x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നടി ആക്രമിക്കപ്പെട്ട കേസ്: ഒത്തുതീര്‍പ്പെന്നു സംശയിക്കുന്നതായി കെ.കെ. രമ

കോഴിക്കോട് ബ്യൂറോ
Published: December 8, 2025 05:38 PM IST | Updated: December 8, 2025 06:01 PM IST

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരെ കോടതി വെറുതെവിട്ട സാഹചര്യത്തില്‍ ഒത്തുതീര്‍പ്പ് സംശയിച്ച് വടകര എംഎല്‍എ കെ.കെ. രമയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേസില്‍ ഗൂഢാലോചന തെളിയിക്കുന്നതില്‍ പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതിനു പിന്നില്‍ ഉന്നത ഒത്തുതീര്‍പ്പുകളുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് രമ ഫേസ്ബുക്കില്‍ കുറിച്ചു.

വിധി നിരാശാജനകമെങ്കിലും നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല. ഇതിനുമുകളിലും കോടതികളുണ്ട്. കോടതി മുറികളില്‍ സാങ്കേതികമായി പരാജയപ്പെട്ടാലും സമൂഹ മന:സാക്ഷിയുടെ കോടതിയിലും മനുഷ്യഭാവിയുടെ പോര്‍മുഖത്തും വിജയിച്ചു നില്‍ക്കുകയാണ് അതിജീവിത. അവളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഒരു ചരിത്രമാണ്. അവള്‍ പരാജയപ്പെടുകയില്ല. ജനാധിപത്യ കേരളം അവള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കും.

ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട കേസിന്‍റെ നാള്‍വഴികള്‍ പിന്തുടര്‍ന്ന ആരും മറിച്ചൊരു വിധി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ന്യായാധിപയെ സംബന്ധിച്ച് അതിജീവിതയ്ക്കുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ, കോടതിയുടെ സുരക്ഷയിലുണ്ടായിരുന്ന മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യൂ മാറിയത് തുടങ്ങി ഒട്ടനേകം സന്ദര്‍ഭങ്ങള്‍ നീതിബോധമുള്ള മനുഷ്യരെ ആശങ്കയിലാഴ്ത്തിരുന്നു.
അക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും നീതിപീഠത്തെ ചൂഴ്ന്നു നില്‍ക്കുന്ന കാര്‍മേഘങ്ങള്‍ നീക്കണമെന്നും പറഞ്ഞത് ഹൈക്കോടതിയാണ്. ഈ പരാജയത്തിനു പിറകില്‍ കാണാമറയത്തെ ഉന്നത ഒത്തുതീര്‍പ്പുകളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സ്നേഹാഭിവാദ്യങ്ങള്‍ പ്രിയപ്പെട്ടവളേ....എന്നു പറഞ്ഞുകൊണ്ടാണ് കെ.കെ. രമ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Tags : Actress attack case kk rema mla comment KK Rama Actress attack case actor Delip Case

Recent News

Up