Sports
ബ്രസീലിയ: ബ്രസീല്‍ ഫുട്ബോളര് നെയ്മര്‍, തന്റെ ക്ലബ്ബായ സാന്റോസിലെ ജഴ്സി അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കും മക്കള്‍ക്കും സമ്മാനിച്ചു.
സാന്റോസ് ക്ലബ്ബിലെ തന്റെ 10-ാം നമ്പര്‍ ജഴ്സിയാണ് മെസിക്കും മക്കള്‍ക്കും നെയ്മര്‍ സമ്മാനിച്ചത്. ബ്രസീല്‍ ഇതിഹാസം പെലെ സാന്റോസ് എഫ്സിയിലായിരുന്നപ്പോള് അണിഞ്ഞതും 10-ാം നമ്പര്‍ ജഴ്സിയായിരുന്നു.
അടുത്ത സുഹൃത്തുക്കളായ മെസിയും നെയ്മറും സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണ, ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് എന്നിവിടങ്ങളില്‍ ഒന്നിച്ചുണ്ടായിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ മഥുരയിൽ മൂന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കി. മനീഷ് കുമാർ (35), ഭാര്യ സീമ (32), ഇരുവരുടെയും മക്കൾ ഹണി (എട്ട്), പ്രിയാൻഷി (അഞ്ച്), പ്രതീക് (മൂന്ന്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മനീഷ് വൈദ്യുതാഘാതമേറ്റും സീമ തൂങ്ങിയും മക്കൾ ശ്വാസം മുട്ടിയുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മനീഷും കുടുംബവും വീടിന് പുറത്തിറങ്ങാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് അഞ്ചു പേരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹങ്ങൾക്കരികിൽ പാൽ ഗ്ലാസുകൾ കണ്ടെതിനാൽ വിഷം കലർത്തിയ പാൽ കുടിച്ചാണ് മരിച്ചതെന്നായിരുന്നു സംശയിച്ചത്. പന്നീട് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ നിന്നാണ് മരണകാരണം വ്യക്തമായത്.
അടുത്തിടെ 12 ലക്ഷം രൂപയ്ക്ക് കുറച്ച് സ്ഥലം വിറ്റതായും വാങ്ങിയ വ്യക്തിയെ ഒരു വിധത്തിലും കുറ്റപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ടുള്ള ഒരു ആത്മഹത്യാ കുറിപ്പും വീടിന്റെ ഭിത്തിയിൽ നിന്ന് പോലീസ് കണ്ടെടുത്തു.
District News
രാമങ്കരി: കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കേ ഛർദി, അതിസാരം എന്നിവയ്ക്ക് സമമായ ഷിഗല്ല രോഗം കുട്ടനാട്ടിൽ തലപൊക്കുന്നു. പണ്ട് വെള്ളപ്പൊക്ക കാലങ്ങളിൽ മാത്രമാണ് ഇത്തരം രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ നല്ല വേനൽക്കാലത്തും ഇത് പ്രകടമാകുന്നുവെന്നതാണ് സ്ഥിതി.
രണ്ടാഴ്ച മുന്‍പ് ചന്പക്കുളം പഞ്ചായത്ത് 11ാം വാർഡിലാണ് 11വയസ് പ്രായം വരുന്ന ഇരട്ടക്കുട്ടികൾക്കും, 5 വയസ് മാത്രം പ്രായം വരുന്ന ഇവരുടെ സഹോദരനും രോഗം സ്ഥിരീകരിച്ചത്.
ആദ്യം ചന്പക്കുളത്തെ ഗവ. ആശുപ്ത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ഭേദമാകാതെ വന്നതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപ്ത്രി ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെയോടെ എല്ലാവരും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി. ചന്പക്കുളത്തെ കുടുംബ വീട്ടിൽ നിന്നും കഴിഞ്ഞ 24ന് ഇവർ കാവാലത്തെ അമ്മവീട്ടിൽ പോകുകയും അവിടെ വച്ച് കുടിവെള്ള സംഭരണിയിലെ ജലം ഉപയോഗിച്ചതായും പറയുന്നു. 26ന് തിരികെ ഇവർ നാട്ടിലെത്തി. അടുത്ത ദിവസം ഇരട്ടക്കുട്ടികൾ സ്കൂളിലേക്ക് പോയെങ്കിലും തലവേദനയും ഛർദിയും മറ്റും അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. മോശമായ കുടിവെള്ളത്തിന്റെ ഉപയോഗമകാം രോഗം പിടിപെടാൻ കാരണമായതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
രോഗം സ്ഥിരികരിച്ചതിനെ തുടർന്ന് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചുവരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നല്കുന്ന സൂചന.
Kerala
വടകര: സഹോദരങ്ങളായ രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്തായ പൂജാരിയെ വടകര പോലീസ് ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തു.
കൊല്ലം കരുനാഗപ്പളളി കല്ലേരിഭാഗം സുകൃതത്തില്‍ സമ്പത്തിനെയാണ് (30) വടകര എസ്എച്ച്ഒ കെ. മുരളീധരന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
വിദേശത്തായിരുന്ന സ്ത്രീയുടെ മക്കളുടെ പരിപാലനചുമതല സമ്പത്തിനെ ഏല്‍പ്പിച്ചിരുന്നു.
ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്ന യുവതി ട്രെയിന്‍ യാത്രയ്ക്കിടയിലാണ് സമ്പത്തുമായി പരിചയപ്പെട്ടത്. തുടര്‍ന്നാണ് കുട്ടികളെ പരിപാലിക്കുന്നതിലേക്കെത്തിയത്. ശരീരം പൊള്ളിക്കുന്നതടക്കമുള്ള ക്രൂരമായ പീഡനങ്ങളാണ് ഇയാള്‍ നടത്തിയത്.
National
ബംഗുളൂരു: കർണാടകയിലെ ബാഗൽകോട്ടയിൽ മൂന്ന് മക്കളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം യുവതി ഡീസൽ കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.
സമൃദ്ധി (അഞ്ച്), പ്രീതം (നാല്), സുക്ഷിത് (രണ്ട്) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ രൂപ (27) എന്ന യുവതി ഗുരുതരാവസ്ഥയിൽ ബദൽകോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം നടക്കുമ്പോൾ രൂപയും കുട്ടികളും വീട്ടിൽ തനിച്ചായിരുന്നു. ഇന്നലെ രാവിലെ രൂപയുടെ ഭർത്താവ് ഹനുമന്ത്, മാതാവിനെ ക്ഷേത്രത്തിൽ കൊണ്ടാക്കിയിട്ട് ജോലിക്ക് പോയിരുന്നു. ഹനുമന്ത് ഉച്ചയ്ക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോഴേക്കും മൂന്ന് കുട്ടികളും മരിച്ചിരുന്നുവെന്നും രൂപയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രൂപയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം മൊഴി രേഖപ്പെടുത്തുമെന്ന് പോലിസ് പറഞ്ഞു.
ഹനുമന്തും രൂപയും വിവാഹിതരായിട്ട് എട്ട് വർഷമായി. ഹനുമന്തും മാതാവും രൂപയെ പീഡിപ്പിച്ചിരുന്നുവെന്നും കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും പോലീസ് പറഞ്ഞു.
Kerala
കൊച്ചി: സ്കൂള്‍ ഉച്ചഭക്ഷണം കുട്ടികളുടെ മൗലികാവകാശമാണെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന് ചെയര്‍പേഴ്സണ്‍ ഡോ. ജിനു സഖറിയ ഉമ്മന്‍.
ജില്ലയിലെ വിവിധ ഉപജില്ലകളിലെ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കി വരുന്ന വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകര്‍ക്കും ഉച്ച ഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപകര്‍ക്കും വേണ്ടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 സംബന്ധിച്ച ബോധവലത്കരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ശില്പശാലയില്, കമ്മീഷന് അധ്യാപകരോട് സംവദിക്കുകയും ഉച്ചഭക്ഷണ പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ തേടുകയും ചെയ്തു.
തൃക്കാക്കര മുനിസിപ്പല്‍ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അഡ്വ.കെ.എന്‍. സുഗതന് അധ്യക്ഷനായി. വി.രമേശന് ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
Kerala
തിരുവനന്തപുരം: കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. അരുവിക്കര പാണ്ടിയോട് മുത്തലത്ത് പുത്തൻ വീട്ടിൽ ബാദുഷയുടെ ഭാര്യ ഹസീന (40) ആണ് മരിച്ചത്. മക്കളായ ഷംന (16), റംസാന (ഏഴ്) എന്നിവർക്ക് പരിക്കേറ്റു.
പഴകുറ്റി പെട്രോൾ പമ്പിനു മുന്നിൽ ഞായറാഴ്ച വൈകിട്ട് ആയിരുന്നു അപകടം. മകൾ റംസാനയെ ഡോക്ടറെ കാണിച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. നന്ദിയോട് ഭാഗത്ത് നിന്ന് എത്തിയ കാർ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരുക്കേറ്റവരെ നാട്ടുകാർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഹസീനയുടെ ജീവൻ രക്ഷിക്കാനായില്ല. ആനാട് താഴേ പുനവക്കുന്ന് റോഡരികത്ത് വീട്ടിൽ വാടകയ്ക്കാണ് ഇവർ താമസിച്ചിരുന്നത്.
