Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ജോസ് കെ. മാണി എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന സൂചന പുറത്തുവന്നതോടെ പ്രചാരണം ശക്തമാക്കി മാണി സി. കാപ്പൻ. യുഡിഎഫ് അധികാരത്തിലെത്തിയാൽ പാലായ്ക്ക് മന്ത്രിയുണ്ടാകുമെന്ന് പറഞ്ഞാണ് കാപ്പൻ പ്രചാരണം നടത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം നടത്തിയ മണ്ഡലമാണ് പാല. കെ.എം.മാണിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പരാജയപ്പെടുത്തിയാണ് കാപ്പൻ ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് ജോസ് കെ.മാണിയും കൂട്ടരും എൽഡിഎഫിൽ എത്തിയതോടെ കാപ്പൻ മറുകണ്ഡം ചാടുകയായിരുന്നു.
2021ലെ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയെ 15,378 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണി സി.കാപ്പൻ പരാജയപ്പെടുത്തിയത്. ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ വെക്കുന്ന മണ്ഡലത്തിൽ ഷോൺ ജോർജ് എൻഡിഎ സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ടുകൾ.
Kerala
പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലെ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണിയെന്ന് പ്രഖ്യാപിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. എല്‍ഡിഎഫ് വികസനമുന്നേറ്റ യാത്രയുടെ ഭാഗമായി അടിമാലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം.
ഇത്തവണ പാലായിൽ മത്സരിക്കുമോ എന്ന് ജോസ് കെ. മാണിയോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ജോസ് കെ. മാണി തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ പറയുകയായിരുന്നു. ഇതിനു പിന്നാലെ ഇക്കാര്യം പാർട്ടി തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ. മാണിയുടെ മറുപടി.
"പാർട്ടി തീരുമാനിക്കും, ജോസ് കെ. മാണി മത്സരിക്കും. സംശയമെന്താ?. ജോസ് കെ. മാണി മത്സരിക്കുന്നതിന് പ്രത്യേകമായിട്ട് ആലോചനയുടെ കാര്യമെന്താ. അതൊക്കെ പാർട്ടിയുടെ തീരുമാനത്തിൽ, സമയത്ത് പുറപ്പെടുവിക്കും'. - റോഷി അഗസ്റ്റിൻ പറഞ്ഞു.
ഇതേസമയം റോഷിയുടെ കൈയിൽ നിന്ന് മൈക്ക് വാങ്ങിയ ജോസ് കെ. മാണി, ആര് മത്സരിക്കണമെന്നത് പാർട്ടി തീരുമാനിക്കും എന്ന് പറയുകയായിരുന്നു.
Kerala
കോട്ടയം: പാലാ കടപ്പാട്ടൂർ ബൈപാസിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ ശ്രീലക്ഷ്മി (27) ആണ് മരിച്ചത്.
ശനിയാഴ്ചയുണ്ടായ അപകടത്തിൽ ശ്രീലക്ഷ്മിയുടെ സഹോദരൻ എൻ.എസ്.ശ്രീനാഥും (22 ) മരിച്ചിരുന്നു. എറണാകുളത്തെ ജോലി സ്ഥലത്തുനിന്ന് എത്തിയ സഹോദരിയുമായി ചേനപ്പാടിയിലെ വീട്ടിലേക്ക് വരുന്ന വഴി ഇവർ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ കാർ ഇടിക്കുകയായിരുന്നു.
കൊച്ചി ഇൻഫോസിറ്റിയിൽ ജോലിക്കാരിയായ ശ്രീലക്ഷ്മി ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അവധിക്ക് എത്തിയതായിരുന്നു. വരുന്ന ഏപ്രിലിൽ ശ്രീലക്ഷ്മിയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു.
Kerala
കോട്ടയം: കേരള കോൺഗ്രസ്-എം യുഡിഎഫിലെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ, പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ. വേണമെങ്കിൽ ജോസ് കെ. മാണി തിരുവമ്പാടിയിൽ മത്സരിക്കട്ടെയെന്നാണ് അദ്ദേഹം നിലപാട് അറിയിച്ചത്.
കേരള കോൺഗ്രസ്-എം എത്തുന്ന പക്ഷം തിരുവമ്പാടിയില്‍ മാണി സി. കാപ്പനെ മത്സരിപ്പിക്കാനായിരുന്നു യുഡിഎഫിന്റെ തീരുമാനം. ഇതുപ്രകാരം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ താന്‍ പാലാ വിടില്ലെന്ന നിലപാടില്‍ മാണി സി. കാപ്പന് ഉറച്ചുനില്‍ക്കുകയായിരുന്നു.
കേരള കോൺഗ്രസ്-എം യുഡിഎഫിലേക്കെത്തുന്നതിൽ മാണി സി. കാപ്പന് എതിർപ്പില്ല. എന്നാൽ പാലാ സീറ്റ് വിട്ടുനൽകികൊണ്ടുള്ള വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
Kerala
കോട്ടയം: ജോസ് കെ. മാണി യുഡിഎഫിൽ വരുന്നെങ്കിൽ വരട്ടെയെന്ന് പാലാ എംഎൽഎ മാണി സി. കാപ്പൻ. എന്നാൽ പാലാ സീറ്റ് ആർക്കും വിട്ടുക്കൊടുക്കില്ലെന്ന് കാപ്പൻ പറഞ്ഞു. നിലവിൽ കേരള കോൺഗ്രസ്-എമ്മിനെ യുഡിഎഫിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നില്ലെന്നും അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും കാപ്പൻ പറഞ്ഞു.
"എലത്തൂർ സീറ്റ് ലീഗിനു വിട്ടുകൊടുക്കാൻ തന്റെ പാർട്ടി തയാറാണ്. പകരം പേരാമ്പ്ര വേണം. ടീം യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങിയാൽ വിജയം ഉറപ്പാണ്.'-കാപ്പൻ അവകാശപ്പെട്ടു.
"കെഡിപിക്കു നിലവിൽ രണ്ടു സീറ്റാണ് ഉള്ളത്. പാലായും ഏലത്തൂരും ആണ് കഴിഞ്ഞ തവണ ഞങ്ങൾക്കു തന്നത്. അതിൽ പാലാ വിജയിച്ചു. മൂന്നു സീറ്റ് വേണമെന്ന് കഴിഞ്ഞ തവണതന്നെ ആവശ്യപ്പെട്ടതാണ്. അതിനാൽ ഇത്തവണ മൂന്നു സീറ്റ് വേണം.'-കാപ്പൻ പറഞ്ഞു.
