International
മോസ്കോ: റഷ്യയിൽ ജനപ്രിയ മെസേജിംഗ് ആപ്പായ വാട്സാപ്പിന് നിരോധനം ഏർപ്പെടുത്തി. സുരക്ഷാപ്രശ്നങ്ങളും ഡാറ്റ സ്വകാര്യതയുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് നിരോധനത്തിനു പിന്നിലെ പ്രധാന കാരണം.
ഇന്നലെമുതൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വാട്സാപ് സേവനങ്ങൾ തടസപ്പെട്ടതായി ഉപഭോക്താക്കൾ പരാതിപ്പെട്ടു.
നേരത്തെതന്നെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയ്ക്ക് രാജ്യത്തു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
വാട്സാപ് വഴി വിദേശ ഏജൻസികൾ റഷ്യൻ പൗരന്മാരുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന് സർക്കാർ ആരോപിക്കുന്നു. ഇതോടൊപ്പം രാജ്യത്തെ വാർത്താവിനിമയ സംവിധാനങ്ങൾ കൂടുതൽ സുരക്ഷിതമാക്കാനാണ് പുടിൻ സർക്കാരിന്റെ നീക്കം.
International
കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം ജൂണിൽ അവസാനിപ്പിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അറിയിച്ചു. അടുത്തയാഴ്ച അമേരിക്കയിലെ മയാമിയിൽ റഷ്യ- യുക്രെയ്ൻ ചർച്ച നടത്താമെന്ന് അമേരിക്ക നിർദേശിച്ചിട്ടുണ്ട്. യുക്രെയ്ന് ഇതു സ്വീകാര്യമാണ്.
ജൂണിൽ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക റഷ്യക്കും യുക്രെയ്നും മേൽ സമ്മർദം ചെലുത്തുമെന്ന് സെലൻസ്കി പറഞ്ഞു. വർഷാവസാനം അമേരിക്കയിൽ നടക്കാൻ പോകുന്ന മിഡ് ടേം തെരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ടാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും അബുദാബിയിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ യുദ്ധത്തടവുകാരെ പരസ്പരം കൈമാറാനുള്ള ധാരണ ഒഴിച്ചാൽ സുപ്രധാന തീരുമാനങ്ങളുണ്ടായില്ല.
ഇതിനിടെ, മാർച്ചിൽ വെടിനിർത്താനുള്ള നീക്കങ്ങളാണ് ട്രംപ് ഭരണകൂടം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്. യുക്രെയ്നും അമേരിക്കയും ഇക്കാര്യം ചർച്ച ചെയ്തു. റഷ്യക്ക് ഭൂമി വിട്ടുകൊടുക്കുന്നത് അടക്കമുള്ള നിർദേശങ്ങൾ അടങ്ങിയ വെടിനിർത്തൽ ധാരണയിൽ യുക്രെയ്നിൽ ഹിതപരിശോധനയും ഒപ്പം പൊതു തെരഞ്ഞെടുപ്പും നടത്താനാനുള്ള നിർദേശമാണ് ചർച്ച ചെയ്തത്. എന്നാൽ, ഭൂമി വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് തർക്കം തുടരുന്നതിനാൽ ഈ നിർദേശം പ്രായോഗികമായേക്കില്ല എന്നാണ് അനുമാനം.
റഷ്യൻ ആക്രമണം
കീവ്: സമാധാന ചർച്ചകൾക്കിടെ യുക്രെയ്നിൽ റഷ്യൻ വ്യോമാക്രമണം തുടരുന്നു.റഷ്യൻ സേന വെള്ളിയാഴ്ച രാത്രി യുക്രെയ്ന്റെ വൈദ്യുതിവിതരണ സംവിധാനങ്ങളെ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. 400 ഡ്രോണുകളും 40 മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചത്. രണ്ടു താപവൈദ്യുതി നിലയങ്ങൾ ആക്രമിക്കപ്പെട്ടു.
International
ജനീവ: അണ്വായുധ നിയന്ത്രണത്തിനു പുതിയ കരാർ വേണമെന്നും അതിൽ ചൈനയെ ഉൾപ്പെടുത്തണമെന്നും അമേരിക്ക. റഷ്യയുമായുള്ള ‘ന്യൂ സ്റ്റാർട്ട്’ (സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ട്രീറ്റി) കരാർ വ്യാഴാഴ്ച കാലഹരണപ്പെട്ട പശ്ചാത്തലത്തിലാണ് ഈ ആവശ്യം.
ലോകത്തിലെ പ്രധാന അണ്വായുധ ശക്തികൾക്കു നിയമപരമായ ഒരു ബാധ്യതയും ഇല്ലാത്ത അവസ്ഥയാണ് നിലവിൽ. പുതിയ കരാർ ഉണ്ടാക്കുന്നതുവരെ നിലവിലത്തെ കരാർ ഒരു വർഷത്തേക്കു നീട്ടാം എന്ന് റഷ്യ അഭിപ്രായപ്പെട്ടു. എന്നാൽ, പുതിയ കരാർ വേണമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.
റഷ്യയും അമേരിക്കയും മാത്രം ഉൾപ്പെട്ട കരാർ ലോകത്തിനു ഗുണം ചെയ്യില്ലെന്നും ചൈനയെക്കൂടി ഭാഗമാക്കേണ്ടതുണ്ടെന്നും അമേരിക്കയിലെ ആയുധ നിയന്ത്രണവിഭാഗം അണ്ടർ സെക്രട്ടറി തോമസ് ഡിനാനോ ജനീവയിലെ നിരായുധീകരണ ഉച്ചകോടിയിലും പറഞ്ഞു. ചൈന രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും 2030ൽ 1000 ആണവ പോർമുനകൾ നിർമിക്കുകയാണു ലക്ഷ്യമെന്നും റഷ്യ ഇതിന് സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ന്യൂ സ്റ്റാർട്ട്’ കരാർ തുടരാൻ അമേരിക്ക വിമുഖത പ്രകടിപ്പിക്കുന്നതു ഖേദകരമാണെന്നും മോസ്കോ എല്ലായ്പോഴും ചർച്ചയ്ക്കു സന്നദ്ധമാണെന്നും റഷ്യൻ പ്രതിനിധി ഗെന്നഡി ഗാറ്റിലോവ് ഉച്ചകോടിയിൽ പറഞ്ഞു. അതേസമയം, അമേരിക്കയുമായും റഷ്യയുമായും ചർച്ചയ്ക്കില്ലെന്നാണു ചൈനീസ് പ്രതിനിധി ഷെൻ ജിയാൻ വ്യക്തമാക്കിയത്.
വിന്യസിക്കപ്പെടുന്ന അണ്വായുധങ്ങൾ, അവ വിക്ഷേപിക്കാനുള്ള മിസൈലുകൾ, ബോംബർ വിമാനങ്ങൾ, വിക്ഷേപിണികൾ എന്നിവയുടെ എണ്ണം നിജപ്പെടുത്തുന്നതായിരുന്നു ‘ന്യൂ സ്റ്റാർട്ട്’ കരാർ.
National
ന്യൂഡൽഹി: റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന ട്രംപിന്റെ അവകാശവാദത്തിൽ വ്യക്തമായ മറുപടി നൽകാതെ വിദേശകാര്യ മന്ത്രാലയം. മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ ഇതേക്കുറിച്ച് ചോദ്യമുയർന്നെങ്കിലും അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.
140 കോടി ഇന്ത്യക്കാരുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും നിരവധി തവണ ഇതു സംബന്ധിച്ച് പ്രസ്താന നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സാഹചര്യങ്ങളും വിപണി നിലവാരവും അനുസരിച്ച് ഊർജ സ്രോതസുകൾ വൈവിധ്യവൽക്കരിക്കുക എന്നതാണ് ഇന്ത്യയുടെ തന്ത്രം. ഇന്ത്യയുടെ എല്ലാ തീരുമാനങ്ങളും ഇതിനനുസരിച്ചാണ്.
വെനസ്വേലയുമായി ഇന്ത്യക്ക് ദീർഘകാലമായി പങ്കാളിത്തമുണ്ടെന്നും ലാഭകരമാണെങ്കിൽ അവിടെ നിന്നോ മറ്റുസ്ഥലങ്ങളിൽനിന്നോ എണ്ണ വാങ്ങാൻ ഇന്ത്യ തയാറാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനാലാണ് മുന്‍പ് വെനസ്വേലയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നത് നിർത്തേണ്ടിവന്നത്. വെനസ്വേല ഉൾപ്പെടെ ഏതുരാജ്യത്തുനിന്നുമുള്ള എണ്ണ വിതരണത്തിന്റെ വാണിജ്യ നേട്ടങ്ങൾ ഇന്ത്യ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞദിവസം ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ഭാഗമായാണ് റഷ്യൻ എണ്ണയുടെ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കുള്ള യുഎസ് തീരുവ 18 ശതമാനമായി കുറച്ചതായും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. യുഎസുമായുള്ള വ്യാപാരക്കരാർ പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്ഥിരീകരിച്ചു. എന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമോ എന്നതിൽ പ്രധാനമന്ത്രിയോ സർക്കാരോ വ്യക്തത നൽകിയില്ല. അതേസമയം, എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം.
International
മോസ്കോ: ഇന്ത്യക്ക് ആരിൽനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തോടു പ്രതികരിക്കുകയായിരുന്നു ക്രെലിൻ വക്താവ് ദിമിത്രി പെസ്കോവ്.
“ഇന്ത്യക്ക് എണ്ണയും പെട്രോളിയം ഉത്പന്നങ്ങളും നല്‍കുന്നത് റഷ്യ മാത്രമല്ലെന്നു ഞങ്ങൾക്കറിയാം. മറ്റു രാജ്യങ്ങളിൽനിന്നും ഇന്ത്യ എണ്ണ വാങ്ങാറുണ്ട്’’-പെസ്കോവ് പറഞ്ഞു. എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ അറിയിച്ചിട്ടില്ലെന്നു ചൊവ്വാഴ്ച പെസ്കോവ് പ്രസ്താവിച്ചിരുന്നു.
റഷ്യൻ എണ്ണ ഇറക്കുമതി പൂർണമായും നിർത്താൻ ഇന്ത്യൻ എണ്ണക്കന്പനികൾക്കു സാധിക്കില്ലെന്ന് റഷ്യയുടെ നാഷണൽ എനർജി സെക്യൂരിറ്റി ഫണ്ട് വിദഗ്ധൻ ഇഗോർ യുഷ്കോവ് പറഞ്ഞു. റഷ്യ ദിവസവും 15 ലക്ഷം മുതൽ 20 ലക്ഷം ബാരൽ എണ്ണ ഇന്ത്യക്കു നല്‍കുന്നുവെന്നും അതു നല്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും യുഷ്കോവ് കൂട്ടിച്ചേർത്തു.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 88 ശതമാനം ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. 2021 വരെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 0.2 ശതമാനം മാത്രമായിരുന്നു റഷ്യയിൽനിന്നുണ്ടായിരുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെയാണ് ഇന്ത്യ വലിയതോതിൽ റഷ്യൻ എണ്ണ വാങ്ങിത്തുടങ്ങിയത്. റഷ്യ വൻതോതിൽ ഡിസ്കൗണ്ട് നല്കിയതും ഇന്ത്യക്കും പ്രയോജനമായി. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറി.
അതേസമയം, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ജനുവരിയിലെ ആദ്യ മൂന്നാഴ്ച കുറഞ്ഞു. പ്രതിദിന ഇറക്കുമതി 11 ലക്ഷം ബാരലായാണ് കുറഞ്ഞത്. 2025 മധ്യത്തിൽ പ്രതിദിനം 20 ലക്ഷം ബാരൽ ഇറക്കുമതി ചെയ്തിരുന്നു.
ഇറാക്കിൽനിന്നുള്ള എണ്ണ ഇറക്കുമതി ഏതാണ്ട് റഷ്യയിൽനിന്നുള്ളതിനു തുല്യമായിട്ടുണ്ട്. സൗദിയിൽനിന്നുള്ള പ്രതിദിന എണ്ണ ഇറക്കുമതി ജനുവരിയിൽ 9.24 ലക്ഷം ബാരലായി ഉയർന്നു. ഡിസംബറിൽ ഇറക്കുമതി 7.10 ലക്ഷം ബാരലായിരുന്നു.
International
മോസ്കോ: ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ അറിയിച്ചിട്ടില്ലെന്ന് റഷ്യ. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തോടു പ്രതികരിക്കുകയായിരുന്നു ക്രെംലിൻ വക്താവ് ദിമിത്ര പെസ്കോവ്. ഇന്ത്യയുമായുള്ള ബന്ധം വികസിപ്പിക്കുന്നതിനുള്ള ശ്രമം റഷ്യ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എണ്ണ ഇറക്കുമതി നിർത്തുന്നതു സംബന്ധിച്ച് ഇന്ത്യൻ എണ്ണകമ്പനികളുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് റഷ്യൻ ഊർജ മന്ത്രാലയം അറിയിച്ചു.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 88 ശതമാനം ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു.
അതേസമയം, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് മാധ്യമങ്ങളോടു പറഞ്ഞു. അമേരിക്കയിൽനിന്നും വെനസ്വേലയിൽനിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതുൾപ്പെടെയുള്ള വിപുലമായ വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ധാരണയിലെത്തിയെന്നും ലെവിറ്റ് ഔദ്യോഗികമായി അറിയിച്ചു. കരാർ പ്രാബല്യത്തിൽ വരുന്നതോടെ, ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കും.
തിങ്കളാഴ്ച മോദിയും ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്. മോദി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നു വിശേഷിപ്പിച്ച ട്രംപ്, ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുതിയ തലത്തിലേക്ക് എത്തിയതായി ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതിനു മറുപടിയായി, ഇന്ത്യൻ ഉത്പന്നങ്ങൾക്കു നികുതി കുറച്ച നടപടിയെ 140 കോടി ജനങ്ങൾക്ക് വേണ്ടിയുള്ള വലിയ നേട്ടമായി മോദിയും എക്സിൽ വിശേഷിപ്പിച്ചു.
International
മോസ്കോ: എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ അറിയിച്ചിട്ടില്ലെന്ന് റഷ്യ. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു ക്രെംലിൻ വക്താവ് ദിമിത്ര പെസ്കോവ്.
ഇന്ത്യയുമായുള്ള ബന്ധം വികസിപ്പിക്കുന്നതിനുള്ള ശ്രമം റഷ്യ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എണ്ണ ഇറക്കുമതി നിർത്തുന്നതു സംബന്ധിച്ച് ഇന്ത്യൻ എണ്ണകന്പനികളുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് റഷ്യൻ ഊർജ മന്ത്രാലയം അറിയിച്ചു.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 88 ശതമാനം ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറി.
Business
ദാവോസ്: റഷ്യൻ എണ്ണ വാങ്ങുന്നതിനെത്തുടർന്ന് ഇന്ത്യൻ ഇറക്കുമതിക്കുമേൽ യുഎസ് അടിച്ചേൽപ്പിച്ച 25 ശതമാനം തീരുവ എടുത്തുകളയുമെന്ന സൂചന നൽകി യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസന്റ്.
യുഎസ് ഏർപ്പെടുത്തിയ 25 ശതമാനം പിഴത്തീരുവ കാരണമാണ് ഇന്ത്യൻ റിഫൈനറികൾ റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നത് ഗണ്യമായി കുറച്ചതെന്നും ഇത് യുഎസ് നയത്തിന്റെ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഓഗസ്റ്റിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽനിന്ന് യുഎസിൽ എത്തുന്ന ഉത്പന്നങ്ങൾക്ക് മൊത്തം 50% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു. ഇതിലെ 25 ശതമാനം ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെത്തുടർന്ന് ഏർപ്പെടുത്തിയതാണ്. ഇതോടെ ഇന്ത്യ-യുഎസ് വ്യാപാര തർക്കങ്ങൾ രൂക്ഷമായി.
ഇന്ത്യൻ റിഫൈനറികൾ റഷ്യയിൽനിന്നു വാങ്ങുന്ന അസംസ്കൃത എണ്ണയുടെ അളവ് വൻതോതിൽ കുറച്ചു. ഇതൊരു വിജയമാണ്. ഇന്ത്യക്കുമേലുള്ള തീരുവ ഇപ്പോഴും തുടരുന്നുണ്ട്. ഇതിൽ റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുവയുമുണ്ട്. ഇത് നീക്കം ചെയ്യാനുള്ള വഴി തെളിയുന്നുണ്ട്-. ഒരു യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്കോട് ബെസന്റ് പറഞ്ഞു.
ഡിസംബറിൽ ഇന്ത്യയുടെ റഷ്യൻ അസംകൃത എണ്ണ ഇറക്കുമതി കഴിഞ്ഞ രണ്ടു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു താഴ്ന്നതായി കണക്കുകൾ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ ഒപെക് രാജ്യങ്ങളുടെ വിഹിതം 11 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.
ഇന്ത്യയിൽനിന്നു സംസ്കരിച്ച എണ്ണ വാങ്ങുന്ന യൂറോപ്യൻ രാജ്യങ്ങളെയും ബെസന്റ് വിമർശിച്ചു. തങ്ങൾക്കെതിരേയുള്ള യുദ്ധത്തിനുതന്നെ പണം നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളുടെ ഈ വ്യാപാരരീതിയെ വിരോധാഭാസമെന്നും വിഡ്ഢിത്തമെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
റഷ്യൻ അസംസ്കൃത എണ്ണ ഉപയോഗിച്ച് നിർമിച്ച പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നതിലൂടെ യൂറോപ്പ് റഷ്യയുടെ യുദ്ധശ്രമങ്ങൾക്ക് പരോക്ഷമായി സാന്പത്തികസഹായം നൽകുകയാണെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യയും യൂറോപ്യൻ യൂണിയനും സ്വതന്ത്ര വ്യാപാരക്കരാറിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ബെസെന്റിന്റെ പ്രഖ്യാപനം.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാറിനുള്ള ചർച്ചകൾ ചൊവ്വാഴ്ച പൂർത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി 25 മുതൽ 28 വരെ ഇന്ത്യ സന്ദർശിക്കുന്ന യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോണ്‍ ഡെർ ലെയ്ൻ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. സന്ദർശനവേളയിൽ ഇരുവരും ഇന്ത്യ-ഇയു ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കും.
