Kerala
മലപ്പുറം: മഞ്ചേരിയിൽ കാട്ടുതേനീച്ചയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. യു.കെ. മുഹമ്മദ് സാബിത്ത് (15), അത്തിമണ്ണില്‍ അബ്ദുല്‍ സലാം (47), മകന് ആദില്‍ മുഹമ്മദ് (16), എ.എം. ഹുസൈന് (35) എന്നിവരെയാണ് തേനീച്ചകള്‍ കൂട്ടമായി ആക്രമിച്ചത്.
മഞ്ചേരിയിലെ ചെരണി പ്ലൈവുഡ് റോഡ്, ചെമ്മരം ഭാഗത്താണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് ഇവര്‍ക്ക് കുത്തേറ്റത്. തിങ്കളാഴ്ച രാത്രിയിലും ഇതേ പ്രദേശത്ത് ഒരാള്‍ക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു.
പരിക്കേറ്റവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമണം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രദേശത്ത് തേനീച്ചയുടെ കൂടുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Kerala
കൊച്ചി: സൈബർ അധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി സീരിയൽ നടി രേഖ രതീഷ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി നൽകിയ പരാതി സൈബർ പോലീസിന് കൈമാറി.
നടി വിവാഹം കഴിക്കുന്നുവെന്ന പേരിൽ അധിക്ഷേപ കാപ്ഷനുകളും വീഡിയോകളും പ്രസിദ്ധീകരിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. നടിമാർ ഉൾപ്പെടെയുളളവരുടെ വ്യക്തിജീവിതം വിഷയമാക്കി അധിക്ഷേപ വീഡിയോകൾ നിർമിക്കുന്നത് അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് രേഖ പറഞ്ഞു.
National
കട്ടക്ക്: ഒഡീഷയിലെ കെന്ദ്രപര ജില്ലയിൽ വയോധികൻ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. കെന്ദ്രപര ജില്ലയിലെ ജഗുലെയ്പാഡ ഗ്രാമവാസികളെയാണ് തേനീച്ച കൂട്ടം ആക്രമിച്ചത്.
പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ബൈലോചൻ ബിസ്വാൾ എന്ന 76 കാരന് മരണപ്പെടുകയായിരുന്നു. പരിക്കേറ്റ ബാക്കിയെല്ലാവരും ആശുപത്രിയിൽ ചികിത്സ നേടിയ ശേഷം മടങ്ങി.
Kerala
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഫ്ളാറ്റിൽ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച് ഏഴര പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. നഗരസഭ ജീവനക്കാരാണെന്ന വ്യാജേനയാണ് മോഷ്ടാക്കൾ എത്തിയത്.
സ്ത്രീകൾ ഉൾപ്പെട്ട സംഘമാണ് അറുപത്തിനാലുകാരിയെ ആക്രമിച്ചു വയോധികയുടെ കഴുത്തിലും കൈയിലും ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത്.
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. മണക്കാട് മുക്കോലയ്ക്കലെ അപ്പാർട്ട്മെന്റിലായിരുന്നു സംഭവം. മകൻ ജോലിക്കു പോയ സമയത്തായിരുന്നു കവർച്ച.
വയോധിക ഒറ്റയ്ക്കായിരുന്നു. തൃശൂർ സ്വദേശികളായ അമ്മയും മകനും കഴിഞ്ഞ രണ്ടു വർഷമായി ഈ അപ്പാർട്ട്മെന്റിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു.
നഗരസഭ ജീവനക്കാരാണെന്നു പറഞ്ഞു വിവരശേഖരണം നടത്തവേയാണ് സംഘം ആക്രമണം നടത്തി സ്വർണവുമായി കടന്നുകളഞ്ഞത്. ഫോർട്ട് പോലീസിൽ മകൻ നൽകിയ പരാതിയെത്തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
Kerala
തൃശൂര്‍: മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ട നേപ്പാള്‍ സ്വദേശി മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കോട്ടപ്പുറം കാമത്ത് ലെയിനിലെ ഹോട്ടലുടമയെ കുത്തിയ ശേഷം പടിഞ്ഞാറെകോട്ടയിലെത്തിയ ഇയാൾ മറ്റു രണ്ടുപേരെയും കുത്തുകയായിരുന്നു.
പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ പിന്നീട് പോലീസ് വീണ്ടും പിടികൂടി മാനസികാരോഗ്യ കേന്ദ്രത്തിൽ തിരിച്ചെത്തിച്ചു ചികിത്സ നല്കിവരുന്നു.
നേപ്പാള്‍ സ്വദേശിയായ ഇയാളെ ഇന്നു പുലര്‍ച്ചെയാണ് ആലുവ പൊലീസ് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. പിന്നീട് രണ്ടോടെ ആശുപത്രിയിലെ ശുചിമുറിവഴി ചാടിപ്പോവുകയായിരുന്നു.
തുടർന്ന് അരകിലോമീറ്റർ ദൂരെയുള്ള കാമത്ത് ലെയിനിലെത്തിയപ്പോഴാണ് മുരളി(66)യെന്ന ഹോട്ടലുടമയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശേഷം കാല്‍നടയായി മാനസികാരോഗ്യകേന്ദ്രം സ്ഥിതിചെയ്യുന്ന പടിഞ്ഞാറെ കോട്ടയിലേക്കു തിരിച്ചെത്തുകയും അവിടെവച്ചും രണ്ടുപേരെ കുത്തുകയായിരുന്നു. പരിക്കേറ്റ മുരളിയെ അശ്വിനി ആശുപത്രിയിലും മറ്റു രണ്ടുപേരെയും ജൂബിലി ആശുപത്രിയിലുമാണു പ്രവേശിപ്പിച്ചിട്ടുള്ളത്.
Kerala
പാലക്കാട്: തൃത്താല സെന്ററിൽ ആനയിടഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു. പീച്ചിയിൽ ശിവൻ എന്ന ആനയാണ് അപ്രതീക്ഷിതമായി ഇടഞ്ഞത്.
വഴിമധ്യേ പെട്ടെന്ന് ഒരു നായയെ കണ്ട് ആന പരിഭ്രാന്തിയിലാവുകയും ഇടയുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ പാപ്പാന്മാർ ഇടപെട്ട് ആനയെ തളച്ചതിനാൽ വലിയൊരു അപകടം ഒഴിവായി.
പണിമുടക്ക് ദിനമായതിനാൽ റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നത് ആശ്വാസമായി.
Kerala
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ അക്രമിച്ച പ്രതികൾ അറസ്റ്റിൽ. മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ദിനേശിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ കരവാരം സ്വദേശി അഖിലേഷ് (25),ആറ്റിങ്ങൽ വേളാർക്കുടി സ്വദേശി ജയരാജ് (35),കിഴുവിലം സ്വദേശി വ്യാസൻ (32) എന്നിവരെയാണ് പിടികൂടിയത്. ശനിയാഴ്ച രാത്രി ഒമ്പതോടെ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു സംഭവം.
വീടിനുള്ളില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം പുറത്തിറങ്ങുമ്പോഴാണ് മൂന്നംഗ സംഘം തട്ടിക്കയറുകയും മർദിക്കുകയും ചെയ്തത്. മദ്യലഹരിയിലായിരുന്ന സംഘം ദിനേഷിനെ ഇരുമ്പ് വടി കൊണ്ട് തലയിൽ അടിച്ചിരുന്നു.
അടിയേറ്റ് തറയിൽ വിണ ദിനേഷിനെ ചവിട്ടുകയും ഷർട്ട് വലിച്ചുകീറുകയും ചെയ്തു. പരിക്കേറ്റ ദിനേശ് പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ ചിറയിൻകീഴ് പോലീസ് ആണ് പിടികൂടിയത്. പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. മദ്യലഹരിയില്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്നും പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നും പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: മൂന്നുവയസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരപരിക്ക്. വാമനപുരം കണിച്ചോട് സ്വദേശി കെൽവിനെയാണ് തെരുവുനായ ആക്രമിച്ചത്.
ശനിയാഴ്ച രാവിലെ വീടിന് മുന്നിൽ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. കുട്ടിയുടെ മൂക്കിലും വായിലും നെറ്റിയിലും കടിയേറ്റു.
മുഖത്താകെ പരിക്കേറ്റ കുട്ടിയെ ആദ്യം വാമനപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Kerala
വയനാട്: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കഴിഞ്ഞവര്‍ഷം മരിച്ചത് 67 പേര്. ഹൈക്കോടതി അഭിഭാഷകന് അഡ്വ. കുളത്തൂര്‍ ജയ്സിംഗിന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് വനം സെക്രട്ടറിയുടെ കാര്യാലയത്തില്‍നിന്നു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം.
ആന ആക്രമണത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. പാമ്പുകടിയേറ്റ് 34 പേര് മരിച്ചു. കാട്ടുപന്നി, കടുവ, കാട്ടുപോത്ത് ആക്രമണത്തില്‍ ഒന്നു വീതം ആളുകളുടെ ജീവന് പൊലിഞ്ഞു. മറ്റിനം വന്യജീവികളുടെ ആക്രമണത്തിലാണ് 11 പേരുടെ മരണം.
കാട്ടാനകളുമായി ബന്ധപ്പെട്ട മരണങ്ങളില്‍ 15 എണ്ണം വനമേഖലയിലാണ്. കൊല്ലപ്പെട്ടതില്‍ 13 പേര് ആദിവാസികളാണ്.
വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ 2016-17 മുതല്‍ കുറവ് വന്നിട്ടുണ്ട്. 2011 മുതല്‍ 2025 വരെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ 1,549 മരണങ്ങള് സംഭവിച്ചു. 1,158 പേര് പാമ്പുകടിയേറ്റാണ് മരിച്ചത്.
കേരളത്തില്‍ ഏകദേശം 16,000 കിലോമീറ്റര്‍ വനാതിര്‍ത്തിയുണ്ട്. ഇതില്‍ 4,000 കിലോമീറ്റര്‍ മനുഷ്യ-മൃഗ സംഘര്‍ഷ സാധ്യതാ പ്രദേശങ്ങളാണ്. വനമേഖലയില്‍ 1,000 ജനവാസ കേന്ദ്രങ്ങളുണ്ട്. അതിനാല്‍ മനുഷ്യ-വന്യജീവി സംഘര്‍ഷരഹിതം എന്ന ലക്ഷ്യം കൈവരിക്കുക അസാധ്യമാണ്.
ശരിയായ ഇടപെടലുകള്‍ നടത്തിയാല്‍ സംഘര്‍ഷത്തിന്റെ തോത് പകുതിയായി കുറയ്ക്കാന്‍ കഴിയും. 2024ല്‍ മനുഷ്യ-മൃഗ സംഘര്‍ഷം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് 36 അടിയന്തര പ്രവര്‍ത്തന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.
28 റാപ്പിഡ് റെസ്പോണ്‍സ് ടീം സംസ്ഥാനത്ത് പ്രവര്‍ത്തനക്ഷമമാണ്. രണ്ട് മുനിസിപ്പാലിറ്റികളും 28 പഞ്ചായത്തുകളും ഉള്‍പ്പെടെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധി വന്യജീവി ആക്രമണ സാധ്യത കൂടുതലുള്ള പ്രദേശങ്ങളാണെന്നും മറുപടിയില്‍ പറയുന്നു.
Kerala
മലപ്പുറം: വീട്ടമ്മയ്ക്ക് നേരെ പുലിയുടെ ആക്രമണം. പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് സംഭവം. മാമ്പറ്റ വഴിമൂച്ചിക്കൽ നഗറിലെ ജാനകിയെയാണ് പുലി ആക്രമിച്ചത്.
