Movies
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയെ വിമർശിച്ച് അതിജീവിത. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അതിജീവിത വ്യക്തമാക്കി.
അതിജീവിതയുടെ കുറിപ്പിന്റെ പൂർണരൂപം
എട്ടു വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ.. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു, പ്രതികളിൽ ആറുപേർ ശിക്ഷിക്കപ്പെട്ടിരിക്കന്നു!!
എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ അല്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു.
അതുപോലെ ഒന്നാംപ്രതി എന്റെ പേഴ്സണൽ ഡ്രൈവർ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാൾ എന്റെ ഡ്രൈവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ അല്ല, 2016ൽ ഞാൻ വർക്കുചെയ്ത ഒരു സിനിമയ്ക്ക് വേണ്ടി പ്രൊഡക്ഷനിൽ നിന്നും നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ്.
അയാൾ ഈ ക്രൈം നടക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ തവണമാത്രമാണ് ഞാൻ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകൾ പറയുന്നത് നിർത്തുമെന്ന് കരുതുന്നു.
ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം. എന്നാൽ എനിക്കിതിൽ അദ്ഭുതമില്ല. 2020ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയിൽ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസിലായിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് ഈ കോടതിയിൽ തീർത്തും വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് ഞാൻ പലതവണ ബഹുമാനപ്പെട്ട ഹൈക്കോടതിയെയും ബഹുമാനപ്പെട്ട സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.
ഈ പ്രസ്തുത ജഡ്ജിൽനിന്നും ഈ കേസ് മാറ്റണമെന്നുള്ള എന്റെ എല്ലാ ഹർജികളും പക്ഷേ, നിഷേധിക്കുകയായിരുന്നു. അതിന്റെ വിശദാംശങ്ങൾ ഇതിന്റെ അവസാനം ഞാൻ ചേർക്കുന്നുണ്ട്.
നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു, നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല’ എന്ന തിരിച്ചറിവ് നൽകിയതിന് നന്ദി.
ഉയർന്ന നീതി ബോധമുള്ള ന്യായാധിപന്മാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ഈ യാത്രയിലത്രയും കൂടെ നിന്ന മനുഷ്യത്വമുള്ള സകല മനുഷ്യരെയും ഞാൻ നന്ദിയോടെ ചേർത്ത് പിടിക്കുന്നു അതുപോലെ അധിക്ഷേപകരമായ കമന്റുകളും പണം വാങ്ങിയുള്ള നുണക്കഥകളും ഉപയോഗിച്ച് എന്നെ ആക്രമിക്കുന്നവരോട്, നിങ്ങൾ അത് തുടരുക- അതിനാണ് നിങ്ങൾ പണം വാങ്ങിയിരിക്കുന്നത്.
ഈ ട്രയൽ കോടതിയിൽ എന്റെ വിശ്വാസം നഷ്ടപ്പെടാൻ കാരണമായ കാര്യങ്ങൾ:
ഈ കേസിൽ എന്റെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ല. ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായ മെമ്മറി കാർഡ്, കോടതി കസ്റ്റഡിയിൽ ഉണ്ടായിരിക്കെ മൂന്നു തവണ അനധികൃതമായി തുറന്നുവെന്നും പരിശോധിച്ചുവെന്നും കണ്ടെത്തി.
ഈ കേസിൽ ആദ്യം എത്തിയ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ കോടതിയിലെ അന്തരീക്ഷം പ്രോസിക്യൂഷനോട് ശത്രുതാപരമായി പെരുമാറുന്നതായി വ്യക്തമാക്കിക്കൊണ്ട് രാജിവെച്ചു.
അവർ ഇരുവരും എന്നോട് വ്യക്തിപരമായി പറഞ്ഞത്, ഈ കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ്- അവർക്ക് ഈ കോടതിയിൽ പക്ഷപാതം ഉണ്ടെന്ന തോന്നൽ ഉറപ്പായതിനാലാണ് അത്.
മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഞാൻ പലതവണ ആവശ്യപ്പെട്ടു. എന്നാൽ അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല. പിന്നീട് ഹൈക്കോടതി നിർദേശ പ്രകാരം മാത്രമാണ് നൽകപെട്ടത്.
ഞാൻ ഒരു ന്യായമായ വിചാരണയ്ക്കായി ജഡ്ജിനെ മാറ്റണമെന്ന ഹർജിയുമായി ഫൈറ്റ് ചെയ്യുമ്പോൾ, പ്രതിഭാഗം ഇതേ ജഡ്ജി തന്നെ ഈ കേസ് തുടർന്നും പരിഗണിക്കണം എന്ന ആവശ്യവുമായി ഹർജിയിൽ കക്ഷി ചേർന്നു. ഇത് എന്റെ സംശയങ്ങൾക്ക് ബലം നൽകുന്നതായിരുന്നു.
എന്റെ ആശങ്കകളും അനുഭവങ്ങളും അറിയിച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതിക്കും, ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും എനിക്ക് കത്തുകൾ അയക്കേണ്ടതായും വന്നിട്ടുണ്ട്.
ഈ കേസിന്റെ നടപടികൾ ഓപ്പൺ കോടതിയിൽ പൊതുജനങ്ങളും മാധ്യമങ്ങളും നേരിട്ട് കാണാൻ കഴിയുന്ന രീതിയിൽ നടത്തണമെന്ന് ഞാൻ ഈ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ആ അപേക്ഷയും തീർത്തും നിഷേധിക്കപ്പെടുകയായിരുന്നു.