25 ശതമാനം പിഴത്തീരുവ കുറയ്ക്കുമെങ്കിലും മറ്റ് ഏഷ്യൻ രാജ്യങ്ങളായ ബംഗ്ലാദേശ്, വിയറ്റ്നാം, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ദക്ഷിണകൊറിയ, ജപ്പാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ അപ്പോഴും ഇന്ത്യക്കുമേലുള്ള തീരുവ കൂടുതലായിരിക്കും. ഈ രാജ്യങ്ങൾക്കുമേലുള്ള തീരുവ 20 ശതമാനത്തിൽ താഴെയാണ്.
International
ദാവോസ്: യുക്രെയ്ൻ - റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവച്ച പദ്ധതിയിൽ അഭിപ്രായ ഐക്യമുണ്ടാക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ ഇന്ന് വീണ്ടും ചർച്ച ആരംഭിക്കും. രണ്ടു ദിവസങ്ങളിലായി യുഎഇയിൽ നടക്കുന്ന ചർച്ചയിൽ യുക്രെയ്ൻ, യുഎസ്, റഷ്യ
രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.
ദാവോസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും സെലെൻസ്കി കൂടിക്കാഴ്ച നടത്തി. സമാധാനം പുനസ്ഥാപിക്കുന്നതിന് റഷ്യ വിട്ടുവീഴ്ച ചെയ്യണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള രേഖകൾ ഏകദേശം തയാറാണ്.
യുഎസ് - യുക്രെയ്ൻ പ്രതിനിധികൾ നിരന്തരം ചർച്ച നടത്തുന്നുണ്ടെന്നും സെലെൻസ്കി പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് സെലെൻസ്കിയുടെ പ്രഖ്യാപനം.
National
ന്യൂഡൽഹി: ഗാസ രണ്ടാംഘട്ട സമാധാന പദ്ധതിയുടെ ഭാഗമായ ബോർഡ് ഓഫ് പീസിലേക്ക് ഇന്ത്യക്കും ക്ഷണം. സമാധാന സമിതിയുടെ ഭാഗമാകാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയെയും ക്ഷണിച്ചു.
ഇക്കാര്യം അഭ്യർഥിച്ച് ട്രംപ് പ്രധാനമന്ത്രി മോദിക്കയച്ച കത്ത് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
ട്രംപ് അധ്യക്ഷനാവുന്ന സമിതിയിൽ നേരത്തേ പാക്കിസ്ഥാനും ക്ഷണം ലഭിച്ചിരുന്നു. അറുപതോളം രാജ്യങ്ങൾക്കാണു സമാധാന സമിതിയിലേക്കു ക്ഷണം ലഭിച്ചത്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെയും ബോർഡിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സമിതിയുടെ ഭാഗമാകണോയെന്ന കാര്യം പരിഗണനയിലാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
ഗാസ സമാധാന പദ്ധതിക്കപ്പുറം പുതിയ അന്താരാഷ്ട്ര സ്ഥാപനമായി സമിതിയെ ഉയർത്തിക്കാട്ടാനാണ് അമേരിക്കയുടെ ശ്രമമെന്നാണ് റഷ്യയുടെ വിലയിരുത്തൽ. ഐക്യരാഷ്ട്ര സഭയ്ക്കു ബദലാകാനും ഭാവിയിലെ അന്താരാഷ്ട്ര സംഘർഷങ്ങളിൽ ഇടപെടാനും ഈ സമിതിയിലൂടെ അമേരിക്ക നോട്ടമിടുന്നതായി റഷ്യ സംശയിക്കുന്നു.
International
മോസ്കോ: ചാരവൃത്തി നടത്തിയെന്നു കണ്ടെത്തിയ ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥനോട് രാജ്യം വിടാൻ നിർദേശിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബ്രിട്ടീഷ് ഇന്റലിജൻസ് ഏജൻസിക്കുവേണ്ടിയാണ് ഉദ്യോഗസ്ഥൻ പ്രവർത്തിച്ചിരുന്നതെന്ന് റഷ്യൻ അന്വേഷണ ഏജൻസിയായ എഫ്എസ്ബി പറഞ്ഞു.
ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ നയതന്ത്ര പരിരക്ഷ റദ്ദാക്കി. രണ്ടാഴ്ചയ്ക്കകം റഷ്യ വിടാനാണ് നിർദേശം. ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധിയെ റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിലേക്കു വിളിച്ചുവരുത്തിയാണ് ഇതു സംബന്ധിച്ച അറിയിപ്പ് കൈമാറിയത്.
International
ജൊഹാനസ്ബർഗ്: ചൈന, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളുമായി ചേർന്ന് ദക്ഷിണാഫ്രിക്ക നാവികാഭ്യാസം ആരംഭിച്ചു. ‘വിൽ ഫോർ പീസ് 2026’ എന്നാണു പേര്. ബ്രിക്സ് പ്ലസ് സൈനികാഭ്യാസം ആണിതെന്ന് ദക്ഷിണാഫ്രിക്ക അറിയിച്ചു.
ബ്രസീൽ, ഈജിപ്ത്, എത്യോപ്യ എന്നീ രാജ്യങ്ങൾ നിരീക്ഷകരായി പ്രവർത്തിക്കും. റഷ്യ, ചൈന രാജ്യങ്ങളുമായി ചേർന്ന് ദക്ഷിണാഫ്രിക്ക സൈനികാഭ്യാസം നടത്താറുള്ളതാണ്.
എന്നാൽ, ബ്രിക്സ് രാജ്യങ്ങൾക്കെതിരേ അമേരിക്കൻ പ്രസിഡന്റ് ട്രംപ് കണ്ണുരുട്ടുന്ന പശ്ചാത്തലത്തിൽ ഈ വർഷത്തെ അഭ്യാസം പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു.
International
കീവ്: യുക്രെയ്നിനു നേരേ നൂറുകണക്കിനു ഡ്രോണുകളും നിരവധി മിസൈലുകൾ തൊടുത്ത് റഷ്യ. രാത്രിയിലുണ്ടായ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. 22 പേർക്കു പരിക്കേറ്റു.
കീവിലെ അപ്പാർട്ട്മെന്റുകൾക്ക് നാശനഷ്ടങ്ങളുണ്ടായി. ഇവിടെയുള്ള ഖത്തർ എംബസിക്കും കേടുപാടുകളുണ്ട്. ശബ്ദത്തിന്റെ വേഗത്തേക്കാൾ പത്ത് മടങ്ങ് വേഗമുള്ള പുതിയ ഒറെഷ്നിക് ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ചായിരുന്നു ആക്രമണം.
കഴിഞ്ഞ മാസം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതിക്കു നേരേ യുക്രെയ്ൻ നടത്തിയ ആക്രമണത്തിനു പകരമാണിതെന്നും റഷ്യയുടെ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. അതേസമയം, ഇത്തരമൊരു ആക്രമണം നടത്തിയിട്ടില്ലെന്ന് യുക്രെയ്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പറയുന്നു.
ലീവ് മേഖലയിലെ ഭൂഗർഭ പ്രകൃതിവാതക ടാങ്കിനെയാണ് റഷ്യ ലക്ഷ്യംവച്ചതെന്ന നിഗമനത്തിലാണ് മാധ്യമങ്ങൾ. വിദേശ സൈനികസഹായം കടന്നുപോകുന്നത് ഇതുവഴിയാണെന്നും കരുതപ്പെടുന്നു. യുക്രെയ്നിന് സൈനിക സഹായം നൽകുന്ന രാജ്യങ്ങളെ ഭയപ്പെടുത്താൻ 2024ലും ഒറെഷ്നിക് മിസൈൽ റഷ്യ പ്രയോഗിച്ചിരുന്നു.
International
മോസ്ക്കോ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കിയ അമേരിക്കൻ സൈനിക നടപടിയെ രൂക്ഷമായി വിമർശിച്ച് റഷ്യ. അമേരിക്കയുടെ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ പോരാട്ടത്തിന് പൂർണ പിന്തുണയും റഷ്യ പ്രഖ്യാപിച്ചു. പുറത്തുനിന്നുള്ള സൈനിക ഇടപെടലിലൂടെ ഒരു രാജ്യത്തിന്റെ വിധി നിർണയിക്കാൻ ആർക്കും അവകാശമില്ലെന്നും വ്യക്തമാക്കി.
സംഘർഷം കൂടുതൽ വഷളാക്കാതെ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്നും റഷ്യ ആവശ്യപ്പെട്ടു.
നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് വെളിപ്പെടുത്തിയത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വെളിപ്പെടുത്തൽ നടത്തിയത്. മഡൂറോയെയും ഭാര്യയെയും നിലവിൽ വെനിസ്വേലയിൽ നിന്നും വിമാനമാർഗം പുറത്തെത്തിച്ചതായും ട്രംപ് അറിയിച്ചിട്ടുണ്ട്.
സൈനിക നടപടിയുടെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ പ്രത്യേക വാർത്താ സമ്മേളനം ട്രംപ് വിളിച്ചിട്ടുണ്ട്. വെനിസ്വേലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ദീർഘകാലമായി നിലനിന്നിരുന്ന സംഘർഷങ്ങൾ ഇതോടെ പുതിയൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്.
Viral
റഷ്യയിലെ മുറിനോയിൽ നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ ലോകമെങ്ങും ചർച്ചയാവുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കാത്ത ചിലരുടെ വിഡ്ഢിത്തം എങ്ങനെ ഒരു വലിയ ദുരന്തത്തിന്റെ വക്കിലെത്താം എന്നതിന് ഉദാഹരണമാണ് ഈ സംഭവം.
ഒരു പാർപ്പിട സമുച്ചയത്തിലെ ഇടുങ്ങിയ ലിഫ്റ്റിനുള്ളിൽ വെച്ച് രണ്ട് യുവാക്കൾ പടക്കം പൊട്ടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ സാഹസികതയുടെ ദൃശ്യങ്ങൾ യുവാക്കൾ തന്നെ തങ്ങളുടെ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.
ലിഫ്റ്റ് ചലിച്ചു തുടങ്ങിയതും യുവാക്കൾ കയ്യിലുണ്ടായിരുന്ന പടക്കത്തിന് തീ കൊടുത്തു. സെക്കൻഡുകൾക്കുള്ളിൽ നിയന്ത്രണാതീതമായ സ്ഫോടനവും തീപ്പൊരികളും കൊണ്ട് ലിഫ്റ്റിനുള്ളിലെ ചെറിയ ഇടം അക്ഷരാർഥത്തിൽ നരകതുല്യമായി മാറി.
സ്ഫോടനത്തിന്റെ ആഘാതത്തിൽ ലിഫ്റ്റ് ക്യാബിനുള്ളിൽ പുകയും തീയും നിറയുകയും ഭിത്തികളിലും തറയിലും കരിപടരുകയും ചെയ്തു. ഭാഗ്യം കൊണ്ട് മാത്രമാണ് സ്ഫോടനത്തിൽ യുവാക്കൾക്ക് ഗുരുതരമായ പരിക്കുകൾ ഏൽക്കാതിരുന്നത്.
വലിയൊരു സ്ഫോടനം നടന്നിട്ടും ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് കെട്ടിടത്തിലെ മറ്റ് താമസക്കാരിൽ നിന്നും ഉണ്ടായത്.
തങ്ങളുടെ ജീവന് പോലും ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ അവർ രൂക്ഷമായി പ്രതികരിച്ചു. സ്ഫോടനത്തിന് പിന്നാലെ ഇരുവരെയും കൊണ്ട് ലിഫ്റ്റ് ശുചിയാക്കിക്കാനും പൊതുവായി മാപ്പ് പറയിപ്പിക്കാനും അധികൃതർ തയ്യാറായി.
പൊതുസുരക്ഷയെ അപകടത്തിലാക്കി ലൈക്കുകൾക്കും കാഴ്ചക്കാർക്കും വേണ്ടി നടത്തുന്ന ഇത്തരം ക്രൂരമായ തമാശകൾക്കെതിരെ സോഷ്യൽ മീഡിയയിലും കടുത്ത വിമർശനം ഉയരുന്നുണ്ട്.
ഏത് നിമിഷവും വലിയൊരു അപകടമായി മാറാവുന്ന ഈ പ്രവൃത്തിക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
International
ഫ്ലോറിഡ: റഷ്യ-യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ ട്രംപും യുക്രൈൻ പ്രസിഡന്റ് വ്ളോഡിമർ സെലൻസ്കിയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് മുൻപായി റഷ്യൻ പ്രസിഡന്റ് വ്ളോഡിമിർ പുടിനെ ട്രംപ് ഫോണിൽ വിളിച്ച് ചർച്ച നടത്തിയിരുന്നു.
ഇരുപതിന സമാധാന പദ്ധതിയിൽ പുരോഗതിയുണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം ട്രംപും സെലൻസ്കിയും പ്രതികരിച്ചു. പുടിനുമായി ഫോണിൽ സംസാരിച്ചെന്നും റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. മികച്ച സംഭാഷണമായിരുന്നുവെന്ന് ട്രംപും ഫലപ്രദമായ ചർച്ചയാണ് നടന്നതെന്ന് റഷ്യയും പ്രതികരിച്ചു.
മൂന്ന് വർഷത്തോളമായി തുടരുന്ന രക്തരൂക്ഷിതമായ റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുൻകൈ എടുത്ത് നടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ ഭാഗമാണ് സെലൻസ്കിയുമായുള്ള ചർച്ച. ഫ്ലോറിഡയിലെ മാർ-എ-ലാഗോയിലുള്ള ട്രംപിന്റെ റിസോർട്ടിലായിരുന്നു ട്രംപ് സെലൻസ്കി കൂടിക്കാഴ്ച.
യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്നിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവർത്തിച്ച സെലൻസ്കി തുടർ ചർച്ചകൾക്ക് സന്നദ്ധനെന്നും വ്യക്തമാക്കി. വമ്പൻ പ്രഖ്യാപനങ്ങളില്ലെങ്കിലും യുദ്ധം ഇനി അധിക കാലം നീളില്ലെന്നാണ് ട്രംപിന്റെ അവകാശവാദം. ഇരുപതിന സമാധാന പദ്ധതി അംഗീകരിക്കപ്പെടുന്നതിൽ പ്രധാന തടസം പിടിച്ചെടുത്ത ഭൂമിയെ ചൊല്ലി ധാരണ ആകാത്തതാണെന്നും ട്രംപ് പറഞ്ഞു.
Sports
ദോഹ: 2025 ഫിഡെ ലോക റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ റഷ്യയുടെ വ്ളാഡിസ്ലാവ് ആര്ട്ടെമീവ് 5.5 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. ലോക ഒന്നാം നമ്പറായ നോര്‍വെയുടെ മാഗ്നസ് കാള്സന്, ക്ലാസിക്കല്‍ ലോക ചാമ്പ്യന്‍ ഇന്ത്യയുടെ ഡി. ഗുകേഷ്, ഫ്രാന്‍സിന്റെ മാക്സിം വാച്ചിയര്‍ ലാഗ്രേവ് തുടങ്ങിയവര്‍ അഞ്ച് പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.
ഇന്ത്യയുടെ അര്ജുന് എറിഗയ്സി, മലയാളി താരം നിഹാല്‍ സരിന് എന്നിവര്‍ 4.5 പോയിന്റുമായി പട്ടികയില്‍ യഥാക്രമം 10, 13 സ്ഥാനങ്ങളിലാണ്. മറ്റൊരു ഇന്ത്യന്‍ താരമായ ആര്. പ്രഗ്നാനന്ദ നാല് പോയിന്റുമായി 56-ാം സ്ഥാനത്താണുള്ളത്.
റാപ്പിഡ് വനിതാ വിഭാഗത്തില്‍ 2025 ലോകകപ്പ് ജേതാവായ ഇന്ത്യയുടെ ദിവ്യ ദേശ്മുഖ്, ഫൈനലിസ്റ്റായ കൊനേരു ഹംപി എന്നിവര്‍ അഞ്ച് പോയിന്റുമായി മുന്നിരക്കാര്ക്കൊപ്പമുണ്ട്.
ഇന്ത്യയുടെ ഹരിക ദ്രോണവല്ലി 4.5 പോയിന്റുമായി 10-ാം സ്ഥാനത്തും ആര്. വൈശാലി നാല് പോയിന്റുമായി 18-ാമതുമാണ്. റാപ്പിഡ് വനിതാ വിഭാഗത്തില്‍ 11 റൗണ്ടുകളും ഓപ്പണ്‍ വിഭാഗത്തില്‍ 13 റൗണ്ടുകളുമാണുള്ളത്. വനിതാ വിഭാഗത്തില്‍ കൊനേരു ഹംപിയാണ് നിലവിലെ ചാമ്പ്യന്‍.
International
മോസ്കോ: യുക്രെയ്ൻ സേന റഷ്യൻ തുറമുഖത്തു നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു കപ്പൽ ജീവനക്കാർ അടക്കം മൂന്നു പേർ കൊല്ലപ്പെട്ടു.
റോസ്തോവ് ഓൺ ഡോൺ പ്രദേശത്തെ തുറമുഖത്ത് ബുധനാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ചരക്കുകപ്പലിനു തീപിടിക്കുകയായിരുന്നു. തീപിടിത്തം അണച്ചതായി റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. ഏഴു പേർക്കു പരിക്കേറ്റു.
International
ബർലിൻ: റഷ്യയ്ക്കെതിരേ ഗുരുതര ആരോപണവുമായി ജർമനി രംഗത്ത്. തങ്ങളുടെ എയർട്രാഫിക് കൺട്രോളിനുനേരെ സൈബർ ആക്രമണം നടത്തിയെന്നും തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ചെന്നുമാണ് ആരോപണം. വിഷയത്തിൽ റഷ്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തു.