കുളത്തിൽ തുണി അലക്കാൻ പോയ സമയത്തായിരുന്നു സംഭവം. ജാനകിയുടെ മുഖത്തിനും തലയ്ക്കുമാണ് പരിക്കേറ്റത്. നിലവിൽ ജാനകിയെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രദേശത്ത് വനംവകുപ്പും നാട്ടുകാരും ചേർന്ന് പരിശോധന ആരംഭിച്ചിട്ടുണ്ട്. പുലിയെ പിടിക്കാൻ കൂടുവയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മോസ്ക്കിനുള്ളിൽ ചാവേർ പൊട്ടിത്തെറിച്ച് 15പേർ കൊല്ലപ്പെട്ടു. 80 പേർക്ക് പരിക്കേറ്റു. ഇസ്ലാമാബാദിലെ ഷെഹ്സാദ് ടൗൺ പ്രദേശത്തുള്ള തർലായ് ഇമാംബർഗയിലാണ് സ്ഫോടനമുണ്ടായത്.
ഷിയ വിശ്വാസികൾ ഒത്തുകൂടിയ സ്ഥലത്തേക്ക് കടക്കാൻ ശ്രമിച്ച ചാവേറിനെ പ്രധാന കവാടത്തിൽ ഗാർഡുകൾ തടഞ്ഞു നിർത്തിയിരുന്നു. തുടർന്ന് ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തെത്തുടർന്ന്, ഇസ്ലാമാബാദ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് നഗരവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിക്കേറ്റവരെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കും (പിംസ്) പോളിക്ലിനിക് ആശുപത്രിയിലേക്കും മാറ്റി.
സംഭവത്തെ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു.
Kerala
എടത്വ: കെഎസ്ആർടിസി ഡിപ്പോയിൽ തെരുവുനായയുടെ ആക്രമണത്തിൽ യാത്രക്കാരനു പരിക്ക്. എടത്വാ സ്വദേശിയായ തോട്ടുമാലിച്ചിറ വീട്ടിൽ ടി.കെ. നടരാജനാണ് കാലിൽ കടിയേറ്റത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വീട്ടിലേക്കു പോകാൻ ബസിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെ നടരാജനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു ചികിത്സനൽകി.
അതേസമയം, ബസ് ഡിപ്പോ പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമായത് യാത്രക്കാരെ വലയ്ക്കുന്നതായാണ് പരാതി. ഇതു നിയന്ത്രിക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
Kerala
കോഴിക്കോട്: നാദാപുരം ചെക്യാട് തെരുവ് നായയുടെ ആക്രമണത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് പരിക്കേറ്റു. ചെക്യാട് സ്വദേശി ഹാരിസിന്റെ മകൾ ഉസ്നയ്ക്കാണ് കടിയേറ്റത്.
മദ്രസയിൽ പോയി തിരിച്ചുവരുന്നതിനിടെ ആണ് ആക്രമണമുണ്ടായത്. കൈയ്ക്ക് കടിയേറ്റ കുട്ടിയെ നാദാപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാദാപുരം ടൗണിൽ കഴിഞ്ഞ ദിവസം ഇതര സംസ്ഥാനക്കാരുടെ മൂന്നര വയസുള്ള കുട്ടിക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. യുപി സ്വദേശിയായ മൂന്നരവയസുകാരി ജാനി പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണുള്ളത്.
Kerala
തൃശൂർ: തൃപ്രയാറിൽ ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ ഓടിയ ആന പ്രദേശത്തു ഭീതിപരത്തി. കിഴക്കേനട രാജവീഥിറോഡിൽ ഇന്ന് പുലർച്ചെ അഞ്ചോടെയാണു സംഭവം ദേവി നന്ദൻ എന്ന ആനയാണ് ഓടിയത്.
ഓട്ടത്തിനിടെ ആന വീടുകളുടെ ഗേറ്റ് തകർത്തു. നിരവധി തെങ്ങുകൾ മറിച്ചിട്ടു. ആനയെ പിന്നിട്ടു തളച്ചു.
National
അഹമ്മദാബാദ്: വിവാഹത്തിനിടെ കുതിരപ്പുറത്ത് യാത്ര ചെയ്ത ദളിത് വരന് നേരെ ആക്രമണം. ഗുജറാത്തിലെ പത്താന് ജില്ലയിലുള്ള ചന്ദ്രുമന ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്ചയാണ് സംഭവം. ഒരു സംഘമാളുകൾ വരനായ വിശാല്‍ ചാവ്ഡയെ വാളുകളുപയോഗിച്ച് അക്രമിക്കുകയായിരുന്നു .
മേൽജാതിക്കാരായ താക്കൂർ വിഭാഗത്തില്‍പെട്ടവരാണ് ദലിത് വരന്റെ വിവാഹഘോഷയാത്ര തടഞ്ഞത്. എന്നാല്‍ എതിര്‍പ്പ് അവഗണിച്ച് വരന് കുതിരപ്പുറത്ത് കയറുകയായിരുന്നു. പിന്നാലെ അദ്ദേഹത്തിന് നേരെ വാള് വീശി. ഉയര്‍ന്ന സമുദായത്തില്‍ പെട്ടവര്‍ക്ക് മാത്രമേ കുതിര സവാരി ചെയ്യാന്‍ കഴിയൂ എന്ന് പറഞ്ഞായിരുന്നു ആക്രമണം. യുവാവിനെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു.
വരന്റെ പിതാവ് പത്താന് പോലീസിൽ പരാതി നൽകിയതിനെ തുടര്‍ന്ന് പ്രായപൂർത്തിയാകാത്ത ഒരാള്‍ ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ഭാരതീയ ന്യായ സംഹിതയിലെ നിയമവിരുദ്ധമായി സംഘം ചേരൽ, തടഞ്ഞുവയ്ക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരവും, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഗുജറാത്തില്‍ നേരത്തെയും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ ഗാന്ധിനഗറിലെ ചഡാസന ഗ്രാമത്തിൽ വികാസ് ചാവ്ദ എന്ന ദളിത് യുവാവിനെ കുതിരപ്പുറത്ത് നിന്ന് വലിച്ചു താഴെയിടുകയും മർദിക്കുകയും ചെയ്തിരുന്നു.
National
ന്യൂഡൽഹി: ബലൂചിസ്ഥാനിൽ ഡസൻ കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണങ്ങൾക്കു പിന്നിൽ ഇന്ത്യയാണെന്ന പാക്കിസ്ഥാന്റെ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. പാക്കിസ്ഥാന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സ്വന്തം ആഭ്യന്തര പരാജയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനാണ് ഇസ്ലാമാബാദ് ശ്രമിക്കുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
പാക് സൈന്യവും ആഭ്യന്തരമന്ത്രി മുഹ്സിൻ നഖ്വിയും ഉന്നയിച്ച ആരോപണങ്ങൾക്കു മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ആണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പാക്കിസ്ഥാൻ നടത്തുന്നതെന്ന് ജയ്സ്വാൾ പറഞ്ഞു. ഓരോ തവണ അക്രമസംഭവങ്ങൾ അരങ്ങേറുമ്പോഴും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് പാക്കിസ്ഥാന്റെ സ്ഥിരം തന്ത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബലൂചിസ്ഥാനിലെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിനു പകരം, അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലുകളും മറച്ചുവയ്ക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്. സ്വന്തം രാജ്യത്തെ ക്രമസമാധാന നില പാലിക്കുന്നതിലുണ്ടായ പരാജയം മറയ്ക്കാനാണ് ഇത്തരം അടിസ്ഥാനമില്ലാത്ത വാദങ്ങൾ ഉന്നയിക്കുന്നതെന്നും ജയ്സ്വാൾ പറഞ്ഞു.
സംഘർഷം രൂക്ഷം
സാധാരണക്കാരുടെ വേഷത്തിലെത്തിയ അക്രമികൾ ആശുപത്രികളിലും സ്കൂളുകളിലും ചന്തകളിലും കയറി വെടിയുതിർക്കുകയായിരുന്നു. ജനങ്ങളെ അവർ മനുഷ്യകവചങ്ങളായി ഉപയോഗിച്ചെന്ന് പാക് മന്ത്രി തലാൽ ചൗധരി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ബലൂചിസ്ഥാനിൽ ഉണ്ടായ തുടർച്ചയായ ആക്രമണങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരുമുൾപ്പെടെ 48 പേർ കൊല്ലപ്പെട്ടെന്ന് ബലൂച് മന്ത്രി സർഫ്രാസ് ബുഖ്ദി പറഞ്ഞു.
സേനയെ ലക്ഷ്യമിട്ട് ആക്രമണം
ബലൂച് ലിബറേഷൻ ആർമി ആണ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. ഹെറോഫ് എന്നു പേരിട്ടിരിക്കുന്ന ഓപ്പറേഷനിലൂടെ ഗ്വാദർ, ക്വറ്റ തുടങ്ങി പ്രധാന മേഖലകളിൽ സുരക്ഷാ സേനയെ ലക്ഷ്യം വച്ചാണ് ആക്രമണം നടന്നത്. അതേസമയം, തിരിച്ചടിയിൽ നൂറിലധികം വിഘടനവാദികളെ വധിച്ചതായി പാക് സൈന്യവും അവകാശപ്പെടുന്നു.
സ്വാഭാവിക വിഭവങ്ങളാൽ സമ്പന്നമാണെങ്കിലും പാകിസ്ഥാനിലെ ഏറ്റവും ദരിദ്രമായ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. ദശകങ്ങളായി ഇവിടെ സ്വയംഭരണത്തിനായുള്ള പോരാട്ടങ്ങൾ നടന്നുവരികയാണ്.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതിയുയർത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ഇറാൻ ആണവക്കരാറിനു തയാറായില്ലെങ്കിൽ ആക്രമണം ആസന്നമാണെന്ന് ട്രംപ് ഭീഷണി മുഴക്കി. കരാറിലെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അമേരിക്കൻ യുദ്ധക്കപ്പൽ ഇറാനെ ലക്ഷ്യമാക്കി നീങ്ങുകയാണെന്നും ട്രൂത്ത് സോഷ്യലിൽ ട്രംപ് പറഞ്ഞു. സംഭാഷണത്തിനു തയാറാണെന്നും എന്നാൽ, ആക്രമണമുണ്ടായാൽ പ്രതിരോധിക്കുമെന്നും മുമ്പൊരിക്കലും ഇല്ലാത്തവിധം പ്രതികരിക്കുമെന്നും ഇറാനും നിലപാടെടുത്തു.
ഇതോടെ ഗൾഫ് മേഖലയിൽ യുദ്ധഭീതി ഉരുണ്ടുകൂടിയിരിക്കുകയാണ്. പരസ്പര ബഹുമാനത്തിന്റെയും താത്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ ചർച്ചകയ്ക്ക് ഒരുക്കമാണ്. എന്നാൽ, യുദ്ധത്തിലേക്കു തള്ളിവിട്ടാൽ സ്വയം പ്രതിരോധിക്കുകയും ‘മുമ്പൊരിക്കലും ഇല്ലാത്ത വിധം’ പ്രതികരിക്കുമെന്നും ഇറാൻ വ്യക്തമാക്കി.
