ഒരു അധ്യയനവർഷത്തിന്റെ ഏറ്റവും സ്പെഷ്യലും അതേസമയം ടെൻഷൻ നിറഞ്ഞതുമായ സമയമാണ് പരീക്ഷാക്കാലം. പൊതുപരീക്ഷകൾക്കും മറ്റു മത്സരപരീക്ഷകൾക്കും വിദ്യാർഥികൾ കനത്ത തയാറെടുപ്പിലാണ്.
പല വീടുകളിലും മാതാപിതാക്കളാണ് കൂടുതൽ ആശങ്കയോടെ കഴിയുന്നത്. ഈ സമയത്ത് പരീക്ഷയെ കൂടുതൽ ഫലപ്രദമായും ആരോഗ്യകരമായും എങ്ങനെ അഭിമുഖീകരിക്കാം എന്ന് നമുക്ക് നോക്കാം.
പരീക്ഷയെ സമ്മർദത്തോടെ കാണരുത് എന്നതാണ് ഏറ്റവും പ്രധാനം. ചെറിയ അളവിലുള്ള ഉത്കണ്ഠ പഠനത്തിന് ഗൗരവം നൽകും, പക്ഷേ അതിരുകവിഞ്ഞാൽ അത് തിരിച്ചടിയാകും.
അതിനാൽ, പരീക്ഷയുടെ ഫലത്തെ മാത്രം ലക്ഷ്യമാക്കി പഠിക്കുന്നതിനു പകരം, സ്വന്തം അറിവും കഴിവും വർധിപ്പിക്കാനുള്ള ആത്മാർഥമായ ശ്രമമായി കാണുക.
ഈ മനോഭാവം പരീക്ഷാസമയത്ത് മാനസിക ശക്തി നൽകും. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് പൂർണമായും ഒഴിവാക്കുക. രക്ഷിതാക്കളോ വിദ്യാർത്ഥികളോ ആരായാലും ഇപ്പോൾ അത് ഒഴിവാക്കണം.
"നിന്റെ സുഹൃത്ത് ഇത്രയും പഠിച്ചു' തുടങ്ങിയ കമന്റുകൾ മുഖവിലയ്ക്കെടുക്കാതിരിക്കുക. ഓരോരുത്തർക്കും അവരവരുടേതായ വഴിയും സമയവും ഉണ്ട്. മറ്റുള്ളവരെ അനുകരിക്കാതെ, സ്വന്തം ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. അത്തരം താരതമ്യങ്ങൾ പ്രചോദനമല്ല, മറിച്ച് സമ്മർദമാണ്.
ഒരു കൃത്യമായ ദിനചര്യ വളരെ പ്രധാനമാണ്. ഉറക്കം, ഭക്ഷണം, പഠനം, വ്യായാമം എന്നിവ ദിവസവും ഒരേ സമയത്ത് ചെയ്യാൻ ശ്രമിക്കുക. ഇത് പഠനത്തിന്റെ ഫലപ്രാപ്തി വർധിപ്പിക്കും.
ധാരാളം വെള്ളം കുടിക്കുകയും വേണം - ശരീരഭാരത്തിന്റെ 25 കിലോയ്ക്ക് ഏകദേശം ഒരു ലിറ്റർ വെള്ളം (ഉദാ: 50 കിലോ ഉള്ളവർക്ക് ദിവസവും രണ്ട് ലിറ്റർ എങ്കിലും).
ആവർത്തനമാണ് ഓർമശക്തി വർധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം. എല്ലാവരുടെയും പഠനവേഗത വ്യത്യസ്തമാണ് എന്നത് ഓർക്കുക. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരമാവധി പരിഹരിക്കുക - ഇത് പരീക്ഷാസമയത്ത് വലിയ ആത്മവിശ്വാസം നൽകും. ഷോർട്ട് നോട്ടുകളോ സംഗ്രഹങ്ങളോ തയാറാക്കി വയ്ക്കുക; അവസാന നിമിഷ റിവിഷന്‍ വളരെ ഉപകാരപ്രദമാകും.
കണക്ക്, ഫിസിക്സ് തുടങ്ങിയ പ്രശ്നപരിഹാര വിഷയങ്ങൾ പഠിക്കുമ്പോൾ, ആദ്യം ചോദ്യം മാത്രം എഴുതിയെടുത്ത് സ്വന്തമായി പരിഹരിക്കാൻ ശ്രമിക്കുക. ബുക്ക് നോക്കി പഠിക്കാതെ, സ്വയം ചെയ്ത ശേഷം സംശയങ്ങൾ മാത്രം ക്ലിയർ ചെയ്യുക.
ഇഷ്ടവിഷയങ്ങൾ ആദ്യം ചെറിയ സമയത്തിന് എടുത്ത് പഠിച്ച്, പ്രയാസമുള്ളവയ്ക്ക് കൂടുതൽ സമയം നൽകി സന്തുലിതമായി മുന്നോട്ടുപോകുക. ഈ പരീക്ഷകളെ നിങ്ങളുടെ ജീവിതലക്ഷ്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായി കാണുക.
പരീക്ഷയല്ല, നിങ്ങളുടെ വളർച്ചയാണ് പ്രധാനം. എല്ലാവർക്കും ശാന്തമായും ആത്മവിശ്വാസത്തോടെയും നിറഞ്ഞ ഒരു പരീക്ഷാക്കാലം ആശംസിക്കുന്നു!
വിവരങ്ങൾ: Nithin A.F.
Consultant Psychologist SUT Hospital, Pattom
Mob: 9496341841
Email: [email protected], www.nithinaf.blogspot.com.
Kerala
കൊല്ലം: പരവൂരിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ തിരയിൽപ്പെട്ട് കാണാതായി. രണ്ട് പ്ലസ് വൺ വിദ്യാർഥികളെയാണ് കാണാതായത്.
അയത്തിൽ സ്വദേശി കണ്ണൻ, വിപിൻ എന്നിവരെയാണ് കാണാതായത്. തിരയിപ്പെട്ട മറ്റ് മൂന്ന് വിദ്യാർഥികളെ രക്ഷപ്പെടുത്തി. പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപത്താണ് സംഭവം.
National
മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ സ്കൂളിൽ നിന്നും അമിതമായ അളവിൽ അയൺ ഗുളികകൾ കഴിച്ച 19 സ്കൂൾ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച
സാധാരണയായി സ്കൂളിൽ നിന്നും ആഴ്ചയിലൊന്നു വീതം വിദ്യാർഥികൾക്ക് അയൺ ഗുളികകൾ നൽകി വന്നിരുന്നു. എന്നാൽ അധ്യാപകർ ഇല്ലാതിരുന്നപ്പോഴാണ് ചില വിദ്യാർഥികൾ കൂടുതൽ അളവിൽ ഗുളികകൾ കഴിച്ചത്.
ഇതേ തുടർന്ന് സ്കൂളിലെ 19 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
16 വിദ്യാർഥികളുടെ നില തൃപ്തികരമാണെന്നും മൂന്ന് പേർ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്രയിൽ പരീക്ഷയ്ക്കിടെ വിദ്യാർഥികളെ കോപ്പിയടിക്കാൻ സഹായിച്ച് മാതാപിതാക്കളും ബന്ധുക്കളും. ബീഡ് ജില്ലയിലെ ചൗസലയിലുള്ള ഒരു ജൂനിയർ കോളജിലാണ് സംഭവം.
ഡ്രോൺ ഉപയോഗിച്ചാണ് തട്ടിപ്പ് പിടികൂടിയത്. ചൊവ്വാഴ്ച കോളജിൽ 12-ാം ക്ലാസ് വിദ്യാർഥികളുടെ ഇംഗ്ലീഷ് പരീക്ഷ നടന്നിരുന്നു. പരീക്ഷയ്ക്കിടെ മാതാപിതാക്കളും ബന്ധുക്കളും പരീക്ഷ ഹാളിന് സമീപത്തെ ജനലിലൂടെ വിദ്യാർഥികൾക്ക് ശരിയായ ഉത്തരം പേപ്പറിലൂടെ കൈമാറുകയായിരുന്നു.
തുറസായ സ്ഥലത്താണ് കോളജ് പ്രവർത്തിക്കുന്നത്. ഡ്രോൺ അടുക്കലേക്ക് വരുമ്പോൾ ജനാലകൾക്ക് സമീപം നിൽക്കുന്നവർ ഓടിപ്പോകുന്നത് കാണാം.