2024 ഓഗസ്റ്റിൽ ജർമൻ എയർ ട്രാഫിക് കൺട്രോളിനുനേരേയുണ്ടായ സൈബർ ആക്രമണത്തിനു പിന്നിൽ റഷ്യൻ മിലിട്ടറി ഇന്റലിജൻസാണെന്നാണ് ജർമൻ വിദേശകാര്യ വക്താവ് ആരോപിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ രാജ്യത്തു നടന്ന ഫെഡറൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും സ്വാധീനിക്കാനും റഷ്യ ശ്രമിച്ചെന്നും ജർമൻ വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി.
2022ൽ യുക്രെയ്നുനേരേ പൂർണതോതിലുള്ള അധിനിവേശം ആരംഭിച്ചതിനു പിന്നാലെ വിവിധ യൂറോപ്യൻ രാജ്യങ്ങൾക്കുനേരേ റഷ്യ സൈബർ ആക്രമണം നടത്തുന്നുവെന്ന ആരോപണം വ്യാപകമാകുന്നതിനിടെയാണ് ജർമനിയുടെ ഇപ്പോഴത്തെ ആരോപണം.
പ്രകോപനം തുടർന്നാൽ യൂറോപ്യൻ പങ്കാളികളുടെ സഹകരണത്തോടെ ശക്തമായ മറുപടി നൽകുമെന്നും ജർമൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി.
അതേസമയം, ജർമനിയുടെ ആരോപണത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ റഷ്യ ഇടപെടുന്നുവെന്ന് കഴിഞ്ഞ വർഷം യുകെയും റുമേനിയയും ആരോപിച്ചിരുന്നു.
National
ന്യൂഡൽഹി: റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി നവംബറിൽ നാല് ശതമാനം ഉയർന്ന് അഞ്ച് മാസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കായ 260 കോടി യൂറോയിൽ എത്തിയെന്ന് റിപ്പോർട്ട്. ഇതിലൂടെ സംസ്കരിച്ച ഇന്ധനത്തിന്റെ വലിയ ശതമാനവും ഓസ്ട്രേലിയയിലേക്കു കയറ്റുമതി ചെയ്തു.
റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ ചൈനയ്ക്ക് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യയെന്ന് സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ അറിയിച്ചു.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് മേൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം നിലവിൽ വരുന്നതിനു മുൻപേ കയറ്റി അയച്ച ചരക്കാണ് ഇപ്പോൾ രാജ്യത്തെത്തുന്നത്. വർധന രേഖപ്പെടുത്തുന്നത് ഈ മാസവും തുടരും.
റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കന്പനികളായ റോസ്നെഫ്റ്റിനും ലൂകോയ്ലിനും മേൽ ഒക്ടോബറിൽ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്പിസിഎൽ-മിത്തൽ എനർജി ലിമിറ്റഡ്, മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് എന്നിവ ഇറക്കുമതി നിർത്തിവച്ചു. അതേസമയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇറക്കുമതി തുടരുന്നുണ്ട്.
International
കീവ്: യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക അവതരിപ്പിച്ച പദ്ധതിക്കു യുക്രെയ്ൻ ബദൽ തയറാക്കുന്നതായി റിപ്പോർട്ട്. റഷ്യക്കു ഭൂമി വിട്ടുകൊടുക്കണമെന്ന നിർദേശം യുക്രെയ്ൻ പദ്ധതിയിൽ ഇല്ല.
അമേരിക്കൻ വൃത്തങ്ങൾ റഷ്യ, യുക്രെയ്ൻ പ്രതിനിധികളുമായി വെവ്വേറെ ചർച്ചകൾ തുടരുന്നതിനിടെയാണ് ഈ നീക്കം. അമേരിക്കൻ പദ്ധതിയിൽ നിർദേശിക്കുന്നതു പോലെ യുക്രെയ്ന്റെ ഭൂമി റഷ്യക്കു വിട്ടുകൊടുക്കാനാവില്ലെന്നു പ്രസിഡന്റ് സെലൻസ്കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, റഷ്യൻ സേന യുക്രെയ്നു നേർക്ക് വ്യോമാക്രമണം തുടരുകയാണ്. വടക്കുപടിഞ്ഞാറൻ യുക്രെയ്നിലെ സുമി നഗരത്തിൽ വൈദ്യുതിവിതരണം തടസപ്പെട്ടു.
International
ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന പദ്ധതി സംബന്ധിച്ച ചർച്ചകൾക്കായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ലണ്ടനിൽ. യൂറോപ്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് സെലൻസ്കി ലണ്ടനിൽ വിമാനമിറങ്ങിയിരിക്കുന്നത്.
ലണ്ടനിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് എന്നിവരുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തും. കെയ്ർ സ്റ്റാർമറുടെ 10 ഡൗണിംഗ് സ്ട്രീറ്റിലെ വസതിയിലാണു കൂടിക്കാഴ്ച.
യൂറോപ്യൻ നേതാക്കളുമായുള്ള ചർച്ചയിൽ സുരക്ഷ, വ്യോമ പ്രതിരോധം, യുക്രെയ്നുള്ള ദീർഘകാല ധനസഹായം എന്നിവയിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നു ഞായറാഴ്ച സെലൻസ്കി പറഞ്ഞിരുന്നു. ലണ്ടൻ ചർച്ചകൾക്കു ശേഷം ബ്രസൽസിൽ നാറ്റോ മേധാവി മാർക് റട്ടെ, യൂറോപ്യൻ യൂണിയൻ നേതാക്കളായ അന്റോണിയോ കോസ്റ്റ, ഉർസുല വോൺ എന്നിവരെ സെലൻസ്കി കാണും.
യുക്രെയ്ൻ-റഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവച്ച സമാധാന നിർദേശം കിഴക്കൻ ഡോൺബാസ് മേഖലയിൽ തട്ടിനിൽക്കുകയാണ്. യുക്രെയ്ന്റെ കൈവശമുള്ള ഡോൺബാസ് റഷ്യക്കു വിട്ടുകൊടുക്കണമെന്ന് ട്രംപിന്റെ സമാധാന പദ്ധതി നിർദേശിക്കുന്നു. യുക്രെയ്നും യൂറോപ്യൻ സഖ്യകക്ഷികളും ഈ നിർദേശത്തോടു യോജിക്കുന്നില്ല.
സമാധാന പദ്ധതി അംഗീകരിക്കാൻ സെലെൻസ്കിയുടെ മേൽ സമ്മർദം ചെലുത്തില്ലെന്നു സ്റ്റാർമർ പറഞ്ഞു. ഇതിനിടെ, സെലൻസ്കിക്കെതിരേ ശക്തമായ ആക്ഷേപവുമായി ട്രംപ് രംഗത്തുവന്നു. അമേരിക്കയുടെ സമാധാന നിർദേശം സെലൻസ്കി ഇതുവരെ വായിച്ചില്ലെന്ന് ട്രംപ് പറഞ്ഞു. റഷ്യക്കു നിർദേശങ്ങളോടു യോജിപ്പാണ്. എന്നാൽ സെലൻസ്കി ഇതിൽ സന്തുഷ്ടനാണെന്ന് ഉറപ്പില്ല.
സമാധാന ശ്രമങ്ങൾക്കിടെ യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുകയാണ്. വടക്കുകിഴക്കൻ യുക്രെയ്ൻ നഗരമായ ഒഹ്തർകയിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഏഴു പേർക്കു പരിക്കേറ്റു.
പാർപ്പിട സമുച്ചയത്തിലാണ് ഡ്രോൺ ഇടിച്ചുകയറിയത്. വടക്കൻ നഗരമായ ചെർണിവിൽ രാത്രിയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. റഷ്യയുടെ 149 ഡ്രോണുകൾ വെടിവച്ചിട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു. അതേസമയം, റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം 67 യുക്രെയ്ൻ ഡ്രോണുകൾ നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
National
ന്യൂഡൽഹി: എട്ടുപതിറ്റാണ്ടോളമായി കെട്ടുറപ്പോടെ തുടരുന്നതാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഈ വലിയ കൂട്ടുകെട്ട് സാന്പത്തിക സഹകരണത്തിന്റെ അടിസ്ഥാനത്തിൽ വിപുലപ്പെടുത്താനാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്ത്യയിലെത്തിയത്.
യുഎസുമായുള്ള ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചകളെ പുടിന്റെ സന്ദർശനം ബാധിക്കുമെന്ന വാദത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. “ഇന്ത്യ വിവിധ രാജ്യങ്ങളുമായി എങ്ങനെ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നു എന്നതിനുമേൽ തങ്ങൾക്ക് വീറ്റോ പവർ ഉണ്ടെന്ന് മറ്റൊരു രാജ്യം ധരിക്കുന്നത് ന്യായമല്ല. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്”- ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മേളനത്തിൽ ജയശങ്കർ പറഞ്ഞു.
പുടിന്റെ ദ്വിദിന സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഉദിച്ചുയരുന്ന വലിയ രാജ്യമായ ഇന്ത്യക്ക് കഴിയുന്നത്ര ലോകരാജ്യങ്ങളുമായി സഹകരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
International
മയാമി: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുക്രെയ്നും അമേരിക്കയും നടത്തുന്ന ചർച്ചകളിൽ പുരോഗതി. യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ നടന്നതായി ഇരുവിഭാഗവും അറിയിച്ചു.
അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പ്രസിഡന്റ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറുമാണ് യുക്രെയ്നിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റസ്തം ഉമറോവിന്റെ നേതൃത്വത്തിലുള്ള സംഘവുമായി അമേരിക്കയിലെ മയാമിയിൽ ചർച്ച നടത്തിയത്.
യുക്രെയ്ന്റെ സ്വാതന്ത്ര്യവും പരമാധികാരവും സുരക്ഷയും ഉറപ്പുവരുത്തണമെന്ന് റസ്തം ഉമറോവ് അമേരിക്കൻ പ്രതിനിധികളോട് ആവശ്യപ്പെട്ടു. റഷ്യയുടെ ഭാഗത്തുനിന്ന് വീണ്ടും അധിനിവേശമുണ്ടാകാതിരിക്കാനുള്ള നടപടികളും വേണം. യുദ്ധാനന്തര യുക്രെയ്ന്റെ പുനരുദ്ധാരണം, യുക്രെയ്ൻ-അമേരിക്ക സാന്പത്തിക സഹകരണം എന്നീ വിഷയങ്ങളും ചർച്ചയായി.
വിറ്റ്കോഫും കുഷ്നറും ചൊവ്വാഴ്ച മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് പുടിനുമായി അഞ്ച് മണിക്കൂർ ചർച്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടു വച്ചിരിക്കുന്ന പദ്ധതിയിലെ ചില നിർദേശങ്ങൾ റഷ്യക്ക് അംഗീകരിക്കാനാവില്ലെന്ന് പുടിൻ ഇരുവരെയും അറിയിച്ചു.
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിനു സമീപം റെയിൽവേ ജംഗ്ഷനെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ വലിയ നാശമുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞദിവസം രാത്രി ഫാസ്റ്റീവ് പട്ടണത്തിലായിരുന്നു ആക്രമണം. ഇവിടുത്തെ റെയിൽവേ ഡിപ്പോയും ട്രെയിൻ ബോഗികളും നശിച്ചു. മിസൈലുകളും ഡ്രോണുകളും റഷ്യ പ്രയോഗിച്ചതായി യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു.
National
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ആണവവൈദ്യുത നിലയമായ കൂടംകുളം ആണവപദ്ധതി പൂർത്തിയാക്കാൻ റഷ്യയുടെ സഹകരണം ഉറപ്പു നൽകി പ്രസിഡന്റ് വ്ലാഡിമിർ പുടിൻ.
സംയുക്ത വാർത്താസമ്മേളനത്തിലാണ് പുടിന്റെ വാഗ്ദാനം. ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ ഈ പദ്ധതി വലിയ പങ്ക് വഹിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആറു റിയാക്ടർ യൂണിറ്റുകളിൽ രണ്ടെണ്ണം ഇതിനോടകംതന്നെ ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
International
ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പങ്കിനെ പ്രശംസിച്ച മോദി ഇരട്ട താരകം പോലെ നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുടിൻ നൽകിയ സംഭാവന വളരെ വലുതാണെന്നും കൂട്ടിച്ചേർത്തു.
ഹൈദരാബാദ് ഹൗസിൽ വാർഷിക ഉച്ചകോടിക്കും ഉഭയകക്ഷി ചർച്ചയ്ക്കും ശേഷം ഇരുനേതാക്കളും നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. ആകെ എട്ട് കരാറുകളിൽ ഇന്ത്യയും റഷ്യയും ഒപ്പുവച്ചതായി പ്രധാനമന്ത്രി അറിയിച്ചു.
തൊഴിൽ, കുടിയേറ്റം, ആരോഗ്യം, ഷിപ്പിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് കരാറുകൾ. കൂടാതെ, 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ധാരണയായിട്ടുണ്ട്. സൈനിക സഹകരണം കൂട്ടാനും ധാരണയായി.
റഷ്യ-യുക്രെയ്ൻ സംഘർഷം തീർക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നതായും ഇതിന് എല്ലാ സഹകരണവും നൽകാൻ ഇന്ത്യ തയാറാണെന്നും ഭീകരവാദത്തെ ഒന്നിച്ച് നേരിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, നരേന്ദ്രമോദിയെ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിച്ച പുടിൻ ഇന്ത്യ നൽകിയ ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും സുരക്ഷ, വ്യാപാരം, സാമ്പത്തിക, സൈനിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ കരാറുകൾ ഒപ്പിട്ടതായും പുടിൻ അറിയിച്ചു.
വ്യാഴാഴ്ചയാണ് വ്ലാദിമിർ പുടിൻ ഇന്ത്യയിലെത്തിയത്. ഇന്നു രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ പുടിന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് ആചാരപരമായ വരവേല്പു നല്‍കിയിരുന്നു. പിന്നീട് രാജ്ഘട്ടിൽ ഗാന്ധി സമാധിയിലെത്തി അദ്ദേഹം പുഷ്പാർച്ചന നടത്തി. വൈകുന്നേരം രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് ശേഷം രാത്രി ഒമ്പതിന് അദ്ദേഹം റഷ്യയിലേക്ക് മടങ്ങും.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് പുടിൻ പറഞ്ഞു. സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല നരേന്ദ്ര മോദിയെന്നും റഷ്യൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
നരേന്ദ്ര മോദി ഇന്ത്യയ്ക്കായാണ് ജീവിക്കുന്നത്. വിശ്വസിക്കാനാവുന്ന ഒരു സുഹൃത്താണ് മോദി. ഇത് താൻ ഏറെ ആത്മാർത്ഥതയോടെയാണ് പറയുന്നതെന്നും പുടിൻ പറഞ്ഞു. നിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും അദേഹം വ്യക്തമാക്കി.
അമേരിക്ക ഇപ്പോഴും റഷ്യയിൽ നിന്ന് ആണവ ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്കും ഇതേ അവകാശമുണ്ടെന്നും പുടിൻ ആവർത്തിച്ചു. ഇരട്ട തീരുവ ഉൾപ്പെടെയുള്ള ട്രംപിന്റെ തീരുമാനങ്ങൾക്ക് പിന്നിൽ ഉപദേശകർ ആണെന്നും പുടിൻ കൂട്ടിച്ചേർത്തു.
International
മോസ്കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക തയാറാക്കിയ പദ്ധതിയിലെ ചില നിർദേശങ്ങൾ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അംഗീകരിച്ചതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. ചില നിർദേശങ്ങൾ പുടിൻ തള്ളിക്കളഞ്ഞു. വെടിനിർത്തലിനായി അമേരിക്കൻ വൃത്തങ്ങളുമായി എത്ര തവണ ചർച്ച നടത്താനും റഷ്യ തയാറാണ്.
മോസ്കോയിലെത്തിയ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, പ്രസിഡന്റ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരുമായി പുടിൻ കൂടിക്കാഴ്ച നടത്തിയശേഷമാണു പെസ്കോവ് ഇക്കാര്യം അറിയിച്ചത്. കൂടിക്കാഴ്ചയിൽ ധാരണകൾ ഉണ്ടായില്ലെന്നാണു റഷ്യൻ വൃത്തങ്ങൾ നേരത്തേ സൂചിപ്പിച്ചത്.
അമേരിക്കൻ സമാധാന പദ്ധതി പുടിൻ അപ്പാടെ തള്ളിക്കളഞ്ഞുവെന്ന വാർത്ത ശരിയല്ലെന്ന് പെസ്കോവ് വിശദീകരിച്ചു. ചില കാര്യങ്ങൾ അംഗീകരിക്കുന്നതും ചിലത് നിരസിക്കുന്നതും ചർച്ചയിൽ സ്വാഭാവികമാണ്.
യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളിൽ റഷ്യക്കു നന്ദിയുണ്ട്. കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ പുറത്തുവിടുന്നത് ഗുണകരമാകില്ലെന്നാണു റഷ്യൻ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപ് ഭരണകൂടം കഴിഞ്ഞ മാസമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതി മുന്നോട്ടു വച്ചത്. ഇതിലെ ഭൂരിഭാഗം നിർദേശങ്ങളും റഷ്യക്ക് അനുകൂലമായിരുന്നു. യുക്രെയ്ൻ സ്വന്തം ഭൂമി റഷ്യക്കു വിട്ടുകൊടുക്കണമെന്ന വ്യവസ്ഥയും പദ്ധതിയിലുണ്ടായിരുന്നു. എന്നാൽ, യുക്രെയ്നെ പിന്തുണയ്ക്കുന്ന യൂറോപ്യൻ ശക്തികൾ ഇടപെട്ട് പദ്ധതിയിലെ പല വ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്.
റഷ്യക്ക് അംഗീകരിക്കാൻ പറ്റാത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയ യൂറോപ്യൻ ശക്തികളുടെ നീക്കം സമാധാനനീക്കങ്ങൾക്കു തുരങ്കം വയ്ക്കുമെന്നു പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
International
മോസ്കോ: യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാറേദ് കുഷ്നറും മോസ്കോയിൽ. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ സാധ്യതകൾ ചർച്ച ചെയ്യുന്നതിനാണ് ഇരുവരും മോസ്കോയിലെത്തിയത്.
എല്ലാ നയതന്ത്ര ശ്രമങ്ങളെയും അങ്ങേയറ്റം ഗൗരവത്തോടെയാണു കാണുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പറഞ്ഞു.