Kerala
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ അന്വേഷണം ആവശ്യപ്പെട്ട് നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ. അതീജീവിതയും മഞ്ജുവാര്യരും കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപും പറഞ്ഞത് സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ്. അതു കൃത്യമായി കണ്ടെത്തേണ്ടത് ആവശ്യമാണെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ വേദിയിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു. അവർ മൂന്നു പേരും മാത്രമല്ല കേസിലെ ഒന്നാം പ്രതിയും ഇതൊരു ക്വട്ടേഷനാണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ക്വട്ടേഷനാണെങ്കിൽ അതിലൊരു ഗൂഢാലോചനയുണ്ടാകുമല്ലോ.
പൊതുസമൂഹവും കേസിൽ ഒരു ഗൂഢാലോചനയുണ്ടെന്ന് വിശ്വസിക്കുന്നുണ്ട്. അപ്പോൾ അത് തീർച്ചയായും അന്വേഷിക്കണം. അക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകണം. അത് നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം വർധിപ്പിക്കുകയേയുള്ളൂവെന്നും പ്രേംകുമാർ പറഞ്ഞു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും ആസൂത്രണം ചെയ്തവർ പുറത്തുണ്ടന്നും മഞ്ജു വാര്യർ സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. ആസൂത്രണം ചെയ്തവർ കൂടി ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂ എന്ന് മഞ്ജു പറഞ്ഞു.
കോടതി വിധിക്കെതിരെ അതിജീവിതയും ശക്തമായി ആഞ്ഞടിച്ചിരുന്നു. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സാമൂഹിക മാധ്യമ കുറിപ്പിൽ അതിജീവിത വ്യക്തമാക്കി.
ഈ രാജ്യത്ത് നിയമത്തിന് മുന്നിൽ എല്ലാവരും ഒരു പോലെ അല്ലെന്ന് വേദനയോടെ തിരിച്ചറിയുന്നെന്നും തന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും അതിജീവിതയുടെ കുറിപ്പിൽ പറയുന്നു. ഇതിന് പിന്നാലെയാണ് മഞ്ജു വാര്യരുടെ പ്രതികരണവും വന്നിരിക്കുന്നത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയെ വിമർശിച്ച് അതിജീവിത. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അതിജീവിത വ്യക്തമാക്കി.
കുറ്റാരോപിതരിൽ ഒരാളിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവന്ന രീതിയിൽ നിന്ന് മാറ്റംവന്നിരുന്നു. അക്കാര്യം പ്രോസിക്യൂഷനും മനസിലായിരുന്നു. ഈ കോടതിയിൽ തീർത്തും വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി പല തവണ ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചിരുന്നു.
കേസ് മാറ്റണമെന്ന തന്റെ എല്ലാ ഹർജികളും നിഷേധിക്കപ്പെട്ടു. നിയമത്തിനു മുന്നിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന് നിരന്തരമായി അനുഭവിച്ച വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷത്തിനുമൊടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു. ആ തിരിച്ചറിവ് നൽകിയതിന് നന്ദി.
ഈ യാത്രയിലുടനീളം കൂടെനിന്ന മനുഷ്യത്വമുള്ള സകലരെയും നന്ദിയോടെ ചേർത്തുപിടിക്കുന്നു. അതുപോലെ അധിക്ഷേപകരമായ കമന്റുകളും പണം വാങ്ങിക്കൊണ്ടുള്ള നുണക്കഥകളും ഉപയോഗിച്ച് എന്നെ ആക്രമിക്കുന്നവർ അത് തുടരുക. നിങ്ങൾ പണം വാങ്ങിയിരിക്കുന്നത് അതിനാണെന്നും നടി വിമർശനം ഉന്നയിച്ചിട്ടുണ്ട്.
കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാംപ്രതി പേഴ്സണൽ ഡ്രൈവർ ആയിരുന്നുവെന്നാണ് ചിലർ ഇപ്പോഴും പറയുന്നത്. പൂർണമായും അടിസ്ഥാന രഹിതമായ കാര്യമാണത്. അയാൾ എന്റെ ഡ്രൈവറല്ല. എന്റെ ജീവനക്കാരനോ ഏതെങ്കിലും തരത്തിൽ പരിചയമുള്ള ആളോ അല്ല.
സിനിമ പ്രൊഡക്ഷനിൽനിന്ന് അയച്ച ആളാണ്. ഈ കോടതിയില്‍നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് രാജിവെച്ച പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ സ്വകാര്യമായി പറഞ്ഞിരുന്നു. മെമ്മറി കാർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ ശരിയായ അന്വേഷണം നടത്താൻ പലതവണ ആവശ്യപ്പെട്ടു.
എന്നാൽ ഹൈക്കോടതി നിർദേശിക്കുന്നതുവരെ അന്വേഷണ റിപ്പോർട്ട് തനിക്ക് കൈമാറിയില്ല. ശരിയായ വിചാരണയ്ക്കുവേണ്ടി പോരാട്ടം നടത്തേണ്ടിവന്നുവെന്നും അതീജീവിത സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന ഊമക്കത്ത് പ്രചരിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് ഡിജിപിക്ക് പരാതി നൽകി.