ഇറാൻ വേഗം ചർച്ചയ്ക്കു തയാറാവണം. ന്യായവും നീതിയുക്തവുമായ ഒരു കരാറിലെത്തിച്ചേരുകയും വേണം. ആണവായുധങ്ങൾ വേണ്ട”- ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. വെനസ്വേലയിലേക്ക് അയച്ചതിനേക്കാൾ വലിയ നാവിക സേനയാണ് ഗൾഫ് മേഖലയിലേക്ക് അയച്ചിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു. അതിവേഗം ദൗത്യം നിർവഹിക്കാൻ ശേഷിയുള്ള സേനയാണിത്. ഇനിയുള്ള ആക്രമണം വളരെ മോശമായിരിക്കും. അത് വീണ്ടും സംഭവിക്കരുതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. സൈനിക ഭീഷണിയിലൂടെയുള്ള നയതന്ത്രം ഫലപ്രദമോ ഗുണപ്രദമോ അല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ചർച്ചകൾ പുരോഗമിക്കണമെങ്കിൽ, ഭീഷണികളും യുക്തിരഹിതമായ വിഷയങ്ങളും മാറ്റിവയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇറാക്ക് രാഷ്ട്രീയത്തിലും ഇടപെടാൻ അമേരിക്കൻ പ്രസിഡന്റ് തയാറെടുക്കുന്നതായാണു സൂചന. മുൻ പ്രധാനമന്ത്രി നൂറി അൽ മാലിക്കിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്താൽ ഇറാക്കിനെ ഇനി യുഎസ് സഹായിക്കില്ലെന്നു ട്രംപ് പറഞ്ഞു. മാലിക്കിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കുന്നത് ഇറാക്കിന്റെ വളരെ മോശമായ തെരഞ്ഞെടുപ്പായേക്കാം. കഴിഞ്ഞ തവണ മാലിക്കി അധികാരത്തിലിരുന്നപ്പോൾ രാജ്യം ദാരിദ്ര്യത്തിലേക്കും സമ്പൂർണ അരാജകത്വത്തിലേക്കും കൂപ്പുകുത്തി.
അതു വീണ്ടും സംഭവിക്കാൻ അനുവദിക്കരുതെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. മാലിക്കിയുടെ ഭ്രാന്തൻ നയങ്ങളും ആശയങ്ങളും കാരണം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്ക ഇറാക്കിനെ മേലിൽ സഹായിക്കില്ല. സഹായിക്കാൻ തങ്ങളില്ലെങ്കിൽ ഇറാക്കിന് വിജയത്തിനോ സമൃദ്ധിക്കോ സ്വാതന്ത്ര്യത്തിനോ സാധ്യതയുണ്ടാവില്ല. മാലിക്കിയുടെ നേതൃത്വം ആവർത്തിക്കാൻ ഇറാഖ് അനുവദിക്കരുത്. ‘മേക്ക് ഇറാക്ക് ഗ്രേറ്റ് എഗെയ്ൻ’ – ട്രംപ് പറഞ്ഞു.
Kerala
കാട്ടാക്കട: അമ്പൂരി പഞ്ചായത്ത് വൈസ് പ്രസിഡന്റെ വീടിനു നേരെ ആക്രമണം. വീടിന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് കത്തി നശിച്ചു. കണ്ടംതിട്ട വാർഡംഗം കൂടിയായ വൈസ് പ്രസിഡന്റ് സീനാ അനിലിന്റെ വീടിന് നേരെയാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്.
ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. പുലർച്ചെ തീ പടരുന്നത് കണ്ടാണ് വീട്ടുകാർ ഉണർന്നത്. കോൺഗ്രസ് അംഗമാണ് സീന. നെയ്യാർ ഡാം പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
അതേസമയം, സംഭവത്തിനു പിന്നാലെ, സിപിഎം പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
National
ചെന്നൈ: തമിഴ്നാട്ടിലെ പെരമ്പലൂർ ജില്ലയിൽ തടവുകാരനെ കൊണ്ടുപോകുന്നതിനിടെ പോലീസ് സംഘത്തിന് നേരെ ബോംബേറ്. സംഭവത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നാടൻ ബോംബ് ആണ് എറിഞ്ഞത്.
നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി മധുര സ്വദേശി വെള്ളൈ കാളിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒമ്പത് കൊലക്കേസ് ഉൾപ്പടെ 30 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. നിലവിൽ മയക്കുമരുന്ന് കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് ഇയാളെ ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിലടച്ചിരുന്നു.
ജനുവരി 21 ന് വെള്ളൈ കാളിയെ പുതുക്കോട്ട കോടതിയിൽ ഹാജരാക്കിയതിന് ശേഷം ഡിണ്ടിഗൽ സബ് ജയിലിലേക്ക് മാറ്റി. മറ്റു കേസുകളുടെ വിചാരണയുടെ ഭാഗമായി ഇയാളെ ചെന്നൈയിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം നടന്നത്.
പെരമ്പലൂർ ജില്ലയിലെ ഒരു ഹോട്ടലിന് സമീപം ഉച്ചഭക്ഷണത്തിനായി അകമ്പടി വാഹനം നിർത്തിയപ്പോഴാണ് സംഭവം. രണ്ട് കാറുകളിലായി എത്തിയ അക്രമി സംഘം നാടൻ ബോംബ് എറിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ഇവർക്ക് നേരെ വെടിയുതിർത്തതോടെ ഇവർ മടങ്ങി. അതേസമയം, വെള്ളൈ കാളിക്ക് ആക്രമണത്തിൽ പരിക്കേറ്റില്ല.
ബോംബ് ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും അക്രമികളെ നേരിടുന്നതിനിടെ മറ്റൊരാൾക്കും പരിക്കേറ്റു. ഇരുവരും അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
സംഭവത്തിന് പിന്നാലെ ആക്രമി സംഘത്തിന് വേണ്ടി പോലീസ് വ്യാപക തിരച്ചിൽ നടത്തി. ആക്രമികൾ രക്ഷപെട്ട കാറുകളിൽ ഒന്ന് കടലൂർ ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ആക്രമികൾ ടോൾ ഗേറ്റ് തകർത്ത് കാറിൽ അമിതവേഗത്തിൽ പോകുന്നതിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി പോലീസ് അഞ്ച് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലായി അന്വേഷണം പുരോഗമിക്കുകയാണ്.
ആക്രമണത്തിന് പിന്നിൽ മുൻകാല വൈരാഗ്യമാണെന്ന് സംശയിക്കുന്നതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വി.കെ. ഗുരുസാമിയുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഇതിന് പിന്നിലെന്ന് ഞങ്ങൾ സംശയിക്കുന്നു. രണ്ട് സംഘങ്ങളും തമ്മിൽ വൈരാഗ്യമുണ്ട്. ഗുരുസാമി ഡിഎംകെ അംഗമാണെന്നും വെള്ളൈ കാളി എഐഎഡിഎംകെയുമായി അടുത്ത ബന്ധമുള്ളയാളാണെന്നും പോലീസ് അറിയിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമി ഡിഎംകെയെ രൂക്ഷമായി വിമർശിച്ചു. "കുറ്റവാളികള്‍ക്ക് പോലീസിനെയോ സര്‍ക്കാരിനെയോ ഭയമില്ല. പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതിന് മുഖ്യമന്ത്രിയെ ഞാന്‍ അപലപിക്കുന്നു'. -എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു.
സംഭവത്തോടെ ഡിഎംകെ ഇതുവരെ പ്രതികരിച്ചില്ല.
National
ചായ്ബാസ (ജാർഖണ്ഡ്): ജാർഖണ്ഡിലെ സാരാന്ത വനമേഖലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 17 ആയി. മാവോയിസ്റ്റ് ഉന്നതതല നേതാവ് പതിറാം മാജി എന്ന അനൽ ദാ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്.
ജാർഖണ്ഡ് സർക്കാർ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗമാണ് അനൽ ദാ. കൊല്ലപ്പെട്ടവരിൽ അഞ്ചുപേർ വനിതാ അംഗങ്ങളാണ്.
വ്യാഴാഴ്ച ആരംഭിച്ച "ഓപ്പറേഷൻ മേഘബുരു' എന്ന സംയുക്ത നീക്കത്തിലൂടെയാണ് സുരക്ഷാസേന മാവോയിസ്റ്റുകളെ വധിച്ചത്.
209 കോബ്ര ബറ്റാലിയൻ, ചായ്ബാസ ജില്ലാ പോലീസ്, ജാർഖണ്ഡ് ജാഗ്വാർ എന്നിവർ ചേർന്നാണു തെരച്ചിൽ നടത്തിയത്. വ്യാഴാഴ്ച നടന്ന കനത്ത ഏറ്റുമുട്ടലിൽ അനൽ ദാ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നടന്ന തെരച്ചിലിൽ രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ മരണം 17 ആയി.
മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റിയിലെ പ്രമുഖനായിരുന്നു അനൽ ദാ. ജാർഖണ്ഡിൽ മാത്രം ഇയാൾക്കെതിരേ 149 കേസുകൾ നിലവിലുണ്ട്. വനമേഖലയിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ജനുവരിയിൽ ബസ്തർ മേഖലയിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. അർബൻ നക്സലിസം ശക്തി പ്രാപിക്കുന്നതിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഛത്തീസ്ഗഡിൽ 47 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഒമ്പത് മാവോയിസ്റ്റ് നേതാക്കൾ കീഴടങ്ങുകയും ചെയ്തു. ഇതോടെ ഒഡീഷയിലെ നബരംഗ്പുർ ജില്ലയെ നക്സൽ വിരുദ്ധ ജില്ലയായി പ്രഖ്യാപിച്ചു.
കീഴടങ്ങിയ മാവോയിസ്റ്റുകളിൽ നിന്ന് ഇൻസാസ് റൈഫിളുകൾ, എസ്എൽആർ തോക്കുകൾ തുടങ്ങിയ ആയുധശേഖരവും സുരക്ഷാസേന പിടിച്ചെടുത്തു.
Kerala
തിരുവനന്തപുരം: പെരിങ്ങമ്മലയിൽ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം. രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.
ഓട്ടോ ഡ്രൈവർ മുത്തിക്കാണിയിൽ അശ്വിൻ, യാത്രക്കാരൻ സനോജ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കാട്ടുപോത്ത് കുത്തിമറിച്ചിടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇടവത്തായിരുന്നു സംഭവം.
Kerala
കൊച്ചി: കമ്പിപ്പാര ഉപയോഗിച്ച് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകള്‍ പിടിയില്‍. പനങ്ങാട് സ്വദേശിയായ നിവ്യയെ (30) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്മ സരസു (70) ആണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. നിവ്യ ഉപയോഗിച്ചിരുന്ന ഫേസ്ക്രീം മാറ്റിവച്ചുവെന്ന് ആരോപിച്ചാണ് അമ്മയെ ഉപദ്രവിച്ചത്.
ജനുവരി 19ന് വൈകുന്നേരം ആറിനാണ് സംഭവം നടന്നത്. സരസുവിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ല് ഒടിച്ചു എന്നാണ് പോലീസ് എഫ്ഐആറില്‍ പറയുന്നത്. നാട്ടുകാരാണ് സരസുവിനെ ആശുപത്രിയില്‍ കൊണ്ടു പോയത്. നിരന്തരമായി അമ്മയുമായി മകള്‍ പ്രശ്നം ഉണ്ടാക്കാറുണ്ട്.
മകള്‍ക്കെതിരെ അമ്മ പരാതി നല്‍കിയതോടെ നിവ്യ നാട്ടില്‍ നിന്നും മുങ്ങി. വയനാട് മാനന്തവാടിയില്‍ നിന്നുമാണ് പനങ്ങാട് പോലീസ് നിവ്യയെ കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകം, കഞ്ചാവ്, കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസുകളിലും പ്രതിയാണ് നിവ്യ. അതിനാല്‍ ഗുണ്ട ആക്ട് പ്രകാരം പ്രതിക്കെതിരെ നടപടി എടുക്കാനാണ് പോലീസ് ഒരുങ്ങുന്നത്.
