NRI
കൊച്ചി: ജനുവരി 1, 2 തീയതികളില്‍ കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കുന്ന പ്രഥമ ഗ്ലോബല്‍ മലയാളി ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ ആഗോളതലത്തില്‍ തെരഞ്ഞെടുത്ത 16 മലയാളികളെ ഗ്ലോബല്‍ മലയാളി രത്ന പുരസ്കാരം നല്കി ആദരിക്കും.
എന്‍ജിഒ രജിസ്ട്രേഷനുള്ള ഇന്ത്യന്‍ കമ്പനിയാണ് ഫെസ്റ്റിവല്‍ ഒരുക്കുന്ന മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്. ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് ഈ ആഘോഷത്തില്‍ പങ്കെടുക്കാവുന്നതാണ്.
പുതുവത്സരാഘോഷത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഒത്തുചേര്‍ന്ന് പുതുവത്സരത്തെ സ്വാഗതം ചെയ്യും.
ജനുവരി രണ്ടിന് രാവിലെയുള്ള സെഷന് പൂര്‍ണമായും പ്രഥമ ഗ്ലോബല്‍ മലയാളി ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് മീറ്റ് ആണ് നടക്കുന്നത്. വെകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില്‍, ആഗോള തലത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 16 മലയാളികളെ ആദരിക്കും.
ലൈഫ്ടൈം ബിസിനസ്, മലയാളി സമൂഹത്തിന് നല്കിയ വിവിധ സേവനങ്ങള്‍, ഇക്കണോമി, ഫിനാന്‍സ്, എൻജിനിയറിംഗ്, സയന്‍സ്, സാങ്കേതികവിദ്യ, രാഷ്ട്രീയം, സാമൂഹിക സേവനം, വ്യാപാരം, ബിസിനസ്, സാഹിത്യം, കല, സംസ്കാരം തുടങ്ങി വിവിധ മേഖലകളിലെ നേട്ടങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.
കൂടാതെ, മലയാളി സമൂഹത്തിന് നല്കിയ വ്യക്തിപരമായ നേട്ടങ്ങളും സംഭാവനകളും പരിഗണിച്ച് ഏതാനും പ്രമുഖ വ്യക്തിത്വങ്ങളെയും പ്രത്യേക അംഗീകാരങ്ങള്‍ നല്കി ആദരിക്കും.
ആഗോള മലയാളികള്‍ക്കിടയില്‍ ശക്തമായ ഒരു നെറ്റ്വര്‍ക്ക് സ്ഥാപിക്കുക, ആഗോള മലയാളി സമൂഹത്തെ കേരളത്തിലേക്ക് അടുപ്പിക്കുകയും സംസ്ഥാനത്തിന്റെ പുരോഗതിക്ക് പങ്കാളികളാക്കുകയും ചെയ്യുക എന്നിവയാണ് ഫെസ്റ്റിവലിലൂടെ ഫെഡറേഷന് ലക്ഷ്യമിടുന്നത്.
കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന പ്രഥമ ഗ്ലോബല്‍ മലയാളി ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന് സിഇഒ ആന്‍ഡ്രൂ പാപ്പച്ചനും മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല മഞ്ചേരിയും അറിയിച്ചു.
NRI
റയിൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ലണ്ടനിൽ മാസം തോറും സംഘടിപ്പിക്കുന്ന "ആദ്യ ശനിയാഴ്ച ബൈബിൾ കൺവൻഷൻ' ജനുവരി മൂന്നിന് നടക്കും.
ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ധ്യാനഗുരുവും ലണ്ടനിൽ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ. ജോസഫ് മുക്കാട്ട് നേതൃത്വം നൽകും.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും കൗൺസിലറും പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എസ്എച്ച്, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവയ്ക്കുകയും സ്പിരിച്വൽ ഷെയറിംഗിനു നേതൃത്വം നൽകുകയും ചെയ്യും.
ഫാ. ഷിനോജ് കളരിക്കൽ ശുശ്രൂകളിൽ പങ്ക് ചേരും. ജനുവരി മൂന്നിന് രാവിലെ 9.30ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവൻഷനിൽ വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടർന്ന് ആരാധനയ്ക്കുള്ള സമയമാണ്.
കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും അവസരം ഒരുക്കുന്ന കൺവൻഷൻ വൈകുന്നേരം നാലിന് സമാപിക്കും. ഇംഗ്ലീഷിലുള്ള ശുശ്രുഷകളും ലഭ്യമാണ്.
കൺവൻഷൻ തിരുക്കർമങ്ങളിലും ശുശ്രൂഷകളിലും പങ്കുചേർന്ന് ആത്മീയ നവീകരണവും സൗഖ്യ ശാന്തിയും കൃപകളും വിടുതലും മാതൃ മധ്യസ്ഥതയിൽ പ്രാപിക്കുവാൻ ഏവരെയും കൺവൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് തയ്യിൽ - 07848 808550, മാത്തച്ചൻ വിളങ്ങാടൻ - 07915 602258.
Our lady Of La Salette RC Church, 1 Rainham Road, Rainham, Essex, RM13 8SR, UK.
NRI
ഡബ്ലിൻ: അയർലൻഡിൽ മുമ്പെങ്ങും ഇല്ലാത്ത വിധം ഇൻഫ്ലുവൻസ രോഗം പടരുന്നതായി റിപ്പോർട്ട്. യൂറോപ്പിൽ അയർലൻഡ് ഏറ്റവും അധികം ഇൻഫ്ലുവൻസ ബാധിതരുള്ള രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
രാജ്യത്ത് രോഗലക്ഷണങ്ങളോടെ പരിശോധന നടത്തുന്നവരിൽ ഇൻഫ്ലുവൻസയുടെ പോസിറ്റീവ് നിരക്ക് 50 ശതമാനമാണ്. അയൽ രാജ്യമായ യുകെയിലെ സ്ഥിതിയും വിഭിന്നമല്ല.
ഫ്ലൂവിനെതിരേയുള്ള വാക്സിൻ എടുക്കാനും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ തുടരാനും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. രോഗ വ്യാപനം തടയുന്നതിനായി രോഗികൾ മാസ്ക് ധരിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ക്രിസ്മസ് അവധിക്കാലത്ത് സാധാരണഗതിയിൽ ഫ്ലൂ വ്യാപനം കൂടാറാണ് പതിവ്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ നിർബന്ധമായും ഫ്ലൂ വാക്സിൻ എടുക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.
ഈ വർഷം ഫ്ലൂവിനെതിരെ പ്രത്യേകിച്ച് ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർഥിച്ചു. മിക്ക ആശുപത്രികളിലും ഫ്ലൂബാധികളുടെ എണ്ണം ഏറുകയാണ്.
NRI
ന്യൂഡൽഹി: ആഗോള മലയാളി ഐക്യത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) നേപ്പാൾ പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു.
കാഠ്മണ്ഡുവിൽ നടന്ന ചടങ്ങ് മലയാളി സമൂഹത്തിന് പുതിയ പ്രതീക്ഷകളും സാധ്യതകളും തുറന്നുവയ്ക്കുന്നതാണ്.
NRI
ബെര്‍ലിന്‍: പ്രതിസന്ധിയിലായ ജര്‍മനി എന്ന സമ്പദ്വ്യവസ്ഥയില് നിന്നുള്ള കൂടുതല്‍ മോശം വാര്‍ത്തകളാണ് പുറത്തുവരുന്നത്. ജനുവരി ഒന്നിന് മിനിമം വേതന വര്‍ധനവിന് മറുപടിയായി നേരിട്ട് ബാധിച്ച അഞ്ച് കമ്പനികളില്‍ ഒന്നില്‍ കൂടുതല്‍ ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിട്ടു.
പ്രത്യേകിച്ചും സാമ്പത്തിക ഗവേഷകരുടെ അഭിപ്രായത്തില്‍, ജര്‍മനിയുടെ ഏറ്റവും പുതിയ ബിസിനസ് കാലാവസ്ഥാ സര്‍വേയില്‍ 21.7 ശതമാനം പേര് ശരിവയ്ക്കുകയാണ്. എന്നിരുന്നാലും മിനിമം വേതന വര്‍ധനവ് നേരിട്ട് ബാധിക്കുന്നത് 37 ശതമാനം പേരെ മാത്രമാണ്.