കേസിന്റെ വിധി പ്രസ്താവിക്കുന്നതിന് മുൻപ് വിധിയുടെ വിശദാംശങ്ങൾ ചോർന്നെന്നും അത് ഊമക്കത്തായി പ്രചരിച്ചെന്നുമാണ് ആരോപണം. കഴിഞ്ഞ എട്ടിനാണ് കേസിൽ കോടതി വിധി പറഞ്ഞത്. ഒന്നുമുതൽ ആറുവരെയുള്ള പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി.
എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതേവിടുകയും ചെയ്തു. എന്നാൽ വിധി പറയുന്നതിന് ഒരാഴ്ച മുൻപ് തന്നെ വിധിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഊമക്കത്തായി പ്രചരിച്ചെന്നാണ് ആരോപണം. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഭാരവാഹികൾക്കടക്കം ഈ ഊമക്കത്ത് ലഭിച്ചിരുന്നു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉടൻ ശിക്ഷ വിധിക്കും. ആദ്യ ആറ് പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിക്കുന്നത്.
ഒന്നര മണിക്കൂറോളം നീണ്ട വാദത്തിനു ശേഷമാണ് ശിക്ഷാവിധി വൈകുന്നേരത്തേക്ക് മാറ്റിയതായി ജസ്റ്റീസ് ഹണി എം. വർഗീസ് അറിയിച്ചത്. എല്ലാ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. കുറ്റകൃത്യത്തിലെ പങ്കാളിത്തം അനുസരിച്ചല്ലേ ഓരോരുത്തർക്കും ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
എന്നാൽ, ഗൂഢാലോചന തെളിഞ്ഞാൽ എല്ലാവർക്കും ഉത്തരവാദിത്തമെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. യഥാർഥ പ്രതി പൾസർ സുനിയാണ്. എന്നാൽ മറ്റുള്ളവർ കുറ്റകൃത്യത്തിന്റെ ഭാഗമാണെന്നും എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
വീട്ടിൽ അമ്മ മാത്രമേയുള്ളൂ എന്നും അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ശിക്ഷയിൽ ഇളവു വേണമെന്നും പൾസർ സുനി കോടതിയിൽ പറഞ്ഞു. അതേസമയം, ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമുള്ള മാതാപിതാക്കളുണ്ടെന്നും തന്റെ പേരിൽ മുൻപ് പെറ്റിക്കേസ് പോലുമില്ലെന്നുമാണ് രണ്ടാം പ്രതി മാർട്ടിൻ പറഞ്ഞത്.
തനിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നും തെറ്റു ചെയ്തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ട്, ശിക്ഷയിൽ ഇളവു വേണമെന്നും മൂന്നാം പ്രതി മണികണ്ഠൻ കോടതിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
അതേസമയം, തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്നും നാട് തലശരി ആയതിനാൽ കണ്ണൂർ ജയിലിലാക്കണമെന്നും നാലാംപ്രതി വിജീഷ് പറഞ്ഞു. താൻ തെറ്റു ചെയ്തില്ലെന്നും ഭാര്യയും മകളുമുണ്ടെന്നാണ് അഞ്ചാംപ്രതി എച്ച്. സലിം എന്ന വടിവാൾ സലിം കോടതിയിൽ പറഞ്ഞത്. ഇവർക്കു പുറമെ, കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ ആറാം പ്രതി പ്രദീപും ശിക്ഷയിൽ ഇളവ് വേണമെന്ന് അഭ്യർഥിച്ചു.
എന്നാൽ കുറ്റക്കാരണെന്നു കോടതി നേരത്തേ കണ്ടെത്തിയതാണെന്നും അതിൽ ഇനി വാദം വേണ്ട, ശിക്ഷാവിധിയിൽ മാത്രം വാദം മതിയെന്നും ജസ്റ്റീസ് ഹണി എം. വർഗീസ് പ്രതികളുടെ അഭിഭാഷകരോടു പറഞ്ഞു. ഇതോടെ, പ്രതികളുടെ അഭിഭാഷകർ എല്ലാവരും ശിക്ഷാകാലയളവ് കുറവ് വേണമെന്ന അഭ്യർഥനയാണ് നടത്തിയത്.
Kerala
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ തനിക്കെതിരെ രൂക്ഷമായ സൈബർ അധിക്ഷേപം നടക്കുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി.
തനിക്കു നേരെ വ്യക്തി അധിക്ഷേപവും നുണ പ്രചരിപ്പിക്കലും ഉണ്ടാകുന്നുവെന്നും വക്കാലത്ത് അവസാനിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നും അഭിഭാഷക മാധ്യമങ്ങളോട് വ്യക്തമാക്കി.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തന്നെ പ്രതിചേർത്തതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ഇതിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് നിയമനടപടിക്കൊരുങ്ങുന്നതായി സൂചന. തനിക്കെതിരേ നടന്ന ഉന്നത പോലീസ് ഗൂഢാലോചന അന്വേഷിക്കണമെന്നാണു ദിലീപിന്റെ പ്രധാന ആവശ്യം.