National
അമരാവതി: സമൂഹമാധ്യമങ്ങളിൽ കുട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള നിയമം നിർമിക്കാനൊരുങ്ങി ആന്ധ്രപ്രദേശ് സർക്കാർ.
16 വയസിൽ താഴെ പ്രായമുള്ളവർക്ക് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിയന്ത്രണം അതല്ലെങ്കിൽ പൂർണമായ വിലക്ക് സംബന്ധിച്ച് വിശദമായി പഠിക്കാൻ സർക്കാർ പ്രത്യേക മന്ത്രിതല സമിതിയെ നിയോഗിച്ചതായി സംസ്ഥാന ആഭ്യന്തര മന്ത്രി വംഗലപുടി അനിത അറിയിച്ചു.
2025 ഒക്ടോബറിൽ രൂപവത്കരിച്ച സമിതി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അവർ പറഞ്ഞു. ഐടി മന്ത്രി നാരാ ലോകേഷ് അധ്യക്ഷനായ സമിതിയിൽ ആഭ്യന്തര മന്ത്രി വംഗലപൂടി അനിത, ആരോഗ്യ മന്ത്രി സത്യകുമാർ എന്നിവർ അംഗങ്ങളാണ്.
സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും ദുരുപയോഗവും കുട്ടികളെ ബാധിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണു നീക്കം.
District News
തൃശൂർ: ചവിട്ടുനാടകം എന്നാൽ രാജു ആശാനു ജീവനും ശ്വാസവുമാണ്. അച്ഛനിലൂടെ പകർന്നുകിട്ടിയ സിദ്ധി ജ്യേഷ്ഠൻ അനിരുദ്ധനും അനുജൻ രാജുവും പൊന്നുപോലെ കാത്തുസൂക്ഷിച്ച് തലമുറകൾക്കു പകർന്നുനൽകുന്നു.
കഴിഞ്ഞ13 വർഷമായി കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽനിന്ന് ഒന്നാംസ്ഥാനം നേടി സംസ്ഥാന കലോത്സവത്തിനെത്തി എ ഗ്രേഡ് സ്വന്തമാക്കിയത് ഇവർ പരിശീലിപ്പിച്ച ടീമുകളാണ്. രണ്ടുവർഷം മുന്‍പ് ജ്യേഷ്ഠൻ മരിച്ചതോടെ രാജുവിനായി പൂർണ ഉത്തരവാദിത്വം. ഇതോടെ സഹായികളായി രണ്ട് ആണ്മക്കളും കളത്തിലിറങ്ങി; അമൽ രാജും അഭിരാജും. മാസങ്ങൾക്കുമുന്‍പ് അമൽരാജ് കാനഡയിൽ ജോലികിട്ടി പോയെങ്കിലും ഇളയവൻ അച്ഛനൊപ്പമുണ്ട്.
ഹയർ സെക്കൻഡറി ചവിട്ടുനാടകമത്സരത്തിൽ രാജുവിന്റെ നാലു ടീമുകൾ മത്സരിച്ചു. സെന്റ് ജോസഫ്സ് തലശേരി, രാജീവ് ഗാന്ധി ഗവ. എച്ച്എസ്എസ് പാനൂർ, ചട്ടഞ്ചാൽ സിഎച്ച്എസ്എസ് കാസർഗോഡ്, എച്ച്ഡിപി സമാജം എടതിരിഞ്ഞി എന്നിവ. നാലു ടീമിനും എ ഗ്രേഡ്. തലശേരി ടീം മാത്രമായിരുന്നു ആണ്‍കുട്ടികളുടേത്.
ഹൈസ്കൂൾ വിഭാഗത്തിൽ മാറ്റുരച്ചത് ആശാന്റെ അഞ്ചു ടീമുകൾ. സെന്റ് മേരിസ് കായംകുളം, പ്രോവിഡൻസ് കോഴിക്കോട്, രാജീവ് ഗാന്ധി പാനൂർ, രാമവിലാസം തലശേരി, ചട്ടഞ്ചാൽ കാസർഗോഡ് ടീമുകൾ. ഗാംഭീര്യമുള്ള ശബ്ദത്തിൽ ചേട്ടനും അനുജനും പാടിയിട്ടുള്ള പാട്ടുകളാണ് ഇവരുടെ നാടകങ്ങളുടെ ഹൈലൈറ്റ്.
ഗോതുരുത്ത് ഗ്രാമത്തിൽ ചവിട്ടുനാടകം എന്ന കലാരൂപം കൊണ്ടുവന്ന സബീന റാഫി ടീച്ചറുടെ കാലംമുതലേ രാജു ആശാന്റെ അച്ഛൻ നടരാജൻ ചവിട്ടുനാടകം കളിക്കുമായിരുന്നു. ഒന്നാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ മുന്പിൽ കളിച്ച ചവിട്ടുനാടക ടീമിന്റെ ക്യാപ്റ്റന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. അച്ഛന്റെ കാലത്ത് 15 ദിവസമായി കളിച്ചിരുന്ന കാറൾസ്മാൻ ചരിതം അഞ്ചു ഭാഗങ്ങളായി തിരിച്ച് അഞ്ചു ചെറിയ നാടകങ്ങളാക്കിയാണ് ഇപ്പോൾ കുട്ടികളെ പഠിപ്പിക്കുന്നത് - കാറൾസ്മാൻ, പ്ലോരിപ്പിസ്, ഗളളോന്റെ ചതി, അഞ്ജലിക, ഭാര്യമാരുടെ മരണം.
504 കുടുംബശ്രീ അംഗങ്ങളെ ചവിട്ടുനാടകം പഠിപ്പിച്ച അരങ്ങിലെത്തിച്ച് മാസങ്ങൾക്കുമുന്‍പ് വേൾഡ് ടാലന്റ് റിക്കാർഡ് സ്വന്തമാക്കിയിട്ടുണ്ട് രാജു ആശാൻ. ഗോതുരുത്ത് കുറുന്പാതുരുത്തിൽനിന്ന് ഉയർന്നുവന്ന അമ്മാഞ്ചേരി വീട്ടിൽ രാജുവെന്ന ഈ കലാഗുരു കലോത്സവചരിത്രത്തിൽ പുത്തൻ അധ്യായങ്ങൾ എഴുതിച്ചേർക്കുകയാണ് ഓരോ വർഷവും.
National
റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിൽനിന്ന് 13 ദിവസം മുന്‍പ് കാണാതായ അഞ്ചുവയസുകാരൻ അൻഷ് കുമാറിനെയും നാലുവയസുള്ള സഹോദരി അൻഷികയെയും കണ്ടെത്തി.
പന്ത്രണ്ട് സംസ്ഥാനങ്ങളിലേക്കു നീണ്ട അന്വേഷണത്തിനൊടുവിലാണു കുട്ടികളെ അപ്രതീക്ഷിതമായി കണ്ടെത്തിയത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. മാതാപിതാക്കൾ എത്തി കുട്ടികളെ തിരിച്ചറിഞ്ഞുവെന്നും ജാർഖണ്ഡ് പോലീസ് അറിയിച്ചു.
ധുർവ പോലീസ് സ്റ്റേഷൻ പരിധിയിലെ ജഗർനാഥ്പുർ മൗസി ബാരിയിൽനിന്നാണ് ഈ മാസം ആദ്യം ഇരുവരെയും കാണാതായത്. സമീപത്തെ കടയിൽ പോയ കുട്ടികൾ അപ്രത്യക്ഷരാവുകയായിരുന്നു.
കുട്ടികളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചുവെങ്കിലും നിർണായക വഴിത്തിരിവൊന്നും ആദ്യദിവസങ്ങളിൽ ഉണ്ടായില്ല. അഞ്ഞൂറിലധികം സിസിടിവി ദൃശ്യങ്ങളും അയ്യായിരത്തോളം വാഹനങ്ങളുടെ വിശദാംശങ്ങളും സംഘം ഇഴകീറി പരിശോധിച്ചു. ഒട്ടേറെ ആളുകളെ ചോദ്യംചെയ്തു.
ഇതിനിടെ ബുധനാഴ്ച പുലർച്ചെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാംഗഡിൽ നടത്തിയ പരിശോധനയിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു.
ചിത്താർപുരിൽ ഒരു വീടിനു സമീപം ഇരിക്കുകയായിരുന്നു ഇരുവരും. കുട്ടികളെ കടത്തുന്ന അന്തർസംസ്ഥാന സംഘത്തിലെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
District News
പത്തനംതിട്ട: സമഗ്രശിക്ഷാ കേരള പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ബിആര്‍സി, ഭിന്നശേഷി കുട്ടികള്‍ക്കായി സഫലമീയാത്ര എന്ന പേരില്‍ വിമാനയാത്ര സംഘടിപ്പിച്ചു. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 19 കുട്ടികളാണ് പറന്നെത്തിയത്. വിമാനയാത്രയ്ക്കു ശേഷം കുട്ടികള്‍ മന്ത്രി വീണാ ജോര്‍ജിനെ കണ്ട് സന്തോഷം പങ്കുവച്ചു. നിയമസഭയിലെ മന്ത്രിയുടെ ചേംബറിലെത്തിയ കുട്ടികള്‍ക്ക് മന്ത്രി മധുരവും പൂക്കളും സമ്മാനിച്ചു. കുട്ടികള്‍ വിമാന യാത്രാ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും പാട്ട് പാടുകയും ചെയ്തു.
