തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഇന്നു മുതൽ ഏഴു വരെ നടക്കും. ഓരോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേയും അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
അംഗങ്ങളിൽ നിന്നാണ് ചെയർമാനെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എത്രയും വേഗം ചെയർമാൻമാരുടെ തെരഞ്ഞെടുപ്പ് അതത് വരണാധികാരികൾ നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യ-വിദ്യാഭ്യാസം എന്നിങ്ങനെ നാല് സ്റ്റാൻഡിംഗ് കമ്മിറ്റികളാണുള്ളത്. ജില്ലാ പഞ്ചായത്തിൽ ധനകാര്യം വികസനം, പൊതുമരാമത്ത്, ആരോഗ്യ വിദ്യാഭ്യാസം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാൻഡിംഗ് കമ്മിറ്റികളാണ് രൂപീകരിക്കേണ്ടത്.
മുനിസിപ്പാലിറ്റികളിൽ ധനം, വികസനം,ക്ഷേമം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസ-കലാകായികം എന്നിവയടക്കം ആറ് സ്റ്റാൻഡിംഗ് കമ്മിറ്റികളുണ്ട്. കോർപറേഷനുകളിൽ ധനം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, നഗരാസൂത്രണം, നികുതി അപ്പീൽ, വിദ്യാഭ്യാസ കായികം എന്നിങ്ങനെ എട്ട് സ്റ്റാൻഡിംഗ് കമ്മിറ്റികളുണ്ട്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം, ചെയർമാൻ തെരഞ്ഞെടുപ്പ് നടത്താൻ അതാതു സ്ഥാപനത്തിലെ വരണാധികാരികളെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തിലേയുംകോർപ്പറേഷനിലെയും തെരഞ്ഞെടുപ്പ് വരണാധികാരിയുടെ ചുമതല എഡിഎമ്മിനാണ്.
സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലാണ് നടക്കുക. ധനകാര്യമുൾപ്പെടെ എല്ലാ സ്റ്റാ ൻഡിംഗ് കമ്മിറ്റികളിലും ഒരു സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ചെയർമാൻ സ്ഥാനങ്ങളിലും സ്ത്രീ സംവരണം നിശ്ചയിച്ച് വിജ്ഞാപനമിറക്കി. സ്ത്രീ സംവരണ സ്ഥാനത്തേക്കായിരിക്കും ആദ്യ തെരഞ്ഞെടുപ്പ് നടത്തുക. സ്ത്രീ സംവരണ സ്ഥാനം നികത്തിയതിന് ശേഷം മറ്റ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തും.
Tags : Local body standing committee elections