കേസിൽ ഗൂഢാലോചനക്കുറ്റത്തിന് തെളിവില്ലെന്നു ചൂണ്ടിക്കാട്ടി എട്ടാം പ്രതിയായിരുന്ന ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ, തനിക്കെതിരേ ചിലർ ഗൂഢാലോചന നടത്തിയതെന്ന ആരോപണവുമായി ദിലീപ് രംഗത്തെത്തുകയുണ്ടായി.
മുൻ ഭാര്യ മഞ്ജു വാര്യരാണു കേസിൽ ക്രിമിനൽ ഗൂഢാലോചനയെന്ന് ആദ്യം പറഞ്ഞതെന്ന് ദിലീപ് കോടതിക്കു പുറത്ത് തുറന്നടിക്കുകയും ചെയ്തിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥയും അന്വേഷണസംഘവും തന്നെ തകർക്കാൻ ഗൂഢാലോചന നടത്തിയെന്നും ആരോപണമുയർത്തിയ ദിലീപ് മാധ്യമങ്ങൾക്കെതിരേയും കടുത്ത ഭാഷയിലാണു വിമർശനമുന്നയിച്ചത്.
12ന് കേസിന്റെ ശിക്ഷാവിധി സംബന്ധിച്ചു വാദം നടക്കും. കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ആറു പ്രതികൾക്കുള്ള ശിക്ഷ, കുറ്റമുക്തരാക്കിയ ദിലീപ് ഉൾപ്പെടെ നാലു പേർക്കെതിരേയുള്ള സെഷൻസ് കോടതിയുടെ നിരീക്ഷണങ്ങൾ എന്നിവ സംബന്ധിച്ച് ശിക്ഷയുടെ വിധിപ്പകർപ്പിലൂടെയാകും അറിയാനാകുക.
ഇതു ലഭിച്ചശേഷമാകും പോലീസിനെതിരേയുള്ള നിയമനടപടികളിലേക്ക് ദിലീപ് കടക്കുകയെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വന്നത് അവസാനവിധിയല്ലെന്നും സര്‍ക്കാര്‍ അപ്പീലിനു പോകണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
ഏതു തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷിച്ചത്, ഏതു തെളിവുകളുടെ അഭാവത്തിലാണു ശിക്ഷിക്കാതിരുന്നത് എന്നതു വിധി വായിച്ചാലേ മനസിലാകൂ.
ആളുകളെ വൈറ്റ് വാഷ് ചെയ്യുന്ന ജോലിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. അതിജീവിതയ്ക്കെതിരായ സൈബര്‍ ആക്രമണം ഇതിന്റെ ഭാഗമാണ്.
സോഷ്യല്‍ മീഡിയ അല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഒരു വില്പനച്ചരക്കാക്കി മാറ്റിയെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
Kerala
കണ്ണൂർ: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രോസിക്യൂഷൻ കേസ് നന്നായി കൈകാര്യം ചെയ്തുവെന്നും നിയമപരമായ പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സർക്കാർ നൽകി. ഇനിയും അത് തുടരും. അടൂർ പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ നിലപാടാണ്. പൊതുസമൂഹം അങ്ങനെ ചിന്തിക്കുന്നില്ല. അപ്പീൽ സംബന്ധിച്ചും യുഡിഎഫ് കൺവീനർ വിചിത്രമായ മറുപടിയാണ് നൽകിയത്.
ഗൂഢാലോചന സംബന്ധിച്ച് ദിലീപ് പറയുന്നത് അദ്ദേഹത്തിന്റെ തോന്നലുകളാണ്. പോലീസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോയത്. കോടതിയിലെ വാദങ്ങളെ കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ദിലീപിനെ പിന്തുണച്ച അടൂർ പ്രകാശ് നിലപാട് മാറ്റി. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് തന്നെയാണ് താന്‍ പറഞ്ഞതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. തന്റെ പ്രസ്താവന വളച്ചൊടിച്ചു.
താൻ പറഞ്ഞ കാര്യങ്ങൾ മുഴുവൻ മാധ്യമങ്ങൾ സംപ്രേഷണം ചെയ്തിട്ടില്ല. നീതിന്യായ കോടതിയില്‍ നിന്ന് വിധി വരുമ്പോള്‍ തള്ളിപ്പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിജീവിതയ്ക്ക് നീതി കിട്ടിയില്ല, നീതി കിട്ടാനുള്ള കാര്യങ്ങള്‍ നടക്കണം.
പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയ്ക്ക് സര്‍ക്കാര്‍ ഉരുണ്ട് കളിക്കേണ്ട കാര്യമില്ല. അതിജീവിതയ്ക്ക് ഒപ്പമാണ്. കോണ്‍ഗ്രസ് അത് വ്യക്തമാക്കിയിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്നും കേസിൽ സർക്കാർ അപ്പീൽ പോകുന്നത് ദിലീപിനെ ദ്രോഹിക്കാൻവേണ്ടിയാണെന്നും അടൂർ പ്രകാശ് പറഞ്ഞത് വിവാദമായിരുന്നു.
District News
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമവിധി കേൾക്കാൻ മുൻ എംഎൽഎ പി.ടി. തോമസും സംവിധായകൻ ബാലചന്ദ്രകുമാറുമില്ല. കേസിൽ അന്വേഷണ ഘട്ടത്തിലും സാക്ഷിവിസ്താരത്തിലും അതിജീവിതയ്ക്ക് അനുകൂലമായ നിലപാട് എടുത്തവരാണ് ഇരുവരും.
