District News
ചങ്ങനാശേരി: വിവിധ വിഷയങ്ങളുടെ പേരില്‍ നിയമനാംഗീകാരം നിഷേധിക്കപ്പെട്ട അധ്യാപകരുടെ സമരസമിതി രൂപീകരിച്ച് സമരത്തിനു ചങ്ങനാശേരിയില്‍ തുടക്കമായി. സമരസമിതി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.
ശമ്പളം കൊടുക്കാതെ അധ്യാപകരെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്നും അവരുടെ സമരത്തിനു ചങ്ങനാശേരിയില്‍ തുടക്കംകുറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷമായി നിയമനാംഗീകാരം ലഭിക്കാതെ ശമ്പളം കിട്ടാത്തവരുടെയും ഗസ്റ്റ് അധ്യാപകരായി വര്‍ഷങ്ങളായി തുടരുന്നവരുടെയും സമരപ്രഖ്യാപന സമ്മേളനം ആര്ക്കാലിയ ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചത്.
സമരം ആരംഭിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ അധ്യാപക കൂട്ടായ്മ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. ജനുവരി 10ന് വിപുലമായ അധ്യാപക കണ്വന്ഷന് ചങ്ങനാശേരിയില്‍ നടത്തുന്നതിനും ജനുവരി അവസാന വാരം സെക്രട്ടേറിയറ്റ് നടയില്‍ സമരമാരംഭിക്കുന്നതിനും സമ്മേളനം തീരുമാനിച്ചു.
സമരസമിതി കണ്‍വീനര്‍ ലയ മരിയ ജോസഫിന്റെ അധ്യക്ഷതയില്‍ എബിന് ആന്റണി, സിസ്റ്റര്‍ റോസ്ബല്ല, നീതു മരിയ ജേക്കബ്, ആഷ ആന്റണി, സബീഷ് നെടുമ്പറമ്പില്‍, മാതാപിതാക്കളുടെ പ്രതിനിധികളായ തോമസുകുട്ടി മണക്കുന്നേല്‍, സൂസമ്മ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ പതിനാറായിരത്തോളം വരുന്ന അധ്യാപകരുടെ ശമ്പളമാണ് സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നതെന്നും ഭിന്നശേഷിക്കാരുടെ പോസ്റ്റ് ഒഴിച്ചിട്ടശേഷം നിയമനാംഗീകാരം നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ട
District News
ചങ്ങനാശേരി: വിജ്ഞാനകേരളം പദ്ധതിയുടെ കാമ്പസ് സ്കില്ലിംഗ് പരിപാടിയുടെ ഭാഗമായി ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്രിയേറ്റീവ് ഡിജിറ്റല്‍ മാധ്യമ ശില്പശാല സംവിധായകന് ബ്ലെസി ഉദ്ഘാടനം ചെയ്തു.
ആനിമേഷന്‍, വിഎഫ്എക്സ്, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റന്റഡ് റിയാലിറ്റി മേഖലകളിലെ പുത്തന്‍ സങ്കേതങ്ങളും തൊഴില്‍ സാധ്യതകളും പരിപാടിയില്‍ വിശദീകരിച്ചു. ഉദ്ഘാടനചടങ്ങില്‍ കെ-ഡിസ്ക് മെംബര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണന് അധ്യക്ഷത വഹിച്ചു.
വിജ്ഞാനകേരളം അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. എബിന് മാനുവല്‍, ഡോ.എ.യു. അനീഷ്, വിജ്ഞാനകേരളം ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി. രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.
District News
മാടപ്പള്ളി: മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ് അംഗം സുനിമോള്‍ ചാക്കോയേയും വൈസ് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് അംഗം ബേബിച്ചന് ഓലിക്കരയേയും മത്സരിപ്പിക്കാന്‍ മാടപ്പള്ളി മണ്ഡലം യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. 22 അംഗങ്ങളുള്ള മാടപ്പള്ളി പഞ്ചായത്തില്‍ യുഡിഎഫിലെ 14 അംഗങ്ങള്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസ് ഒമ്പത്, കേരള കോണ്‍ഗ്രസ് അഞ്ച് എന്നിങ്ങനെയാണ് യുഡിഎഫ് കക്ഷിനില.
സിപിഎം-രണ്ട്, കേരള കോണ്‍ഗ്രസ് എം-രണ്ട് എന്നിങ്ങനെ എല്‍ഡിഎഫിനും ബിജെപിക്കും നാലുവീതം അംഗങ്ങളാണുള്ളത്.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ് യുഡിഎഫ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു കുരീത്ര അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം മുഖ്യപ്രഭാഷണം നടത്തി. ആന്റണി കുന്നുംപുറം, അപ്പച്ചന്‍കുട്ടി കപ്യാരുപറമ്പില്‍, കെ.എ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
District News
തലയോലപ്പറമ്പ്: സെന്റ് ജോർജ് പള്ളിയുടെ ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് പഞ്ചായത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. വികാരി റവ. ഡോ. ബെന്നിജോൺ മാരാംപറമ്പിൽ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.
ജനപ്രതിനിധികളായ ജോസ് വേലിക്കകം, അബ്ദുൾസലിം, ജോൺ തറപ്പേൽ, അനിതാ സുഭാഷ് തുടങ്ങിയവരെ വികാരി റവ. ഡോ. ബെന്നിജോൺ മാരാംപറമ്പിൽ ഷാൾ അണിയിച്ച് അനുമോദിച്ചു. കൈക്കാരന്മാരായ റിൻസൺ, തങ്കച്ചൻ, കേന്ദ്രസമിതി സെക്രട്ടറി ബേബി പോളച്ചിറ,സഹവികാരി ഫാ. ആൽജോ കളപ്പുരയ്ക്കൽ, കേന്ദ്ര സമിതി വൈസ് ചെയർമാൻ ഇമ്മാനുവേൽ അരയത്തേൽ, ഷേർലി ജോസ്, ഷിബു പുളിവേലിൽ തുടങ്ങിയവർ പങ്കെടുത്തു.
District News
വടയാർ: ക്രിസ്മസിനെ വരവേൽക്കാനും ഉണ്ണീശോയുടെ തിരുനാളിന് ഒരുക്കമായും വടയാർ ഉണ്ണിമിശിഹാ പള്ളിയിലെ വിശ്വാസപരിശീലന വിഭാഗം വിദ്യാഥികൾ അവതരിപ്പിച്ച കലാപരിപാടി "ബോൺ നത്താലെ' ശ്രദ്ധേയമായി.
പള്ളിയങ്കണത്തിൽ വൈക്കം ഡിവൈഎസ്പി പി.എസ്. ഷിജു ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളി പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് ക്രിസ്മസ് സന്ദേശയാത്ര ആരംഭിച്ചു.
നൂറുകണക്കിനു സാന്താക്ലോസുമാർ നിരത്തിൽ ആടിപ്പാടിയപ്പോൾ വീഥികൾക്കിരുവശവും ആവേശം വിതറി നാട്ടുകാരും ഒപ്പം ചേർന്നു.
സാമൂഹിക രാഷ്ട്രീയരംഗത്തെ പ്രമുഖർ വിവിധയിടങ്ങളിൽ ക്രിസ്തുമസ് സന്ദേശം നൽകി.തേവലക്കാട്, മുട്ടുങ്കൽ, പംഗ്ളാവ് ജംഗ്ഷൻ, കള്ളാട്ടിപ്പുറം, പഴംപെട്ടി, നാദം ജംഗ്ഷൻ, ചക്കാല ജംഗ്ഷൻ, മാക്കോ കുഴി, വടയാർ പാലം, പൊട്ടൻചിറ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വടയാർ ജംഗ്ഷനിൽ ക്രിസ്മസ് സന്ദേശ യാത്ര സമാപിച്ചു
District News
കടുത്തുരുത്തി: കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് 25-ന് കൊടിയേറും. 2026 ജനുവരി മൂന്നിന് ആറാട്ടോടെ സമാപിക്കും. 25-ന് രാവിലെ ഒമ്പതിന് മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി ശ്രീനിവാസന് നമ്പൂതിരി കൊടിയേറ്റും. പത്തിന് കലാമണ്ഡപത്തില്‍ ടെലിവിഷന്‍ താരം മൈഥിലി ശ്യാം കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ഉത്സവദിവസങ്ങളില്‍ ഉച്ചയ്ക്ക് പ്രസാദമൂട്ട് ഉണ്ടാകും. 11.30-ന് സംഗീതസദസ്, 12.30-ന് തിരുവാതിര, രാത്രി 7.30-ന് വാദ്യലയതരംഗ്. 26-ന് രാവിലെ എട്ടിന് പന്തീരടിപൂജ, പത്തിന് നാരായണീയ പാരായണം, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, 846-ാം നമ്പര്‍ കടുത്തുരുത്തി എന്‍എസ്എസ് വനിതാസാമാജത്തിന്റെ നേതൃത്വത്തില്‍ താലപ്പൊലി, രാത്രി ഏഴിന് ഫ്യൂഷന്‍ സര്‍ഗം സ്ട്രീറ്റ്. 27-ന് രാവിലെ എട്ടിന് സോപാനസംഗീതം, രാത്രി ഏഴിന് തിരുവാതിര, 7.30-ന് നൃത്താര്‍ച്ചന.