പരീക്ഷ തട്ടിപ്പ് നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പാണ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൂത്തുപറമ്പ്: അധ്യാപിക നൽകിയ ഒറ്റ ചലഞ്ചിലൂടെ മൊബൈൽ ഫോണിനോട് നോ പറഞ്ഞിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർഥികൾ. ഇനി മുതൽ ഗെയിം കളിക്കാനോ വീഡിയോകൾ കാണാനോ മൊബൈൽ ഫോൺ ഉപയോഗിക്കില്ലെന്നാണ് കുട്ടികൾ പറയുന്നത്.
കൂത്തുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം ക്ലാസിലെ അധ്യാപിക കെ.പി. അമൃതയാണ് "നോ മൊബൈൽ ചലഞ്ചി’ലൂടെ വിദ്യാർഥികളെ മൊബൈലിന്റെ ലോകത്ത് നിന്ന് മുക്തരാക്കിയത്. സോഷ്യൽ മീഡിയയും ഇരു കൈകളും നീട്ടി ഈ ചലഞ്ച് ഏറ്റെടുത്തതോടെ മറ്റ് ക്ലാസുകളിലേക്കും ഇത് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് സ്കൂൾ അധികൃതർ.
വീട്ടിൽ വച്ചും മറ്റും കുട്ടികളിൽ ഭൂരിഭാഗവും മൊബൈൽ ഉപയോഗിക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെയാണ് ഇതിന്റെ ദൂഷ്യവശത്തെക്കുറിച്ച് അധ്യാപിക കുട്ടികൾക്ക് വിശദമായി പറഞ്ഞു കൊടുത്തത്. ഒടുവിൽ ഒരു ചലഞ്ചും വച്ചു. ഒരാഴ്ച മൊബൈൽ ഫോൺ ഉപയോഗിക്കില്ലെന്ന ചലഞ്ച് ആണ് കുട്ടികൾക്ക് നൽകിയത്. വാക്കു പാലിക്കുന്നവർക്ക് സമ്മാനങ്ങളും വാഗ്ദാനം ചെയ്തു. ഇപ്പോൾ ക്ലാസിലെ ഒരു കുട്ടി പോലും മൊബൈൽ ഉപയോഗിക്കുന്നില്ലെന്ന് ടീച്ചർ പറയുന്നു.
മാത്രമല്ല, മൊബൈൽ ഉപയോഗിക്കുന്നത് സംബന്ധിച്ച് സമപ്രായക്കാരെ ബോധവത്കരിക്കാനും ഇവർ തയാറാണ്. ഇതേ അഭിപ്രായം തന്നെയാണ് രക്ഷിതാക്കൾക്കും. ക്ലാസിൽ കുട്ടികൾ തയ്യാറാക്കുന്ന കുട്ടി പത്രത്തിലും ഈ ചലഞ്ച് സ്ഥാനം പിടിച്ചു. സോഷ്യൽ മീഡിയയിലടക്കം ഈ സംഭവം വൈറലായിട്ടുമുണ്ട്.
Kerala
കൊച്ചി: ചെല്ലാനത്ത് ബസ് ഇടിച്ച് എട്ടു വയസുകാരന് മരിച്ച് സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സ്വകാര്യ ബസ് തടഞ്ഞ് പ്രതിഷേധിച്ചു.
ജനുവരി 30ന് ആയിരുന്നു ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബസിച്ച് എനോയ് ജൂഡ് എന്ന വിദ്യാര്‍ഥി മരിച്ചത്. എന്നാല്‍ ബസ് ഡ്രൈവറെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സ്വകാര്യ ബസുകള്‍ തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ച്. തുര്‍ന്ന് ചര്‍ച്ചകള്‍ക്കൊടുവില്‍ സ്വകാര്യ ബസുകള്‍ കടത്തിവിട്ടു തുടങ്ങി. എന്നാല്‍ ചൊവ്വാഴ്ച രാവിലെ 11ന് ഉള്ളില്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ ബസ് മാത്രമല്ല, ഒരു വാഹനങ്ങളും കടത്തിവിടാന്‍ സമ്മതിക്കില്ല എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. നിലവില്‍ പ്രതിഷേധം അവസാനിപ്പിച്ചിട്ടുണ്ട്.
അതേസമയം, മരിച്ച എനോയ് ജൂഡിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചെല്ലാനത്ത് കഴിഞ്ഞ ദിവസം പ്രതിഷേധ സംഗമം നടത്തിയിരുന്നു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആയിരുന്നു സംഗമം ഉദ്ഘാടനം ചെയ്തത്. മുഹമ്മദ് ഷിയാസ് എനോയ് ജൂഡിന്റെ വീട് സന്ദര്‍ശിക്കുകയും നീതി ലഭിക്കുന്നതു വരെ കൂടെയുണ്ടാവുമെന്നും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
Sports
കൊച്ചി: കായികവകുപ്പിന്റെയും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെയും കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് സ്കൂളുകള്‍, അക്കാഡമികള്‍ എന്നിവിടങ്ങളില്‍ 2026-27 വര്‍ഷത്തെ പ്രവേശനത്തിന് കേന്ദ്ര സിലബസ് സ്കൂളുകള്‍ക്കും അവസരം.
ഈ മാസം എട്ടുവരെ നടക്കുന്ന പ്രാഥമിക സെലക്ഷനുകള്‍ വഴിയാണു പ്രവേശനം . ആറ്, ഏഴ്, എട്ട്, 11 ക്ലാസുകളിലേക്ക് പൊതുസെലക്ഷനാണ്. ഒന്‍പത്, 10 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലും പ്രവേശനം ലഭിക്കും.
സംസ്ഥാനതല മത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍ക്കാണ് പ്രവേശനം ലഭിക്കുക. ആര്‍ച്ചറി, അത്ലറ്റിക്സ്, ബാസ്കറ്റ്ബോള്‍, ബോക്സിംഗ്, ക്രിക്കറ്റ്, സൈക്ലിംഗ്, ഫെന്‍സിംഗ്, ഫുട്ബോള്‍, ഹാന്‍ഡ്ബോള്‍, ഹോക്കി, ജൂഡോ, കബഡി, ഖോ ഖോ, നെറ്റ്ബോള്‍, സ്വമ്മിംഗ്, തായ്ക്കോണ്ട, വോളിബോള്‍, റെസ്ലിംഗ്, കാനോയിംഗ്, കയാക്കിംഗ് എന്നീ ഇനങ്ങളിലാണ് സെലക്ഷന്. www.sports council.kerala.gov.in, www.dvsa.kerala.gov.in.
Kerala
കൊച്ചി: ഇടക്കൊച്ചി സെന്റ് ലോറന്‍സ് യുപി സ്കൂളിന് പരിസരത്ത് പെരുമ്പാമ്പ്. കൊച്ചി നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ സ്കൂളിന് മുന്നിലെ റോഡരികിലുള്ള കുറ്റിക്കാടുകള്‍ വൃത്തിയാക്കുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടത്. ഉടൻതന്നെ തൊഴിലാളികള്‍ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു.
കൗണ്‍സിലര്‍ ലസിത പീറ്ററുടെ നേതൃത്വത്തില്‍ സ്നേക്ക് റെസ്ക്യൂ ടീമിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാമ്പിനെ പിടികൂടി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ജനവാസമേഖലയിലെ പാമ്പ് ശല്യം വര്‍ധിക്കുന്നത് ജനങ്ങളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. പ്രദേശത്ത് പലയിടത്തും കാട് പിടിച്ചു കിടക്കുന്നതിനാല്‍ പാമ്പ് ശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.
അതേസമയം, കാലാവസ്ഥ വ്യതിയാനമാണ് പാമ്പുകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കേരളത്തില്‍ പാമ്പുകളുടെ സാന്നിധ്യം ക്രമാതീതമായി വര്‍ധിച്ചതോടെ വനം വകുപ്പിന്റെ സര്‍പ്പ റെസ്ക്യൂ ടീം അംഗങ്ങള്‍ വിശ്രമമില്ലാത്ത ജോലിയാണ്.
Kerala
തിരുനാവായ(മലപ്പുറം): പുത്തനത്താണി ചുങ്കത്ത് കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. വിദ്യാർഥികളായ ദിൽന ഫാത്തിമ (21), ഹുദ ഫാത്തിമ (21), നിഷ (21), റസൽ (21), അഫ്സൽ (21) എന്നിവർക്കാണ് പരിക്കേറ്റത്.