നടനും സംവിധായകനുമായ ലാലിന്റെ ഉടമസ്ഥതയിലുള്ള ലാൽ മീഡിയയിൽ സിനിമയുടെ ഡബ്ബിംഗിനായി തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുംവഴിയാണ് നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. സംഭവത്തിനുശേഷം നടി രാത്രി സഹായം ചോദിച്ച് എത്തിയതും ലാലിന്റെ വീട്ടിൽ തന്നെയായിരുന്നു.
ലാൽ ഇക്കാര്യം നിർമാതാവ് ആന്റോ ജോസഫിനെ അറിയിച്ചു. ലാലിന്റെ വീട്ടിലേക്ക് ഇറങ്ങും മുമ്പ് തന്റെ ഫ്ലാറ്റിനടുത്ത് താമസിക്കുന്ന പി.ടി. തോമസിനെ ആന്റോ ജോസഫ് വിവരം അറിയിച്ചതാണ് കേസിൽ നിർണായക വഴിത്തിരിവായത്.
പി.ടി. ഉടൻ അതിജീവിതയെ നേരിട്ട് കാണുകയും വിവരം ചോദിച്ചറിഞ്ഞ് അന്നത്തെ എറണാകുളം റേഞ്ച് ഐജി പി. വിജയനെയും സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശിനെയും ഫോണിൽ വിളിച്ചു വിവരമറിയിക്കുകയും ചെയ്തു.
ഉടൻ ഒരു മുതിർന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ നേരിട്ടുവിട്ട് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പി.ടി. തോമസിന്റെ ഇടപെടൽ കേസിന്റെ ഗതി മാറ്റിമറിച്ചു.
കേസിന്റെ തുടക്കത്തിൽ ഗൂഢാലോചന സംബന്ധിച്ച് നിർണായക തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലായിരുന്നു. വിചാരണ പാതിവഴി പിന്നിട്ട ഘട്ടത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകൾ നിർണായകമായി.
അദ്ദേഹത്തിന്റെ മൊഴികൾ ദിലീപിനെയും കൂട്ടരേയും പ്രതിക്കൂട്ടിലാക്കി. അതോടെ സാക്ഷിവിസ്താരം നിർത്തിവച്ചു തുടരന്വേഷണം നടത്താൻ വിചാരണക്കോടതി അനുവദിച്ചു. ഈ അന്വേഷണത്തിലാണ് ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ജി. ശരത്തിനെ 15-ാം പ്രതിയാക്കി കുറ്റപത്രം പുതുക്കി വിസ്താരം പുനരാരംഭിച്ചത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ സ്വപ്നസമാനമായ ഉയരത്തില്‍നിന്നാണ് ദിലീപ് താഴേക്കു പതിച്ചത്.
മലയാളസിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ അഞ്ചാമനായിരുന്നെങ്കിലും സിനിമയ്ക്കുള്ളിലെ സ്വാധീനത്തില്‍ മെഗാ സ്റ്റാറുകളെക്കാളും കരുത്തനായിരുന്നു. സൂപ്പര്‍താര ചിത്രങ്ങള്‍ തിയറ്ററുകളില്‍ പരാജയപ്പെടുമ്പോഴും തന്റെ ജനപ്രീതിയിലൂടെ തിയേറ്ററുകളിൽ ആളെ നിറച്ചിരുന്നു ദിലീപ്.
കുറ്റാരോപിതനാകുന്നതിന് തൊട്ടുമുമ്പ് വരെ ദിലീപ് മലയാളസിനിമയെ അടക്കിവാഴുകയായിരുന്നു. മിമിക്രി താരം, സ്റ്റേജ് ആര്‍ട്ടിസ്റ്റ് എന്നീനിലകളിൽനിന്ന് വളര്‍ന്ന് നിര്‍മാതാവ്, വിതരണക്കാരന്, തിയറ്റര്‍ ഉടമ, ഹോട്ടല്‍ സംരംഭകന്, ചലച്ചിത്രസംഘടനകളുടെ ഭാരവാഹി എന്നിങ്ങനെ സിനിമയുടെ സര്‍വതലങ്ങളിലേക്കും ദിലീപ് വളര്‍ന്നിരുന്നു.
ഈ ഉയര്ച്ചകള്ക്കിടെയാണു കേസും കോടതിയും എത്തിയത്. ഇതോടെ വീഴ്ചയാരംഭിച്ചു. പിന്നീടിറങ്ങിയ ദിലീപ് ചിത്രങ്ങളില്‍ രാമലീല ഒഴികെ ഒന്നുപോലും തിയറ്ററില്‍ ചലനമുണ്ടാക്കിയില്ല. കേസില്‍ കുറ്റവിമുക്തനായതോടെ സിനിമാമേഖലയില്‍ വച്ചൊഴിഞ്ഞ സിംഹാസനങ്ങള്‍ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണു ദിലീപ്.
Kerala
തൃശൂർ: നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്ട്ടിന് ആന്റണി, മൂന്നാം പ്രതി മണികണ്ഠന്, നാലാം പ്രതി വിജീഷ്, അഞ്ചാം പ്രതി സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് വിയ്യൂർ ജയിലിലെത്തിച്ചത്.