എലത്തൂർ സീറ്റ് ലീഗിനു കിട്ടിയാൽ കൊള്ളാമെന്നുണ്ട്. മാറിക്കൊടുക്കാമെന്ന് ഞാൻ പറഞ്ഞു. പകരം പേരാമ്പ്ര സീറ്റ് കിട്ടണം. അതിൽ വിജയസാധ്യത ഉണ്ട്. ക്രിസ്ത്യൻ – മുസ്ലിം കൺസോളിഡേഷൻ ഉണ്ടായാൽ ജയിക്കാൻ സാധിക്കും. നിലവിൽ ചർച്ചകൾ യുഡിഎഫിൽ നടക്കുന്നില്ല. കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ അൻവറിനെയും സി.കെ. ജാനുവിനെയും എടുക്കാനുള്ള ചർച്ച മാത്രമേ നടന്നിട്ടുള്ളുവെന്നും കാപ്പൻ പറഞ്ഞു.
"തദ്ദേശ തിരഞ്ഞെടുപ്പിൽ പാലായിൽ എൽഡിഎഫിനാണ് മുൻതൂക്കം. പക്ഷേ, ഞാൻ മത്സരിക്കാൻ ഇറങ്ങിയാൽ ചിത്രം മാറും. രണ്ടു തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ചു. എനിക്കുള്ള വോട്ട് അവിടെനിന്ന് പോയിട്ടില്ല. ഇടതുവോട്ടുകളും എനിക്ക് കിട്ടും.'-കാപ്പൻ അവകാശപ്പെട്ടു.
Kerala
പാലാ: സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസിൽ മാർച്ച് നാല്, അഞ്ച് തീയതികളിൽ നടക്കുന്ന നാഷണൽ ഇന്നവേഷൻ ചലഞ്ചിന്റെ വിളംബരമായി അസിസ്റ്റീവ് ടെക്നോളജി ഇന്നവേഷനിൽ ഏകദിന ഐഡിയേഷൻ ബൂട്ട്ക്യാമ്പ് നടത്തി.
ബിൽഡത്തൺ 2026 എന്ന് പേരിട്ടിട്ടുള്ള ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനിയറിംഗ് (ഓട്ടോണമസ്), മാർ സ്ലീവാ മെഡിസിറ്റി പാലാ, ഹെക്മസ്- ആൻ ഈസ്റ്റേൺ സെന്റ്ർ ഓഫ് എക്സലൻസ്, പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി എന്നിവരാണ്. മൂന്ന് ഘട്ടങ്ങളായി നടത്തുന്ന പ്രോഗ്രാമിൽ എൻജിനിയറിംഗ്, മെഡിക്കൽ, മാനേജ്മെന്റ്, സയൻസ് തുടങ്ങിയ മേഖലകളിലെ വിദ്യാർഥികൾ, ഗവേഷകർ, സ്റ്റാർട്ട് അപ്പ് സംരംഭകർ എന്നിവരാണ് പങ്കെടുക്കുക. മൂന്ന് ഘട്ടങ്ങളായി നടത്തുന്ന പ്രോഗ്രാമിന്റെ ആദ്യഘട്ടമാണ് ഇന്നലെ നടന്നത്. രണ്ടാമത്തെ ഘട്ടം ഫെബ്രുവരി രണ്ടിനും ഗ്രാന്‍ഡ് ഫിനാലെ മാർച്ച് നാല്, അഞ്ച് തീയതികളിലും നടക്കും.
മൂന്നര ലക്ഷത്തിൽപ്പരം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ആദ്യപത്തിൽ സ്ഥാനം ലഭിക്കുന്ന ടീമുകൾക്ക് പാലാ സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജ് ബൂട്ട് ക്യാമ്പിന്റെയും ഐഇഡിസി യുടെയും മെന്ററിംഗ്, എസ്ജെസിഇടി അസിസ്റ്റീവ് ടെക്നോളജി ഇൻക്യുബെഷൻ സെന്ററിന്റെ ഇൻക്യുബെഷൻ സപ്പോർട്ട്, വർക്ക് സ്പേയ്സ് ആൻഡ് പ്രോട്ടോ ടൈപ്പിംഗ് സൗകര്യങ്ങൾ എന്നിവ ലഭിക്കും.
ഉദ്ഘാടനസമ്മേളനത്തിൽ കോളജ് ചെയർമാൻ മോൺ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. ബംഗളൂരു അസിസ്ടെക് ഫൗണ്ടേഷൻ സിഇഒ പ്രതീക് മാധവ് മുഖ്യാതിഥി ആയി. കോളജ് ഡയക്ടർ റവ. പ്രഫ. ഡോ. ജയിംസ് ജോൺ മംഗലത്ത്, പ്രിൻസിപ്പൽ ഡോ. വി.പി. ദേവസ്യ, ഹെക്മസ് ഇൻഡസ്ട്രി ആൻ്ഡ് അക്കാദമിക് അലയൻസ് ഡയറക്ടർ സേവ്യർ കൊണ്ടോടി, പാലാ മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സർവീസ് ചീഫ് ഡോ. പൗളിൻ ബാബു, എസ്ജെസിഇ ടി പാലാ ടെക് ഫോർ ലൈഫ് ഓർഗനൈസിംഗ് സെക്രട്ടറി ഡോ. രാജേഷ് ബേബി, ബിൽഡത്തൺ 2026 ഫാക്കൽറ്റി കോ-ഓർഡിനേറ്റർ സർജു എസ് എന്നിവർ പ്രസംഗിച്ചു. ബംഗളൂരു അസിസ്ടെക് ഫൗണ്ടേഷൻ സിഇഒ പ്രതീക് മാധവ്, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിലെ ജനീഷ് ഉറുണിയെങ്കൽ, പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോ. അനീഷ് ജോസഫ്, പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോ. അനിറ്റ് കാതറിൻ എന്നിവർ ക്ലാസുകൾ നയിച്ചു.
ജനീഷ് ഉറുണിയെങ്കൽ, ഡോ. അനിറ്റ് കാതറിൻ, ഡോ. അനീഷ് ജോസഫ്, ഡോ. അനുപാ ലൂക്കോസ്, ഡോ. ജോർജ് സക്കറിയാസ് എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. സർജു. എസ് മോഡറേറ്റർ ആയിരുന്നു. ബിൽഡത്തൺ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 2026 ജനുവരി 24 ആണ്. വിവരങ്ങൾക്ക് buildathon.sjcetpalai.ac.in.
Kerala
കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്നും കാപ്പൻ പറഞ്ഞു.
കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ കൊണ്ടുവരാൻ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നും കാപ്പൻ പറഞ്ഞു. പാലായിൽ യുഡിഎഫിന് ഒരു സ്ഥാനാർഥിയായിരിക്കും ഉണ്ടാവുക. അത് മാണി സി. കാപ്പൻ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
"പാലാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് യോഗങ്ങളും ആരംഭിച്ചു. ജോസ് കെ. മാണിക്ക് പാലാ കൊടുക്കണം എന്ന് നേതാക്കൾ ആരും പറഞ്ഞിട്ടില്ല.'-മാണി സി. കാപ്പൻ പറഞ്ഞു.