അവയില്‍, പല കമ്പനികളും നിക്ഷേപങ്ങള്‍ ഉപേക്ഷിച്ച് വില ഉയര്‍ത്താന്‍ പദ്ധതിയിടുന്നു. വര്‍ഷാവസാനത്തോടെ മിനിമം വേതനം തുടക്കത്തില്‍ മണിക്കൂറിന് 1.08 യൂറോ മുതല്‍ 13.90 വരെ വര്‍ധിക്കും. ഈ വര്‍ധന ഭാവിയില്‍ ദോഷകരമായി ബാധിക്കുക മാത്രമല്ല കമ്പനികള്‍ ജോലിക്ക് ആളെ എടുക്കാത്ത അവസ്ഥയിലേയ്ക്കും തള്ളിനീക്കുമെന്നാണ് വിദഗ്ധ അഭിപ്രായം.
വര്‍ഷാരംഭത്തില്‍ വരാനിരിക്കുന്ന മിനിമം വേതന വര്‍ധനവ് "ഇത് ബാധിച്ച കമ്പനികളുടെ തൊഴില്‍ ചെലവുകളില്‍ ഗണ്യമായ വര്‍ധനവിനെ പ്രതിനിധീകരിക്കുന്നതായി ഇഫോ ഗവേഷകനും പറയുന്നു. സാമ്പത്തിക ദുര്‍ബലതയുടെ നിലവിലെ കാലഘട്ടത്തില്‍ മിനിമം വേതനം വര്‍ധിപ്പിക്കുന്നത് പ്രത്യേകിച്ച് ദോഷകരമാണെന്ന് കമ്പനികളുടെ പ്രതികരണങ്ങള്‍ കാണിക്കുന്നത്.
2022ലെ അവസാനത്തെ പ്രധാന മിനിമം വേതന വര്‍ധനവിന് ശേഷമുള്ളതിനേക്കാള്‍ വളരെ രൂക്ഷമായ പ്രതികരണമാണ് കമ്പനികളുടെത് എന്നത് ശ്രദ്ധേയമാണ്. അന്ന്, അത് 1.55 യൂറോ വര്‍ധിച്ച് 12 യൂറോയായി. ഇതും പലപ്പോഴും തൊഴില്‍ വെട്ടിക്കുറവുകളും നിക്ഷേപം കുറയ്ക്കലും ഉണ്ടാക്കി.
2022 ലെ വര്‍ധനവിന് മുമ്പ്, ബാധിച്ച കമ്പനികളില്‍ 10.6 ശതമാനം മാത്രമേ തൊഴില്‍ വെട്ടിക്കുറവ് ആസൂത്രണം ചെയ്തിരുന്നുള്ളൂ. നിക്ഷേപങ്ങളില്‍ നിലവില്‍ 27.7 ശതമാനം കുറവ് ആസൂത്രണം ചെയ്തിട്ടുണ്ട്, അന്ന് 15 ശതമാനം മാത്രമായിരുന്നു ഇത്.
സാധ്യതയുള്ള വില വര്‍ധനവിനെക്കുറിച്ച്, ഇത്തവണ പ്രതികരണങ്ങള്‍ കുറവാണ്. നിലവില്‍, 49.7 ശതമാനം പേര് അവ നടപ്പിലാക്കാന്‍ പദ്ധതിയിടുന്നു. മുമ്പ് 54.8 ശതമാനമായിരുന്നു ഇത്.
പ്രഖ്യാപിച്ച പ്രതിരോധ നടപടികള്‍ ഉണ്ടായിരുന്നിട്ടും, ബാധിച്ച പല കമ്പനികളും നെഗറ്റീവ് പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിക്കുന്നു. ജര്‍മനിയിലെ 51 ശതമാനം ബിസിനസുകളും ലാഭക്ഷമതയില്‍ ഇടിവ് പ്രതീക്ഷിക്കുന്നവയാണ്. ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ മേഖലകളെയും ബാധിക്കും.
കമ്പനികളെ നേരിട്ട് പരിഗണിക്കുന്നു ഭാവിയിലെ മിനിമം വേതനമായ 13.90യൂറോയില്‍ താഴെ മണിക്കൂര്‍ വേതനമുള്ള ജീവനക്കാരെ നിലവില്‍ നിയമിച്ചാല്‍ ഇത് ബാധിക്കപ്പെടും. ഹോസ്പിറ്റാലിറ്റി മേഖലയില്‍ (77 ശതമാനം), റീട്ടെയില്‍ മേഖലയില്‍ (71 ശതമാനം), ടെക്സ്റ്റെല്‍, ഭക്ഷ്യ വ്യവസായങ്ങളില്‍ (യഥാക്രമം 62, 59 ശതമാനം) ഇത് പ്രത്യേകിച്ചും സാധാരണമാണ്.
പല മേഖലകളിലും ഈ കണക്ക് 40 ശതമാനത്തില്‍ താഴെയാണ്, മെക്കാനിക്കല്‍ എൻജിനിയറിംഗിലും നിര്‍മാണത്തിലും ഇത് 20 ശതമാനത്തില്‍ താഴെയാണ്. എന്നിരുന്നാലും, മിനിമം വേതന വര്‍ധനവ് ബാധിക്കുന്ന തൊഴില്‍ ബന്ധങ്ങളുടെ അനുപാതം കുറവാണ് ബാധിച്ച കമ്പനികളിലെ ജോലികളുടെ 15.5 ശതമാനവും എല്ലാ കമ്പനികളിലുമായി 5.8 ശതമാനവും മാത്രം.
ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന അനുപാതം ഹോസ്പിറ്റാലിറ്റി വ്യവസായത്തിലാണ് (23.9 ശതമാനം).
NRI
ലണ്ടൻ: ബ്രിട്ടനിലെ പുതിയ തലമുറ കുടിയേറ്റക്കാരെ സാരമായി ബാധിക്കുന്ന ഐഎല്‍ആര്‍ പരിഷ്ക്കാരങ്ങള്‍, നിയമപരമായി കുടിയേറിയ സ്ക്കില്‍ഡ് വര്‍ക്കേഴ്സിന്റെയും അവരുടെ കുടുംബാംഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യൂണിയന് ഓഫ് യുകെ മലയാളി അസോസിയേഷന്‍സ് (യുക്മ) ദേശീയ തലത്തില്‍ കാമ്പയിന് ആരംഭിക്കുമെന്ന് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.
ഐഎല്‍ആര്‍ ലഭിക്കുന്നതിനുള്ള യോഗ്യതാ കാലയളവ് അഞ്ച് വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി നീട്ടാനുള്ള യുകെ സര്‍ക്കാരിന്റെ നിര്‍ദേശം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിയമപരമായി യുകെയിലേക്ക് കുടിയേറിയിരിക്കുന്ന പതിനായിരക്കണക്കിന് സ്ക്കില്‍ഡ് വര്ക്കേഴ്സിലും അവരുടെ കുടുംബങ്ങളിലും കാര്യമായ ഉത്കണ്ഠ സൃഷ്ടിച്ചിട്ടുണ്ട്.
യുകെയിലെ പുതിയ തലമുറ കുടിയേറ്റ മലയാളികളില്‍ ബഹുഭൂരിപക്ഷവും കോവിഡ് പാന്‍ഡെമിക് സമയത്തോ അതിനു തൊട്ടുപിന്നാലെയോ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍, റീട്ടെയില്‍, ലോജിസ്റ്റിക്സ് എന്നിങ്ങനെ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന തരത്തിലുള്ള ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്സായി അവശ്യ റോളുകളിലെ വേക്കന്സികളിലാണ് ജോലി സ്വന്തമാക്കി യുകെയില്‍ സ്ഥിരതാമസമാക്കുന്നതിന് ആരംഭിച്ചത്.