കേസിൽ ഒന്നു മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ 12ന് വിധിക്കും. ദിലീപ് അടക്കം നാലു പ്രതികളെ വെറുതെവിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസാണ് വിധി പറഞ്ഞത്.
ഗൂഢാലോചനയിൽ നടൻ ദിലീപിന് പങ്കുണ്ടെന്ന വാദം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
Kerala
കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അടക്കമുള്ളവരെ കോടതി വെറുതെവിട്ട സാഹചര്യത്തില്‍ ഒത്തുതീര്‍പ്പ് സംശയിച്ച് വടകര എംഎല്‍എ കെ.കെ. രമയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേസില്‍ ഗൂഢാലോചന തെളിയിക്കുന്നതില്‍ പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതിനു പിന്നില്‍ ഉന്നത ഒത്തുതീര്പ്പുകളുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് രമ ഫേസ്ബുക്കില്‍ കുറിച്ചു.
വിധി നിരാശാജനകമെങ്കിലും നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല. ഇതിനുമുകളിലും കോടതികളുണ്ട്. കോടതി മുറികളില്‍ സാങ്കേതികമായി പരാജയപ്പെട്ടാലും സമൂഹ മന:സാക്ഷിയുടെ കോടതിയിലും മനുഷ്യഭാവിയുടെ പോര്‍മുഖത്തും വിജയിച്ചു നില്‍ക്കുകയാണ് അതിജീവിത. അവളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഒരു ചരിത്രമാണ്. അവള് പരാജയപ്പെടുകയില്ല. ജനാധിപത്യ കേരളം അവള്‍ക്കൊപ്പം അടിയുറച്ചു നില്ക്കും.
ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട കേസിന്റെ നാള്‍വഴികള്‍ പിന്തുടര്‍ന്ന ആരും മറിച്ചൊരു വിധി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ന്യായാധിപയെ സംബന്ധിച്ച് അതിജീവിതയ്ക്കുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ, കോടതിയുടെ സുരക്ഷയിലുണ്ടായിരുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് തുടങ്ങി ഒട്ടനേകം സന്ദര്‍ഭങ്ങള്‍ നീതിബോധമുള്ള മനുഷ്യരെ ആശങ്കയിലാഴ്ത്തിരുന്നു.
അക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും നീതിപീഠത്തെ ചൂഴ്ന്നു നില്ക്കുന്ന കാര്‍മേഘങ്ങള്‍ നീക്കണമെന്നും പറഞ്ഞത് ഹൈക്കോടതിയാണ്. ഈ പരാജയത്തിനു പിറകില്‍ കാണാമറയത്തെ ഉന്നത ഒത്തുതീര്‍പ്പുകളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സ്നേഹാഭിവാദ്യങ്ങള്‍ പ്രിയപ്പെട്ടവളേ....എന്നു പറഞ്ഞുകൊണ്ടാണ് കെ.കെ. രമ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Kerala
കോട്ടയം: സിനിമാലോകം അടക്കി വാഴുന്നതിനിടെ ഇടിത്തീ പോലെ വന്നു വീണ കേസിൽ കടപുഴകി വീണ വൻമരമാണ് ദിലീപ് എന്ന ജനപ്രിയ നായകൻ. നടൻ എന്നതിനേക്കാൾ നിർമാണം, തിയറ്റർ, വിതരണം, സിനിമാ സംഘടന തുടങ്ങിയ രംഗങ്ങളെല്ലാംതന്നെ ദിലീപ് എന്ന താരരാജാവിന്റെ ആധിപത്യമുണ്ടായിരുന്നു. സൂപ്പർ താരങ്ങൾ പോലും ദിലീപിന്റെ നിഴലിലായ കാലം.
ഇങ്ങനെ സിനിമയുടെ സമസ്ത മേഖലകളിലും പിടിമുറുക്കിയിരുന്ന സമയത്താണ് പ്രമുഖ നടിക്കെതിരേ ഗുണ്ടാസംഘത്തിന്റെ ആക്രമണം ഉണ്ടാകുന്നതും ദിലീപ് ആരോപണ വലയത്തിൽ കുരുങ്ങുന്നതും.
അമ്മയുടെ മക്കൾ
നടിക്കെതിരേ നടന്ന ആക്രമണത്തിൽ പ്രതിഷേധിക്കാൻ സിനിമാസംഘടനകൾ സംഘടിപ്പിച്ച യോഗത്തിൽ ദിലീപിന്റെ ഭാര്യയായിരുന്ന നടി മഞ്ജുവാര്യരാണ് നടിയെ ആക്രമിച്ചതിനു പിന്നിൽ ഒരു ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചത്. ഇതു കത്തിപ്പിടിച്ചതോടെ വൈകാതെ ആക്രമണം ക്വട്ടേഷൻ ആയിരുന്നെന്നും പിന്നിൽ ദിലീപ് ആണെന്നുമുള്ള ആരോപണങ്ങൾ ഉയർന്നു. ഇതിന്റെ ആദ്യ ഘട്ടത്തിൽ രണ്ടു പേരും അമ്മയുടെ മക്കൾ ആണെന്നതായിരുന്നു താരസംഘടനയായ അമ്മയുടെ പ്രതികരണം. സിനിമയിലെ ചില യുവതാരങ്ങളുടെ നേതൃത്വത്തിൽ ദിലീപിനെതിരേ ശക്തമായ നിലപാട് സംഘടനയ്ക്കുള്ളിൽ എടുത്തിരുന്നു. മുതിർന്ന താരങ്ങൾ പോലും അറച്ചുനിന്ന ഘട്ടത്തിൽ കർശന നടപടി വേണമെന്ന് ഇവർ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, വൈകാതെ കേസിൽ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ സംഘടനയിൽനിന്നു ദിലീപിനെ പുറത്താക്കാൻ സംഘടന നിർബന്ധിതമായി.
