റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിൽനിന്ന് 13 ദിവസം മുന്പ് കാണാതായ അഞ്ചുവയസുകാരൻ അൻഷ് കുമാറിനെയും നാലുവയസുള്ള സഹോദരി അൻഷികയെയും കണ്ടെത്തി.
പന്ത്രണ്ട് സംസ്ഥാനങ്ങളിലേക്കു നീണ്ട അന്വേഷണത്തിനൊടുവിലാണു കുട്ടികളെ അപ്രതീക്ഷിതമായി കണ്ടെത്തിയത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. മാതാപിതാക്കൾ എത്തി കുട്ടികളെ തിരിച്ചറിഞ്ഞുവെന്നും ജാർഖണ്ഡ് പോലീസ് അറിയിച്ചു.
ധുർവ പോലീസ് സ്റ്റേഷൻ പരിധിയിലെ ജഗർനാഥ്പുർ മൗസി ബാരിയിൽനിന്നാണ് ഈ മാസം ആദ്യം ഇരുവരെയും കാണാതായത്. സമീപത്തെ കടയിൽ പോയ കുട്ടികൾ അപ്രത്യക്ഷരാവുകയായിരുന്നു.
കുട്ടികളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചുവെങ്കിലും നിർണായക വഴിത്തിരിവൊന്നും ആദ്യദിവസങ്ങളിൽ ഉണ്ടായില്ല. അഞ്ഞൂറിലധികം സിസിടിവി ദൃശ്യങ്ങളും അയ്യായിരത്തോളം വാഹനങ്ങളുടെ വിശദാംശങ്ങളും സംഘം ഇഴകീറി പരിശോധിച്ചു. ഒട്ടേറെ ആളുകളെ ചോദ്യംചെയ്തു.
ഇതിനിടെ ബുധനാഴ്ച പുലർച്ചെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാംഗഡിൽ നടത്തിയ പരിശോധനയിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു.
ചിത്താർപുരിൽ ഒരു വീടിനു സമീപം ഇരിക്കുകയായിരുന്നു ഇരുവരും. കുട്ടികളെ കടത്തുന്ന അന്തർസംസ്ഥാന സംഘത്തിലെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Tags : Jharkhand children found