കോട്ടയം: ജോസ് കെ. മാണി യുഡിഎഫിൽ വരുന്നെങ്കിൽ വരട്ടെയെന്ന് പാലാ എംഎൽഎ മാണി സി. കാപ്പൻ. എന്നാൽ പാലാ സീറ്റ് ആർക്കും വിട്ടുക്കൊടുക്കില്ലെന്ന് കാപ്പൻ പറഞ്ഞു. നിലവിൽ കേരള കോൺഗ്രസ്-എമ്മിനെ യുഡിഎഫിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നില്ലെന്നും അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും കാപ്പൻ പറഞ്ഞു.
"എലത്തൂർ സീറ്റ് ലീഗിനു വിട്ടുകൊടുക്കാൻ തന്റെ പാർട്ടി തയാറാണ്. പകരം പേരാമ്പ്ര വേണം. ടീം യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങിയാൽ വിജയം ഉറപ്പാണ്.'-കാപ്പൻ അവകാശപ്പെട്ടു.
"കെഡിപിക്കു നിലവിൽ രണ്ടു സീറ്റാണ് ഉള്ളത്. പാലായും ഏലത്തൂരും ആണ് കഴിഞ്ഞ തവണ ഞങ്ങൾക്കു തന്നത്. അതിൽ പാലാ വിജയിച്ചു. മൂന്നു സീറ്റ് വേണമെന്ന് കഴിഞ്ഞ തവണതന്നെ ആവശ്യപ്പെട്ടതാണ്. അതിനാൽ ഇത്തവണ മൂന്നു സീറ്റ് വേണം.'-കാപ്പൻ പറഞ്ഞു.
എലത്തൂർ സീറ്റ് ലീഗിനു കിട്ടിയാൽ കൊള്ളാമെന്നുണ്ട്. മാറിക്കൊടുക്കാമെന്ന് ഞാൻ പറഞ്ഞു. പകരം പേരാമ്പ്ര സീറ്റ് കിട്ടണം. അതിൽ വിജയസാധ്യത ഉണ്ട്. ക്രിസ്ത്യൻ – മുസ്ലിം കൺസോളിഡേഷൻ ഉണ്ടായാൽ ജയിക്കാൻ സാധിക്കും. നിലവിൽ ചർച്ചകൾ യുഡിഎഫിൽ നടക്കുന്നില്ല. കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ അൻവറിനെയും സി.കെ. ജാനുവിനെയും എടുക്കാനുള്ള ചർച്ച മാത്രമേ നടന്നിട്ടുള്ളുവെന്നും കാപ്പൻ പറഞ്ഞു.
"തദ്ദേശ തിരഞ്ഞെടുപ്പിൽ പാലായിൽ എൽഡിഎഫിനാണ് മുൻതൂക്കം. പക്ഷേ, ഞാൻ മത്സരിക്കാൻ ഇറങ്ങിയാൽ ചിത്രം മാറും. രണ്ടു തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ചു. എനിക്കുള്ള വോട്ട് അവിടെനിന്ന് പോയിട്ടില്ല. ഇടതുവോട്ടുകളും എനിക്ക് കിട്ടും.'-കാപ്പൻ അവകാശപ്പെട്ടു.
Tags : mani c kappan jose k mani assembly election pala seat kerala congress m