ജോസ് കെ. മാണി രാഷ്ട്രീയ കോപ്രായം കാണിക്കുന്ന ആളാണ്. തെരഞ്ഞെടുക്കുന്ന എല്ലാ സ്ഥാനങ്ങളും പാതി വഴിയിൽ രാജിയ്ക്കും. പാലായിൽ ജോസ് മത്സരിക്കും എന്ന് തോന്നുന്നില്ലെന്നും കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ കൊണ്ടുവരാൻ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പിൽ കെഡിപി കൂടുതൽ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ മത്സരിക്കുന്നത് പാലായിലും എലത്തൂരിലുമാണ്.
സീറ്റുകളുടെ കാര്യത്തിൽ ഉടൻ ധാരണ ഉണ്ടാകും. എലത്തൂർ മുസ്ലീം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു സീറ്റ് കിട്ടിയാൽ എലത്തൂർ ലീഗിന് കൊടുക്കുമെന്നും യുഡിഎഫ് ഭരണത്തിൽ വന്നാൽ കെഡിപിക്ക് മന്ത്രി സ്ഥാനം ഉണ്ടാകുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.
Kerala
പാലാ: ഗുരുതരമായ അയോര്‍ട്ടിക് സ്റ്റെനോസിസ് ഹൃദ് രോഗം ബാധിച്ച 77 വയസുകാരിക്ക് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ട്രാന്‍സ്കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന് (ടാവി) വിജയകരമായി നടത്തി. അമയന്നൂര്‍ സ്വദേശിനിക്കാണ് ഏറെ സങ്കീര്‍ണമായ ചികിത്സ നടത്തിയത്.
ആശുപത്രിയിലെ കാര്‍ഡിയോളജി, കാര്‍ഡിയാക് സര്‍ജറി, കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗങ്ങളുടെ സഹകരണത്തോടെയായിരുന്നു ചികിത്സ. ഗുരുതര ശ്വാസംമുട്ടല്‍, ക്ഷീണം എന്നിവയെ തുടര്‍ന്നാണ് 77കാരി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സ തേടിയത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അയോര്‍ട്ടിക് വാല്‍വിന്റെ ഗുരുതരമായ ചുരുങ്ങല്‍ കണ്ടെത്തിയത്.
സാധാരണ നിലയിലുള്ള ഓപ്പണ്‍-ഹാര്‍ട്ട് ശസ്ത്രക്രിയയ്ക്ക് രോഗിയുടെ ആരോഗ്യനില അനുകൂലമല്ലെന്ന് വിലയിരുത്തിയതിനെ തുടര്‍ന്ന് കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രാജീവ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഹൃദ്രോഗവിദഗ്ധരുടെ സംഘം ടാവി ചികിത്സയ്ക്ക് തീരുമാനം എടുക്കുകയായിരുന്നു.
കാലിലെ രക്തധമനിയില്‍ വളരെ ചെറിയൊരു മുറിവ് വഴിയായിരുന്നു ടാവി ചികിത്സ നടത്തിയത്. പുതിയ വാല്‍വ് വിജയകരമായി സ്ഥാപിച്ചതോടെ അത് ഉടന്‍ പ്രവര്‍ത്തനം ആരംഭിച്ചു. രോഗി വളരെ വേഗത്തില്‍ സുഖം പ്രാപിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ ഐസിയുവില്‍ നിന്ന് മാറ്റുകയും ചെയ്തു.
കാര്‍ഡിയാക് സയന്‍സസ് വിഭാഗം മേധാവി ഡോ രാംദാസ് നായിക്, സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ജെയിംസ് തോമസ്, ഡോ. ബിബി ചാക്കോ ഒളരി, കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. നിതീഷ് പി.എന്‍., കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്കുലര്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കൃഷ്ണന് സി എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.
Kerala
പാലാ: പാലാ നഗരസഭാധ്യക്ഷയായി ദിയ ബിനു പുളിക്കക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടു. 21കാരിയായ ദിയ ബിനു ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്സണാണ്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പാലാ നഗരസഭയിലേക്കു സ്വതന്ത്ര്യ സ്ഥാനാര്‍ഥികളായി
തെരഞ്ഞെടുക്കപ്പെട്ട പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്നു കൗണ്‍സിലര്‍മാരുടെ പിന്തുണ യുഡിഎഫിനു ലഭിച്ചത്. ഇതോടെ ഇതാദ്യമായി പാല നഗരസഭയില്‍ കോണ്‍ഗ്രസ് എം പ്രതിപക്ഷ സ്ഥാനത്തായി. ചെയര്‍പേഴ്സണ്‍ സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടുകയാണ്.
രണ്ടാം ടേമില്‍ സ്വതന്ത്ര അംഗമായി വിജയിച്ച മായ രാഹുല്‍ ചെയര്‍പേഴ്സണ്‍ ആകും. കന്നി മത്സരത്തിനിറങ്ങിയ ദിയ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്.
Kerala
കോട്ടയം: പാലാ നഗരസഭയിൽ ദിയ ബിനു പുളിക്കകണ്ടം ആദ്യ ടേം ചെയർപേഴ്സണാകുമെന്ന് റിപ്പോർട്ടുകൾ. പുളിക്കകണ്ടം കുടുംബം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ചയിലേറെയായി നടക്കുന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം.
ചർച്ചയിൽ പുളിക്കകണ്ടം കുടുംബം മുന്നോട്ടുവച്ച ആവശ്യങ്ങൾ യുഡിഎഫ് അംഗീകരിക്കുകയായിരുന്നു. മൂന്ന് കൗൺസിലർമാരുള്ള പുളിക്കകണ്ടം കുടുംബവുമായി എൽഡിഎഫ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും വിജയം കണ്ടിരുന്നില്ല.
ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം എന്നിവരാണ് പുളിക്കകണ്ടം കുടുംബത്തിൽ നിന്നും പാലാ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷമില്ലാതായതോടെ പുളിക്കകണ്ടം കുടുംബത്തിലെ കൗൺസിലർമാരുടെ തീരുമാനം നിര്‍ണായകമാണ്.
ഇതോടെയാണ് മന്ത്രി വി.എൻ. വാസവൻ, സിപിഎം ജില്ലാ സെക്രട്ടറി ടി. ആർ. രഘുനാഥ് എന്നിവർ പുളിക്കകണ്ടം കുടുംബത്തെ നേരിട്ടെത്തി കണ്ടത്. അധ്യക്ഷ സ്ഥാനം നൽകുന്നവരെ പിന്തുണയ്ക്കുമെന്നാണ് പുളിക്കകണ്ടം കുടുംബം ആദ്യം അറിയിച്ചത്.