യഥാർഥ സമാധാനവും സുരക്ഷയും കൈവരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സെലെൻസ്കി എക്സിൽ കുറിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ യുക്രെയ്ൻ പ്രതിനിധിസംഘവുമായി നടത്തി.
ചർച്ച ഫലപ്രദമായിരുന്നെന്ന് റൂബിയോ പറഞ്ഞു. യുദ്ധം അവസാനിക്കുന്നതിന് ഇനിയും ജോലി ബാക്കിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം ഊർജിതമാക്കി അമേരിക്കയിലെ ട്രംപ് ഭരണകൂടം.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധികൾ വരുംദിവസങ്ങളിൽ റഷ്യയും യുക്രെയ്നും സന്ദർശിക്കും. ട്രംപ് ഭരണകൂടം മുന്നോട്ടുവച്ച 28 ഇന വെടിനിർത്തൽ പദ്ധതിയായിരിക്കും ചർച്ചാവിഷയം.
ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അടുത്തയാഴ്ച മോസ്കോയിലെത്തുമെന്നു റഷ്യൻ പ്രസിഡന്റ് പുടിന്റെ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷക്കോവ് സ്ഥിരീകരിച്ചു. തന്റെ മരുമകൻ ജാരദ് കുഷ്നറും മോസ്കോ ചർച്ചയിൽ പങ്കു ചേർന്നേക്കുമെന്ന് ഡോണൾഡ് ട്രംപും അറിയിച്ചു.
യുഎസ് ആർമി സെക്രട്ടറി ഡാൻ ഡാൻ ഡ്രിസ്കോൾ ആണ് യുക്രെയ്നിലെത്തുന്നത്.
അമേരിക്ക മുന്നോട്ടു വച്ച പദ്ധതിയെക്കുറിച്ച് നേരത്തേ ജനീവയിൽ യുക്രെയ്നുമായി ചർച്ച നടന്നിരുന്നു. തുടർന്ന് അമേരിക്കൻ വൃത്തങ്ങൾ അബുദാബിയിൽവച്ച് റഷ്യൻ പ്രതിനിധികളെയും കണ്ടു.
ആദ്യം മുന്നോട്ടുവച്ച പദ്ധതിയിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നാണു സൂചന. റഷ്യയും യുക്രെയ്നും പരസ്പരം ഭൂമി വിട്ടുകൊടുക്കാനുള്ള നിർദേശം പദ്ധതിയിലുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു.
അമേരിക്ക ആദ്യം അവതരിപ്പിച്ച പദ്ധതിയോട് റഷ്യക്ക് അനുകൂല മനോഭാവമായിരുന്നുവെന്നു റഷ്യൻ വിദേശകാര്യമന്ത്രി സെർഗി ലാവ്റോവ് പറഞ്ഞു. എന്നാൽ, പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയതോടെ കാര്യങ്ങൾ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതി അംഗീകരിക്കാൻ യുക്രെയ്നോ, റഷ്യക്കോ സമയം നിശ്ചയിച്ചിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി.
International
ന്യൂയോര്‍ക്ക്: റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ധാരണയായി. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമാധാന കരാര്‍ യുക്രെയ്ൻ അംഗീകരിച്ചു. കഴിഞ്ഞയാഴ്ച സ്വിറ്റ്സർലൻഡിലെ ജെനീവയിൽ നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് അമേരിക്കയുടെയും യുക്രെയ്ന്റെയും ഉദ്യോഗസ്ഥര്‍ സമാധാന കരാരിന് അന്തിമരൂപം നൽകിയത്.
യുഎസ് മുന്നോട്ടുവച്ച 28 കാര്യങ്ങളടങ്ങിയ സമാധാന പദ്ധതിയിലാണ് പൊതുവായ ധാരണയായതെന്ന് യുക്രെയ്ൻ വ്യക്തമാക്കി. രണ്ടു രാജ്യങ്ങളിൽ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് അന്തിമ സമാധാന കരാറിന് രൂപം നൽകിയതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ഒമ്പതുമാസത്തിനിടെ എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു.
സമാധാന പദ്ധതി അംഗീകരിക്കാൻ ധാരണയായെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലന്‍സ്കി പ്രതികരിച്ചു. റഷ്യ കൂടി അനുകൂല നിലപാട് സ്വീകരിച്ചാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നതിലേക്ക് നയിക്കും. സമാധാന കരാര്‍ യുക്രെയ്ൻ അംഗീകരിച്ചതോടെ റഷ്യയുമായി ചര്‍ച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.
യുഎസ് ആദ്യമുണ്ടാക്കിയ സമാധാന കരാറിനോട് റഷ്യയ്ക്ക് അനുകൂല നിലപാടാണ് ഉണ്ടായിരുന്നതെന്നും അതിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ റഷ്യയുടെ തീരുമാനം അനുകൂലമായിരിക്കില്ലെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് മുന്നറിയിപ്പ് നൽകിയത്.
International
വാഷിംഗ്ടൺ: യുക്രെയ്നെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് യുക്രെയ്നെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ അമേരിക്ക നൽകിയ വലിയ പിന്തുണയ്ക്ക് പകരം യുക്രെയ്ൻ ഒരു തരത്തിലുള്ള നന്ദിയും പ്രകടിപ്പിച്ചില്ലെന്ന് ട്രംപ് ആരോപിച്ചു. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയെ ട്രൂത്തിലൂടെ കടന്നാക്രമിക്കുകയായിരുന്നു യുഎസ് പ്രസിഡന്റ്.
യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ ഒരാഴ്ചത്തെ സമയമാണ് ട്രംപ് യുക്രെയ്ൻ ഭരണകൂടത്തിന് നൽകിയിട്ടുള്ളത്. നവംബർ 27ന് മുൻപായി പദ്ധതി അംഗീകരിക്കാനാണ് നിർദേശം.
സമാധാന ഉടമ്പടി അംഗീകരിച്ചില്ലെങ്കിൽ യുക്രെയ്ന് അമേരിക്ക നൽകി വന്നിരുന്ന സൈനിക, സാമ്പത്തിക സഹായം നിര്‍ത്തുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
International
കീവ്: സമാധാന കരാറിൽ ഒപ്പുവയ്ക്കാൻ യുക്രെയ്നിനുമേൽ വാഷിംഗ്ടണ്‍ കടുത്ത സമ്മർദം ചെലുത്തുന്നെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. റഷ്യ - യുക്രെയ്ൻ സമാധാന കരാറിൽ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് യുക്രെയ്നിനെ യുഎസ് കടുത്ത സമ്മർദത്തിലാക്കുന്നത്.
യുക്രെയ്നിലേക്കുള്ള ഇന്റലിജൻസ് വിവരങ്ങളുടെ കൈമാറ്റവും ആയുധ വിതരണവും വെട്ടിക്കുറയ്ക്കുമെന്നാണ് യുഎസിന്റെ ഭീഷണി. അടുത്ത ആഴ്ച യുക്രെയ്ൻ സമാധാന കരാറിൽ ഒപ്പുവയ്ക്കുമെന്നാണ് യുഎസ് കരുത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
കീവ് അധിക പ്രദേശം വിട്ടുകൊടുക്കുക, സൈനിക വലിപ്പം നിയന്ത്രിക്കുക, നാറ്റോയിൽ ചേരുന്നതിൽ വിലക്ക് തുടങ്ങി യുദ്ധത്തിൽ റഷ്യയുടെ ആവശ്യങ്ങളെ അംഗീകരിക്കുന്ന 28 നിർദേശങ്ങളും യുഎസ് യുക്രെയ്നിന് മുന്നിൽവച്ചിട്ടുണ്ട്. സമാധാന കരാറിനെക്കുറിച്ച് ചർച്ച ചെയ്യാനായി മുതിർന്ന യുഎസ് സൈനിക ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം വ്യാഴാഴ്ച കീവിൽ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി.
International
കീവ്: അമേരിക്കയും റഷ്യയും ചേർന്നു തയാറാക്കിയ സമാധാന പദ്ധതിയോടു സഹകരിക്കാൻ സന്നദ്ധത അറിയിച്ച് യുക്രെയൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. അമേരിക്ക അവരുടെ കാഴ്ചപ്പാടിനനുസരിച്ച് തയാറാക്കിയ പദ്ധതിയോടു സഹകരിക്കുമെന്നാണ് സെലൻസ്കി പറഞ്ഞത്.
ഇനിയൊരു അധിനിവേശം ഉണ്ടാകില്ലെന്ന് ഉറപ്പു ലഭിക്കുന്ന സമാധാനമാണു യുക്രെയ്നു വേണ്ടത്. പദ്ധതി ചർച്ച ചെയ്യാൻ യുക്രെയ്നിലെത്തിയ യുഎസ് സൈനികസംഘവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണു സെലൻസ്കി ഇതു പറഞ്ഞത്.
ഇതിനിടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും റഷ്യൻ പ്രതിനിധി കിറിൾ ദിമിത്രിയേവും തയാറാക്കിയ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു.
യുക്രെയ്നു വലിയതോതിൽ നഷ്ടമുണ്ടാകുന്ന പദ്ധതിയിൽ, റഷ്യയുടെ അന്താരാഷ്ട്രതല ഒറ്റപ്പെടൽ അവസാനിപ്പിക്കാനുള്ള നിർദേശങ്ങളും ഉൾപ്പെടുന്നു.
യുക്രെയ്നു സൈനികനിയന്ത്രണമുള്ള ഭൂമികൂടി റഷ്യക്കു വിട്ടുകൊടുക്കണമെന്നതാണ് ഒരു നിർദേശം.
യുക്രെയ്ൻ സൈനികരുടെ എണ്ണം ആറു ലക്ഷമായി പരിമിതപ്പെടുത്തുക, നാറ്റോയിൽ ചേരില്ലെന്നു പ്രഖ്യാപിക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്.ഇതിനു പകരമായി, യുക്രെയ്നു സുരക്ഷാ ഉറപ്പുകൾ നല്കുമെന്നു പറയുന്നുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങൾ നല്‍കിയിട്ടില്ല.
ആഗോള സാന്പത്തികമേഖലയിലേക്കുള്ള റഷ്യയുടെ മടക്കമാണു മറ്റൊരു സുപ്രധാന നിർദേശം. റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധങ്ങൾ പിൻവലിക്കും. വൻശക്തികളുടെ കൂട്ടായ്മയായ ജി7ൽ റഷ്യയെ വീണ്ടും ഉൾപ്പെടുത്തി ജി8 ആക്കും.
അതേസമയം, യുക്രെയ്നെ ഉൾപ്പെടുത്താതെ തയാറാക്കിയ പദ്ധതിയിൽ യൂറോപ്യൻ ശക്തികൾ എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്.
National
ഡൽഹി: റഷ്യൻ എണ്ണ കമ്പനികൾക്കുള്ള യുഎസ് ഉപരോധം ഇന്ന് നിലവിൽ വന്ന സാഹചര്യത്തിൽ റഷ്യയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി റിലയൻസ് റിഫൈനറി നിർത്തി. വിദേശത്തേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന റിഫൈനറിയിലേക്ക് റഷ്യൻ ക്രൂഡ് ഓയിൽ എത്തിക്കുന്നതാണ് നിർത്തിയത്.
റഷ്യയിൽ നിന്നുള്ള രണ്ട് കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഈ ഉപരോധം ഇന്നാണ് നിലവിൽ വന്നത്.
റിലയൻസ് റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ എത്തിക്കുകയും അതിന് ശേഷം ഇത് സംസ്കരിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുകയും ചെയ്യുന്നുണ്ട്.
International
വാർസോ: പോളണ്ടിലെ റെയിൽവേ പാളത്തിൽ സ്ഫോടനം നടത്തിയത് റഷ്യക്കുവേണ്ടി പ്രവർത്തിക്കുന്ന രണ്ട് യുക്രെയ്ൻ പൗരന്മാരാണെന്ന് പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് പറഞ്ഞു. പാർലമെന്റിലെ അധോസഭയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യൻ രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ഇരുവരുടെയും വിവരങ്ങൾ വ്യക്തമായിട്ടുണ്ടെങ്കിലും അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ പേരുകൾ പുറത്തുവിടാൻ സാധിക്കില്ല. ട്രെയിൻ കത്തിക്കാനുള്ള ശ്രമമായിരിക്കാം നടന്നത്.
തലസ്ഥാന നഗരിയായ വാർസോവിനെ യുക്രെയ്ൻ അതിർത്തിയുമായി ബന്ധിപ്പിച്ചിരുന്ന റെയിൽവേ പാളത്തിലുണ്ടായ സ്ഫോടനം മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള അട്ടിമറിശ്രമമായിരുന്നുവെന്നും ടസ്ക് വ്യക്തമാക്കി.
ഈ പാളത്തിന്റെ തെക്കുഭാഗത്ത് വൈദ്യുതി ലൈനുകൾ നശിപ്പിക്കപ്പെട്ട സംഭവത്തിനും ഇതുമായി ബന്ധമുണ്ടെന്ന് പോളണ്ട് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് സ്ഥലങ്ങളിലും ട്രെയിനുകൾ നിർത്തിയിടേണ്ടി വന്നുവെങ്കിലും ആളപായമുണ്ടായില്ല. കേടുപാടുകൾ പരിഹരിച്ചതായാണ് വിവരം.
Kerala
തിരുവനന്തപുരം: കോവളം ബീച്ചിൽ വിദേശ വനിതക്ക് തെരുവുനായയുടെ കടിയേറ്റു. റഷ്യന്‍ സ്വദേശിനിയായ പൗളിനയ്ക്കാണ് നായയുടെ കടിയേറ്റത്
കോവളം ബീച്ചിലൂടെ നടക്കുന്നതിനിടെ തെരുവുനായ പൗളിനയുടെ വലതുകണങ്കാലിന് കടിക്കുകയായിരുന്നു. വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
ലൈഫ് ഗാർഡ് ഉൾപ്പെടെ മൂന്ന് പേരെ ഇതേ നായ കടിച്ച് പരുക്കേൽപ്പിച്ചിരുന്നുവെന്ന് സമീപത്തെ ഹോട്ടലുടമ പറഞ്ഞു. ബീച്ചിലും പരിസര പ്രദേശങ്ങളിലും തെരുവുനായയുടെ ശല്ല്യം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.
International
ന്യൂഡൽഹി: റഷ്യയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. രാജസ്ഥാനിലെ ആൽവാറിലെ ലക്ഷ്മൺഗഡിലെ കഫൻവാഡ ഗ്രാമവാസിയായ അജിത് സിംഗ് ചൗധരി(22) ആണ് മരിച്ചത്.
2023 ൽ ബഷ്കീർ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എംബിബിഎസ് കോഴ്സിന് ചേർന്ന അജിത് സിംഗിനെ ഒക്ടോബർ ഒൻപതിന് കാണാതായിരുന്നു. ഉഫ നഗരത്തിലെ ഒരു അണക്കെട്ടിന് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ 11ന് പാൽ വാങ്ങാൻ ഹോസ്റ്റലിൽ നിന്നും പോയ അജിത് സിംഗ് മടങ്ങിയെത്തിയില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. വൈറ്റ് നദിയോട് ചേർന്നുള്ള അണക്കെട്ടിൽ നിന്നാണ് ചൗധരിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ആൽവാർ സരസ് ഡയറി ചെയർമാൻ നിതിൻ സാഗ്വാൻ പറഞ്ഞു.
സംഭവത്തിൽ റഷ്യയിലെ ഇന്ത്യൻ എംബസി പ്രതികരിച്ചിട്ടില്ല. 19 ദിവസം മുമ്പ് നദീതീരത്ത് നിന്ന് അജിത് സിംഗിന്റെ വസ്ത്രങ്ങൾ, മൊബൈൽ ഫോൺ, ഷൂസ് എന്നിവ കണ്ടെത്തിയതായി മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആൽവാർ പറഞ്ഞു.
National
ന്യൂഡൽഹി: ഈ മാസം അവസാനത്തോടെ റഷ്യയിൽനിന്ന് നേരിട്ടുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ ഇന്ത്യ തീരുമാനിച്ചു. റഷ്യൻ എണ്ണക്കന്പനികളായ റോസ്നെഫ്റ്റ്, ലുകോയിൽ എന്നിവയ്ക്കുമേൽ യുഎസ് പ്രഖ്യപിച്ച ഉപരോധം 21ന് പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിലാണിത്.
റഷ്യൻ ക്രൂഡ് ഓയിലിന്റെ പകുതിയിലധികവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ റിഫൈനറികൾ ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നതോടെ ഡിസംബറോടെ വലിയ ഇടിവുണ്ടാകുമെന്ന് വിദഗ്ധർ കരുതുന്നു.
എന്നിരുന്നാലും ഇടനിലക്കാരിലൂടെ റഷ്യൻ ബാരലുകൾ ഇന്ത്യയിൽ എത്തുന്നത് തുടരും. റോസ്നെഫ്റ്റുമായി ദീർഘകാല വിതരണക്കരാറുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡാണ് റഷ്യ എണ്ണ നിർത്തലാക്കുന്നവരിൽ പ്രമുഖർ. മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ്, എച്ച്പിസിഎൽ-മിത്തൽ എനർജി ലിമിറ്റഡ് എന്നീ കന്പനികളും ഇറക്കുമതികൾ നിർത്തലാക്കും.
റോസ്നെഫ്റ്റിന്റെ ഭാഗിക ഉടമസ്ഥതയിലുള്ളതും യൂറോപ്യൻ യൂണിയന്റെ ഉപരോധം നേരിടുന്ന നയാര എനർജിയുടെ വഡിനാർ റിഫൈനറി റഷ്യൻ ക്രൂഡ് നിലനിർത്തും.
ഒക്ടോബറിൽ റഷ്യയായിരുന്നു ഇന്ത്യയുടെ ഒന്നാം നന്പർ എണ്ണസ്രോതസ്. ഇറാക്കും സൗദിയും തൊട്ടുപിറകിലുണ്ടായിരുന്നു.