28-ന് രാവിലെ പത്തിന് നാരായണീയം, 11-ന് സംഗീതസദസ്, ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദര്‍ശനം, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, രാത്രി ഏഴിന് തിരുവാതിര, 29-ന് രാവിലെ ഒമ്പതിന് ശ്രീബലി, 11-ന് ഭക്തിഗാനസുധ, ഉച്ചയ്ക്ക് 12.30-ന് പ്രഭാഷണം, ഒന്നിന് ഉത്സവബലി ദര്‍ശനം, വൈകുന്നേരം നാലിന് 123-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖയിലെ 1047-ാം നമ്പര്‍ വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ താലപ്പൊലി, രാത്രി പത്തിന് നൃത്തനാടകം.
30-ന് രാവിലെ 11.30-ന് ഓട്ടന്തുള്ളല്, ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദര്‍ശനം, രാത്രി ഏഴിന് നൃത്തം, എട്ടിന് കഥകളി. 31-ന് രാവിലെ 9.30-ന് സംഗീതസദസ്, ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദര്‍ശനം, രാത്രി എട്ടിന് ഭക്തിഗാനതരംഗിണി.
2026 ജനുവരി ഒന്ന് രാവിലെ ഒമ്പതിന് പെരുവനം ശങ്കരനാരായണന് മാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളം, വൈകുന്നേരം ആറിന് ഋഷഭവാഹന എഴുന്നള്ളിപ്പ്, രാത്രി 9.30-ന് വലിയവിളക്ക്. രണ്ടിന് രാവിലെ 11.30-ന് സംഗീതസദസ്, വൈകുന്നേരം നാലിന് പകല്‍പൂരം, രാത്രി 9.30-ന് പള്ളിവേട്ട. മൂന്നിന് രാവിലെ പത്തിന് പാഠകം, 11-ന് വഞ്ചിപ്പാട്ട്, വൈകുന്നേരം അഞ്ചിന് കൊടിയിറക്ക്, രാത്രി 7.30-ന് ഗാനമേള, ഗോവിന്ദപുരം ക്ഷേത്രക്കുളത്തില്‍ ആറാട്ട്, ഒമ്പതിന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, പത്തിന് കളരിക്കല്‍ എതിരേല്പ്, ആറാട്ടുവരവ
District News
വടശേരിക്കര: ജനവാസ മേഖലയിൽ മാസങ്ങളായി ഭീതി പരത്തിയ കടുവ ഒടുവിൽ കുടുങ്ങി. ഞായറാഴ്ച കുന്പളത്താമൻ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ഒരു ആടിനെ കൊന്നിരുന്നു. ആടിനെ ഭാഗികമായി ഭക്ഷിച്ചശേഷം ഉപേക്ഷിച്ച ജഡം കൂട്ടിൽ വച്ചാണ് കടുവയെ കുടുക്കിയത്.
ഇന്നലെ രാവിലെ പുറത്തിറങ്ങിയ കടുവ ആടിനെ ഭക്ഷിക്കാനുള്ള ശ്രമത്തിൽ കൂട്ടിൽ കയറുകയായിരുന്നു. എട്ടോടെയാണ് കടുവ കൂട്ടിലകപ്പെട്ട വിവരം പുറംലോകം അറിയുന്നത്. ഉടൻതന്നെ വനപാലകരും സ്ഥലത്തെത്തി. കഴിഞ്ഞ ഒക്ടോബർ 27നാണ് വനംവകുപ്പ് കുന്പളത്താമണ്ണിൽ കൂട് സ്ഥാപിച്ചത്.
പ്രദേശത്ത് കടുവയുടെ സാന്നിധ്യം കാണുകയും വളർത്തു മൃഗങ്ങളെ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ പലപ്പോഴായി പതിഞ്ഞുവെങ്കിലും കൂട്ടിൽ കയറാൻ തയാറായിരുന്നില്ല.
നേരത്തേ കുന്പളത്താമൺ ജംഗിൾ ഫാമിലെ പോത്തിനെയാണ് കടുവ വേട്ടയാടിയത്. പിന്നീട് കഴിഞ്ഞയാഴ്ച പകൽ പുറത്തിറങ്ങിയ കടുവ സമീപത്തെ ഒരു വീട്ടിൽ നിന്നും വളർത്തു നായയെ പിടിച്ചുകൊണ്ടുപോയി. ഇതോടെ ഏറെ ഭീതിയിലായിരുന്നു പ്രദേശവാസികൾ. വനംവകുപ്പ് പട്രോളിംഗ് സംഘം പലതവണ എത്തുകയും കാടുകയറി പരിശോധന നടത്തുകയും ചെയ്തുവെങ്കിലും ഫലമുണ്ടായില്ല. കടുവയുടെ സാന്നിധ്യം കാരണം ആളുകൾ പുറത്തിറങ്ങാൻ മടിച്ചിരുന്നു.
കാട്ടാന, മ്ലാവ്, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ കാട്ടുമൃഗങ്ങളുടെ സ്ഥിര സാന്നിധ്യമുള്ള മേഖലയാണ് കുന്പളത്താമൺ. ഇതിനൊപ്പമാണ് വന്യമൃഗ സാന്നിധ്യവും പ്രദേശത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
വേട്ടയാടിയ ആടിനെ തേടി രണ്ടാംവരവ്
ഞായറാഴ്ച രാവിലെ 11.45 ഓടെ കുമ്പളത്താമൺ ജംഗിൾ ബുക്ക് ഫാമിലെ ആടിനെയാണ് കടുവ പിടിച്ചത്. ആടിനെ തീറ്റുകയായിരുന്നു ഗുജറാത്ത് സ്വദേശിയായ ശിവയുടെ (23) തലയ്ക്ക് മുകളിലൂടെ ചാടിയെത്തിയ കടുവ ഇതിനെ കടിച്ചെടുത്ത് ഓടുകയായിരുന്നു. ശിവ പിന്നാലെ ഓടിയെങ്കിലും കടുവ കാട്ടിൽ മറഞ്ഞു.
പിന്നാലെ വനപാലകരും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിൽ വനാതിർത്തിയോടു ചേർന്നുള്ള ഭാഗത്തുനിന്നും ആടിന്റെ ജഡം കിട്ടി. സാധാരണ നിലയിൽ കടുവ പിടികൂടുന്ന ഇരയെ മുഴുവൻ ആദ്യദിവസം ഭക്ഷിക്കാറില്ല. ഇതു മനസിലാക്കിയാണ് ആടിന്റെ ജഡാവശിഷ്ടങ്ങൾ കൂട്ടിനുള്ളിൽ വയ്ക്കാൻ തീരുമാനിച്ചത്.
