National
മുംബൈ: ഏപ്രിലിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൻസിപി നേതാവ് ശരദ് പവാർ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായി ശിവസേന (ഉദ്ധവ് താക്കറെ) വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. തന്റെ 85-ാം വയസിൽ പ്രായം കണക്കിലെടുത്ത് ഇത്തവണ രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് പവാർ നേരത്തെ പറഞ്ഞെങ്കിലും സഞ്ജയ് റാവത്തിന്റെ പ്രസ്താവന എൻസിപി ശരദ് പവാർ വിഭാഗം നിഷേധിച്ചില്ല.
50 വർഷത്തിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ 14 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച ശരദ് പവാർ ഒന്നിൽ പോലും തോറ്റിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ശരദ് പവാർ രാജ്യസഭയിലേക്ക് തിരിച്ചുവരുന്നത് വലിയ രാഷ്ട്രീയ സൂചനകളാണ് നൽകുന്നത്. എൻസിപിയുടെ രണ്ടു വിഭാഗങ്ങളും ഒന്നിക്കുന്നില്ലെങ്കിൽ പവാർ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കരുതെന്നാണ് പവാർ പക്ഷത്തെ മിക്കവരുടെയും അഭിപ്രായം.
പത്തോളം എംഎൽഎമാരാണ് പവാറിന്റെ പാർട്ടിക്കുള്ളത്. മഹാരാഷ്ട്രയിലെ ഏഴ് രാജ്യസഭാ സീറ്റുകളിലേക്കാണ് ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ക്കായി കോണ്‍ഗ്രസിന്റെ പ്രധാന യോഗങ്ങള്‍ ഇന്ന് ചേരും. പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സമിതിയുടെ ആദ്യയോഗമാണ് ചേരുന്നത്. കെ.സി. വേണുഗോപാൽ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
എഐസിസി നിയോഗിച്ച സച്ചിൻ പൈലറ്റ് ഉള്‍പ്പെടെയുള്ള നിരീക്ഷകര്‍ കൂടി പങ്കെടുക്കുന്ന നേതൃയോഗവും ഉച്ചയ്ക്ക് കെപിസിസി ആസ്ഥാനത്ത് ചേരും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തും.
പ്രതിപക്ഷ നേതാവ് പുതുയുഗ യാത്രയിലായതിനാൽ ഓണ്‍ലൈനായി ആകും യോഗത്തിൽ പങ്കെടുക്കുക. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേര്‍ന്ന നേതാക്കളുടെ യോഗം ഈ മാസം അവസാനത്തോടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിൻ ഇറങ്ങാനാണ് കോൺഗ്രസ് നീക്കം.
സിറ്റിംഗ് എംഎൽഎമാരെയും സംവരണ സീറ്റിലെ സ്ഥാനാർഥികളെയും ആദ്യം പ്രഖ്യാപിക്കും. പാലക്കാട് ഷാഫി പറമ്പിലിന്റെ നിലപാട് കൂടി പരിഗണിക്കും. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇന്നലെ കൊച്ചിയിൽ അനൗദ്യോഗിക യോഗം ചേർന്നിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് രണ്ട് സീറ്റുകള്‍ ആവശ്യപ്പെട്ട് സിഎംപി. തിരുവനന്തപുരം, കുന്ദമംഗലം സീറ്റുകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
പാര്‍ട്ടി തെരഞ്ഞെടുപ്പിന് തയാറായിക്കഴിഞ്ഞതായി സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ പറഞ്ഞു. രണ്ട് സീറ്റ് നല്‍കുമെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചോദിച്ച സീറ്റുകള്‍ തന്നെ ലഭിക്കുമോ എന്ന് പറയാനാകില്ല.
രണ്ട് സീറ്റും കിട്ടുമെന്നാണ് പ്രതീക്ഷ. ഈ മാസം 22 ന് മുമ്പായി സീറ്റ് വിഭജനം പൂര്‍ത്തിയാകുമെന്നും ജോണ്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള തിരക്കിട്ട നീക്കവുമായി കോണ്‍ഗ്രസ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പൂര്‍ത്തിയാക്കി ഫെബ്രുവരി അവസാന വാരത്തോടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം.
പ്രചാരണ സമിതിയും പ്രകടനപത്രിക സമിതിയും കോൺഗ്രസ് ഇതിനൊടകം പ്രഖ്യാപിച്ചിരുന്നു. 16ന് കൊച്ചിയില്‍ ചേരുന്ന കെപിസിസി യോഗത്തിന് പിന്നാലെ സ്ക്രീനിംഗ് കമ്മിറ്റി, കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗങ്ങള്‍ ചേര്‍ന്ന് സ്ഥാനാർഥി പട്ടികക്ക് അന്തിമ രൂപം നല്‍കും.
25ന് മുന്‍പ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാനാണ് ആലോചന. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴിച്ച് സിറ്റിംഗ് എംഎല്‍എമാരുടെ പട്ടികയാകും ആദ്യം പുറത്തിറക്കുക. അങ്ങനെയെങ്കില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ നിന്ന് തന്നെ ജനവിധി തേടും. മത്സരിക്കുന്ന കെപിസിസി അധ്യക്ഷന്‍ പകരം പദവിയില്‍ ആരെന്നതിലും തീരുമാനം വരും.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായുള്ള സുപ്രധാന സമിതികളെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. രമേശ് ചെന്നിത്തലയാണ് പ്രചാരണ സമിതി ചെയർമാൻ. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും പ്രചാരണം നയിക്കുന്നതിലും ചെന്നിത്തലയുടെ അനുഭവസമ്പത്ത് ഗുണകരമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ശശി തരൂർ ആണ് പ്രചാരണ സമിതിയുടെ സഹ അധ്യക്ഷൻ.ഷാഫി പറമ്പിൽ പ്രചാരണ സമിതി കൺവീനർ. ബെന്നി ബഹ്നാൻ പ്രകടനപത്രിക സമിതി ചെയർമാൻ ആകും. കൊടിക്കുന്നിൽ സുരേഷാണ് സഹഅധ്യക്ഷൻ.
രമേശ് ചെന്നിത്തല അടക്കം ആകെ പത്ത് അംഗങ്ങളാണ് പ്രചാരണ സമിതിയിലുള്ളത്. താഴെത്തട്ടിലുള്ള പ്രവർത്തകരെയും യുവാക്കളെയും ഏകോപിപ്പിക്കാനാണ് ഷാഫി പറമ്പിലിനെ കൺവീനർ സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് നിരീക്ഷകർക്കായുള്ള പരിശീലനം ഡൽഹിയിൽ ആരംഭിച്ചു.
സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നിരീക്ഷകർ ഉറപ്പാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടു. ആകെ 1444 ഉദ്യോഗസ്ഥരെയാണ് നിരീക്ഷകരായി നിയോഗിച്ചത്.
714 പൊതു നിരീക്ഷകരെയും 233 പോലീസ് നിരീക്ഷകരെയും 497 തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരും സംസ്ഥാനങ്ങളിലേക്ക് പോകും. എസ്ഐആർ അടക്കമുള്ള വിഷയങ്ങൾ നിരീക്ഷകരോട് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി ഷാനിമോൾ ഉസ്മാനെ പരിഗണിക്കുന്നതിനെതിരെ മണ്ഡലത്തിൽ വ്യാപകമായി പോസ്റ്ററുകൾ. 'യൂത്ത് കോൺഗ്രസ്' എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ ഷാനിമോൾ ഉസ്മാനെ 'ദേശാടനപക്ഷി' എന്ന് വിശേഷിപ്പിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.
അരൂരിൽ വിയർപ്പൊഴുക്കി പാർട്ടി വളർത്തിയ പ്രാദേശിക നേതാക്കളെ അവഗണിച്ച് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം മണ്ഡലത്തിലേക്ക് എത്തുന്നവരെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം. "പാര്‍ട്ടി വളര്‍ത്താന്‍ അരൂര്കാരും, ലാഭം കൊയ്യാൻ പറന്നിറങ്ങുന്ന ദേശാടനപക്ഷികളും" എന്ന തരത്തിലുള്ള വിമർശനങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കുന്ന പാരമ്പര്യമുള്ള കോൺഗ്രസ് പ്രവർത്തകർക്കും യുവാക്കൾക്കും അവസരം നൽകണമെന്ന വാദമാണ് പ്രാദേശിക നേതൃത്വം ഉയർത്തുന്നത്.
