന്നു വരുമ്പോഴായിരുന്നു അപകടം.
കടവന്ത്ര ഭാഗത്തുനിന്നു വന്ന ഊബർ ടാക്സി നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗോപിക തൽക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന കൂട്ടുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു.
ടാക്സി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു. വൈറ്റിലയിൽ എച്ച്ആർ കോഴ്സിന്റെ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു ഗോപിക.
District News
പഴയങ്ങാടി: പിലാത്തറ- പാപ്പിനിശേരി കെഎസ്ടിപി റോഡിൽ ചെറുകുന്ന് പള്ളിച്ചാലിനു സമീപം നിർത്തിയിട്ട ഓട്ടോയിൽ കാറിടിച്ച് പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. ഇരിണാവ് കൊട്ടപ്പാലത്തിന് പടിഞ്ഞാറ് ബ്രദേഴ്സ് ക്ലബിന് സമീപത്തെ കാവിലെ വളപ്പിൽ ശിവദാസനാണ് (65) മരിച്ചത്.
വ്യാഴാഴ്ച രാവിലെ ചെറുകുന്ന് പള്ളിച്ചാലിലെ കടയിലേക്ക് കൊണ്ടുവന്ന സാധനങ്ങൾ ഇറക്കുന്നതിനിടെയാണ് നിർത്തിയിട്ട ഓട്ടോറിക്ഷയുടെ മുൻഭാഗത്ത് കാറിടിച്ചത്. ഓട്ടോയുടെ പിൻഭാഗത്ത് നിന്ന് കടയിലേക്കുള്ള സാധനങ്ങൾ എടുക്കുകയായിരുന്ന ശിവദാസൻ ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു. ഓട്ടോറിക്ഷ തൊട്ടടുത്ത് നിർത്തിയിട്ട സ്കൂട്ടറിന് മുകളിലേക്ക് മറിയുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ശിവദാസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കൊട്ടിൽക്കണ്ടം ശ്മശാനത്തിൽ നടക്കും. ഭാര്യ: കെ.വി. കാർത്യായനി. മക്കൾ: സബീന, അവിനാശ്, അഭിജിത്ത്. മരുമക്കൾ: നിഷാന്ത്, ആര്യ.
Kerala
തിരുവനന്തപുരം: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകുന്നേരം വെമ്പായം കൊപ്പത്തുണ്ടായ അപകടത്തിൽ കൊഞ്ചിറ സ്വദേശി ജയചന്ദ്രൻ (56) ആണ് മരിച്ചത്.
അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. വെമ്പായത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ബൈക്കുകളിൽ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മറ്റുള്ളവരെ സമീപത്തുള്ള ആശുപത്രിയിലേക്കും മാറ്റി. അപകടത്തെത്തുടർന്ന് മേഖലയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Kerala
കാഞ്ഞിരപ്പള്ളി: മദ്യലഹരിയിൽ യുവാവ് ഓടിച്ച ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആനക്കല്ല് വണ്ടൻപാറയിലുണ്ടായ സംഭവത്തിൽ പൊടിമറ്റം സ്വദേശി അജേഷാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ആനക്കല്ല് സ്വദേശിയായ ജ്യോതിഷിനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി പോലീസ് സംഘത്തിന് നേരെയും യുവാവ് ഓട്ടോ ഓടിച്ചു കയറ്റാൻ ശ്രമിച്ചിരുന്നു.
Kerala
കോഴിക്കോട്: ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ പാതയോരത്തെ സംരക്ഷണഭിത്തി തകർത്ത് താഴ്ചയിലേക്കു പതിച്ചുണ്ടായ അപകടത്തിൽ പിതാവും മകളും മരിച്ചു. പുറക്കാട്ടിരി സ്വദേശി റാഫി (60), മകൾ ഫാത്തിമ നേഹ(19) എന്നിവരാണ് മരിച്ചത്.
കോഴിക്കോട് ചേവായൂർ മാലൂർകുന്ന് എൻജിഒ ക്വാർട്ടേഴ്സ് – എആർ ക്യാമ്പ് റോഡിനു സമീപമാണ് വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ പാതയോരത്തെ സംരക്ഷണ ഭിത്തി തകർത്ത് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു.
ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വെള്ളിമാടുകുന്ന് ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളജിലെ ഒന്നാം വർഷ ബികോം ബിരുദ വിദ്യാർഥിയാണ് ഫാത്തിമ നേഹ.
2024 ൽ ഇതേ സ്ഥലത്ത് വാഹനം തൊട്ടടുത്ത വീടിന്റെ ടെറസിലേക്ക് പതിച്ച് ഒരു സ്ത്രീയും മരിച്ചിരുന്നു. കഴിഞ്ഞ വർഷവും മൂന്നു വിദ്യാർഥികൾക്ക് ഇവിടെ താഴേക്ക് വീണ് പരിക്കേറ്റിരുന്നു.
Kerala
പാലക്കാട്: റോഡിലെ കുഴയിൽ വീഴാതെയിരിക്കാൻ ബൈക്ക് വെട്ടിച്ചതിന് പിന്നാലെ എതിരെ വന്ന ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
ബൈക്ക് യാത്രികനായ കൊടുമ്പ് സ്വദേശി ശങ്കർ ആണ് മരിച്ചത്. പാലക്കാട്-പൊള്ളാച്ചി അന്തർ സംസ്ഥാന പാതയിലാണ് അപകടം നടന്നത്.
ഈ പാതയിൽ നിരവധിയിടങ്ങളിൽ കുഴികളുണ്ട്. ഇതിൽ ഒരു കുഴിയിൽ വീഴാതെയിരിക്കാൻ ശങ്കർ ബൈക്ക് വെട്ടിച്ചതും എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ശങ്കറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Kerala
തൃശൂർ: ഗോതമ്പ് കയറ്റി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് വൈകിട്ട് നാലിനാണ് അപകടം നടന്നത്. സംഭവത്തിൽ ലോറി ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ചെറുതുരുത്തി പൊന്നാനി പ്രധാന പാതയിൽ ആറങ്ങോട്ടുകരക്കും തലശേരിക്കും ഇടയിലുള്ള പഴയ സത്യൻ ടാക്കീസ് പരിസരത്താണ് അപകടം നടന്നത്.
വളവിനോട് ചേർന്ന് എതിരെ വന്ന കാറിന് വശം ഒതുക്കി നൽകുന്നതിനിടെ നാഷണൽ പെർമിറ്റ് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പാലക്കാട് നിന്നും ആറങ്ങോട്ടുകരയിലേക്ക് ഗോതമ്പുമായി സഞ്ചരിച്ചിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റിലെ സീനിയർ ഓഫീസറും ടാക്റ്റിക്കൽ ഓപ്പറേഷൻസ് വിഭാഗത്തിലെ അംഗവുമായ ഷാൻ മക്രെറി വാഹനാപകടത്തിൽ മരിച്ചു.
നോർത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയിലുണ്ടായ അപകടത്തിൽ അദ്ദേഹം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീപിടിച്ചാണ് ദുരന്തമുണ്ടായത്
ഞായറാഴ്ച പുലർച്ചെ 1.30 ഓടെ സ്വന്തം വീടിന് സമീപമായിരുന്നു അപകടം. അദ്ദേഹം ഓടിച്ചിരുന്ന വാഹനം റോഡിലെ മീഡിയനിലുള്ള മരത്തിലിടിച്ച് പൂർണമായും കത്തിയമർന്നു.
2011 മുതൽ ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. അപകടസമയത്ത് അദ്ദേഹം ഡ്യൂട്ടിയിൽ ആയിരുന്നില്ല.
അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ ഹൂസ്റ്റൺ പോലീസിന്റെ വെഹിക്കുലാർ ക്രൈംസ് യൂണിറ്റ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
സീനിയർ ഓഫീസർ മക്രെറിയുടെ വിയോഗത്തിൽ ഹൂസ്റ്റൺ പോലീസ് ചീഫും സഹപ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ദേഹത്തിന്റെ വിയോഗം സേനയ്ക്ക് വലിയൊരു നഷ്ടമാണെന്ന് അധികൃതർ പറഞ്ഞു.