അവരില്‍ നാട്ടില്‍ നിന്നും ജോലി ലഭ്യമായി വന്നവരും അതേപോലെ സ്റ്റുഡന്റ് വീസയില്‍ എത്തിച്ചേര്‍ന്ന് സ്ക്കില്‍ഡ് വര്ക്കേഴ്സിലേയ്ക്ക് മാറിയവരുമുണ്ട്. ഹെല്‍ത്ത് ആൻഡ് സോഷ്യല്‍ കെയര്‍ മേഖലയില്‍ മാത്രം യുകെയിലെ എല്ലാ സ്ഥലങ്ങളിലും മലയാളി സാന്നിധ്യമുണ്ട്.
രാജ്യവ്യാപകമായി ഒരു കാമ്പയിന് സംഘടിപ്പിക്കുന്നതിന് യുക്മ നേതൃത്വം നല്‍കുന്നതിനായി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തത് ബ്രിട്ടനിലെ എല്ലാ പ്രദേശങ്ങളിലുമുള്ള മലയാളികളെ ഈ മുന്നേറ്റത്തില്‍ പങ്കാളികളാക്കണമെന്ന താത്പര്യം മുന്‍നിര്‍ത്തിയാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ വ്യക്തമാക്കി.
ഈ വിഷയത്തില്‍ യുക്മ ഇടപെടണമെന്ന ആവശ്യം യുക്മയുടെ നിരവധി അംഗ അസോസിയേഷനുകളും അതേപോലെ പുതിയ തലമുറയിലെ ഈ വിഷയം ബാധിക്കുന്ന മലയാളികളും ഉന്നയിച്ചിരുന്നു. യുകെയിലെ ഓരോ പാര്‍ലമെന്റ് മണ്ഡലങ്ങളും കേന്ദ്രീകരിച്ച് ഈ വിഷയം ബാധിതമാകുന്ന വോട്ടര്‍മാരെ അണിനിരത്തി ദേശീയ തലത്തില്‍ ഒരു പ്രചാരണം ഏകോപിപ്പിക്കുന്നതായിരിക്കും.
നിര്‍ദ്ദിഷ്ട ഐഎല്‍ആര്‍ മാറ്റം ബാധിക്കുന്ന ഓരോ വോട്ടറും അവരുടെ പ്രാദേശിക എംപിയെ നേരിട്ട് കാണാനും പുതിയ നിര്‍ദേശത്തിന്റെ ആഘാതം അവരുടെ കുടുംബങ്ങളെയും കരിയറിനെയും ദീര്‍ഘകാല സ്ഥിരതയെയും എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് വിശദീകരിക്കുന്ന ഒരു രേഖാമൂലമുള്ള റപ്രസെന്റേഷന്‍ സമര്‍പ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
യുക്മ ദേശീയ പ്രസിഡന്റ് ചെയര്‍മാനും ജനറല്‍ സെക്രട്ടറി ജനറല്‍ കണ്‍വീനറുമാകുന്ന കാമ്പയിന് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നതിനായി ദേശീയ ഭാരവാഹികളായ സണ്ണിമോന്‍ മത്തായി, പീറ്റര്‍ താണോലില്‍ എന്നിവരെ കാമ്പയിന് ഡയറക്ടര്‍മാരായി നിയോഗിച്ചിട്ടുണ്ട്.
രാജ്യവ്യാപകമായി നടക്കുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും നയിക്കുന്നതിനും റീജണല്‍ തലത്തില്‍ യുക്മ ദേശീയ കമ്മറ്റിയിലും റീജണല്‍ കമ്മറ്റികളിലുമുള്ളവരെ നിയോഗിക്കും.
യുക്മയുടെ പ്രാദേശിക അംഗ അസോസിയേഷനുകളുമായി ചേര്‍ന്നാവും ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലെയും കാമ്പയിന് കമ്മിറ്റികളുടെ രൂപീകരണം നടത്തെപ്പെടുന്നത്. അംഗ അസോസിയേഷന് ഇല്ലാത്ത മണ്ഡലങ്ങളില്‍, കാമ്പയിന് കമ്മിറ്റി സ്ഥാപിക്കുന്നതിനും നയിക്കുന്നതിനുമുള്ള ഉത്തരവാദിത്തം റീജണല്‍ കമ്മിറ്റി നേരിട്ട് ഏറ്റെടുക്കും. ഈയൊരു ഘടന യു.കെയുടെ എല്ലാ ഭാഗങ്ങളിലും ഏകീകൃതവും ഫലപ്രദവുമായ ഒരു കാമ്പയിന് ഉറപ്പാക്കുന്നതിന് സഹായകരമാകുമെന്നാണ് യുക്മ ദേശീയ ഭരണസമിതി വിലയിരുത്തുന്നത്. .
നിര്‍ദിഷ്ട ഐഎല്‍ആര്‍ മാറ്റങ്ങള്‍ക്കായുള്ള കണ്സള്ട്ടേഷന് കാലയളവ് 2026 ഫെബ്രുവരിയില്‍ അവസാനിക്കുമെന്നാണ് യുകെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിയമനിര്‍മാണ പ്രക്രിയ പുരോഗമിക്കുന്നതിന് മുമ്പ് തന്നെ ഈ വിഷയം പരമാവധി എംപിമാരിലേക്ക് എത്തിക്കുന്നത് ഉറപ്പാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള രീതിയിലാണ് പ്രവര്‍ത്തനം നിശ്ചയിച്ചിരിക്കുന്നത്.
2026 ജനുവരി 10ന് മുന്‍പായി യുകെയിലെ പരമാവധി പാര്‍ലമെന്റ് മണ്ഡലങ്ങളിലും യുക്മ കാമ്പയിൻ കമ്മിറ്റികള്‍ രൂപീകരിക്കുകയും അതിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യും. 2026 ജനുവരി 10നും ജനുവരി 25നും ഇടയിലായി, ഓരോ പാര്‍ലമെന്റ് മണ്ഡലം കാമ്പെയ്ന് കമ്മിറ്റിയും അവരുടെ പ്രാദേശിക എംപിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അപ്പോയിന്റ്മെന്റ് എടുക്കുകയും സാധ്യമാവുകയാണെങ്കില്‍ എംപിമാരെ നേരിട്ട് കാണുന്നതിനുമുള്ള അവസരമുണ്ടാക്കുകയും ചെയ്യുന്നതാണ്.
ഓരോ മണ്ഡലത്തിലുമുള്ള പ്രതിനിധികള്‍ അവരുടെ എംപിയെ നേരിട്ട് കാണുക, സമൂഹത്തിന്റെ ആശങ്കകള്‍ അവതരിപ്പിക്കുക, മുന്‍കാലപ്രാബല്യത്തോടെ നടപ്പിലാക്കുന്ന നിയമമാറ്റങ്ങള്‍ കഠിനാധ്വാനികളായ കുടിയേറ്റ കുടുംബങ്ങളില്‍ സൃഷ്ടിക്കുന്ന ജീവിത ആഘാതത്തിന്റെ വ്യക്തമായ തെളിവുകള്‍ എംപിമാരെ ബോധ്യപ്പെടുത്തുക എന്നുള്ളതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
അവബോധം വളര്‍ത്തുക എന്നതില്‍ ഉപരിയായി, നിര്‍ദിഷ്ട ഐഎല്‍ആര്‍ മാറ്റങ്ങള്‍ക്കായുള്ള നിര്‍ദേശം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ വിഷയത്തില്‍ ഗൗരവമായി ഇടപെടുന്നതിന് എംപിമാരെ പ്രോത്സാഹിപ്പിക്കുകയും ഇതിലൂടെ സ്കില്‍ഡ് വര്‍ക്കര്‍ റൂട്ടിലുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് നീതി ലഭ്യമാകുമെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം.
എംപിമാര്‍ക്ക് നല്കേണ്ടുന്ന നിവേദനത്തിന്റെ മാതൃക യുക്മ ദേശീയ കമ്മിറ്റി അംഗ അസോസിയേഷനുകള്‍ക്ക് അയച്ചു നല്‍കും. മന്ത്രിസഭയിലും പ്രതിപക്ഷത്തും സ്വാധീന ശക്തിയുള്ള എംപിമാരെ നേരിട്ട് ബന്ധപ്പെടുവാന്‍ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടത്തപ്പെടുന്നതാണ്.