കുറച്ചു കാലമായി ഷാനിമോൾ ഉസ്മാനും അരൂരിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വവും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. മണ്ഡലത്തിലെ ദൈനംദിന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഷാനിമോളുടെ സാന്നിധ്യമില്ലെന്ന പരാതി ഒരു വിഭാഗം പ്രവർത്തകർ നേരത്തെയും ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ പരസ്യമായ പോസ്റ്റർ പ്രചാരണം. കഴിവുള്ള പ്രാദേശിക നേതാക്കളെ തഴഞ്ഞ് ഒന്നിലധികം തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകുന്നത് പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.
National
ന്യൂഡൽഹി: മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് സുപ്രീംകോടതി. 2016ലെ അഴിക്കോട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഷാജിക്ക് ഹൈക്കോടതി അയോഗ്യത വിധിച്ചിരുന്നു. ഈ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
ജസ്റ്റീസ് ബി.ബി. നാഗരത്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഷാജിയുടെ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് എതിർ സ്ഥാനാർഥിയായിരുന്ന നികേഷ് കുമാറാണ് സുപ്രീംകോടതിയെ സമീപിച്ചത്..
കേസിൽ ആറ് വര്‍ഷത്തെ അയോഗ്യതയാണ് ഷാജിക്ക് കേരള ഹൈക്കോടതി വിധിച്ചത്. 2016ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയകാര്‍ഡ് പ്രചരിപ്പിച്ചുവെന്നടക്കമുള്ള നികേഷ് കുമാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഹൈക്കോടതി ശരിവക്കുകയുമായിരുന്നു.
ഇതോടെ ഷാജി സുപ്രീംകോടതിയെ സമീപിക്കുകയും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയടക്കം 29 കോർപറേഷനുകളിലേക്ക് ഇന്നു തെരഞ്ഞെടുപ്പ്.
മുംബൈയിലെ പോരാട്ടമാണ് ഏറ്റവും ശ്രദ്ധേയം. ബിജെപി നേതൃത്വം നല്കുന്ന മഹായുതിക്കെതിരേ ഉദ്ധവ് താക്കറെയുടെ ശിവസേനയും രാജ് താക്കറെയുടെ എംഎൻഎസും സഖ്യത്തിലാണു മത്സരിക്കുന്നത്.
25 വർഷമായി അവിഭക്ത ശിവസേനയാണു മുംബൈയിൽ ഭരണം നടത്തിവരുന്നത്.പൂന, നാഗ്പുർ തുടങ്ങിയ നഗരസഭകളിലും ഇന്നു വിധിയെഴുത്തു നടക്കും.
District News
നെടുങ്കണ്ടം: നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം മാറിയപ്പോൾ ഉടുമ്പൻചോലയിൽ ഇത്തവണ കോൺഗ്രസ് ക്യാമ്പിൽ ചർച്ചകൾ സജീവമാകുന്നു.
മുമ്പെന്നത്തേക്കാളും മുന്നൊരുക്കങ്ങളും പുരോഗമിക്കുകയാണ്. കഴിഞ്ഞ കാൽനൂറ്റാണ്ടായി തുടർച്ചയായി സിപിഎം ഉരുക്കുകോട്ടയായി നിലനിർത്തുന്ന ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ ഇത്തവണ കോട്ട തകർത്ത് മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തും ഇടത് മുന്നണി ഭരണം നേടിയപ്പോൾ അന്ന് സ്ഥാനാർഥി മോഹികളായിട്ടുള്ളവർ പിന്നോട്ട് വലിഞ്ഞിരുന്നു. എന്നാൽ, ഇത്തവണ മണ്ഡലത്തിലെ സ്ഥിതിയാകെ മാറിയതോടെ സ്ഥാനാർഥിത്വത്തിനായി അര ഡസനിലധികം പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പത്തിൽ അഞ്ച് പഞ്ചായത്ത് ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തു. രാജകുമാരിയിൽ ഒപ്പത്തിനൊപ്പംനിന്നതും 27 വർഷത്തിനു ശേഷം രാജക്കാട് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തതുമാണ് കോൺഗ്രസ് ക്യാമ്പ് ഉണരാൻ കാരണം.
മണ്ഡലത്തിലാകെ യുഡിഎഫ് തരംഗമാണന്നാണ് നേതാക്കൾ പറയുന്നത്. ഇതോടെ സ്ഥാനാർഥികളാകാൻ നേതാക്കൾ ചരടുവലികൾ തുടങ്ങി. സീറ്റ് ഐ ഗ്രൂപ്പ് നിലനിർത്തിയാൽ കെപിസിസി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാറിനാണ് സാധ്യത. മുമ്പ് മണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട് എന്നതും മണ്ഡലത്തിൽ ചിരപരിചിതനാണെന്നതും പ്രവർത്തകർക്കിടയിലെ സ്വീകാര്യതയും കല്ലാറിന് ഗുണകരമാകും.
അതേസമയം സംസ്ഥാനത്ത് കെ.സി. വേണുഗോപാൽ ഗ്രൂപ്പ് ശക്തമായതോടെ മണ്ഡലം കെസി പക്ഷം പിടിച്ചാൽ കെപിസിസി മീഡിയ വക്താവ് സേനാപതി വേണു, കെപിസിസി സെക്രട്ടറി എം.എൻ. ഗോപി എന്നിവരും പരിഗണിക്കപ്പെടും. 2016ൽ ചെറിയ ഭൂരിപക്ഷത്തിലാണ് സേനാപതി വേണു എം.എം. മണിയോടു പരാജയപ്പെട്ടത്. കഴിഞ്ഞ തവണ ഇദ്ദേഹം മത്സരരംഗത്ത് എത്തിയിരുന്നില്ല.
നെടുങ്കണ്ടം അർബൻ ബാങ്ക് പ്രസിഡന്റായ എം.എൻ. ഗോപി ദീർഘനാളായി സജീവ രാഷ്ട്രീയരംഗത്തുണ്ട്. ഗ്രൂപ്പുകൾ പരിഗണിക്കപ്പെടാതിരുന്നാൽ ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹൻ, ജനറൽ സെക്രട്ടറിമാരായ ജി. മുരളീധരൻ, ബിജോ മാണി എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
യുവാക്കൾക്ക് മുൻഗണന നൽകിയാൽ മുകേഷ്, ബിജോ മാണി എന്നിവർക്കാണ് മുൻതൂക്കം. വിവിധ സർവേകളിലും ഇവർക്ക് വിജയ സാധ്യത കൽപ്പിക്കുന്നുണ്ട്. മൂന്ന് തവണ ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ചതും മുകേഷിന് അനുകൂലമാകും.
20 വർഷം വലിയതോവാള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പത്തുവഷം നെടുങ്കണ്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, സ്പൈസസ് ബോർഡ് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ച് മികവ് തെളിയിച്ച ജി. മുരളീധരനും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
ഭൂവിഷയങ്ങളിലടക്കം കൃത്യമായ പഠനം നടത്തി വിഷയങ്ങളിൽ ഇടപെടുന്ന ബിജോ മാണിക്ക് പൊതു സ്വീകാര്യത കൂടുതലാണ്. ഈ വിഷയങ്ങളിൽ ബിജോയുടെ ഇടപെടൽ കർഷകർക്കിടയിൽ കാര്യങ്ങൾ പഠിക്കുന്ന യുവ നേതാവെന്ന ഖ്യാതിയുണ്ടാക്കിയിട്ടുണ്ട്. വിജയ സാധ്യതയും യുവ പ്രാതിനിധ്യവും പരിഗണിച്ചാൽ ബിജോ മാണിക്ക് പ്രഥമ പരിഗണന ലഭിച്ചേക്കും.
ഇത്രയും പേരുകൾ പരിഗണിച്ചാലും ഈ മാസം അവസാനത്തോടെ എല്ലാ ഘടകങ്ങളും പരിഗണിച്ച് മണ്ഡലത്തിലെ സാധ്യതാ ലിസ്റ്റ് മൂന്ന് പേരിലേക്ക് ചുരുക്കും. ഈ ലിസ്റ്റായിരിക്കും സ്ക്രീനിംഗ് കമ്മിറ്റിയിലേക്ക് എത്തുന്നത്.