Kerala
കൊച്ചി: ആനയുടെ ചവിട്ടേറ്റ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യു ട്യൂബര്‍ സൂരജ് പിഷാരടി മരിച്ചു. ആലുവ ചൊവ്വര സ്വദേശിയാണ്.
ബുധനാഴ്ച രാവിലെ 11.45ന് നെടുമ്പാശേരി തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തില്‍ ആനയിടഞ്ഞതിനിടെയാണ് സൂരജിനു ചവിട്ടേറ്റത്.
ഗുരുതരമായി പരിക്കേറ്റ സൂരജ് ചികിത്സയിലായിരുന്നു. ആനകളുടെ മുന്‍ഭാഗത്തുനിന്നു മൊബൈല്‍ കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
രാവിലെ ഒന്‍പതിന് അഞ്ച് ആനകള്‍ പങ്കെടുത്ത ശീവേലിയില്‍ തിടമ്പേറ്റിയ ചിറയ്ക്കല്‍ ശബരിനാഥന് എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്ത് മൂന്നുപേര്‍ ഉണ്ടായിരുന്നു. ആന പെട്ടെന്ന് ഇടഞ്ഞോടിയതോടെ ഇതില്‍ ഒരാള്‍ താഴെ വീണു.
ഈ ആന വിരണ്ടതോടെ ഭയന്നു മറ്റൊരു ആന കൂടി ഓടി. ഇതിനിടെ 19 പേര്‍ക്ക് പരിക്കേറ്റു. പിന്നീട് ആനയെ പാപ്പാന്മാര് തളച്ചു.
International
കയ്റോ: ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം. ബുധനാഴ്ച ഇസ്രായേൽ സൈന്യം ഗാസയിൽ നടത്തിയ വെടിവയ്പ്പിൽ രണ്ട് കുട്ടികളും മൂന്ന് മാധ്യമപ്രവർത്തകരും ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ.
മധ്യഗാസയിലൂടെ കാറിൽ സഞ്ചരിച്ചിരുന്ന മൂന്ന് മാധ്യമപ്രവർത്തകരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാലസ്തീൻകാർ തങ്ങിയിരുന്ന വാസസ്ഥലങ്ങളെ കുറിച്ച് റിപ്പോർട്ട് തയാറാക്കാൻ പോയവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ.
ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഈജിപ്ഷ്യൻ കമ്മിറ്റിയാണ് മാധ്യമപ്രവർത്തകരുടെ യാത്രയ്ക്ക് മേൽനോട്ടം വഹിച്ചിരുന്നത്. ഇവരുടെ വാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്.
എന്നാൽ വിഷയത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സൈന്യത്തിന് പ്രതിസന്ധിയായിരുന്ന പാലസ്തീൻ ഭീകരനെ കൊലപ്പെടുത്തിയെന്ന് മാത്രമാണ് ഇസ്രായേൽ സൈന്യത്തിന്റെ പ്രതികരണം.
Kerala
പാലക്കാട്: വല്ലപ്പുഴ ചെറുകോട് കാട്ടുപന്നി ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. പടിഞ്ഞാറ്റുമുറി സ്വദേശി പാറുക്കുട്ടി അമ്മയ്ക്ക് (76) നേരെയാണ് ആക്രമണം ഉണ്ടായത്.
തിങ്കളാഴ്ച രാവിലെ ഒന്‍പതിനാണ് സംഭവം. ക്ഷേത്രദർശനം കഴിഞ്ഞ് റോഡിലൂടെ നടന്നു പ്രദേശത്തെ തോടിനോട് ചേർന്നുള്ള പാലത്തിനടുത്ത് എത്തിയപ്പോൾ ദൂരെ നിന്നും ഓടിവന്ന കാട്ടുപന്നി പാറുക്കുട്ടി അമ്മയെ ആക്രമിക്കുകയായിരുന്നു.
കാട്ടുപന്നിയുടെ ഇടികൊണ്ട പാറുക്കുട്ടിയമ്മ സമീപത്തെ 10 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് വീണു. ഇവരുടെ നിലവിളി കേട്ട് ആളുകൾ ഓടി കൂടുകയും പാറുക്കുട്ടിയമ്മയെ വീട്ടിൽ എത്തിക്കുകയും ചെയ്തു.
എന്നാൽ ശാരീരിക വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നിയുടെയും മലമ്പാമ്പിന്റെയും ഒക്കെ ശല്യം രൂക്ഷമാണെന്നും പരാതികൾ പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഇല്ലെന്നും പാറുക്കുട്ടിയമ്മയുടെ മകൻ വിജയൻ പറഞ്ഞു.
Kerala
കോഴിക്കോട്: തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരിക്കേറ്റു. കോഴിക്കോട് പ്രൊവിഡന്‍സ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ യാഷികയ്ക്കാണ് കാലില്‍ കടിയേറ്റത്. രാവിലെ ഒന്‍പതോടെ സ്കൂളിലേയ്ക്ക് പോകവേയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്.
അരീക്കാട് വച്ചാണ് സംഭവം നടന്നത്. സ്കൂളിലേയ്ക്ക് പോകാനായി ബസ് സ്റ്റോപ്പിലേക്ക് നടക്കവേ വിദ്യാര്‍ഥിനിയുടെ പിന്നാലെയെത്തിയ നായ കാലില്‍ കടിക്കുകയായിരുന്നു. യാഷിക പേടിച്ച് നിലവിളിച്ചതോടെ നായ മറ്റൊരു സ്ഥലത്തേയ്ക്ക് പോയി.
കാലില്‍ സാരമായി പരിക്കേറ്റ വിദ്യാർഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി. കഴിഞ്ഞ ദിവസവും ഇതിന് സമീപപ്രദേശത്ത് തെരുവ്നായ ആക്രമണമുണ്ടായിരുന്നു.
Kerala
കൊച്ചി: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ മദ്യലഹരിയില്‍ പ്രതിയുടെ പരാക്രമം. വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി പോലീസിനെ അസഭ്യം പറഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചു. ഞാറയ്ക്കല്‍ സ്വദേശി ദേവദാസ് ആണ് അക്രമാസക്തനായത്. പോലീസ് വാഹനത്തിന്റെ ഗ്ലാസ് പ്രതി ചവിട്ടി തകര്‍ത്തു. ഞായറാഴ്ചയാണ് സംഭവം.
വൈകുന്നേരം ഇന്‍ഫോപാര്‍ക്കിന് സമീപം രാജഗിരിക്കടുത്ത് മദ്യലഹരിയില്‍ എത്തിയ യുവാവ് ആളുകളോട് മോശമായി പെരുമാറി. അവിടെ നിന്നും ഹില്‍പാലസ് പോലീസ് ആണ് ദേവദാസിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്നാണ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ യുവാവിനെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്.
അക്രമാസക്തനായ പ്രതിയെ കൈവിലങ്ങ് അണിയിച്ചാണ് പോലീസ് ആശുപത്രിയില്‍ എത്തിച്ചത്. ഇതോടെ പോലീസിന് നേരെയും ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റ് ആളുകള്‍ക്ക് നേരെയും ഇയാള്‍ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. ആശുപത്രിയില്‍ നിന്നും ഹില്‍പാലസ് സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനിടെയാണ് പ്രതി പോലീസ് ജീപ്പിന്റെ ഗ്ലാസ് ചവിട്ടി തകര്‍ത്തത്.
ഇതോടെ രണ്ടു കേസുകളാണ് യുവവിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് ജീപ്പ് തകര്‍ത്തതിനാണ് ഹില്‍ പാലസ് പോലീസിന്റെ എഫ്ഐആര്‍. ആളുകളോട് മോശമായി പെരുമാറിയതില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Kerala
മാനന്തവാടി: വയനാട് പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർഥിക്ക് നേരെ ആസിഡ് ആക്രമണം. പ്രിയദർശിനി ഉന്നതിയിലെ 14 വയസുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തിൽ അയൽവാസിയായ രാജു ജോസ് (55) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ സ്റ്റുഡൻറ് പോലീസ് യൂണിഫോം പ്രതി ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിൽ പ്രകോപിതനായാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് സൂചന. ആസിഡ് ആക്രമണത്തിൽ പെണ്‍കുട്ടിയുടെ കണ്ണിനടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി തന്നെ കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെ പുൽപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുന്നതേയുളള്ളൂവെന്ന് പോലീസ് അറിയിച്ചു.
Kerala
കൊഴിക്കോട്: മുക്കത്ത് അഴിച്ചുവിട്ട വളർത്തുനായയുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരിക്ക്. മണാശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശേരിയുടെ മകൾ അഭിഷയ്ക്കാണ് നായയുടെ കടിയേറ്റത്.
അഭിഷയയുടെ കാലിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. അഭിഷയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അയൽ വീട്ടിലെ നായയാണ് കുട്ടിയെ കടിച്ചത്.
മറ്റൊരു വിദ്യാർഥിനിയെയും നായ കടിക്കാൻ ശ്രമിച്ചു. ഈ വിദ്യർഥിനി അടുത്ത വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
Kerala
കൊച്ചി: കാക്കനാട് പടമുകളില്‍ പിറ്റ്ബുള്‍ ഇനത്തില്‍പെട്ട അപകടകാരിയായ വളര്‍ത്തുനായ ആക്രമിച്ച സംഭവം ഒത്തുതീര്‍പ്പായി. സംഭവത്തില്‍ ആരും പോലീസ് പരാതി നല്‍കിയിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു പടമുകള്‍ സാറ്റലൈറ്റ് ടൗണ്‍ഷിപ്പ് ഭാഗത്ത് വീട്ടില്‍ വളര്‍ത്തുന്ന പിറ്റ്ബുള്‍ നാലുപേരെ കടിച്ചത്.
പിറ്റ്ബുള്‍ നായയുള്ള വീടിനു മുന്നിലൂടെ നടന്നു പോവുകയായിരുന്ന അമ്മയെയും ഇരുപതും പത്തു വയസായ രണ്ടു മക്കളെയുമാണ് നായ ആക്രമിച്ചത്. 20 വയസുകാരിയെയാണ് നായ ആദ്യം ആക്രമിച്ചത്. പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ നായ കടിച്ചു കീറി. ഇതോടെ നായയെ തടയാനായി എത്തിയ അയല്‍വാസിക്കും കടിയേറ്റു.
നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കു ഗുരുതരമായിരുന്നില്ല. പടമുകള്‍ സ്വദേശിയായ അനിക് ആണ് നായയുടെ ഉടമസ്ഥന്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ആരും പരാതി നല്‍കാതിരുന്നതോടെ കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
അതേസമയം, കൊച്ചിയെ ഭീതിയിലാഴ്ത്തി നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടന്ന പിറ്റ്ബുള്‍ ഇനത്തില്‍പെട്ട മറ്റൊരു നായയുടെ ഉടമസ്ഥനെ കണ്ടെത്തി. കൊച്ചി സ്വദേശിയായ സംഗീത് സൗത്ത് പോലീസ് സ്റ്റേഷനിലെത്തി ആനിമല്‍ റെസ്ക്യൂ ടീമില്‍ നിന്നും നായയെ ഏറ്റുവാങ്ങി.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് ചൊവ്വാഴ്ച ഉണ്ടായ തെരുവുനായ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. വീട്ടുമുറ്റത്ത് നിന്നവരെയും വഴിയിലൂടെ നടന്നുപോയവരെയുമടക്കമാണ് നായ കടിച്ചത്.