നഴ്സുമാരുടെ ശമ്പളവര്‍ധനവുമായി ബന്ധപ്പെട്ട് 2020ല്‍ ഇതേ രീതിയില്‍ വിജയകരമായ കാമ്പയിന് യുക്മ സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കോ അന്വേഷണങ്ങള്‍ക്കോ ദയവായി ബന്ധപ്പെടുക: അഡ്വ. എബി സെബാസ്റ്റ്യന്‍ - 07702862186, ജയകുമാര്‍ നായര്‍ - 07403223066.
യുക്മ അംഗ അസോസിയേഷനുകള്‍ ഇല്ലാതെയുള്ള സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും ഈ കാമ്പയിന്റെ ഭാഗമാകണമെന്ന് താത്പര്യമുള്ളവര്‍ക്കും താഴെ പറയുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLSd0RRK7ZkfDzR15rRidKHlGx3-DHlB1Nf7OUBIGoNKJYG_xIA/viewform
NRI
ഡബ്ലിൻ: അയർലൻഡിൽ ചൊവ്വാഴ്ച ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്താകമാനം ചൊവ്വാഴ്ച പുലർച്ചെ മൂന്നു മുതൽ രാത്രി ഒമ്പത് വരെ ശക്തമായ കാറ്റ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
തിങ്കളാഴ്ച രാത്രി മുതൽ ആറ് കൗണ്ടികളിൽ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കാർലോ, കില്‍കെന്നി, കോർക്ക്, കെറി,ടിപ്പററി, വാട്ടർഫോർഡ് എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്. തീരപ്രദേശങ്ങളിൽ ശക്തമായ മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആവാനും സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
NRI
ആനിക്കാട്: കലാ, സാഹിത്യ, സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭവനയ്ക്കുള്ള 2025ലെ ഡോ. അംബേദ്കർ സാഹിത്യശ്രീ ദേശീയ പുരസ്കാരം രാജു കുന്നക്കാട്ടിന് ലഭിച്ചു. ഈ മാസം 12ന് ഡൽഹിയിൽ വച്ച് പുരസ്കാരം സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രാജു കുന്നക്കാട്ടിനു ലഭിക്കുന്ന പന്ത്രണ്ടാമത് പുരസ്കാരസ്മാണിത്. കോട്ടയം മാറ്റൊലിയുടെ ജനപ്രിയ ബൈബിൾ ഡ്രമാസ്കോപ്പ് നാടകം "ഒലിവ് മരങ്ങൾ സാക്ഷി'യുടെ രചനയ്ക്ക് വിവിധ മേഖലകളിൽ നിന്നും നിരവധി അവാർഡുകൾ ലഭിച്ചിരുന്നു.
പ്രവാസി രത്ന അവാർഡ്, രാജൻ പി. ദേവ് പുരസ്കാരം, തോപ്പിൽ ഭാസി പുരസ്കാരം, ആറന്മുള സത്യവ്രതൻ പുരസ്കാരം, ശംഖുമുദ്ര പുരസ്കാരം, അയർലൻഡ് മൈൻഡ് ഐക്കോൺ അവാർഡ്, വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് കലാ രത്ന പുരസ്കാരം, വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് സാഹിത്യ രത്ന അവാർഡ്, കോർക്ക് വേൾഡ് മലയാളി കൗൺസിൽ ആദരവ്, തിരുവനന്തപുരം നവപ്രതിഭ സുവർണ ജ്യോതിസ് അവാർഡ്, തിരുവനന്തപുരം വേദി ടു വേദിയുടെ നാടകപുരസ്കാരം, തിരുവനന്തപുരം സംസ്കാര സാഹിത്യവേദി പുരസ്കാരം, മൈത്രി സാഹിത്യവേദിയുടെ പ്രഥമ കലാരത്ന അവാർഡ് എന്നിവയും രാജുവിന് ലഭിച്ചിട്ടുണ്ട്.
ഇതാദ്യമായാണ് ഒരു ദേശീയ പുരസ്കാരം ലഭിക്കുന്നത്.
NRI
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്ററിന്റെ പുതിയ നേതൃത്വത്തെ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്റായി സാൻജോ മുളവരിക്കലിനെയും ചെയർമാനായി പുന്നമട ജോർജുകുട്ടിയേയും നോമിനേറ്റ് ചെയ്തതായി ഐഒസി നാഷണൽ പ്രസിഡന്റ ലിങ്ക് വിൻസ്റ്റാർ മാത്യു അറിയിച്ചു.
പുതിയ പ്രസിഡന്റായ സാൻജോ മുളവരിക്കൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന പ്രവർത്തകനാണ്. കാലടി ശ്രീശങ്കര കോളജിലെ യൂണിയൻ കൗൺസിലർ, മഹാത്മാ ഗാന്ധി സർവകലാശാല യൂണിയൻ ഭാരവാഹി, കെഎസ്യു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
തുടർന്ന് കാത്തലിക് കോൺഗ്രസ് അയർലൻഡ് കോഓർഡിനേറ്റർ, ഫിലിം ഫെസ്റ്റിവൽ അയർലൻഡ് ഡയറക്ടർ ബോർഡ് അംഗം, ഒഐസിസി അയർലൻഡ് ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു.
സാംസ്കാരിക പ്രവർത്തനങ്ങളിലും ചാരിറ്റി പരിപാടികളിലും സജീവമാണ്. ബ്ലാക്ക്റോക്ക് ചർച്ച് ക്വയർ ടീം ലീഡറായും ഗായകനുമായും പ്രവർത്തിക്കുന്നു. പുന്നമട ജോർജുകുട്ടി സ്കൂൾ, കോളജ് കാലയളവിൽ കെഎസ്യു പ്രവർത്തനത്തിൽ നിറസാന്നിധ്യമായിരുന്നു.
ആ കാലയളവിൽ രമേശ് ചെന്നിത്തല യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരിക്കെ 1988ൽ സംഘടിപ്പിച്ച കേരള മാർച്ചിൽ പങ്കെടുത്തുകൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു.
ഒഐസിസി അയർലൻഡ് വൈസ് പ്രസിഡന്റ്, സീറോമലബാർ കാത്തലിക് കമ്മ്യൂണിറ്റി അയർലൻഡ് - പിതൃവേദിയുടെ നാഷനൽ പ്രസിഡന്റ്, വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ നേതൃത്വം, അയർലൻഡിലും യുകെയിലും വർഷങ്ങളായി നടന്നുപോരുന്ന ഡ്രാഗൺ ബോട്ട് വള്ളംകളിയിലേക്ക് ആലപ്പുഴക്കാരുടെ ടീമിനെ സംഘടിപ്പിക്കുന്നതിന്റെ മുഖ്യസംഘാടകൻ, ഒഎസിസി വാട്ടർഫോർഡ് യൂണിറ്റ് രക്ഷാധികാരി എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ സേവനം അനുഷ്ഠിക്കുന്നു.
അയർലൻഡിലും യുകെയിലും വിജയകരമായി നടന്നുപോരുന്ന വടംവലി, വള്ളംകളി മത്സരങ്ങളിൽ പുന്നമട ജോർജ് കുട്ടിയുടെ കമന്ററി ഏവരെയും ആകർഷിക്കുന്നത് തന്നെയാണ്. പുതിയ നേതൃത്വത്തിന്റെ പ്രവർത്തനങ്ങൾക്ക് സംഘടന പൂർണപിന്തുണ പ്രഖ്യാപിച്ചതായി നാഷനൽ നേതൃത്വം വ്യക്തമാക്കി.
NRI
ചെംസ്ഫോർഡ്: ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നവീനമായ ഒരു ഉണർവ് നൽകി "അത്യുന്നതാ!' എന്ന കരോൾ ഗാനം വൻ ശ്രദ്ധ നേടുകയാണ്. യുകെയിലെ ചെംസ്ഫോർഡ് മലയാളി കൂട്ടായ്മയാണ് ഈ ശ്രദ്ധേയമായ സംഗീതശില്പത്തിന് പിന്നിൽ.