ഇന്നലെ പുലർച്ചെ ഇര തേടി ഇറങ്ങിയ കടുവ ആടിന്റെ ജഡം കണ്ടതോടെ കൂട്ടിൽ കയറുകയായിരുന്നു. കെണിയിലായ കടുവ അപ്പോൾ ശൗര്യം പുറത്തെടുത്ത് രക്ഷപെടാൻ ശ്രമം നട്തിയെങ്കിലും ഫലമുണ്ടായില്ല. കടുവയെ ആദ്യം കാണാനെത്തിയവർക്കുനേരെ കൂട്ടിനുള്ളിൽ നിന്ന് ചീറിയടുക്കാൻ ശ്രമിച്ചു. ഷീറ്റു കൊണ്ട് മറച്ച് കടുവയുടെ കാഴ്ച വനംവകുപ്പ് പിന്നീട് മറയ്ക്കുകയായിരുന്നു.
വെറ്ററിനറി സർജൻ പരിശോധിച്ചു
ഉച്ചയോടെ കടുവയെ കൂടുമായി രാജാംപാറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നീക്കി. വെറ്ററിനറി സർജൻ നടത്തിയ പരിശോധനയിൽ പരിക്കുകൾ കണ്ടെത്തി. ഒപ്പം കടുവയ്ക്ക് കാഴ്ചക്കുറവുള്ളതായും സ്ഥിരീകരിച്ചു. 12 വയസുള്ള കടുവ കാട്ടിൽ മറ്റൊരു കടുവയുമായി വഴക്ക് കൂടിയിട്ടുണ്ടാകാമെന്നാണ് നിഗമനം. കടുവയുടെ സ്വഭാവം അനുസരിച്ച് അധികാരപരിധി തർക്കമുള്ള മൃഗമാണ്.
അധികാരപരിധിയുടെ പേരിലുള്ള തർക്കത്തിൽ കാടുവിട്ട കടുവയാകാം ഇതെന്നാണ് വനംവകുപ്പ് നിഗമനം. കാട്ടിൽ ഇരതേടാൻ ബുദ്ധിമുട്ടും നേരിടുന്നുണ്ടാകാം. ഇക്കാരണത്താൽ ഉൾക്കാട്ടിൽ ഉപേക്ഷിച്ചാലും കടുവ ജനവാസ മേഖലയിലേക്ക് തിരികെ എത്താൻ സാധ്യതയുള്ളതിനാലാണ് മൃഗശാലയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. പ്രമോദ് നാരായൺ എംഎൽഎ അടക്കം രാജാംപാറയിലെത്തി വനപാലകരുമായി ചർച്ച നടത്തി. ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടിയ വനപാലകരെ എംഎൽഎ അഭിനന്ദിച്ചു.
കട്ടിക്കല്ലിൽ വന്യമൃഗ സാന്നിധ്യം; പുലിയെന്ന് നാട്ടുകാർ
മടന്തമണ്ണിനു സമീപം കട്ടിക്കല്ലിൽ പുലിയെന്നു സംശയിക്കുന്ന മൃഗത്തെ കണ്ടതായി നാട്ടുകാർ. കഴിഞ്ഞ രാത്രിയിൽ മടന്തമൺ - കട്ടിക്കൽ - പരുവ റോഡിലൂടെ യാത്ര ചെയ്തവരാണ് ആദ്യം ഇത്തരം ഒരു മൃഗത്തെ കണ്ടതായി പറയുന്നത്. പിന്നീട് ഇന്നലെ പകലും കട്ടിക്കല്ലിൽ കാടുപിടിച്ചു കിടക്കുന്ന ജനവാസമില്ലാത്ത സ്ഥലത്ത് അതിനെ കണ്ടതായി പറയുന്നു.
നാട്ടുകാർ അറിയിച്ചതനുസരിച്ച് പ്രദേശത്ത് നിരീക്ഷണം നടത്തുമെന്ന് വനപാലകർ അറിയിച്ചു. കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്ന് വനപാലകർ പറഞ്ഞു.
District News
കോന്നി: ചെങ്ങറ സമരഭൂമിയിലെ 48 ാം ശാഖയുടെ അതിർത്തിയിൽ കല്ലാറിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ഏകദേശം 40 വയസ് തോന്നിക്കുന്ന പിടിയാനയുടെ ജഡമാണ് കണ്ടത്.
രണ്ടാഴ്ചയിലേറെയായി അവശനിലയിൽ ആന കല്ലാറിന്റെ തീരത്തുണ്ടായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. വനംവകുപ്പ് ആനയെ നിരീക്ഷിച്ചുവരികയായിരുന്നു.
District News
പത്തനംതിട്ട: ജില്ലയിൽ കോൺഗ്രസ് അധികാരത്തിലെത്തുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷരെയും ഉപാധ്യക്ഷരെയും നിശ്ചയിക്കാനുള്ള ജില്ലാതല കോർ കമ്മിറ്റി യോഗം ഇന്ന് വൈകുന്നേരം ഡിസിസി ഓഫീസിൽ ചേരും.
ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറന്പിൽ, എംപിമാരായ ആന്റോ ആന്റണി, അടൂർ പ്രകാശ്, രാഷ്ട്രീയകാര്യസമിതിയംഗങ്ങളായ പി.ജെ. കുര്യൻ, പന്തളം സുധാകരൻ, കെ. ശിവദാസൻ നായർ,കെപിസിസി ജനറൽ സെക്രട്ടറിമാരായ പി. മോഹൻരാജ്, പഴകുളം മധു, എൻ. ഷൈലാജ്, യുഡിഎഫ് കൺവീനർ എ. ഷംസുദ്ദീൻ എന്നിവരടങ്ങുന്നതാണ് കോർ കമ്മിറ്റി.
കോർ കമ്മിറ്റിയംഗങ്ങളെ വിവിധ നിയോജക മണ്ഡലങ്ങളിലേക്ക് ചർച്ചകൾക്കായി നിയോഗിച്ചിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി യുഡിഎഫിന് ഭൂരിപക്ഷമുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നേതാക്കളെത്തി പാർലമെന്ററി പാർട്ടി യോഗങ്ങൾ ചേർന്ന് അംഗങ്ങളുടെ അഭിപ്രായങ്ങൾ തേടി.
ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ തദ്ദേശ സ്ഥാപനത്തെ സംബന്ധിച്ചും ഇന്ന് തീരുമാനമെടുക്കും. തർക്കങ്ങൾ ഉണ്ടെങ്കിൽ അതു പരിഹരിക്കാനായി കെപിസിസിയുടെ മാർഗനിർദേശവും തേടും. നാളെയോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും അധ്യക്ഷരെയും ഉപാധ്യക്ഷരെയും സംബന്ധിച്ച് തീരുമാനമെടുത്ത് വിപ്പ് നൽകി തുടങ്ങും. 26നാണ് നഗരസഭകളിൽ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെുപ്പ്. 27ന് ത്രിതല പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പ് നടക്കും.
രണ്ടര വർഷം ടേം ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും
യുഡിഎഫ് അധികാരത്തിലെത്തുന്ന ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും രണ്ടര വർഷം ടേം നടപ്പാക്കേണ്ടിവരുമെന്ന് കോർ കമ്മിറ്റിയംഗങ്ങൾ സൂചന നൽകി. കെപിസിസി നിർദേശപ്രകാരം രണ്ടരവർഷത്തിൽ താഴെയുള്ള ടേമുകൾ അനുവദിക്കില്ല.
ചിലയിടങ്ങളിൽ യുഡിഎഫ് കക്ഷികളുമായി സ്ഥാനം വീതംവയ്ക്കേണ്ടിവരുന്നുണ്ട്. മറ്റിടങ്ങളിൽ പാർട്ടി മാനദണ്ഡപ്രകാരം സ്ഥാനാർഥികളെ തീരുമാനിക്കും. പാർട്ടി ഭാരവാഹിത്വങ്ങളും തദ്ദേശ സ്ഥാപനങ്ങളിലെ പ്രവർത്തന പരിചയവും പ്രഥമ പരിഗണനയ്ക്കെടുക്കും. യുവജനപ്രാതിനിധ്യം ഉറപ്പാക്കാനും ശ്രമമുണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു.
ജില്ലാ പഞ്ചായത്തിൽ ആദ്യ ടേം ദീനാമ്മ റോയിക്ക് ലഭിച്ചേക്കും
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ആദ്യം ടേം പ്രമാടത്തു നിന്നുള്ള മെംബർ ദീനാമ്മ റോയിക്കായിരിക്കും പ്രസിഡന്റ് സ്ഥാനമെന്ന് സൂചന. കോന്നി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റു കൂടിയായ ദീനാമ്മ റോയ് മുന്‍പ് ഗ്രാമപഞ്ചായത്തംഗവുമായിരുന്നു.
