ന്യൂഡൽഹി: റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന ട്രംപിന്റെ അവകാശവാദത്തിൽ വ്യക്തമായ മറുപടി നൽകാതെ വിദേശകാര്യ മന്ത്രാലയം. മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ ഇതേക്കുറിച്ച് ചോദ്യമുയർന്നെങ്കിലും അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.
140 കോടി ഇന്ത്യക്കാരുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും നിരവധി തവണ ഇതു സംബന്ധിച്ച് പ്രസ്താന നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സാഹചര്യങ്ങളും വിപണി നിലവാരവും അനുസരിച്ച് ഊർജ സ്രോതസുകൾ വൈവിധ്യവൽക്കരിക്കുക എന്നതാണ് ഇന്ത്യയുടെ തന്ത്രം. ഇന്ത്യയുടെ എല്ലാ തീരുമാനങ്ങളും ഇതിനനുസരിച്ചാണ്.
വെനസ്വേലയുമായി ഇന്ത്യക്ക് ദീർഘകാലമായി പങ്കാളിത്തമുണ്ടെന്നും ലാഭകരമാണെങ്കിൽ അവിടെ നിന്നോ മറ്റുസ്ഥലങ്ങളിൽനിന്നോ എണ്ണ വാങ്ങാൻ ഇന്ത്യ തയാറാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനാലാണ് മുന്പ് വെനസ്വേലയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നത് നിർത്തേണ്ടിവന്നത്. വെനസ്വേല ഉൾപ്പെടെ ഏതുരാജ്യത്തുനിന്നുമുള്ള എണ്ണ വിതരണത്തിന്റെ വാണിജ്യ നേട്ടങ്ങൾ ഇന്ത്യ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞദിവസം ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ഭാഗമായാണ് റഷ്യൻ എണ്ണയുടെ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കുള്ള യുഎസ് തീരുവ 18 ശതമാനമായി കുറച്ചതായും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. യുഎസുമായുള്ള വ്യാപാരക്കരാർ പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്ഥിരീകരിച്ചു. എന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമോ എന്നതിൽ പ്രധാനമന്ത്രിയോ സർക്കാരോ വ്യക്തത നൽകിയില്ല. അതേസമയം, എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം.
Tags : India-US traders India stop buying oil Russia Ministry of External Affairs