പരമ്പരാഗത കരോൾ രീതികളെ പരിഷ്കരിച്ചുകൊണ്ട് ആധുനിക സംഗീതത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി രൂപകൽപ്പന ചെയ്ത ഈ ഗാനം, ഈ വർഷത്തെ ആധുനിക ക്രിസ്മസ് ആന്തം എന്ന നിലയിൽ വേറിട്ടു നിൽക്കുന്നു.
ഗായകൻ കെ.ജി. മർക്കോസിന്റെ മനോഹരമായ ശബ്ദമാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ ആകർഷണം. നാടൻ താളങ്ങളെയും വെസ്റ്റേൺ സംഗീത ശൈലിയെയും മനോഹരമായി സമന്വയിപ്പിച്ച പശ്ചാത്തല സംഗീതം, കേൾവിക്കാരെ ഉത്സാഹഭരിതരാക്കും.
ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചത് പ്രിൻസ് മാത്യുവാണ്. സൗത്ത് ഇന്ത്യൻ സിനിമ & ടെലിവിഷൻ അക്കാദമിയുടെ ബെസ്റ്റ് ഡയറക്ടർ അവാർഡ് നേടിയ മധു ബാലകൃഷ്ണൻ ആലപിച്ച "നീ എന്ന പൊരുൾ' എന്ന ഗാനത്തിന്റെ സൃഷ്ടാവാണ് അദ്ദേഹം.
പിറവത്തുനിന്നുള്ള ലിജോ മാലിയേക്കലും അനു പൊന്നത്തും ചേർന്നൊരുക്കിയ ഓർക്കസ്ട്രേഷൻ, ഗാനത്തിന് ഉയർന്ന സംഗീതനിലവാരം ഉറപ്പാക്കുന്നു. ക്രിസ്മസ് ആഘോഷത്തിന്റെ ആഴത്തിലുള്ള ചൈതന്യം ഒട്ടും ചോരാതെയാണ് ഗാനത്തിന്റെ ദൃശ്യാവിഷ്കാരം.
ചെംസ്ഫോർഡിലെ മലയാളി കുടുംബാംഗങ്ങളാണ് ഈ ദൃശ്യങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. രണ്ടു വയസിൽ താഴെയുള്ള കുട്ടികൾ ഉൾപ്പെടെ എല്ലാ പ്രായത്തിലുമുള്ളവരുടെ തന്മയത്വമായ പ്രകടനം ഈ ദൃശ്യങ്ങൾക്ക് കൂടുതൽ ജീവൻ നൽകുന്നു. ഗാനത്തിന്റെ കോറസ് ആലാപനവും ചെംസ്ഫോർഡിലെ ഗായകരാണ് നിർവഹിച്ചത്.
ദൃശ്യങ്ങൾ പകർത്തിയതും എഡിറ്റ് ചെയ്തതും ബീയോണ്ട് ദ ബോഡേഴ്സ് (ജസ്റ്റിൻ) ആണ്. അദ്ദേഹത്തിന്റെ ഉയർന്ന സാങ്കേതിക മികവ് ഗാനത്തിന്റെ ദൃശ്യാനുഭൂതിയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു.
ക്രിസ്മസ് - പുതുവത്സര പരിപാടികൾക്ക് അനുയോജ്യമായ രീതിയിൽ ഗാനത്തിന്റെ കരോക്കെ പതിപ്പും ഇപ്പോൾ ലഭ്യമാണ്. വലിയ സ്റ്റേജ് പരിപാടികളിലും ചെറിയ കൂട്ടായ്മകളിലും ഈ ഗാനം ആവേശം നിറയ്ക്കുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിക്കുന്നു.
ഗാനം ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്:
NRI
ബര്‍ലിന്‍: യൂറോപ്പില്‍ ശൈത്യസമയം ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും. ക്ലോക്കിൽ ഒരു മണിക്കൂര്‍ പിന്നോട്ട് മാറ്റിവച്ചാണ് വിന്റര്‍ സമയം ക്രമീകരിക്കുന്നത്. അതായത് പുലര്‍ച്ചെ മൂന്നു മണിയെന്നുള്ളത് രണ്ടു മണിയാക്കി മാറ്റും.
നടപ്പു വര്‍ഷത്തില്‍ ഒക്ടോബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. വര്‍ഷത്തിലെ ഏറ്റവും നീളം കൂടിയ രാത്രിയാണിത്. ഞെട്ടലിൽ കുടുംബം ജര്‍മനിയിലെ ബ്രൗണ്‍ഷ്വൈഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പിടിബി) ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്.
ഫ്രാങ്ക്ഫര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള ടവറില്‍ നിന്നും സിഗ്നലുകള്‍ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികള്‍ പ്രവര്‍ത്തിക്കുന്നു. 1980 മുതലാണ് ജര്‍മനിയില്‍ സമയമാറ്റപ്രകിയ ആരംഭിച്ചത്. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലും ഇപ്പോള്‍ സമയ മാറ്റം പ്രാവര്‍ത്തികമാണ്.
അതുവഴി മധ്യയൂറോപ്യന്‍ സമയവുമായി (എംഇസെഡ്) തുല്യത പാലിക്കാന്‍ സഹായകമാകും. പകലിന് നീളക്കുറവായിരിക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം. വിന്റര്‍ ടൈം മാറുന്ന ദിനത്തില്‍ രാത്രി ജോലിക്കാര്‍ക്ക് ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യണം.
ഇത് അധിക സമയമായി കണക്കാക്കി വേതനത്തില്‍ വകയിരുത്തും. ഇതുപോലെ സമ്മര്‍ സമയവും ക്രമീകരിക്കാറുണ്ട്. വര്‍ഷത്തിലെ മാര്‍ച്ച് മാസം അവസാനം വരുന്ന ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിയാണ് സമ്മര്‍ ടൈം ക്രമപ്പെടുത്തുന്നത്. സമ്മര്‍ടൈം മാറുന്ന ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഒരു മണിക്കൂര്‍ ജോലി കുറച്ചു ചെയ്താല്‍ മതി.
രാത്രിയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ സമയമാറ്റ ക്രമീകരണങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെയാണ് ചിട്ടപ്പെടുത്തുന്നത്. ശൈത്യത്തില്‍ ജര്‍മന്‍ സമയവും ഇന്ത്യന്‍ സമയവുമായി മുന്നോട്ട് നാലര മണിക്കൂറും സമ്മര്‍ടൈമില്‍ മൂന്നര മണിക്കൂറും വ്യത്യാസമാണ് ഉണ്ടാവുക.
യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടന്, അയര്‍ലൻഡ് എന്നിവ ജര്‍മന്‍ സമയവുമായി ഒരു മണിക്കൂര്‍ പുറകിലാണ്. 2026 മാര്‍ച്ച് 29 നാണ് സമ്മര്‍ സമയം ക്രമീകരിക്കുന്നത്. എന്നാല്‍ 2021ല്‍ ഈ ക്രമീകരണം നിര്‍ത്തലാക്കുമെന്ന് യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റില്‍ വോട്ടെടുപ്പിലൂടെ വ്യക്തമാക്കിയെങ്കിലും വിഷയത്തിന്റെ തീരുമാനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
NRI
ലിസ്ബൺ: യൂറോപ്യന്‍ യൂണിയന്റെ 2.5 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്പ് കരസ്ഥമാക്കി ഫാത്തിമ ഷഹ്സീന. പോര്‍ച്ചുഗലിലെ മിന്‍ഹോ സര്‍വകലാശാലയില്‍ ഗവേഷണപഠനത്തിനുള്ള അവസരമാണ് ഇരിങ്ങാലക്കുട കരുവന്നൂര്‍ എട്ടുമന സ്വദേശി ഫാത്തിമയ്ക്കു ലഭിച്ചിരിക്കുന്നത്.