നിലവിലെ അവസ്ഥയിൽ മിഡിൽ ഈസ്റ്റ്, ലാറ്റിനമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക, കാനഡ, യുഎസ് എന്നിവിടങ്ങളിൽനിന്ന് എണ്ണ ഇറക്കുമതി ഉറപ്പുവരുത്താനാണ് ഇന്ത്യൻ റിഫൈനറികളുടെ നീക്കം.
International
മോസ്കോ: ആണവശക്തിയിൽ പ്രവർത്തിക്കുന്ന പൊസൈഡോൺ എന്ന ജല ഡ്രോൺ വിജയകരമായി പരീക്ഷിച്ചതായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അറിയിച്ചു.
ചെറിയ ആണവ റിയാക്ടർ എൻജിനാണ് ഇതിനു കരുത്തു പകരുന്നത്. ജലത്തിനടിയിൽ എത്രദൂരം വേണമെങ്കിലും സഞ്ചരിക്കാനുള്ള കഴിവ് ഇതിനുണ്ടെന്ന് പുടിൻ അവകാശപ്പെട്ടു. അന്തർവാഹിനിയിൽനിന്നാണ് ജലഡ്രോൺ പരീക്ഷിച്ചത്.
ആണവ റിയാക്ടർ എൻജിൻ ഘടിപ്പിച്ച ബുറെവെസ്റ്റ്നിക് എന്ന ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി റഷ്യൻ വൃത്തങ്ങൾ നേരത്തേ അറിയിച്ചിരുന്നു. ഈ മിസൈലിനും എത്രദൂരം വേണമെങ്കിലും സഞ്ചരിക്കാനുള്ള കഴിവുണ്ടെന്നാണ് റഷ്യ അവകാശപ്പെടുന്നത്.
International
മോസ്കോ: അണുശക്തിയിൽ പ്രവർത്തിക്കുന്ന ബുറെവെസ്റ്റ്നിക് ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി റഷ്യ. ഈ മാസം 21നു നടന്ന പരീക്ഷണത്തിൽ 15 മണിക്കൂർ ആകാശത്തു തുടർന്ന മിസൈൽ 14,000 കിലോമീറ്റർ താണ്ടി. ആണവ പോർമുനകളുമായി എത്ര ദൂരം വേണമെങ്കിലും പറക്കാൻ കഴിയുന്ന ഈ മിസൈലിനെ തടുക്കാൻ ലോകത്തിലെ ഒരു വ്യോമപ്രതിരോധ സംവിധാനത്തിനും കഴിയില്ലെന്ന് റഷ്യൻ വൃത്തങ്ങൾ അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിൽ റഷ്യൻ സൈനിക ജനറൽമാർ മിസൈൽ പരീക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിഡന്റ് പുടിനെ ധരിപ്പിച്ചു. മിസൈൽ വിന്യസിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ പുടിൻ നിർദേശം നല്കി.
റഷ്യൻ പ്രതിരോധ ഗവേഷകർ 2018ൽ വികസിപ്പിക്കാൻ തുടങ്ങിയ ഈ മിസൈലിനു പറക്കാനുള്ള ഊർജം പകരുന്നത് ചെറിയ ആണവ റിയാക്ടർ എൻജിൻ ആണ്. പറക്കൽപാത ഏതു നേരവും മാറ്റാൻ ശേഷിയുണ്ട്. ഇപ്പോഴുള്ളതും ഭാവിയിൽ വികസിപ്പിക്കുന്നതുമായ ഒരു മിസൈൽ പ്രതിരോധ സംവിധാനത്തിനും ഇതിനെ തടുക്കാനാവില്ലെന്നാണു റഷ്യ പറയുന്നത്.
യുക്രെയ്ൻ യുദ്ധത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യയോടുള്ള അനുകൂല മനോഭാവം തിരുത്തുന്ന സമയത്താണു മിസൈൽ വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്.
International
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും റഷ്യയും കൂടുതൽ ഇരുണ്ട ചൈനയിലേക്ക് പോയെന്ന് ട്രംപ് പരിഹസിച്ചു.
ചൈനയിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് ട്രംപിന്റെ ഈ പ്രതികരണം.
ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെയെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർഷങ്ങളിലെ ഏറ്റവും മോശം അവസ്ഥയിലാണ്.
Leader Page
ആഗോള നയതന്ത്രരംഗത്തു പണ്ടുമുതലേ ഇന്ത്യയുടെ നിലപാട് മെയ്വഴക്കമുള്ളതാണ്. തികച്ചും സന്തുലിതം. തത്വത്തിൽ ചേരിചേരാത്തതും ഫലത്തിൽ പ്രായോഗികവും. ഇന്നത്തെ ലോകരാഷ്ട്രീയത്തിൽ പിരിമുറുക്കം കൂടുന്നു. സഖ്യങ്ങൾ മാറുന്നു. ലോകക്രമം വിവിധ സ്വാധീനമേഖലകളായി വിഭജിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ, നിലപാട് പുനഃക്രമീകരിക്കാൻ ഇന്ത്യക്കുമേൽ സമ്മർദം കൂടുതലാണ്.
യുഎസുമായുള്ള ബന്ധം വഷളായിരിക്കുകയാണ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക ദേശീയതയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി ഇന്ത്യ മാറി. യുഎസിലേക്ക് ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് ട്രംപ് ഭരണകൂടം 50 ശതമാനം നികുതി ഏർപ്പെടുത്തി. ഇത് യുഎസിന്റെ വ്യാപാര പങ്കാളികളിൽ ചുമത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണ്. കഴിഞ്ഞവർഷം ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 18 ശതമാനവും യുഎസിലേക്കായിരുന്നു. അതിനാൽ സാമ്പത്തിക പ്രത്യാഘാതം വളരെ വലിയതാകും.
വ്യാപാര പ്രശ്നത്തിലുമപ്പുറമാണിത്. യുഎസും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധം കാൽനൂറ്റാണ്ടിലേറെയായി ശക്തിപ്പെട്ടുവരികയാണ്. ഇൻഡോ-പസഫിക് മേഖലയിൽ ചൈനയെ പ്രതിരോധിക്കാനുള്ള പ്രധാന ശക്തിയായി അമേരിക്ക ഇന്ത്യയെ കണക്കാക്കുന്നു. എന്നാൽ, ഏറ്റവും ശക്തമായ പങ്കാളിത്തംപോലും ഒരു ജനപ്രിയ നേതാവിന്റെ തോന്നലുകൾക്കനുസരിച്ചു മാറുമെന്ന ഓർമപ്പെടുത്തലാണ് പുതിയ നികുതികൾ. ഈ നികുതികൾ പെട്ടെന്നൊരു സാമ്പത്തിക സംഘർഷത്തിനു വഴിയൊരുക്കിയേക്കാം. അതിലുമപ്പുറം, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മാറ്റിപ്പണിയാനുള്ള സാധ്യതയുമുണ്ട്.
പാക്കിസ്ഥാനുമായി അടുക്കുന്ന അമേരിക്ക
മറ്റു വഴികളിലൂടെയും ട്രംപ് ഭരണകൂടം ഇന്ത്യയെ അകറ്റുന്നുണ്ട്. അമേരിക്ക പാക്കിസ്ഥാനുമായി അടുക്കുന്നു. പാക് സൈനിക മേധാവി, ഫീൽഡ് മാർഷൽ അസിം മുനീറിനെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. അസിം മുനീർ ദീർഘകാലമായി പ്രകോപനപരമായ പ്രസംഗങ്ങളുടെ ആശാനാണ്. ഇത്തരം പ്രസ്താവനകളിൽ ആണവഭീഷണിയുടെ മുഴക്കമുണ്ട്. കാഷ്മീരിനെ പാക്കിസ്ഥാന്റെ ‘കഴുത്തിലെ പ്രധാന ഞരമ്പ്’ എന്ന് വിശേഷിപ്പിച്ചതുണ്ട്. അത്തരം പരാമർശങ്ങളെ ശാസനയ്ക്കു പകരം നയതന്ത്രപരമായ സൗഹൃദത്തോടു കൂടിയാണ് യുഎസ് സമീപിച്ചത്. ഇത് ട്രംപിന്റെ വിദേശനയത്തിന്റെ സ്വഭാവമാറ്റം സൂചിപ്പിക്കുന്നു.
പാക്കിസ്ഥാനുമായുള്ള ഇത്തരം സൗഹൃദം തന്ത്രപരമായ പ്രകോപനം മാത്രമാണ്. നിലനിൽപ്പിന് ഭീഷണിയല്ല. യുഎസിന്റെ സാമ്പത്തികവും സാങ്കേതികവും തന്ത്രപരവുമായ ദീർഘകാല താത്പര്യങ്ങൾ ഇപ്പോഴും ഇന്ത്യയുടേതുമായാണ് കൂടുതൽ യോജിക്കുന്നത്. പാകിസ്ഥാനുമായുള്ള അമേരിക്കയുടെ ഇടപാടുകൾ ഇന്ത്യൻ സുരക്ഷയെ തകർക്കാതെ കൈകാര്യം ചെയ്യുന്നതിലാണ് വെല്ലുവിളി. പ്രത്യേകിച്ചും കാഷ്മീരിലെ അസ്ഥിരമായ നിയന്ത്രണരേഖയിൽ. കഴിഞ്ഞ ഏപ്രിലിൽ പാക്കിസ്ഥാനിൽനിന്നുള്ള തീവ്രവാദികൾ നിയന്ത്രണരേഖ ലംഘിച്ച് വിനോദസഞ്ചാരികൾക്കുനേരേ ക്രൂരമായ ആക്രമണം നടത്തിയിരുന്നു.
പാക്കിസ്ഥാനുള്ള ചൈനയുടെ പിന്തുണ കൂടിയാകുന്പോൾ ഇന്ത്യയുടെ സുരക്ഷയ്ക്കുള്ള അപകടസാധ്യത കൂടുന്നു. ഏപ്രിലിലെ പാക് തീവ്രവാദ ആക്രമണത്തെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടിച്ചപ്പോൾ ചൈന പാക്കിസ്ഥാന് തത്സമയ സൈനിക-നയതന്ത്ര പിന്തുണ നൽകിയിരുന്നു. സൈനിക ഉപകരണങ്ങളിൽ ചൈനയാണ് പാക്കിസ്ഥാന്റെ ഏറ്റവും വലിയ വിതരണക്കാരൻ. പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ ഉപയോഗിച്ചിട്ടുള്ള ആയുധങ്ങളും ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ, ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിലെ ഏറ്റവും വലിയ പദ്ധതി ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയാണ്. ഇന്ത്യയുടെ തന്ത്രപ്രധാനമായ നിരവധി മേഖലകളിൽ ചൈനയ്ക്കു സ്വാധീനം നല്കുന്ന ഇത് തെക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖം കേന്ദ്രീകരിച്ചാണ്. ചൈന-പാക്കിസ്ഥാൻ സഖ്യം ഇനി തന്ത്രപരമായ ഒത്തുചേരലല്ല; തന്ത്രപരമായ ധാരണ തന്നെയാണ് എന്നതിന്റെ തെളിവാണിത്. അതിനാൽ, ഇതേക്കുറിച്ച് ഇന്ത്യ സമഗ്രമായി പ്രതികരിക്കേണ്ടതുണ്ട്. ആഭ്യന്തരമായ സാമ്പത്തിക പ്രതിരോധം, അതിർത്തിയിലെ സൈനിക സജ്ജീകരണങ്ങൾ, ഇൻഡോ-പസഫിക് മേഖലയിലെ നയതന്ത്രപരമായ ഇടപെടൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ചൈനയുടെ ആക്രമണങ്ങൾ
ചൈന ഇന്ത്യക്കെതിരേ അതിർത്തി കടന്ന് നേരിട്ടുള്ള ആക്രമണവും നടത്തിയിട്ടുണ്ട്. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിലെ ക്രൂരമായ അധ്യായമായ ഗൽവാൻ യുദ്ധത്തിലെ മുറിപ്പാടുകൾ 2020ൽ അവർ വീണ്ടും തുറന്നു. ചൈനീസ് സൈന്യം ഗൽവാൻ താഴ്വരയിലെ നിയന്ത്രണരേഖ ലംഘിച്ചു നടത്തിയ ആക്രമണങ്ങൾ 20 ഇന്ത്യൻ സൈനികരുടെ മരണത്തിനു കാരണമായി. അരുണാചൽ പ്രദേശിനോടു ചേർന്നുള്ള ഹിമാലയൻ അതിർത്തിയിലെ ചൈനയുടെ ഉയർന്ന സൈനിക വിന്യാസവും പിരിമുറുക്കം വർധിപ്പിക്കുന്നു.
ഈ പ്രശ്നത്തിനിടയിലും റഷ്യയുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം ശക്തമായി നിലകൊണ്ടു. ശീതയുദ്ധത്തിലെ ചേരിചേരാ നയത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണ് ഈ ഉഭയകക്ഷി ബന്ധം. പരസ്പര ബഹുമാനമാണ് ബന്ധത്തിന്റെ അടിത്തറ. അതിനാൽ, എല്ലാ കാര്യങ്ങളിലും യോജിക്കുന്നില്ലെങ്കിലും ഇന്ത്യ നിർണായക പ്രതിരോധ ഉപകരണങ്ങൾ റഷ്യയിൽനിന്നു വാങ്ങുന്നു. ഈ വർഷം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ന്യൂഡൽഹി സന്ദർശിക്കുന്നുണ്ട്. എന്നാൽ, ഇവിടെപ്പോലും ഇന്ത്യക്ക് ആശങ്കയ്ക്കു വകയുണ്ട്; റഷ്യ ചൈനയെ കൂടുതൽ ആശ്രയിക്കുന്നതിനാൽ, റഷ്യയുമായുള്ള ഇന്ത്യയുടെ പങ്കാളിത്തത്തിൽ ദോഷകരമായ പാർശ്വഫലങ്ങൾ ഉണ്ടായേക്കാം.
ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാര കരാർ
ഭൗമരാഷ്ട്രീയത്തിലെ വർധിച്ചുവരുന്ന അപകടസാധ്യത കുറയ്ക്കുന്നതിന് ഇന്ത്യ രാജ്യാന്തര പങ്കാളിത്തം വൈവിധ്യവത്കരിക്കുകയാണ്. യൂറോപ്പ് അതിന്റെ വിതരണ ശൃംഖലകൾ പുനഃക്രമീകരിക്കാൻ ശ്രമിക്കുന്നതിനാൽ ഇന്ത്യക്ക് ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാര കരാർ ചർച്ച ചെയ്യാൻ അവസരം കിട്ടി. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര ചർച്ചകൾ വേഗത്തിലാക്കാനുമായി. ഫ്രാൻസും ജർമനിയും പോലുള്ള രാജ്യങ്ങൾ ചൈനയ്ക്ക് ഒരു ജനാധിപത്യ ബദലായി ഇന്ത്യയെ സ്വീകരിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ആഫ്രിക്കയുമായുള്ള ചരിത്രപരമായ ബന്ധങ്ങളും ഇന്ത്യ പുനരുജ്ജീവിപ്പിക്കുന്നു. ഉയർന്ന ജനസംഖ്യയും പ്രകൃതിവിഭവ സമ്പത്തുമുള്ള ആഫ്രിക്ക ആഗോളതലത്തിൽ ഇന്ത്യയുടെ ആഗ്രഹങ്ങളുടെ പ്രധാന ലക്ഷ്യമാണ്. ആഫ്രിക്കയെ ചൂഷണം ചെയ്യുന്ന സമീപനമാണ് ചൈനയുടേത്. ഇന്ത്യയാകട്ടെ പരസ്പരം പ്രയോജനകരമായ പങ്കാളിത്തം വളർത്താൻ ശ്രമിക്കുന്നു. ആഫ്രിക്കയിലെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ഇന്ത്യൻ നിക്ഷേപങ്ങളുണ്ട്.
ഇന്ത്യയുടെ താത്പര്യം മാനുഷികവും തന്ത്രപരവും
ഗൾഫ് മേഖലയിൽ ഇന്ത്യയുടെ താത്പര്യം മാനുഷികവും തന്ത്രപരവുമാണ്. എട്ട് ദശലക്ഷത്തിലധികം ഇന്ത്യക്കാർ ഈ മേഖലയിൽ താമസിക്കുന്നു, ജോലി ചെയ്യുന്നു. അവരുടെ വരുമാനം നാട്ടിലുള്ള കുടുംബങ്ങൾക്ക് സഹായമാണ്. എങ്കിലും എണ്ണയെ ആശ്രയിക്കുന്നതിനപ്പുറത്തേക്ക് ഗൾഫ് രാജ്യങ്ങൾ ശ്രമം തുടങ്ങിയതിനാൽ ഇന്ത്യക്ക് നൽകാൻ കൂടുതൽ കാര്യങ്ങളുണ്ട്: സാങ്കേതികവിദ്യ, നൈപുണ്യം, വ്യാപാരം. യുഎഇയുമായുള്ള ഇന്ത്യയുടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും സൗദി അറേബ്യയുമായി വർധിച്ചുവരുന്ന പ്രതിരോധ സഹകരണവും ബന്ധങ്ങളിലെ തന്ത്രപരമായ ആഴം കൂടുന്നതിനെ സൂചിപ്പിക്കുന്നു.
ഏഷ്യയിൽ, അന്തരിച്ച ജാപ്പനീസ് പ്രധാനമന്ത്രി ആബെ ഷിൻസോയുടെ നേതൃത്വം ഇന്ത്യ തീർച്ചയായും ഓർമിക്കുന്നുണ്ടാവും. പ്രത്യേകിച്ച് സുരക്ഷാരംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം കൂടുതൽ ആഴത്തിലാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ജപ്പാന്റെ ഇപ്പോഴത്തെ സർക്കാരും ഈ നയം തുടർന്നാൽ ഇന്ത്യ തീർച്ചയായും സ്വാഗതം ചെയ്യും.