എൽഡിഎഫിൽ മുൻ എംൽഎമാരും സിപിഎം മുൻ ജില്ലാ സെക്രട്ടറിമാരുമായ എം.എം. മണി, കെ.കെ. ജയചന്ദ്രൻ എന്നിവരുടെ പേരുകളും എം.എം. മണിയുടെ മകളും സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറിയും രാജാക്കാട് മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സതി കുഞ്ഞുമോന്റെ പേരുമാണ് ഉയർന്നുകേൾക്കു ന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മൂന്നു മേഖലാ ജാഥകൾ നടത്താൻ ഇടതുമുന്നണി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഫെബ്രുവരി ഒന്നിനു മഞ്ചേശ്വരത്തു നിന്നാരംഭിച്ച് 15ന് പാലക്കാട് തരൂരിൽ അവസാനിക്കും. 60 നിയമസഭ മണ്ഡലങ്ങളിൽ ജാഥ പ്രചാരണം നടത്തും.
കേരള കോണ്‍ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി ജാഥാ ക്യാപ്റ്റനായിട്ടുള്ള മധ്യമേഖലാ ജാഥ ഫെബ്രുവരി ആറിന് അങ്കമാലിയിൽ നിന്നാരംഭിച്ച് 13ന് പത്തനംതിട്ട ആറന്മുളയിൽ അവസാനിക്കും. 33 മണ്ഡലങ്ങളിൽ ജാഥ പ്രചാരണം നടത്തും.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖല ജാഥ ഫെബ്രുവരി നാലിന് തൃശൂർ ചേലക്കരയിൽ നിന്നാരംഭിച്ച് 14ന് തിരുവനന്തപുരത്ത് സമാപിക്കും. 47 മണ്ഡലങ്ങളിൽ ജാഥ പ്രചാരണം നടത്തും.
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഇന്നു മുതൽ ഏഴു വരെ നടക്കും. ഓരോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേയും അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
അംഗങ്ങളിൽ നിന്നാണ് ചെയർമാനെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എത്രയും വേഗം ചെയർമാൻമാരുടെ തെരഞ്ഞെടുപ്പ് അതത് വരണാധികാരികൾ നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യ-വിദ്യാഭ്യാസം എന്നിങ്ങനെ നാല് സ്റ്റാൻഡിംഗ് കമ്മിറ്റികളാണുള്ളത്. ജില്ലാ പഞ്ചായത്തിൽ ധനകാര്യം വികസനം, പൊതുമരാമത്ത്, ആരോഗ്യ വിദ്യാഭ്യാസം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാൻഡിംഗ് കമ്മിറ്റികളാണ് രൂപീകരിക്കേണ്ടത്.
മുനിസിപ്പാലിറ്റികളിൽ ധനം, വികസനം,ക്ഷേമം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസ-കലാകായികം എന്നിവയടക്കം ആറ് സ്റ്റാൻഡിംഗ് കമ്മിറ്റികളുണ്ട്. കോർപറേഷനുകളിൽ ധനം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, നഗരാസൂത്രണം, നികുതി അപ്പീൽ, വിദ്യാഭ്യാസ കായികം എന്നിങ്ങനെ എട്ട് സ്റ്റാൻഡിംഗ് കമ്മിറ്റികളുണ്ട്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം, ചെയർമാൻ തെരഞ്ഞെടുപ്പ് നടത്താൻ അതാതു സ്ഥാപനത്തിലെ വരണാധികാരികളെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തിലേയുംകോർപ്പറേഷനിലെയും തെരഞ്ഞെടുപ്പ് വരണാധികാരിയുടെ ചുമതല എഡിഎമ്മിനാണ്.
സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലാണ് നടക്കുക. ധനകാര്യമുൾപ്പെടെ എല്ലാ സ്റ്റാ ൻഡിംഗ് കമ്മിറ്റികളിലും ഒരു സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ചെയർമാൻ സ്ഥാനങ്ങളിലും സ്ത്രീ സംവരണം നിശ്ചയിച്ച് വിജ്ഞാപനമിറക്കി. സ്ത്രീ സംവരണ സ്ഥാനത്തേക്കായിരിക്കും ആദ്യ തെരഞ്ഞെടുപ്പ് നടത്തുക. സ്ത്രീ സംവരണ സ്ഥാനം നികത്തിയതിന് ശേഷം മറ്റ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തും.
National
ബംഗളുരു: ഒരു വോട്ട് പോലും പോൾ ചെയ്യുന്നതിന് മുന്‍പ് ബിജെപി-ശിവ സേന സഖ്യം 66 സീറ്റിൽ ജയിച്ചു. എൻസിപി രണ്ട് സീറ്റും നേടി. മഹാരാഷ്ട്രയിൽ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലാണ് സഖ്യത്തിന്റെ മിന്നും ജയം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മറ്റ് പാർട്ടികളുടെയും സഖ്യങ്ങളുടെയും സ്ഥാനാർഥികൾ പത്രിക പിൻവലിച്ചതോടെയാണ് 68 സീറ്റിൽ എതിരാളികളില്ലാതെ ബിജെപിക്കും സഖ്യത്തിനും ജയിക്കാനായത്.
കല്യാൺ ഡോംബിവ്ലി മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപിയിൽനിന്ന് 15 പേരും ശിവസേനയിൽ നിന്ന് ആറ് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വടക്കൻ മഹാരാഷ്ട്രയിലെ ജൽഗാവിൽ ആറ് സീറ്റിൽ വീതം ശിവസേനയും ബിജെപിയും ജയിച്ചു. പൻവേലിലും ഏഴ് ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചു. എൻസിപി ശരദ് പവാർ വിഭാഗത്തിന്റെ ശക്തികേന്ദ്രമായ ഭിവണ്ടിയിലും ആറ് സീറ്റിൽ ബിജെപി എതിരില്ലാതെ ജയിച്ചു.
താനേയിൽ ആറിടത്ത് ശിവസേന എതിരില്ലാതെ ജയിച്ചു. ധൂലെയിൽ മൂന്ന് ബിജെപി സ്ഥാനാർഥികളും രണ്ട് എൻസിപി സ്ഥാനാർഥികളും എതിരില്ലാതെ ജയിച്ചു. അഹല്യ നഗറിൽ ബിജെപി ഒരു സീറ്റിൽ ജയിച്ചു.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിക്കരുതെന്ന് മുന്നറിയിപ്പുമായി എഐസിസി. കേരളത്തിലെ മുതിർന്ന നേതാക്കളെയടക്കം ഇക്കാര്യം ഓർമിപ്പിക്കണമെന്നും എഐസിസി കെപിസിസിക്ക് നിർദേശം നല്കി. തദ്ദേശതെരഞ്ഞെടുപ്പിലെ യുഡിഎഫിലെ മികച്ച വിജയത്തിന് ശേഷം കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾ മത്സരിക്കാൻ തയാറാണെന്നും മത്സരിക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
മുതിർന്ന നേതാക്കളുടെ പരസ്യപ്രതികരണത്തിനെതിരേ സംസ്ഥാന യൂത്ത് കോൺഗ്രസ് എഐസിസി നേതൃത്വത്തെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ്, സ്ഥാനാർഥി നിർണയത്തിൽ തീരുമാനം എഐസിസി തീരുമാനിക്കുമെന്ന നിലപാട് കെപിസിസിയെ അറിയിച്ചത്. നിലവിൽ, സ്ഥാനാർഥി നിർണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി എഐസിസിയാണ് പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ തവണ 93 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. ജയിച്ചത് 21 സീറ്റുകളിലും. നിയമസഭാ മണ്ഡലടിസ്ഥാനത്തിൽ രൂപീകരിച്ച കോർ കമ്മിറ്റികൾ നല്കുന്ന പേരുകൾ പരിഗണിച്ചാണ് സ്ഥാനാർഥി നിർണയം നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മുന്നിൽ കണ്ട് കാബിനറ്റ് ഉൾപ്പെടെ കോൺഗ്രസ് രൂപീകരിച്ചിരുന്നു. എന്നാൽ, മികച്ച വിജയത്തോടെ ഇടതുസർക്കാർ വീണ്ടും അധികാരത്തിലേറുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാല്, അഞ്ച് തീയതികളിൽ ബത്തേരിയിൽ കോൺഗ്രസ് ക്യാന്പ് ചേരുന്നുണ്ട്. കോർ കമ്മിറ്റി, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംഎൽഎമാർ, എംപിമാർ, കെപിസിസി ഭാരവാഹികൾ എന്നിവരടക്കം ക്യാന്പിൽ പങ്കെടുക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ ഔദ്യോഗിക വോട്ട് കണക്കുകൾ പുറത്തുവന്നപ്പോൾ യുഡിഎഫിന് എൽഡിഎഫിനേക്കാൾ 28.79 ലക്ഷം വോട്ടുകൾ അധികമായി ലഭിച്ചു. യുഡിഎഫിന് 41.20 ശതമാനം വോട്ടു ലഭിച്ചപ്പോൾ എൽഡിഎഫിനു ലഭിച്ചത് 35.95 ശതമാനം വോട്ടുകളാണ്. എൻഡിഎയ്ക്ക് 15.05 ശതമാനം വോട്ട് ആണു ലഭിച്ചത്.