കല്ലുവെവെട്ടാൻകുഴി സ്വദേശികളായ അസിയ (9), ആദിൽ മുഹമ്മദ് (7), വിഴിഞ്ഞം ഹാർബർ റോഡിൽ അസിക (18), മൈദിൻ പീരുമുഹമ്മദ് (37), ഹസനാർ (60), ഇൻസമാം ഹക്ക്(31), അബുഷൗക്കത്ത് (56), വിഴിഞ്ഞം കോസ്റ്റൽ പോലീസിലെ വാർഡൻ സുനിറ്റ് (35) എന്നിവർക്കാണ് കടിയേറ്റത്. പേവിഷബാധയേറ്റ നായയെന്ന് സംശയമുള്ളതായി കടിയേറ്റവർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് നായയുടെ ആക്രമണമുണ്ടായത്.
കല്ലുവെട്ടാൻകുഴിയിൽ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അസിയയുടെ ഇടത് കൈയിലും കാലിലും അതുപോലെ ആദിലിന് വലതുകാലിലെ തുടയിലുമാണ് കടിയേറ്റത്. വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റൽ വാർഡൻ സുനിറ്റിന് ഇടതുകാലിലാണ് കടിയേറ്റത്.
പിന്നാലെ വീട്ടുമുറ്റത്ത് നിന്ന അസിക, ഷെഡിൽ കിടന്നുറങ്ങിയ ഹസനാർ, ഇൻസമാം ഹക്ക് എന്നിവരെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു. നായയെ പിടികിട്ടിയതോടെ നാട്ടുകാർ അടിച്ചുകൊന്നു.
Kerala
കോട്ടയം: വെമ്പള്ളിയിൽ ഇടഞ്ഞ ആന പാപ്പാനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. വൈലാശേരി അര്ജുനന് എന്ന ആനയാണ് ഇടഞ്ഞത്.
വെമ്പള്ളിയില്‍ റേഷന്‍ കടപടിക്ക് സമീപം വച്ച് ഇന്ന് വൈകുന്നരം അഞ്ചോടെയാണ് ആന ഇടഞ്ഞത്. ആനയുടെ സമീപത്തുണ്ടായിരുന്ന ഒന്നാം പാപ്പാന് സജിക്കാണ് കുത്തേറ്റത്.
കാലിന് ഗുരുതരമായി പരിക്കേറ്റ സജിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ കയറ്റിയ ലോറിയിലുണ്ടായിരുന്ന മറ്റ് നാല് പാപ്പാന്മാര് ചേര്‍ന്ന് ആനയെ സമീപത്തുള്ള പറമ്പിലേയ്ക്ക് മാറ്റി.
International
കീവ്: യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ നഗരമായ വോറോനെസിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നു പേർക്കു പരിക്കേറ്റു.
ശനിയാഴ്ചയായിരുന്നു ആക്രമണം. പത്തു പാർപ്പിടസമുച്ചങ്ങൾക്കും സ്വകാര്യ വസതികൾക്കും രു ഹൈസ്കൂളിനും കേടുപാടുണ്ടായി. പത്തു ലക്ഷം പേർ വസിക്കുന്ന നഗരമായ വോറോനെസ് യുക്രെയ്ൻ അതിർത്തിയിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
വെള്ളിയാഴ്ച രാത്രി യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. കീവിൽ രണ്ടുദിവസമായി വൈദ്യുതിയില്ലാത്ത സ്ഥിതിയാണ്
District News
തൊടുപുഴ: പുലര്‍ച്ചെ റബര്‍ ടാപ്പിംഗിന് പോയ രണ്ടു പേര്‍ക്കും കാട്ടുപോത്തിനെ തുരത്തുന്നതിനിടെ ഒരാള്‍ക്കും നേരേ കാട്ടുപോത്തിന്റെ ആക്രമണം. ഉടുമ്പന്നൂര്‍ മഞ്ചിക്കല്ല് സ്വദേശികളായ കൂവക്കാട്ടില്‍ മുരളി (63), പുരയിടത്തില്‍ സാബു ( 62) എന്നിവര്‍ക്കും ചീനിക്കുഴി ഒലിവിരിപ്പ് കൊച്ചുകുന്നേല്‍ അജയ് (40) ക്കും നേരേയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. കൈയുടെ എല്ല് പൊട്ടിയ മുരളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാബുവിനും കൈക്ക് പരിക്കേറ്റങ്കിലും സാരമുള്ളതല്ല.
ഇന്നലെ വൈകുന്നേരം കാട്ടുപോത്തിനെ തുരത്തുന്നതിനിടെയാണ് അജയ് (40) ക്ക് പരിക്കേറ്റത്. ഇവിടെ പൈനാപ്പിള്‍ തോട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. കാട്ടുപോത്തിനെ കണ്ട് റബര്മരത്തിനു പിന്നിലൊളിക്കാന്‍ ശ്രമിച്ചെങ്കിലും പോത്തിന്റെ കൊമ്പുകൊണ്ട് തോളിനു പരിക്കേല്‍ക്കുകയായിരുന്നു. ഇദ്ദേഹത്തെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരത്തിനു പിന്നിലൊളിച്ചതുകൊണ്ടാണ് വലിയ അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്.
ഇന്നലെ പുലര്‍ച്ചെ 3.30ന് ഉടുമ്പന്നൂര്‍ -വെണ്ണിയാനി റൂട്ടില്‍ ഒലിവിരിപ്പ് മേഖലയിലാണ് കാട്ടുപോത്ത് എത്തിയത്. വീട്ടില്‍നിന്നു രാവിലെ റബര്‍ ടാപ്പിംഗിനായി പതിവുപോലെ പോകുകയിരുന്നു ഇരുവരും.
സ്കൂട്ടറില്‍ പോകുകയായിരുന്ന സാബു റോഡിനു മുന്നില്‍ കാട്ടുപോത്തിനെ കണ്ട് വാഹനം വെട്ടിച്ചു മാറ്റി. എന്നാല്‍, കൊമ്പുകൊണ്ട് കൈക്കു തട്ടി ചെറുതായി പരിക്കേറ്റെങ്കിലും കാട്ടുപോത്തിന്റെ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടു. തുടര്‍ന്ന് മുന്നോട്ടുപോകുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ നിലയില്‍ മുരളി റോഡില്‍ കിടക്കുന്നതു കണ്ടത്. തുടര്‍ന്ന് വീട്ടുകാരെയും നാട്ടുകാരെയും വിവരം അറിയിച്ച് മുരളിയെ ആശുപത്രിയിലാക്കുകയായിരുന്നു.
കാടിളക്കി തെരച്ചില്‍
നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് രാവിലെ മുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേഖലയില്‍ പരിശോധന നടത്തിയെങ്കിലും ആദ്യം കാട്ടുപോത്തിനെ കണ്ടെത്താനായില്ല. പിന്നീട് വനംവകുപ്പ് ഫ്ളൈയിംഗ് സ്ക്വാഡും വേളൂര്‍, പെരിങ്ങാശേരി സെക്ഷന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരും കരിമണ്ണൂര്‍ പോലീസും ദുരന്തനിവാരണ സേനയും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കാട്ടുപോത്ത് കാണാമറയത്തുതന്നെയായിരുന്നു.
ഉച്ചയ്ക്കു ശേഷം പെരിങ്ങാശേരി സെക്ഷന്‍ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ ചീനിക്കുഴി, മലയിഞ്ചി ഭാഗത്ത് കാട്ടുപോത്തിനെ കണ്ടെത്തി. രാത്രി വൈകിയും നാട്ടുകാര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിവരികയാണ്. കാട്ടുപോത്ത് മാറിമാറി സഞ്ചരിക്കുന്നതിനാല്‍ ജനങ്ങള്‍ അതീവ ഭീതിയിലാണ്. ജനവാസമേഖലയായതിനാല്‍ പ്രദേശവാസികളോട് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാത്രിയിലും നിരീക്ഷണം
ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ ഭീതി വിതയ്ക്കുന്ന കാട്ടുപോത്തിനെ കണ്ടെത്താനും തുരത്താനുമായി ആര്‍ആര്‍ടി സംഘത്തെ നിയോഗിച്ചതായി ജില്ലാ കളക്ടര്‍ ഡോ.ദിനേശന് ചെറുവാട്ട് പറഞ്ഞു. രാത്രിയും ആര്‍ആര്‍ടി സംഘവും വനപാലകരും സ്ഥലത്ത് നിരീക്ഷണം നടത്തി വരികയാണ്. ഡിഎഫ്ഒ ഇന്ന് സഥലത്തെത്താന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാട്ടുപോത്തിനെ വനമേഖലയിലേക്കു തുരത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തുടര്‍നടപടികള്‍ ഇന്നു തീരുമാനിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ഭീതി വിട്ടുമാറാതെ മുരളി
തൊടുപുഴ: കൈക്ക് പരിക്കേറ്റ് തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴും മുരളിയ്ക്ക് ഭീതി വിട്ടു മാറിയിട്ടില്ല. എന്താണ് സംഭവിക്കുന്നതന്നു പോലും മനസിലാകുന്നതിനു മുമ്പാണ് ഭീമാകാരനായ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.
മുരളിയുടെ ഇടത് കൈക്ക് സാരമായ പൊട്ടലുണ്ട്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് മുരളി ടാപ്പിംഗിനായി വീട്ടില്‍നിന്ന് സ്കൂട്ടറില്‍ പോകുന്നത്. മഞ്ചിക്കല്ല് ഒലിവിരുപ്പ് കയറ്റം കയറുന്നതിനിടെയാണ് റോഡരികില്‍ ഭീമാകാരമായ രൂപം കാണുന്നത്.
രണ്ടു തിളങ്ങുന്ന കണ്ണുകളാണ് ആദ്യം കണ്ടത് . ഒന്നുകൂടി നോക്കുമ്പോഴാണ് ഭീമന് കാട്ടുപോത്ത്. ഒന്നു നിലവിളിക്കാന്‍പോലും സമയം കിട്ടുന്നതിനു മുന്‍പ് കാട്ടുപോത്ത് വെട്ടിത്തിരിഞ്ഞ് മുന്നോട്ടു കുതിച്ചു. പാഞ്ഞുവന്ന കാട്ടുപോത്ത് മുരളിയെ ഇടിച്ചുവീഴ്ത്തി. സ്കൂട്ടറില്‍നിന്ന് മുരളി തെറിച്ചുവീണു. അവശനായി നോക്കിനില്‍ക്കേ കാട്ടുപോത്ത് താഴേക്ക് ഓടിപ്പോയി. തൊട്ടുപിന്നാലെയുണ്ടായിരുന്ന ബന്ധു സാബുവിനു നേരേയും കാട്ടുപോത്ത് ആക്രമണത്തിനു മുതിര്‍ന്നു. കൊമ്പുതട്ടി സാബുവിന് മുറിവേറ്റു.
ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് മുരളി പറഞ്ഞു. ഇതിനു മുന്‍പ് ഒരിക്കല്‍പോലും ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ജനവാസ മേഖലയായ ഇവിടെ എങ്ങനെ കാട്ടുപോത്ത് എത്തിയെന്ന കാര്യം അറിയില്ല. നാളുകളായി ഇതു വഴിയാണ് റബര്‍ വെട്ടാന്‍ പകുന്നത്.
പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും കാട്ടുപോത്തിന് മുന്നില്പ്പെടുമെന്ന് കരുതിയിരുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു. വരവുകണ്ടപ്പോള്‍ ഭയന്നുപോയി. ജീവന് തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസമാണ് ഇപ്പാഴുള്ളതെന്ന് മുരളി പറഞ്ഞു.