തന്ത്രങ്ങൾക്കു വ്യക്തത വേണം
ഇന്ത്യയുടെ കരുത്ത് തന്ത്രപരമായ ചാഞ്ചല്യത്തിലാണ്. കർശനമായ സഖ്യങ്ങളല്ല, താൽപ്പര്യങ്ങളാണ് അതിനെ നയിക്കുന്നത്. അതിനാൽ, പ്രതിരോധത്തിലും സാങ്കേതികവിദ്യയിലും യുഎസുമായി, ഊർജത്തിലും ആയുധങ്ങളിലും റഷ്യയുമായി, വ്യാപാരത്തിലും കാലാവസ്ഥയിലും യൂറോപ്പുമായി, വികസനത്തിലും പ്രവാസികളിലും ആഫ്രിക്കയുമായും ഗൾഫുമായും ഇന്ത്യ ഇടപഴകുന്നു. എന്നാൽ, അത്തരം സങ്കീർ
Leader Page
ഇന്ത്യയും റഷ്യയും ചൈനയും ഉള്‍പ്പെടെ പത്തു രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ വാര്‍ഷിക ഉച്ചകോടി നാളെയും തിങ്കളാഴ്ചയുമായി ചൈനയുടെ ആതിഥേയത്തില്‍ ടിയാന്‍ജിനില്‍ നടക്കുകയാണ്. അംഗങ്ങളും അതിഥികളുമായി ഇരുപതില്പരം രാജ്യങ്ങള്‍ ഉച്ചകോടിയുടെ ഭാഗമാകും. സംഘടനയുടെ 25-ാം ഉച്ചകോടിയുടെയുമാണിത്. രാഷ്ട്രീയം, സാമ്പത്തികം, രാജ്യാന്തര സുരക്ഷ എന്നിവയാണ് ഉച്ചകോടിയുടെ മുഖ്യവിഷയങ്ങള്‍.
നിര്‍ണായക തീരുമാനങ്ങള്‍
ചൈനീസ് വിദേശകാര്യമന്ത്രി വാങ് ലീ ഡല്‍ഹിയില്‍ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷാങ്ഹായ് ഉച്ചകോടിയിലേയക്ക് ക്ഷണിച്ചിരിക്കുന്നത്. ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി പ്രത്യേകം ചര്‍ച്ച നടത്തുമെന്ന് നരേന്ദ്ര മോദി ഇതിനോടകം പ്രഖ്യാപിച്ചിട്ടുമുണ്ട്. 2024ല്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഇരുനേതാക്കളും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകള്‍ നേട്ടമായിരുന്നു. ഉച്ചകോടിക്കു മുമ്പുതന്നെ ചൈനയ്ക്കും ഇന്ത്യക്കും ഇടയില്‍ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനും യാത്രക്കാർക്കും ബിസിനസുകാർക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള വീസ എളുപ്പത്തില്‍ ലഭ്യമാക്കാനും ധാരണയായത് നേട്ടമാണ്. സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനുമായി നയതന്ത്ര, സൈനിക ചാനലുകള്‍ ശക്തിപ്പെടുത്താനും നടപടിയുണ്ടായി. ഈ അനുകൂല സാഹചര്യങ്ങള്‍ താത്കാലിക ക്രമീകരണങ്ങള്‍ മാത്രമാണ്.
അമേരിക്കയുടെ അടവുകള്‍
ഇന്ത്യയെ വെല്ലുവിളിക്കാനും വിരട്ടാനും അമേരിക്ക ബോധപൂര്‍വം പാക്കിസ്ഥാനുമായി സൗഹൃദം അടുത്ത നാളുകളില്‍ ഉയര്‍ത്തിക്കാട്ടുന്നു. പഹല്‍ഗാം ഭീകരാക്രമത്തിനുശേഷം ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ യുദ്ധം ഒഴിവാക്കി സമാധാനം സ്ഥാപിച്ചത് താനാണെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിപ്പറഞ്ഞിട്ടും വീണ്ടും പലവേദികളിലും ആവര്‍ത്തിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും അംഗങ്ങളായ രാജ്യാന്തര കൂട്ടായ്മകള്‍ വളരെ കുറവാണ്. സാര്‍ക്കില്‍ പാക്കിസ്ഥാനും ഇന്ത്യയും അംഗങ്ങളാണെങ്കിലും ഇന്ത്യയുടെ എതിര്‍പ്പുമൂലം സാര്ക്കിപ്പോള് നിര്‍ജീവമാണ്. സാര്‍ക്കിന് ബദലൊരുക്കാന്‍ ചൈന മുന്നോട്ടു വന്നിരിക്കുന്നുവെന്നതും പ്രത്യേകമായി കാണണം.
ആഗോളതലത്തില്‍ അനുദിനം ശക്തിപ്പെടുന്ന ബ്രിക്സ് കൂട്ടായ്മയെ അമേരിക്ക ഇപ്പോൾ ഭയപ്പെടുന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളിലൂടെ പത്തംഗ കൂട്ടായ്മയായി ബ്രിക്സ് വളരുകയും 40ല്‍പരം രാജ്യങ്ങള്‍ ബ്രിക്സില്‍ പങ്കാളിത്തത്തിനു ശ്രമിക്കുകയും ചെയ്യുമ്പോള്‍ ഏറ്റവും തിരിച്ചടി നേരിടുന്നത് അമേരിക്കയുടെ ആഗോള കച്ചവടത്തിനാണ്. അമേരിക്കയുടെ വ്യാപാരതീരുവയുദ്ധം തുടരുമ്പോള്‍ ബ്രിക്സ് രാജ്യങ്ങളായ ഇന്ത്യ-ചൈന-റഷ്യ പങ്കാളികളായ ഷാങ്ഹായ് ഉച്ചകോടി ഡോളറിനെ പുറന്തള്ളാന്‍ തീരുമാനിച്ചാല്‍ തിരിച്ചടി കൂടുതൽ നേരിടുന്നത് അമേരിക്കന്‍ സമ്പദ്ഘടനയ്ക്കാണ്.
ഇന്ത്യ-റഷ്യ ബന്ധം
ഇന്ത്യ-റഷ്യ-ചൈന സഹകരണത്തിന്റെ അനന്തസാധ്യതകളിലേക്ക് ഷാങ്ഹായ് ഉച്ചകോടി വിരല്‍ചൂണ്ടും. ഈ സഖ്യം നിലനിന്നാല്‍ അമേരിക്കന്‍ അപ്രമാദിത്വത്തിനും ജി7 അംഗരാജ്യങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന ആഗോള സാമ്പത്തിക വ്യാപാരകൂട്ടായ്മയായി മാറും.
റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ എതിര്‍ത്തുകൊണ്ടാണ് ട്രംപ് ഒരു സുപ്രഭാതത്തില്‍ ഇറക്കുമതിത്തീരുവ 50 ശതമാനമായി ഉയര്‍ത്തിയത്. ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ അഞ്ചു ശതമാനം വിലക്കിഴിവ് നല്കി റഷ്യ തിരിച്ചടിച്ചതോടെ ട്രംപിന്റെ ആവേശം കുറഞ്ഞു. റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണ ശുദ്ധീകരിച്ച് യൂറോപ്പ് ഉള്‍പ്പെടെയുള്ള വിപണിയിലേക്ക് ഇന്ത്യ മറിച്ചുവില്‍ക്കുന്നുവെന്ന അമേരിക്കന്‍ ആരോപണത്തെ ഇന്ത്യയും റഷ്യയും മുഖവിലയ്ക്കെടുത്തില്ല. മറിച്ച് ഇന്ത്യ-റഷ്യ ഊര്‍ജസഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യ-റഷ്യ നയതന്ത്രം കൂടുതല്‍ ആഴത്തിലാണിന്ന്. ഇതിന് തെളിവാണ് ഇന്ത്യയുടെ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലിന് റഷ്യ നല്കിയ ഊഷ്മള വരവേല്‍പ്പും തുടര്‍ന്ന് നടന്ന മോദി-പുടിന് ടെലിഫോണ്‍ ചര്‍ച്ചകളും.
പ്രതീക്ഷകള്‍ വേണ്ട
ഇന്ത്യയെ എക്കാലവും ശത്രുപക്ഷത്തു നിന്ന് എതിര്‍ത്ത ചൈനയും നിരന്തര ഭീകരാക്രമണം അഴിച്ചുവിടുന്ന പാക്കിസ്ഥാനും ചൈനയുടെ ഔദാര്യം സ്വീകരിച്ചു കഴിയുന്ന ചെറുരാജ്യങ്ങളുമുള്ക്കൊള്ളുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ ഇന്ത്യക്ക് കൂടുതല്‍ പ്രതീക്ഷകള്‍ വേണ്ട. അതേസമയം, അമേരിക്കയുടെ വ്യാപരതീരുവയുദ്ധത്തിനും ലോകപോലീസായി സകലരെയും അടക്കിവാഴാമെന്ന അധികാര അഹങ്കാരത്തിനും മറുപടി അനിവാര്യമാണുതാനും.
ഇന്ത്യ-ചൈന-റഷ്യ അച്ചുതണ്ടുകള്‍ കരുത്താര്‍ജിച്ചാല്‍ അമേരിക്കയ്ക്ക് ശക്തമായ താക്കീതാകുമെങ്കിലും ഷാങ്ഹായ് കൂട്ടായ്മയുടെ ഭാവിയിലും ആശങ്കകളേറെയുണ്ട്. അമേരിക്കന്‍ അധിനിവേശത്തെ മറികടക്കാനുള്ള താത്കാലിക മറുമരുന്ന് എന്നതിലുപരി ഷാങ്ഹായ് ഉച്ചകോടിയെ ഇന്ത്യ മുഖവിലയ്ക്കെടുക്കുന്നതും അപകടമാണ്. അതേസമയം, അയല്‍രാജ്യങ്ങളെ പിണക്കാതെ കൂടെനിര്‍ത്തി നീങ്ങേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യവുമാണ്.
ചൈനയെ വിശ്വസിക്കാമോ?
ചൈനയെ ഇന്ത്യക്കു വിശ്വസിക്കാമോ എന്ന ചോദ്യം വിവിധ കോണുകളില്‍നിന്നുയരുന്നത് നിസാരവത്കരിക്കരുത്. കഴിഞ്ഞകാല അനുഭവങ്ങള്‍ ആ ദിശയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഇന്ത്യയിലെ അയല്‍രാജ്യങ്ങളിലെ ചൈനീസ് സ്വാധീനം ചെറുതൊന്നുമല്ല. ശ്രീലങ്ക കേന്ദ്രീകരിച്ച് ചൈന ലക്ഷ്യമിട്ടത് ഇന്ത്യയെയാണെങ്കിലും ആ രാജ്യത്തെ കടക്കെണിയിലാഴ്ത്തി വരുതിയിലാക്കി കൈവിടാനും ചൈന മടിച്ചില്ല.
ഇന്ത്യയുമായി 2009ല്‍ സ്വതന്ത്ര വ്യാപാരക്കരാറിലേര്‍പ്പെട്ട ആസിയാന്‍ രാജ്യങ്ങള്‍ പലതും ചൈനയുടെ ബിനാമികളാണ്. ഇന്ത്യയും ചൈനയുമായി സ്വതന്ത്രവ്യാപാരക്കരാറില്ല. അതേസമയം ഇന്ത്യന്‍ ആഭ്യന്തരവിപണിയുടെ 24 ശതമാനവും ചൈനീസ് ഉത്പന്നങ്ങളിന്ന് കൈയടക്കിയിരിക്കുന്നു. ഇതെങ്ങനെയെന്ന ചോദ്യത്തിന് ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാറിന്റെ അനന്തരഫലമെന്നാണ് ഉത്തരം.
ഇന്ത്യയോടുള്ള സ്നേഹമല്ല, അമേരിക്കയോടുള്ള ചൈനയുടെ എതിര്‍പ്പാണ് ഇപ്പോഴുള്ള അടുപ്പത്തിന്റെയും ആത്മബന്ധത്തിന്റെയും പിന്നാമ്പുറം. അമേരിക്കയുടെ തീരുവയുദ്ധത്തില്‍ ഇരയായി എന്ന കാരണംകൊണ്ട് മറ്റു വാണിജ്യ പങ്കാളികളെ കണ്ടെത്തേണ്ടതും ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടതും ഇന്ത്യയുടെയും ആവശ്യമാണ്. പക്ഷേ ഇതു മനസിലാക്കി ചൈന മുതലെടുക്കാന്‍ ശ്രമിച്ചാല്‍ തടയിടാന്‍ ഇന്ത്യക്ക് സാധിക്കണം.
ഓപ്പറേഷന് സിന്ദൂറില്‍ ചൈനയില്‍നിന്നുള്ള പിന്തുണ പാക്കിസ്ഥാന് ലഭിച്ചുവെന്നുള്ളത് പകല്‍പോലെ വ്യക്തം. തകര്‍ന്ന സമ്പദ്വ്യവസ്ഥയില് നിലനില്പിനായി ആരെയും കൂട്ടുപിടക്കുന്ന ഗതികേടിലാണ് പട്ടാളവും മതവും നിയന്ത്രിക്കുന്ന പാക്കിസ്ഥാന് ഭരണകൂടമിന്ന്. ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍ ഷാങ്ഹായ് ഉച്ചകോടി പുറംമോടിക്കപ്പുറം ലക്ഷ്യം കാണുമോയെന്നതും സംശയമാണ്.
ഉച്ചകോടിക്ക് മുന്നൊരുക്കമായി 2025 ജൂണില്‍ നടന്ന ഷാങ്ഹായ് അംഗരാജ്യ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തില്‍ ബലൂചിസ്താന്‍ വിഷയത്തോടൊപ്പം പഹല്‍ഗാം ഭീകരാക്രമണവും പരാമര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കാതെ ഇന്ത്യ പിന്മാറിയിരുന്നു. പിന്നീട് പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ദ റസിസ്റ്റന്റ്സ് ഫ്രണ്ടിനെ അമേരിക്ക ഭീകരസംഘടനയായി മുദ്രകുത്തിയപ്പോള്‍ ഭീകരാക്രമണത്തെ അപലപിച്ച് പ്രസ്താനവയിറക്കാന് ചൈന നിര്‍ബന്ധിതമായി. ഈ പശ്ചാത്തലത്തില്‍ ഷാങ്ഹായ് ഉച്ചകോടിയില്‍ വ്യാപാരവിഷയങ്ങള്‍ പ്രാദേശിക സുരക്ഷ, അതിര്‍ത്തി പ്രശ്നങ്ങള്‍ എന്നിവയോടൊപ്പം ഭീകരവാദവും ചര്‍ച്ച ചെയ്യണമെന്ന നിലപാട് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകും.
Leader Page
സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ നിർണായകമായ ചില നികുതി പരിഷ്കാര നിർദേശങ്ങൾ ചർച്ച ചെയ്യുകയാണ്. നിലവിലുള്ള ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകളുടെ തട്ടുകൾ പകുതിയാക്കാനുള്ള നിർദേശമായിരിക്കും പരിഗണിക്കുക. ജിഎസ്ടിക്കു നിലവിൽ നാലു നികുതി നിരക്കുകളുണ്ട്. അഞ്ച്, 12, 18, 28 എന്നിങ്ങനെ. ഇത് രണ്ടു നിരക്കുകളായി കുറയ്ക്കണമെന്നതാണ് കേന്ദ്രസർക്കാരിന്റെ ആവശ്യം. ജിഎസ്ടിയെ രണ്ടു സ്ലാബുകളിൽ മാത്രമായി നിലനിര്‍ത്താനാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. അതായത് അഞ്ച്, 18 എന്നിങ്ങനെ നികുതിനിരക്കുകൾ മതിയെന്നതാണു നിലപാട്. ഇതിന് ജിഎസ്ടി കൗൺസിലിന്റെ അംഗീകാരം തേടാനായാണ് ഇപ്പോൾ യോഗം വിളിച്ചിട്ടുള്ളത്.
ജിഎസ്ടിയുടെ നിരക്ക് യുക്തിസഹമാക്കുന്നതിനെക്കുറിച്ചു പഠിക്കുന്നതിന് ഒരു മന്ത്രിതല സമിതിയെ ജിഎസ്ടി കൗൺസിലിൽ ചുമതലപ്പെടുത്തിയിരുന്നു. കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളുടെ ധനമന്ത്രിമാർ ഉൾപ്പെട്ടതാണു സമിതി. 2017-18ൽ 28 ശതമാനം നികുതിനിരക്കിലുണ്ടായിരുന്ന 224 ആഡംബര ഉത്പന്നങ്ങളിൽ 178 എണ്ണത്തിന്റെ നികുതി 18 ശതമാനത്തിലേക്കു താഴ്ത്തി. ഈ നികുതിമാറ്റത്തിലൂടെ സാധനങ്ങളുടെ വില കുറയുമെന്ന ന്യായം ഉയർത്തിയായിരുന്നു അന്നത്തെ നികുതി കുറയ്ക്കൽ തീരുമാനം നടപ്പാക്കിയത്. നേർവിപരീത ഫലമാണ് ഉണ്ടായത്. കേരളം പ്രത്യേക താത്പര്യമെടുത്ത് ഇക്കാര്യത്തിൽ ഒരു പരിശോധന നടത്തി. റഫ്രിജറേറ്റർ ഉൾപ്പെടെ 25 ഇനങ്ങൾ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, ഒന്നിനുപോലും വില കുറഞ്ഞില്ലെന്നു കണ്ടെത്തി. പകരം ഇവ ഉത്പാദിപ്പിക്കുന്ന കമ്പനികൾക്കാണു നേട്ടമുണ്ടായത്.
2018-19ൽ കേരളത്തിനു ലഭിച്ച ജിഎസ്ടി നഷ്ടപരിഹാരം 3,532 കോടി രൂപയായിരുന്നു. 2019-20ൽ നഷ്ടപരിഹാരം 8,111 കോടി രൂപയായി ഉയർന്നു. 2017-18ൽ നടപ്പാക്കിയ നികുതി കുറയ്ക്കലാണ് അടുത്ത വർഷങ്ങളിൽ നഷ്ടപരിഹാരം ഉയർത്തിയത്. നിരക്ക് കുറയ്ക്കുന്നതുമൂലം ഉത്പന്നങ്ങളുടെ വിലയിൽ മാറ്റമുണ്ടാകുന്നില്ലെന്നത് കേരളം ജിഎസ്ടി കൗൺസിലിനെയും നിരക്ക് യുക്തിസഹമാക്കുന്നതിനായി ശിപാർശകൾക്ക് ചുമതലപ്പെടുത്തിയ മന്ത്രിതല സമിതിയെയും ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഈ മന്ത്രിതല സമിതിയെയും ജിഎസ്ടി കൗൺസിലിനെയും നോക്കുകുത്തിയാക്കിയാണ് സ്വാതന്ത്ര്യദിനത്തിൽ ജിഎസ്ടി പരിഷ്കരണ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.