ആറുവരിപ്പാതയിൽ ഇന്നു രാവിലെ എട്ടോടെയാണ് സംഭവം. വളാഞ്ചേരി പുറമണ്ണൂർ മജ്ലിസ് കോളജിലെ വിദ്യാർഥികളായ ഇവർ പഠനത്തിന്റെ ഭാഗമായി കോഴിക്കോട്ടേക്ക് പ്രോജക്ട് വർക്കിന് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.
വിദ്യാർഥികളെ പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: ഒന്ന് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് സർക്കാർ നടപ്പാക്കുന്ന അപകട ലൈഫ് ഇൻഷ്വറൻസ് പദ്ധതിക്ക് പേര് നിർദേശിച്ച് എം.എം.മണി എംഎൽഎ. പദ്ധതിയുടെ ലക്ഷ്യം വ്യക്തമാക്കുന്ന അർത്ഥവത്തായ ഒരു പേര് നിർദേശിക്കുന്ന ആൾക്ക് സമ്മാനം നൽകുമെന്ന് പറഞ്ഞ് മന്ത്രി വി.ശിവൻകുട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
ഇതിനു മറുപടിയായിട്ടാണ് എം.എം.മണി വി കെയർ കിഡ്സ് എന്ന പേര് നിർദേശിച്ചത്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ സാധിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ, പേര് നിർദേശിക്കേണ്ട രീതി, രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ എന്നിവ അടങ്ങിയ വിശദമായ സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉടൻ പുറത്തിറക്കുന്നതാണ്. നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സർക്കാർ നടപ്പിലാക്കുന്ന ഈ ബൃഹദ് പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നിർദേശങ്ങളുമായി മന്ത്രി വി.ശിവൻകുട്ടി. ആഘോഷവേളകളിലും ജന്മദിനങ്ങളിലും യൂണിഫോം ഒഴിവാക്കി വിദ്യാർഥികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുമതി നൽകും.
അധ്യാപകർ വിദ്യാർഥികളിൽ നിന്ന് സമ്മാനങ്ങൾ വാങ്ങുന്ന രീതി പൂർണമായും ഒഴിവാക്കണം. മൂന്ന് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങളിൽ ലിഫ്റ്റ് സൗകര്യവും ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കായി റാമ്പ് ഉൾപ്പെടുത്തും. സ്കൂൾ വിനോദയാത്രകളിൽ സാമ്പത്തിക പ്രയാസം മൂലം ഒരു കുട്ടിയും വിട്ടുപോകുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല.
വകുപ്പിന്റെ ഉത്തരവുകൾ ഇക്കാര്യത്തിൽ പാലിക്കപ്പെടുന്നുണ്ടെന്ന് ജില്ലാതല പരിശോധനകളിലൂടെ അധികൃതർ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. അവധിക്കാലം മറ്റു തടസങ്ങളില്ലാതെ വിദ്യാർഥികൾക്ക് പൂർണമായും ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
District News
പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ നിന്നും ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെ ആദരിച്ചു. താമരശേരി കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ഗിരീഷ് ജോൺ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. അരുൺ തുറവക്കൽ അധ്യക്ഷത വഹിച്ചു. നേട്ടങ്ങൾ കൈവരിച്ച നാൽപത് വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ റിട്ട. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എം.എ. കോരുവിനെ ആദരിച്ചു. സ്കൂൾ പ്രഥമാധ്യാപകൻ ജോളി ജോസഫ് ഉണ്ണിയേപ്പിള്ളിൽ, കോഴിക്കോട് റവന്യൂ ജില്ലാ സ്പോർട്സ് സെക്രട്ടറി ഷാജി ജോൺ, പിടിഎ പ്രസിഡന്റ് വിൽസൺ താഴത്തു പറമ്പിൽ, എംടിഎ പ്രസിഡന്റ് ജിൻസി തോമസ്, അധ്യാപക പ്രതിനിധി ബിജു വി. ഫ്രാൻസിസ്, കായികാധ്യാപകൻ പി.എം. എഡ്വേഡ്, വിദ്യാർഥി പ്രതിനിധി ക്രിസ് ബി. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായ സിസ്റ്റർ സെൽമ, മഞ്ജുഷ ഫ്രാൻസിസ്, അഞ്ജു ജോൺ, അയോണ സെബാസ്റ്റ്യൻ, ആൻമേരി ജെയിംസ് എന്നിവർ നേതൃത്വം നൽകി
Kerala
ഷിംല: പാലക്കാട് മണ്ണാർക്കാട് കല്ലടി എംഇഎസ് കോളജിലെ കുട്ടികളെയും അധ്യാപകരെയും മണാലിയില്‍ വഴിയാധാരമാക്കി ടൂർ ഓപ്പറേറ്റർ. ടൂർ പാക്കേജിന്റെ ഭാഗമായാണ് ഇവർ മണാലിയില്‍ എത്തിയത്. പിന്നാലെ ടൂർ ഓപ്പറേറ്റർ സംഘത്തെ കൈയൊഴിഞ്ഞു. മണാലിയില്‍ മഞ്ഞുവീഴ്ചയെ തുടർന്ന് റോഡ് ബ്ലോക്ക് ആയതിന് പിന്നാലെയാണ് സംഭവം.
റൂം അറേഞ്ച് ചെയ്യാനോ ഭക്ഷണം നല്‍കാനോ ടൂർ ഓപ്പറേറ്റർ തയ്യാറായില്ല. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 43 കുട്ടികളും 3 അധ്യാപകർക്കുമാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. 75 ശതമാനം തുകയും വാങ്ങിയ ശേഷമാണ് ടൂർ ഓപ്പറേറ്ററുടെ ക്രൂരത. നിരവധിപേർക്ക് ആരോഗ്യ പ്രശ്നങ്ങളടക്കം ഉണ്ടായിട്ടും ടൂർ ഓപ്പറേറ്റർ തിരിഞ്ഞു നോക്കിയില്ലെന്നും വിദ്യാർഥികള്‍ പരാതിപ്പെട്ടു.
കടുത്ത മഞ്ഞുവീഴ്ചയിലും മൂന്ന് ദിവസമാണ് വിദ്യാർഥികള്‍ മണാലിയില്‍ കുടുങ്ങിയത്. പിന്നീട് സ്വന്തം ചെലവില്‍ ഇവർ ഡൽഹിയിലേയ്ക്ക് എത്തി. വാഹനത്തിനായി ആറ് കിലോമീറ്ററോളം വിദ്യാർഥികള്‍ക്ക് മഞ്ഞില്‍ നടക്കേണ്ടി വന്നതായും പറയുന്നു.
Kerala
കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ പതിനാറുകാരന് ക്രൂര മർദ്ദനം. ഫോൺ വിളിച്ചു വരുത്തി ഒരു സംഘം വിദ്യാർഥികൾ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ പതിനാറുകാരന്റെ മുഖത്തും തലയ്ക്കും പരിക്കേറ്റു.
ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മുഖത്തും തലയിലും വടി കൊണ്ട് അടിക്കുന്നതും കുട്ടിയെ കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കൽപ്പറ്റ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: നദിയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങി മരിച്ചു. കുടവൂർക്കോണം സ്കൂളിന് സമീപം താമസിക്കുന്ന നിഖിൽ (16), ഗോകുൽ (16) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. വാമനപുരം നദിയുടെ മേലാറ്റിങ്ങൽ ഉദിയറ കടവിലാണ് നാല് കുട്ടികൾ കളിക്കാനിറങ്ങിയത്.
കുളിക്കുന്നതിനിടെ രണ്ടു പേരെ കാണാതായതോടെ മറ്റ് രണ്ട് പേർ നിലവിളിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ആറ്റിങ്ങൽ ഫയർഫോഴ്സിനെ വിവരമറിയിച്ചു.
നദിയിൽ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ ആദ്യം നിഖിലിന്റെയും രണ്ടാമത് ഗോകുലിന്റെയും മൃതദേഹങ്ങൾ ലഭിച്ചു. ഒപ്പമുണ്ടായ കുട്ടികളാണ് മുങ്ങിയ സ്ഥലം കാണിച്ചു കൊടുത്തത്.
കടയ്ക്കാവൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. രണ്ട് മൃതദേഹങ്ങളും തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമനടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Kerala
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ മൂന്നാം ദിനത്തിലേക്ക് കടക്കുന്നു. ഇതുവരെ 120 മത്സരങ്ങൾ പിന്നിട്ടപ്പോൾ കിരീടപ്പോരാട്ടത്തിൽ കോഴിക്കോടും കണ്ണൂരും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. തൊട്ടുപിന്നിൽ ആതിഥേയരായ തൃശൂരും കരുത്ത് കാട്ടുന്നുണ്ട്.
