ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന പദ്ധതി സംബന്ധിച്ച ചർച്ചകൾക്കായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ലണ്ടനിൽ. യൂറോപ്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് സെലൻസ്കി ലണ്ടനിൽ വിമാനമിറങ്ങിയിരിക്കുന്നത്.
ലണ്ടനിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് എന്നിവരുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തും. കെയ്ർ സ്റ്റാർമറുടെ 10 ഡൗണിംഗ് സ്ട്രീറ്റിലെ വസതിയിലാണു കൂടിക്കാഴ്ച.
യൂറോപ്യൻ നേതാക്കളുമായുള്ള ചർച്ചയിൽ സുരക്ഷ, വ്യോമ പ്രതിരോധം, യുക്രെയ്നുള്ള ദീർഘകാല ധനസഹായം എന്നിവയിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നു ഞായറാഴ്ച സെലൻസ്കി പറഞ്ഞിരുന്നു. ലണ്ടൻ ചർച്ചകൾക്കു ശേഷം ബ്രസൽസിൽ നാറ്റോ മേധാവി മാർക് റട്ടെ, യൂറോപ്യൻ യൂണിയൻ നേതാക്കളായ അന്റോണിയോ കോസ്റ്റ, ഉർസുല വോൺ എന്നിവരെ സെലൻസ്കി കാണും.
യുക്രെയ്ൻ-റഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവച്ച സമാധാന നിർദേശം കിഴക്കൻ ഡോൺബാസ് മേഖലയിൽ തട്ടിനിൽക്കുകയാണ്. യുക്രെയ്ന്റെ കൈവശമുള്ള ഡോൺബാസ് റഷ്യക്കു വിട്ടുകൊടുക്കണമെന്ന് ട്രംപിന്റെ സമാധാന പദ്ധതി നിർദേശിക്കുന്നു. യുക്രെയ്നും യൂറോപ്യൻ സഖ്യകക്ഷികളും ഈ നിർദേശത്തോടു യോജിക്കുന്നില്ല.
സമാധാന പദ്ധതി അംഗീകരിക്കാൻ സെലെൻസ്കിയുടെ മേൽ സമ്മർദം ചെലുത്തില്ലെന്നു സ്റ്റാർമർ പറഞ്ഞു. ഇതിനിടെ, സെലൻസ്കിക്കെതിരേ ശക്തമായ ആക്ഷേപവുമായി ട്രംപ് രംഗത്തുവന്നു. അമേരിക്കയുടെ സമാധാന നിർദേശം സെലൻസ്കി ഇതുവരെ വായിച്ചില്ലെന്ന് ട്രംപ് പറഞ്ഞു. റഷ്യക്കു നിർദേശങ്ങളോടു യോജിപ്പാണ്. എന്നാൽ സെലൻസ്കി ഇതിൽ സന്തുഷ്ടനാണെന്ന് ഉറപ്പില്ല.
സമാധാന ശ്രമങ്ങൾക്കിടെ യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുകയാണ്. വടക്കുകിഴക്കൻ യുക്രെയ്ൻ നഗരമായ ഒഹ്തർകയിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഏഴു പേർക്കു പരിക്കേറ്റു.
പാർപ്പിട സമുച്ചയത്തിലാണ് ഡ്രോൺ ഇടിച്ചുകയറിയത്. വടക്കൻ നഗരമായ ചെർണിവിൽ രാത്രിയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. റഷ്യയുടെ 149 ഡ്രോണുകൾ വെടിവച്ചിട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു. അതേസമയം, റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം 67 യുക്രെയ്ൻ ഡ്രോണുകൾ നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Tags : Donbass crossroads Donald trump Volodymyr Zelensky russia