വിവിധ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികളും മൂന്ന് രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന 27 അംഗ സംഘമാണ് സംഘത്തിലുണ്ടായത്. കുട്ടികള്‍ക്ക് ആത്മവിശ്വാസവും മനോധൈര്യവും നല്‍കുന്നതിനായാണ് യാത്ര സംഘടിപ്പിച്ചത്. സാധാരണ കുട്ടികള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ തങ്ങള്‍ക്കും പ്രാപ്യമാണെന്ന് തിരിച്ചറിയുന്നത് ഈ കുട്ടികളില്‍ വലിയ ആത്മവിശ്വാസം വളര്‍ത്തും. എനിക്കും ഇത് സാധിക്കും എന്ന ചിന്ത അവരുടെ മാനസിക വളര്‍ച്ചയ്ക്ക് വലിയ കരുത്തേകും. വിമാനത്താവളത്തിലെ നടപടിക്രമം, സുരക്ഷാ പരിശോധന എന്നിവ പുതിയ അറിവ് നല്‍കുന്നതായിരുന്നു.
കുട്ടികള്‍ക്കായി ഈ യാത്ര സ്പോണ്സര് ചെയ്തത് ലോക കേരളസഭാ അംഗം ജയിംസ് ചക്കാട്ടും യാത്ര കോഓര്‍ഡിനേറ്റ് ചെയ്തത് പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസുമാണ്. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ രശ്മിയും പങ്കെടുത്തു. ചൈല്‍ഡ് ഹെല്‍ത്ത് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ കുട്ടികളെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
Kerala
കൊച്ചി: പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ രേഖകളില്ലാതെ കൊണ്ടുവന്ന ബീഹാറില്‍ നിന്നുള്ള 21 കുട്ടികള്‍ക്ക് രക്ഷകരായത് ആലുവ റൂറല്‍ എസ്പി എം. ഹേമലതയുടെ സ്പെഷല്‍ സ്ക്വാഡ് അംഗങ്ങള്‍.
എറണാകുളം പുത്തന്‍വേലിക്കര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ സുബീഷ്, മുനമ്പം പോലീസ് സ്റ്റേഷനിലെ സിപിഒ പി.എസ്. സുജിത് ലാല്‍, കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ സിപിഒ മജീഷ് എന്നിവരുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടികളെ രക്ഷിക്കാനായത്.
ഒരു മോഷണക്കേസിന്റെ തുടര്‍ നടപടികളുടെ ഭാഗമായി ഒഡീഷയിലെത്തി മടങ്ങുകയായിരുന്നു പോലീസ് സംഘം. ഭുവനേശ്വറില്‍ നിന്ന വിവേക് എക്സ്പ്രസില്‍ കയറിയപ്പോള്‍ കുട്ടികള്‍ അതിലുണ്ടായിരുന്നു. കൂടെ ആരെയും കാണാത്തതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അവരുമായി സംസാരിച്ചപ്പോള്‍ ഇവിടേക്ക് പഠിക്കാനായി വന്നതാണെന്നും ഇതുവരെ സ്കൂളില്‍ പോയിട്ടില്ലെന്നും കുട്ടികള്‍ പറഞ്ഞു.
ഇതില്‍ ഒരു കുട്ടിയുടെ ആധാര്‍ കാര്‍ഡില്‍ 13 വയസാണ് രേഖപ്പെടുത്തിയിരുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളോ ജനന സര്‍ട്ടിഫിക്കറ്റുകളോ കൈവശം ഇല്ലാതിരുന്നതാണ് സംശയത്തിന് ഇടയാക്കിയത്. ഇടയ്ക്ക് ഒരാള്‍ മറ്റൊരു കമ്പാര്‍ട്ട്മെന്റില്‍ നിന്ന് വന്ന് കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതു പോലീസുകാര്‍ ശ്രദ്ധിച്ചിരുന്നു.
തുടര്‍ന്ന് ഇയാളുടെയും 21 കുട്ടികളുടെയും ഫോട്ടോയെടുത്ത പോലീസ് സംഘം ഇത് സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചിലെ എസ്ഐ എം.എസ്. ഷാനിനെ അറിയിക്കുകയായിരുന്നു.
അദ്ദേഹം റെയില്‍വേ പോലീസിന് ഫോട്ടോ ഉള്‍പ്പെടെയുളള വിവരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ പോലീസ് എത്തുകയായിരുന്നു. മതിയായ രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 21 കുട്ടികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സിഡബ്ല്യുസി)യുടെ നേതൃത്വത്തില്‍ ശിശുസംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി.
Kerala
പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രേഖകളില്ലാതെ കൊണ്ടുവന്ന കുട്ടികളെ കണ്ടെത്തി.
ബിഹാറില്‍ നിന്നുള്ള 21 കുട്ടികളെയാണ് പaലീസ് കണ്ടെത്തിയത്. 10 മുതല്‍ 13 വയസgവരെ പ്രായമുള്ള കുട്ടികളെയാണ് കണ്ടെത്തിയത്.
വിവേക് എക്സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്. കോഴിക്കോട്ടെ സ്ഥാപനത്തില്‍ പഠിക്കാന്‍ എത്തിയതാണെന്ന് കുട്ടികള്‍ പറഞ്ഞു. ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ നിന്നെത്തിയതാണ് കുട്ടികളെന്ന് പോലീസ് അറിയിച്ചു.
അതേസമയം, കൃത്യമായ രേഖകള്‍ ഒന്നുമില്ലാത്തതിനാല്‍, കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികള്‍ പറഞ്ഞ സ്ഥാപനത്തെക്കുറിച്ചും രക്ഷിതാക്കളെ ബന്ധപ്പെടാനും പോലീസ് ശ്രമം ആരംഭിച്ചു.
District News
നേമം: നെൽകൃഷിയെക്കുറിച്ച് അറിയാനും പഠിക്കാനും നേമം ഗവ. യുപി സ്കൂളിലെ കുട്ടികൾ കല്ലിയൂർ കാഞ്ഞിരത്തടി പാടശേഖരത്തിലെത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾക്കു വേണ്ടിയാണു വേറിട്ട പഠന പരിപാടി സംഘടിപ്പിച്ചത്.
രാവിലെ 10 മണിയോടെ പാടശേഖരത്തിലെത്തിയ സംഘം കർഷകരോടൊപ്പം ടില്ലർ ഓടിച്ച് നിലമൊരുക്കിയ ശേഷമാണു ഞാറുനട്ടത്. കർഷകരും കല്ലിയൂർ കൃഷിഭവൻ ഉദ്യോഗസ്ഥരും അധ്യാപകരും കുട്ടികളോടൊപ്പമുണ്ടായിരുന്നു.
കൃഷിക്കു നേതൃത്വം നൽകുന്ന കർഷകൻ വിവേകാനന്ദൻ നിലമൊരുക്കൽ, ഞാറുല്പാദിപ്പിക്കുന്ന രീതി, വിവിധയിനം വിത്തുകൾ, വളപ്രയോഗങ്ങൾ എന്നിവയെ കുട്ടികൾ ക്കു പരിചയപ്പെടുത്തി. കൃഷി ഓഫീസർ പി. മേരിലത, അസിസ്റ്റന്റുമാരായ കെ. രമണി, ജെ.എസ്. അനിൽകുമാർ, എസ്.കെ. ഷിനു, പാടശേഖര സമിതി സെക്രട്ടറി കെ.സി. അജിത് കുമാർ എന്നിവർ കുട്ടികളെ സ്വീകരിച്ചു. അധ്യാപകരായ പ്രിയ കുമാരി, സ്വപ്നകുമാരി, അബ്ദുൽ ഷുഹൂദ് എന്നിവർ കുട്ടികളെ അനുഗമിച്ചു.
NRI
ടെക്സസ്: അമേരിക്കയിലെ ടെക്സസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇൻഫ്ലുവൻസ കേസുകൾ അതിവേഗം വർധിക്കുന്നതായി റിപ്പോർട്ട്. ഹൂസ്റ്റൺ ഉൾപ്പെടെയുള്ള നഗരങ്ങളിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ആശുപത്രികളിൽ പനിയുമായി എത്തുന്നവരുടെ എണ്ണം ഇരട്ടിയായി വർധിച്ചുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ടെക്സസ് ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിൽ നിലവിൽ പനി ബാധ അതിരൂക്ഷമാണ്.
അഞ്ച് മുതൽ 11 വയസുവരെയുള്ള കുട്ടികളിലാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൂടുതൽ കാണപ്പെടുന്നത്. ഈ പ്രായത്തിലുള്ള കുട്ടികളിലെ ആശുപത്രി സന്ദർശനം കഴിഞ്ഞ വർഷത്തെക്കാൾ 25 ശതമാനം വർധിച്ചു.
അവധിക്കാലം കഴിഞ്ഞ് കുട്ടികൾ വീണ്ടും സ്കൂളുകളിലേക്ക് എത്തുന്നതോടെ രോഗവ്യാപനം കൂടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേസുകൾ ഇനിയും ഉയർന്നേക്കാം.