ഹൈസ്കൂൾ വിഭാഗം നാടകം ഉൾപ്പെടെയുള്ള മത്സരങ്ങൾ വ്യാഴാഴ്ച രാത്രി വൈകിയാണ് അവസാനിച്ചത്. പ്രധാന വേദിയായ ഒന്നാം വേദിയിൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പുടിയോടെയാണ് ഇന്നത്തെ മത്സരങ്ങൾ ആരംഭിക്കുന്നത്.
ഹയർ സെക്കൻഡറി വിഭാഗം ചവിട്ടുനാടകം, ഹൈസ്കൂൾ വിഭാഗം ഭരതനാട്യം, പൂരക്കളി, നങ്യാർ കൂത്ത് എന്നിവ കാണികളെ വിസ്മയിപ്പിക്കാൻ വേദികളിലെത്തും. ഹയർ സെക്കൻഡറി വിഭാഗം മലപ്പുലയാട്ടം ഉൾപ്പെടെ നിരവധി മത്സരങ്ങൾ തൃശൂർ നഗരത്തിലെ വിവിധ വേദികളിൽ ഇന്ന് നടക്കും.
വേദി ഒന്ന് സൂര്യകാന്തി, തേക്കിൻകാട് മൈതാനം എക്സിബിഷൻ ഗ്രൗണ്ട്: 9.30ന് എച്ച്എസ്എസ് വിഭാഗം (പെൺ) കുച്ചുപ്പുടി, രണ്ടിന് എച്ച്എസ് വിഭാഗം തിരുവാതിരക്കളി.
വേദി രണ്ട് പാരിജാതം, തേക്കിൻകാട് മൈതാനം സിഎംഎസ് സ്കൂൾ എതിർവശം: 9.30ന് എച്ച് എസ് വിഭാഗം പരിചമുട്ട്, രണ്ടിന് എച്ച്എസ്എസ് വിഭാഗം വന്ദവാദ്യം.
വേദി മൂന്ന് നീലക്കുറിഞ്ഞി, തേക്കിൻകാട് മൈതാനം ബാനർജി ക്ലബ്ബിന് എതിർവശം: 9.30 ന് എച്ച്എസ്എസ് വിഭാഗം മലപുലയ ആട്ടം. രണ്ടിന് എച്ച്എസ് വിഭാഗം മലപുലയ ആട്ടം.
വേദി നാല് പവിഴമല്ലി, ടൗൺഹാൾ: 9:30 ന് എച്ച്എസ്എസ് വിഭാഗം ചവിട്ടുനാടകം.
വേദി അഞ്ച് ശംഖുപുഷ്പം, വിവേകോദയം ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ: 9:30 ന് എച്ച്എസ് വിഭാഗം ഭരതനാട്യം. രണ്ടിന് എച്ച്എസ്എസ് വിഭാഗം മൂകാഭിനയം.
വേദി ആറ് ചെമ്പകം, കേരള ബാങ്ക്, കോവിലകത്തുംപാടം: 9:30 ന് എച്ച്എസ് വിഭാഗം നാടൻപാട്ട്. രണ്ടിന് എച്ച്എസ്എസ് വിഭാഗം നാടൻപാട്ട്.
വേദി ഏഴ് മന്ദാരം, സാഹിത്യ അക്കാദമി ഓപ്പൺ സ്റ്റേജ്: 9:30 ന് എച്ച്എസ്എസ് വിഭാഗം പൂരക്കളി. രണ്ടിന് എച്ച്എസ് വിഭാഗം സംഘഗാനം.
വേദി എട്ട് കനകാംബരം, സാഹിത്യ അക്കാദമി ഹാൾ: 9:30 ന് എച്ച്എസ് വിഭാഗം നങ്ങ്യാർകൂത്ത്. രണ്ടിന് എച്ച്എസ്എസ് വിഭാഗം നങ്ങ്യാർകൂത്ത്.
വേദി ഒൻപത് ഗുൽമോഹർ, സെന്റ് ജോസഫ് സിജിഎച്ച്എസ് മിഷൻ ക്വാർട്ടേഴ്സ്: 9.30 ന് എച്ച്എസ് വിഭാഗം യക്ഷഗാനം.
വേദി പത്ത് ചെമ്പരത്തി, എംടി എച്ച്എസ്എസ് ചേലക്കോട്ടുക്കര: 9:30 ന് എച്ച്എസ്എസ് (ആൺ) കേരളനടനം. രണ്ടിന് എച്ച്എസ് വിഭാഗം (ആൺ) നാടോടിനൃത്തം.
വേദി 11 കർണികാരം, കാൽഡിയൻ സിറിയൻ എച്ച്എസ്എസ്: 9:30 ന് എച്ച്എസ് വിഭാഗം സ്കിറ്റ് ഇംഗ്ലീഷ്. 2.30 ന് എച്ച്എസ് വിഭാഗം കോൽക്കളി.
വേദി 12 നിത്യകല്യാണി, സിജിഎച്ച്എസ്എസ് സേക്രഡ് ഹാർട്ട്: 9:30 ന് എച്ച്എസ്എസ് വിഭാഗം (പെൺ) കഥകളി സിംഗിൾ. രണ്ടിന് എച്ച്എസ്എസ് വിഭാഗം (ആൺ )കഥകളി ഗ്രൂപ്പ്.
വേദി 13 പനിനീർപ്പൂവ്, ജവഹർ ബാലഭവൻ (സംസ്കൃത കലോത്സവം): 9:30 ന് എച്ച്എസ്എസ് വിഭാഗം പദ്യംചൊല്ലൽ ഹിന്ദി. രണ്ടിന് എച്ച്എസ് വിഭാഗം വന്ദേമാതരം, മൂന്നിന് എച്ച്എസ് വിഭാഗം സംഘഗാനം, 5.30 ന് എച്ച്എസ് വിഭാഗം അക്ഷരശ്ലോകം.
വേദി 14 നന്ത്യാർവട്ടം, ഹോളി ഫാമിലി സിജിഎച്ച്എസ്എസ്: 9:30 ന് എച്ച്എസ് വിഭാഗം (ആൺ)മോണോ ആക്ട്,11.30 ന് എച്ച്എസ്എസ് വിഭാഗം (പെൺ)മോണോ ആക്ട്, രണ്ടിന് എച്ച്എസ്എസ് വിഭാഗം വട്ടപ്പാട്ട്.
വേദി 15 താമര, ഹോളി ഫാമിലി സിജിഎച്ച്എസ്എസ്: 9:30ന് എച്ച്എസ്എസ് വിഭാഗം ചെണ്ട(തായമ്പക), രണ്ടിന് എച്ച്എസ് വിഭാഗം ചെണ്ടമേളം.
വേദി 16 വാടാമല്ലി, സിഎംഎസ്എച്ച്എസ്എസ് ഓപ്പൺ സ്റ്റേജ് (അറബിക് കലോത്സവം): 9:30ന് സംസ്കൃതം സെമിനാർ, 2.30 ന് എച്ച്എസ് വിഭാഗം (പെൺ) പദ്യംചെല്ലൽ, 3.30ന് എച്ച്എസ് വിഭാഗ പദ്യം (ആൺ) പദ്യം ചൊല്ലൽ, അഞ്ചിന് എച്ച്എസ് വിഭാഗം പ്രസംഗം.
വേദി 17 മുല്ലപ്പൂവ്, സിഎംഎസ്എച്ച്എസ്എസ് (അറബിക് കലോത്സവം ) 9.30 ന് എച്ച്എസ് വിഭാഗം നിഘണ്ടു നിർമാണം, 11.30ന് പ്രശ്നോത്തരി, രണ്ടിന് എച്ച്എസ് വിഭാഗം അടിക്കുറിപ്പ്.
വേദി 18 ആമ്പൽപ്പൂവ്, ഗവ.മോഡൽ ബോയ്സ് എച്ച്എസ്എസ്: 9:30 ന് എച്ച്എസ്എസ് വിഭാഗം മദ്ദളം, 12ന് എച്ച്എസ്എസ് വിഭാഗം തബല, മൂന്നിന് എച്ച്എസ് വിഭാഗം തബല.