മങ്ങിയ പ്രതാപം
സിനിമയിലെ സ്ത്രീകളെ അവകാശങ്ങൾ സംരക്ഷിക്കാനും ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കാനുമായി അമ്മയ്ക്കു പുറത്ത് വിമൺ ഇനി സിനിമ കളക്ടീവ് എന്ന സംഘടന നിലവിൽ വന്നു. അമ്മയുടെ ചില നിലപാടുകളെ വരെ സംഘടന ചോദ്യം ചെയ്തു. കേസ് നടത്താൻ ആക്രമിക്കപ്പെട്ട നടിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് 90 ദിവസത്തോളമാണ് ദിലീപ് ജയിലിൽ കഴിയേണ്ടിവന്നത്. ഇതോടെ ദിലീപ് കരാറായിരുന്ന പല പ്രോജക്ടുകളും മുടങ്ങി. സിനിമരംഗത്തുതന്നെ വലിയ പ്രതിസന്ധിയാണ് ദിലീപിന്റെ അറസ്റ്റും ജയിൽവാസവും സൃഷ്ടിച്ചത്. ജാമ്യം കിട്ടി പുറത്തുവന്നതെങ്കിലും കേസിന്റെ വിചാരണയും നിയമപ്രശ്നങ്ങളും മൂലം പഴയ പ്രതാപത്തോടെ സിനിമയിൽ തിരിച്ചെത്താൻ ദിലീപിനു കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് ചില ചിത്രങ്ങൾ ചെയ്തത് ഒഴിച്ചാൽ കഴിഞ്ഞ എട്ടര വർഷത്തിനിടയിൽ പലപ്പോഴും സിനിമാവേദികളിൽനിന്ന് അകറ്റപ്പെട്ട അവസ്ഥയിലായിരുന്നു ദിലീപ്. ഒറ്റപ്പെട്ട അവസ്ഥയിലും ഒളിഞ്ഞും തെളിഞ്ഞും ദിലീപിനൊപ്പം നിന്ന കുറെ താരങ്ങളും ഉണ്ടായിരുന്നു. ദിലീപുമായി അടുപ്പം പുലർത്തിയതിന്റെ പേരിൽ നാദിർഷയും ധർമജൻ ബോൾഗാട്ടിയുമൊക്കെ വിമർശനം നേരിട്ടു.
തിരിച്ചെടുത്താൽ
വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതോടെ ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുമോയെന്ന ചോദ്യമാണ് ഏറ്റവും പ്രസക്തം. ദിലീപിനെ ഉടൻ തിരിച്ചെടുക്കുമെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. സംഘടനകളെ നിയന്ത്രിക്കുക വരെ ചെയ്തിരുന്ന ദിലീപ് സംഘടനകളിലേക്കും സിനിമയിലേക്കും തിരികെ വരുന്പോൾ ആഹ്ലാദിക്കുന്നവരെപ്പോലെ ആശങ്കപ്പെടുന്നവരുമുണ്ട്. തന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ദിലീപും അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ഇറങ്ങിത്തിരിച്ചാൽ എന്തു സംഭവിക്കുമെന്ന ആകാംക്ഷ സിനിമവൃത്തങ്ങളിൽ ശക്തമാണ്.
അതേസമയം, കേസ് തീർന്നിട്ടില്ലെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കുമെന്നു പറഞ്ഞ സാഹചര്യത്തിൽ ദിലീപ് വിഷയത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്നത് അമ്മയ്ക്കും തലവേദന നിറഞ്ഞ വിഷയമാണ്.
കുറ്റവിമുക്തനായി പുറത്തുവന്നതിനു ശേഷം ദിലീപ് പറഞ്ഞ വാക്കുകളാണ് മറ്റൊരു ചർച്ചാവിഷയം. മഞ്ജുവാര്യർ ആക്രമണത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചതിനു പിന്നാലെ തന്നെ പ്രതിയാക്കാനും തകർക്കാനും ഗൂഢാലോചന നടന്നുവെന്നായിരുന്നു ദിലീപ് കുറ്റപ്പെടുത്തിയത്. സിനിമയ്ക്കുള്ളിലുള്ളവരും ചില പോലീസ് ഉദ്യോഗസ്ഥരും ചേർന്നു തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ദിലീപ് എന്ന ഗോപാലകൃഷ്ണൻ വീണ്ടും സിനിമയിലേക്കു തിരിച്ചുവരുന്പോൾ അതു പലർക്കും ആശങ്കയുടെ നിമിഷങ്ങൾകൂടിയാണ്. മലയാള സിനിമയെ ഇളക്കിമറിച്ച ഒരു സിനിമാറ്റിക് സംഭവത്തിന്റെ ശേഷം ഭാഗം ഒരു ത്രില്ലർ മൂവി പോലെ സംഭവബഹുലമാകുമോയെന്നാണ് ഇനി അറിയാനുള്ളത്.