National
ഹൈദരാബാദ്: മക്കളുടെ മുന്നിൽവച്ച് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്. ഹൈദരാബാദിലെ നല്ലകുണ്ട സ്വദേശിയായ വെങ്കിടേഷാണ് ഭാര്യ ത്രിവേണിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. വെങ്കിടേഷിന് ത്രിവേണിയെ സംശയമുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇവർ തമ്മിൽ സ്ഥിരം വഴക്കുണ്ടാകുമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഡിസംബർ 24ന് കുട്ടികളുടെ മുന്നിൽവച്ച് വെങ്കിടേഷ് ത്രിവേണിയെ അക്രമിക്കുകയും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. പിന്നാലെ, രക്ഷിക്കാൻ ശ്രമിച്ച മകളെ തീയിലേക്ക് തള്ളിയിടുകയും വീട്ടിൽ നിന്ന് ഓടി രക്ഷപെടുകയും ചെയ്തു.
നിലവിളി കേട്ട അയൽക്കാർ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതര പരുക്കുകളേറ്റ ത്രിവേണി മരിച്ചിരുന്നു. നിസാര പരുക്കുകളോടെ മകളെ ആശുപത്രിയിൽ എത്തിച്ചു.
Kerala
കണ്ണൂർ: പയ്യന്നൂര്‍ രാമന്തളിയില്‍ നാല് ജീവനുകൾ പൊലിഞ്ഞത് മക്കളെ ചൊല്ലിയുള്ള തർക്കത്തിൽ. കുട്ടികളെ ആര് നോക്കുമെന്ന തർക്കമാണ് ഒടുവിൽ ജീവനെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് രാമന്തളി വടക്കുമ്പാട് സ്വദേശിയായ കലാധരൻ, അമ്മ ഉഷ, കലാധരന്റെ മക്കളായ അഞ്ച് വയസുകാരി ഹിമ, രണ്ട് വയസുള്ള കണ്ണന് എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടികളെ തനിക്കൊപ്പം വിടണമെന്ന് അമ്മ നിലപാടെടുത്തപ്പോൾ കോടതിയും അനുകൂല ഉത്തരവിട്ടിരുന്നു. ആഴ്ചയിലൊരു ദിനം പിതാവിനൊപ്പം വിടണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
കുഞ്ഞുങ്ങള്‍ തങ്ങള്‍ക്ക് പിതാവിനൊപ്പം നിന്നാല്‍ മതിയെന്നും അമ്മയുടെ വീട്ടിലേക്ക് വിട്ടാല്‍ അവര്‍ കൊല്ലുമെന്ന് കുഞ്ഞുങ്ങള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം കുട്ടികളുടെ അമ്മയില്‍ നിന്നും പലതവണ കള്ളപ്പരാതികളെത്തിയെന്ന് ബന്ധുക്കള്‍ പറയുന്നു.
വിവാഹമോചനത്തിന് പിന്നാലെ കുട്ടികളെ അവരുടെ അമ്മയ്ക്കൊപ്പം വിടുന്നതില്‍ കലാധരന്‍ എതിര്‍പ്പുണ്ടായിരുന്നു. ഇതിനു പിന്നാലെ ഇയാള്‍ കടുത്ത മാനസിക പിരിമുറുക്കത്തിലുമായിരുന്നു. കഴിഞ്ഞ എട്ടുമാസത്തോളമായി കലാധരനും ഭാര്യയും മാറിത്താമസിക്കുകയായിരുന്നു.
കലാധരന്റെ മാതാപിതാക്കളും ആദ്യം ഇവര്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടെ കലാധരന്റെ പിതാവ് ഉണ്ണിക്കൃഷ്ണന് മക്കളെ ഉപദ്രവിക്കുന്നെന്ന് ആരോപിച്ച് അമ്മ പരാതി നല്കി. പോക്സോ വകുപ്പുപ്രകാരം കേസെടുത്തു.
മുത്തച്ഛനെതിരെ കേസ് കൊടുത്തതോടെ കുടുംബം തകര്‍ന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതോടെ കലാധരന്റെ അച്ഛന് വീട്ടില്‍ നിന്നും താമസം മാറ്റി. ഒടുവില്‍ കുട്ടികൾക്ക് പാലില്‍ വിഷം നല്കിയ ശേഷം കലാധരനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നു.
National
മുംബൈ: മുംബൈയിൽ നിന്നും കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനവ്. കഴിഞ്ഞ 36 ദിവസത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത 82 കുട്ടികളെ കാണാതായതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മുംബൈയിൽ നിന്ന് 93 പെൺകുട്ടികൾ ഉൾപ്പെടെ 145 കുട്ടികളെ കാണാതായതായി പോലീസ് രേഖകൾ വ്യക്തമാക്കുന്നു.
നവംബർ ഒന്നിനും ഡിസംബർ ആറിനും ഇടയിൽ രജിസ്റ്റർ ചെയ്ത 82 കേസുകളിൽ, കാണാതായവരിൽ കൂടുതലും പ്രായപൂർത്തിയാകാത്തവരാണ്. ഇതിൽ 41 പെൺകുട്ടികളും 18 വയസ് വരെ പ്രായമുള്ള 13 ആൺകുട്ടികളും ഉൾപ്പെടുന്നു.
ഈ കാലയളവിൽ കാണാതായവരിൽ അഞ്ച് വയസ് വരെ പ്രായമുള്ള പെൺകുട്ടികളും 11 വയസ് വരെ പ്രായമുള്ള ആൺകുട്ടികളും ഉൾപ്പെടുന്നു.
കുർള വില്ലേജ്, വക്കോള, പവായ്, മാൽവാനി, സക്കിനാക്ക തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി പോലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരോധാനങ്ങൾക്ക് പിന്നിലെ പ്രധാന കാരണം മനുഷ്യക്കടത്താണെന്ന് പോലീസ് സംശയിക്കുന്നു.
കാണാതായവരുടെ കണക്കുകൾ
ജൂൺ: 26 കുട്ടികൾ (എല്ലാവരും പെൺകുട്ടികൾ)
ജൂലൈ: 25 കുട്ടികൾ (15 ആൺകുട്ടികൾ, 10 പെൺകുട്ടികൾ)
ഓഗസ്റ്റ്: 19 കുട്ടികൾ (അഞ്ച് ആൺകുട്ടികൾ, 14 പെൺകുട്ടികൾ)
സെപ്റ്റംബർ: 21 കുട്ടികൾ (ആറ് ആൺകുട്ടികൾ, 15 പെൺകുട്ടികൾ)
ഒക്ടോബർ: 19 കുട്ടികൾ (12 ആൺകുട്ടികൾ, ഏഴ് പെൺകുട്ടികൾ)
നവംബർ: 24 കുട്ടികൾ (ഒൻപത് ആൺകുട്ടികൾ, 15 പെൺകുട്ടികൾ)
ഡിസംബർ (ഇതുവരെ): 11 കുട്ടികൾ (അഞ്ച് ആൺകുട്ടികൾ, ആറ് പെൺകുട്ടികൾ)
International
കോപ്പൻഹേഗൻ: ബീജം ദാനം ചെയ്ത യുവാവിന് അപ്രതീക്ഷിതമായുണ്ടായ ജനിതക വ്യതിയാനം മൂലം ജനിച്ച കുഞ്ഞുങ്ങൾക്ക് കാൻസർ വരാൻ സാധ്യതയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
2005 മുതൽ ബീജം ദാനം ചെയ്തിട്ടുള്ള വ്യക്തിക്ക് യൂറോപ്പിൽ ഉടനീളം ഇതുവരെ 197 കുട്ടികൾ ജനിച്ചിട്ടുണ്ട്. കോപ്പൻഹേഗൻ: ബീജം ദാനം ചെയ്ത യുവാവിന് അപ്രതീക്ഷിതമായുണ്ടായ ജനിതക വ്യതിയാനം മൂലം ജനിച്ച കുഞ്ഞുങ്ങൾക്ക് കാൻസർ വരാൻ സാധ്യതയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2005 മുതൽ ബീജം ദാനം ചെയ്തിട്ടുള്ള വ്യക്തിക്ക് യൂറോപ്പിൽ ഉടനീളം ഇതുവരെ 197 കുട്ടികൾ ജനിച്ചിട്ടുണ്ട്.
നിരവധി കുട്ടികൾ ഇതിനോടകം മരിച്ചു. കഴിഞ്ഞ 17 വർഷത്തിനിടെ ഇയാളുടെ ബീജം ഡെൻമാർക്കിലെ യൂറോപ്യൻ സ്പേം ബാങ്ക് വഴി നിരവധി സ്ത്രീകളിലേക്ക് എത്തിയിട്ടുണ്ട്. എല്ലാ സ്ക്രീനിംഗ് പരിശോധനകൾക്കും ശേഷമാണ് ഇയാളുടെ ബീജം സ്വീകരിച്ചതെങ്കിലും ജനിക്കുന്നതിനുമുൻപ് തന്നെ ഇയാളുടെ കോശങ്ങളിലെ ഡിഎൻഎയ്ക്ക് മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ശരീരത്തിലെ കോശങ്ങൾ അർബുദ ബാധിതമാകുന്നതിനെ തടയുന്ന TP-53 ജീൻ തകരാറിലായിരുന്നു. TP-53 ജീനിന്റെ അപകടകരമായ രൂപം ഇയാളുടെ ശരീരത്തിൽ പൊതുവേ കുറവാണെങ്കിലും 20 ശതമാനത്തോളം ബീജത്തിൽ അതിന്റെ സാന്നിധ്യമുണ്ട്. 90 ശതമാനം കാൻസർ രൂപപ്പെടാനുള്ള സാധ്യതയാണ് ഇതിലൂടെയുണ്ടാകുന്നത്.
