തൊടുപുഴ: മുത്തച്ഛന്റെ ക്രൂരതയിൽ വെന്തുമരിച്ച കുഞ്ഞുങ്ങൾക്ക് നീതി ലഭിച്ചെന്നും തന്റെ കടമ നിറവേറ്റിയെന്നും മുഖ്യ സാക്ഷിയും കൊല്ലപ്പെട്ട ഫൈസലിന്റെ അയൽവാസിയുമായ കല്ലുറുന്പിൽ രാഹുൽ രാജ്.
രാഹുൽ വിധി കേൾക്കുന്നതിനായി മുട്ടം കോടതിയിൽ എത്തിയിരുന്നു. തീ ആളിപ്പടർന്ന വീട്ടിലേക്ക് ആദ്യം ഓടിയെത്തിയത് രാഹുലായിരുന്നു. മുറിക്കുള്ളിൽ തീ ആളിപ്പടർന്നതിനെ തുടർന്ന് നാലുപേർക്കും മുറിയിൽനിന്ന് രക്ഷപെടാൻ മാർമില്ലാതെ വന്നു. ഈ സമയം ഇളയ കുട്ടി സമീപം താമസിക്കുന്ന രാഹുലിനെ ഫോണിൽ വിളിക്കുകയായിരുന്നു.
വീട്ടിലേക്ക് പാഞ്ഞെത്തിയ രാഹുൽ കിടപ്പുമുറിയുടെ മുകളിൽനിന്നു പുക ഉയരുന്നത് കണ്ട് മുൻവശത്തെ വാതിൽ ചവിട്ടിപ്പൊളിച്ചു. നോക്കുന്പോൾ കിടപ്പ് മുറിയിലേയ്ക്ക് വീണ്ടും പെട്രോൾ ഒഴിക്കുന്നതിനായി നിൽക്കുന്ന ഹമീദിനെ കണ്ടു. തള്ളി മാറ്റി മുറിയ്ക്കുള്ളിൽ ഉണ്ടായിരുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹമീദ് കൈയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ നിറച്ച കുപ്പികൾ കൂടി തീ കത്തിക്കൊണ്ടിരുന്ന വാതിലിന് വിടവിലൂടെ വീണ്ടും മുറിയിലേയ്ക്ക് എറിയുകയായിരുന്നു.
തീ ആളിപ്പടർന്നതോടെ തനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും രാഹുൽ ഓർക്കുന്നു. കുട്ടികളെയടക്കം നാലു പേരെ കൊന്നയാൾക്ക് ഈ ശിക്ഷ തന്നെയാണ് കൊടുക്കേണ്ടത്. വിധി സമൂഹത്തിന് നൽകുന്ന സന്ദേശം വലുതാണെന്നും ഇത്തരം കൊലപാതകം നടത്തുന്നവർക്ക് ഇത് പാഠമാകണമെന്നും രാഹുൽ പറഞ്ഞു.
പ്രോസിക്യൂഷന് അഭിനന്ദനം
തൊടുപുഴ: ചീനിക്കുഴി കൂട്ടക്കൊലക്കേസിൽ പ്രോസിക്യൂഷന്റെ എല്ലാ വാദങ്ങളും അംഗീകരിച്ചാണ് കോടതി പ്രതിയ്ക്ക് വധശിക്ഷ വിധിച്ചത്. ക്രൂര കൊലപാതകം നടത്തിയ പ്രതിയുടെ പ്രായം ഇളവായി പരിഗണിക്കാൻ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
മറ്റ് സാഹചര്യങ്ങളെല്ലാം കണക്കിലെടുക്കുന്പോൾ ഇതൊരു നിഷ്ഠുര കൊലപാതകമാണെന്ന് തെളിയിക്കാനായെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ള പറഞ്ഞു. ദൃക്സാക്ഷിയും അയൽവാസിയുമായ രാഹുൽ രാജിന്റെ മൊഴി ഏറ്റവും നിർണായകമായി. മരിച്ച ഇളയകുട്ടി ഫോണ് ചെയ്താണു വിവരം പറഞ്ഞതും രാഹുൽ അവിടെയെത്തുന്നതും. സംഭവശേഷം പ്രതി നടത്തിയ ഫോണ് കോളുകൾ അയാളുടെ ഫോണിൽ തന്നെ റിക്കാർഡായിരുന്നു. അതിന്റെ റിപ്പോർട്ടുകളും ഉണ്ടായിരുന്നു.