Kerala
പാലാ: പാലാ- തൊടുപുഴ റോഡിൽ പിഴകിൽ തട്ടുകടയ്ക്ക് തീപിടിച്ചു. പിഴക് ബംഗ്ലാം കുന്ന് കോളനിക്ക് സമീപത്ത് റോഡരികിലെ തട്ടുകടയിലാണ് തീ പടർന്നത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
കടയിലെ ഗ്യാസ് കുറ്റിയിൽ നിന്നാണ് തീപടർന്നത്. ഈ സമയം തൊടുപുഴയിൽ നിന്നും പാലായ്ക്ക് പോവുകയായിരുന്ന തൊടുപുഴ സ്വദേശി സമീർ എന്ന ബൈക്ക് യാത്രക്കാരനാണ് തീ പടർന്ന കടയിൽ കയറി ഗ്യാസ് കുറ്റി പുറത്തേക്ക് മാറ്റിയത്. ഈ ശ്രമത്തിനിടയിൽ സമീറിന്റെ കൈക്ക് പൊള്ളലേറ്റു.
കടയുടെ പിൻവശം നിരവധി വീടുകളാണ് ഉള്ളത്. ഗ്യാസ് കുറ്റി പൊട്ടിത്തെറിയ്ക്കുകയോ തീ പടരുകയോ ചെയ്താൽ വലിയ അപകടമുണ്ടാകുമായിരുന്നു. സംഭവം അറിഞ്ഞ് പാലാ ഫയർഫോഴ്സും സ്ഥലത്തെത്തി. ഇതിനിടയിൽ നാട്ടുകാർ ചേർന്ന് തീ കെടുത്തി.
Kerala
കോട്ടയം: പൊൻകുന്നത്ത് ആംബുലൻസ് ഇടിച്ച് കാൽനടയാത്രികൻ മരിച്ചു. തമിഴ്നാട് തേനി സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യൻ (67) ആണ് മരിച്ചത്. ബസ് സ്റ്റാൻഡിനു മുന്നിൽ കൊല്ലം- തേനി ദേശീയ പാതയിൽ രാവിലെ എട്ടോടെയാണ് അപകടമുണ്ടായത്.
റോഡ് മുറിച്ച് കടക്കവേ മുരുകദാസിനെ ആംബുലൻസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻതന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പൊൻകുന്നത്ത് തുണി വ്യാപാരം നടത്തുന്നയാളാണ് ശങ്കരപാണ്ഡ്യൻ.
Kerala
പൂവച്ചൽ: പോത്തൻകോട് ചന്തവിളയിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാട്ടാക്കട പൂവച്ചൽ ഉണ്ടപ്പാറ കഴിയംകോണം സ്വദേശി സുലൈമാന്റെ മകൻ സുധി സുലൈമാൻ (28) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു.
വെട്ടുറോഡ് നിന്നും പോത്തന്‍കോട് ഭാഗത്തേക്ക് പോയ ഡ്യൂക്ക് ബൈക്ക് നിയന്ത്രണംവിട്ട് എതിരേ വന്ന മില്‍മ പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു. അമിത വേഗമാണ് കാരണം. കബറടക്കം ഇന്ന് വൈകുന്നേരം കുഴിയംകോണം ജുമാ മസ്ജിദിൽ.
Kerala
കോഴിക്കോട്: ബീച്ച് ഹോട്ടലിന്റെ പാർക്കിംഗിൽനിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ. മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടതോടെയാണ് യുവാവ് പിടിയിലായത്. പാലക്കാട് മേലേപട്ടാമ്പി സ്വദേശി കുറുപ്പംതൊടി വീട്ടിൽ മുഹമ്മദ് റഫീക്ക് (35) ആണ് പിടിയിലായത്.