രണ്ടാം ടേമിൽ സ്റ്റെല്ലാ തോമസ് (ഇലന്തൂർ), എം.വി. അന്പിളി (മലയാലപ്പുഴ) എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. വൈസ് പ്രസിഡന്റായി അനീഷ് വരിക്കണ്ണാമല (കോഴഞ്ചേരി) ആദ്യ ടേമിൽ എത്തും. രണ്ടാം ടേമിൽ കേരള കോൺഗ്രസിന്റെ ആവശ്യവും പരിഗണിച്ചേക്കും. കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം കൂടിയായ സാം ഈപ്പനുവേണ്ടി പാർട്ടി സംസ്ഥാന നേതൃത്വം ഉൾപ്പെടെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
പത്തനംതിട്ട നഗരസഭയിലും വീതം വയ്പ് അനിവാര്യമാക്കിയിരിക്കുകയാണ്. ആദ്യ രണ്ടരവർഷം സിന്ധു അനിലിനാണ് സാധ്യത. കൗൺസിലിലെ സീനിയോറിറ്റിയും ഡിസിസി ജനറൽ സെക്രട്ടറി പദവിയും സിന്ധുവിന് അനുകൂല ഘടകമായിട്ടുണ്ട്. അംബികാ വേണു, ഗീതാ സുരേഷ്, സജിനി മോഹൻ എന്നിവരുടെ പേരുകളും പരിഗണനയിൽ നിലനിൽക്കുകയാണ്.
രണ്ടാം ടേം സംബന്ധിച്ച ധാരണ ഇപ്പോൾ തന്നെയുണ്ടായേക്കും. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മുസ്ലിംലീഗിന്റെ ആവശ്യം നിലനിൽക്കുന്പോൾ തന്നെ കോൺഗ്രസിൽ നിന്ന് സജി കെ. സൈമൺ, ഏബൽ മാത്യു, അൻസാർ മുഹമ്മദ് എന്നിവരുടെ പേരുകൾ പരിഗണനയ്ക്കെത്തിയിട്ടുണ്ട്.
അടൂർ നഗരസഭയിൽ ആദ്യ ടേം റീനാ ശാമുവേലിനാണ് സാധ്യത. എന്നാൽ അടൂരിലേക്ക് മറ്റു ചില പേരുകൾ കൂടി സജീവ പരിഗണനയിലേക്ക് കോർ കമ്മിറ്റിയുടെ മുന്പാകെയുണ്ട്.
District News
കോഴഞ്ചേരി: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഇന്നു പുറപ്പെടുന്ന തങ്കഅങ്കി ഘോഷയാത്രയ്ക്കു വിവിധ ക്ഷേത്രങ്ങളിലും പ്രധാന ടൗണുകളിലും വരവേല്പ് നൽകും.
രാവിലെ ആറന്മുള ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് ആനയിക്കുന്ന തങ്കഅങ്കി ശബരിമല ക്ഷേത്ര മാതൃകയിൽ തയാറാക്കിയ രഥത്തിലേക്ക് കയറ്റും. സായുധ പോലീസിന്റെ അകന്പടിയോടെയാണ് യാത്ര. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ നടയ്ക്കു വച്ചതാണ് തങ്ക അങ്കി.
ആറന്മുളയിൽ നിന്നും നെടുന്പ്രയാർ, കോഴഞ്ചേരി, കാരംവേലി, ഇലന്തൂർ, ഇലവുംതിട്ട, മെഴുവേലി, മുട്ടത്തുകോണം, പ്രക്കാനം വഴി രാത്രി എട്ടിന് ഓമല്ലൂർ ക്ഷേത്രത്തിൽ ഘോഷയാത്ര എത്തും. ഇന്ന് ഓമല്ലൂരിലാണ് വിശ്രമം.
നാളെ ഓമല്ലൂരിൽ നിന്നു പുറപ്പെട്ട് കൊടുന്തറ, പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കൽ, കടമ്മനിട്ട, കല്ലേലിമുക്ക്, മൈലപ്ര, കുന്പഴ, വെട്ടൂർ, ഇളകൊള്ളൂർ വഴി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തി വിശ്രമിക്കും.
25നു രാവിലെ മുരിങ്ങമംഗലം ക്ഷേത്രത്തിൽ നിന്നാരംഭിച്ച് ചിറ്റൂർ, അട്ടച്ചക്കാൽ, വെട്ടൂർ ക്ഷേത്രം, മൈലാടുംപാറ, മലയാലപ്പുഴ, മണ്ണാറക്കുളഞ്ഞി, തോട്ടമൺകാവ്, റാന്നി, ഇടക്കുളം,വടശേരിക്കര, മാടമൺ വഴി പെരുനാട് ക്ഷേത്രത്തിൽ വിശ്രമിക്കും.
26ന് രാവിലെ ഏഴിന് പെരുനാട് ശാസ്താ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കല്‍ ക്ഷേത്രം വഴി ഉച്ചയ്ക്ക് ചാലക്കയംത്തും 1.30ന് പന്പയിലുമെത്തും.
പമ്പയില്‍ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ എത്തും. ശരംകുത്തിയിലെ ആചാരപരമായ സ്വീകരണത്തിനുശേഷം സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും
District News
പത്തനംതിട്ട: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നുവെന്നാരോപിച്ച് എൽഡിഎഫ് നടത്തിയ പോസ്റ്റ് ഓഫീസ് സമരത്തേ തുടർന്ന് നഗരത്തിൽ മണിക്കൂറുകളോളം ഗതാഗതം കുരുങ്ങി. അബാൻ മേൽപ്പാലത്തിന്റെ പണികൾ നടക്കുന്നതിനാൽ കുന്പഴ ഭാഗത്തേക്കുള്ള ഗതാഗതം ഏറെക്കുറെ തടസപ്പെട്ടിരിക്കുകയാണ്. ഇതോടെ എല്ലാ വാഹനങ്ങളും സെൻട്രൽ ജംഗ്ഷൻ വഴിയാണ് പോകുന്നത്.
ശബരിമല തീര്‍ഥാടകരടക്കം യാത്രക്കാരാണ് ഇന്നലെ ഏറെ വലഞ്ഞത്. സെൻട്രൽ ജംഗ്ഷനിലെത്തിയ വാഹനങ്ങൾ പോലീസ് സ്റ്റേഷൻ റോഡ് വഴി പറഞ്ഞുവിടുകയായിരുന്നു. ഇടുങ്ങിയ വഴിയിൽ അവിടെയും ഗതാഗതം കുടുങ്ങി.
അടൂർ, പന്തളം, തിരുവല്ല ബസുകളും നഗരത്തിൽ നട്ടം തിരിഞ്ഞു. ബസ് സ്റ്റാൻഡ് ഭാഗത്ത് ആവശ്യമായ നിർദേശം നൽകി ബസുകൾ റിംഗ് റോഡ് വഴി തിരിച്ചുവിടാനും ശ്രമമുണ്ടായില്ല.
ഗതാഗതത്തിന് സൗകര്യം ഒരുക്കേണ്ട പോലീസ് റോഡിനു കുറുകെ ജീപ്പിട്ട് നിയമ ലംഘനത്തിന് ഒത്താശ ചെയ്തത് സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനത്തിനു കാരണമായി. മുന്നറിയിപ്പ് ഇല്ലാതെയാണ് ഏറെ തിരക്കേറിയ കോളജ് റോഡ് പോലീസ് അടച്ചത്. ക്രിസ്മസ് അടുത്തതിനാല്‍ ഏതാനും ദിവസമായി നഗരത്തില്‍ തിരക്ക് രൂക്ഷമാണ്.