ജനങ്ങളുടെ ആശങ്കയകറ്റണം
തൊടുപുഴ: ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ മഞ്ചിക്കല്ലില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ കാട്ടുപോത്ത് ആക്രമണത്തെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ആശങ്ക പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷ് ആവശ്യപ്പെട്ടു.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ആക്രമിച്ച കാട്ടുപോത്തിനെ ആദ്യം കണ്ടെത്താനായിട്ടില്ല. പിന്നീട് നാട്ടുകാര്‍ ഉള്‍പ്പെടെ നടത്തിയ തെരച്ചിലിലാണ് ഇതിനെ കണ്ടെത്തിയത്. കാര്‍ഷിക മേഖലയായ ഈ പ്രദേശത്ത് അര്‍ധരാത്രിയിലും പുലര്‍ച്ചെയും റബര്‍ ടാപ്പിംഗ് നടത്തിയാണ് പല കുടുംബങ്ങളും കഴിയുന്നത്. ഭയം മൂലം പുറത്തിറങ്ങാന്‍ കഴിയാതെ ഈ തൊഴില്‍ മുടങ്ങി പ്രദേശവാസികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാകുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.
കാല്‍പ്പാടുകള്‍ പരിശോധിച്ചതിനു ശേഷം ആക്രമിച്ച് നാട്ടിലുള്ള പോത്താണെന്ന് ചില വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത് നാട്ടുകാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയിലൂടെ പോത്തിനെ കണ്ടെത്തി ജനവാസമേഖലയില്‍നിന്ന് മാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കുകയും പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും നഷ്ടപരിഹാരവും ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജാഗ്രത പാലിക്കണം: പഞ്ചായത്ത്
ഉടുമ്പന്നൂര്‍: ഇടമറുക്, കാരിക്കാപ്പിള്ളി, വാളത്തിപ്പാറ, കൊക്കരണി എന്നീ ഭാഗങ്ങളില്‍ കാട്ടുപോത്തിനെ കണ്ടതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ആര്‍ആര്‍ടി ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ പ്രദേശത്തുണ്ട്.
നിലവില്‍ വെടിവയ്ക്കാനുള്ള ഉത്തരവ് ലഭ്യമാകാത്തതിനാല്‍ ജനങ്ങളെ അപകടത്തെക്കുറിച്ച് ബോധവത്കരിച്ചുള്ള മൈക്ക് അനൗണ്‍സ്മെന്റ് ഈ പ്രദേശങ്ങളിലൂടെ നടത്തുന്നുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടിനു പുറത്തിറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചു.
അടിയന്തരസഹായം നല്‍കണം: മനോജ് കോക്കാട്ട്
ഉടുമ്പന്നൂര്‍: ഒലിവിരിപ്പ് ഭാഗത്ത് കാട്ടുപോത്ത് അക്രമണത്തില്‍ നാട്ടുകാരായ മൂന്നു പേര്‍ക്കു പരിക്കേറ്റ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട് ഡിഎഫ്ഒയ്ക്ക് കത്ത് നല്കി. പരിക്കേറ്റവര്‍ക്കു ന്യായമായ നഷ്ടപരിഹാരം നല്‍കണം. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തു. പഞ്ചായത്തംഗം ബിജോ ജേക്കബും ഒപ്പമുണ്ടായിരുന്നു.
International
ദെയ്ർ അൽ ബലാഹ്: ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗാസയിൽ 13 പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽനിന്നു ഭീകരർ മിസൈൽ തൊടുത്തുവിട്ടതിന്റെ പ്രതികരണമാണ് നപടിയെന്ന് ഇസ്രേലി സൈന്യം അറിയിച്ചു.
ഹമാസ് തട്ടിക്കൊണ്ടുപോയ അവസാനത്തെ ബന്ദിയുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
സമാധാനപദ്ധതിയുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേതൃത്വം നൽകുന്ന ബോർഡ് ഓഫ് പീസ് അടുത്ത വാരം പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
Kerala
കൊച്ചി: കോതമംഗലം കോട്ടപ്പടി വാവേലിയിൽ വീടിനു നേരെ കാട്ടാനയാക്രമണം. വാവേലി സ്വദേശി കുളപ്പുറം അനീഷിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനാലകൾ ആനയുടെ കുത്തേറ്റ് തകർന്നു.
ഇന്നു പുലർച്ചയോടെ മൂന്നോടെയാണ് ആറ് ആനകൾ കൂട്ടത്തോടെ വാവേലിയിലെ ജനവാസ മേഖലയിൽ എത്തിയത്. അതിൽ ഒരാനയാണ് അനീഷിന്റെ വീടിന്റെ ജനൽ ചില്ലുകൾ തകർത്തത്. അനീഷിന്റെ മാതാവ് ഓമന മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരുടെ കൃഷിയിടവും ആനക്കൂട്ടം നശിപ്പിച്ചു.
കാട്ടാനശല്യത്തിനെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ട്രഞ്ച് നിർമിക്കാനുള്ള അനുമതി നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Kerala
മംഗലംഡാം: കുഞ്ചിയാർപ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിയുവതി മല്ലിക (35)യ്ക്കു സാരമായ പരിക്കേറ്റു. കുഞ്ചിയാർപതി പപ്പടപ്പാറ വനമേഖലയിലാണ് ഇന്നലെ വൈകുന്നേരം കാട്ടാന ആക്രമണമുണ്ടായത്.
വനത്തിനുസമീപം ഫയർലൈൻ പണി നടത്തുന്നതിനിടെ മല്ലികയുടെ നേരേ ഒറ്റയാൻ പാഞ്ഞടുക്കുകയായിരുന്നു. തുമ്പിക്കൈകൊണ്ട് അടിയേറ്റ മല്ലിക സമീപത്തെ കുഴിയിലേക്കു വീണു. ഇതോടെ ആന പിന്തിരിയുകയായിരുന്നു. പരിക്കേറ്റ മല്ലികയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറുമാസംമുമ്പും ഈ മേഖലയിൽ കാട്ടാന ആക്രമണത്തിൽ ഇതരസംസ്ഥാനതൊഴിലാളികളായ മൂന്നുപേർക്കു പരിക്കേറ്റിരുന്നു.
ഇതിനിടെ കിഴക്കഞ്ചേരി പനംകുറ്റി പോത്തുചാടി ഭാഗത്തും കാട്ടാനയിറങ്ങി. പ്രദേശത്തെ പൈനാപ്പിൾ തോട്ടങ്ങൾ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
Kerala
കൊച്ചി: മട്ടാഞ്ചേരിയില്‍ തെരുവുനായയുടെ കടിയേറ്റ് വിദ്യാര്‍ഥിനിക്ക് പരിക്ക്. സ്കൂളിലേക്ക് പോവുകയായിരുന്ന ഹന ഫാത്തിമ എന്ന 16കാരിയെയാണ് തെരുവുനായ കടിച്ചത്. മട്ടാഞ്ചേരി ജെയ്ന്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം.
പെണ്‍കുട്ടിയുടെ കൈയിലും കാലിലും കടിയേറ്റു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പെണ്‍കുട്ടിക്ക് വാക്സിന് എടുത്തു. മട്ടാഞ്ചേരിയില്‍ തെരുവുനായ ശല്യം രൂക്ഷമാണ് എന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.
Kerala
കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ തെങ്ങുകയറ്റ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ബാലുശരി ഉണ്ണികുളം നെരോത്ത് കൊന്നക്കല്‍ ഭാഗത്ത് പണ്ടാരപ്പറമ്പില്‍ പി.പി മോഹനനാണ് (54) പരിക്കേറ്റത്.
മങ്ങാട് നെരോത്ത് തൊളോത്ത് ഭാഗത്ത് പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു മോഹനന്. പെട്ടെന്ന് പാഞ്ഞടുത്ത കാട്ടുപന്നി ഇദ്ദേഹത്തെ തേറ്റകൊണ്ട് ശരീരമാസകലം കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു.
International
ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വെനസ്വേലയിൽ അമേരിക്ക നടത്തിയ ആക്രമണത്തിന്റെയും നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദികളാക്കിയ സംഭവത്തിന്റെയും പശ്ചാച്ചത്തലത്തിലാണ് ഇന്ത്യയുടെ ഇടപെടൽ.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വെനസ്വേലയിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. വെനസ്വേലയിൽ പ്രതിഷേധങ്ങളും സംഘർഷങ്ങളും തുടരുന്ന സാഹചര്യത്തിലാണ് നടപടി.
വെനസ്വേലയിലുള്ള ഇന്ത്യക്കാരോട് താമസസ്ഥലത്ത് തന്നെ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കാരക്കാസിലെ ഇന്ത്യൻ എംബസിയുമായി ആശയവിനിമയം നടത്താനും അടിയന്തര സാഹചര്യമുണ്ടായാൽ എംബസിയുടെ സഹായം തേടാനും നിർദേശമുണ്ട്.
Kerala
മലപ്പുറം: ചങ്ങരംകുളത്ത് യുവാവിനെ ആക്രമിച്ച് ബൈക്കും പണവും മൊബൈല്‍ ഫോണും കവര്‍ന്നു. പാൽവിതരണക്കാരൻ ആയ മാങ്കുളം സ്വദേശി കബീറിനെ ആക്രമിച്ചായിരുന്നു കവർച്ച.
രണ്ട് ബൈക്കുകളിലെത്തിയ മൂന്നംഗ സംഘമാണ് കവർച്ച നടത്തിയത്. പോലീസ് ആണെന്ന് പറഞ്ഞാണ് മൂന്നംഗ സംഘം കബീറിനെ തടഞ്ഞത്. പിന്നീട് ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നു.
20,000 രൂപയും മൊബൈൽ ഫോണും സ്കൂട്ടിയും സംഘം കവർന്നു. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ഗൂഡല്ലൂർ: ഊട്ടിക്കടുത്തുള്ള മസിനഗുഡിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മണിയാണ് (50) മരിച്ചത്. ഇന്നലെ രാവിലെ 5.45നാണ് സംഭവം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഊട്ടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
നീലഗിരി ജില്ലയിലെ മുതുമല ടൈഗർ റിസർവിന്റെ പുറത്ത് വനമേഖലയിലാണ് മണി എന്ന മണികണ്ഠൻ കുടുംബത്തോടൊപ്പം താമസിക്കുന്നത്. ദിവസവേതന തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു.
വീട്ടിൽനിന്നു മസിനഗുഡിയിലെ ചായക്കടയിലേക്ക് പോയതായിരുന്നു. ആ സമയത്ത് കാട്ടിൽനിന്ന് പുറത്തുവന്ന് റോഡിൽ അലഞ്ഞുനടന്ന കാട്ടാന മണിയെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മണി മരിച്ചു.
പ്രദേശവാസികൾ ഉടൻതന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനയെ തുരത്തി. മരിച്ചയാളുടെ കുടുംബത്തിന് സർക്കാരിൽനിന്നുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികളും വനംവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഭാര്യ: പാർവതി. രണ്ടു മക്കളുണ്ട്.
National
ഇൻഡോർ: കർഷകനെ ആക്രമിച്ച് 25 ലക്ഷം രൂപ കവർന്നു. മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലാണ് സംഭവം. മൂന്ന് അക്രമികൾ ചേർന്ന് ഒരു കർഷകന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കൈയിൽ ഉണ്ടായിരുന്ന 25 ലക്ഷം രൂപയുടെ ബാഗ് കവർന്നെടുക്കുകയായിരുന്നു.
തമോയ ചാക്ക് ഗ്രാമത്തിലെ 47കാരനായ കർഷകൻ ലഖ്വിന്ദർ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുമ്പോൾ ചൊവ്വാഴ്ചയാണ് സംഭവം. ബന്ധുവിന്റെ കൈയിൽനിന്നു കടം വാങ്ങിയിരുന്ന പണം തിരികനൽകാൻ വീട്ടിൽനിന്ന് അശോക് നഗറിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.