ഇത്തരത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളിൽ അധികം പേർക്കും കുട്ടിക്കാലത്തുതന്നെ കാൻസർ വന്നേക്കാം. മുതിർന്ന സ്ത്രീകളിൽ സ്തനാർബുദവും ഉണ്ടാകാം. യുകെയിലെ ക്ലിനിക്കുകളിൽ ഇയാളുടെ ബീജം ലഭ്യമാക്കിയിരുന്നില്ലെങ്കിലും ബ്രിട്ടീഷ് വനിതകൾ ഡെൻമാർക്കിൽ എത്തുകയും വന്ധ്യതാ ചികിൽസ തേടിയെന്നുമാണു നിഗമനം.
International
കാൻബറ: കുട്ടികൾക്കു സോഷ്യൽ മീഡിയ നിരോധനം നടപ്പാക്കിയ ആദ്യ രാജ്യമായി ഓസ്ട്രേലിയ. 16നു താഴെയുള്ള എല്ലാവർക്കും സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന സർക്കാർ ഉത്തരവ് ബുധനാഴ്ച പ്രാബല്യത്തിലായി.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ്, സ്നാപ്ചാറ്റ്, ടിക്ടോക്, റെഡ്ഡിറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ കുട്ടികളെ അനുവദിക്കരുതെന്നാണ് സർക്കാർ നിർദേശം. ലംഘിച്ചാൽ കനത്ത പിഴയൊടുക്കേണ്ടിവരും.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉടമകളായ മെറ്റപോലുള്ള ടെക് കന്പനികളും അഭിപ്രായസ്വാതന്ത്ര്യവാദികളും നിരോധനത്തെ എതിർക്കുന്നുണ്ട്. അതേസമയം മാതാപിതാക്കളും രക്ഷിതാക്കളും സർക്കാരിനൊപ്പമാണ്.
കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് ഓസ്ട്രേലിയൻ സർക്കാർ നടപ്പാക്കുന്ന നിരോധനം ലോകരാജ്യങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുന്നതായാണ് റിപ്പോർട്ട്.
പല പാശ്ചാത്യ രാജ്യങ്ങളും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു പരിഗണിച്ചുവരിയാണ്. ഓസ്ട്രേലിയൻ നിരോധനത്തിന്റെ ഫലക്ഷമത ഈ രാജ്യങ്ങൾ വിലയിരുത്തും.
International
കയ്റോ: സുഡാനിൽ കഴിഞ്ഞയാഴ്ച കിൻഡർഗാർട്ടനു നേർക്കും മറ്റു പ്രദേശങ്ങളിലും റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) വിമതർ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ 63 കുട്ടികളടക്കം 114 പേർ കൊല്ലപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന.
കോർദോഫാൻ സംസ്ഥാനത്തെ കഗോലിയിൽ മൂന്നിടത്ത് വ്യാഴാഴ്ചയായിരുന്നു ഡ്രോൺ ആക്രമണം. ആദ്യം കിൻഡർഗാർട്ടനു നേർക്കായിരുന്നു ആക്രമണം. രോഗികളുമായി പോകുകയായിരുന്നു വാഹനങ്ങളും പിന്നീട് ആക്രമിക്കപ്പെട്ടു. വാർത്താവിനിമയ സംവിധാനങ്ങളുടെ അപര്യാപ്തമൂലമാണു മരണസംഖ്യ പുറത്തുവരാൻ വൈകിയത്.
സുഡാനീസ് സൈന്യവും ആർഎസ്എഫും രണ്ടു വർഷമായി തുടരുന്ന സംഘർഷത്തിൽ നാൽപ്പതിനായിരത്തിലധികം പേർ കൊല്ലപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
1.2 കോടി ആളുകൾ പലായനം ചെയ്തു. മരണസംഖ്യ ഇതിലും ഉയർന്നതാണെന്ന് സന്നദ്ധസംഘടനകൾ പറയുന്നു. എണ്ണ സന്പന്നമായ കോർദോഫാൻ പ്രവിശ്യ കേന്ദ്രീകരിച്ചാണ് നിലവിൽ സംഘർഷം.
പടിഞ്ഞാറൻ സുഡാനിലെ എൽ-ഫാഷർ ഏതാനും നാൾ മുന്‍പ് ആർഎസ്എഫ് പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്ന് ഒരു ലക്ഷത്തിലേറെ പേർ പലായനം ചെയ്തു.
Movies
ബോളിവുഡ് താരം കരിഷ്മ കപുറും മക്കളും പുതിയ അപ്പാര്‍ട്ട്മെന്റിലേക്കു താമസം മാറി. മുന്‍ ഭര്‍ത്താവ് സഞ്ജയ് കപുറിന്റെ 30,000 കോടി രൂപയുടെ എസ്റ്റേറ്റില്‍ തനിക്കും മക്കള്‍ക്കും അവകാശമുന്നയിച്ചുള്ള നിയമപോരാട്ടത്തിനിടെയാണ് കരിഷ്മ കപുര്‍ ആഡംബര അപ്പാര്‍ട്ട്മെന്റിലേക്കു താമസം മാറുന്നത്. മാസം 5.51 ലക്ഷം രൂപയാണ് വാടക! മുംബൈ ബാന്ദ്ര വെസ്റ്റില്‍ ആണ് അപ്പാര്‍ട്ട്മെന്റ്.
ഹില്‍ റോഡിലെ ഗ്രാന്‍ഡ് ബേ കോണ്ടോമിനിയത്തിലാണ് അപ്പാര്‍ട്ട്മെന്റ് സ്ഥിതിചെയ്യുന്നത്. ഏകദേശം 2,200 ചതുരശ്രയടി വിസ്തീര്‍ണമുണ്ട് വസതിക്ക്. മൂന്ന് പാര്‍ക്കിംഗ് സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. രജിസ്ട്രേഷന് ഫീസ് 1,000 രൂപയും സ്റ്റാമ്പ് ഡ്യൂട്ടി 17,100 രൂപയുമാണ്. 20 ലക്ഷം രൂപ സെക്യൂരിറ്റി തുകയായി അപ്പാര്‍ട്ട്മെന്റ് ഉടമയ്ക്കും നല്കി. നവംബര്‍ മുതല്‍ 12 മാസത്തേക്കാണ് വാടകക്കരാര്‍.
മുംബൈയിലെ മനോഹരമായ പാര്‍പ്പിട മേഖലകളിലൊന്നാണ് ബാന്ദ്ര വെസ്റ്റ്. വമ്പന്‍ ബിസിനസുകാര്‍ക്കും സെലിബ്രിറ്റികള്‍ക്കും ഇവിടെ പാര്‍പ്പിട സമുച്ചയങ്ങളുണ്ട്. ജനപ്രിയ കഫേകള്‍, കാര്‍ട്ടര്‍ റോഡ് തുടങ്ങിയ മനോഹരമായ സ്ഥലങ്ങള്‍ക്കു പേരുകേട്ടതാണ് ബാന്ദ്ര.
നിയമപോരാട്ടം
കരിഷ്മയുടെ മുന്‍ ഭര്‍ത്താവ് സഞ്ജയ് കപുര്‍ ജൂണിലാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം, സ്വത്തുമായി ബന്ധപ്പെട്ട് നിയമപരമായ തര്‍ക്കം ആരംഭിച്ചു. കരിഷ്മയുടെ മക്കള്‍ അച്ഛന്റെ സ്വത്തുക്കളില്‍ അവകാശം ഉന്നയിക്കുമ്പോള്‍, സഞ്ജയ്യുടെ സഹോദരി മന്ദിര കപുര്‍ അമ്മയുടെ ഭാഗം അവകാശപ്പെട്ട് കോടതിയെ സമീപിച്ചു. സഞ്ജയ്-കരിഷ്മ ദമ്പതിമാരുടെ മക്കളായ സമൈറ, കിയാന് എന്നിവരും നിയമപോരാട്ടത്തിലാണ്. തങ്ങളുടെ അച്ഛന്റെ രണ്ടാം ഭാര്യ പ്രിയ സച്ദേവ് തങ്ങള്‍ക്ക് അവകാശപ്പെട്ട സ്വത്ത് വിട്ടുനല്‍കുന്നില്ലെന്നു കാണിച്ചാണ് മക്കള്‍ കോടതിയെയെ സമീപിച്ചത്. കേസ് കോടതിയുടെ പരിഗണനയിലാണുള്ളത്.
National
ബംഗളൂരു: ക്ഷേത്രത്തിൽ മകളെ നരബലി നൽകാൻ ശ്രമിച്ച അമ്മ പിടിയിൽ. കഴുത്തിനുപിന്നിൽ വെട്ടേറ്റ മകളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരു അഗ്രഹാര ലേഔട്ടിലെ ഹരിഹരേശ്വര ക്ഷേത്രത്തിലാണ് സംഭവം.
അനേക്കലിൽ താമസിക്കുന്ന സരോജമ്മയാണ് (55) മകൾ രേഖയെ (25) വെട്ടിയത്. ഇരുവരും കഴിഞ്ഞദിവസം രാവിലെ നാലരയോടെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു. പ്രാർഥിച്ചുകഴിഞ്ഞപ്പോഴാണ് സരോജമ്മ മകളെ പിന്നിൽനിന്ന് അരിവാൾ ഉപയോഗിച്ച് വെട്ടിയത്.