മുനിസിപ്പൽ, കോർപറേഷൻ തെരഞ്ഞെടുപ്പുകളിലും ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലുമായി ആകെ 5,48,68,290 വോട്ടുകളാണ് പോൾ ചെയ്തത്. ഇതിൽ യുഡിഎഫിന് 2,26,04,339 വോട്ടുകളും എൽഡിഎഫിന് 1,97,25,218 വോട്ടുകളും ലഭിച്ചു. എൻഡിഎയ്ക്കു ലഭിച്ചത് 82,58,873 വോട്ടുകളാണ്. മറ്റുള്ളവർക്ക് എല്ലാം കൂടി 42,79,860 വോട്ടുകളും ലഭിച്ചു. ഗ്രാമപഞ്ചായത്തുകൾ മുതൽ കോർപറേഷനുകൾ വരെ എല്ലാ തലങ്ങളിലും യുഡിഎഫ് ആണു മേൽക്കൈ നേടിയത്. മുനിസിപ്പാലിറ്റികളിലെ കണക്കെടുക്കുന്പോൾ യുഡിഎഫിന് എൽഡിഎഫിനേക്കാൾ 9.12 ശതമാനം അധിക വോട്ടുകൾ ലഭിച്ചു.
ഭരണം ലഭിച്ച തദ്ദേശസ്ഥാപനങ്ങളുടെ എണ്ണത്തിന്റെ കണക്കിൽ എൽഡിഎഫിനു വ്യക്തമായ മുൻതൂക്കം ലഭിച്ച 2020 ലെ തെരഞ്ഞെടുപ്പിൽ മൊത്തം വോട്ടിൽ എൽഡിഎഫിനു യുഡിഎഫിനേക്കാൾ 1.66 ശതമാനം അധികവോട്ടുകൾ മാത്രമാണു ലഭിച്ചത്. അന്ന് 14.31 ശതമാനം വോട്ടുവിഹിതം നേടിയ എൻഡിഎയ്ക്ക് ഇത്തവണ നാമമാത്ര വോട്ട് വർധന മാത്രമാണുണ്ടായത്.
2020 ലെ 14.31 ശതമാനം വോട്ട് ഇത്തവണ 15.05 ശതമാനമായി ഉയർന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൻഡിഎയുടെ വോട്ട് വിഹിതം 19.2 ശതമാനമായി കുതിച്ചുയർന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് 25 ശതമാനമായി ഉയർത്താനാണ് ബിജെപി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അതിന് അടുത്തെങ്ങുമെത്താൻ അവർക്കായില്ല. തിരുവനന്തപുരം കോർപറേഷനിൽ ഭരണം കിട്ടിയതിന്റെ തിളക്കം മാറ്റി നിർത്തിയാൽ എൻഡിഎയോ ബിജെപിയോ ഇത്തവണ നേട്ടമുണ്ടാക്കിയതായി കണക്കാക്കാനാകില്ല.
എല്ല തദ്ദേശസ്ഥാപനങ്ങളിലുമായി ഏറ്റവും കുടുതൽ സീറ്റുകൾ നേടിയത് കോണ്‍ഗ്രസ് ആണ്. അവർക്ക് ആകെ 7,817 സീറ്റുകൾ ലഭിച്ചു. രണ്ടാമതെത്തിയ സിപിഎമ്മിന് 7,445 സീറ്റുകളും മൂന്നാമതെത്തിയ മുസ്ലിംലീഗിന് 2,844 സീറ്റുകളും ലഭിച്ചത്. സീറ്റ് എണ്ണത്തിൽ ബിജെപി നാലാമതാണ്. അവർക്ക് 1,914 സീറ്റുകളിൽ സ്വന്തം സ്ഥാനാർഥികളെ വിജയിപ്പിക്കാനായി. എന്നാൽ അവരുടെ സഖ്യകക്ഷിയായ ബിഡിജെഎസിന് ആകെ ലഭിച്ചത് അഞ്ചു സീറ്റുകൾ. കേരള കോണ്‍ഗ്രസ്- ജോസഫ് വിഭാഗം 332 സീറ്റുകളിൽ വിജയിച്ചപ്പോൾ കേരള കോണ്‍ഗ്രസ്-എമ്മിന് 246 വാർഡുകളാണ് ലഭിച്ചത്.
യുഡിഎഫിലെ മറ്റു കക്ഷികൾക്കു ലഭിച്ച സീറ്റുകൾ ഇങ്ങനെ: ആർഎസ്പി-57, കേരള കോണ്‍ഗ്രസ്- ജേക്കബ്-34, സിഎംപി-10, കേരള ഡെമോക്രാറ്റിക് പാർട്ടി- 8, ഫോർവേർഡ് ബ്ലോക്ക് -1. എൽഡിഎഫിലെ മറ്റു കക്ഷികൾ: സിപിഎെ-1018, ആർജെഡി- 63, ജനതാദൾഎസ്- 44, എൻസിപി-25, കേരള കോണ്‍ഗ്രസ്-ബി-15, ഐഎൻഎൽ-9, കോണ്‍ഗ്രസ്-എസ്- 8, ജനാധിപത്യ കേരള കോണ്‍ഗ്രസ്- 6.
മുന്നണികളിൽ പെടാത്ത പാർട്ടികളിൽ എസ്ഡിപിഐ 97 സീറ്റുകളിൽ വിജയിച്ചു. ട്വന്റി 20 ജയിച്ചത് 78 വാർഡുകളിലാണ്. വെൽഫെയർ പാർട്ടി 31 സീറ്റുകളിലും ആർഎംപി 29 സീറ്റുകളിലും വിജയിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപന അധ്യക്ഷ- ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 26നും 27നുമായി നടക്കും. നഗരസഭാ ചെയർമാൻ, കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും വൈസ് ചെയർമാൻ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് അതേ ദിവസം ഉച്ചകഴിഞ്ഞ് 2.30നും നടക്കും. ഗ്രാമ- ബ്ലോക്ക്- ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30നും നടക്കും.
ജില്ലാ പഞ്ചായത്ത്- കോർപറേഷൻ എന്നിവയിൽ വരണാധികാരികളായി കളക്ടർമാരെ ചുമതലപ്പെടുത്തി. ഗ്രാമ- ബ്ലോക്ക് പഞ്ചായത്തിൽ അതത് സ്ഥാപന വരണാധികാരികൾക്കാണ് ചുമതല. മുനിസിപ്പാലിറ്റികളിൽ വരണാധികാരികളെ പ്രത്യേകം ചുമതലപ്പെടുത്തി.
തദ്ദേശ സ്ഥാപനങ്ങളിൽ ചേരുന്ന അംഗങ്ങളുടെ യോഗത്തിൽ സ്ഥാനാർഥിയെ ഒരാൾ നാമനിർദേശം ചെയ്യണം. മറ്റൊരാൾ പിന്താങ്ങണം. നാമനിർദേശം ചെയ്ത വ്യക്തി യോഗത്തിൽ ഹാജരില്ലെങ്കിൽ സ്ഥാനാർഥിയാകാനുള്ള സമ്മതപത്രം ഹാജരാക്കണം. ഒരാൾ ഒന്നിലധികം പേര് നിർദേശിക്കാനോ, ഒന്നിലധികം പേരെ പിന്താങ്ങാനോപാടില്ല. സംവരണം ചെയ്ത സ്ഥാനങ്ങളിൽ മത്സരിക്കുന്ന ഒരംഗത്തെ മറ്റൊരാൾ നാമനിർദേശം ചെയ്യുകയോ പിന്താങ്ങുകയോ വേണ്ട.
ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് ഓപ്പണ്‍ ബാലറ്റ് മുഖേനയാകും. വോട്ട് ചെയ്യുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പിറകിൽ പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാൾ മാത്രമേ മത്സരിക്കുന്നുള്ളൂവെങ്കിൽ വോട്ടെടുപ്പ് നടത്താതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും.
തെരഞ്ഞെടുപ്പ് യോഗത്തിന്റെ ക്വാറം ബന്ധപ്പെട്ട സ്ഥാപനത്തിലെ അംഗങ്ങളുടെ പകുതിയെങ്കിലും എണ്ണം ആയിരിക്കണം. ക്വാറം തികഞ്ഞില്ലെങ്കിൽ യോഗം അടുത്ത പ്രവൃത്തിദിനത്തിലേക്കു മാറ്റും. മാറ്റിയ ദിവസം അതേ സ്ഥലത്തും സമയത്തും കൂടുന്ന യോഗത്തിൽ ക്വാറമില്ലെങ്കിലും തെരഞ്ഞെടുപ്പ് നടത്തും. രണ്ടു പേർക്കു തുല്യ വോട്ടാണെങ്കിൽ, നറുക്കെടുപ്പ് നടത്തും. നറുക്കെടുക്കപ്പെടുന്നയാൾ തെരഞ്ഞെടുക്കപ്പെടും.
സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കാത്ത അംഗങ്ങൾക്ക് യോഗ നടപടികളിൽ പങ്കെടുക്കാനോ വോട്ട് ചെയ്യാനോ അവകാശമില്ല.
വോട്ടെടുപ്പു പൂർത്തിയായ ശേഷം വരണാധികാരി അംഗങ്ങളുടെ, സാന്നിധ്യത്തിൽ വോട്ട് എണ്ണി ഫലപ്രഖ്യാപനം നടത്തും. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ മേയർ, ചെയർപേഴ്സണ്‍, പ്രസിഡന്റ് എന്നിവർ വരണാധികാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്യും. ഡെപ്യൂട്ടി മേയർ, വൈസ് ചെയർമാൻ എന്നിവർ മേയർ, ചെയർമാൻ മുൻപാകെയും വൈസ് പ്രസിഡന്റ്, പ്രസിഡന്റ് മുൻപാകെയും സത്യപ്രതിജ്ഞ ചെയ്യണം.
International
കീവ്: തെരഞ്ഞെടുപ്പിന് രാജ്യം തയാറാണെന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി.
റഷ്യയുമായുള്ള യുദ്ധം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുകയാണെന്ന വാദം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ഉയർത്തിയതോടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
2024 മേയിൽ സെലെൻസ്കിയുടെ കാലാവധി അവസാനിക്കാനിരുന്നതാണെങ്കിലും രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിനു തടസമായി. യുഎസ് സുരക്ഷ നൽകുമെങ്കിൽ അടുത്ത 60-90 ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്താം. താൻ പ്രസിഡന്റ് പദവിയിൽ കടിച്ചുതൂങ്ങുന്നുവെന്ന വ്യാഖ്യാനം ഒട്ടും ന്യായമല്ലെന്നും സെലെൻസ്കി പറഞ്ഞു.
അതേസമയം, റഷ്യയുമായി പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈനികർക്കും സംഘർഷം മൂലം രാജ്യത്തിന് വെളിയിൽ കഴിയുന്ന 57 ലക്ഷം യുക്രെയ്ൻ പൗരന്മാർക്കും വോട്ട് ചെയ്യാൻ സാധിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പ് നീതിയുക്തമാകൂവെന്ന് ഒരു പ്രതിപക്ഷ എംപി ബിബിസിയോട് പ്രതികരിച്ചു.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടക്കൻ ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണം. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് നിശബ്ദ പ്രചാരണം നടക്കുക.
വ്യാഴാഴ്ചയാണ് വടക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12391 വാർഡുകളിലേക്കാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ 14 വാര്‍ഡുകളിലും കാസര്‍കോട് ജില്ലയിലെ രണ്ട് വാര്‍ഡുകളിലും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മറ്റാരും പത്രിക നല്‍കാതെ തെരഞ്ഞെടുക്കപ്പെട്ട 16 പേരില്‍ 15 പേരും ഇടതുമുന്നണി സ്ഥാനാര്‍ഥികളാണ്.
രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 18274 പോളിംഗ് സ്റ്റേഷനുകളില്‍ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. കൂടുതല്‍ പ്രശ്ന ബാധിത ബൂത്തുകളുഉള്ളത് കണ്ണൂര്‍ ജില്ലയിലാണ്. 1025 എണ്ണമാണ് കണ്ണൂരിലെ പ്രശ്ന ബാധിത ഗ്രൂപ്പുകൾ. പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ട് മണിമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
District News
സ്വന്തംലേഖകന്‍
കോഴിക്കോട്: 2025 തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ജില്ല കളക്ടര്‍ വിശദ്ദീകരിച്ചു. ജില്ലയില്‍ ആകെ 26,82,682 വോട്ടര്മാരാണ്ഉള്ളത്.പുരുഷന്മാര് 12,66,375,സ്ത്രീകള്‍ 14,16,275,ട്രാന്‍സ്ജെന്‍ഡര്‍ 32.
11-ന് രാവിലെ ആറിന് മോക്ക് പോള്‍ നടത്തും. വോട്ടെടുപ്പ് രാവിലെ ആറുമുതല്‍ മുതല്‍ വൈകുന്നേരം ആറുവരെ നടക്കും. വോട്ടെണ്ണല്‍ 13-ന് രാവിലെ എട്ട് മുതല്‍ മുതല്‍ ആരംഭിക്കും. 3,097 ബൂത്തുകളാണ് ഉള്ളത്.കോഴിക്കോട് ജില്ലയിലെ 70 പഞ്ചായത്തുകളിലെ 1,343 വാര്‍ഡുകളിലേക്കും 12 ബ്ലോക്ക് പഞ്ചായത്തുകളിലായുള്ള 1,83 വാര്‍ഡുകളിലേക്കും ജില്ലാ പഞ്ചായത്തിലെ 28 വാര്‍ഡുകളിലേക്കും ഏഴ് നഗരസഭകളിലായുള്ള 2,73 വാര്‍ഡുകളിലേക്കും കോഴിക്കോട് കോര്‍പറേഷനിലെ 76 വാര്‍ഡുകളിലേക്കുമാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.731 സെന്‍സിറ്റീവ് പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്.സിറ്റി പരിധിയില്‍ - 117,റൂറല്‍ പരിധിയില്‍ - 614. 166 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിംഗ് ഉണ്ടാകും.തെരഞ്ഞടുപ്പു ദിവസത്തേക്കായി സിറ്റി പരിധിയില്‍ 2100 പോലീസ് ഉദ്യോഗസ്ഥര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 3,000 സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
റൂറല്‍ പരിധിയില്‍ 3000 പോലീസ് ഉദ്യോഗസ്ഥരും 1000 ആര്‍ആര്‍ആര്‍എഫും ഉള്‍പ്പെടെ 4,500 ഓളം സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
4,283 കണ്ട്രോള് യൂണിറ്റുകളും 11020 ബാലറ്റ് യൂണിറ്റുകളും തയ്യാറായിട്ടുണ്ട്. ഇതില്‍ 3,940 കണ്ട്രോള് യൂണിറ്റുകളും 10,060 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തത്. പോളിംഗ് പാര്‍ട്ടികള്‍, സെക്ടറല്‍ ഓഫീസര്‍മാര്‍, പോലീസ് എന്നിവര്‍ക്കായി ജില്ലയില്‍ 2000-ഓളം വാഹനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. കൃത്യമായ ഹരിതപെരുമാറ്റ ചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഹരിതപെരുമാറ്റ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് ലക്ഷം പിഴ ഈടാക്കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് സുരക്ഷ ; നാദാപുരത്ത് കേന്ദ്ര സേന റൂട്ട് മാർച്ച് നടത്തി
നാദാപുരം : തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധനം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി നാദാപുരത്ത് കേന്ദ്ര സേനയും പോലീസും റൂട്ട് മാർച്ച് നടത്തി.