ഫെബ്രുവരി നാലിന് കോഴിക്കോട് ബീച്ച് ഹോട്ടലിന്റെ പാർക്കിംഗിൽ എലത്തൂർ സ്വദേശി അക്ഷയ് കുമാർ നിർത്തിയിട്ട ബൈക്കാണ് മുഹമ്മദ് റഫീക്ക് കടത്തിക്കൊണ്ടുപോയത്.
അക്ഷയ് കുമാർ നൽകിയ പരാതിയിൽ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തുന്നതിനിടെ പ്രതി മോഷണം നടത്തിയ ബൈക്കുമായി ചാലപ്പുറത്ത് വച്ച് അപകടത്തിൽപ്പെടുകയായിരുന്നു.
ഉടൻ തന്നെ അപകടം നടന്ന സ്ഥലത്തേയ്ക്ക് കൺട്രോൾ റൂം വാഹനം എത്തുകയും പോലീസ് പരിശോധിച്ചതിൽ വാഹനം മോഷണം നടത്തിയതാണെന്ന് മനസിലാകുകയുമായിരുന്നു. തുടർന്ന് പ്രതിയെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു ഓടിച്ച ആഢംബര കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്. വ്യാഴാഴ്ച രാത്രി 10ഓടെ വഴുതക്കാട് ശ്രീമൂലം ക്ലബിന് മുൻപിലായിരുന്നു അപകടം.
അപകടത്തിന് ശേഷം മണിയൻ പിള്ള രാജു വാഹനം നിർത്താതെ പോകുകയായിരുന്നു. നിവേദിത് കൃഷ്ണ, സൂരജ് എന്നീ യുവാക്കൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. നിവേദിതിന് കാലുകൾക്കും സൂരജിന് നട്ടെല്ലിനും പൊട്ടലുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ഇരുവരും സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
National
ജയ്പൂർ: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാർ അപകടമെന്ന് വരുത്തിത്തീർത്ത യുവതി പിടിയിൽ. ആശിഷ് ആണ് മരിച്ചത്.
സംഭവത്തിൽ അഞ്ജു എന്ന യുവതിയെയും കാമുകൻ സഞ്ജു, സുഹൃത്തുക്കളായ രോഹിത്, സിദ്ധാർഥ് എന്നിവരെയും പോലീസ് പിടികൂടി.
ജനുവരി 30നാണ് സംഭവം. വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ അജ്ഞാത വാഹനം തങ്ങളെ ഇടിച്ച് വീഴ്ത്തിയെന്നും ആശിഷ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചുവെന്നുമായിരുന്നു അഞ്ജുവിന്റെ മൊഴി. എന്നാൽ ആശിഷിന്റെ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയ അസ്വാഭാവികതയും അഞ്ജുവിനെ ചോദ്യം ചെയ്തപ്പോഴുള്ള മൊഴിയിലെ വൈരുധ്യങ്ങളുമാണ് സംഭവം കൊലപാതകമാണെന്ന് തെളിയാൻ കാരണം. മാത്രമല്ല അഞ്ജുവിന് പരിക്കുകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഇതുംപോലീസിൽ സംശയം ജനിപ്പിച്ചു.
സംഭവ ദിവസം മദ്യപിച്ചിരുന്ന ആശിഷിനെ വൈകുന്നേരം ഒന്ന് നടന്നുവരാമെന്ന് പറഞ്ഞ് അഞ്ജു പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ റോഡിലൂടെ നടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ തങ്ങളെ ഇടിക്കുകയും കാറിലുള്ളവർ തന്റെ സ്വർണാഭാരണങ്ങളും മറ്റും കവർന്നുവെന്നും അപകടത്തിൽ ആശിഷ് മരിച്ചുവന്നുമായിരുന്നു അഞ്ജു പോലീസിന് മൊഴി നൽകിയത്.