ജീവന്‍രക്ഷാമരുന്നുകളുടെ വിലനിയന്ത്രണം ലക്ഷ്യമിടുന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഡൗണ്‍സ്ട്രീം പ്രോസസിംഗ്, ക്രിസ്റ്റലൈസേഷന്‍ ടെക്നോളജി എന്നീ വിഷയങ്ങളില്‍ വിവിധ രാജ്യങ്ങളിലായി മൂന്നു വര്‍ഷം നീളുന്ന ഗവേഷണത്തിനാണ് സ്കോളര്‍ഷിപ്പ്.
തഞ്ചാവൂരിലെ ശാസ്ത്ര ഡീംഡ് യൂണിവേഴ്സിറ്റിയില്‍നിന്നു കെമിക്കല്‍ എന്‍ജിനിയറിംഗില്‍ ബിടെക്കും ഇംഗ്ലണ്ടിലെ ലീഡ്സ് യൂണിവേഴ്സിറ്റിയില്‍നിന്ന് എംഎസ് ബിരുദവും ഫാത്തിമ കരസ്ഥമാക്കിയിട്ടുണ്ട്.
പുന്നിലത്ത് സിദ്ദിഖിന്റെയും ഷബീനയുടെയും മകളാണ്. പത്താംക്ലാസ് വരെ ചേര്‍പ്പ് ലൂര്‍ദ്മാത സ്കൂളിലും പ്ലസ്ടുവിന് ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമാണു പഠിച്ചത്.
Leader Page
1985 മുതൽ മേയ് ഒന്‍പത് യൂറോപ്പിൽ ‘യൂറോപ്പ് ദിന’മായി ആചരിച്ചുവരുന്നുണ്ട്. 1950 മേയ് ഒന്‍പതിനാണ് ആധുനിക യൂറോപ്പിനു തറക്കല്ലിട്ടത്. അന്നു ഫ്രഞ്ച് വിദേശകാര്യമന്ത്രിയായിരുന്ന റോബർട്ട് ഷൂമാൻ നടത്തിയ പ്രസംഗത്തിലാണ് യുദ്ധമുക്തവും പരസ്പര സഹകരണത്തിൽ അധിഷ്ഠിതവുമായ യൂറോപ്പ് കെട്ടിപ്പടുക്കാനുള്ള ആഹ്വാനം മുഴങ്ങിയത്.
ജർമൻ-ഫ്രഞ്ച് പൊതുനേതൃത്വത്തിൽ ഈ രാജ്യങ്ങളുടെ കൽക്കരി-ഉരുക്കുത്പാദനം യൂറോപ്യൻ കോൾ ആൻഡ് സ്റ്റീൽ കമ്യൂണിറ്റി (ഇസിഎസ്സി) എന്നൊരു സംവിധാനത്തിന്റെ കീഴിലാക്കണമെന്ന് അദ്ദേഹം അന്ന് നിർദേശിച്ചു. ഈ സംവിധാനമാണ് യൂറോപ്യൻ യൂണിയന്റെ സ്ഥാപനത്തിലേക്കു നയിച്ചത്. ജർമൻ-ഫ്രഞ്ച് സഹകരണത്തിന്റെ ഈ സാധ്യതകളെപ്പറ്റി ഗ്രേറ്റ് ബ്രിട്ടൻ, ഇറ്റലി, ബെൽജിയം, നെതർലൻഡ്സ്, ലക്സംബർഗ് എന്നീ രാജ്യങ്ങളെയും അറിയിച്ചു. മാത്രമല്ല, ഈ സംവിധാനത്തിൽ ഉൾച്ചേരാൻ ഈ രാജ്യങ്ങളെ ക്ഷണിക്കുകയും ചെയ്തു. ഇത്തരമൊരു സംവിധാനം ഒരു ഏകീകൃത യൂറോപ്പിലേക്കും യൂറോപ്പിനെ ശാശ്വതമായ സമാധാനത്തിലേക്കും നയിക്കും എന്നായിരുന്നു ഷൂമാന്റെ ഉറച്ച ബോധ്യം.
ഷൂമാൻ മുൻകൂട്ടി കണ്ട ഈ സംവിധാനം ഖനികളുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടുത്തുകയില്ല. എന്നാൽ, ഫ്രഞ്ച്-ജർമൻ കന്പനികൾക്ക് ചില ചുമതലകൾ കൂടുതലായി ലഭിക്കും. പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളുടെ സാന്പത്തിക പുനഃക്രമീകരണം സാധ്യമാക്കുന്നതിനുവേണ്ടി ചില പുതിയ അടിസ്ഥാനങ്ങൾ സൃഷ്ടിക്കുകയാണ് ഈ നിർദേശങ്ങൾ ചെയ്തത്. ഇവയുടെ പിന്നിൽ സാന്പത്തിക ലക്ഷ്യങ്ങളെക്കാളുപരി രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്.
സമാധാനം നിലനിൽക്കുന്ന ഒരു യൂറോപ്പിനെ സൃഷ്ടിക്കാൻ ഉപയോഗിച്ച രാഷ്ട്രീയ മാർഗങ്ങൾ എല്ലാംതന്നെ പരാജയപ്പെടുകയായിരുന്നു. കാരണം, അവ താത്കാലിക പരിഹാരങ്ങളേ ഉണ്ടാക്കിയുള്ളൂ. സാന്പത്തികവ്യവസ്ഥകൾകൂടി ഉൾക്കൊള്ളുന്ന ഒരു പദ്ധതി കൂടുതൽ ഉറപ്പുള്ള രാഷ്ട്രീയ യൂറോപ്പിനെ സൃഷ്ടിക്കുമെന്നാണ് ഷൂമാൻ പ്രതീക്ഷിച്ചത്.
റോബർട്ട് ഷൂമാൻ
ജർമൻ പൗരത്വത്തോടുകൂടി ലക്സംബർഗിലാണ് റോബർട്ട് ഷൂമാൻ 1886ൽ ജനിച്ചത്. വിദ്യാഭ്യാസം ജർമനിയിലായിരുന്നു. 1918ൽ ഫ്രഞ്ച് പൗരനായിത്തീർന്ന അദ്ദേഹം ഫ്രാൻസിന്റെ വിദേശകാര്യമന്ത്രിയും രണ്ടുതവണ പ്രധാനമന്ത്രിയുമായി. തന്റെ കത്തോലിക്കാ വിശ്വാസത്തെ ഗൗരവമായി കണ്ട ഷൂമാൻ സ്ട്രാസ്ബുർഗ് യൂണിവേഴ്സിറ്റിയിൽനിന്ന് നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം വൈദികനാകാനാണ് തീരുമാനിച്ചത്.
എന്നാൽ, അദ്ദേഹത്തിന്റെ നേതൃസിദ്ധികളും രാഷ്ട്രീയ കാഴ്ചപ്പാടുകളും മനസിലാക്കിയ വിശ്വസ്ത സുഹൃത്ത് ഹെൻറിക് എഷ്ബാക്ക് ഉപദേശിച്ചതു രാഷ്ട്രീയപ്രവർത്തകനാകാനാണ്: “ലോകത്തിലാണ് നിന്റെ സ്ഥാനം. അവിടെയും നിനക്ക് ദൈവത്തെയും മനുഷ്യനെയും സേവിക്കാം. ഈ സമൂഹത്തിൽ അല്മായരുടെ ശുശ്രൂഷ അപരിത്യാജ്യമാണ്.” ക്രൈസ്തവമൂല്യങ്ങളിൽ അടിയുറച്ച രാഷ്ട്രീയപ്രവർത്തനം നടത്തിയ അദ്ദേഹം രാഷ്ട്രീയത്തിലെ സന്യാസിയായിരുന്നു. ബ്രഹ്മചാരിയായി ജീവിച്ച ഷൂമാൻ ദിവസേന വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്നു.