രേഖയുടെ നിലവിളികേട്ട് ഓടിക്കൂടിയവർ സരോജമ്മയെ പിടിച്ചുമാറ്റുകയായിരുന്നു. കഴുത്തിനുപിന്നിൽ ഗുരുതരമായി വെട്ടേറ്റ രേഖയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രേഖയും ഭർത്താവും സ്ഥിരമായി വഴക്കടിക്കാറുണ്ടായിരുന്നു. കഴിഞ്ഞദിവസം വീട്ടിൽവന്ന മകളുമായി സരോജമ്മ ക്ഷേത്രത്തിലെത്തുകയായിരുന്നു. ജ്യോത്സ്യന്റെ നിർദേശപ്രകാരമാണ് മകളെ നരബലിനൽകാൻ സരോജമ്മ തീരുമാനിച്ചതെന്നാണ് സംശയം. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.
Kerala
പാലക്കാട്: ആലത്തൂരില്‍ ജ്യൂസാണെന്ന് കരുതി കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച സഹോദരങ്ങള്‍ ആശുപത്രിയില്‍. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശികളായ പത്തും ആറും വയസുള്ള കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച്ച് വൈകുന്നേരം നാലോയായിരുന്ന സംഭവം. കുപ്പിയില്‍ നിറച്ച് വച്ചിരുന്ന മരുന്നാണ് കുട്ടികള്‍ ജ്യൂസെന്ന് തെറ്റിദ്ധരിച്ച് കുടിച്ചത്.
രുചിവ്യത്യാസം തോന്നിയപ്പോള്‍ മരുന്ന് തുപ്പിക്കളഞ്ഞു. എന്നാല്‍ കുളമ്പ് രോഗത്തിന് പുരട്ടുന്ന മരുന്നില്‍ അമ്ളത്തിന്റെ സാന്നിധ്യം ഉള്ളതിനാല്‍ വായിക്കും തൊണ്ടയ്ക്കും പൊള്ളലേറ്റു.
കുട്ടികള്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
District News
തൊടുപുഴ: മുത്തച്ഛന്റെ ക്രൂരതയിൽ വെന്തുമരിച്ച കുഞ്ഞുങ്ങൾക്ക് നീതി ലഭിച്ചെന്നും തന്റെ കടമ നിറവേറ്റിയെന്നും മുഖ്യ സാക്ഷിയും കൊല്ലപ്പെട്ട ഫൈസലിന്റെ അയൽവാസിയുമായ കല്ലുറുന്പിൽ രാഹുൽ രാജ്.
രാഹുൽ വിധി കേൾക്കുന്നതിനായി മുട്ടം കോടതിയിൽ എത്തിയിരുന്നു. തീ ആളിപ്പടർന്ന വീട്ടിലേക്ക് ആദ്യം ഓടിയെത്തിയത് രാഹുലായിരുന്നു. മുറിക്കുള്ളിൽ തീ ആളിപ്പടർന്നതിനെ തുടർന്ന് നാലുപേർക്കും മുറിയിൽനിന്ന് രക്ഷപെടാൻ മാർമില്ലാതെ വന്നു. ഈ സമയം ഇളയ കുട്ടി സമീപം താമസിക്കുന്ന രാഹുലിനെ ഫോണിൽ വിളിക്കുകയായിരുന്നു.
വീട്ടിലേക്ക് പാഞ്ഞെത്തിയ രാഹുൽ കിടപ്പുമുറിയുടെ മുകളിൽനിന്നു പുക ഉയരുന്നത് കണ്ട് മുൻവശത്തെ വാതിൽ ചവിട്ടിപ്പൊളിച്ചു. നോക്കുന്പോൾ കിടപ്പ് മുറിയിലേയ്ക്ക് വീണ്ടും പെട്രോൾ ഒഴിക്കുന്നതിനായി നിൽക്കുന്ന ഹമീദിനെ കണ്ടു. തള്ളി മാറ്റി മുറിയ്ക്കുള്ളിൽ ഉണ്ടായിരുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹമീദ് കൈയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ നിറച്ച കുപ്പികൾ കൂടി തീ കത്തിക്കൊണ്ടിരുന്ന വാതിലിന് വിടവിലൂടെ വീണ്ടും മുറിയിലേയ്ക്ക് എറിയുകയായിരുന്നു.
തീ ആളിപ്പടർന്നതോടെ തനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും രാഹുൽ ഓർക്കുന്നു. കുട്ടികളെയടക്കം നാലു പേരെ കൊന്നയാൾക്ക് ഈ ശിക്ഷ തന്നെയാണ് കൊടുക്കേണ്ടത്. വിധി സമൂഹത്തിന് നൽകുന്ന സന്ദേശം വലുതാണെന്നും ഇത്തരം കൊലപാതകം നടത്തുന്നവർക്ക് ഇത് പാഠമാകണമെന്നും രാഹുൽ പറഞ്ഞു.
പ്രോസിക്യൂഷന് അഭിനന്ദനം
തൊടുപുഴ: ചീനിക്കുഴി കൂട്ടക്കൊലക്കേസിൽ പ്രോസിക്യൂഷന്റെ എല്ലാ വാദങ്ങളും അംഗീകരിച്ചാണ് കോടതി പ്രതിയ്ക്ക് വധശിക്ഷ വിധിച്ചത്. ക്രൂര കൊലപാതകം നടത്തിയ പ്രതിയുടെ പ്രായം ഇളവായി പരിഗണിക്കാൻ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
മറ്റ് സാഹചര്യങ്ങളെല്ലാം കണക്കിലെടുക്കുന്പോൾ ഇതൊരു നിഷ്ഠുര കൊലപാതകമാണെന്ന് തെളിയിക്കാനായെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ള പറഞ്ഞു. ദൃക്സാക്ഷിയും അയൽവാസിയുമായ രാഹുൽ രാജിന്റെ മൊഴി ഏറ്റവും നിർണായകമായി. മരിച്ച ഇളയകുട്ടി ഫോണ്‍ ചെയ്താണു വിവരം പറഞ്ഞതും രാഹുൽ അവിടെയെത്തുന്നതും. സംഭവശേഷം പ്രതി നടത്തിയ ഫോണ്‍ കോളുകൾ അയാളുടെ ഫോണിൽ തന്നെ റിക്കാർഡായിരുന്നു. അതിന്റെ റിപ്പോർട്ടുകളും ഉണ്ടായിരുന്നു.
പ്രതിയുടെ ശരീരത്തിലെ പൊള്ളലുകളും പ്രധാന തെളിവായി. സംഭവത്തിന് രണ്ടുദിവസം മുന്‍പു പ്രതിയുടെ സാധനസാമഗ്രികളും 2,20,000 രൂപയും 50,000 രൂപയുടെ ചെക്ക് അടക്കമുള്ള കുറച്ച് രേഖകളും ജ്യേഷ്ഠന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു . കരുതിക്കൂട്ടിയാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കുന്നതായിരുന്നു ഇത്. വിചാരണ വേളയിൽ 2,20,000 രൂപ തന്റെ സ്വന്തമാണെന്ന് ഹർജിയിലൂടെ ആവശ്യപ്പെട്ട് പ്രതി തിരികെ വാങ്ങിയിരുന്നു.
വിധിയിൽ സന്തോഷം: അന്വേഷണ ഉദ്യോഗസ്ഥൻ
തൊടുപുഴ: വിധിയിൽ സന്തോഷമുണ്ടെന്ന് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനും തൊടുപുഴ ഡിവൈഎസ്പിയുമായിരുന്ന എ.ജി.ലാൽ പറഞ്ഞു. പ്രായത്തിന്റെ ആനുകൂല്യം പ്രതിക്ക് ലഭിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു.
പക്ഷേ അതുണ്ടായില്ല, പ്രതി അർഹിക്കുന്ന ശിക്ഷതന്നെയാണ് ലഭിച്ചത്. ക്രൂരമായ നാലു കൊലപാതകങ്ങളാണ് പ്രതി നടത്തിയത്. പ്രോസിക്യൂട്ടർ കേസ് നല്ല രീതിയിൽ അവതരിപ്പിച്ചു. എല്ലാരീതിയിലുമുള്ള തെളിവുകൾ പോലീസിന് ശേഖരിക്കാൻ സാധിച്ചു. പ്രതിയുടെ ശരീരത്തിൽ പൊള്ളലും വസ്ത്രങ്ങളിലും ശരീരത്തും പെട്രോളിന്റെ അംശവുമുണ്ടായിരുന്നു. മുറിയിൽനിന്നും പെട്രോളിന്റെ അംശങ്ങൾ ശേഖരിക്കാൻ കഴിഞ്ഞതോടെ കുറ്റം സമർഥിക്കാൻ സാധിച്ചു.