നികുതിവരുമാനത്തിലുണ്ടാകാവുന്ന പ്രത്യാഘാതം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഒരു പഠനവും ഇല്ലാതെയാണു പുതിയ ജിഎസ്ടി പരിഷ്കരണ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഇപ്പോൾ നിർദേശിച്ചിട്ടുള്ള നികുതി പരിഷ്കരണങ്ങൾ നടപ്പായാൽ കേരളത്തിന് ഏതാണ്ട് 8,000 മുതൽ 9,000 കോടി രൂപയുടെ അധിക വരുമാനനഷ്ടം ഉണ്ടാകുമെന്നാണു പ്രാഥമിക വിലയിരുത്തൽ. ഓട്ടോമൊബൈൽ മേഖലയിലെ 28 ശതമാനം നികുതി 18 ശതമാനത്തിലേക്കു താഴ്ത്തിയാൽ, പ്രതിവർഷം 1100 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകാം. സിമന്റ് ഉൾപ്പെടെയുള്ള വൈറ്റ് ഗുഡ്സ് മേഖലയിലും വലിയ വരുമാനനഷ്ടമുണ്ടാകും. കേരളത്തിലെ വിൽപ്പന നടത്തുന്ന ഉപഭോഗ ഉത്പന്നങ്ങളുടെ വലിയൊരു ഭാഗം 18-28 നികുതിനിരക്കിൽ ഉൾപ്പെടുന്നതാണ്. ഈ ഉത്പന്നങ്ങളുടെ ജിഎസ്ടി വലിയതോതിൽ കുറയ്ക്കുന്നത് സംസ്ഥാനങ്ങൾക്കു വലിയ വരുമാനനഷ്ടം വരുത്തും.
ഇൻഷ്വറൻസ് പ്രീമിയത്തിന് ജിഎസ്ടി ഒഴിവാക്കുമ്പോൾ കേരളത്തിനുമാത്രം 500 കോടി രൂപയ്ക്കടുത്തു വരുമാന നഷ്ടമുണ്ടാകും. കേരളമടക്കം പല സംസ്ഥാനങ്ങളും ദരിദ്രവിഭാഗങ്ങൾക്കായി പ്രത്യേക ഇൻഷ്വറൻസ് പദ്ധതി ഏർപ്പെടുത്തിയിട്ടുണ്ട്. കേരളം 42 ലക്ഷത്തിൽപരം കുടുംബങ്ങൾക്കു പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ ഉറപ്പാക്കാനായി ഏതാണ്ട് 1500 കോടി രൂപയാണു ചെലവഴിക്കുന്നത്. ഇൻഷ്വറൻസ് പ്രീമിയത്തിൽനിന്നുള്ള നികുതി വരുമാനനഷ്ടം കൂടിയാകുമ്പോൾ ഇത്തരം പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നതിനു പ്രയാസമാകും.
കേരള ലോട്ടറിയെയും പുതിയ നികുതി നിർദേശം സാരമായി ബാധിക്കാം. നിലവിലെ 28 ശതമാനം നികുതി 40 ശതമാനമായി ഉയർത്താനാണു നീക്കം. ഇത് കേരള ലോട്ടറിയെ തകർക്കും. ഏജന്റുമാരും വിൽപ്പനക്കാരുമടക്കം രണ്ടു ലക്ഷത്തിൽപരം പേരുടെ കുടുംബത്തിന്റെ ജീവനോപാധിയാണ് കേരള ലോട്ടറി.
ജിഎസ്ടി നിരക്ക് ഇനിയും കുറയ്ക്കുന്നതിനെ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്ന സംസ്ഥാന സർക്കാരുകൾപോലും അനുകൂലിക്കുന്നില്ലെന്നതാണു യാഥാർഥ്യം. പുതിയ പരിഷ്കാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 60,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെട്ടത്. എന്നാൽ, ഏതാണ്ട് നാലു ലക്ഷം കോടിയിൽപരം രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്നാണു പൊതുവിലയിരുത്തൽ.
ഇതിന്റെ യാഥാർഥ ഭാരം ചുമക്കേണ്ടിവരിക കേരളം പോലുള്ള സംസ്ഥാനങ്ങളാണ്. കേന്ദ്രസർക്കാരിനു മറ്റ് വരുമാനമാർഗങ്ങളുണ്ട്. പൊതുമേഖലാ ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും ലാഭവിഹിതമായി കഴിഞ്ഞവർഷം 2.89 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിനു ലഭിച്ചത്. ഈ വർഷം 3.25 ലക്ഷം കോടി രൂപ ലഭിക്കുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്. കഴിഞ്ഞവർഷം റിസർവ് ബാങ്ക് കരുതൽ ധനത്തിൽനിന്ന് 2.69 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിനു നൽകിയത്. ഇതിനെല്ലാം പുറമെയാണ് വിവിധ സെസുകളിലൂടെ വൻ തുക പിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 20 ശതമാനത്തോളം സെസുകളിൽനിന്നാണു ലഭിക്കുന്നത്. 2016-17 മുതൽ 2022-23 വരെ പിരിച്ച സെസിന്റെ കണക്കുകൾ പരിശോധിച്ചാൽ 15.34 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിനു ലഭിച്ചത്. ഈ വലിയ തുകകളിൽ ഒരു രൂപപോലും സംസ്ഥാനങ്ങൾക്ക് വിഭജിച്ച് നൽകിയിട്ടില്ല. കേന്ദ്ര സർക്കാർ ഇഷ്ടംപോലെ ചെലവഴിക്കുകയായിരുന്നു.
ജിഎസ്ടി പരിഷ്കരണം പാവപ്പെട്ടവർക്കും മധ്യവരുമാനക്കാർക്കും നേട്ടമുണ്ടാക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എന്നാൽ, ഇത് നികുതിഭാരം കുറയ്ക്കൽ ലക്ഷ്യമിട്ടുള്ള നടപടിയല്ല. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു മുന്നിൽ രാജ്യത്തിന്റെ കീഴടങ്ങലാണ്. മരിച്ച സമ്പദ്ഘടന എന്നാണ് ഇന്ത്യൻ സമ്പദ്ഘടനയെ ട്രംപ് പരിഹസിച്ചത്. നമ്മുടെ ഉയർന്ന നികുതിനിരക്കാണ് ഈ മരവിപ്പിനു കാരണമെന്നും അതു കുറയ്ക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്. പകരച്ചുങ്കവും എണ്ണച്ചുങ്കവും അടിച്ചേൽപ്പിക്കുക വഴി ട്രംപ് ലക്ഷ്യമിട്ടത് ഈ നികുതികൾ കുറപ്പിക്കുക, അമേരിക്കൻ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്ത്യയിലേക്കു യഥേഷ്ടം എത്തിച്ച് വിൽക്കാനുള്ള അവസരമൊരുക്കുക എന്നതാണ്. ട്രംപ്-മോദി കൂട്ടുകെട്ട് അത് യാഥാർഥ്യമാക്കുകയാണ്. ഇത് ട്രംപിനുവേണ്ടിയുള്ള മോദിയുടെ പാതതെളിക്കലാണ്.
മോദിക്ക് രാജ്യതാത്പര്യം മത്രമല്ല, വ്യക്തിതാത്പര്യവും ഇക്കാര്യത്തിലുണ്ട്. 2025 സാമ്പത്തികവർഷത്തിൽ ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാരം 11.47 ലക്ഷം കോടി രൂപയുടേതാണ്. ഇതിൽ 7.3 ലക്ഷം കോടി അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മൂല്യമാണ്. അതിൽ ചരക്കുകളും സേവനങ്ങളും ഉൾപ്പെടുന്നു. അതേസമയം, യുഎസിൽനിന്നുള്ള ഇറക്കുമതി മൂല്യം 3.94 ലക്ഷം കോടി രൂപയായിരുന്നു. 3.58 ലക്ഷം കോടി രൂപയുടെ വ്യാപാരമിച്ചം ഇന്ത്യക്ക് അമേരിക്കയുമായി ഉണ്ടായിരുന്നു. ഇതിൽ മാറ്റമാണ് ട്രംപ് ആഗ്രഹിക്കുന്നത്.
ഒപ്പം ട്രംപിന് വ്യക്തിപരമായും ഇന്ത്യൻ വിപണയിൽ താത്പര്യമുണ്ട്. ട്രംപിന്റെ കമ്പനിക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഒന്നാംകിട ബിൽഡർമാരുമായി പങ്കാളിത്തമുണ്ട്. ഇത്തരം ദേശീയവും വ്യക്തിപരവുമായ താത്പര്യങ്ങൾ സംരക്ഷിക്കാൻ ട്രംപിന് ഇന്ത്യൻ വിപണി പൂർണമായും തുറന്നുകിട്ടണം. തങ്ങളുടെ ഇന്ത്യയുമായുള്ള വ്യാപാരക്കമ്മി മറികടന്ന് വ്യാപാരമിച്ചത്തിലേക്കു കച്ചവടം കൊഴുപ്പിക്കണം. അതിന് ഇന്ത്യയിലെ ജിഎസ്ടി നികുതിഘടനയിൽ പൊളിച്ചെഴുത്തു വേണം. നികുതിനിരക്കുകൾ വൻതോതിൽ കുറയ്ക്കണം. അതിനുള്ള വഴിയൊരുക്കലിനായാണു തീരുവ യുദ്ധം പ്രഖ്യാപിച്ചത്. ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചകളെ ആയുധമാക്കി സമ്മർദതന്ത്രം പ്രയോഗിക്കുന്നതിന്റെ ഭാഗമായാണ് തീരുവ യുദ്ധവും പ്രഖ്യാപിച്ചത്.
ട്രംപ് പ്രഖ്യാപിച്ച തീരുവ യുദ്ധവും പ്രധാനമന്ത്രി പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്കരണവും ഫലത്തിൽ കേരളത്തിന് ഇരട്ട ഇരുട്ടടിയാണ്. പകരച്ചുങ്കവും എണ്ണച്ചുങ്കവും നമ്മുടെ കയറ്റുമതി മേഖലയെ വല്ലാതെ ബാധിക്കും. 2023-24ൽ അമേരിക്കയിലേക്ക് ഇന്ത്യയിൽനിന്ന് 36,958 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്തിരുന്നു. ഇതിൽ കേരളത്തിന്റെ പങ്ക് 6,410 കോടി രൂപയുടേതാണ്. 17.34 ശതമാനം. ചൈന കഴിഞ്ഞാൽ കേരളത്തിൽനിന്നാണ് അമേരിക്ക ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ ഇറക്കുമതി ചെയ്യുന്നത്. സമുദ്രോത്പന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ 12 ശതമാനം കേരളമാണു സംഭാവന ചെയ്യുന്നത്. 2023-24ൽ 7,232 കോടി രൂപയുടെ കയറ്റുമതിയുണ്ടായി. അമേരിക്കൻ അധികച്ചുങ്ക നയം കേരളത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി വ്യവസായത്തെ സാരമായി ബാധിക്കും. കയർ വ്യവസായവും ഭീഷണിയിലാണ്. മാറ്റ്സ്, ബ്രഷ്, കൊക്കോ പിറ്റ് ഉൾപ്പെടെയുള്ള കയർ ഉത്പന്നങ്ങളാണ് നിലവിൽ അമേരിക്കയിലേക്ക് അയയ്ക്കുന്നത്. അതു നിലയ്ക്കും. ചെറുകിട, സഹകരണ കയർ സ്ഥാപനങ്ങളുടെയും കയർ തൊഴിലാളികളുടെയും ഭാവി അനിശ്ചിതത്വത്തിലാകും. ഇതെല്ലാം നമ്മുടെ ആഭ്യന്തര ഉത്പാദന വളർച്ചയെ തളർത്തും.
നമ്മുടെ നികുതി വരുമാനനഷ്ടം സർക്കാരുകളുടെ ചെലവുകൾ ചുരുക്കാൻ നിർബന്ധിതമാക്കും. സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പപരിപാടികളെയും അടിസ്ഥാനസൗകര്യ വികസന പദ്ധതികളെയും സാരമായി ബാധിക്കാനും സാധ്യതയുണ്ട്. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന റവന്യു നഷ്ടം പരിഹരിക്കാൻ കേന്ദ്രസർക്കാരിനു ബാധ്യതയുണ്ട്. ഒപ്പം, ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണം. അതിനാൽ രണ്ടു വിഷയത്തിലും സംസ്ഥാന താത്പര്യങ്ങൾ സംരക്ഷിക്കാൻ നമുക്ക് ഒരുമിച്ചു നിൽക്കണ്ടതുണ്ട്.
Leader Page
ഇന്ന് (ഇന്ത്യൻ സമയം) അർധരാത്രി കഴിയുമ്പോൾ അലാസ്കയിൽ രണ്ടുപേർ തമ്മിൽ നടക്കുന്ന ചർച്ച ഇന്ത്യക്കു നിർണായകം. ആ ചർച്ചയിൽ ഇന്ത്യ വിഷയമല്ല. പക്ഷേ, ചർച്ചയുടെ ജയപരാജയങ്ങൾ ഇന്ത്യയുടെ സമീപഭാവിയിലെ സാമ്പത്തിക- നയതന്ത്ര ചലനങ്ങളെ നിയന്ത്രിക്കും.
യുക്രെയ്നിൽ മൂന്നര വർഷം പിന്നിട്ട റഷ്യൻ ആക്രമണം അവസാനിപ്പിക്കാനാണു ചർച്ച. പക്ഷേ ചർച്ചയുടെ വിജയം ഇന്ത്യക്ക് വലിയ ആശ്വാസമാകും. പരാജയം ട്രംപിന്റെ തീരുവ ആക്രമണം രൂക്ഷമാക്കും. അത് ഇന്ത്യക്കു ചെറുതല്ലാത്ത ദുരിതമുണ്ടാക്കും.
ഇന്നത്തെ ചർച്ചയിൽ രണ്ടുപേർ മാത്രം - അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും. യുക്രെയ്ന്റെ ഭാവിയും അതിർത്തിയും തീരുമാനിക്കാവുന്ന ചർച്ചയിൽ അവിടത്തെ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പങ്കാളിയല്ല.
മൂവരുടെയും പേരിന് (ഡോണൾഡ്, വ്ലാദിമിർ, വൊളോഡിമിർ) ഒരേ അർഥമാണ്. ലോകത്തിന്റെ അധികാരി അഥവാ തലവൻ എന്ന്. ആരാണ് ആ പേരിനു ശരിക്കും അർഹനെന്നു നാളെ അറിയാനായേക്കും. ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും പുടിന്റെ പ്രത്യേക ദൂതൻ കിരിൽ ദിമിത്രിയേവും ചർച്ചയിലുണ്ടാകും.
അലാസ്കയിലെ ആങ്കറേജിനു സമീപമുള്ള യുഎസ് സേനാ താവളമായ എൽമെൻഡോർഫ് - റിച്ചാർഡ്സണിലാണു ചർച്ച. ശീതയുദ്ധകാലത്തും ഇന്നും റഷ്യയുടെ വടക്കുകിഴക്കൻ തീരം നിരീക്ഷിക്കാനുള്ള സന്നാഹം ഇവിടെയാണ്. 72 ലക്ഷം ഡോളർ നൽകി 1867ൽ റഷ്യൻ ചക്രവർത്തി അലക്സാണ്ടർ രണ്ടാമനാണ് അലാസ്ക അമേരിക്കയ്ക്കു കൈമാറിയത്.
ട്രംപിനെന്ത് അധികാരം?
സമാധാന ചർച്ചകളിൽ വിട്ടുവീഴ്ച സാധാരണം. ഇവിടെ യുക്രെയ്നു പ്രാതിനിധ്യമില്ലാതെ അതിർത്തി മാറ്റിവരയ്ക്കാൻ ട്രംപ് സമ്മതിച്ചാൽ അതു സെലൻസ്കിയും യുക്രെയ്ൻ ജനതയും സമ്മതിക്കുമോ എന്നതു വലിയ ചോദ്യമാണ്. പക്ഷേ ട്രംപ് അതു കാര്യമാക്കില്ല. താൻ പറഞ്ഞതു കേട്ടില്ലെങ്കിൽ നിങ്ങൾ സ്വന്തം പണംകൊണ്ടു യുദ്ധം ചെയ്യാൻ ട്രംപ് പറയും; അത്രമാത്രം.
പക്ഷേ അധികാരമേറ്റപ്പോൾ ഉണ്ടായിരുന്ന അമിത ആത്മവിശ്വാസം ഇപ്പോൾ ട്രംപിനില്ല. അതുകൊണ്ടാണ് “രണ്ടു മിനിറ്റു കൊണ്ട് പുടിന്റെ മനസ് താൻ മനസിലാക്കും” എന്നും കാര്യം നടന്നില്ലെങ്കിൽ റഷ്യക്കു കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞത്.
ഇന്ത്യക്കു ഭീഷണി
ചർച്ചയിൽ ഒരുവിധത്തിലും കക്ഷിയല്ലാത്ത ഇന്ത്യയെ ഈ വിഷയം ഉപയോഗിച്ചു ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ചർച്ച വിജയിച്ചില്ലെങ്കിൽ ഇന്ത്യയും മറ്റും കൂടുതൽ പിഴച്ചുങ്കവും ഉപരോധവും നേരിടേണ്ടിവരും എന്നാണു ട്രംപ് പറയുന്നത്. തന്റെ സമാധാന നിർദേശങ്ങൾ സ്വീകരിക്കാൻ റഷയുടെമേൽ ഇന്ത്യ സമ്മർദം ചെലുത്തണമെന്നാണു ട്രംപ് ഉദ്ദേശിക്കുന്നത്.