യാമപ്രാർഥനകൾ മുടക്കിയിരുന്നില്ല. ബൈബിൾ അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു. കൃത്യമായ ഇടവേളകളിൽ കുന്പസാരിക്കുകയും ചെയ്തിരുന്നു. ‘യൂറോപ്പിനുവേണ്ടി’ എന്നു പേരിട്ട തന്റെ ആത്മകഥയിൽ അദ്ദേഹം എഴുതി, “മനുഷ്യവംശത്തിനുള്ള ശുശ്രൂഷ രാജ്യത്തോടുള്ള വിശ്വസ്തതപോലെ പൗരധർമംതന്നെയാണ്.”
ഏറ്റവുമധികം യുദ്ധങ്ങൾ നടന്നിട്ടുള്ള യൂറോപ്പിൽ സമാധാനം ഉറപ്പുവരുത്താൻ രാഷ്ട്രീയ ഐക്യം അനുപേക്ഷണീയമാണെന്നായിരുന്നു ഷൂമാന്റെ ബോധ്യം. വ്യക്തികളുടെയും സമൂഹങ്ങളുടെയും വ്യത്യസ്തതകളെ അതിശയിക്കുന്ന യാഥാർഥ്യമാണ് മൂല്യങ്ങൾ. ആ മൂല്യങ്ങളാണു കാത്തുസംരക്ഷിക്കേണ്ടത്. യൂറോപ്പിന്റെ കെട്ടുറപ്പിനു കാരണം ക്രിസ്തുമതമാണ്. മനുഷ്യസമത്വത്തെക്കുറിച്ചുള്ള പ്രഥമബോധ്യങ്ങൾ നൽകിയതു ക്രിസ്തുദർശനമാണ്. “ജനാധിപത്യത്തിന്റെ ഉത്ഭവവും വികാസവും ക്രിസ്തുമതത്തിലാണ്.
മനുഷ്യനെ അസ്തിത്വത്തിലേക്കു വിളിച്ചപ്പോൾത്തന്നെ വ്യക്തിയുടെ സ്വാതന്ത്ര്യം, അപരനോടുള്ള ബഹുമാനം, സ്നേഹം എന്നിവയിലൂടെ മനുഷ്യന്റെ മഹത്വം സാക്ഷാത്കരിക്കുന്ന ജനാധിപത്യവും ഉരുവായി”, അദ്ദേഹം പറഞ്ഞു.1958ൽ യൂറോപ്യൻ പാർലമെന്റിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടശേഷം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു, “ക്രൈസ്തവ സംസ്കാരത്തിൽനിന്നുരുവായ ഒരു സാംസ്കാരിക ജീവിതശൈലി രൂപപ്പെടുത്താൻ യൂറോപ്പിന് ആയിരത്തിലേറെ വർഷം വേണ്ടിവന്നു.
യൂറോപ്പിന്റെ ക്രൈസ്തവാടിത്തറയെക്കുറിച്ച് ചിന്തിക്കാൻ നാം ശ്രദ്ധിക്കണം. അതിന്മേലാണ് യൂറോപ്പിന്റെ ജനാധിപത്യസംസ്കാരം പണിതുയർത്തിയിരിക്കുന്നത്. ജനതകൾ തമ്മിലുള്ള അനുരഞ്ജനം വഴിയായി സ്വാതന്ത്ര്യം, നീതി, സമഭാവന, സമാധാനം എന്നിവ പുലരുന്നതും ക്രിസ്തീയമൂല്യങ്ങളിൽ അടിയുറച്ചതുമായ ഒരു സംസ്കാരമാണത്.”
ധീരന്മാരുടെ സമാധാനം
യൂറോപ്യൻ ഐക്യത്തിന്റെ ചാലകശക്തിയാകണം ഫ്രാൻസ്-ജർമൻ സൗഹൃദം എന്നായിരുന്നു ഷൂമാന്റെ ആഗ്രഹം. ഒന്നാം ലോകയുദ്ധത്തിനു ശേഷം ഫ്രാൻസ് വെർസായ് ഉടന്പടിയിൽ ചെയ്ത അബദ്ധം ജർമനിയോട് ആവർത്തിക്കുകയില്ലെന്ന് ഷൂമാൻ 1950ൽ പ്രഖ്യാപിച്ചത് 98 ശതമാനം ഫ്രഞ്ചുകാർക്കും അസ്വീകാര്യമായിരുന്നു. എന്നാൽ, രണ്ടാം ലോകയുദ്ധത്തിലെ അതിക്രമങ്ങളുടെ പേരിൽ നവജർമനിയെ ഒന്നടങ്കം ശിക്ഷിക്കുന്നതിനോട് ഷൂമാന് യോജിക്കാനായില്ല.
ക്രിസ്തുദർശനത്തിന്റെ ആധാരശിലകളായ വിശ്വസാഹോദര്യവും മനുഷ്യസമത്വവും അതിൽനിന്നു പ്രവഹിക്കുന്ന അഹിംസയും അക്രമരാഹിത്യവും പുതിയൊരു ലോകക്രമത്തിന്, യൂറോപ്പിലെങ്കിലും, തുടക്കം കുറിക്കുമെന്ന് അദ്ദേഹം ആശിച്ചു. ജർമൻ വിരുദ്ധനായി അറിയപ്പെട്ടിരുന്ന ചാൾസ് ഡിഗോൾ 1958ൽ ഫ്രഞ്ച് പ്രധാനമന്ത്രിയായപ്പോൾ എല്ലാം തകിടംമറിഞ്ഞതായി ഷൂമാന് തോന്നി. എന്നാൽ, ജർമൻ ചാൻസലർ ആഡനാവറിന്റെ ജനാധിപത്യബോധത്തെക്കുറിച്ചു ബോധ്യമുണ്ടായപ്പോൾ ഡിഗോൾ സഹകരണത്തിനു തയാറായി.
‘ധീരന്മാരുടെ സമാധാനം’ എന്നാണ് ഒരിക്കൽ ബദ്ധവൈരികളായിരുന്ന ഫ്രാൻസിന്റെയും ജർമനിയുടെയും സഹകരണത്തിന് ഷൂമാൻ പേരിട്ടത്. 1962ൽ അൾജീരിയൻ യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹം മുൻകൈയെടുത്തതും ധീരന്മാർക്കേ സമാധാനദൂതരാകാൻ കഴിയൂ എന്ന ബോധ്യത്തിലാണ്. 1962 ജൂലൈ എട്ടിന് റൈംസ് കത്തീഡ്രൽ പള്ളിയിൽ വച്ച് ഫ്രാൻസും ജർമനിയും തമ്മിൽ നടന്ന ‘പ്രതീകാത്മക വിവാഹം’ ശത്രുതയുടെ അധ്യായത്തിനു സമാപനംകുറിച്ചു.
ഫ്രഞ്ച് രാജാക്കന്മാരുടെ കിരീടധാരണം നടന്നിരുന്ന ഈ പള്ളി തകർക്കാൻ 1914ൽ ജർമൻ പട ബോംബിംഗ് നടത്തിയിരുന്നു. അതേ പള്ളിയിൽ ഡിഗോളിന്റെയും ആഡനാവറിന്റെയും സാന്നിധ്യത്തിൽ നടന്ന തിരുക്കർമങ്ങൾ ‘വല്ലാതെ പാശ്ചാത്യമയവും വല്ലാതെ കത്തോലിക്കാമയവും വല്ലാതെ കരോലിൻജിയൻ സാമ്രാജ്യത്വപരവു’മായിരുന്നെന്ന് വിമർശിക്കപ്പെട്ടെങ്കിലും അന്ന് ആരംഭിച്ച യൂറോപ്യൻ ഐക്യത്തിന് ഒട്ടും ഗതിവേഗം കുറഞ്ഞിട്ടില്ല.