സംഭവ ദിവസം രാത്രി ഏകദേശം ഒമ്പതിനാണ് ശ്രീ ഗംഗാനഗർ പോലീസിന് ദമ്പതികൾ റോഡിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി വിവരം ലഭിക്കുന്നതെന്ന് പോലീസ് സൂപ്രണ്ട് അമൃത ദുഹാൻ പറഞ്ഞു. ദമ്പതികളെ പോലീസ് അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചെങ്കിലും ആശിഷ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ആശിഷിന്റെ ശരീരത്തിൽ വാഹനാപകടത്തിന് പുറമെ കണ്ട പരിക്കുകളിൽ പോലീസിന് നേരത്തേ തന്നെ സംശയം തോന്നിയിരുന്നു. ഇയാളുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. മെഡിക്കൽ റിപ്പോർട്ടിൽ കഴുത്തു ഞെരിച്ചതിനെ തുടർന്നാണ് ആശിഷ് മരിച്ചതെന്നും വ്യക്തമായതോടെ സംശയം അഞ്ജുവിലേക്ക് നീളുകയായിരുന്നു.
അപകടത്തിലും ആഭരണങ്ങൾ കൈക്കലാക്കാനുള്ള ശ്രമങ്ങൾക്കിടയിലും അഞ്ജുവിന് കാര്യമായ പരിക്കുകളില്ലാതിരുന്നതും സംശയം ബലപ്പെടുത്തി. തുടർന്ന് വിശദമായ അന്വേഷണത്തിനു ശേഷം തെളിവുകൾ ശേഖരിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ അഞ്ജു കുറ്റം സമ്മതിക്കുകയായിരുന്നു.
അയൽവാസിയായ സഞ്ജുവുമായി അഞ്ജു പ്രണയത്തിലായിരുന്നു. ഇതിനിടെയാണ് ആഷിഷിന്റെ വിവാഹാലോചന വന്നതും വിവാഹം നടന്നതും. എന്നാൽ ദാമ്പത്യ ജീവിതത്തിൽ അഞ്ജു സന്തുഷ്ടയായിരുന്നില്ല. ഇതോടെ സഞ്ജുവുമായി ബന്ധം തുടർന്നു. ഇതിനിടെയാണ് ഇരുവരും ചേർന്ന് ആശിഷിനെ കൊല്ലാൻ പദ്ധതിയിടുന്നത്. ഇതുപ്രകാരം അഞ്ജു, വൈകുന്നേരം ആഷിഷിന് സ്ഥിരമായി മദ്യം നൽകാൻ തുടങ്ങി. മദ്യപാനത്തിനു ശേഷം ഒന്നിച്ച് പുറത്ത് നടക്കാൻ പോകുന്നതും പതിവാക്കി.
സംഭവ ദിവസവും ഇത്തരത്തിൽ ഇരുവരും നടക്കാൻ പോയി. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കാത്തിരുന്ന സഞ്ജുവും സുഹൃത്തുക്കളായ രോഹിത്തും സിദ്ധാർഥും ചേർന്ന് ആഷിഷിനെ ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് വാഹനാപകടമെന്ന് വരുത്തിത്തീർക്കാൻ കാറിടിപ്പിക്കുകയായിരുന്നു.
Kerala
തിരുനാവായ(മലപ്പുറം): പുത്തനത്താണി ചുങ്കത്ത് കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. വിദ്യാർഥികളായ ദിൽന ഫാത്തിമ (21), ഹുദ ഫാത്തിമ (21), നിഷ (21), റസൽ (21), അഫ്സൽ (21) എന്നിവർക്കാണ് പരിക്കേറ്റത്.
ആറുവരിപ്പാതയിൽ ഇന്നു രാവിലെ എട്ടോടെയാണ് സംഭവം. വളാഞ്ചേരി പുറമണ്ണൂർ മജ്ലിസ് കോളജിലെ വിദ്യാർഥികളായ ഇവർ പഠനത്തിന്റെ ഭാഗമായി കോഴിക്കോട്ടേക്ക് പ്രോജക്ട് വർക്കിന് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.