വഴിയിൽ തടഞ്ഞ് മുളക് പൊടി എറിഞ്ഞ് അക്രമികൾ ബാഗ് തട്ടിയെടുത്തെന്നാണ് പരാതി. അലറിക്കരഞ്ഞ ഇദ്ദേഹത്തെ ഗ്രാമീണരാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ഥലം പരിശോധിച്ചതായും പ്രതികൾക്കായി തെരച്ചിൽ നടത്തിവരികയാണെന്നും സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ് വിവേക് ശർമ പറഞ്ഞു. ആഴ്ചകൾക്കു മുന്‍പ് സദോരയിൽ മറ്റൊരു കർഷകനെ ആക്രമിച്ച് മാസ്ക് ധാരികൾ 20 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.
Kerala
കൊല്ലം: പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ മദ്യപന്റെ അതിക്രമം. മദ്യലഹരിയിൽ പ്രതിമയ്ക്ക് മുകളിൽ കയറിയ മദ്യപൻ ഗാന്ധി പ്രതിമയ്ക്ക് നേരെ അസഭ്യവർഷം നടത്തി. പ്രദേശവാസിയായ ഹരിലാലാണ് അതിക്രമം നടത്തിയത്.
കൂടാതെ, ഗാന്ധി പ്രതിമയുടെ മുഖത്തും ഇയാൾ അടിച്ചു. സമീപത്തെ കടകളിലും ഇയാൾ അതിക്രമം നടത്തിയെന്നാണ് പരാതി. ഇയാൾ സ്ഥിരം പ്രശ്നക്കാരനാണെന്ന് നാട്ടുകാർ ആരോപിക്കുന്നത്. പുനലൂർ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.
District News
കയ്പമംഗലം: ശ്രീനാരായണപുരം പത്താഴക്കാട് ലഹരി ഉപയോഗം ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ ആക്രമിക്കുകയും, വാഹനം അടിച്ചു തകർക്കുകയും ചെയ്തതായി പരാതി. സിപിഐ പതിയാശേരി ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി പത്താഴക്കാട് സ്വദേശി കളപ്പുരക്കൽ സബീറിനെയാണ് ആക്രമിച്ചത്.
എട്ടു മാസങ്ങൾ മുൻപ് പത്താഴക്കാട് ഭാഗത്ത് കഞ്ചാവും എംഡിഎംഎയും ഉപയോഗിക്കുന്നത് വീട്ടുകാരെ വിളിച്ചു വരുത്തി അറിയിച്ചതിന്റെ വൈരാഗ്യത്തിലാണ് അതിക്രമമെന്നു പറയുന്നു. ക്രിസ്മസ് ദിവസം പുലർച്ചെ കരോൾ സംഘമെന്ന വ്യാജേന വീട്ടിലെത്തിയ സംഘം ബൊലോറോയുടെ ഗ്ലാസ് അടിച്ചു തകർക്കുകയും വീടിന്റെ പുറത്തുണ്ടായിരുന്ന പെയിന്റ് പാത്രങ്ങൾ ഉൾപ്പെടെയുള്ളവ വലിച്ചെറിയുകയും ചെയ്തു.
കഴിഞ്ഞ ദിവസം വീണ്ടും പ്രകോപനം ഉണ്ടാക്കി പട്ടിക ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നു സബീർ പറഞ്ഞു. പരിക്കേറ്റ ഇയാളെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രതികൾക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും സിപിഐ ആവശ്യപ്പെട്ടു.
International
ധാക്ക: ബംഗ്ലാദേശിൽ പ്രശസ്ത ഗായകൻ ജെയിംസിന്റെ സംഗീത പരിപാടി നടക്കാനിരുന്ന വേദിക്ക് നേരെ അക്രമം. ഫരീദ്പുരിലെ ഒരു സ്കൂളിലെ വാർഷികവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രി ഒൻപതിനായിരുന്നു സംഗീത പരിപാടി നിശ്ചയിച്ചിരുന്നത്.
എന്നാൽ, പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുൻപ് ഒരു സംഘമാളുകൾ എത്തുകയും വേദിയിലേക്കും കാണികളുടെ നേർക്കും കല്ലുകളും ഇഷ്ടികകളും വലിച്ചെറിയുകയുമായിരുന്നു. ഇതിനു പിന്നാലെ പരിപാടി റദ്ദാക്കി.
അക്രമത്തിൽ ഒട്ടേറെയാളുകൾക്ക് പരിക്കേറ്റു. സ്കൂളിലെ നിരവധി വിദ്യാർഥികൾക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ജെയിംസിനെ കനത്ത സുരക്ഷയോടെ പുറത്തേക്ക് കൊണ്ടുപോയി. അദ്ദേഹത്തിനോ സംഘാംഗങ്ങൾക്കോ പരിക്കില്ലെന്നാണ് വിവരം.
National
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണത്തിൽ ശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി ഇന്ത്യ.
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമങ്ങള്‍ അതീവ ഗൗരവതരമായ വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
‘ബംഗ്ലാദേശിലെ ഹിന്ദുക്കള്‍, ക്രൈ സ്തവർ, ബുദ്ധമതക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിരന്തരമായ ശത്രുത ഗുരുതരമായ ആശങ്കാജനകമാണ്.
കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നാണു പ്രതീക്ഷ യെന്നും ജയ്സ്വാൾ പ റഞ്ഞു.
International
ടോക്കിയോ: ജപ്പാനിലെ മിഷിമയിൽ റബർ ഫാക്ടറിയിൽ കത്തിയാക്രമണം. 14 പേർക്ക് കത്തിയാക്രമണത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇന്ന് വൈകുന്നേരം പ്രാദേശിക സമയം നാലിനാണ് സംഭവം. കത്തിയുമായെത്തിയ അക്രമി ഫാക്ടറിയിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. കത്തിയാക്രമണത്തിന് പുറമെ ഇയാൾ വിഷവാതകവും
സ്പ്രേ ചെയ്തിരുന്നു.
അക്രമിയെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണെന്നും ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Kerala
കല്‍പ്പറ്റ: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി മധ്യവയസ്ക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്നാണ് സംശയം. വനമേഖലയ്ക്കരികിലെ റോഡിലാണ് മൃതദേഹം കണ്ടത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
International
സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ 16 പേരെ കൂട്ടക്കൊല ചെയ്ത അക്രമികളിൽ ഒരാളായ സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ. ഇതോടെ സാജിദ് അക്രമിന്റെ മൃതദേഹം സർക്കാർ സംസ്കരിക്കേണ്ടിവരുമെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സാജിദ് അക്രമും മകൻ നവീദ് അക്രമുമാണ് സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ഡിസംബർ 14ന് വെടിവയ്പ് നടത്തിയത്. പോലീസിന്റെ പ്രത്യാക്രമണത്തിൽ സാജിദ് അക്രം കൊല്ലപ്പെടുകയും നവീദ് അക്രമിന് ഗുരുതര പരിക്കേൽക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസമാണ് നവീദ് അക്രം കോമയിൽ നിന്ന് ഉണർന്നത്. ഇയാൾക്കെതിരെ 59 വകുപ്പുകളാണ് ചുമത്തിയത്.
ജെർവിസ് ബേയിലേക്ക് വാരാന്ത്യ ട്രിപ്പ് പോവുകയാണെന്നാണ് അച്ഛനും മകനും കൂട്ടക്കൊലയ്ക്ക് പുറപ്പെടുന്നതിനു മുൻപ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നത്.
Kerala
കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി വയോധികന് ദാരുണാന്ത്യം. പുല്‍പ്പള്ളി വണ്ടിക്കടവ് ദേവര്ഗദ കാട്ടുനായ്ക്ക ഉന്നതിയിലെ കൂമന് എന്ന മാരൻ (60) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. സഹോദരിയോടൊപ്പം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ മാരനെ കടുവ ആക്രമിക്കുകയായിരുന്നു. മാരനെ കടുവ ഉൾ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെന്ന് പ്രദേശവാസികൾ പറയുന്നു. സഹോദരി ഓടി രക്ഷപ്പെടുകയായിരുന്നു
മാരന്റെ മൃതദേഹം വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് വന്‍ പ്രതിഷേധം നടക്കുകയാണ്. മൃതദേഹം സ്ഥലത്തുനിന്ന് നീക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
ജനവാസ മേഖലയിൽ കടുവ സ്ഥിരം സാന്നിധ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പ് മതിയായ ജാഗ്രത സ്വീകരിച്ചില്ലെന്നും കുറച്ചുദിവസം മുൻപ് പ്രദേശത്ത് കടുവ പോത്തിനെ ആക്രമിച്ചിരുന്നു എന്നും നാട്ടുകാർ പറയുന്നു.
International
കീവ്: റഷ്യയുടെ കപ്പൽ വ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്ൻ. മെഡിറ്ററേനിയൻ കടലിൽ ഇത്തരത്തിലുള്ള ആദ്യത്തെ ആക്രമണം ആയാണ് ടാങ്കർ കപ്പൽ വ്യൂഹത്തിനെതിരായ ആക്രമണത്തെ യുക്രൈൻ നിരീക്ഷിക്കുന്നത്.
യുക്രെയ്ൻ അതിർത്തിയിൽ നിന്ന് 2000 കിലോ മീറ്റർ അകെല വച്ചാണ് ആക്രമണം നടന്നത്. നാല് വർഷം മുൻപ് റഷ്യ യുക്രെയ്ൻ അധിനിവേശം പൂർണ തോതിൽ ആരംഭിച്ചതിന് പിന്നാലെ മെഡിറ്ററേനിയൻ കടലിൽ നടന്ന ആദ്യ ആക്രമണം ആയാണ് വെള്ളിയാഴ്ചത്തെ ആക്രമണത്തെ വിലയിരുത്തുന്നത്.
ലിബിയയുടെ തീരത്തിന് സമീപത്ത് വച്ചായിരുന്നു ഡ്രോൺ ആക്രമണം. ആക്രമണം ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉപരോധങ്ങളെ മറികടക്കാൻ ഈ കപ്പൽ വ്യൂഹത്തെ വ്യാപകമായി ഉപയോഗിക്കുന്നതായി ആരോപണം ശക്തമാവുന്നതിനിടയിലാണ് യുക്രെയ്ന്റെ ഡ്രോൺ ആക്രമണം.
Kerala
തൃശൂർ: അങ്കണവാടിയിൽ കടന്നൽ കുത്തേറ്റ് നിരവധിപേർക്ക് പരിക്ക്. വടക്കാഞ്ചേരി പുതുരുത്തി മഹിളാ സമാജം 166 -ാം നമ്പർ അംഗനവാടിയിൽ ഇന്ന് ഉച്ചയ്ക്ക് 12:30 യോടെയാണ് സംഭവം.
സംഭവത്തിൽ കുട്ടികൾക്കും അങ്കണവാടി ഹെൽപ്പർക്കും നാട്ടുകാർക്കും ഉൾപ്പടെ എട്ട് പേർക്ക് കടന്നൽ കുത്തേറ്റു.
കടന്നൽ കുത്തേറ്റ അഞ്ച് കുട്ടികൾ, അങ്കണവാടി ഹെൽപ്പർ പുതുരുത്തി സ്വദേശിനി പാമ്പും കാവിൽ വീട്ടിൽ ശോഭന(56), പ്രദേശവാസികളായ ആശാവർക്കർ ബോബി വർഗീസ് (55) , ജോസ് ചിരിയങ്കണ്ടത്ത് (70) എന്നിവരെ നാട്ടുകാർ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവസമയം ഏഴ് കുട്ടികളാണ് അങ്കണവാടിയിൽ ഉണ്ടായിരുന്നത്. ഇവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഓടിയ കുട്ടികളെ പൊതിഞ്ഞു പിടിച്ച് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹെൽപ്പർ ശോഭനയെ കടന്നലുകൾ കൂട്ടത്തോടെ ആക്രമിച്ചു. റോഡിലേക്ക് ഓടിയിറങ്ങിയ ഇവർ സമീപത്തെ കാനയിൽ വീണു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരിൽ ചിലർക്കും കടന്നൽ കുത്തേറ്റു.