കൊല നടത്തണമെന്ന ഉദ്ദേശ്യം നേരത്തെതന്നെ പ്രതിക്കുണ്ടായിരുന്നു. അതിനാലാണ് സ്വന്തം സാധനങ്ങൾ മാറ്റിയത്. ഒരുമാസം മുന്‍പ് മകനെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഈ പരാതിയും രേഖയായി ഹാജരാക്കിയിരുന്നു. കൃത്യം കണ്ട രാഹുൽ ഉൾപ്പെടെ അയൽവാസികളും ബന്ധുക്കളും കൃത്യമായി മൊഴി നൽകി. കേസിൽ സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
പ്രതീക്ഷിച്ച വിധി:സീബയുടെ സഹോദരൻ
തൊടുപുഴ: വിധി പ്രതീക്ഷിച്ചിരുന്നതായി കൊല്ലപ്പെട്ട സീബയുടെ സഹോദരൻ സി.എ. സൈജു പറഞ്ഞു. ക്രൂര കൊലപാതകം നടത്തിയ ഹമീദിന് വധശിക്ഷ വധിച്ചതിൽ നീതിന്യായ വ്യവസ്ഥയോട് കടപ്പെട്ടിരിക്കുന്നു.
സൈജുവിന്റെ ഇളയ സഹോദരിയാണ് കൊല്ലപ്പെട്ട സീബ. മങ്കുഴിയിൽ താമസിച്ചിരുന്ന സൈജുവിന്റെ മക്കളും കൊല്ലപ്പെട്ട സീബയുടെ മക്കളും ഒരു സ്കൂളിലാണ് പഠിച്ചിരുന്നത്. അവരുടെ വിയോഗത്തിൽ നിന്ന് തനിക്കും തന്റെ മക്കൾക്കും ഇതുവരെ കരകയറാൻ കഴിഞ്ഞിട്ടില്ല.
കൊലപാതക വിവരം അറിഞ്ഞ് മനസുനൊന്താണ് ഒരു വർഷം തികയും മുൻപ് ഉപ്പയും തങ്ങളെ വിട്ടുപോയത്. സീബയുടെയും കുടുംബത്തിന്റെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു പുതിയ വീട്ടിലേയ്ക്ക് മാറി താമസിക്കുക എന്നത്.
അതിനുപോലും അനുവദിക്കാതെയാണ് അയാൾ കൊടും ക്രൂരത ചെയ്തത്. സീബയുടെ പേരിലുള്ള പുതിയ വീട്ടിൽ ഇപ്പോൾ സൈജുവും കുടുംബവുമാണ് താമസിക്കുന്നത്.
പിതാവ് പുറത്തിറങ്ങരുത്: മൂത്ത മകൻ ഷാജി
തൊടുപുഴ: അയാൾ പുറത്തിറങ്ങരുതെന്ന് ഹമീദിന്റെ മൂത്തമകൻ ഷാജി പറഞ്ഞു. നാടുവിട്ട് പോയി 25 വർഷത്തിന് ശേഷം കണ്ടെത്തി കൊണ്ടുവന്നത് ഞാനാണ്. ഒരുതെറ്റും ചെയ്യാത്തവരെയാണ് ചുട്ടുകൊന്നത്. തന്നെയും കൊന്നേനെ.
വിധിയിൽ സഹതാപമില്ലെന്നും ഷാജി പറഞ്ഞു. സ്വത്തുക്കൾ മക്കൾക്ക് നൽകിയാണ് ഹമീദ് നാടുവിട്ടത്. ഹൈറേഞ്ചിൽനിന്നു ഷാജിയാണ് തിരികെ നാട്ടിലെത്തിച്ചത്. പിന്നീട് സ്വത്ത് തിരിച്ചെഴുതി നൽകണമെന്നാശ്യപ്പെട്ടാണ് ഷാജിയോടും മുഹമ്മദ് ഫൈസലിനോടും വഴക്കും കേസും തുടങ്ങിയത്.
ഇടുക്കിയിൽ വധശിക്ഷ വിധിച്ചത് അഞ്ചു പേർക്ക്
തൊടുപുഴ: ജില്ലയിൽ വധ ശിക്ഷയ്ക്ക് വിധിച്ചത് ഹമീദ് ഉൾപ്പെടെ അഞ്ചു പേരെ. 2003-ൽ ജ്യേഷ്ഠനെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി എഴുമുട്ടം ചീരാങ്കുന്നേൽ ജോഷിയെ (33) അഡീഷനൽ സെഷൻസ് ജഡ്ജി (ഫാസ്റ്റ് ട്രാക്ക് കോടതി) വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഉറങ്ങിക്കിടന്ന ചീരാങ്കുന്നേൽ സജി (36), മക്കളായ ലാൽ (നാല്), മീനു (ഒന്നര) എന്നിവരെയാണ് പ്രതി വാക്കത്തികൊണ്ടു വെട്ടിക്കൊലപ്പെടുത്തിയത്.
അടിമാലി മുക്കുടത്ത് അമ്മയുൾപ്പെടെ നാലു പേരെ കൊലപ്പെടുത്തിയ കേസിൽ അഞ്ചാംമൈൽ കൊന്നക്കൽ ജോമോനെ (26) അഡീഷണൽ സെഷൻസ് ജഡ്ജി കെ.ആർ.ജിനൻ അത്യപൂർവമായ ഇരട്ട വധശിക്ഷയ്ക്കു വിധിച്ചു. വധശിക്ഷ നടപ്പാക്കുന്നതിനു മുൻപു പ്രതി ജീവപര്യന്തം കഠിനതടവും അനുഭവിക്കണമെന്നും വിധിയിലുണ്ടായിരുന്നു. 2006 സെപ്റ്റംബർ രണ്ടിനായിരുന്നു കൊലപാതകം.
മുക്കുടം അഞ്ചാംമൈൽ കൊന്നക്കൽ മേരി (52), മേരിയുടെ പിതാവ് ജോസഫ്(88), അയൽവാസി ഓന്തുപാറയിൽ ദാമോദരൻ (78), ദാമോദരന്റെ മരുമകൾ ശാന്ത (38) എന്നിവരെയാണ് ജോമോൻ കൊലപ്പെടുത്തിയത്.
വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ അമ്മയെയും മകളെയും പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു.
ചുരക്കുളം പുതുവൽതടത്തിൽ രാജേന്ദ്രൻ, പെരുവേലിൽ പറന്പിൽ ജോമോൻ എന്നിവരെയാണ് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
2007 ഡിസംബർ രണ്ടിനായിരുന്നു സംഭവം. രാജേന്ദ്രനെ ആദ്യം വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ജോമോനെ പിന്നീട് കോടതിയിൽ ഹാജരാക്കിയാണ് ശിക്ഷ വിധിച്ചത്.
ആറു വയസുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും 14 വയസുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത പ്രതിക്ക് ഇടുക്കി അതിവേഗ പോക്സോ കോടതി വധശിക്ഷയും 92 വർഷം തടവു ശിക്ഷയും വിധിച്ചിരുന്നു.
2021 ഒക്ടോബർ മൂന്നിനായിരുന്നു സംഭവം. അതിനു ശേഷം ഇന്നലെയാണ് ചീനിക്കുഴി കൂട്ടക്കൊലക്കേസിലെ പ്രതി ഹമീദിന് വധ ശിക്ഷ വിധിക്കുന്നത്.
National
മുസാഫർനഗർ: ഭാര്യ ആൺ സുഹൃത്തിനൊപ്പം പോയതിൽ മനംനൊന്ത് ഭർത്താവ് കൈക്കുഞ്ഞ് അടക്കം നാല് മക്കളുമായി നദിയിൽ ചാടി. മുസഫർനഗറിലെ ഷാംലി ജില്ലയിലെ 38 കാരനായ സൽമാനാണ് മക്കളുമായി യമുന നദിയിൽ ചാടിയത്.
12 കാരനായ മഹക്, അഞ്ച് വയസുകാരി ഷിഫ, മൂന്ന് വയസുള്ള അമൻ, എട്ട് മാസം പ്രായമുള്ള കൈക്കുഞ്ഞ് ഇനൈഷ എന്നിവരാണ് സല്‍മാന്റെ മക്കള്‍.
ഭാര്യ പോയതിനെ കുറിച്ചും താനും മക്കളും നദിയിൽ ചാടാൻ പോകുകയാണെന്നും പറഞ്ഞ് ഒരു വീഡിയോ സൽമാൻ സഹോദരിക്ക് അയച്ചിരുന്നു. മരണത്തിന് കാരണം ഭാര്യയും കാമുകനുമാണെന്നും ഇയാൾ വീഡിയോയിൽ ആരോപിക്കുന്നുണ്ട്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഈ വീഡിയോയുമായി സഹോദരി പോലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാരുടെയും മുങ്ങൽ വിദഗ്ധരുടേയും സഹായത്തോടെ പോലീസ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.
പതിനഞ്ച് വർഷം മുൻപാണ് സൽമാനും കുഷ്നുമയും തമ്മിൽ വിവാഹിതരായത്. എന്നാൽ ഈ അടുത്തായി ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞദിവസം തർക്കത്തിന് പിന്നാലെ കുഷ്നുമ തന്റെ ആൺ സുഹൃത്തിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു.
പിന്നാലെ സൽമാൻ മക്കളുമായി യമുനയ്ക്ക് കുറുകെയുള്ള പാലത്തിൽ നിന്നും ചാടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും തിരച്ചില്‍ തുടരുമെന്നും പോലീസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ അമ്മത്തൊട്ടിലിൽ ഒരേദിവസം മുന്ന് കുഞ്ഞുങ്ങളെത്തി. തിരുവനന്തപുരത്ത് രണ്ടും ആലപ്പുഴയിൽ ഒരു കുഞ്ഞിനെയുമാണ് ബുധനാഴ്ച ലഭിച്ചത്.
