കണ്ണൂർ: പയ്യന്നൂര്‍ രാമന്തളിയില്‍ നാല് ജീവനുകൾ പൊലിഞ്ഞത് മക്കളെ ചൊല്ലിയുള്ള തർക്കത്തിൽ. കുട്ടികളെ ആര് നോക്കുമെന്ന തർക്കമാണ് ഒടുവിൽ ജീവനെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് രാമന്തളി വടക്കുമ്പാട് സ്വദേശിയായ കലാധരൻ, അമ്മ ഉഷ, കലാധരന്റെ മക്കളായ അഞ്ച് വയസുകാരി ഹിമ, രണ്ട് വയസുള്ള കണ്ണന് എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടികളെ തനിക്കൊപ്പം വിടണമെന്ന് അമ്മ നിലപാടെടുത്തപ്പോൾ കോടതിയും അനുകൂല ഉത്തരവിട്ടിരുന്നു. ആഴ്ചയിലൊരു ദിനം പിതാവിനൊപ്പം വിടണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
കുഞ്ഞുങ്ങള്‍ തങ്ങള്‍ക്ക് പിതാവിനൊപ്പം നിന്നാല്‍ മതിയെന്നും അമ്മയുടെ വീട്ടിലേക്ക് വിട്ടാല്‍ അവര്‍ കൊല്ലുമെന്ന് കുഞ്ഞുങ്ങള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം കുട്ടികളുടെ അമ്മയില്‍ നിന്നും പലതവണ കള്ളപ്പരാതികളെത്തിയെന്ന് ബന്ധുക്കള്‍ പറയുന്നു.
വിവാഹമോചനത്തിന് പിന്നാലെ കുട്ടികളെ അവരുടെ അമ്മയ്ക്കൊപ്പം വിടുന്നതില്‍ കലാധരന്‍ എതിര്‍പ്പുണ്ടായിരുന്നു. ഇതിനു പിന്നാലെ ഇയാള്‍ കടുത്ത മാനസിക പിരിമുറുക്കത്തിലുമായിരുന്നു. കഴിഞ്ഞ എട്ടുമാസത്തോളമായി കലാധരനും ഭാര്യയും മാറിത്താമസിക്കുകയായിരുന്നു.
കലാധരന്റെ മാതാപിതാക്കളും ആദ്യം ഇവര്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടെ കലാധരന്റെ പിതാവ് ഉണ്ണിക്കൃഷ്ണന് മക്കളെ ഉപദ്രവിക്കുന്നെന്ന് ആരോപിച്ച് അമ്മ പരാതി നല്കി. പോക്സോ വകുപ്പുപ്രകാരം കേസെടുത്തു.
മുത്തച്ഛനെതിരെ കേസ് കൊടുത്തതോടെ കുടുംബം തകര്‍ന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതോടെ കലാധരന്റെ അച്ഛന് വീട്ടില്‍ നിന്നും താമസം മാറ്റി. ഒടുവില്‍ കുട്ടികൾക്ക് പാലില്‍ വിഷം നല്കിയ ശേഷം കലാധരനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നു.