കോയമ്പത്തൂർ ആർഎഎഫ് 105 ബറ്റാലിയൻ ഡപ്യൂട്ടി കമാന്‍ഡന്‍ഡ് എൻ.കെ. മിശ്ര , നാദാപുരം സബ് ഡിവിഷൻ ഡിവൈഎസ്പി എ. കുട്ടികൃഷ്ണൻ , ഇൻസ്പെക്ടർ ടി.എം. നിധിഷ് എന്നിവരുടെ നേതൃത്വത്തിൽ വനിത ഉദ്യോഗസ്ഥർ ഉൾപ്പെടെ 150 പേർ അടങ്ങുന്ന സംഘമാണ് നാദാപുരത്ത് റൂട്ട് മാർച്ച് നടത്തിയത്. നാദാപുരം പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച റൂട്ട് മാർച്ച് കല്ലാച്ചിയിൽ സമാപിച്ചു. തെരഞ്ഞെടുപ്പിനും , വോട്ടെണ്ണൽ ദിനത്തിലും സംഘർഷങ്ങൾ ഉണ്ടാകുന്ന മേഖലയിൽ വിന്യസിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സേനയെ വിന്യസിച്ചത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ഇന്ന് നിശബ്ദ പ്രചാരണം. ഏഴ് ജില്ലകളിൽ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ വോട്ടര്‍മാരുടെ മനസ് കീഴടക്കാനുളള അവസാനവട്ട ശ്രമങ്ങളിലാണ് സ്ഥാനാര്‍ഥികളും നേതാക്കളും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളാണ് നാളെ പോളിംഗ് ബൂത്തിലെത്തുന്നത്. വോട്ട് തേടിയുളള സ്ഥാനാര്‍ഥികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും നെട്ടോട്ടം ഇന്നുകൊണ്ട് അവസാനിക്കും.
ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടും അധികാരം തിരിച്ചു പിടിക്കാനും അട്ടിമറിക്കാനുമായി സ്ഥാനാര്‍ഥികളും മുന്നണികളും ആവേശത്തോടെയാണ് ആവസാന ലാപ്പിലെത്തുന്നത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിൽ വ്യാഴാഴ്ച 11ന് പൊതുഅവധിയായിരിക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
വോട്ട് തേടിയുളള സ്ഥാനാര്‍ഥികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും നെട്ടോട്ടം ഇന്നുകൊണ്ട് അവസാനിക്കും.
Kerala
തിരുവനന്തപുരം: പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗിന് മുന്നോടിയായി പരസ്യപ്രചാരണം ഞായറാഴ്ച വൈകുന്നേരം ആറിന് അവസാനിക്കും. ഡിസംബർ ഒൻപതിന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്.
പൊതുജനങ്ങൾക്ക് മാർഗതടസം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികൾ പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തർക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗൺസ്മെന്റുകളും പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ചു മത്സരിക്കുന്ന പ്രവണതയും കർശനമായി നിയന്ത്രിക്കാൻ കമ്മീഷണർ ജില്ലാ കളക്ടർമാർക്കും പോലീസ് അധികൃതർക്കും നിർദ്ദേശം നൽകി.
പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തണം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. ഈ വ്യവസ്ഥ തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിനും ബാധകമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പിനുള്ള പ്രചാരണപ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് നിയമങ്ങളും മാതൃകാ പെരുമാറ്റചട്ടവും പാലിച്ചുവേണം നടത്താനെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ. ഇക്കാര്യം രാഷ്ട്രീയപാർട്ടികളോടും സ്ഥാനാർഥികളോടും കമ്മീഷണർ ആവശ്യപ്പെട്ടു.
സമാധാനപൂർണമായ പ്രചാരണ പ്രവർത്തനങ്ങളിലൂടെ തെരഞ്ഞെടുപ്പ് നീതിപൂർവവും, നിഷ്പക്ഷവും, സുതാര്യവുമായി നടത്തുന്നതിന് എല്ലാ സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും സഹകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അഭ്യർത്ഥിച്ചു.
മാതൃകാപെരുമാറ്റചട്ടം, ഹരിതചട്ടപാലനം, മറ്റു തെരഞ്ഞെടുപ്പ് നിയമങ്ങൾ എന്നിവ എല്ലാവരും പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ ഉടനേതന്നെ ബാലറ്റ്പേപ്പറും ബാലറ്റ്ലേബലുകളും അച്ചടിക്കുന്നതിനായി ബന്ധപ്പെട്ട പ്രസുകളിലേയ്ക്ക് പട്ടിക വരണാധികാരികൾ അയയ്ക്കുന്നതാണ്. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്യാൻ വരണാധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്ഥാനാർഥികൾ പ്രചാരണത്തിനായി തുക ചെലവിടുന്നത് നിയമാനുസൃതമാണോയെന്ന് പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാലുടൻ രാഷ്ട്രീയപാർട്ടിപ്രതിനിധികളുടെ യോഗം വിളിക്കാൻ എല്ലാ റിട്ടേണിംഗ് ഓഫീസർമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.
സ്ഥാനാർഥികളും പാർട്ടികളും നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങളിൽ ചട്ടലംഘനമുണ്ടായാൽ കർശന നടപടി സ്വീകരിക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഭിന്നതകളും തർക്കങ്ങളും ഉണ്ടാക്കുന്നതോ, പരസ്പരം വെറുപ്പ് സൃഷ്ടിക്കുന്നതോ, വിവിധ ജാതിക്കാർ, സമുദായങ്ങൾ, മതക്കാർ, ഭാഷാവിഭാഗങ്ങൾ എന്നിവർക്കിടയിൽ സംഘർഷം ഉണ്ടാക്കുന്നതോ ആയ ഒരു പ്രവർത്തനത്തിലും രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും ഏർപ്പെടാൻ പാടില്ല. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മൂന്ന് വർഷം തടവോ, 10,000 രൂപ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്.
മറ്റ് രാഷ്ട്രീയ പാർട്ടികളെയും സ്ഥാനാർഥികളെയും വിമർശിക്കുമ്പോൾ, അത് അവരുടെ നയങ്ങൾ, പരിപാടികൾ, പൂർവ്വകാലചരിത്രം, പ്രവർത്തനങ്ങൾ എന്നിവയിൽ ഒതുങ്ങി നിൽക്കണം. നേതാക്കളുടെയോ സ്ഥാനാർഥികളുടെയോ പൊതുപ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെ വിമർശിക്കാൻ പാടില്ല. അടിസ്ഥാനരഹിതമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങളുടെയോ വസ്തുതകളുടെയോ അടിസ്ഥാനത്തിൽ മറ്റ് കക്ഷികളെയും പ്രവർത്തകരെയും വിമർശിക്കരുത്.
ജാതിയെയോ സാമുദായിക വികാരങ്ങളെയോ മുൻനിർത്തി വോട്ടഭ്യർഥിക്കാൻ പാടില്ല. ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയായി ഉപയോഗിക്കരുത്.
ഏതെങ്കിലും സ്ഥാനാർഥിക്കോ, സമ്മതിദായകനോ അവർക്ക് താൽപര്യമുള്ള വ്യക്തികൾക്കോ എതിരെ സാമൂഹികബഹിഷ്ക്കരണം, സാമൂഹിക ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികൾ ഉയർത്താൻ പാടില്ല. വോട്ടർമാർക്ക് പണമോ മറ്റ് പാരിതോഷികങ്ങളോ നൽകുക, വോട്ടർമാരെ ഭീഷണിപ്പെടുത്തുകഎന്നിവ കുറ്റകരമാണ്.
ഒരു വ്യക്തിയുടെ രാഷ്ടീയാഭിപ്രായങ്ങളോടും പ്രവർത്തനങ്ങളോടും മറ്റു രാഷ്ട്രീയകക്ഷികൾക്കും സ്ഥാനാർഥികൾക്കും എത്ര തന്നെ എതിർപ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കേണ്ടതാണ്.
വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവർത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകൾക്ക് മുമ്പിൽ പ്രകടനങ്ങൾ സംഘടിപ്പിക്കുക, പിക്കറ്റു ചെയ്യുക തുടങ്ങിയ രീതികൾ ഒരു കാരണവശാലും അവലംബിക്കരുത്.