വര്‍ഷങ്ങളായി ഇഴഞ്ഞു നീങ്ങുന്ന മേല്‍പ്പാലം നിർമാണത്തിനായി ശബരിമല തീര്‍ഥാടനത്തിന്റെയും ക്രിസ്മസ് ആഘോഷത്തിന്റെ വലിയ തിരക്ക് സമയത്ത് അബാന്‍ ജംഗ്ഷനില്‍ പൂർണമായി തടസമുണ്ടാക്കിയതും ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
മൈലപ്ര റോഡിലും കുരുക്കേറി
പത്തനംതിട്ട: അബാൻ ജംഗ്ഷനിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതോടെ പത്തനംതിട്ട - മൈലപ്രപള്ളിപ്പടി റോഡിലെ തിരക്കേറി.
ശബരിമല തീർഥാടകരുടെ വാഹനങ്ങളും പിഎം റോഡിലേക്കുള്ള മറ്റു വാഹനങ്ങളും കടന്നു പോകുന്ന പാതയിൽ അബാൻ ജംഗ്ഷൻ വഴി കുന്പഴ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങളും വഴിതിരിച്ചുവിട്ടതോടെയാണ് തിരക്ക് രൂക്ഷമായത്.
റോഡിന്റെ വീതിക്കുറവും പ്രശ്നമാകുന്നുണ്ട്. ഇതിനിടെ മൈലപ്ര പള്ളിപ്പടിയിൽ തിരക്ക് വർധിച്ചതോടെ ഗതാഗതം നിയന്ത്രിക്കുന്ന പോലീസിന്റെ ജാഗ്രതക്കുറവും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
തിരക്കേറിയ ഭാഗത്ത് ഇതോടെ അപകടങ്ങൾ പതിവായിരിക്കുകയാണ്.
വാഹനാപകടം ഉണ്ടാകുന്പോഴേക്കും പിഎം റോഡിലും ഗതാഗതം കുരുങ്ങുന്ന സ്ഥിതിയാണ്.
District News
ആറന്മുള: മാതൃ-ശിശു ആരോഗ്യ സംരക്ഷണ മേഖലയിൽ നിർണായക ചുവടുവയ്പായി ആറന്മുള കിൻഡർ വുമൺ ആൻഡ് ചിൽഡ്രൻസ് ആശുപത്രി പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
മാലക്കര സെന്റ് തോമസ് ഹോസ്പിറ്റലിന്റെ യൂണിറ്റായാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ ആശുപത്രി പ്രവർത്തിക്കുന്നത്. തുല്യത, സാമൂഹിക പ്രതിബദ്ധത, മികച്ച ചികിത്സാ നിലവാരം എന്നിവയിൽ അധിഷ്ഠിതമായ തന്ത്രപരമായ സഹകരണത്തിന്റെ ഭാഗമായാണ് സംരംഭം. ആന്റോ ആന്റണി എംപി അധ്യക്ഷത വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പശ്ചാത്തലത്തിലുള്ള സ്ത്രീകൾക്ക് സൗജന്യ രോഗനിർണയം, ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സ, തുടർപരിചരണം എന്നിവ ലഭ്യമാക്കുന്നതിനായി വകയിരുത്തിയ മാ ജീവന എന്ന സിഎസ്ആർ പദ്ധതിക്കും തുടക്കം കുറിച്ചു.
പദ്ധതിയുടെ ഔദ്യോഗിക കൈമാറ്റം കിൻഡർ ഹോസ്പിറ്റൽ ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. പ്രദീപ് കുമാർ, സെന്റ് തോമസ് ആശുപത്രി ഡയറക്ടർമാരായ ഡോ. എ. ചെറിയാൻ, ഡോ. രാജമ്മ ചെറിയാൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ആറന്മുള പഞ്ചായത്ത് സെക്രട്ടറി അനിൽ കുമാർ പദ്ധതി ഏറ്റുവാങ്ങി.
District News
റാന്നി: രാജ്യ സേവനം ദൈവിക ശുശ്രൂഷയാണന്നും അതു പവിത്രമായി നിർവഹിക്കപ്പെടേണ്ടതാണെന്നും മാർത്തോമ്മാ സഭ റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. ത്രിതല പഞ്ചായത്ത്, നഗരസഭ തെരഞ്ഞെടുപ്പിൽ വിജയികളായ സഭാംഗങ്ങളെ അനുമോദിക്കുന്നതിനായി ഭദ്രാസന മിഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരെയും കേൾക്കാനും കരുതുവാനും ഒരുക്കമുള്ള മനസോടെ സുതാര്യവും സത്യസന്ധവുമായ ഭരണം കാഴ്ചവയ്ക്കാൻ തയാറാകണമെന്നും അദ്ദേഹം നിർദേശിച്ചു.
സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. വർഗീസ് ജോർജ് സുസ്ഥിര വികസനവും പഞ്ചായത്ത് ഭരണസമിതിയുടെ ഉത്തരവാദിത്വവും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ 51 ഭദ്രാസനാംഗങ്ങളെ മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ അഭിനന്ദന ഫലകം നൽകി ആദരിച്ചു. വിജയകരമായി സേവനകാലം തികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോർജ് ഏബ്രഹാമിനെ യോഗം ആദരിച്ചു.
ഭദ്രാസന സെക്രട്ടറി റവ തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറാർ അനു ഫിലിപ്പ്, റവ.അരുൺ തോമസ്, റവ.അലക്സാണ്ടർ തരകൻ, റവ.ഏബ്രഹാം വർഗീസ്, ഫ്രെഡി ഉമ്മൻ, ആനി പി. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
District News
പന്തളം: തിരുവാഭരണ ഘോഷയാത്രക്ക് നേതൃത്വം നല്‍കാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം പുണര്‍തംനാള്‍ നാരായണവർമയെ പന്തളം കൊട്ടാരം വലിയതമ്പുരാൻ തിരുവോണംനാൾ രാമവർമ നിയോഗിച്ചു.
പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ പരേതയായ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും കോട്ടയം നട്ടാശേരി കാഞ്ഞിരക്കാട്ട് ഇല്ലത്ത് കെ. എൻ. നാരായണൻ നമ്പൂതിരിയുടെയും ദ്വിതീയ പുത്രനാണ് നാരായണവർമ.
കേരള സർക്കാർ സർവീസിൽ അഡ്വക്കേറ്റ് ജനറൽസ് ഓഫീസിൽ അണ്ടർ സെക്രട്ടറിയായി വിരമിച്ച ശേഷം പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറിയായി 2016 മുതൽ 2023 വരെ പ്രവർത്തിച്ചു. പന്തളം കൊട്ടാരത്തിലെ പാലസ് വെൽഫയർ സൊസൈറ്റിയുടെ സ്ഥാപക അംഗവും മുൻ ഖജാൻജിയും വലിയകോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്ര ഉപദേശക സമിതിയിൽ കൊട്ടാരം പ്രതിനിധിയുമാണ്.
ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷനാണ്. നിലവിൽ ആലുവ തന്ത്രവിദ്യാപീഠം രക്ഷാധികാരിയായും പ്രവർത്തിച്ചു വരുന്നു.
ജനുവരി 12നാണ് തിരുവാഭരണ ഘോഷയാത്ര പന്തളത്തു നിന്ന് പുറപ്പെടുന്നത്. 14നാണ് മകരവിളക്ക്. തിരുവാഭരണഘോഷയാത്രയ്ക്കൊപ്പം പോകുന്ന രാജപ്രതിനിധി മകരവിളക്കിനുശേഷം ശബരിമല ക്ഷേത്രത്തിലെ ചടങ്ങുകൾ പൂർത്തിയാക്കിയശേഷം നട അടച്ച് ജനുവരി 20നു മാത്രമേ മടങ്ങുകയുള്ളൂ.
District News
അടൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാൾക്ക് എട്ടുവർഷം മൂന്നു മാസം കഠിന തടവും പിഴയും. കൊല്ലം പോരുവഴി ശാസ്താനട വലിയത്ത് പുത്തന്‍വീട്ടില്‍ പ്രസാദ് (53)നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി റ്റി. മഞ്ജിത്ത് ശിക്ഷിച്ചത്. പിഴയായി 81,000 രൂപ അടയ്ക്കണം.
