ലണ്ടൻ: സൈബീരിയൻ ജയിലിൽ അടയ്ക്കപ്പെട്ട പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ റഷ്യൻ ഭരണകൂടം തവളവിഷം ഉപയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബ്രിട്ടൻ.
തെക്കേ അമേരിക്കയിലെ വനങ്ങളിൽ കാണപ്പെടുന്ന തവളകളുടെ ചർമത്തിൽനിന്നു ശേഖരിക്കുന്ന എപിബാറ്റിഡൈൻ എന്ന വിഷം ഉപയോഗിച്ചാണു കൊലപാതകം നടത്തിയതെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി യിവറ്റ് കൂപ്പർ മ്യൂണിക് സുരക്ഷാ ഉച്ചകോടിയിൽ വെളിപ്പെടുത്തി.
നവൽനിയുടെ അനുയായികൾ അദ്ദേഹത്തിന്റെ ശരീരത്തിൽനിന്നു ശേഖരിച്ച സാംപിളുകൾ പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്. റഷ്യയിൽ കാണപ്പെടാത്ത തവളകളിൽനിന്ന് ഉത്പാദിപ്പിക്കുന്ന വിഷം ഉപയോഗിച്ച് കൊലപാതകം നടത്താനുള്ള കാരണവും ശേഷിയും അവസരവും റഷ്യൻ ഭരണകൂടത്തിനു മാത്രമാണുള്ളതെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നിശിത വിമർശകനായിരുന്ന നവൽനി 2024 ഫെബ്രുവരിയിലാണ് സൈബീരിയൻ തടവറയിൽ മരിച്ചത്. മരണത്തിനു മുന്പ് അദ്ദേഹത്തിനുണ്ടായ അടിവയറ്റിൽ വേദന, ഛർദി മുതലായ ലക്ഷണങ്ങളും വിഷപ്രയോഗത്തിന്റെ സൂചന നല്കിയിരുന്നു. അതേസമയം, മരണം കൊലപാതകമല്ലെന്നാണു റഷ്യ അവകാശപ്പെടുന്നത്. നവൽനിയെ റഷ്യൻ ഭരണകൂടം കൊലപ്പെടുത്തിയതാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ യൂലിയയും അനുയായികളും നേരത്തേ മുതൽ ആരോപിക്കുന്നതാണ്.
സോവ്യറ്റ് കാലത്തെ ‘നോവിചോക്’ എന്ന രാസായുധം ഉപയോഗിച്ച് 2020ലും നവൽനിയെ വധിക്കാൻ ശ്രമം നടന്നിരുന്നു. വിദേശത്തെ ചികിത്സയിലാണ് അദ്ദേഹത്തിനു ജീവൻ തിരിച്ചുകിട്ടിയത്.
Tags : Britain Russia Navalny killed Siberian prison poison