ന്യൂഡൽഹി: ഈ മാസം അവസാനത്തോടെ റഷ്യയിൽനിന്ന് നേരിട്ടുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ ഇന്ത്യ തീരുമാനിച്ചു. റഷ്യൻ എണ്ണക്കന്പനികളായ റോസ്നെഫ്റ്റ്, ലുകോയിൽ എന്നിവയ്ക്കുമേൽ യുഎസ് പ്രഖ്യപിച്ച ഉപരോധം 21ന് പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിലാണിത്.
റഷ്യൻ ക്രൂഡ് ഓയിലിന്റെ പകുതിയിലധികവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ റിഫൈനറികൾ ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നതോടെ ഡിസംബറോടെ വലിയ ഇടിവുണ്ടാകുമെന്ന് വിദഗ്ധർ കരുതുന്നു.
എന്നിരുന്നാലും ഇടനിലക്കാരിലൂടെ റഷ്യൻ ബാരലുകൾ ഇന്ത്യയിൽ എത്തുന്നത് തുടരും. റോസ്നെഫ്റ്റുമായി ദീർഘകാല വിതരണക്കരാറുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡാണ് റഷ്യ എണ്ണ നിർത്തലാക്കുന്നവരിൽ പ്രമുഖർ. മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ്, എച്ച്പിസിഎൽ-മിത്തൽ എനർജി ലിമിറ്റഡ് എന്നീ കന്പനികളും ഇറക്കുമതികൾ നിർത്തലാക്കും.
റോസ്നെഫ്റ്റിന്റെ ഭാഗിക ഉടമസ്ഥതയിലുള്ളതും യൂറോപ്യൻ യൂണിയന്റെ ഉപരോധം നേരിടുന്ന നയാര എനർജിയുടെ വഡിനാർ റിഫൈനറി റഷ്യൻ ക്രൂഡ് നിലനിർത്തും.
ഒക്ടോബറിൽ റഷ്യയായിരുന്നു ഇന്ത്യയുടെ ഒന്നാം നന്പർ എണ്ണസ്രോതസ്. ഇറാക്കും സൗദിയും തൊട്ടുപിറകിലുണ്ടായിരുന്നു.
നിലവിലെ അവസ്ഥയിൽ മിഡിൽ ഈസ്റ്റ്, ലാറ്റിനമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക, കാനഡ, യുഎസ് എന്നിവിടങ്ങളിൽനിന്ന് എണ്ണ ഇറക്കുമതി ഉറപ്പുവരുത്താനാണ് ഇന്ത്യൻ റിഫൈനറികളുടെ നീക്കം.
Tags : Direct oil imports Russia India