പ്രതിയുടെ ശരീരത്തിലെ പൊള്ളലുകളും പ്രധാന തെളിവായി. സംഭവത്തിന് രണ്ടുദിവസം മുന്പു പ്രതിയുടെ സാധനസാമഗ്രികളും 2,20,000 രൂപയും 50,000 രൂപയുടെ ചെക്ക് അടക്കമുള്ള കുറച്ച് രേഖകളും ജ്യേഷ്ഠന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു . കരുതിക്കൂട്ടിയാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കുന്നതായിരുന്നു ഇത്. വിചാരണ വേളയിൽ 2,20,000 രൂപ തന്റെ സ്വന്തമാണെന്ന് ഹർജിയിലൂടെ ആവശ്യപ്പെട്ട് പ്രതി തിരികെ വാങ്ങിയിരുന്നു.
വിധിയിൽ സന്തോഷം: അന്വേഷണ ഉദ്യോഗസ്ഥൻ
തൊടുപുഴ: വിധിയിൽ സന്തോഷമുണ്ടെന്ന് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനും തൊടുപുഴ ഡിവൈഎസ്പിയുമായിരുന്ന എ.ജി.ലാൽ പറഞ്ഞു. പ്രായത്തിന്റെ ആനുകൂല്യം പ്രതിക്ക് ലഭിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു.
പക്ഷേ അതുണ്ടായില്ല, പ്രതി അർഹിക്കുന്ന ശിക്ഷതന്നെയാണ് ലഭിച്ചത്. ക്രൂരമായ നാലു കൊലപാതകങ്ങളാണ് പ്രതി നടത്തിയത്. പ്രോസിക്യൂട്ടർ കേസ് നല്ല രീതിയിൽ അവതരിപ്പിച്ചു. എല്ലാരീതിയിലുമുള്ള തെളിവുകൾ പോലീസിന് ശേഖരിക്കാൻ സാധിച്ചു. പ്രതിയുടെ ശരീരത്തിൽ പൊള്ളലും വസ്ത്രങ്ങളിലും ശരീരത്തും പെട്രോളിന്റെ അംശവുമുണ്ടായിരുന്നു. മുറിയിൽനിന്നും പെട്രോളിന്റെ അംശങ്ങൾ ശേഖരിക്കാൻ കഴിഞ്ഞതോടെ കുറ്റം സമർഥിക്കാൻ സാധിച്ചു.
കൊല നടത്തണമെന്ന ഉദ്ദേശ്യം നേരത്തെതന്നെ പ്രതിക്കുണ്ടായിരുന്നു. അതിനാലാണ് സ്വന്തം സാധനങ്ങൾ മാറ്റിയത്. ഒരുമാസം മുന്പ് മകനെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഈ പരാതിയും രേഖയായി ഹാജരാക്കിയിരുന്നു. കൃത്യം കണ്ട രാഹുൽ ഉൾപ്പെടെ അയൽവാസികളും ബന്ധുക്കളും കൃത്യമായി മൊഴി നൽകി. കേസിൽ സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
പ്രതീക്ഷിച്ച വിധി:സീബയുടെ സഹോദരൻ
തൊടുപുഴ: വിധി പ്രതീക്ഷിച്ചിരുന്നതായി കൊല്ലപ്പെട്ട സീബയുടെ സഹോദരൻ സി.എ. സൈജു പറഞ്ഞു. ക്രൂര കൊലപാതകം നടത്തിയ ഹമീദിന് വധശിക്ഷ വധിച്ചതിൽ നീതിന്യായ വ്യവസ്ഥയോട് കടപ്പെട്ടിരിക്കുന്നു.
സൈജുവിന്റെ ഇളയ സഹോദരിയാണ് കൊല്ലപ്പെട്ട സീബ. മങ്കുഴിയിൽ താമസിച്ചിരുന്ന സൈജുവിന്റെ മക്കളും കൊല്ലപ്പെട്ട സീബയുടെ മക്കളും ഒരു സ്കൂളിലാണ് പഠിച്ചിരുന്നത്. അവരുടെ വിയോഗത്തിൽ നിന്ന് തനിക്കും തന്റെ മക്കൾക്കും ഇതുവരെ കരകയറാൻ കഴിഞ്ഞിട്ടില്ല.
കൊലപാതക വിവരം അറിഞ്ഞ് മനസുനൊന്താണ് ഒരു വർഷം തികയും മുൻപ് ഉപ്പയും തങ്ങളെ വിട്ടുപോയത്. സീബയുടെയും കുടുംബത്തിന്റെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു പുതിയ വീട്ടിലേയ്ക്ക് മാറി താമസിക്കുക എന്നത്.
അതിനുപോലും അനുവദിക്കാതെയാണ് അയാൾ കൊടും ക്രൂരത ചെയ്തത്. സീബയുടെ പേരിലുള്ള പുതിയ വീട്ടിൽ ഇപ്പോൾ സൈജുവും കുടുംബവുമാണ് താമസിക്കുന്നത്.