വേദി 19 തുമ്പപ്പൂവ്, ഗവ.എച്ച്എസ്എസ് മോഡൽ ബോയ്സ്: 9:30 ന് എച്ച്എസ്എസ് വിഭാഗം പദ്യംചൊല്ലൽ അറബിക്(ജനറൽ), മൂന്നിന് എച്ച്എസ് വിഭാഗം പദ്യംചൊല്ലൽ അറബിക് (ജനറൽ ).
വേദി 20 കണ്ണാന്തളി, സെന്റ് ക്ലയേഴ്സ് കോൺവെന്റ് ജിഎച്ച്എസ്എസ്: 9:30 ന് എച്ച്എസ് വിഭാഗം പദ്യം ചൊല്ലൽ തമിഴ്, 11ന് എച്ച്എസ്എസ് വിഭാഗം പദ്യംചൊല്ലൽ തമിഴ്, രണ്ടിന് എച്ച്എസ് വിഭാഗം പ്രസംഗം തമിഴ്.
വേദി 21 പിച്ചകപ്പൂ, സെന്റ് തോമസ് കോളജ് എച്ച്എസ്എസ്: 9:30 ന് എച്ച്എസ്എസ് വിഭാഗം ചിത്രരചന പെൻസിൽ, 12ന് എച്ച്എസ്എസ് വിഭാഗം ചിത്രരചന ജലഛായം, മൂന്നിന് എച്ച്എസ്എസ് വിഭാഗം ചിത്രരചന എണ്ണഛായം.
വേദി 22 ജമന്തി, സെന്റ് തോമസ് കോളജ് എച്ച്എസ്എസ്: 9:30 ന് എച്ച്എസ്എസ് വിഭാഗം കഥാരചന ഹിന്ദി, 12ന് എച്ച്എസ്എസ് വിഭാഗം കവിത രചന ഹിന്ദി, മൂന്നിന് എച്ച്എസ്എസ് വിഭാഗം ഉപന്യാസരചന ഹിന്ദി.
വേദി 23 തെച്ചിപ്പൂവ്, സെന്റ് തോമസ് കോളജ് എച്ച്എസ്എസ്: 9:30ന് എച്ച്എസ് വിഭാഗം ക്വിസ് ഉറുദു, 12ന് എച്ച്എസ് വിഭാഗം ഉപന്യാസരചന ഉറുദു, മൂന്നിന് എച്ച്എസ്എസ് വിഭാഗം ഉപന്യാസരചന ഉറുദു.
വേദി 24 താഴമ്പൂ, സെന്റ് തോമസ് കോളജ് എച്ച്എസ്എസ്: 9:30 ന് എച്ച്എസ് വിഭാഗം കവിതാ രചന തമിഴ്, 12ന് എച്ച്എസ് വിഭാഗം കവിതാരചന ഇംഗ്ലീഷ്, 2.30ന് എച്ച്എസ്എസ് വിഭാഗം കവിതാരചന ഇംഗ്ലീഷ്, 4.30 ന് എച്ച്എസ്എസ് വിഭാഗം ഉപന്യാസരചന ഇംഗ്ലീഷ്.
വേദി25 ചെണ്ടുമല്ലി, ഐ.എം. വിജയൻ സ്പോർട്സ് കോംപ്ലക്സ് ലാലൂർ: 9:30 ന് എച്ച്എസ്എസ് ബാൻഡ് മേളം.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിദ്യാർഥികളെ നേരിൽ കണ്ട് നിർദേശങ്ങൾ സ്വീകരിക്കാൻ കെഎസ്യു. ഇതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ജെൻസി കണക്ട് യാത്ര 20ന് കാസർഗോഡുനിന്ന് ആരംഭിക്കും.
പുതുതലമുറയുടെ കാഴ്ചപ്പാടുകളും ലഭ്യമാകുന്ന നിർദേശങ്ങളും ഉൾപ്പെടുത്തി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലകളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുള്ള സമഗ്രമായ വികസന രേഖ ‘സ്റ്റുഡന്റസ് മാനിഫെസ്റ്റോ’ തയാറാക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പത്രസമ്മേളനത്തിൽ പറഞ്ഞു.
20ന് കാസർഗോഡു നിന്നാരംഭിച്ച് 28ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യാത്രയിൽ എൽഎഡിഎഫ് ഭരണത്തിൽ പൊതുവിദ്യാഭ്യാസ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും നേരിട്ട നിലവാരത്തകർച്ച തുറന്നുകാട്ടുന്ന സംവാദസദസുകൾ, സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കും.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന യാത്രയിൽ വൈസ് പ്രസിഡന്റുമാരായ എം.ജെ. യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ, മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവർ വൈസ് ക്യാപ്റ്റൻമാരായും സംസ്ഥാന ജനറൽ സെക്രട്ടറിമാർ, എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ സ്ഥിരാംഗങ്ങളായും യാത്രയുടെ ഭാഗമാകും.
Kerala
കോഴിക്കോട്: താമരശേരിയിൽ പെൺകുട്ടികൾക്ക് നേരെ അധ്യാപകന്റെ ലൈംഗീകാതിക്രമമെന്ന് പരാതി. സംഭവത്തിൽ താമരശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ഇസ്മയിലിനെതിരെ പോലീസ് കേസെടുത്തു.
എൻഎസ്എസ് ക്യാമ്പിൽ വച്ച് വിദ്യാർഥികളോട് മോശമായി പെരുമാറിയെന്നും നിരന്തരം കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു. പരാതിക്ക് പിന്നാലെ ഇസ്മയിൽ ഒളിവിൽ പോയി. ഇയാളെ പിടികൂടാനുള്ള നീക്കത്തിലാണ് താമരശേരി പോലീസ്.
കഴിഞ്ഞ ദിവസം നടന്ന കൗൺസിലിങ്ങിനിടെയാണ് എൻഎസ്എസ് ക്യാമ്പിൽ വച്ച് തങ്ങൾക്ക് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് പെൺകുട്ടികൾ തുറന്നുപറഞ്ഞത്. കഴിഞ്ഞ വർഷമാണ് താമരശേരി പൂക്കോട് സ്വദേശി ഇസ്മയിൽ സ്കൂളിൽ നിയമിതനായത്.
Kerala
തൃശൂർ: സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ ഇത്തവണ വിവാദങ്ങള്‍ വേവില്ല. പകരം വേവുന്നത് പഴയിടം മോഹനന് നമ്പൂതിരിയുടെ രുചിപ്പെരുമ മാത്രം. 64-ാമത് സ്കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിവസം മുതല്‍ പഴയിടം മോഹനന് നമ്പൂതിരി കലോത്സവം കാണാനെത്തുന്നവര്‍ക്ക് രുചി വിളമ്പിതുടങ്ങി. തുടര്‍ച്ചയായി 22 വര്‍ഷങ്ങള്‍ പിന്നിടുന്നു സ്കൂള്‍ കലോത്സവ വേദികളിലെ പഴയിടം കൈപ്പുണ്യത്തിന്റെ പെരുമ.
കലോത്സ വേദിയിലെ വിഭവങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങളൊക്കെ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അന്നേ അവസാനിച്ചു. വീണ്ടും അത്തരം വിവാദങ്ങളുടെ കെട്ടഴിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും പഴയിടം ദീപികയോട് പറഞ്ഞു.
കലോത്സവേദിയില് വിളമ്പുന്ന വിഭവങ്ങളില്‍ മാംസാഹരവും ഉള്പ്പെടുത്തണമെന്നുള്ള അഭിപ്രായങ്ങളെ ചൊല്ലിയുള്ള വിവാദങ്ങളോടാണ് പഴയിടം മുഖം തിരിച്ചത്. തീര്‍ന്ന വിഷയങ്ങളെ കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരുപാട് പേര്‍ക്ക് പല തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാക്കിയ ഒരു വിഷയം കൂടിയാണതെന്നും പഴയിടം പറഞ്ഞു.
പരമാവധി വൃത്തിയോടെയാണ് കുട്ടികള്‍ക്കും കലോത്സവത്തിനെത്തുന്ന മറ്റെല്ലാവര്‍ക്കും ഭക്ഷണം വിളമ്പുന്നത്. എല്ലാവരും ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നത് കാണുമ്പോഴാണ് തനിക്ക് സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.
കലോത്സവത്തിന്റെ ഒന്നാം ദിവസം ചക്കപ്പഴം പ്രഥമന്‍ വിളമ്പിയാണ് പഴയിടം ഉച്ചയൂണിന് മാധുര്യമേകിയത്. ഒമ്പതുതരം ധാന്യങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ കൊങ്ങിണി ദോശയും പ്രഭാത ഭക്ഷണമായി ഉള്‍പ്പെടുത്തി പഴയിടം ആദ്യ ദിവസം തന്നെ പുതുമ വിളമ്പി. കലോത്സവത്തിന് മുന്നോടിയായി കുറ്റമറ്റരീതിയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനും കലവറയിലെ സജീകരണങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമായി വരുന്ന അധ്വാനത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു.
