തൃശൂർ: ചവിട്ടുനാടകം എന്നാൽ രാജു ആശാനു ജീവനും ശ്വാസവുമാണ്. അച്ഛനിലൂടെ പകർന്നുകിട്ടിയ സിദ്ധി ജ്യേഷ്ഠൻ അനിരുദ്ധനും അനുജൻ രാജുവും പൊന്നുപോലെ കാത്തുസൂക്ഷിച്ച് തലമുറകൾക്കു പകർന്നുനൽകുന്നു.
കഴിഞ്ഞ13 വർഷമായി കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽനിന്ന് ഒന്നാംസ്ഥാനം നേടി സംസ്ഥാന കലോത്സവത്തിനെത്തി എ ഗ്രേഡ് സ്വന്തമാക്കിയത് ഇവർ പരിശീലിപ്പിച്ച ടീമുകളാണ്. രണ്ടുവർഷം മുന്പ് ജ്യേഷ്ഠൻ മരിച്ചതോടെ രാജുവിനായി പൂർണ ഉത്തരവാദിത്വം. ഇതോടെ സഹായികളായി രണ്ട് ആണ്മക്കളും കളത്തിലിറങ്ങി; അമൽ രാജും അഭിരാജും. മാസങ്ങൾക്കുമുന്പ് അമൽരാജ് കാനഡയിൽ ജോലികിട്ടി പോയെങ്കിലും ഇളയവൻ അച്ഛനൊപ്പമുണ്ട്.
ഹയർ സെക്കൻഡറി ചവിട്ടുനാടകമത്സരത്തിൽ രാജുവിന്റെ നാലു ടീമുകൾ മത്സരിച്ചു. സെന്റ് ജോസഫ്സ് തലശേരി, രാജീവ് ഗാന്ധി ഗവ. എച്ച്എസ്എസ് പാനൂർ, ചട്ടഞ്ചാൽ സിഎച്ച്എസ്എസ് കാസർഗോഡ്, എച്ച്ഡിപി സമാജം എടതിരിഞ്ഞി എന്നിവ. നാലു ടീമിനും എ ഗ്രേഡ്. തലശേരി ടീം മാത്രമായിരുന്നു ആണ്കുട്ടികളുടേത്.
ഹൈസ്കൂൾ വിഭാഗത്തിൽ മാറ്റുരച്ചത് ആശാന്റെ അഞ്ചു ടീമുകൾ. സെന്റ് മേരിസ് കായംകുളം, പ്രോവിഡൻസ് കോഴിക്കോട്, രാജീവ് ഗാന്ധി പാനൂർ, രാമവിലാസം തലശേരി, ചട്ടഞ്ചാൽ കാസർഗോഡ് ടീമുകൾ. ഗാംഭീര്യമുള്ള ശബ്ദത്തിൽ ചേട്ടനും അനുജനും പാടിയിട്ടുള്ള പാട്ടുകളാണ് ഇവരുടെ നാടകങ്ങളുടെ ഹൈലൈറ്റ്.
ഗോതുരുത്ത് ഗ്രാമത്തിൽ ചവിട്ടുനാടകം എന്ന കലാരൂപം കൊണ്ടുവന്ന സബീന റാഫി ടീച്ചറുടെ കാലംമുതലേ രാജു ആശാന്റെ അച്ഛൻ നടരാജൻ ചവിട്ടുനാടകം കളിക്കുമായിരുന്നു. ഒന്നാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ മുന്പിൽ കളിച്ച ചവിട്ടുനാടക ടീമിന്റെ ക്യാപ്റ്റന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. അച്ഛന്റെ കാലത്ത് 15 ദിവസമായി കളിച്ചിരുന്ന കാറൾസ്മാൻ ചരിതം അഞ്ചു ഭാഗങ്ങളായി തിരിച്ച് അഞ്ചു ചെറിയ നാടകങ്ങളാക്കിയാണ് ഇപ്പോൾ കുട്ടികളെ പഠിപ്പിക്കുന്നത് - കാറൾസ്മാൻ, പ്ലോരിപ്പിസ്, ഗളളോന്റെ ചതി, അഞ്ജലിക, ഭാര്യമാരുടെ മരണം.
504 കുടുംബശ്രീ അംഗങ്ങളെ ചവിട്ടുനാടകം പഠിപ്പിച്ച അരങ്ങിലെത്തിച്ച് മാസങ്ങൾക്കുമുന്പ് വേൾഡ് ടാലന്റ് റിക്കാർഡ് സ്വന്തമാക്കിയിട്ടുണ്ട് രാജു ആശാൻ. ഗോതുരുത്ത് കുറുന്പാതുരുത്തിൽനിന്ന് ഉയർന്നുവന്ന അമ്മാഞ്ചേരി വീട്ടിൽ രാജുവെന്ന ഈ കലാഗുരു കലോത്സവചരിത്രത്തിൽ പുത്തൻ അധ്യായങ്ങൾ എഴുതിച്ചേർക്കുകയാണ് ഓരോ വർഷവും.
Tags : nattu vishesham Raju Ashan's children