ന്യൂഡൽഹി: ഹൈദരാബാദിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് നീന്തൽ ചാന്പ്യൻഷിപ്പിൽ നാലു ബന്ധുക്കൾ അടക്കം പാലാക്കാർക്ക് 15 സ്വർണമെഡലുകളോടെ മികച്ച നേട്ടം. ചാന്പ്യൻഷിപ്പിൽ കേരളത്തിനാണ് ഓവറോൾ രണ്ടാം സ്ഥാനം. മഹാരാഷ്ട്രയാണ് ഒന്നാമത്.
പാലാ കദളിക്കാട്ടിൽ കുടുംബാംഗങ്ങളായ പ്രഫ. കെ.സി. സെബാസ്റ്റ്യൻ (84), ടോമി മാത്യൂ (82), കെ.ഇ. തോമസ് (80), ബന്ധുവായ വെള്ളൂക്കുന്നേൽ നടമാടം എ. തോമസ് (75) എന്നിവരും പ്രഫ. ഡോ. എം.സി. സെലീനയുമാണ് മെഡൽക്കൊയ്ത്തു നടത്തിയത്. കദളിക്കാട്ടിൽ ചെറിയതൊമ്മന്റെ കൊച്ചുമക്കളാണ് സെബാസ്റ്റ്യനും ടോമിയും തോമസും. കെ.ഇ. തോമസിന്റെ സഹോദരി ഭർത്താവാണ് ചെമ്മലമറ്റം സ്വദേശിയായ എ. തോമസ്. അഞ്ചു പേർക്കും കൂടി 15 സ്വർണമെഡലുകളും ആറു വെള്ളിയും നാലു വെങ്കലവും അടക്കം 25 മെഡലുകൾ ലഭിച്ചു.
അമേരിക്ക, റഷ്യ, ഇറ്റലി, ഓസ്ട്രേലിയ, ഹംഗറി, ദക്ഷിണ കൊറിയ, ഫിൻലൻഡ് തുടങ്ങിയ നിരവധി വെറ്ററൻസ് അന്താരാഷ്ട്ര നീന്തൽ ചാന്പ്യൻഷിപ്പുകളിലും ദേശീയ ചാന്പ്യൻഷിപ്പുകളിലും പലതവണ പാലാക്കാർ സ്വർണമെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ നീന്തൽ കോച്ച് പാലാ തോപ്പിൽ ടി.ജെ. തോമസ്, കദളിക്കാട്ടിൽ ദേവസ്യാച്ചൻ എന്നറിയപ്പെടുന്ന പാലാ സെന്റ് തോമസ് കോളജ് മുൻ ബോട്ടണി പ്രഫസർ കെ.സി. സെബാസ്റ്റ്യൻ, വെള്ളൂക്കുന്നേൽ കുര്യൻ ജേക്കബ്, വെള്ളൂക്കുന്നേൽ എ. തോമസ് തുടങ്ങിയവരാണ് രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പാലായുടെ യശസ് ഉയർത്തിയത്.
പതിനാലു വർഷത്തെ സുവർണ നേട്ടങ്ങളുടെ പട്ടികയിലേക്കു കൂടുതൽ മെഡൽ നീന്തിയെടുക്കുകയാണ് ഇന്ത്യയിലെ ’നീന്തൽ മാസ്റ്റർ’ പ്രഫ. സെബാസ്റ്റ്യൻ. ഹൈദരാബാദിലെ ഗച്ചിബൗളി ജിഎംസി ബാലയോഗി അക്വാറ്റിക് കോംപ്ലക്സിൽ നടന്ന 21-ാമത് ദേശീയ മാസ്റ്റേഴ്സ് ചാന്പ്യൻഷിപ്പിലും ആറു സ്വർണമെഡുകളുമാണ് ദേവസ്യാച്ചൻ സാർ നീന്തീയെടുത്തത്.
വിദ്യാർഥിയായിരിക്കുന്പോഴും 30 വർഷം പാലാ സെന്റ് തോമസ് കോളജിൽ അധ്യാപകനായിരിക്കുന്പോഴും ഒരു നീന്തൽ മൽസരത്തിൽപോലും പങ്കെടുത്തിട്ടില്ലാത്ത പ്രഫ. സെബാസ്റ്റ്യൻ, 2011ൽ പാലായിൽ നടന്ന പ്രഥമ സംസ്ഥാന മാസ്റ്റേഴ്സ് അക്വാട്ടിക് ചാന്പ്യൻഷിപ്പിലാണ് ആദ്യം മൽസരത്തിനിറങ്ങി മെഡൽ നേടിയത്. പിന്നീടിങ്ങോട്ട് 84 വയസു പിന്നിടുന്പോഴും ദേശീയ, അന്തർദേശീയ ചാന്പ്യൻഷിപ്പുകളിൽ സ്വന്തം റിക്കാർഡുകൾ അദ്ദേഹം തിരുത്തുകയാണ്. ആരോഗ്യത്തിനായി തുടങ്ങിയതാണെങ്കിലും 50, 100 മീറ്റർ ഫ്രീസ്റ്റൈൽ, ബട്ടർഫ്ളൈ തുടങ്ങിയ ഇനങ്ങളിൽ 80 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ തുടർച്ചയായി ദേശീയ ചാന്പ്യനാണ്.
ടീം മാനേജർ ഉണ്ടായിരുന്നെങ്കിൽ ഹൈദരാബാദിൽ കേരളത്തിനു കൂടുതൽ മെഡലുകൾ നേടാമായിരുന്നുവെന്നു പ്രഫ. സെബാസ്റ്റ്യനും എ. തോമസും ദീപികയോടു പറഞ്ഞു. സ്വന്തം പണം മുടക്കിയാണ് പ്രഫ. സെബാസ്റ്റ്യൻ അടക്കമുള്ളവർ രാജ്യാന്തര മൽസരങ്ങളിൽ പോലും പങ്കെടുക്കുന്നത്.
Tags : National Masters Swimming Pala Gold medal in pala