Kerala
പാലാ: പാലാ നഗരസഭ ആര് ഭരിക്കുമെന്ന കാര്യത്തില്‍ തീരുമാനം സ്വീകരിക്കാനായി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ച വാര്‍ഡുകളിലെ ജനപ്രതിനിധികളുടെ ആവശ്യപ്രകാരം വോട്ടര്‍മാര്‍ ഒത്തു ചേര്‍ന്ന് അഭിപ്രായ സമന്വയം നടത്തി. യുഡിഎഫിന് അനുകൂലമായ അഭിപ്രായമാണ് ജനസഭയില്‍ ഉയര്‍ന്നത്.
പങ്കെടുത്തവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനായി ചോദ്യങ്ങള്‍ അടങ്ങിയ പേപ്പര്‍ നല്‍കിയിരുന്നു. മൂന്നു വാര്‍ഡുകളില്‍നിന്നായി മുന്നൂറോളം പേര് പങ്കെടുത്തു. അന്തിമ തീരുമാനം ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നു ബിനു പുളിക്കക്കണ്ടം പറഞ്ഞു. ആദ്യ രണ്ടു വര്‍ഷക്കാലം ബിനുവിന്റെ മകള്‍ ദിയയ്ക്കു ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു.
ഇരു മുന്നണികളുടെയും നേതാക്കള്‍ ബന്ധപ്പെട്ടതായാണ് വിവരം.
26 അംഗ നഗരസഭയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 10, സ്വത-നാല് എന്നിങ്ങനെയാണ് കക്ഷിനില. ബിനു പുളിക്കക്കണ്ടം, മകള്‍ ദിയാ ബിനു, ബിനുവിന്റെ സഹോദരന് ബിജു എന്നിവരാണ് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികള്‍.
യുഡിഎഫ് ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കു ബദലായി 19-ാം വാര്‍ഡില്‍ മത്സരിച്ച വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി മായാ രാഹുലിന്റെ നിലപാടും നിര്‍ണായകമാകും.
പാലാ നഗരസഭയിലെ വാര്‍ഡ് 13 മുരിക്കുംപുഴ, 14 പരിപ്പിക്കുന്ന്, 15 പാലംപുരയിടം എന്നിവിടങ്ങളിലെ വോട്ടര്‍മാരുടെ ജനസഭയാണ് ഇന്നലെ വൈകുന്നേരം പാലാ മുരിക്കുംപുഴ പുളിക്കകണ്ടത്തില്‍ ഓര്‍ച്ചാര്‍ഡ് റിവര്‍ മാന്ഷന് ഓഡിറ്റോറിയത്തിൽ ചേര്‍ന്നത്.
Kerala
പാലാ: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 27 കാരനായ തമിഴ്നാട് സ്വദേശിക്ക് മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ നടത്തിയ സങ്കീര്ണമായശസ്ത്രക്രിയകള്ക്കൊടുവില് പുനര്ജന്മം. ഓഗസ്റ്റ് 28 ന് നടന്ന ബൈക്ക് അപകടത്തിനു ശേഷം ഗുരുതരാവസ്ഥയിലാണ് യുവാവിനെ മാര്‍ സ്ലീവായില്‍ എത്തിച്ചത്.
അത്യാഹിത വിഭാഗത്തിലെ ചികിത്സയ്ക്കും സ്കാനിംഗിനുമൊടുവില് പാന്‍ക്രിയാസിന്റെ മധ്യഭാഗത്ത് ചതവുപറ്റിയതായും ഇടതു വൃക്കയ്ക്ക് ഗുരുതര പരുക്കും നിരവധി ആന്തരിക പരിക്കുകളും അമിത രക്തസ്രാവം ഉള്ളതായും കണ്ടെത്തി. ആന്തരിക പരുക്കുകള്‍ മൂലം വയറിനകത്ത് രക്തം കെട്ടിക്കിടക്കുന്നതിനെത്തുടര്‍ന്ന് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ റേഡിയോഡയഗ്നോസിസ് ആന്‍ഡ് ഇമേജിംഗ് വിഭാഗം അടിയന്തരമായി പിഗ്ടെയില്‍ ഡ്രെയിന്‍ സ്ഥാപിച്ചു.
പാന്‍ക്രിയാസിന് ഉണ്ടായിരുന്ന ശക്തമായ ചതവിന്റെ ഫലമായി പാന്‍ക്രിയാറ്റിക് ഫ്ലൂയിഡ് ലീക്ക് ചെയ്യുന്നതും ആന്തരിക പരിക്കുകള്‍ മൂലം വയറ്റിനകത്ത് രക്തം കെട്ടിക്കിടക്കുന്നതും അണുബാധ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിച്ചതോടെ അവയവങ്ങളുടെ പ്രവര്‍ത്തനവും ജീവനും സംരക്ഷിക്കുന്നതിനായി ഡയഗ്നോസ്റ്റിക് ലാപറോസ്കോപ്പിയും പെരിറ്റോണിയല്‍ ഡ്രെയിനേജുമടക്കമുള്ള അടിയന്തര ശസ്ത്രക്രിയകള്‍ നടത്തി.
പാന്‍ക്രിയാസിലും ഉദരാവയവങ്ങളിലും വലിയ തോതില്‍ നെക്രോസിസ് രൂപപ്പെട്ടിരുന്നതിനെ തുടര്‍ന്ന് സെപ്റ്റംബറില്‍ ലാപറോട്ടമി നടത്തി നശിച്ച ടിഷ്യുകള്‍ നീക്കം ചെയ്തു. പിന്നീട് നടത്തിയ ശസ്ത്രക്രിയയിലൂടെ പാന്‍ക്രിയാസിന്റെ വാല്‍ഭാഗവും സ്പ്ലീനും നീക്കം ചെയ്യുകയും ട്യൂബ് ജെജുനോസ്റ്റമി നടത്തുകയും ചെയ്തു.
ശസ്ത്രക്രിയകള്‍ക്ക് ശേഷമുള്ള ദിവസങ്ങളില്‍ രോഗിക്കുണ്ടായ എന്ററോക്യൂട്ടേനിയസ് ഫിസ്റ്റുല മാര്‍ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്ധ സംഘം നിയന്ത്രിത ഫിസ്റ്റുലയായി മാറ്റി ചികില്‍സിച്ചു. ദീര്‍ഘകാല ഐസിയു പരിചരണം, മെഡിക്കല്‍ മാനേജ്മെന്റ്, കര്‍ശനമായ ഡയറ്റ് നിയന്ത്രണം, ഇന്ഫെക്ഷന് നിയന്ത്രണം, ഫിസിയോതെറാപ്പി എന്നിവയിലൂടെ രോഗിയുടെ രോഗാവസ്ഥ ക്രമേണ മെച്ചപ്പെട്ടു. മൂന്നര മാസത്തോളം നീണ്ട ചികിത്സയ്ക്ക് ശേഷം രോഗി സാധാരണ ഭക്ഷണം കഴിക്കുന്ന നിലയിലേക്കു മടങ്ങിയതോടെ നവംബര്‍ 30 ന് ഡിസ്ചാര്‍ജ് ചെയ്തു.