ഇന്ത്യക്കു കൂടുതൽ പിഴച്ചുങ്കം ചുമത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും ഭീഷണി മുഴക്കി. 50 ശതമാനമെന്ന ഞെരുക്കുന്ന തീരുവയിൽനിന്നു നൂറു ശതമാനം നിരക്കിലേക്കും മറ്റും എത്തിയാൽ അമേരിക്കയിലേക്കുള്ള കയറ്റുമതി ഇല്ലാതാകും. യൂറോപ്യൻ രാജ്യങ്ങളെയും പുതിയ നീക്കത്തിൽ പങ്കാളികളാകാൻ അമേരിക്ക ആഹ്വാനം ചെയ്തു. ഉപരോധങ്ങൾ ഏതു തരം എന്നു ബെസന്റ് പറഞ്ഞിട്ടില്ല. ഇന്ത്യൻ സാമ്പത്തികവളർച്ച തടയാൻ തക്ക നടപടികളായി അതു മാറുമോയെന്നു ഭീതിയുണ്ട്. ട്രംപ് ഭരണകൂടം എതിർപ്പിലായാൽ അമേരിക്കയിൽനിന്നും മറ്റുമുള്ള മൂലധനവരവും തടസപ്പെടാം.
വിജയിക്കണമെന്ന് ഇന്ത്യൻ പ്രാർഥന
ട്രംപ് - പുടിൻ ചർച്ച ധാരണയിലേക്കു നീങ്ങിയാൽ ഇന്ത്യയുടെമേൽനിന്ന് 25 ശതമാനം പിഴച്ചുങ്കം മാറാം. അതുകൊണ്ടാണു ചർച്ച വിജയിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നത്.
ട്രംപ് ഇന്ത്യയുമായി സൗഹൃദം തുടരുന്നില്ലെങ്കിൽ മറ്റു ശക്തികളുമായി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ തീവ്രശ്രമം നടത്തുന്നുണ്ട്. അടുത്തദിവസം ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലും ഇന്ത്യൻ വിദേശകാര്യമന്ത്രി റഷ്യയിലും എത്തും. ചൈനയിലേക്കു നേരിട്ടുള്ള വിമാനസർവീസ് പുനരാരംഭിക്കുന്നതും ചൈനക്കാർക്കുണ്ടായിരുന്ന വീസവിലക്കു നീക്കിയതും ഇതിന്റെ ഭാഗമാണ്. സെപ്റ്റംബർ രണ്ടാംവാരത്തിൽ യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ട്രംപിനെ കാണാനും ഉദ്ദേശിക്കുന്നുണ്ട്. എല്ലാം ഇന്നു രാത്രിയിലെ ചർച്ചയെ ആശ്രയിച്ചിരിക്കുന്നു.
മ്യൂണിക് സന്ധി എന്ന ദുരന്തം
രണ്ടാം ലോകയുദ്ധത്തിനുമുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി നെവിൽ ചേംബർലെയ്ൻ മ്യൂണിക്കിലെത്തി ജർമൻ സർവാധിപതി അഡോൾഫ് ഹിറ്റ്ലറെ കണ്ടു ചർച്ച നടത്തി. ജർമനിക്കു ചെക്കോസ്ലോവാക്യയിലെ സുഡേറ്റൻലാൻഡ് (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്) കൈവശമാക്കാനുള്ള ഹിറ്റ്ലറുടെ ആവശ്യം അംഗീകരിച്ചാണു ചേംബർലെയ്ൻ മടങ്ങിയത്. ഇനി ബ്രിട്ടനു ഭയം വേണ്ട, യൂറോപ്പ് സമാധാനത്തിലാകുമെന്ന് അദ്ദേഹം ജനങ്ങളോടു പറഞ്ഞു. പക്ഷേ ഹിറ്റ്ലറുടെ വിനാശകരമായ പടയോട്ടം തുടങ്ങാനുള്ള അനുമതിയായി മ്യൂണിക് സന്ധി മാറിയതു ചരിത്രം. അലാസ്കാ ചർച്ചയുടെ പശ്ചാത്തലത്തിൽ മൂണിക് സന്ധിയെപ്പറ്റി പലരും ഭീതിയോടെ ഓർമിക്കുന്നു.
ട്രംപിനു കാരണങ്ങൾ നാല്
►യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഉത്സാഹിക്കുന്നതിനു പിന്നിൽ നാലു കാരണങ്ങളുണ്ട്.
ഒന്ന്: ‘സമാധാനത്തിന്റെ പ്രസിഡന്റ്’ എന്നറിയപ്പെടുക. അതുവഴി സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടുക.
►രണ്ട്: യുക്രെയ്നുവേണ്ടി അമേരിക്ക മുടക്കേണ്ട പണം ലാഭിക്കുക. മൂന്നു വർഷം കൊണ്ട് 18,500 കോടി ഡോളർ (16.09 ലക്ഷം കോടി രൂപ) അമേരിക്ക മുടക്കി (35,000 കോടി ഡോളർ ചെലവായി എന്നു ട്രംപ് പറഞ്ഞത് ശരിയല്ലെന്നാണു കണക്കുകൾ).
►മൂന്ന്: ചർച്ച വിജയിച്ചാൽ യൂറോപ്പിന്റെ സുരക്ഷയ്ക്കുള്ള നാറ്റോ സഖ്യ ക്രമീകരണം പൊളിച്ചെഴുതുക. “നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ക്രമീകരണം ചെയ്യും” എന്നാണു കഴിഞ്ഞദിവസം യൂറോപ്യൻ നേതാക്കളുമായുള്ള ഡിജിറ്റൽ കോൺഫറൻസിൽ ട്രംപ് വാഗ്ദാനം ചെയ്തത്.
►നാല്: യുക്രെയ്നിലുള്ള അപൂർവ ധാതുക്കളുടെ ഖനനാവകാശം അമേരിക്കയ്ക്കു (അമേരിക്കൻ കമ്പനികൾക്ക്) നേടിക്കൊടുക്കുക.
പുടിന്റെ നാലു ലക്ഷ്യങ്ങൾ
പുടിന് അലാസ്കാ ചർച്ചയിലുള്ള പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്.
►ഒന്ന്: അന്താരാഷ്ട്ര അംഗീകാരം തിരിച്ചുകിട്ടുക. യുദ്ധം തുടങ്ങിയതു മുതൽ പുടിനെ പാശ്ചാത്യർ ഒറ്റപ്പെടുത്തിയിരുന്നു. മുന്‍പ് എല്ലാ പ്രധാന വേദികളിലും ഉണ്ടായിരുന്ന ഇരിപ്പിടം ഇല്ലാതായത് പുടിനു വലിയ നഷ്ടബോധമുണ്ടാക്കി.
►രണ്ട്: യുക്രെയ്നിൽ റഷ്യ ഭാഗികമായി പിടിച്ച നാലു പ്രവിശ്യകൾ (ഡോണെട്സ്ക്, ലുഹാൻസ്ക്, സപ്പോറിഷ്യ, ഖേർസൺ) മുഴുവനായും റഷ്യയിലേക്കു ചേർക്കുക. പിടിച്ചുനിന്ന ഭാഗങ്ങളിൽനിന്നു യുക്രെയ്ൻ സേന പിന്മാറുക. അങ്ങനെ റഷ്യയെ അക്ഷരാർഥത്തിൽ വലുതാക്കി എന്നു ചരിത്രത്തിൽ തന്റെ പേരിനൊപ്പം ചേർക്കുക. 1945നുശേഷം ആദ്യമായി ഒരു യുദ്ധത്തിൽ റഷ്യ ജയിച്ചു എന്നു വരുത്തുക.
►മൂന്ന്: അമേരിക്കയുമായി നല്ല ബന്ധം പുനഃസ്ഥാപിച്ചു റഷ്യയിലേക്ക് മൂലധനം വരുത്തുക. ദുർബലമായ റഷ്യൻ സമ്പദ്ഘടനയെ വളർത്താൻ യുദ്ധത്തിന്റെ അന്ത്യം സഹായിക്കും.
►നാല്: സോവ്യറ്റ് യൂണിയനിൽനിന്നു വിട്ടുപോയ യുക്രെയ്ൻ യൂറോപ്യൻ യൂണിയനിലും നാറ്റോ സൈനിക സഖ്യത്തിലും ചേരാൻ ശ്രമിച്ചതിന്റെ പേരിലാണു റഷ്യ യുദ്ധമാരംഭിച്ചത്. യുക്രെയ്നെ അവയിൽനിന്നു പിന്തിരിപ്പിക്കണം.
International
മോസ്കോ: യാതൊരു നീതീകരണവുമില്ലാതെ നാലു വർഷമായി യുക്രെയ്നുമായി തുടരുന്ന യുദ്ധവും ജനനനിരക്കിലെ കുറവും റഷ്യയെ എത്തിച്ചിരിക്കുന്നത് ഗുരുതര പ്രതിസന്ധിയിൽ. യുദ്ധത്തിന്റെ പേരിൽ ലോകത്തുനിന്ന് ഒറ്റപ്പെട്ട റഷ്യ പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധവും യുദ്ധച്ചെലവും മൂലം കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടതിനു പിന്നാലെ തൊഴിലാളികളുടെ ക്ഷാമംമൂലം രാജ്യത്തെ ഫാക്ടറികളുടെയും നിർമാണ കന്പനികളുടെയും പ്രവർത്തനം സ്തംഭനാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. ഈ പ്രതിസന്ധി തരണം ചെയ്യാൻ ഈ വർഷം അവസാനത്തോടെ പത്തു ലക്ഷം ഇന്ത്യക്കാരെ നിയമിക്കാനാണു നീക്കം. റിക്രൂട്ട്മെന്റ് ശ്രമങ്ങൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞതായും 4000ത്തോളം ഇന്ത്യൻ തൊഴിലാളികൾ നിലവിൽ റഷ്യയിൽ ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് തുടങ്ങിയ നഗരങ്ങളിലേക്കാണ് തൊഴിലാളികളുടെ പ്രാരംഭ ബാച്ചിനെ അയച്ചിരിക്കുന്നത്. അവിടെ അവർക്കു പ്രാഥമിക പരിശീലനം നൽകുകയാണ്. കൂടാതെ, നിയമന പ്രക്രിയ കാര്യക്ഷമമാക്കുന്നതിനായി ഇന്ത്യയിൽ റിക്രൂട്ട്മെന്റ് ക്യാമ്പുകൾ വ്യാപകമാക്കാൻ റഷ്യൻ കമ്പനികൾ തീരുമാനിച്ചിട്ടുമുണ്ട്. മെറ്റൽ ഫാക്ടറികൾ, മെഷീൻ മാനുഫാക്ചറിംഗ്, നിർമാണ മേഖലകളിലാണു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. എന്നാൽ, കഠിനമായ ശൈത്യകാലവും ഭക്ഷണശീലങ്ങളിലെ വ്യത്യാസങ്ങളും ഭാഷാതടസങ്ങളും ഇന്ത്യൻ തൊഴിലാളികൾക്കു ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം.
ആവശ്യമായ നൈപുണ്യങ്ങളുള്ള തൊഴിലാളികളാൽ സന്പന്നമായ രാജ്യം എന്നതിനപ്പുറം, ഇന്ത്യയുമായി റഷ്യക്കു ദീർഘകാലമായുള്ള നല്ല ബന്ധവും പ്രതീക്ഷയുണർത്തുന്നതാണെന്ന് മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എൻജിനിയറിംഗ്, മെറ്റൽ- സ്റ്റീൽ പ്ലാന്റുകൾ, കെട്ടിടനിർമാണം, മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിലാണ് ഭൂരിപക്ഷം അവസരങ്ങളും രാജ്യത്തുള്ളത്.
മുൻകാലങ്ങളിൽ റഷ്യൻ ഭാഷ സംസാരിക്കുന്ന സമീപരാജ്യങ്ങളിൽനിന്നാണു റഷ്യ കൂടുതലായും തൊഴിലാളികളെ കണ്ടെത്തിയിരുന്നത്. എന്നാൽ, യുക്രെയ്നുമായുള്ള യുദ്ധത്തിൽ ഒറ്റപ്പെട്ടതോടെ റിക്രൂട്ട്മെന്റ് നടപടികൾ നിലയ്ക്കുകയായിരുന്നു. രാജ്യത്തെ വ്യാവസായിക, നിർമാണമേഖലകളിൽ കഴിഞ്ഞ വർഷം 26 ലക്ഷം തൊഴിലാളികളുടെ കുറവുണ്ടായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. യുക്രെയ്നുമായുള്ള യുദ്ധത്തിനു പിന്നാലെ വിദേശത്തേക്കുള്ള പൗരന്മാരുടെ പലായനമാണു പ്രതിസന്ധി രൂക്ഷമാക്കിയത്.
യുദ്ധം മൂലം റഷ്യ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. രാജ്യം സാന്പത്തികമാന്ദ്യത്തിന്റെ പടിവാതിൽക്കലാണെന്ന് പുടിൻ ഭരണകൂടം അടുത്തിടെ പരസ്യമായി സമ്മതിച്ചിരുന്നു. മുഖ്യവരുമാനമാർഗമായിരുന്ന ക്രൂഡ് ഓയിൽ, എൽഎൻജി എന്നിവ വാങ്ങുന്നത് വെട്ടിക്കുറച്ച യൂറോപ്യൻ രാജ്യങ്ങളുടെ നിലപാടാണ് സാമ്പത്തിക ആഘാതമായത്. 2027ഓടെ റഷ്യയിൽനിന്നുള്ള എണ്ണയും എൽഎൻജിയും വാങ്ങുന്നത് പൂർണമായി നിർത്താനാണ് യൂറോപ്യൻ യൂണിയന്റെ നീക്കം. ഇതിനെല്ലാം പുറമെ റഷ്യയിൽ ജനനനിരക്ക് വൻതോതിലാണു കുറയുന്നത്.
റഷ്യയിലെ ജനനനിരക്ക് നിലവില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. 2023ലെ കണനുസരിച്ച് റഷ്യയിലെ സ്ത്രീകളുടെ പ്രത്യുത്പാദന നിരക്ക് 1.41 ആണ്. നിലവിലെ ജനസംഖ്യ പിടിച്ചുനിര്‍ത്തണമെങ്കില്‍ അത് 2.05 ആകണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ജനസംഖ്യാവർധനവ് പ്രോത്സാഹിപ്പിക്കാൻ സർക്കാർ നിരവധി നടപടികളും സൗജന്യങ്ങളും പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല.
2022 ഫെബ്രുവരി 24ന് യുക്രെയ്നുനേരേ പൂർണതോതിലുള്ള അധിനിവേശം റഷ്യ ആരംഭിച്ചതിനുശേഷം ഇതുവരെ പത്തു ലക്ഷത്തിനടുത്ത് റഷ്യക്കാർ കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്. അമേരിക്ക ആസ്ഥാനമായുള്ള സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ റിപ്പോർട്ടുപ്രകാരം യുക്രെയ്ന്റെ ആക്രമണത്തിൽ 2,50,00 സൈനികരുൾപ്പെടെ 9,50,000 റഷ്യക്കാർ കൊല്ലപ്പെട്ടു.
സമാന ആൾനാശം യുക്രെയ്നിലുമുണ്ടായി. അവിടെ 60,000ത്തിനും ഒരു ലക്ഷത്തിനുമിടയിൽ സൈനികർ കൊല്ലപ്പെട്ടതായും മൊത്തം മരണസംഖ്യ നാലു ലക്ഷത്തിനടുത്ത് വരുമെന്നും റിപ്പോർട്ടിലുണ്ട്.
മോസ്കോ: ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽനിന്ന് പത്തു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ റഷ്യയുടെ തൊഴിൽ മന്ത്രാലയം തള്ളി. അതേസമയം, റഷ്യയിൽ തൊഴിലെടുക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള വൊക്കേഷണൽ ട്രെയിനിംഗ് സ്കൂളുകൾ ഇന്ത്യയിൽ സ്ഥാപിക്കാമെന്ന ആശയം റഷ്യയിലെ വ്യവസായികളുടെയും സംരംഭകരുടെയും കൂട്ടായ്മ മുന്നോട്ടുവച്ചിട്ടുണ്ട്.
എന്നാൽ, പ്രദേശങ്ങളുടെയും തൊഴിൽദാതാക്കളുടെ ആവശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ഒരു വർഷം മുന്‍പ് നിശ്ചയിച്ച ക്വോട്ട പ്രകാരമാണ് ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട്മെന്റുകൾ നടക്കുകയെന്ന് മന്ത്രാലയം പിന്നീട് ഒരു വാർത്താ വെബ്സൈറ്റിനെ അറിയിച്ചു.
International
കീവ്: യുക്രെയ്നിൽ റഷ്യൻ സേനയുടെ ആക്രമണത്തിൽ 24 സാധാരണക്കാർ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പേർക്കു പരിക്കേറ്റു. മധ്യ യുക്രെയ്നിലെ ഡിനിപ്രോയിൽ റഷ്യൻ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 15 പേരാണു കൊല്ലപ്പെട്ടത്. 174 പേർക്കു പരിക്കേറ്റു. 19 സ്കൂളുകൾ, 10 കിൻഡർഗാർട്ടനുകൾ, ഒരു വൊക്കേഷണൽ സ്കൂൾ, ഒരു സംഗീത സ്കൂൾ, ഒരു സാമൂഹ്യക്ഷേമ ഓഫീസ്, എട്ട് ആശുപത്രികൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായി.
അഞ്ഞൂറു യാത്രക്കാരുമായി പോകുകയായിരുന്ന ട്രെയിനിന്റെ ജനൽച്ചില്ലുകൾ സ്ഫോടനത്തിൽ തകർന്നു. വേനൽ അവധിക്കു സ്കൂളുകൾ അടച്ചിരിക്കുകയാണ്. സമറിൽ രണ്ടു പേരും ഖേഴ്സണിൽ നാലു പേരും സുമിയിൽ മൂന്നു പേരും കൊല്ലപ്പെട്ടു. 2022ൽ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 12,000 സാധാരണക്കാരാണ് യുക്രെയ്നിൽ കൊല്ലപ്പെട്ടത്. റഷ്യയെ നേരിടാൻ കൂടുതൽ പാശ്ചാത്യ സഹായം യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ആവശ്യപ്പെട്ടു.