ചെന്നൈ: തമിഴ്നാട്ടിലെ പെരമ്പലൂർ ജില്ലയിൽ തടവുകാരനെ കൊണ്ടുപോകുന്നതിനിടെ പോലീസ് സംഘത്തിന് നേരെ ബോംബേറ്. സംഭവത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നാടൻ ബോംബ് ആണ് എറിഞ്ഞത്.
നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി മധുര സ്വദേശി വെള്ളൈ കാളിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒമ്പത് കൊലക്കേസ് ഉൾപ്പടെ 30 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. നിലവിൽ മയക്കുമരുന്ന് കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് ഇയാളെ ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിലടച്ചിരുന്നു.
ജനുവരി 21 ന് വെള്ളൈ കാളിയെ പുതുക്കോട്ട കോടതിയിൽ ഹാജരാക്കിയതിന് ശേഷം ഡിണ്ടിഗൽ സബ് ജയിലിലേക്ക് മാറ്റി. മറ്റു കേസുകളുടെ വിചാരണയുടെ ഭാഗമായി ഇയാളെ ചെന്നൈയിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം നടന്നത്.
പെരമ്പലൂർ ജില്ലയിലെ ഒരു ഹോട്ടലിന് സമീപം ഉച്ചഭക്ഷണത്തിനായി അകമ്പടി വാഹനം നിർത്തിയപ്പോഴാണ് സംഭവം. രണ്ട് കാറുകളിലായി എത്തിയ അക്രമി സംഘം നാടൻ ബോംബ് എറിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ഇവർക്ക് നേരെ വെടിയുതിർത്തതോടെ ഇവർ മടങ്ങി. അതേസമയം, വെള്ളൈ കാളിക്ക് ആക്രമണത്തിൽ പരിക്കേറ്റില്ല.
ബോംബ് ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും അക്രമികളെ നേരിടുന്നതിനിടെ മറ്റൊരാൾക്കും പരിക്കേറ്റു. ഇരുവരും അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
സംഭവത്തിന് പിന്നാലെ ആക്രമി സംഘത്തിന് വേണ്ടി പോലീസ് വ്യാപക തിരച്ചിൽ നടത്തി. ആക്രമികൾ രക്ഷപെട്ട കാറുകളിൽ ഒന്ന് കടലൂർ ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ആക്രമികൾ ടോൾ ഗേറ്റ് തകർത്ത് കാറിൽ അമിതവേഗത്തിൽ പോകുന്നതിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി പോലീസ് അഞ്ച് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലായി അന്വേഷണം പുരോഗമിക്കുകയാണ്.
ആക്രമണത്തിന് പിന്നിൽ മുൻകാല വൈരാഗ്യമാണെന്ന് സംശയിക്കുന്നതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വി.കെ. ഗുരുസാമിയുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഇതിന് പിന്നിലെന്ന് ഞങ്ങൾ സംശയിക്കുന്നു. രണ്ട് സംഘങ്ങളും തമ്മിൽ വൈരാഗ്യമുണ്ട്. ഗുരുസാമി ഡിഎംകെ അംഗമാണെന്നും വെള്ളൈ കാളി എഐഎഡിഎംകെയുമായി അടുത്ത ബന്ധമുള്ളയാളാണെന്നും പോലീസ് അറിയിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമി ഡിഎംകെയെ രൂക്ഷമായി വിമർശിച്ചു. "കുറ്റവാളികള്‍ക്ക് പോലീസിനെയോ സര്‍ക്കാരിനെയോ ഭയമില്ല. പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതിന് മുഖ്യമന്ത്രിയെ ഞാന്‍ അപലപിക്കുന്നു'. -എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു.
സംഭവത്തോടെ ഡിഎംകെ ഇതുവരെ പ്രതികരിച്ചില്ല.
Tags : Country Bomb Attack Prison Convoy Tamil Nadu