2023 ജൂലൈ 18ന് അതിജീവിതയുടെ വീട്ടില്‍ പൂജയ്ക്കായി എത്തിയ പ്രസാദ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. സംഭവത്തിന് അടൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ബാലസുബ്രഹ്മണ്യന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അടൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.എസ്. ധന്യ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സ്മിത ജോണ്‍ ഹാജരായി. കോടതി നടപടികള്‍ കോര്‍ട്ട് ലെയ്സണ്‍ ഓഫീസര്‍ ദീപാകുമാരി ഏകോപിപ്പിച്ചു. പിഴത്തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവിതയ്ക്ക് നല്കാന് ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
District News
പ്രമാടം: നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിമോചന കേന്ദ്രമായ നവജീവൻ ഡി - അഡിക്ഷൻ സെന്റർ സന്ദർശിച്ചു.
മദ്യവും മയക്കുമരുന്നുകളും പോലെയുള്ള മാരകമായ ലഹരി പദാർഥങ്ങളുടെ ഉപയോഗം മൂലം സമൂഹത്തിലും ജീവിതത്തിലും വിവിധ പ്രതിസന്ധികൾ അനുഭവിക്കുന്നവരെ നന്മയുടെ വെളിച്ചം നിറഞ്ഞ ജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ നവജീവൻ കേന്ദ്രത്തിലാണ് കുട്ടികൾ സന്ദർശനം നടത്തിയത്.
നവജീവൻ ഡി-അഡിക്ഷൻ സെന്റർ ഡയറക്ടർ റവ. റെജി യോഹന്നാൻ, സ്കൗട്ട് മാസ്റ്റർ കെ. ജെ. ഏബ്രഹാം, ഗൈഡ്സ് ക്യാപ്റ്റൻ എസ്. മഞ്ജു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആഷിക് എസ്. ഹരി നാരായണൻ, അഭിഷേക് പി. നായർ, മിഷാൽ സുൽഫി എന്നിവർ പ്രസംഗിച്ചു.
District News
റാന്നി: ക്രിസ്മസിന്റെ സന്തോഷം പങ്കിട്ട് ആഘോഷഭരിതമാക്കാനുള്ള തയാറെടുപ്പിലാണ് നാട്. ഒരു ദിവസം കൂടി കഴിയുന്പോൾ ക്രിസ്മസ്ദിനമായതിനാൽ എല്ലായിടത്തും ഒരുക്കങ്ങൾ തകൃതിയിലാണ്. ആഘോഷങ്ങൾക്കു പൊലിമയേകി ക്രിസ്മസ് കേക്ക് വിപണിയിലാണ് തിരക്ക് ഏറെയും.
വ്യത്യസ്തങ്ങളായ രുചി വൈഭവങ്ങളോടെ കേക്കുകൾ തയാറായിക്കഴിഞ്ഞു. ഐസ് കേക്കുകൾ ഉൾപ്പെടെ വാങ്ങാൻ ആളുകളെത്തുന്നുണ്ട്. സമ്മാനങ്ങളായി നൽകാനുള്ള കേക്കുകൾക്കുൾപ്പെടെ മൊത്ത വിപണികളും സജീവമാണ്. മുൻ വർഷത്തേക്കാൾ എല്ലാത്തരം കേക്കുകളുടെ വിലയും ഏറിയിട്ടുണ്ട്. തൂക്കം അനുസരിച്ചാണ് വില നിശ്ചയിച്ചിരിക്കുന്നതെങ്കിലും ബ്രാൻഡഡ് എന്ന പേരിൽ വ്യത്യസ്ത വിലയാണ് പലയിടങ്ങളിലുമുള്ളത്.
കേക്ക് വില്പന ലക്ഷ്യമിട്ട് ബേക്കറികൾ പ്രത്യേക ക്രമീകരണങ്ങളാണ് കഴിഞ്ഞ ഒരുമാസമായി നടത്തിവന്നത്. രുചി വൈവിധ്യങ്ങളിലൂടെയാണ് വിപണി ശ്രദ്ധേയമാകുന്നത്. ക്രിസ്മസിനായി പ്രത്യേകം തയാറാക്കിയിട്ടുള്ള കേക്കുകൾക്കും ഡിമാൻഡേറെയാണ്. വ്യത്യസ്ത രൂപഭാവങ്ങളോടെയാണ് ഈ കേക്കുകൾ തയാറാക്കിയിട്ടുള്ളത്. കേക്കുകൾക്കൊപ്പം അലങ്കാര വിപണികളും ക്രിസ്മസ് നാളുകളിൽ വെട്ടിത്തിളങ്ങുകയാണ്.
അയിരൂരിൽ സംയുക്ത ക്രിസ്മസ് ആഘോഷം 26ന്
അയിരൂർ: അയിരൂർ എക്യുമെനിക്കൽ ഫോറം ക്രിസ്മസ് കരോൾ 26ന് നടക്കും. വൈകുന്നേരം നാലിന് സെന്റ് പാട്രിക് മലങ്കര കത്തോലിക്കാ പള്ളിയിൽ നിന്നും വാഹന റാലി. ഫാ.തോമസ് പയ്യന്പള്ളിൽ റാലി ഫ്ലാഗ് ഓഫ് ചെയ്യും. 5.30ന് മതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ഹാളിൽ ചേരുന്ന സമ്മേളനത്തിൽ ഫാ.ഷെറിൻ എസ്. കുറ്റിക്കണ്ടത്തിൽ അധ്യക്ഷത വഹിക്കും.
ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ ക്രിസ്മസ് ദൂത് നൽകും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയും അയിരൂർ മേഖലയിലെ പുതിയ ഇടവക വികാരിമാരെയും ആദരിക്കും. ഫാ. ജിബു മാതു, ഫാ. ലിജിൻ തോമസ്, ഫാ. ബിജിൻ തോമസ് ചെറിയാൻ, ഷാജി മലയാറ്റ് എന്നിവർ പ്രസംഗിക്കും. 6.30 മുതൽ ക്രിസ്മസ് കരോൾ കലാപരിപാടികൾ. രാത്രി 8.30ന് ഫാ. ടോം മാത്യു സമാപന പ്രാർഥന നടത്തും.
ബോൺ നതാലെ - 2025 ക്രിസ്മസ് ആഘോഷം
കോന്നി: മലങ്കര കത്തോലിക്കാ സഭ കോന്നി വൈദികജില്ല അജപാലന സമിതി സംഘടിപ്പിക്കുന്ന ബോൺ നതാലെ ക്രിസ്മസ് റാലിയും വിശ്വാസി സംഗമവും 28 നു വൈകുന്നേരം നാലിന് എലിയറക്കൽ സെന്റ് മേരീസ് സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിക്കും.
വൈദിക ജില്ലയിലെ 26 ഇടവകകളിൽ നിന്നുമുള്ള വിശ്വാസികൾ അണിനിരക്കുന്ന വർണ ശബളമായ റാലി ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു സന്ദേശം നല്‍കും. റോളർ സ്കേറ്റിംഗ്, നൂറുകണക്കിന് പപ്പാ വേഷധാരികൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവ അണിനിരക്കുന്ന റാലി കോന്നി ടൗൺ ചുറ്റി കെഎസ്ആർടി സി മൈതാനിയിൽ റാലി സമാപിക്കും.
തുടർന്ന് മൂവാറ്റുപുഴ രൂപതാധ്യക്ഷൻ ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ് സമാപന സന്ദേശം നല്‍കുമെന്ന് ജില്ലാ വികാരി ഫാ. വർഗീസ് കൈതോൺ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഫാ. വർഗീസ് തയ്യിൽ, അല്മായ സെക്രട്ടറി ഫിലിപ്പ് ജോർജ് എന്നിവർ അറിയിച്ചു.
മല്ലശേരിയിൽ സംയുക്ത ക്രിസ്മസ് ആഘോഷം 25ന്
മല്ലശേരി: മല്ലശേരി എക്യുമെനിക്കൽ ക്രിസ്ത്യൻ അസോസിയേഷന്റെയും സമീപ പ്രദേശങ്ങളിലുള്ള ഇടവകകളുടെയും സംയുക്താഭിമുഖ്യത്തിലുള്ള ക്രിസ്മസ് ആഘോഷം 25ന് പൂങ്കാവ് ക്രിസ്മസ് നഗറിൽ നടക്കും.