മൂന്നും പെൺകുട്ടികളാണ്. ആദ്യമായാണ് ഇങ്ങനെ ലഭിക്കുന്നതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി പറഞ്ഞു.
തിരുവനന്തപുരത്ത് ലഭിച്ച രണ്ട് കുട്ടികൾക്ക് ഏകദേശം രണ്ടാഴ്ച പ്രായം വരും. ആലപ്പുഴയിലെ കുഞ്ഞിന് വീണ എന്നും തിരുവനന്തപുരത്തെ കുട്ടികൾക്ക് അക്ഷര, അഹിംസ എന്നും പേരിട്ടു.
മൂന്ന് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ് എന്ന് അധികൃതർ അറിയിച്ചു. ഈ വർഷം ഇതുവരെ ആകെ 23 കുഞ്ഞുങ്ങളെയാണ് അമ്മത്തൊട്ടിലിൽ ലഭിച്ചിട്ടുള്ളത്. ഇതിൽ 14 പെൺകുട്ടികളും ഒൻപത് ആൺകുട്ടികളും ഉൾപ്പെടുന്നു.
Chocolate
കുട്ടികളില്‍ പൊതുവെ കാണപ്പെടുന്ന ന്യൂറോഡെവലപ്മെന്റൽ ഡിസോര്ഡറുകളിലൊന്നാണ് അറ്റന്ഷന് ഡെഫിസിറ്റ്/ ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ അഥവ എഡിഎച്ച്ഡി. കുട്ടികളുടെ പഠനം, സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയ സ്വഭാവസവിശേഷതകളെയൊക്കെ പ്രതികൂലമായി ബാധിക്കുന്ന രോഗാവസ്ഥയാണിത്. എഡിഎച്ച്ഡി നേരത്തേ തിരിച്ചറിയുവാനും അത്തരം കുട്ടികളോട് എങ്ങനെ ഇടപെടണമെന്നും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.
പത്തു വയസുകാരനായ ആദിത്യ (പേര് സാങ്കല്പികം) നാലാം ക്ലാസില്‍ പഠിക്കുകയാണ്. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന അടക്കമില്ലാത്ത സ്വഭാവത്തിനുമുടമയുമായ ആദിത്യയെക്കുറിച്ച് അവന്റെ അമ്മയ്ക്ക് എപ്പോഴും ആശങ്കയാണ്.
ആദിത്യയുടെ അമ്മ അഭിമുഖീകരിച്ച പ്രധാനപ്പെട്ട ചില വെല്ലുവിളികള്‍ നമുക്ക് നോക്കാം.
ഹൈപ്പര്‍ ആക്ടിവിറ്റി : ആദിത്യ വെറുതേയിരിക്കുകയേയില്ല. എപ്പോഴും ഓട്ടം, ചാട്ടം, ക്ലൈംബിംഗ് ഒക്കെയാണു താത്പര്യം. ഒരു കളിപ്പാട്ടമെടുത്ത് വളരെ അപൂര്‍വമായാണ് അവന് കളിക്കാനിരിക്കുക. എന്നാല്‍ അഞ്ചു മിനിറ്റിനുള്ളില്‍ അത് ഉപേക്ഷിച്ചുപോകുകയും ചെയ്യും.
ഇംപള്‍സിവിറ്റി: എപ്പോഴും ഓടിച്ചാടി നടക്കുന്ന സ്വഭാവം കാരണം അടിക്കടി വീഴുവാനും ശരീരത്തില്‍ മുറിവുകളും മറ്റു പരിക്കുകളും ഉണ്ടാകുവാനുമുള്ള സാധ്യതകള്‍ ഏറെയാണ്. കുട്ടിക്ക് വികൃതിയും ബഹളവും കൂടുതലായതിനാല്‍ വീട്ടില്‍ ശാന്തതയോടെയിരിക്കുവാന് ഏറെ പ്രയാസമാണ്.
ശ്രദ്ധക്കുറവ്: ഹോംവര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനായി ആദിത്യ എപ്പോഴും ഏറെ പ്രയാസപ്പെടാറുണ്ട്. നിരന്തരമായ കര്‍ക്കശ നിര്‍ദേശങ്ങള്‍ നല്കിയാല് മാത്രമാണ് അവന് ഹോംവര്‍ക്കുകള്‍ ചെയ്യുവാനായി ആരംഭിക്കുക. അവന്റെ ശ്രദ്ധാശേഷി ഹ്രസ്വമാണ്, പ്രത്യേകിച്ച് തുടര്‍ച്ചയായി കുറച്ചധികനേരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കേണ്ടുന്ന കാര്യങ്ങളില്‍.
ബിഹേവിയറല്‍ പ്രോബ്ലംസ് (സ്വഭാവത്തിലെ പ്രശ്നങ്ങള്‍): ചെറിയ കാര്യങ്ങളില്‍പ്പോലും ദുഃശാഠ്യം പിടിക്കുക, അവന്റെ തെറ്റുകള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുക, അമ്മയെ അലോസരപ്പെടുത്തുന്നതിനായി മാത്രം പറഞ്ഞ കാര്യങ്ങളില്‍ നേരെ വിപരീതമായിട്ടുള്ളവ ചെയ്യുക തുടങ്ങിയ സ്വഭാവരീതികള്‍.
സ്കൂളിലെ വെല്ലുവിളികള്‍: ആദിത്യ ക്ലാസില്‍ ശ്രദ്ധിക്കുന്നില്ല, മറ്റു കുട്ടികളെ ബുദ്ധിമുട്ടിക്കുന്നു, പലപ്പോഴും സഹപാഠികളെ മര്‍ദിക്കുന്നു എന്നിങ്ങനെയുള്ള പരാതികള്‍ അധ്യാപകര്‍ നിരന്തരം മാതാപിതാക്കളെ അറിയിക്കുന്നു. തന്റെ പുസ്തകങ്ങള്‍, മറ്റ് പഠനോപകരണങ്ങള്‍ തുടങ്ങിയവയെല്ലാം തീരെ ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്യുകയും പലപ്പോഴും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
എഡിഎച്ച്ഡിയും സ്ക്രീന്‍ ടൈമും
എന്റെ കുഞ്ഞിന് എഡിഎച്ച്ഡി ഉണ്ടെങ്കില്‍ എങ്ങനെയാണ് ഞാനവനെ വീഡിയോകള്‍ കാണുന്നതിനും മൊബൈല്‍ ഗെയിമിംഗിനുമൊക്കെ ഇരുത്തുക? മാതാപിതാക്കള്‍ അവരോടുതന്നെയും, ഡോക്ടര്‍മാരോടും എപ്പോഴും ചോദിക്കുന്ന ചോദ്യമാണിത്.
വീഡിയോകളിലും, ടെലിവിഷന്‍ പ്രോഗ്രാമുകളിലും അടിക്കടി ശബ്ദവും നിറങ്ങളും ചിത്രങ്ങളും വെളിച്ചത്തിന്റെ തീവ്രതയുമെല്ലാം മാറിക്കൊണ്ടിരിക്കുന്നതിനാലും തുടര്‍ച്ചയായ ശ്രദ്ധ ആവശ്യമില്ലാത്തതിനാലും എഡിഎച്ച്ഡിയുള്ള കുട്ടികള്‍ക്ക് സ്ക്രീനിനു മുന്പില് മണിക്കൂറുകള്‍ ചെലവഴിക്കാന്‍ സാധിക്കും. എങ്കിലും ഹൈപ്പര്‍ ആക്ടീവായ കുട്ടികള്‍ക്ക് ഗാഡ്ജറ്റുകള്‍ നല്കി ശീലിപ്പിക്കുന്നത് നല്ല ഒരു രീതിയല്ല. താത്കാലിക ആശ്വാസം ലഭിക്കുമെങ്കിലും സ്ക്രീന്‍ അഡിക്ഷന് ഉണ്ടാകുവാനുള്ള സാധ്യതകളുണ്ട്. അത് കുട്ടിയുടെ ശ്രദ്ധക്കുറവ് കൂടുതല്‍ വഷളാക്കിയേക്കാം. കൂടുതല്‍ മാനസികപ്രയത്നം ആവശ്യമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനുള്ള കുട്ടിയുടെ ശേഷിയെ ഇതു പ്രതികൂലമായി ബാധിക്കും. ആക്രമണസ്വഭാവമുള്ള കണ്ടന്റുകള്‍ കാണുന്നതിലൂടെ കുട്ടിയില്‍ ആക്രമണസ്വഭാവം വളരുവാനുള്ള അപകടസാധ്യതയുമുണ്ട്. അമിതമായ സ്ക്രീന്‍ ടൈം കുട്ടിക്ക് മറ്റു പ്രവൃത്തികളില്‍ താത്പര്യം കുറയുന്നതിന് കാരണമായി മാറാറുണ്ട്. അതിനാല്‍ എഡിഎച്ച്ഡി സ്വഭാവം കൈകാര്യം ചെയ്യുവാനുള്ള പ്രാഥമിക മാര്‍ഗമായി ഗാഡ്ജറ്റുകളെ കാണാതെ അവരുടെ നല്ല ശീലങ്ങള്‍ക്കുള്ള സമ്മാനമായി സ്ക്രീന്‍ ടൈം അനുവദിച്ചു നല്‍കാം.
ഡോ. എച്ച്. നീരജ്
സൈക്യാട്രിസ്റ്റ്, അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍, അങ്കമാലി