വിദ്യാർഥികളെ പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെ കാമറാമാൻ ജെ.ബി. ജ്യോതിഷ്(27)ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പാളയം ബേക്കറി ജംഗ്ഷന് സമീപം അപകടത്തിൽ ഗുരുതര പരിക്കേറ്റ നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയതെന്ന് മ്യൂസിയം പോലീസ് പറഞ്ഞു. ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
രാത്രി ഡ്യൂട്ടി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് പോകുന്നതിനിടെയിലാണ് അപകടമുണ്ടായത്. പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരിയായ വയോധികയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി. ഞായറാഴ്ചയുണ്ടായ അപകടത്തിൽ ബാലരാമപുരം തേമ്പാമുട്ടം സ്വദേശിനി സുമതിക്കാണ് (63) പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ സുമതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
District News
ഒല്ലൂർ: സെന്റ് മേരീസ് കോൺവന്റിനു സമീപം കെഎസ്ആർടിസി ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഓട്ടോടാക്സി ഡ്രൈവർക്കു പരിക്ക്. മുരിയാട് സ്വദേശി മനീഷിനാണ് (21) പരിക്കേറ്റത്.
അരമണിക്കുറോളം വാഹനത്തിനുള്ളിൽ കുടുങ്ങിയ ഇയാളെ എലെറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ അഞ്ചരയോടെയായിരുന്നു അപകടം.
തൃശൂരിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസും ഒല്ലൂർ ഭാഗത്തേക്കു വരികയായിരുന്ന ഓട്ടോ ടാക്സിയുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഓട്ടോ ടാക്സിയുടെ മുൻഭാഗം പൂർണമായും ബസിന്റെ മുൻവശം ഭാഗികമായും തകർന്നു.
National
മുംബൈ: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ ചാര്‍ട്ടര്‍ ഓപ്പറേറ്റര്‍ വി എസ് ആർ വെഞ്ചേഴ്സ് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് ഇതിന് മുൻപും നോട്ടീസ് ലഭിച്ചിരുന്ന സ്ഥാപനം. യൂറോപ്യന്‍ യൂണിയന് ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയാണ് സുരക്ഷാ വീഴ്ചയെ തുടർന്ന് വിഎസ്ആർ വെഞ്ചേഴ്സിനെ നേരത്തെ വിലക്കിയിരുന്നത്
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് തന്നെ ഈ കമ്പനിയുടെ പ്രവര്‍ത്തനാനുമതി യൂറോപ്യന്‍ യൂണിയന് ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി റദ്ദാക്കിയിരുന്നു.
ഏറ്റവും ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ക്ക് നല്കുന്ന 'ലെവല്‍ 1' വിഭാഗത്തിലാണ് ഈ കമ്പനിയെ ഉള്‍പ്പെടുത്തിയിരുന്നത്.
2023 സെപ്റ്റംബറില്‍ മുംബൈയില്‍ നടന്ന ഒരു വിമാനാപകടവുമായി ബന്ധപ്പെട്ട രേഖകളും സുരക്ഷാ വിവരങ്ങളും കൈമാറാന്‍ കമ്പനി തയ്യാറായിരുന്നില്ല. പലതവണ ആവശ്യപ്പെട്ടിട്ടും സഹകരിക്കാത്തതിനെത്തുടര്‍ന്നാണ് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി വിഭാഗം നടപടിയെടുത്തത്.
ഈ വിലക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ വ്യോമയാന റെഗുലേറ്ററായ ഡിജിസിഎയെ യൂറോപ്യന്‍ ഏജന്‍സി അറിയിച്ചിരുന്നു.സുരക്ഷാ പരിശോധനകളില്‍ വീഴ്ച വരുത്തുകയും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ലംഘിക്കുകയും ചെയ്ത ഒരു കമ്പനിയുടെ വിമാനമാണ് ബാരാമതിയില്‍ അപകടത്തില്‍പ്പെട്ടത് എന്നത് വലിയ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. ഈ അപകടത്തില്‍ അജിത് പവാര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.
Kerala
കണ്ണൂർ: മയ്യിൽ കണ്ണാടിപ്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കണ്ണാടിപ്പറമ്പ് കൊറ്റാളി കാവിന് സമീപത്തെ അരിയമ്പാട്ട് അനീഷ് (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടോടെ . ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം. പരുക്കേറ്റ അനീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരേതനായ കരുണാകരന്റെയും എ. ചന്ദ്രമതിയുടെയും മകനാണ്.