സ്ഥലം, കെട്ടിടം, മതിൽ തുടങ്ങിയവ ഉടമസ്ഥന്റെ അനുവാദം കൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊടിമരം നാട്ടുന്നതിനോ ബാനറുകൾ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ, മുദ്രാവാക്യങ്ങൾ എഴുതുന്നതിനോ ഉപയോഗിക്കരുത്.
സർക്കാർ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും, മറ്റു പൊതു ഇടങ്ങളിലും ചുവർ എഴുതാനോ, പോസ്റ്റർ ഒട്ടിക്കാനോ, ബാനർ, കട്ടൗട്ട് എന്നിവ സ്ഥാപിക്കാനോ പാടില്ല. പൊതു ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ളവ നീക്കം ചെയ്യാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നോട്ടീസ് ലഭിച്ചിട്ടും നീക്കം ചെയ്തില്ലെങ്കിൽ അവ നീക്കം ചെയ്യുകയും അതിനുള്ള ചെലവ് ബന്ധപ്പെട്ട സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവിൽ ചേർക്കുകയും ചെയ്യാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കമ്മീഷണർ അറിയിച്ചു.
ബന്ധപ്പെട്ട നിയമവ്യവസ്ഥകളും കോടതി ഉത്തരവുകളും പാലിച്ചായിരിക്കണം പൊതുയോഗം, ജാഥ എന്നിവ സംഘടിപ്പിക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാൻ പാടില്ല. പ്രചാരണത്തിന് ഉപയോഗിക്കുന്ന ഉച്ചഭാഷിണി, വാഹനം എന്നിവയ്ക്ക് ആവശ്യമായ അനുമതി ബന്ധപ്പെട്ട അധികാരികളിൽ നിന്നും വാങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷണർ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ കൂടുതല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സീറ്റുകളും എല്‍ഡിഎഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് സുസജ്ജമാണ്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയതായും ഗോവിന്ദന് പറഞ്ഞു.
എല്‍ഡിഎഫ് ഒറ്റക്കെട്ടായി വന്‍ മുന്നേറ്റം കൈവരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വിനര്‍ ടി.പി. രാമകൃഷ്ണന് പറഞ്ഞു. കൂടുതല്‍ സീറ്റുകള്‍ നേടും. എല്‍ഡിഎഫിന് അനുകൂലമായ ജനവികാരമാണുള്ളതെന്നും രാമകൃഷ്ണന് പറഞ്ഞു.
District News
അമ്പലപ്പുഴ: വാർഡുകളിലും ബ്ലോക്ക് ഡിവിഷനുകളിലും വനിതാ പ്രാതിനിധ്യം വർധിച്ചതോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്കുപ്പായം തുന്നിവച്ച നേതാക്കൾ നിരാശയിൽ. പഞ്ചായത്ത് പ്രസിഡന്റും മെംബ റുമൊക്കെയാകാനാഗ്രഹിച്ച നേതാക്കളാണ് നിരാശയിലായത്. ഇതോടെ ഭാര്യയെയും സഹോദരിയുമൊക്കെ സ്ഥാനാർഥിയാക്കേണ്ട ഗതികേടിലാണ് നേതാക്കൾ.
വിജയമുറപ്പിച്ച വാർഡുകളിൽ പലരും നേരത്തെ തന്നെ നിശബ്ദ പ്രചാരണം നടത്തിയിരുന്നു. പിന്നാലെയാണ് വാർഡുകളുടെ നറുക്കെടുപ്പ് നടന്നത്. ഇതോടെയാണ് പല നേതാക്കളുടെയും സ്ഥാനാർഥിത്വം നഷ്ടപ്പെട്ടത്. വിജയമുറപ്പിച്ച പല വാർഡും വനിതാ, പട്ടികജാതി സംവരണ മണ്ഡലങ്ങളായതോടെ നേതാക്കൾ ശരിക്കും പെട്ടു. ഇതോടെയാണ് ഭരണമുറപ്പിക്കാൻ വീടുകളിലെ വനിതകളെ രംഗത്തിറക്കാൻ തീരുമാനിച്ചത്.
ഇവരിൽ പലരും പുറം ലോകം കാണാത്തവരാണ്. വിവിധ പാർട്ടികളിലെ ജില്ലാ നേതാക്കൾ വരെയാണ് സ്ഥാനാർഥിക്കുപ്പായം തുന്നി കാത്തിരുന്നത്. തങ്ങൾ മത്സരിപ്പിച്ച വനിതകൾ വിജയിച്ചാൽ പിൻസീറ്റ് ഡ്രൈവിംഗ് നടത്താമെന്ന കണക്കുകൂട്ടലിലാണ് ഈ നേതാക്കൾ. പൊതുപ്രവർത്തനരംഗത്ത് യാതൊരു മുൻപരിചയവുമില്ലാത്ത ഇത്തരം വനിതകൾ ത്രിതല പഞ്ചായത്ത് സംവിധാനതലപ്പത്തെത്തിയാൽ പ്രവർത്തനം എന്താകുമെന്ന ആശങ്കയുമുയർന്നിട്ടുണ്ട്. അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിനായി അവസാനവട്ട സ്ഥാനാർഥി ചർച്ചകളിലാണ് എല്ലാ രാഷ്ട്രീയപ്പാർട്ടിയും.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്കും ഭാരവാഹികള്‍ക്കും ചുമതലകള്‍ വീതിച്ചു നൽകി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മൂന്ന് മേഖലകള്‍ തിരിച്ചാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്ക് ചുമതല നൽകിയത്.
തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള അഞ്ചു ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന തെക്കൻ മേഖലയുടെ ചുമതല പി.സി. വിഷ്ണുനാഥിനാണ്. എ.പി. അനിൽകുമാറിനെ ഇടുക്കി മുതൽ മലപ്പുറം വരെയുള്ള അഞ്ചു ജില്ലകളുള്ള മധ്യമേഖലയുടെ ചുമതല നൽകി. കോഴിക്കോട് മുതൽ കാസര്‍ഗോഡ് വരെയുള്ള വടക്കൻ മേഖലയുടെ ചുമതലയാണ് ഷാഫി പറമ്പിലിന്.
കെസി പക്ഷക്കാര്‍ക്കാണ് സംഘടനാ ചുമതലയും കെപിസിസി ഓഫീസ് ചുമതലയും. സംഘടനാ ചുമതല നെയ്യാറ്റിന്‍കര സനലിനും ഓഫീസ് ചുമതല മുന്‍ എംഎൽഎ എം.എ. വാഹിദിനുമാണ് നൽകിയത്.
ജില്ലകളുടെ ചുമതല ജനറൽ സെക്രട്ടറിമാര്‍ക്ക് പകരം വൈസ് പ്രസിഡന്റുമാര്‍ക്കും ട്രഷറര്ക്കുമാണ്. ജനറൽ സെക്രട്ടറിമാര്‍ക്ക് നിയോജകമണ്ഡലങ്ങളുടെ ചുമതലയാണ് കെപിസിസി പ്രസിഡന്റ് നൽകിയിരിക്കുന്നത്.
National
മുംബൈ: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശികമായ സഖ്യങ്ങൾക്ക് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) നീക്കം. ശക്തികേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു വ്യത്യസ്ഥമായ നിർദേശങ്ങൾ പ്രാദേശികനേതാക്കൾ ഉന്നയിച്ചതോടെയാണിത്.
നന്ദുർബാർ, കോലാപുർ, നാസിക് ജില്ലകളിലെ സ്ഥാനാർഥികളെ നിശ്ചയിക്കാനായി വോർലി ഡോമിൽ നടന്ന ഭാരവാഹികളുടെ യോഗത്തിൽ വിവിധ നിർദേശങ്ങളാണ് ഉയർന്നുവന്നത്. സഖ്യം സംബന്ധിച്ച് സ്വതന്ത്രമായ തീരുമാനെടുക്കാൻ നന്ദുർബാറിലെ നേതാക്കളോട് അജിത് പവാർ ആവശ്യപ്പെട്ടു.
കോലാപൂരിൽ പ്രാദേശിക വികാരം വിലയിരുത്തി അനുയോജ്യ തീരുമാനത്തിന് മന്ത്രി ഹുസൈൻ മുഷറിഫിനെ ചുമതലപ്പെടുത്തി. ഇതിൽനിന്നു വ്യത്യസ്ഥമായി ഷിൻഡേ വിഭാഗവുമായി സഖ്യം വേണമെന്നാണ് നാസിക്കിലെ ഭാരവാഹികൾ ആവശ്യപ്പെട്ടത്.