80 തൊഴിലാളികള്‍ കൂടിചേര്‍ന്നാണ് കലോത്സവത്തിന് എത്തിച്ചേരുന്ന എല്ലാവര്ക്കും ഭക്ഷണം വിളമ്പുന്നത്. അഞ്ച് ദിവസങ്ങളിലായി രണ്ടരലക്ഷത്തോളം പേര്‍ക്ക് ഭക്ഷണം വിളമ്പുകയെന്ന ഉദ്യമമാണ് താന്‍ ഏറ്റെടുത്തിട്ടുള്ളതെന്നും പഴയിടം പറഞ്ഞു.
ആദ്യ ദിവസം മാത്രം ഉച്ചയൂണോടെ 20,000 ത്തില്‍ അധികം ആളുകള്‍ക്ക് ഭക്ഷണം വിളമ്പിയാതായാണ് കണക്കുകള്‍. ആദ്യ രണ്ട് ദിവസങ്ങളില്‍ തിരക്കേറുമെന്നും പഴയിടം കണക്കുകൂട്ടുന്നുണ്ട്. അതുകൊണ്ട് ചിലവ് അല്പം കൂടിയാലും ഭക്ഷണത്തിന്റെ രുചിയിലും നിലവാരത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ പഴയിടം ഒരുക്കമല്ല.
National
ന്യൂഡൽഹി: കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സമൂഹത്തിൽ ദുർബലരും പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവരുമായ വിദ്യാർഥികൾക്ക് അയൽപക്ക സ്കൂളുകളിൽ പ്രവേശനം നിഷേധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്ന് സുപ്രീംകോടതി.
പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികളുടെ പ്രവേശനത്തിനായി 25 ശതമാനം സീറ്റുകൾ നീക്കി വയ്ക്കാൻ സ്കൂളുകൾ ബാധ്യസ്ഥമാണെന്നും ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദൂർക്കർ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ഒന്നാം ക്ലാസിലേക്കും പ്രീ പ്രൈമറി ക്ലാസുകളിലേക്കും പ്രവേശനം നേടിയ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ട 25 ശതമാനം കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളും സ് പെഷൽ സ്കൂളുകളും സൗജന്യവിദ്യാഭ്യാസം നൽകണമെന്നും അതിനുള്ള ചെലവ് സർക്കാർ വഹിക്കണമെന്നുമുള്ള നിയമത്തിലെ 12 (1) (സി) വകുപ്പും കോടതി ആവർത്തിച്ചു.
കുട്ടികൾക്ക് വീടിനടുത്ത് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് പ്രൈമറി/അപ്പർ പ്രൈമറി സ്കൂൾ വേണമെന്നാണു ചട്ടം. ഇത്തരം സ്കൂളുകളെയാണ് അയൽപക്ക സ്കൂൾ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് 25 ശതമാനം സംവരണം ലഭ്യമാക്കി സ്കൂളുകളിൽ പ്രവേശനം നൽകുകയെന്നത് ദേശീയ ദൗത്യമായി കാണണം. അറിവില്ലായ്മ നിമിത്തം ഇത്തരം അവകാശങ്ങൾ ആർക്കും നിഷേധിക്കപ്പെടരുതെന്നും അതിനായി ബന്ധപ്പെട്ട സംസ്ഥാനങ്ങളും തദ്ദേശസ്ഥാപനങ്ങളും നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
പിന്നാക്കവിഭാഗത്തിൽ തന്റെ കുട്ടിക്ക് പ്രവേശം നേടാൻ അനുമതി നൽകിക്കൊണ്ട് ഉത്തരവിടണമെന്നാവശ്യപ്പെട്ടു ഒരു വ്യക്തി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. പ്രവേശന നടപടികൾ ആരംഭിച്ചപ്പോൾ കുട്ടി അപേക്ഷ നൽകിയിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ആവശ്യം നിഷേധിച്ചിരുന്നു. ഇതിനെതിരേ സമർപ്പിച്ച ഹർജിയാണു സുപ്രീംകോടതി പരിഗണിച്ചത്.
District News
മലപ്പുറം: ന്യൂനപക്ഷ ക്ഷേമവകുപ്പ് ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ദേശീയതലത്തിൽ സംഘടിപ്പിച്ച പാസ്വേർഡ് എക്സ്പ്ലോറിംഗ് ഇന്ത്യാ ക്യാന്പിൽ മികവ് തെളിയിച്ച് മലപ്പുറത്തെ 20 വിദ്യാർഥികൾ.
കരിയർ ഗൈഡൻസും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി ചെന്നൈയിൽ നടന്ന ക്യാന്പിൽ കേരളത്തിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർഥികൾ പങ്കെടുത്തു. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പോണ്ടിച്ചേരി സെൻട്രൽ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാർഥികൾ സന്ദർശനം നടത്തി. ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലെ പ്രിൻസിപ്പൽമാരായ ഡോ. വാസുദേവൻ പിള്ള, ഡോ. അബ്ദുൾ അയ്യൂബ്, ഡോ. ഹസീന, ഡോ. ഗീത, റെജീന, യൂസഫ്, മുനീറ, മാഹിൻ മഹേന്ദ്രൻ, പ്രിയ, നീതു എന്നിവർ നേതൃത്വം നൽകി.
പി. ഫാത്തിമ സന (കെഎച്ച്എംഎച്ച്എസ്എസ് ആലത്തിയൂർ), ടി.പി. ഫാത്തിമ നസ് ല (ചേരുലാൽ എച്ച്എസ്എസ് കുറുന്പത്തൂർ), ടി.ഡി.ജി. ഫഹീമ (താനൂർ എച്ച്എസ്എസ്), ഫാത്തിമ റഹ്മ (ആതവനാട് വിഎച്ച്എസ്), ഷഹല റാജിബ (ഇരുന്പിളിയം എംഇഎസ്എസ്), ഷിഫ ഫാത്തിമ (കുറ്റിപ്പുറം ജിഎച്ച്എസ്എസ്), ദിയ ഫാത്തിമ (മന്പാട് ജിഎച്ച്എസ്), എം.ടി അബ്ദുൾ ബാരി (വടക്കാങ്ങര ടിഎച്ച്എസ്എസ്), ഷോണ്‍ നോഹൽ ഡേവിഡ് (താനൂർ ഡിജിഎച്ച്എസ്എസ്), എം.എം. സഫ മറിയം (കൂട്ടായി എച്ച്എസ്എസ്), യഹിയ (കോട്ടൂർ എകെഎംഎച്ച്എസ്എസ്), നൗഹിദ് ബിൻ നൗഷിദ് (ഡിഎച്ച്യുഎച്ചഎസ്എസ് പൂക്കത്തറ), സി.ടി. അബ്ദുൾ ഖയ്യും (മലപ്പുറം ജിഎച്ച്എസ്എസ്), അൻസിയ (മാറഞ്ചേരി ജിഎച്ച്എസ്എസ്), എ.കെ. ഷെറിൻ ഫാത്തിമ (കക്കോവ് പിഎംഎസ് പിടിഎച്ച്എസ്), എം.പി. സബിൻ അൻഷിദ് (കുറ്റൂർ നോർത്ത് കെഎംഎച്ച്എസ്എസ്), ടി.പി. ഷിഫ ഷെറിൻ (പൊന്നാനി എംഐ ബോസ്), പി.ഒ. സന മെഹറിൻ (തിരൂരങ്ങാടി എച്ച്എസ്എസ്), പി.കെ. ഖദീജ ഹെസ (എടരിക്കോട് പികെഎംഎച്ച് എസ്എസ്), സിയാന തസ്നീം (തെയ്യാലിങ്ങൻ എസ്എസ്എംഎച്ച്എസ്എസ്) എന്നിവരാണ് ജില്ലയിൽനിന്നു തെരഞ്ഞെടുക്കപ്പട്ടത്.
District News
തിരുവമ്പാടി: കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ജപ്പാൻ മസ്തിഷ്കജ്വരം പ്രതിരോധ കുത്തിവെപ്പ് പ്രചാരണം നടത്തി.