Kerala
ആലപ്പുഴ: ആലപ്പുഴയിൽ നീലംപേരൂർ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥിക്കു നേരെയുണ്ടായ ആക്രമണത്തിൽ ആറു ബിജെപി പ്രവർത്തകർക്കെതിരെ കേസ്. കൈനടി പോലീസ് ആണ് കൊലപാതകശ്രമത്തിന് കേസെടുത്തത്.
ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയായ രാംജിത്തിനു നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ രാംജിത്ത് ആശുപത്രിയിലാണ്. സംഭവത്തിൽ ബിജെപി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
നീലംപേരൂർ പഞ്ചായത്ത് എൽഡിഎഫിൽനിന്നു ബിജെപി പിടിച്ചെടുത്തിരുന്നു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്റെ അപ്പീൽ നടപടികൾ തുടങ്ങി. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്.
കേസിലെ അപ്പീൽ സാധ്യതകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ തയറാക്കി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് ഇന്ന് റിപ്പോർട്ട് കൈമാറും. വിചാരണക്കോടതി ഉത്തരവ് പരിഗണിച്ച് അപ്പീൽ തയാറാക്കുന്ന നടപടികളും തുടങ്ങി. ഈയാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം.
കേസില്‍ വിധി പ്രസ്താവിക്കുന്നതിന് മുന്‍പ് വിധിയുടെ വിശദാംശങ്ങള്‍ ചോര്‍ന്നെന്ന ഊമ കത്തിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഡിജിപിയെ വിവരം ധരിപ്പിച്ചിട്ടുണ്ട്. നേരത്തെ ഈ കത്ത് കിട്ടിയതില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു.
എന്നാല്‍ അതില്‍ അഭിഭാഷക അസോസിയേഷനുള്ളില്‍ തന്നെ ഭിന്നാഭിപ്രായമുയര്‍ന്നിരുന്നു. കേസില്‍ ഒന്ന് മുതല്‍ ആറ് വരെ പ്രതികളെ ശിക്ഷിക്കുമെന്നും മറ്റുള്ളവരെ വെറുതെവിടുമെന്നും വിധി എഴുതിയ ശേഷം ദിലീപിന്റെ അടുത്ത സുഹൃത്തിന് കാണിച്ചു എന്നുമെല്ലാമായിരുന്നു ആരോപണം.
ദീലിപിന്റെ ക്വട്ടേഷനെന്ന വാദം സ്ഥാപിക്കാൻ പ്രോസിക്യൂഷന് ഒരു ഘട്ടത്തിലും കഴിഞ്ഞില്ലെന്നാണ് വിധിന്യായത്തില്‍ ചൂണ്ടാക്കാട്ടുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി നഗ്ന ദൃശ്യങ്ങൾ പകർത്തി ബ്ലാക് മെയിൽ ചെയ്ത് പണം കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് ആദ്യ ഘട്ട കുറ്റപത്രത്തിലുള്ളത്.
National
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ടിആർഎഫ്, ലഷ്കറെ ത്വയ്ബ സംഘടനകളുടെ പേരുകൾ കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ടെന്നാണ് സൂചന.
350 പ്രദേശവാസികളെ ഉൾപ്പെടെ രണ്ടായിരത്തോളം പേരെ എൻഐഎ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളും തെളിവുകളോടൊപ്പം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അറസ്റ്റിലായ പർവേസ് അഹമദും,ബഷീർ അഹമ്മദും ആക്രമണം നടത്തിയ ഭീകരരെ കുറിച്ച് ചോദ്യം ചെയ്യലിൽ വിശദാംശങ്ങൾ നൽകിയെന്ന് എൻഐഎ വ്യക്തമാക്കി.
ഓപ്പറേഷൻ മഹാദേവിൽ വധിച്ച മൂന്ന് ഭീകരരുടെ പേരുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പഹൽഗാം ഭീകരാക്രമണം നടന്ന് ഏഴു മാസങ്ങൾക്ക് ശേഷമാണ് എൻഐഎ കുറ്റപത്രം സമർപ്പിക്കുന്നത്. സാജിദ് ജാട്ടാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ എന്ന് കുറ്റപത്രത്തില്‍ പറയുന്നു.
Kerala
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ അന്വേഷണം ആവശ്യപ്പെട്ട് നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ. അതീജീവിതയും മഞ്ജുവാര്യരും കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപും പറഞ്ഞത് സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ്. അതു കൃത്യമായി കണ്ടെത്തേണ്ടത് ആവശ്യമാണെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ വേദിയിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു. അവർ മൂന്നു പേരും മാത്രമല്ല കേസിലെ ഒന്നാം പ്രതിയും ഇതൊരു ക്വട്ടേഷനാണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ക്വട്ടേഷനാണെങ്കിൽ അതിലൊരു ഗൂഢാലോചനയുണ്ടാകുമല്ലോ.
പൊതുസമൂഹവും കേസിൽ ഒരു ഗൂഢാലോചനയുണ്ടെന്ന് വിശ്വസിക്കുന്നുണ്ട്. അപ്പോൾ അത് തീർച്ചയായും അന്വേഷിക്കണം. അക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകണം. അത് നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം വർധിപ്പിക്കുകയേയുള്ളൂവെന്നും പ്രേംകുമാർ പറഞ്ഞു.
Kerala
ആലപ്പുഴ: ആറാട്ടുപുഴയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് ശശിഭവനം വീട്ടിൽ കനകമ്മ (79) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് പശുവിനു തീറ്റ നൽകികൊണ്ടിരിക്കുമ്പോൾ വീടിനു സമീപം ഉണ്ടായിരുന്ന കടന്നൽ കൂട്ടം ആക്രമിക്കുകയായിരുന്നു. അവശ നിലയിലായ കനകമ്മയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് കനകമ്മ മരിച്ചത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ പ്രതികരിച്ച് തൃക്കാക്കര എംഎൽഎ ഉമ തോമസ്. ശിക്ഷാവിധിയിൽ അസംതൃപ്തിയെന്നും പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും ഉമ തോമസ് പറഞ്ഞു. ഇരയ്ക്ക് നീതി കിട്ടിയില്ലെന്നും ഉമ തോമസ് പ്രതികരിച്ചു.
അതിജീവിതയുടെ പോരാട്ടത്തിനുള്ള മറുപടിയല്ല ഈ ശിക്ഷാവിധി. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെങ്കിൽ സർക്കാറിന് വീഴ്ച സംഭവിച്ചുവെന്നാണെന്നും ഉമ തോമസ് പറഞ്ഞു. നീതി കിട്ടുമോ എന്ന സംശയം അതിജീവിത പങ്കുവെച്ചിരുന്നുവെന്നും തൃക്കാക്കര എംഎൽഎ പറഞ്ഞു.
കോളിളക്കം സൃഷ്ടിച്ച ഇത്തരം കേസിൽ വിധി പ്രസ്താവിക്കുമ്പോൾ സമൂഹത്തിന് സന്ദേശം നൽകാമായിരുന്നു. പ്ലാൻ ചെയ്ത് നടപ്പാക്കിയ ക്രിമിനൽ ഗൂഢാലോചനയാണ് നടന്നത്, അതിൽ സംശയമില്ലെന്നും ഉമ തോമസ് പറഞ്ഞു.
ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികൾക്ക് കൊടുത്തത്. ജീവപര്യന്തമെങ്കിലും നൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇത്രയും നാൾ ഒരു കുട്ടി വഴിയിൽ അപമാനിക്കപ്പെട്ടിട്ടും, പോരാടിയിട്ടും അതിനുള്ള മറുപടിപോലും കിട്ടിയില്ല. എട്ടു വർഷമായി ആ പെൺകുഞ്ഞ് സഹിക്കുന്ന ദുഃഖത്തിനുള്ള നീതിപോലും ലഭിച്ചില്ലെന്നും ഉമ തോമസ് വ്യക്തമാക്കി.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാർവതി പ്രതികരിച്ചത്.
“പരമാവധി കുറഞ്ഞ ശിക്ഷ, കുറ്റവാളികള്‍ക്ക് പരമാവധി പരിഗണന. ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഇവിടെ ഇടമില്ല. ശരി, മനസിലായിരിക്കുന്നു”, പാര്‍വതി കുറിച്ചു. ശിക്ഷാവിധി സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ പങ്കുവച്ചുകൊണ്ട് അതിനുള്ള പ്രതികരണങ്ങളും പാര്‍വതി ഇന്‍സ്റ്റഗ്രാം സ്റ്റോറികളായി നല്‍കിയിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി പ്രായമായ തന്റെ അമ്മയെ സംരക്ഷിക്കാന്‍ മറ്റാരുമില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തയുടെ സോഷ്യല്‍ മീഡിയ കാര്‍ഡ് പങ്കുവച്ചുകൊണ്ട് പാര്‍വതിയുടെ പ്രതികരണം ഇങ്ങനെ- “എന്ത് ചെയ്തിട്ടാണ് അയാള്‍ സ്വന്തം അമ്മയെ സഹായിച്ചത്? ഓ മനസിലായി. കരുണ”.
മൂന്നാം പ്രതി മണികണ്ഠന് കോടതിയോട് പറഞ്ഞ കാര്യം സംബന്ധിച്ച വാര്‍ത്തയാണ് പാര്‍വതി പങ്കുവച്ചിരിക്കുന്ന മറ്റൊന്ന്. ഒരു ഗൂഢാലോചനയിലും തനിക്ക് പങ്കില്ലെന്ന മണികണ്ഠന്റെ വാക്കുകളാണ് അത്. ഭാര്യയും രണ്ട് മക്കളും തന്നെ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും മണികണ്ഠന് കോടതിയില്‍ പറഞ്ഞിരുന്നു.
അതിനോടുള്ള പാര്‍വതിയുടെ പ്രതികരണം ഇങ്ങനെ- “പക്ഷേ ഈ കേസില്‍ കോടതിയുടെ കണ്ണില്‍ ഗൂഢാലോചന എന്നൊന്ന് ഉണ്ടായിരുന്നില്ലല്ലോ. ഗൂഢാലോചന നടത്തിയവര്‍ക്ക് എന്തെങ്കിലും ശിക്ഷ കിട്ടുന്നത് നമ്മള് കണ്ടോ? ഇവിടെയും ഭാര്യയും മക്കളും തന്നെ”.
"കുറ്റവാളികള്‍ അഭ്യര്‍ഥിക്കുമ്പോള്‍ ശിക്ഷ കുറയാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഇതാണ് നമ്മുടെ കേരളത്തില്‍ നടക്കുന്നത്. നിശബ്ദരായിരിക്കുന്നവരുണ്ട്. ഈ വേളയില്‍ ആഘോഷിക്കുന്നവരെ ശ്രദ്ധിക്കുക. അവരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുക. അവര്‍ക്ക് എന്ത് തോന്നിയാലും അത് ചെയ്യാനുള്ള ഇന്ധനം ലഭിച്ചുവെന്ന് മനസിലാക്കുക. ആദ്യം നാം അതിക്രമങ്ങളെ അതിജീവിക്കണം. പിന്നീട് നിയമത്തെയും.'- പാര്‍വതി പറഞ്ഞു.