രാവിലെ 9. 30 ന് വാഹന വിളംബര റാലി ക്രിസ്മസ് നഗറിൽ നിന്നാരംഭിച്ച് വിവിധ പ്രദേശങ്ങളിലൂടെ ക്രിസ്മസ് നഗറിൽ എത്തിച്ചേരും. വൈകുന്നേരം 5.30ന് വാഴമുട്ടം മാർ ഇഗ്നാത്യോസ് കുരിശടിയിൽ നിന്നും ആരംഭിക്കുന്നതായ സംയുക്ത ക്രിസ്മസ് റാലി ചെയർമാൻ ഫാ. ബിജു തോമസ് പറന്തൽ ഫ്ലാഗ് ഓഫ് ചെയ്തു റാലി കൺവീനർ കെ. സി. രാജുവിന് പതാക കൈമാറും.
റാലിയിൽ സമീപപ്രദേശങ്ങളിൽ ഉള്ള 11 ഇടവകകളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കും. വിവിധ ഫ്ലോട്ടുകളും അണിനിരക്കും. റാലി ക്രിസ്മസ് നഗറിൽ എത്തിച്ചേരുമ്പോൾ പൊതുസമ്മേളനത്തിൽ ഫാ. റോയി എം. ജോയി അധ്യക്ഷത വഹിക്കും. മാവേലിക്കര രൂപത മുൻ അധ്യക്ഷൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു സന്ദേശം നൽകും. ജില്ലാ പഞ്ചായത്ത് മെംബർ ദീനാമ്മ റോയ്, രക്ഷാധികാരി റോബിൻ പീറ്റർ, വാർഡ് മെംബർമാരായ കെ. എം. മോഹനൻ, ജോളി അജി, പ്രസന്ന എന്നിവർ പ്രസംഗിക്കും.
പ്രദേശവാസികളായ ത്രിതല പഞ്ചായത്ത് അംഗങ്ങളെയും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെയും യോഗത്തിൽ ആദരിക്കും. ആഘോഷങ്ങൾക്ക് ജനറൽ കൺവീനർ മനു കെ. ബേബിയുടെ നേതൃത്വത്തിൽ വിവിധ കൺവീനർമാർ നേതൃത്വം നൽകും. തുടർന്ന് കലാസന്ധ്യ.
പന്തളത്ത് സംയുക്ത ക്രിസ്മസ് റാലി 25ന്
പന്തളം: യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ എപ്പിസ്കോപ്പൽ സഭകളുടെയും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ 25 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പന്തളത്ത് സംയുക്ത ക്രിസ്മസ് റാലിയും പൊതുസമ്മേളനവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മുട്ടാർ സെന്റ് ജോർജ്നഗറിൽ നിന്ന് ആരംഭിക്കുന്ന റാലി കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ സമാപിക്കും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഡാനിയേൽ കുഴിത്തടത്തിൽ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. ബിഷപ് ഡോ. ആന്റണി മാർ സിൽവാനോസ് അനുഗ്രഹ പ്രഭാഷണവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി എന്നിവർ മുഖ്യ സന്ദേശം നടത്തും. പന്തളം എസ്എച്ച്ഒ റ്റി. ഡി. പ്രജീഷ് റാലി ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായ വി.ജി. ഷാജി, പി.എം. ജോസ്, രാജൻ പാപ്പി പാറക്കൂട്ടത്തിൽ, സന്തോഷ് നെടുങ്ങോട്, ജോ മാമ്മൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.
വേൾഡ് ലിറ്ററേച്ചർ ഫോറം
റാന്നി : വേൾഡ് ലിറ്ററേച്ചർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ചുകുഴി പ്രത്യാശ ഭവനിലെ കുടുംബാംഗങ്ങളോടൊപ്പം ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചും സന്ദേശങ്ങൾ പങ്കുവച്ചും ആഘോഷിച്ചു.
സമ്മേളനം രാജു ഏബ്രഹാം എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സുവിശേഷകൻ തോമസ്കുട്ടിപുന്നൂസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ റവ. വർഗീസ് കെ. മാത്യു മുഖ്യസന്ദേശം നൽകി. തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ, സാംകുട്ടി പാലക്കാമണ്ണിൽ, പി.ജെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
പത്തനംതിട്ട: കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്. സപ്ലൈകോ ക്രിസ്മസ്- ന്യൂ ഇയര്‍ ഫെയറിന്റെ ഉദ്ഘാടനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ക്ക് പ്രയോജനകരമായ ഇടപെടലാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നത്.
ക്രിസ്മസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വിപണിയില്‍ സര്‍ക്കാരിന്റേത് ജനകീയ ഇടപെടലാണ്. വിപുലമായ വിപണിയാണ് സപ്ലൈകോ ഒരുക്കിയിട്ടുള്ളത്. ഓണം ഫെയര്‍ റെക്കോഡ് വരുമാനം നേടിയിരുന്നുവെന്നും മന്ത്രി ചൂണ്ടികാട്ടി.
യോഗത്തിൽഅധ്യക്ഷത വഹിച്ച നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ക്രിസ്മസ്, ന്യൂ ഇയര്‍ ഫെയറിന്റെ ആദ്യ വില്പനയും നടത്തി.
2026 ജനുവരി ഒന്ന് വരെയാണ് ക്രിസ്മസ്- ന്യൂ ഇയര്‍ ഫെയര്‍. പലവ്യഞ്ജനങ്ങളും അരിയും സബ്സിഡി നിരക്കിലും ഫ്രീ സെയില്‍ നിരക്കിലും ലഭിക്കും. കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനം വരെ ഡിസ്കൗണ്ടിനൊപ്പം പൊതു വിപണിയില്‍ ലഭ്യമല്ലാത്ത സ്പെഷല്‍ കോമ്പോ ഓഫറുമുണ്ട്. ഹോര്‍ട്ടികോര്‍പ് പച്ചക്കറി സ്റ്റാളും മില്‍മ സ്റ്റാളും ഇതിനൊപ്പം പ്രവര്‍ത്തിക്കും.
പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ സി. കെ. അര്ജുനന്, സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജര്‍ ആർ. രാജീവ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ നൗഷാദ് കണ്ണങ്കര, ജേക്കബ്, ബി. ഷാഹുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.
District News
തിരുവല്ല: ആരുമില്ല എന്ന നിലവിളിയുടെ നടുവിൽ അവരെ ചേർത്തുപിടിച്ച് ഞങ്ങൾ ഒപ്പമുണ്ട് എന്ന് പറയുന്നതാണ് ക്രിസ്മസ് എന്നും സാധാരണ മനുഷ്യരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്ക് സ്നേഹവും കരുതലുമായി മാറണമെന്നും ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത.
കേരള കൗൺസിൽ ഓഫ് ചർച്ചസും നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും ചേർന്ന് നടത്തിയ ജനകീയ ക്രിസ്മസ് ആഘോഷം മുത്തൂർ ഇടത്തിട്ടയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സോണൽ പ്രസിഡന്റ് റവ. ബിനു വർഗീസ് അധ്യക്ഷത വഹിച്ചു. ഭാരത് സേവക് സമാജ് സംസ്ഥാന ചെയർമാൻ ഡോ. രമേശ് ഇളമൺ നമ്പൂതിരി സന്ദേശം നല്കി.
കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് , സോണൽ സെക്രട്ടറി ലിനോജ് ചാക്കോ, കെസിസി കറന്റ് അഫയേഴ്സ് കമ്മിറ്റി ചെയർമാൻ ജോജി പി. തോമസ്, ഫാ. പ്രദീപ് വർക്കി, വർഗീസ് ടി. മങ്ങാട്, ആനി ചെറിയാൻ, പ്രോഗ്രാം കൺവീനർ ലീലാമ്മ ജോർജ്, ഫാ. ഷിജു മാത്യു, റവ. അനി അലക്സ്, ക്ലബ് പ്രസിഡന്റ് വിനോദ് വർഗീസ്, സെക്രട്ടറി വരുൺ രാജ് എന്നിവർ പ്രസംഗിച്ചു.