പിതാവ് പുറത്തിറങ്ങരുത്: മൂത്ത മകൻ ഷാജി
തൊടുപുഴ: അയാൾ പുറത്തിറങ്ങരുതെന്ന് ഹമീദിന്റെ മൂത്തമകൻ ഷാജി പറഞ്ഞു. നാടുവിട്ട് പോയി 25 വർഷത്തിന് ശേഷം കണ്ടെത്തി കൊണ്ടുവന്നത് ഞാനാണ്. ഒരുതെറ്റും ചെയ്യാത്തവരെയാണ് ചുട്ടുകൊന്നത്. തന്നെയും കൊന്നേനെ.
വിധിയിൽ സഹതാപമില്ലെന്നും ഷാജി പറഞ്ഞു. സ്വത്തുക്കൾ മക്കൾക്ക് നൽകിയാണ് ഹമീദ് നാടുവിട്ടത്. ഹൈറേഞ്ചിൽനിന്നു ഷാജിയാണ് തിരികെ നാട്ടിലെത്തിച്ചത്. പിന്നീട് സ്വത്ത് തിരിച്ചെഴുതി നൽകണമെന്നാശ്യപ്പെട്ടാണ് ഷാജിയോടും മുഹമ്മദ് ഫൈസലിനോടും വഴക്കും കേസും തുടങ്ങിയത്.
ഇടുക്കിയിൽ വധശിക്ഷ വിധിച്ചത് അഞ്ചു പേർക്ക്
തൊടുപുഴ: ജില്ലയിൽ വധ ശിക്ഷയ്ക്ക് വിധിച്ചത് ഹമീദ് ഉൾപ്പെടെ അഞ്ചു പേരെ. 2003-ൽ ജ്യേഷ്ഠനെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി എഴുമുട്ടം ചീരാങ്കുന്നേൽ ജോഷിയെ (33) അഡീഷനൽ സെഷൻസ് ജഡ്ജി (ഫാസ്റ്റ് ട്രാക്ക് കോടതി) വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഉറങ്ങിക്കിടന്ന ചീരാങ്കുന്നേൽ സജി (36), മക്കളായ ലാൽ (നാല്), മീനു (ഒന്നര) എന്നിവരെയാണ് പ്രതി വാക്കത്തികൊണ്ടു വെട്ടിക്കൊലപ്പെടുത്തിയത്.
അടിമാലി മുക്കുടത്ത് അമ്മയുൾപ്പെടെ നാലു പേരെ കൊലപ്പെടുത്തിയ കേസിൽ അഞ്ചാംമൈൽ കൊന്നക്കൽ ജോമോനെ (26) അഡീഷണൽ സെഷൻസ് ജഡ്ജി കെ.ആർ.ജിനൻ അത്യപൂർവമായ ഇരട്ട വധശിക്ഷയ്ക്കു വിധിച്ചു. വധശിക്ഷ നടപ്പാക്കുന്നതിനു മുൻപു പ്രതി ജീവപര്യന്തം കഠിനതടവും അനുഭവിക്കണമെന്നും വിധിയിലുണ്ടായിരുന്നു. 2006 സെപ്റ്റംബർ രണ്ടിനായിരുന്നു കൊലപാതകം.
മുക്കുടം അഞ്ചാംമൈൽ കൊന്നക്കൽ മേരി (52), മേരിയുടെ പിതാവ് ജോസഫ്(88), അയൽവാസി ഓന്തുപാറയിൽ ദാമോദരൻ (78), ദാമോദരന്റെ മരുമകൾ ശാന്ത (38) എന്നിവരെയാണ് ജോമോൻ കൊലപ്പെടുത്തിയത്.
വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ അമ്മയെയും മകളെയും പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു.
ചുരക്കുളം പുതുവൽതടത്തിൽ രാജേന്ദ്രൻ, പെരുവേലിൽ പറന്പിൽ ജോമോൻ എന്നിവരെയാണ് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
2007 ഡിസംബർ രണ്ടിനായിരുന്നു സംഭവം. രാജേന്ദ്രനെ ആദ്യം വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ജോമോനെ പിന്നീട് കോടതിയിൽ ഹാജരാക്കിയാണ് ശിക്ഷ വിധിച്ചത്.
ആറു വയസുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും 14 വയസുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത പ്രതിക്ക് ഇടുക്കി അതിവേഗ പോക്സോ കോടതി വധശിക്ഷയും 92 വർഷം തടവു ശിക്ഷയും വിധിച്ചിരുന്നു.
2021 ഒക്ടോബർ മൂന്നിനായിരുന്നു സംഭവം. അതിനു ശേഷം ഇന്നലെയാണ് ചീനിക്കുഴി കൂട്ടക്കൊലക്കേസിലെ പ്രതി ഹമീദിന് വധ ശിക്ഷ വിധിക്കുന്നത്.
Tags : Children nattuvisheasham local