സര്‍ജിക്കല്‍ ഗാസ്ട്രോഎന്ററോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. കെ.പി.മഞ്ജുരാജയുടെ നേതൃത്വത്തില്‍ സര്‍ജിക്കല്‍ ഗാസ്ട്രോഎന്ററോളജി വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റുമാരായ ഡോ. എ.ജി. ഹരിശങ്കര്‍, ഡോ. എ.വി. കിരണ്‍ നാഥ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ചികിത്സ പൂര്‍ത്തീകരിച്ചത്.
അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ലിബി ജി. പാപ്പച്ചന്, ഡോ. എബി ജോണ്‍, ഡോ. ജയിംസ് സിറിയക്, ഇന്റർവെന്‍ഷണല്‍ റേഡിയോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. രാജേഷ് ആന്റണി, മെഡിക്കല്‍ ഗാസ്ട്രോ എന്ററോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. പ്രിജിത്ത് ഏബ്രഹാം തോമസ്, യൂറോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. വിജയ് രാധാകൃഷ്ണന്, നെഫ്രോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. തരുണ്‍ ലോറന്‍സ്, പള്‍മനോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.എസ്. രാജ്കൃഷ്ണന്, ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജോസ്കുട്ടി മാത്യു എന്നിവരും മാര്‍ സ്ലീവായിലെ ചികിത്സാ സംഘത്തിന്റെ ഭാഗമായിരുന്നു.
Kerala
പാലാ: പാലാ-പൊന്‍കുന്നം റോഡില്‍ വിളക്കും മരുതങ്കലില് ക്രയിനിന്റെ സൂമില്‍ ശബരിമല തീര്‍ഥാടകരുടെ ബസിടിച്ച് അപകടം. ഇന്നു രാവിലെ 9 .30ന് ആയിരുന്നു സംഭവം.
നാല്ക്കവലയായ വിളക്കും മരുതിങ്കലില് തോട്ടനാലില്‍ റോഡില്‍ നിന്ന് മെയിന്‍ റോഡിലേയ്ക്ക് ഇറങ്ങി വന്ന ക്രെയിനിന്റെ സൂമിലാണ് ബസ് ഇടിച്ചത്. പിന്നാലെ വന്ന കാറും അപകടത്തിൽപ്പെട്ടു.
ആന്ധ്രയില്‍നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. കാർ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റി.
Kerala
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അഡ്വാന്‍സ്ഡ് ഇന്റർവെന്‍ഷണല്‍ പെയിന്‍ ആന്‍ഡ് സ്പൈന്‍ കെയര്‍ സെന്റർ പ്രവര്‍ത്തനം ആരംഭിച്ചു.
അത്യാധുനിക സ്ട്രൈക്കര്‍ മള്‍ട്ടിജെന്‍ ടു റേഡിയോ ഫ്രീക്വന്‍സി ജനറേറ്റര്‍ സംവിധാനമാണ് സെന്ററില്‍ സ്ഥാപിച്ചിരിക്കുന്നത്. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ സെന്ററിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നിര്‍വഹിച്ചു. നാഡി, സന്ധി സംബന്ധമായ വേദനകള്‍ക്ക് ഉള്‍പ്പെടെ ദീര്‍ഘകാലമായി തുടരുന്ന വേദനകള്‍ക്കുള്ള ചികിത്സ സെന്ററിലൂടെ ലഭ്യമാകും.
വിട്ടുമാറാത്ത വേദനയ്ക്ക് കാരണമായ നാഡികളില്‍ താപമോ പള്‍സ് എനര്‍ജിയോ നല്കി ഏറ്റവും വേഗത്തില്‍ വേദനയ്ക്ക് പരിഹാരം കാണാവുന്ന ചികിത്സയാണ് ലഭ്യമാകുക. നട്ടെല്ല്, നാഡി തകരാറുകള്‍ മൂലമുള്ള വേദന, സന്ധി, പേശി വേദന, തലവേദന, കാന്‍സര്‍ സംബന്ധമായ വേദനകള്‍, മറ്റ് വിവിധ രോഗങ്ങള്‍ മൂലമുള്ള വേദനകള്‍ക്കും പെയിന്‍ സെന്ററിലൂടെ പരിഹാരം കാണാന്‍ സാധിക്കും.
ടാര്‍ജറ്റഡ് സ്പൈന്‍ ഇന്‍ര്‍വെന്‍ഷന്‍സ്, ജോയിന്റ് പ്രിസര്‍വേഷന്‍ തെറാപ്പികള്‍, അഡ്വാന്‍സ്ഡ് പെയിന്‍ മോഡുലേഷന്,മൈഗ്രേയ്നുള്ള ബോട്ടാക്സ്, ഇന്‍ട്രാതെക്കല്‍ ഡഗ്ഡെലിവറി സിസ്റ്റംസ്, ഡ്രൈ നീഡിംഗ് ആന്‍ഡ് ട്രിഗര്‍ പോയിന്റ് തെറാപ്പി തുടങ്ങിയവയും സെന്ററിലൂടെ ലഭ്യമാകുന്ന ചികിത്സകളാണ്.
ചടങ്ങില്‍ ഹോസ്പിറ്റല്‍ സിഇഒ റവ. ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍,ഡയറക്ടര്‍മാരായ ഫാ. ജോസ് കീരഞ്ചിറ, റവ. ഡോ. ഇമ്മാനുവല്‍ പറേക്കാട്ട്, ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കൊമഡോര്‍ ഡോ. പോളിന് ബാബു, മെഡിക്കല്‍ സൂപ്രണ്ട് ഡോ. നിതീഷ് പി.എന്‍, ഡോ. അല്‍ക്ക എലിസബത്ത് ജേക്കബ്, വിവിധ വിഭാഗങ്ങളിലെ മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
National
ന്യൂഡൽഹി: പാലാ സെന്റ് തോമസ് കോളജ് അലുമ്നി അസോസിയേഷൻ ഡൽഹി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്, പുതുവത്സര ആഘോഷവും വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി(വെസ്റ്റ്) യായ പൂർവവിദ്യാർഥി സിബി ജോർജിന് സ്വീകരണവും ബുധനാഴ്ച നടക്കും.
കേരള ഹൗസ് കോണ്‍ഫറൻസ് ഹാളിൽ വൈകുന്നേരം 6.30ന് നടക്കുന്ന ചടങ്ങ് കേന്ദ്രമന്ത്രിയും പാലാ സെന്റ് തോമസ് കോളജ് പൂർവവിദ്യാർഥിയുമായ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.