മുനിസിപ്പൽ കൗൺസിലറായി തെരത്തെടുക്കപ്പെട്ട പി.എസ്. സുരേഷ് കുമാർ, എം ടെക് പവർ സിസ്റ്റം എൻജിനിയറിംഗിൽ ഒന്നാം റാങ്ക് നേടിയ നിതിൻ മാത്യു എന്നിവരെ അനുമോദിച്ചു. വിവിധ ഇടവക ഗായകസംഘങ്ങൾ ഗാനങ്ങൾ ആലപിച്ചു.
District News
റാന്നി: റാന്നി എക്യുമെനിക്കൽ ഫെലോഷിപ്പ്, ക്ലർജി ഫോറം എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം ഗ്ലോറിയ 2 കെ 25 ന്റെ മുന്നോടിയായി ചെത്തോങ്കര സെന്റ് തോമസ് ശാലേം ഓർത്തഡോക്സ് പള്ളിയിൽ നിന്നാരംഭിച്ച വിളംബര റാലിക്ക് ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഫ്ലാഗ് ഓഫ് ചെയ്തു.
റാന്നി വലിയ പള്ളിയിൽ നടന്ന സമ്മേളനം ക്നാനായ സമുദായ മെത്രാപ്പോലീത്ത ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. റോയി മാത്യൂസ് കോർഎപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനാധ്യക്ഷൻ ജോഷ്വാ മാർ നിക്കോദിമോസ് സന്ദേശം നൽകി. ആന്റോ ആന്റണി എംപി, പ്രമോദ് നാരായണൻ എംഎൽഎ, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ , മേഴ്സി പാണ്ടിയത്ത് , പ്രസാദ് സ്റ്റീഫൻ കാവുങ്കൽ പുരയിൽ, എം. സി. സഖറിയ മധുരം കോട്ട്, ഏബ്രഹാം മാത്യു ചിറയ്ക്കൽ, റവ ജോൺസൺ വർഗീസ്, ജാൻസി പീറ്റർ എന്നിവർ പ്രസംഗിച്ചു.
വിവിധ ഇടവകകളിൽ നിന്നുള്ള ഗായകസംഘങ്ങൾ ഗാനങ്ങൾ ആലപിച്ചു. സമാപന സമ്മേളനത്തിൽ കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
ഫാ. തോമസ് ഐക്കര, ഫാ. അനൂപ് സ്റ്റീഫൻ, ഫാ. ബെൻസി മാത്യൂ കിഴക്കേതിൽ, ഫാ. സ്റ്റെവിൻ പളമൂട്ടിൽ, സെന്നീസ് ഏബ്രഹാം, കെ. ജ്ഞാനദാസ്, സ്മിജു ജേക്കബ് തുടങ്ങിയർ പ്രസംഗിച്ചു.
District News
തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ യുവജന പ്രവർത്തന ബോർഡിന്റെയും സഭയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് മ്യൂസിക് ആൻഡ് കമ്യൂണിക്കേഷൻസിന്റെയും ആഭിമുഖ്യത്തിൽ നടന്ന ബേത്ലഹം വീഥിയിൽ സീസൺ - 7 ക്രിസ്മസ് വിളംബര ഗാനസന്ധ്യ സംഗീത സാന്ദ്രമായി.
പ്രിസൈഡിംഗ് ബിഷപ് ഡോ. തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു.
യുവജന പ്രവർത്തന ബോർഡ് പ്രസിദ്ധീകരിക്കുന്ന കലണ്ടർ,പ്രതിദിന വേദവായന കാർഡ് എന്നിവയുടെ പ്രകാശനം നടന്നു. സഭാ സെക്രട്ടറി റവ.സജി മാത്യു, പ്രതിനിധി സഭാഅധ്യക്ഷൻ റവ. ഡോ. ജോൺ മാത്യു, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ.ഷിജു മാത്യു, ഡിഎംസി ഡയറക്ടർ റവ.അനിഷ് തോമസ് ജോൺ, റവ. സാം മാത്യു ഓമല്ലൂർ, റവ ഷൈൻ ബേബി സാം എന്നിവർ പ്രസംഗിച്ചു. സഭയുടെ വിവിധ ഇടവകകളിൽ നിന്നായി 27 ക്വയർ ടീം പങ്കെടുത്തു.
District News
പത്തനംതിട്ട: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര ഗവൺമെന്റ് ശ്രമം ജനങ്ങളോടുള്ള സാമ്പത്തിക ഉത്തരവാദിത്വത്തിൽ നിന്നുമുള്ള ഒളിച്ചോട്ടമാണെന്ന് ജനതാദൾ - എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എംഎൽഎ.
മഹാത്മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ എൽഡിഎഫ് ജില്ലാ കമ്മിറ്റി പത്തനംതിട്ട ഹെഡ്പോസ്റ്റ് ഓഫീസിലേക്കു നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പു പദ്ധതിയുടെ പൂർണ സാമ്പത്തിക ബാധ്യത കേന്ദ്ര ഗവൺമെന്റാണ് വഹിച്ചു കൊണ്ടിരുന്നത്. അത് 60 : 40 എന്ന അനുപാത കണക്കിൽ സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത അടിച്ചേല്പിക്കുകയാണെന്ന് മാത്യു ടി. തോമസ് കുറ്റപ്പെടുത്തി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേരിലുള്ള ഈ പദ്ധതി അട്ടിമറിച്ച് പേര് തന്നെ മാറ്റി ഗാന്ധി നിന്ദയാണെന്ന് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, കെ.പി. ഉദയഭാനു, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സജി അലക്സ്, ഡി. സജി, മാത്യൂസ് ജോർജ്, സുമേഷ് ഐശ്വര്യ, രാജു നെടുവംപുറം, ചെറിയാൻ ജോർജ് തമ്പു, നിസാർ നൂർമഹൽ, ബി. ഷാഹുൽ ഹമീദ്, കെ.ഐ. ജോസഫ്, ആർ. സനൽകുമാർ, എം.വി. സഞ്ചു എന്നിവർ പ്രസംഗിച്ചു.
District News
പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ മാത്തൂർ ക്ഷേത്രത്തിനു സമീപമുള്ള കടവിൽ വെള്ളത്തിൽ അകപ്പെട്ട യുവാവിനെ കാണാതായി. കൈപ്പട്ടൂർ ചരുവിൽ ഗോപകുമാറിന്റെ മകൻ അശ്വിൻ (23) യാണ് കാണാതായത്.
ഇന്നലെ വൈകുന്നേരമാണ് അശ്വിൻ ആറ്റിലിറങ്ങിയത്. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പത്തനംതിട്ടയിൽ നിന്നുള്ള ഫയർഫോഴ്സ് സ്കൂബാ സംഘം രാത്രിവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തെരച്ചിൽ ഇന്നു രാവിലെ പുനരാരംഭിക്കും.
District News
പുല്ലാട്: ടികെ റോഡിൽ പുല്ലാട് കുന്നന്താനത്തിനു സമീപം പാഴ്സൽ ലോറിയിൽ നിന്നു പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. സൂററ്റിൽ നിന്നും കൊല്ലത്തേക്ക് ഡയപ്പറുമായി എത്തിയ പാഴ്സൽ ലോറിയുടെ കാബിനിൽ നിന്നാണ് പുക ഉയർന്നത്.
പുക കണ്ടതിനേ തുടർന്ന് ഡ്രൈവർ യുപി സ്വദേശി മിഥുൻ വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ എത്തിയ കരോൾ സംഘത്തിന്റെ സഹായത്തോടെ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. പത്തനംതിട്ടയിൽ നിന്നും തിരുവല്ലയിൽ നിന്നു ഫയർഫോഴ്സ് സംഘം എത്തിയപ്പോഴേക്കു പുക ഉള്ളിൽ വ്യാപിച്ചിരുന്നു.
വാഹനത്തിലെ സാധനങ്ങൾ മുഴുവൻ വാരി റോഡരകിലേക്ക് നിരത്തിയിട്ടതോടെ തീ പടരുന്നത് ഒഴിവാക്കി. ഫയർഫോഴ്സ് സംഘം ഒരു മണിക്കൂറോളം പണിപ്പെട്ടാണ് പുക നിയന്ത്രിച്ചത്. ഡ്രൈവറുടെ സമയോചിത ഇടപെടലിലാണ് അപകടം ഒഴിവായത്.