Kerala
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രശ്നബാധിത മേഖലയിലുൾപ്പെടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി തയാറെടുത്ത് ബിഎസ്എഫ്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെ പ്രചാരണഘട്ടങ്ങളിലും മറ്റും ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധങ്ങളും സംഘർഷങ്ങളുമുണ്ടാകുമ്പോൾ ജനക്കൂട്ടത്തെ പിന്തിരിപ്പിക്കുന്നതിനും മറ്റു ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമാണ് 7,500 ടിയർ സ്മോക് മ്യൂണിഷൻ (ടിഎസ്എം) വാങ്ങുന്നത്. ഗ്വാളിയർ തെക്കൻപുർ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ ടിയർ സ്മോക്ക് യൂണിറ്റില്‍ നിന്ന് 77,12,070 രൂപ ചെലവഴിച്ചാണ് ആഭ്യന്തരവകുപ്പ് ഇവ വാങ്ങുന്നത്.
കണ്ണീർവാതകഷെൽ വാങ്ങുന്നതിനായി ഡിജിപി ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് തുക അനുവദിച്ചത്. അക്രമാസക്തരായ ജനക്കൂട്ടത്തെ ഏറ്റവും കുറഞ്ഞ ബലപ്രയോഗത്തിലൂടെ പിരിച്ചുവിടുന്നതിനായാണ് ടിഎസ്എം ഉപയോഗിക്കുന്നത്.
ആദ്യഘട്ടത്തിൽ ജലപീരങ്കിയാണ് പ്രയോഗിക്കുന്നത്. പിരിഞ്ഞുപോകാത്തപക്ഷം കണ്ണീർവാതകം ഉപയോഗിക്കും. ഗ്യാസ് പുറത്തായാൽ 10 മിനിറ്റോളം കണ്ണ് പുകയുകയും തുറക്കാൻ പറ്റാത്ത സ്ഥിതിയിലാവുകയും ചെയ്യും.
ഏഴ് മുതൽ 15 സെക്കൻഡിനുള്ളിൽ ഇവ പൊട്ടും. ജനക്കൂട്ടത്തിനുനേരേ ഇവ 45 ഡിഗ്രിയിലാണെറിയുന്നത്. ഇതിനായി ഡിഎച്ച്ക്യുവിലുള്ള പോലീസുകാര്‍ക്കും സ്റ്റേഷനിലുള്ള പോലീസുകാര്‍ക്കും ഇടയ്ക്കിടെ പരിശീലനവും നൽകുന്നുണ്ട്.
പുതുതായി കേരളത്തിലെത്തിക്കുന്ന ടിഎസ്എം പോലീസുകാര്‍ക്കും ആസ്ഥാനത്ത് നിന്ന് എല്ലാ പോലീസ് ജില്ലകൾക്കും കൈമാറും. തദ്ദേശതെരഞ്ഞെടുപ്പിനു മുന്നോടിയായി ഇവ വിതരണം ചെയ്യും. പ്രതിഷേധ മാർച്ചുകളും മറ്റു സംഘർഷങ്ങളുമുണ്ടാകുമ്പോൾ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി കണ്ണീർവാതക ഷെല്ലുകൾ എറിഞ്ഞാലും പലതും പ്രവർത്തിക്കാറില്ലെന്നും പൊട്ടാത്ത കണ്ണീർവാതക ഷെല്ലുകൾ പ്രതിഷേധക്കാർ കൈയിലെടുത്ത് പോലീസിനു നേരേ എറിയുന്ന സാഹചര്യം ഉണ്ടാകാറുണ്ടെന്നും സേനയിലുള്ളവർ തന്നെ പറയുന്നുണ്ട്.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം ഉണ്ടാകുമെന്ന് ജെബി മേത്തർ എംപി. മഹിളാ കോൺഗ്രസ് യാത്രയുമായി കടന്ന് ചെന്നപ്പോൾ ജനങ്ങളുടെ മനസ് വായിച്ചതാണ്. മഹിള കോൺഗ്രസ് സജ്ജമാണ്. എൽഡിഎഫ് ദുർഭരണത്തിൽ ജനങ്ങളുടെ മനസ് മടുത്തു. ജനങ്ങൾക്ക് മനസമാധാനമായി ജീവിക്കാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു.
സംസ്ഥാനത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടുന്നു. ട്രെയിനിൽ പോലും അതിക്രമമാണ്. മദ്യം കേരളത്തിൽ ഒഴുക്കുകയാണ്. അതും അക്രമണത്തിന് പിന്നിൽ ഉണ്ട്. കേരളത്തിലെ അമ്മമാരെ അലട്ടുന്ന പ്രശ്നം ലഹരികൂടെയാണ്.
എൽഡിഎഫ് ഭരിക്കുന്ന കേരളത്തിൽ നർക്കോട്ടിക്സ് ഗ്ലോറിഫൈഡ് ബിസിനെസ് ആണെന്നും അവർ വിമർശിച്ചു. സ്ത്രീകൾക്ക് ആയിരം രൂപ പെൻഷൻ നൽകുന്നത് സ്വാഗതാർഹം ആണ്. പക്ഷേ ഇവിടെ ആയിരം രൂപ കൊണ്ട് ജീവിക്കാൻ കഴിയുമോ. 1000 രൂപയുടെ പുറത്ത് എൽഡിഎഫിലേക്ക് എല്ലാവരും വോട്ട് ചെയ്യുമെന്ന് കരുതുന്നില്ല.
മുഖ്യമന്ത്രി പെട്ടന്ന് ഒരു പ്രഖ്യാപനം നടത്തുന്നു. ഇന്നലെയാണോ പിണറായി വിജയൻ മുഖ്യമന്ത്രിയായത്. തെരഞ്ഞെടുപ്പ് തൊട്ടടുത്ത സമയത്ത് നടത്തിയ പ്രഖ്യാപനം ജനങ്ങൾ മനസിലാക്കുമെന്നും ജെബി മേത്തർ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ വൻ അട്ടിമറിനടന്നതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 25 ലക്ഷം കള്ളവോട്ടുകൾ നടന്നു. എട്ടിൽ ഒന്ന് വോട്ടുകൾ ഹരിയാനയിൽ വ്യാജമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
25 ലക്ഷം കള്ള വോട്ടുകൾ നടന്നു.19 ലക്ഷത്തിലധികം ബൾക്ക് വോട്ടുകൾ നടന്നു. അഞ്ച് ലക്ഷത്തിലധികം വ്യാജവോട്ടുകളുണ്ടായി. 93174 തെറ്റായ വിലാസങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്ത്രീ നൂറ് തവണ വോട്ട് ചെയ്തു. മറ്റൊരു യുവതി 22 തവണ പത്ത് ബൂത്തുകളിലായി വോട്ട് ചെയ്തു. സീമ, സ്വീറ്റി, സരസ്വതി എന്നീ പേരുകളിലാണ് വോട്ട് ചെയ്തതെന്നും രേഖകൾ പ്രദർശിപ്പിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.
ഇത് കേന്ദ്രീകൃതമായി നടന്ന ഓപ്പറേഷൻ ആണ്. എട്ടു സീറ്റുകളിൽ 22 മുതൽ നാലായിരം വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ് പോയത്. എട്ടിൽ ഒന്ന് വോട്ടുകൾ ഹരിയാനയിൽ വ്യാജമാണ്. ഇതുകൊണ്ടാണ് 22,000 വോട്ടിന് കോണ്‍ഗ്രസ് തോറ്റത്. നടന്നത് ഓപ്പറേഷൻ സർക്കാർ ചോരിയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
National
പാറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് മോഷ്ടിക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ഭോജ്പൂരില്‍ വോട്ടര്‍ അധികാര്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളില്‍ അവര്‍ വോട്ട് മോഷണം നടത്തി. എന്നാല്‍ ബിഹാര്‍ തെരഞ്ഞെടുപ്പിൽ അവരെ അതിന് അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം ബിജെപിയുടെ ലക്ഷ്യം വോട്ട് മോഷണം അല്ലെന്നും വോട്ട് കൊള്ളയാണെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.