15 മുതൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ജാപ്പനീസ് എൻസെഫലൈറ്റിസ് വാക്സിനേഷൻ ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി ബോധവത്കരണ ക്ലാസും സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികളുടെ പ്രചാരണ പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ, സ്കൂൾ പ്രിൻസിപ്പൽ വിപിൻ എം. സെബാസ്റ്റ്യൻ, പ്രധാന അധ്യാപകൻ പി. സജി തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ലീഡർമാരായ ലിറ്റി സെബാസ്റ്റ്യൻ, കെ.വി. റസിയ, മിലൻ അൽഫോൻസാ ജോർജ്, കെ.ഐ. രമ്യ, സിസ്റ്റർ ജിഷ പോൾ എന്നിവർ നേതൃത്വം നൽകി
Kerala
പെരിയ: കുണിയ ആർട്സ് ആൻഡ് സയൻസ് കോളജിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് അധ്യാപകരുടെ പരാതിയിൽ ആറു വിദ്യാർഥികൾക്കെതിരേ കേസ്.
പ്രിൻസിപ്പലിനെയും രണ്ട് അധ്യാപകരെയും അധിക്ഷേപിക്കുകയും തള്ളിയിട്ട് പരിക്കേല്പിക്കുകയും ചെയ്തെന്ന പരാതിയിൽ ബിഎ അറബിക് വിദ്യാർഥികളായ ഷംഷാദ്, മുഹമ്മദ് ജവാദ്, മുഹമ്മദ് അജ്മൽ, മുഹമ്മദ് അബ്ദുൾ റഹ്മാൻ, ബിബിഎ വിദ്യാർഥി അബ്ദുള്ള, ബിഎസ്ഡബ്ല്യു വിദ്യാർഥി റിഷാൻ എന്നിവർക്കെതിരേയാണ് ബേക്കൽ പോലീസ് കേസെടുത്തത്.
പ്രിൻസിപ്പൽ ഡോ. പി.എസ്. ലക്ഷ്മിബായിയാണ് ഇവർക്കെതിരേ പോലീസിൽ പരാതി നൽകിയത്. പ്രിൻസിപ്പലിനെയും അധ്യാപകരായ സുധീപ്, മുജീബ് എന്നിവരെയുമാണ് ആക്രമിച്ചതായി പറയുന്നത്.
കോളജിൽ നടപ്പാക്കിയ പുതിയ അച്ചടക്ക നിയമങ്ങൾക്കെതിരായാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. ഈ നിയമങ്ങൾ പ്രകാരം ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ സംസാരിക്കുന്നതുപോലും വിലക്കുകയും കലാകായിക മത്സരങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യുന്നതായാണ് വിദ്യാർഥികളുടെ ആക്ഷേപം.
ഇതിനെതിരേ പ്രതിഷേധിച്ച ബിഎ അറബിക് വിദ്യാർഥി ഷംഷാദിനെ വ്യാഴാഴ്ച കോളജിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഷംഷാദ് കോളജിന്റെ അഞ്ചുനില കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത് ഏറെനേരം പരിഭ്രാന്തി പരത്തി.
പോലീസ് ഇടപെട്ടാണ് ഷംഷാദിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്. ഇതിനു പിന്നാലെയാണ് ഷംഷാദിനും മറ്റ് അഞ്ച് വിദ്യാർഥികൾക്കുമെതിരേ കോളജ് അധികൃതർ പോലീസിൽ പരാതി നൽകിയത്. വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
Kerala
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളില്‍ പരീക്ഷാക്കാലം തുടങ്ങുകയാണ്. ആവര്‍ത്തിച്ചു പഠിച്ചാലും പഠിച്ചു തീര്‍ന്നില്ല, നല്ല മാര്‍ക്കു കിട്ടുമോ തുടങ്ങി നൂറു കൂട്ടം ആധിയുമായി പരീക്ഷയെ പേടിയോടെ നോക്കിക്കാണുന്നവരാണ് വിദ്യാര്‍ഥികളില്‍ ഏറെയും.
ഇനിയെങ്ങാനും പരീക്ഷയ്ക്ക് തോറ്റുപോയാല്‍ ജീവിതം തന്നെ വേണ്ടെന്നു വയ്ക്കുന്നവരും വിരളമല്ല. കുട്ടികളെ, അങ്ങനെയൊക്കെ ടെന്‍ഷന്‍ അടിക്കുന്നതിനു മുമ്പ് കേരള പോലീസിന്റെ ചിരി ഹെല്പ് ലൈന്‍ നമ്പറായ 94979 00200 ലേക്ക് വിളിക്കൂ.
നിങ്ങളുടെ ചിരി മങ്ങാതിരിക്കാനുള്ള ഉപദേശവും കൗണ്‍സലിംഗുമൊക്കെ ഇവിടെ ലഭ്യമാണ്. കുട്ടികളിലെ മാനസിക സമ്മര്‍ദം ലഘൂകരിക്കാനും അവരെ ചിരിപ്പിക്കാനുമായി കേരള പോലീസ് ആരംഭിച്ചതാണ് "ചിരി' ഹെല്പ് ലൈന്‍.
ഇതുവരെ എത്തിയത് 63,161 ഫോണ്‍ കോളുകള്‍
ചിരി ഹെല്പ് ലൈന്‍ ആരംഭിച്ച 2020 ജൂലൈ മുതല്‍ 2025 ഡിസംബര്‍ വരെ 63,161 ഫോണ്‍കോളുകളാണ് ഇവിടേയ്ക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം വിളിച്ചത് 6,923 പേരാണ്. തുടക്കത്തില്‍ കുട്ടികളുടെ ഫോണ്‍കോളുകളാണ് കൂടുതലായും എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ രക്ഷിതാക്കളാണ് അധികവും വിളിക്കുന്നത്.
ഡിസ്ട്രസ്ഡ് കോളുകള്‍, മാനസിക സമ്മര്‍ദവുമായി ബന്ധപ്പെട്ട കോളുകള്‍, പഠന വൈകല്യം, അമിത ഫോണ്‍ ഉപയോഗം, മൊബൈല്‍ ഫോണ്‍ ഗെയിം, കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കോളുകള്‍ എന്നിവയെല്ലാം ചിരി ഹെല്‍പ്പ് ലൈനിലേക്ക് എത്തുന്നുണ്ട്.
കൗണ്‍സലിംഗ് സൗകര്യം
കോവിഡ് 19 മഹാമാരിയുടെ ദുരിതകാലത്ത്, വീട്ടില്‍ തുടരാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണു കേരള പോലീസ് പദ്ധതി തുടങ്ങിയത്. കുടുംബ വഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ്, മാതാപിതാക്കളുടെ സമയമില്ലായ്മ എന്നിവയൊക്കെയും കുട്ടികള്‍ ചിരി ഹെല്പ് ലൈനിലെ പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവയ്ക്കാറുണ്ട്.
കുട്ടികളുടെ അമിതമായ മൊബൈല്‍ഫോണ്‍ ഉപയോഗം, ഗെയിം കളി, ആത്മഹത്യാഭീഷണി, കുടുംബപ്രശ്നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം തേടിയാണ് മാതാപിതാക്കള്‍ വിളിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തര കൗണ്‍സലിംഗ് വേണ്ടവര്‍ക്ക് മന:ശാസ്ത്ര വിദഗ്ധരുടെ സേവനവും ചിരി ഹെല്പ് ലൈനില്‍ നിന്ന് ലഭ്യമാക്കുന്നുണ്ട്.
മാനസികപ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് ടെലിഫോണിലൂടെ കൗണ്‍സലിങ്ങും നല്‍കും. ആഴ്ചയില്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്. ഓരോരുത്തരുടെയും പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ അതാത് ജില്ലയിലുള്ള മന:ശാസ്ത്രജ്ഞനോ കൗണ്‍സലര്‍ക്കോ ഇവിടെ നിന്നും വിവരങ്ങള്‍ കൈമാറും.
20 പോലീസ് ജില്ലകളിലും ഇതിനായി സൗകര്യമുണ്ട്. കൗണ്‍സലര്‍മാര്‍ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ച് കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യും. പേരൂര്‍ക്കടയിലെ ഓഫീസില്‍ നിന്ന് ഇതിന്റെ ഫോളോഅപ്പുകളും യഥാക്രമം നടക്കും.