ഡൽഹി അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ജോർജ് കള്ളിവയലിൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ സിബി ജോർജിനെ മന്ത്രി ജോർജ് കുര്യൻ പൊന്നാടയും ഫലകവും നൽകി ആദരിക്കും.
കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫ. കെ.വി. തോമസ്, സുപ്രീംകോടതി മുൻ ജഡ്ജി കുര്യൻ ജോസഫ്, എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ്, മുൻ അംബാസഡർമാരായ കെ.പി. ഫാബിയൻ, വേണു രാജാമണി, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ, ദൂരദർശൻ ഡയറക്ടർ ജനറൽ സതീഷ് നന്പൂതിരിപ്പാട്, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ് എന്നിവർ പ്രസംഗിക്കും.
അലുമ്നി സെക്രട്ടറി ഡോ. ജോസഫ് ഇമ്മാനുവൽ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ജോർജ് കുരുവിള നന്ദിയും പറയും. ഡൽഹി ഷഹീബാബാദ് സെന്റ് ജൂഡ് പള്ളി യുവസംഘം കരോൾ ഗാനങ്ങൾ ആലപിക്കും.
Kerala
പാലാ: യുവ വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. പാലാ മീനച്ചില്‍ മൂലെത്തുണ്ടി ഭാഗത്ത് താമസിക്കുന്ന തോണക്കര സക്കറിയ ജോസഫിന്റെ മകള്‍ നീനു (29) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരമാണ് കുഴഞ്ഞു വീണത്. വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
ഇന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. സംസ്കാരം പിന്നീട് മീനച്ചില്‍ സെന്റ് ആന്റണീസ് പള്ളിയില്‍.
പഠനത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു നീനു. മാതാവ് ലൈസമ്മ സക്കറിയാസ്. സഹോദരങ്ങള്‍ നിമ്മി, നീതു.
Kerala
കോട്ടയം: യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. ആറു വര്‍ഷം മുമ്പ് ഇടതുമുന്നണിയില്‍ ചേര്‍ന്നത് ഒരു രാഷ്ട്രീയ തീരുമാനമാണ്. ആ തീരുമാനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും മുന്നണി മാറ്റം കേരള കോണ്‍ഗ്രസിന്റെ അജൻഡയിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നു കരുതി മുന്നണി മാറുന്നത് രാഷ്ട്രീയ മര്യാദയല്ല. യുഡിഎഫ് നേതാക്കാള്‍ ക്ഷണിക്കുന്നത് കേരള കോണ്‍ഗ്രസിന്റെ അടിത്തറ കണ്ടിട്ടാണ്. എല്‍ഡിഎഫില്‍ എത്തിയ ശേഷമാണ് യുഡിഎഫിന് കേരള കോണ്‍ഗ്രസിന്റെ ശക്തി മനസിലായത്. യുഡിഎഫ് അപമാനിച്ച് ഇറക്കി വിട്ടതാണ്. നിലവില്‍ നടക്കുന്ന മുന്നണി മാറ്റ ചര്‍ച്ചകളില്‍ ഒരു കഴമ്പുമില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
ഇന്നു രാവിലെ 10.30ന് ആരംഭിച്ച ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതിനു മുമ്പായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ഇടതു മുന്നണിക്ക് ലഭിച്ചില്ല. എന്നാല്‍ പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ അടിസ്ഥാനമാക്കിയാല്‍ പാലായില്‍ 1,523 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് മുന്നിലാണ്.
ബിജെപി ഭരിച്ചിരുന്ന മുത്തോലി പഞ്ചായത്ത് എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കേരള കോണ്‍ഗ്രസ് എമ്മിനു ഇവിടെ തനിച്ചു ഭൂരിപക്ഷമുണ്ട്. പാലാ നിയോജക മണ്ഡലത്തില്‍ പെടുന്ന ഉഴവൂര്‍, കിടങ്ങൂര്‍, ഭരണങ്ങാനം ജില്ലാ ഡിവിഷനുകളില്‍ എല്‍ഡിഎഫിനാണ് വിജയം.
പാലാ മുനിസിപ്പാലിറ്റിയില്‍ 10 കൗണ്‍സിലര്‍മാരാണു കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായിരുന്നത്. ഈ തെരഞ്ഞെടുപ്പിലും 10 കൗണ്‍സിലര്‍മാരുണ്ട്. ഒരു സീറ്റ് നറുക്കെടുപ്പിലൂടെയാണ് നഷ്ടമായത്. പാലാ നഗരസഭയില്‍ ഏറ്റവും വലിയ കക്ഷി കേരള കോണ്‍ഗ്രസാണ്. ചെയര്മാന് തെരഞ്ഞെടുപ്പില്‍ ഉചിതമായ സമയത്ത് എല്‍ഡിഎഫുമായി ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കും. ഇപ്പോള്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
Kerala
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് മാര്‍ സ്ലീവാ കെയര്‍ പ്ലസ് പദ്ധതി ആരംഭിച്ചു.
അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുവാനും ആരോഗ്യപ്രശ്നങ്ങള്‍ നേരത്തെ തിരിച്ചറിയാനും ആവശ്യമായ ചികിത്സ ഉറപ്പുവരുത്താനും ലക്ഷ്യമിടുന്ന പദ്ധതിയുടെ സേവനം 24 വരെ ലഭ്യമാണ്.
പദ്ധതിയുടെ ഭാഗമാകുന്ന രോഗികള്‍ക്ക് ഹോസ്പിറ്റല്‍ രജിസ്ട്രേഷന് പൂര്‍ണമായും സൗജന്യമാണ്. ഡോക്ടര്‍ കണ്സള്ട്ടേഷനിന് അന്‍പത് ശതമാനവും ഒപി റേഡിയോളജി സേവനങ്ങള്‍ക്ക് 20 ശതമാനവും ഒപി ലാബ് സേവനങ്ങള്‍ക്ക് 15 ശതമാനവും ഇളവ് ലഭ്യമാണ്.
കൂടാതെ, സര്‍ജിക്കല്‍ പ്രീ-ഓപ്പറേറ്റീവ് ഇന്‍വെസ്റ്റിഗേഷനുകള്‍ക്ക് 15ശതമാനവും സര്‍ജിക്കല്‍ ഡിസ്ചാര്‍ജ് ബില്ലില്‍ 30 ശതമാനത്തിന്റെ കിഴിവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ സര്‍ജറി വിഭാഗങ്ങളിലെയും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം പദ്ധതിയില്‍ ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9188925 716, 8281 699 260 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
District News
ചക്കാമ്പുഴ: കരൂർ ഗ്രാമപഞ്ചായത്തിലെ വലവൂർ ട്രിപ്പിൾ ഐറ്റി വാർഡിലെ ചക്കാമ്പുഴ-നീരവുമേൽ റോഡിന്റെ ടാറിംഗ് പ്രവർത്തനങ്ങൾ അധികൃതർ നിർത്തിവച്ചു. ഉദ്യോഗസ്ഥർക്ക് ലഭിച്ച നിരന്തര ഭീഷണി സന്ദേശങ്ങളെ തുടർന്നാണ് ടാറിംഗ് പ്രവർത്തികൾ താത്കാലികമായി നിർത്തിയത്.
പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപയായിരുന്നു ഈ റോഡിന്റെ റീ ടാറിംഗിനായി അനുവദിച്ചിരുന്നത്. തുടർന്ന് ജോലികൾ ആരംഭിക്കുകയും ചെയ്തു.
നിർവഹണ ഉദ്യോഗസ്ഥന്മാർക്ക് നേർക്ക് നിരന്തര ഭീഷണിയുണ്ടായതിനെ തുടർന്നാണ് ജോലികൾ നിർത്തിവച്ചതെന്ന് വാർഡ് അംഗം വത്സമ്മ തങ്കച്ചൻ പറഞ്ഞു. രാഷ്ട്രീയ ലാഭത്തിനായി നാടിനെ ഒറ്റു കൊടുക്കുന്നവർ പൊതുജനത്തെ വെല്ലുവിളിക്കുകയാണെന്ന് വാർഡ് അഗം കുറ്റപ്പെടുത്തി.
Sports
ന്യൂഡൽഹി: ഹൈദരാബാദിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് നീന്തൽ ചാന്പ്യൻഷിപ്പിൽ നാലു ബന്ധുക്കൾ അടക്കം പാലാക്കാർക്ക് 15 സ്വർണമെഡലുകളോടെ മികച്ച നേട്ടം. ചാന്പ്യൻഷിപ്പിൽ കേരളത്തിനാണ് ഓവറോൾ രണ്ടാം സ്ഥാനം. മഹാരാഷ്ട്രയാണ് ഒന്നാമത്.
പാലാ കദളിക്കാട്ടിൽ കുടുംബാംഗങ്ങളായ പ്രഫ. കെ.സി. സെബാസ്റ്റ്യൻ (84), ടോമി മാത്യൂ (82), കെ.ഇ. തോമസ് (80), ബന്ധുവായ വെള്ളൂക്കുന്നേൽ നടമാടം എ. തോമസ് (75) എന്നിവരും പ്രഫ. ഡോ. എം.സി. സെലീനയുമാണ് മെഡൽക്കൊയ്ത്തു നടത്തിയത്. കദളിക്കാട്ടിൽ ചെറിയതൊമ്മന്റെ കൊച്ചുമക്കളാണ് സെബാസ്റ്റ്യനും ടോമിയും തോമസും. കെ.ഇ. തോമസിന്റെ സഹോദരി ഭർത്താവാണ് ചെമ്മലമറ്റം സ്വദേശിയായ എ. തോമസ്. അഞ്ചു പേർക്കും കൂടി 15 സ്വർണമെഡലുകളും ആറു വെള്ളിയും നാലു വെങ്കലവും അടക്കം 25 മെഡലുകൾ ലഭിച്ചു.
അമേരിക്ക, റഷ്യ, ഇറ്റലി, ഓസ്ട്രേലിയ, ഹംഗറി, ദക്ഷിണ കൊറിയ, ഫിൻലൻഡ് തുടങ്ങിയ നിരവധി വെറ്ററൻസ് അന്താരാഷ്ട്ര നീന്തൽ ചാന്പ്യൻഷിപ്പുകളിലും ദേശീയ ചാന്പ്യൻഷിപ്പുകളിലും പലതവണ പാലാക്കാർ സ്വർണമെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ നീന്തൽ കോച്ച് പാലാ തോപ്പിൽ ടി.ജെ. തോമസ്, കദളിക്കാട്ടിൽ ദേവസ്യാച്ചൻ എന്നറിയപ്പെടുന്ന പാലാ സെന്റ് തോമസ് കോളജ് മുൻ ബോട്ടണി പ്രഫസർ കെ.സി. സെബാസ്റ്റ്യൻ, വെള്ളൂക്കുന്നേൽ കുര്യൻ ജേക്കബ്, വെള്ളൂക്കുന്നേൽ എ. തോമസ് തുടങ്ങിയവരാണ് രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പാലായുടെ യശസ് ഉയർത്തിയത്.
പതിനാലു വർഷത്തെ സുവർണ നേട്ടങ്ങളുടെ പട്ടികയിലേക്കു കൂടുതൽ മെഡൽ നീന്തിയെടുക്കുകയാണ് ഇന്ത്യയിലെ ’നീന്തൽ മാസ്റ്റർ’ പ്രഫ. സെബാസ്റ്റ്യൻ. ഹൈദരാബാദിലെ ഗച്ചിബൗളി ജിഎംസി ബാലയോഗി അക്വാറ്റിക് കോംപ്ലക്സിൽ നടന്ന 21-ാമത് ദേശീയ മാസ്റ്റേഴ്സ് ചാന്പ്യൻഷിപ്പിലും ആറു സ്വർണമെഡുകളുമാണ് ദേവസ്യാച്ചൻ സാർ നീന്തീയെടുത്തത്.
വിദ്യാർഥിയായിരിക്കുന്പോഴും 30 വർഷം പാലാ സെന്റ് തോമസ് കോളജിൽ അധ്യാപകനായിരിക്കുന്പോഴും ഒരു നീന്തൽ മൽസരത്തിൽപോലും പങ്കെടുത്തിട്ടില്ലാത്ത പ്രഫ. സെബാസ്റ്റ്യൻ, 2011ൽ പാലായിൽ നടന്ന പ്രഥമ സംസ്ഥാന മാസ്റ്റേഴ്സ് അക്വാട്ടിക് ചാന്പ്യൻഷിപ്പിലാണ് ആദ്യം മൽസരത്തിനിറങ്ങി മെഡൽ നേടിയത്. പിന്നീടിങ്ങോട്ട് 84 വയസു പിന്നിടുന്പോഴും ദേശീയ, അന്തർദേശീയ ചാന്പ്യൻഷിപ്പുകളിൽ സ്വന്തം റിക്കാർഡുകൾ അദ്ദേഹം തിരുത്തുകയാണ്. ആരോഗ്യത്തിനായി തുടങ്ങിയതാണെങ്കിലും 50, 100 മീറ്റർ ഫ്രീസ്റ്റൈൽ, ബട്ടർഫ്ളൈ തുടങ്ങിയ ഇനങ്ങളിൽ 80 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ തുടർച്ചയായി ദേശീയ ചാന്പ്യനാണ്.