Kerala
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടിയെ അക്രമിച്ചു ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ എട്ടാം പ്രതി നടന് ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമുണ്ടെന്ന് ധര്മജന് ബോള്‍ഗാട്ടി. ഇന്നലെ രാത്രി മുതല്‍ വാര്‍ത്തകള്‍ കാണുകയാണ്. ഇപ്പോഴും വിധി പ്രസ്താവം കേട്ടു. അദ്ദേഹം ഒരുപാട് നാളായി നടത്തിയ നിയമ പോരാട്ടം വിജയം കണ്ടുവെന്നും ധര്മജന് ദീപിക ഒാൺലൈനിനോടു പറഞ്ഞു.
ദിലീപുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന നടനാണ് ധർമജൻ. ടിവിയിലും സ്റ്റേജ് ഷോകളിലും നിറഞ്ഞുനിന്ന നാളുകളില്‍ 2010ല്‍ ദിലീപ് ചിത്രമായ 'പാപ്പി അപ്പച്ചാ'യിലൂടെയായിരുന്നു സിനിമയിൽ ശ്രദ്ധേയമായൊരു വേഷം ധർമജനു ലഭിച്ചത്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന നടന് ദിലീപിനു ജാമ്യം ലഭിച്ചതറിഞ്ഞ് അലുവ സബ്ജയിലിനു മുന്നിലെത്തിയ നടന് ധര്മജന് പൊട്ടിക്കരഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. അന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മുന്നില്‍ നടന് വികാര ഭരിതനാവുകയായിരുന്നു.
'എന്റെ ചേട്ടനാണ്.. സന്തോഷമുണ്ട്...എനിക്കൊന്നു കണ്ടാല്‍ മതി' ഇത്രയും പറഞ്ഞ് ധര്മജന് അന്നു പൊട്ടിക്കരയുകയായിരുന്നു. ദിലീപുമായി അടുപ്പം പുലർത്തിയെന്ന കാരണത്താൽ ധർമജനും പലപ്പോഴും വിമർശനം നേരിട്ടിരുന്നു. എന്നാൽ, അപ്പോഴെല്ലാം ദിലീപ് നിരപരാധിയാണെന്നു നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ധർമജൻ.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ജീവനൊടുക്കാൻ ശ്രമിച്ചു. ഇന്ന് പുലർച്ചെ മദ്യ ലഹരിയിലാണ് ഇയാൾ കൈ ഞെരമ്പ് മുറിച്ചത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയശേഷം ഇയാളെ പോലീസ് വീട്ടിലേക്ക് പറഞ്ഞു വിട്ടു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ നടൻ ദിലീപാണ് എട്ടാം പ്രതി. 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.
2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണനടപടികള്‍ പ്രസിദ്ധീകരിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്ത മാധ്യമങ്ങള്ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണപുരോഗതി അറിയിക്കണമെന്നു ഹൈക്കോടതി.
പ്രതിയായ ദിലീപിന്റെ പരാതിയെത്തുടര്‍ന്ന് 2022 ല്‍ രജിസ്റ്റര്‍ ചെയ്ത അഞ്ച് എഫ്ഐആറുകളിലെ പുരോഗതി അറിയിക്കാനാണു ജസ്റ്റീസ് സി. പ്രദീപ് കുമാറിന്റെ നിര്‍ദേശം.
മാധ്യമങ്ങള്‍ വിചാരണനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഉത്തരവിട്ടിട്ടും ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയെന്നായിരുന്നു പരാതി. തുടര്‍ന്ന് 2022ലെ കോടതി ഉത്തരവിന്റെ നിര്‍ദേശത്തില്‍ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്ന് ദിലീപിന്റെ അഭിഭാഷകന് അറിയിച്ചതിനെത്തുടര്‍ന്നാണു കോടതി നിര്‍ദേശം.
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഡിസംബര്‍ എട്ടിനാണു വിധി പറയുന്നത്.
Kerala
കൊച്ചി: മലയാള സിനിമയെ പിളര്‍ത്തിയ കേസായിരുന്നു നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം. വിചാരണയ്ക്കിടെ ചലച്ചിത്രതാരങ്ങളായ ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദീഖ്, ഭാമ എന്നിവരുൾപ്പെടെ 28 പ്രോസിക്യൂഷന് സാക്ഷികള്‍ കൂറുമാറിയതും കോടതിയുമായുള്ള നിരന്തര കലഹത്തിനൊടുവില്‍ രണ്ടു പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചൊഴിഞ്ഞതും കേസില്‍ തിരിച്ചടിയായി. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ പിറവി, ഷൂട്ടിംഗ് സെറ്റുകളിലും സ്ത്രീകള്‍ക്കായി പരാതിപരിഹാര സെല്‍ വേണമെന്ന ഹൈക്കോടതി വിധി, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും വെളിപ്പെടുത്തലുകളും തുടങ്ങി സമൂഹത്തിലും സ്ത്രീസുരക്ഷയിലും വലിയ മാറ്റങ്ങള്‍ക്കു വഴിവച്ച കേസിലെ നാള്‍വഴികളിലൂടെ....