കോട്ടയം: പാലാ നഗരസഭയിൽ ദിയ ബിനു പുളിക്കകണ്ടം ആദ്യ ടേം ചെയർപേഴ്സണാകുമെന്ന് റിപ്പോർട്ടുകൾ. പുളിക്കകണ്ടം കുടുംബം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ചയിലേറെയായി നടക്കുന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം.
ചർച്ചയിൽ പുളിക്കകണ്ടം കുടുംബം മുന്നോട്ടുവച്ച ആവശ്യങ്ങൾ യുഡിഎഫ് അംഗീകരിക്കുകയായിരുന്നു. മൂന്ന് കൗൺസിലർമാരുള്ള പുളിക്കകണ്ടം കുടുംബവുമായി എൽഡിഎഫ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും വിജയം കണ്ടിരുന്നില്ല.
ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം എന്നിവരാണ് പുളിക്കകണ്ടം കുടുംബത്തിൽ നിന്നും പാലാ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷമില്ലാതായതോടെ പുളിക്കകണ്ടം കുടുംബത്തിലെ കൗൺസിലർമാരുടെ തീരുമാനം നിര്‍ണായകമാണ്.
ഇതോടെയാണ് മന്ത്രി വി.എൻ. വാസവൻ, സിപിഎം ജില്ലാ സെക്രട്ടറി ടി. ആർ. രഘുനാഥ് എന്നിവർ പുളിക്കകണ്ടം കുടുംബത്തെ നേരിട്ടെത്തി കണ്ടത്. അധ്യക്ഷ സ്ഥാനം നൽകുന്നവരെ പിന്തുണയ്ക്കുമെന്നാണ് പുളിക്കകണ്ടം കുടുംബം ആദ്യം അറിയിച്ചത്.
Tags : Pulikakandam family pala udf ldf diya binu diya binu Pulikakandam