ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്ററിന്റെ പുതിയ നേതൃത്വത്തെ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്റായി സാൻജോ മുളവരിക്കലിനെയും ചെയർമാനായി പുന്നമട ജോർജുകുട്ടിയേയും നോമിനേറ്റ് ചെയ്തതായി ഐഒസി നാഷണൽ പ്രസിഡന്റ ലിങ്ക് വിൻസ്റ്റാർ മാത്യു അറിയിച്ചു.
പുതിയ പ്രസിഡന്റായ സാൻജോ മുളവരിക്കൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന പ്രവർത്തകനാണ്. കാലടി ശ്രീശങ്കര കോളജിലെ യൂണിയൻ കൗൺസിലർ, മഹാത്മാ ഗാന്ധി സർവകലാശാല യൂണിയൻ ഭാരവാഹി, കെഎസ്യു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
തുടർന്ന് കാത്തലിക് കോൺഗ്രസ് അയർലൻഡ് കോഓർഡിനേറ്റർ, ഫിലിം ഫെസ്റ്റിവൽ അയർലൻഡ് ഡയറക്ടർ ബോർഡ് അംഗം, ഒഐസിസി അയർലൻഡ് ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു.
സാംസ്കാരിക പ്രവർത്തനങ്ങളിലും ചാരിറ്റി പരിപാടികളിലും സജീവമാണ്. ബ്ലാക്ക്റോക്ക് ചർച്ച് ക്വയർ ടീം ലീഡറായും ഗായകനുമായും പ്രവർത്തിക്കുന്നു. പുന്നമട ജോർജുകുട്ടി സ്കൂൾ, കോളജ് കാലയളവിൽ കെഎസ്യു പ്രവർത്തനത്തിൽ നിറസാന്നിധ്യമായിരുന്നു.
ആ കാലയളവിൽ രമേശ് ചെന്നിത്തല യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരിക്കെ 1988ൽ സംഘടിപ്പിച്ച കേരള മാർച്ചിൽ പങ്കെടുത്തുകൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു.
ഒഐസിസി അയർലൻഡ് വൈസ് പ്രസിഡന്റ്, സീറോമലബാർ കാത്തലിക് കമ്മ്യൂണിറ്റി അയർലൻഡ് - പിതൃവേദിയുടെ നാഷനൽ പ്രസിഡന്റ്, വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ നേതൃത്വം, അയർലൻഡിലും യുകെയിലും വർഷങ്ങളായി നടന്നുപോരുന്ന ഡ്രാഗൺ ബോട്ട് വള്ളംകളിയിലേക്ക് ആലപ്പുഴക്കാരുടെ ടീമിനെ സംഘടിപ്പിക്കുന്നതിന്റെ മുഖ്യസംഘാടകൻ, ഒഎസിസി വാട്ടർഫോർഡ് യൂണിറ്റ് രക്ഷാധികാരി എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ സേവനം അനുഷ്ഠിക്കുന്നു.
അയർലൻഡിലും യുകെയിലും വിജയകരമായി നടന്നുപോരുന്ന വടംവലി, വള്ളംകളി മത്സരങ്ങളിൽ പുന്നമട ജോർജ് കുട്ടിയുടെ കമന്ററി ഏവരെയും ആകർഷിക്കുന്നത് തന്നെയാണ്. പുതിയ നേതൃത്വത്തിന്റെ പ്രവർത്തനങ്ങൾക്ക് സംഘടന പൂർണപിന്തുണ പ്രഖ്യാപിച്ചതായി നാഷനൽ നേതൃത്വം വ്യക്തമാക്കി.
Tags : ioc kerala chapter leadership europe