ടീം മാനേജർ ഉണ്ടായിരുന്നെങ്കിൽ ഹൈദരാബാദിൽ കേരളത്തിനു കൂടുതൽ മെഡലുകൾ നേടാമായിരുന്നുവെന്നു പ്രഫ. സെബാസ്റ്റ്യനും എ. തോമസും ദീപികയോടു പറഞ്ഞു. സ്വന്തം പണം മുടക്കിയാണ് പ്രഫ. സെബാസ്റ്റ്യൻ അടക്കമുള്ളവർ രാജ്യാന്തര മൽസരങ്ങളിൽ പോലും പങ്കെടുക്കുന്നത്.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളുടെ ഫ്ലെക്സുകൾ നശിപ്പിച്ചെന്ന പരാതി. ളാലം ബ്ലോക്ക് പഞ്ചായത്തിലെ വലവൂർ ഡിവിഷനിൽ നിന്നും മത്സരിക്കുന്ന അലൻ കക്കാട്ടിൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ലൈസമ്മ എന്നിവരുടെ ഫ്ലെക്സുകളാണ് നശിപ്പിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. പരാജയ ഭീതിയെ തുടർന്ന് എതിർ പാർട്ടിക്കാരാണ് ഫ്ലെക്സുകൾ നശിപ്പിച്ചതെന്ന് സ്ഥാനാർഥികൾ ആരോപിച്ചു. സംഭവത്തിൽ യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
Kerala
കോട്ടയം: പാലായിൽ വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച റോസമ്മ ഉലഹന്നാൻ അഞ്ച് പേരുടെ ജീവിതത്തിൽ വെളിച്ചമായി. മസ്തിഷ്ക മരണത്തെ തുടർന്ന് റോസമ്മയുടെ അവയവങ്ങൾ അഞ്ച് പേർക്ക് ദാനം ചെയ്യുകയായിരുന്നു.
റോസമ്മയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. നവംബർ അഞ്ചിന് നടന്ന വാഹനാപകടത്തെ തുടർന്നാണ് മസ്തിഷ്ക മരണം സംഭവിച്ചത്. ഭർത്താവിന്റെ ഓട്ടോറിക്ഷയിൽ ഇരിക്കുമ്പോൾ കാർ ഇടിച്ചാണ് അപകടം.
സംഭവത്തിന് ശേഷം നിർത്താതെ പോയ കാർ പോലീസ് തിരിച്ചറിഞ്ഞെങ്കിലും ഡമ്മി പ്രതിയെ ഹാജരാക്കി ഉടമ ഒളിവിൽ പോയി. കാറുടമ ജോർജുകുട്ടി ആനിത്തോട്ടം ഇപ്പോഴും ഒളിവിൽ തുടരുകയാണ്.
Kerala
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജി വിഭാഗം അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലേക്ക് മാറി പ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള രണ്ട് നിലകളിലായാണ് പുതിയ സെന്ററിൽ ഓങ്കോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.
35 ബെഡ് കീമോ തെറാപ്പി കെയര്‍ യൂണിറ്റ്, മൂന്ന് വിഐപി സ്യൂട്ട് തെറാപ്പി ബെഡ്, രണ്ട് പീഡിയാട്രിക് ബെഡ് സൗകര്യങ്ങള്‍ എന്നിവ ഓങ്കോളജി ഡേ കെയറിലുണ്ട്. കീമോ തെറാപ്പി ആവശ്യത്തിനായി എത്തുന്നവര്‍ക്ക് സുഗമമായ ചികിത്സയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്ന സംവിധാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ജോസഫ് കണിയോടിക്കലിന്റെ കാര്‍മികത്വത്തില്‍ പ്രാര്ഥനയെത്തുടര്ന്നാണ് പുതിയ സെന്ററിലേക്ക് ഓങ്കോളജി വിഭാഗം പ്രവര്‍ത്തനം മാറി ആരംഭിച്ചത്.
അത്യാധുനിക ഡിജിറ്റല്‍ പെറ്റ് സിടിയും സെന്ററില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 80 സ്ലൈസ് ഉള്ള പെറ്റ് സിടി യന്ത്രം ആയതിനാല്‍ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഇമേജുകള്‍ കിട്ടുമെന്നതും പ്രത്യേകതയാണ്. സ്പെക്ടും ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
മുതിര്‍ന്നവരുടെയും കുട്ടികളുടെയും കാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്ന മെഡിക്കല്‍ ഓങ്കോളജി, ഹെമറ്റോ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന് ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന് തുടങ്ങിയ വിവിധ ചികിത്സാ വിഭാഗങ്ങളാണ് നിലവില്‍ സെന്ററിലുള്ളത്.
സ്റ്റെം സെല്‍ ആന്‍ഡ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് , കാര്‍ - ടി സെല്‍ തെറാപ്പി യൂണിറ്റ്, പാലിയേറ്റീവ് ഓങ്കോളജി, ഓങ്കോ ന്യൂട്രീഷന്‍, സൈക്കോ ഓങ്കോളജി എന്നിവയ്ക്കു പുറമെ കാന്‍സര്‍ രോഗ ഗവേഷണ പരിപാടികളും 14 മള്‍ട്ടി ഡിസിപ്ലിനറി കാന്‍സര്‍ ക്ലിനിക്കുകളും ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
റേഡിയേഷന് ചികിത്സയ്ക്കുള്ള വിദേശനിര്‍മിത ലിനാക്, മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള അഫറേസിസി മെഷീന് ആന്‍ഡ് ക്രയോ പ്രിസര്‍വേഷന്‍ യൂണിറ്റ്ബോണ്മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റും ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
Kerala
കോട്ടയം: പാലായിൽ നിർത്തിയിട്ടിരുന്ന ബൈക്കിലും ഓട്ടോയിലും കാറിടിച്ച ശേഷം ഒളിവിൽ പോയ പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പാലാ സ്വദേശിയായ ജോർജ്കുട്ടി ആനിത്തോട്ടമാണ് ഡമ്മി പ്രതിയെ ഹാജരാക്കിയിരുന്നു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്റ്റേഷനിൽ ഹാജരാക്കിയത് ഡമ്മി പ്രതിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇരുവർക്കുമെതിരെ പോലീസ് ആൾമാറാട്ടത്തിന് കേസെടുത്തു. ബുധനാഴ്ചയാണ് ജോർജ്കുട്ടി കാറിടിച്ച ശേഷം നിർത്താതെ പോയത്.
പാലാ-രാമപുരം റോഡിൽ പാലാ സിവിൽ സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. ഓട്ടോയിലുണ്ടായിരുന്ന റോസമ്മ ഉലഹന്നാൻ എന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. അവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിന് ശേഷം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വാഹനം ആരുടേതാണെന്ന് കണ്ടെത്തിയത്. അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.