ആധുനിക യൂറോപ്പിന്റെ സൃഷ്ടിക്കു കാർമികത്വം വഹിച്ചവരിൽ ഒന്നാമൻ സംശുദ്ധമായ പൊതുജീവിതത്തിന്റെ ഉടമയായിരുന്ന റോബർട്ട് ഷൂമാനാണ്. ‘യൂറോപ്പിന്റെ പിതാവ്’ എന്ന് അറിയപ്പെടുന്ന അദ്ദേഹത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തിനുള്ള നടപടികൾ കത്തോലിക്കാസഭ നടത്തിക്കൊണ്ടിരിക്കുകയാണ്. ഷൂമാൻ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികത്തിൽ അദ്ദേഹം ഉപദർശിച്ച യൂറോപ്യൻ ഫെഡറേഷൻ സാധ്യമായില്ലെങ്കിലും, രാജ്യാതിർത്തികൾ ഇല്ലാതായില്ലെങ്കിലും, സമാധാനത്തിലേക്കു വളരെയേറെ മുന്നേറാൻ യൂറോപ്പിനു കഴിഞ്ഞതായി എല്ലാവരും വിലയിരുത്തുന്നു. സമാധാനം, അനുരഞ്ജനം, സംവാദം, നീതി, ക്ഷമ മുതലായ മൂല്യങ്ങളിൽ അടിയുറച്ചതും ഏറ്റവും പാവപ്പെട്ട പൗരന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്നതുമായ ക്ഷേമരാഷ്ട്രങ്ങളായി ചൂണ്ടിക്കാണിക്കാനുള്ളത് ആ രാജ്യങ്ങൾതന്നെ. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം തീർത്തും ഇല്ലാതായിട്ടില്ല.
എന്നാൽ പൗരന്മാർതന്നെ ഇപ്പോഴും ഒന്നാമത്. അഭയാർഥികളെ സ്വീകരിക്കാൻപോന്ന മാനവികമൂല്യങ്ങൾ യൂറോപ്യൻ ജനത ഇപ്പോഴും വിലപ്പെട്ടതായി കരുതുന്നു, പല സംഘടിതവിഭാഗങ്ങളും യൂറോപ്പിന്റെ വിശാല വീക്ഷണത്തെയും മൂല്യങ്ങളെയും ചൂഷണം ചെയ്യുന്നുണ്ടെങ്കിലും. യൂറോപ്പിന്റെ പുരോഗതിക്കു പിൻബലവും ആശയാടിത്തറയും പ്രദാനം ചെയ്ത ക്രൈസ്തവ സംസ്കാരത്തെ തള്ളിപ്പറയുന്നത് ആത്മഹത്യാപരമായിരിക്കും എന്ന തിരിച്ചറിവ് സമകാലിക യൂറോപ്പിന് ഉണ്ടെന്നുള്ളതും ശുഭോദർക്കമാണ്.
യുദ്ധങ്ങളില്ലാത്ത ഒരു ലോകം
യുദ്ധം അനിവാര്യമാണെന്ന സാഹചര്യം നിലനിൽക്കുന്നുവെന്ന് ഷൂമാൻ നിരീക്ഷിച്ചു. ജർമനി ശക്തമായാൽ വീണ്ടും അയൽരാജ്യങ്ങളെ ആക്രമിക്കുമോ എന്ന ഭയവും യഥാർഥമാണ്. അതുകൊണ്ട് ജർമനിയെ പാശ്ചാത്യസമൂഹത്തിൽ ചേർക്കാനും താത്പര്യമില്ല. ഈ സാഹചര്യത്തിലാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് യൂറോപ്പ് എന്ന ആശയവുമായി ഷൂമാന്റെ രംഗപ്രവേശം. യൂറോപ്യൻ ഫെഡറേഷൻ എന്ന ആശയം രാഷ്ട്രീയ ചിന്തകരായ റിച്ചാർഡ് കൂഡെൻഹോഫ് കാലെർജിയും അരിസ്റ്റിഡെ ബ്രിയാൻഡും ഒന്നാം ലോകയുദ്ധാനന്തരം അവതരിപ്പിച്ചിരുന്നതാണ്.
പരസ്പരം പോരടിക്കാത്ത ഒരു യൂറോപ്പിനായി ക്രൈസ്തവദർശനത്തിൽ വേരുറപ്പിച്ച ഒരു ചിന്താപദ്ധതിയുമായി ഫ്രഞ്ച് തത്വചിന്തകനായ ഷാക്ക് മാരിറ്റെയിനും പന്ത്രണ്ടാം പീയൂസ് മാർപാപ്പയും സ്വരമുയർത്തിയിരുന്നു.
ഷൂമാൻ മുന്നോട്ടുവച്ച ലക്ഷ്യങ്ങൾ ഉദാത്തമായിരുന്നു: കൽക്കരി-ഉരുക്ക് വ്യവസായങ്ങളുടെ ഏകോപനത്തിലൂടെ ഫ്രഞ്ച്-ജർമൻ ശത്രുത അവസാനിക്കണം; അങ്ങനെ യുദ്ധസാധ്യത ഇല്ലാതാക്കണം; സാന്പത്തിക സഹകരണത്തിന് ഉറച്ച അടിത്തറ കെട്ടിപ്പടുക്കണം; പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തണം; ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ സുസ്ഥിരവികസനം സാധ്യമാകണം.
യൂറോപ്യൻ രാജ്യങ്ങളുടെ താത്പര്യങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് പൊതുവായ ഒരു സംവിധാനം സൃഷ്ടിച്ച് ഒരു രാജ്യാന്തര കൂട്ടായ്മ
NRI
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമനി, യുകെ, അയർലൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കുന്നു.
"ഓർമകളിൽ ഉമ്മൻ ചാണ്ടി' എന്ന തലക്കെട്ടിൽ ശനിയാഴ്ച യൂറോപ്പ് സമയം വൈകുന്നേരം 6.30ന് (യു കെ, അയർലൻഡ് സമയം വൈകുന്നേരം 5.30, ഇന്ത്യൻ സമയം രാത്രി 10.00) ഓൺലൈനായി (സൂം) സംഘടിപ്പിക്കുന്ന അനുസ്മരണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ എംപി, റോജി എം. ജോൺ എംഎൽഎ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, വീക്ഷണം എംഡി അഡ്വ. ജെയ്സൺ ജോസഫ്, മനുഷ്യാവകാശ പ്രവർത്തകനും കെപിസിസി പബ്ലിക് പോളിസി വിഭാഗം തലവനുനായ ജെ.എസ്. അടൂർ,
ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ, മലപ്പുറം ഡിസിസി അധ്യക്ഷൻ വി.എസ്. ജോയ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഡോ. ജിന്റോ ജോൺ, ഡോ. സോയ ജോസഫ്, ഐഒവി ഗ്ലോബൽ കോഓർഡിനേറ്റർ അനുരാ മത്തായി, ഐഒസി യൂറോപ്പ് വൈസ് ചെയർമാൻ സിരോഷ് ജോർജ് തുടങ്ങിയവർ അനുസ്മരണ പരിപാടിയുടെ ഭാഗമാകും.
കക്ഷി രാഷ്ട്രീയ ഭേദമന്യേ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവർ പങ്കെടുക്കുന്ന ഓൺലൈൻ അനുസ്മരണ പരിപാടിയിൽ ജർമനി, യുകെ, അയർലാൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലാൻഡ്, പോളണ്ട് എന്നീ രാജ്യങ്ങളിലെ ഐഒസി നേതാക്കളും പ്രവർത്തകരും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന സുമനസുകളും പങ്കെടുക്കും.
നേരത്തെ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഐഒസി - യൂറോപ്പിന്റെ നേതൃത്വത്തിൽ വലിയ ജനപങ്കാളിത്തത്തോടെ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കപ്പെട്ടിരുന്നു.
ഏവരെയും ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കൺവീനറും ഐഒസി ജർമനി കേരള ചാപ്റ്റർ പ്രസിഡന്റുമായ സണ്ണി ജോസഫ്, പ്രോഗ്രാം കോഓർഡിനേറ്റർ റോമി കുര്യാക്കോസ് എന്നിവർ അറിയിച്ചു.
സൂം: https://uni-bonn.zoom-x.de/j/61064676500?pwd=Z57iKBF8nE5OQvz7rIs9KNO5xqCz1a.1
മീറ്റിംഗ് ഐഡി: 610 6467 6500, പാസ്കോഡ്: INCIOC.
കൂടുതൽ വിവരങ്ങൾക്ക്: സണ്ണി ജോസഫ്: +49 1523 6924999, റോമി കുര്യാക്കോസ്: +44 7776646163.