ഹെല്പ് ലൈന്‍ നമ്പരിലേക്ക് അധ്യാപകര്‍ക്കും ബന്ധപ്പെടാം. മുതിര്‍ന്ന സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍, ഔര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയില്‍ അംഗങ്ങളായ കുട്ടികള്‍ എന്നിവരില്‍ നിന്ന് തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്കിയ 300ഓളം കുട്ടികളാണ് പദ്ധതിയിലെ വൊളന്റിയര്‍മാര്‍.
മാനസികാരോഗ്യവിദഗ്ദ്ധര്, മനഃശാസ്ത്രജ്ഞര്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടുന്ന വിദഗ്ദ്ധസമിതി ഇവര്‍ക്ക് പദ്ധതിയുടെ ഭാഗമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.
National
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ മോദി, അമിത് ഷാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജെഎന്‍യു അധികൃതര്‍.
മുദ്രാവാക്യങ്ങള്‍ മുഴക്കിയ വിദ്യാര്‍ഥികള്‍ക്കെതിരെ ഇതിനോടകം എഫ്ഐആര്‍. രജിസ്റ്റര്‍ ചെയ്തതെന്നും ജെഎന്‍യു. അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ വ്യക്തമാക്കി.
സര്‍വകലാശാലകള്‍ അറിവിന്റെ ആശയങ്ങളുടെയും കേന്ദ്രങ്ങളാണ് അതിനെ വെറുപ്പിന്റെ പരീക്ഷണശാലകള്‍ ആക്കി മാറ്റാന്‍ അനുവദിക്കില്ല. അഭിപ്രായ സ്വാതന്ത്യം മൗലികാവകാശമാണ്. എന്നാല്‍ അക്രമവും നിയമവിരുദ്ധവും രാജ്യവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാനാകില്ലെന്നും അധികൃതര്‍ പറഞ്ഞു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ ജയിലില്‍ കഴിയുന്ന ജെഎന്‍യു മുന്‍ വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവര്‍ക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി വൈകിയാണ് വിദ്യാര്‍ഥികള്‍ കാമ്പസില്‍ വിവാദ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. ഇടത് വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മുദ്രാവാക്യങ്ങള്‍.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ്, മെഡിക്കൽ കോഴ്സുകൾ ഉൾപ്പെടെയുള്ളവയുടെ പ്രവേശന നടപടികൾക്കു മേൽനോട്ടം വഹിക്കേണ്ട അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി ആൻഡ് ഫീ റെഗുലേറ്ററി കമ്മിറ്റി ചെയർമാൻ പദവിയിൽ ആളില്ലാതായിട്ട് മാസങ്ങൾ.
ഇതോടെ ഈ കമ്മിറ്റി പുറപ്പെടുവിക്കേണ്ട നിർണായകമായ പല ഉത്തരവുകളും നിർദേശങ്ങളും ലഭിക്കാത്തതിനാൽ സർവകലാശാലകളും കോളജുകളും ഒരേപോലെ പ്രതിസന്ധി നേരിടുന്നു. 2025 സെപ്റ്റംബർ 30 മുതലാണ് ഈ പദവിയിൽ ആളില്ലാതായത്. പുതുതായി ചെയർമാൻ പദവിയിലേക്കു സർക്കാർ ഉത്തരവിലൂടെ നിയമിച്ച വ്യക്തി ഇതേവരെ ചാർജെടുത്തിട്ടില്ല.
ബിടെക്, എംബിഎ, എംസിഎ ഉൾപ്പെടെയുള്ള പല കോഴ്സുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് ഉൾപ്പെടെ പ്രവേശനം നേടിയ വിദ്യാർഥികളുടെ അഡ്മിഷന് അംഗീകാരം നല്‍കേണ്ടത് അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയാണ്. എന്നാൽ, മാസങ്ങളായി ഈ കമ്മിറ്റിയുടെ തലപ്പത്ത് ആളില്ലാതായതോടെ പരീക്ഷ എഴുതാൻപോലും വിദ്യാർഥികൾ പ്രതിസന്ധി നേരിടുന്ന അവസ്ഥയാണ്.
അടുത്ത വർഷത്തേക്കുള്ള സംസ്ഥാനത്തെ എൻജിനിയറിംഗ് പ്രവേശന നടപടികളുടെ ഭാഗമായുള്ള പ്രവേശന പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. മാസങ്ങൾക്കുള്ളിൽ പരീക്ഷാ നടപടികൾ പൂർത്തിയാക്കി പ്രവേശന നടപടികളിലേക്കു കടക്കേണ്ടതുണ്ട്. അടിയന്തരമായി ഫീ റെഗുലേറ്ററി കമ്മിറ്റി ചെയർമാൻ പദവി സംബന്ധിച്ചുള്ള അനിശ്ചിതത്വം നീക്കിയില്ലെങ്കിൽ പ്രവേശന നടപടികൾതന്നെ പ്രതിസന്ധിയിലാകും.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണു ബാക്കിയുള്ളത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങി പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ തുടർനടപടി സ്വീകരിക്കാനാകില്ല. ഈ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും അടിയന്തരമായി ഫീ റെഗുലേറ്ററി കമ്മിറ്റി ചെയർമാൻ നിയമനത്തിൽ ഇടപെടണമെന്ന ആവശ്യമാണ് സർവകലാശാല അധികൃതരും കോളജ് അധികൃതരും ഉന്നയിക്കുന്നത്.
കഴിഞ്ഞ വർഷം എംബിഎ പ്രവേശനം ഉൾപ്പെടെ നേടിയ വിദ്യാർഥികൾക്ക് അഡ്മിഷൻ റെഗുലേറ്ററി കമ്മിറ്റിയുടെ അനു മതി ലഭിക്കാത്തതിനെത്തുടർന്ന് എംജി സർവകലാശാല പ്രത്യേക ഉത്തരവിറക്കിയാണ് വിദ്യാർഥികൾക്ക് ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതാനായി ക്രമീകരണം ഒരുക്കിയത്.
2025-27 വർഷത്തെ എംബിഎ പ്രവേശനം നേടിയ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷാ വിജ്ഞാപനത്തിനു മുന്‍പായി നിലവിൽ അഫിലിയേറ്റ് കോളജുകളിൽ പ്രവേശനം നല്‍കിയിട്ടുള്ള വിദ്യാർഥികൾക്ക് അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ അംഗീകാരം ലഭിക്കാത്തതിനാൽ, യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാതെ തന്നെ പരീക്ഷാ രജിസ്ട്രേഷൻ നടത്തുന്നതിനും "താത്കാലികം’ എന്ന രേഖപ്പെടുത്തലോടെ ഹാൾ ടിക്കറ്റ് നല്കുന്നതിനുമാണ് എംജി സർവകലാശാല ഉത്തരവിരക്കിയിട്ടുള്ളത്.
2025 സെപ്റ്റംബറിനാണു പുതിയ ചെയർമാനെ നിയമിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഇതോടെ നിലവിലുണ്ടായിരുന്ന ചെയർമാൻ പദവിയിൽനിന്ന് ഒഴിഞ്ഞു. എന്നാൽ മൂന്നു മാസം കഴിഞ്ഞിട്ടും പുതുതായി നിയമിച്ച ചെയർമാൻ പദവി ഏറ്റെടുത്തിട്ടില്ല. ഇതോടെയാണു പ്രവർത്തനങ്ങൾ താളംതെറ്റിയത്.
കോളജുകളിലെ പ്രവേശന നടപടികൾ സംബന്ധിച്ചോ ഫീസ് ഘടന സംബന്ധിച്ചോ എന്തെങ്കിലും വിശദീകരണമോ അഭിപ്രായമോ ചോദിക്കേണ്ടത് ചെയർമാനോടാണ്. ആ പദവിയിലാണ് മാസങ്ങളായി ആളില്ലാതായത്. മൂന്നു മെഡിക്കൽ കോളജുകളുടെ എംബിബിഎസ് ഫീസ് സംബന്ധിച്ചും ഇനിയും അനുമതി ലഭിച്ചിട്ടില്ല.
Kerala
കൊച്ചി: സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞുപോയി എന്ന പരാതിയെ തുടര്‍ന്ന് എറണാകുളം ചിക്കിംഗ് ഔട്ട്ലെറ്റില് നടന്ന കൂട്ടയടിയില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. സംഭവത്തില്‍ വിദ്യാര്‍ഥികളുടെ ബന്ധുവായ ഒരാളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. അഞ്ചു പേര്‍ക്കെതിരെയാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്.
ചിക്കിംഗ് ഔട്ടലെറ്റിന്റെ മാനേജര്‍ ജോഷ്വ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥികള്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് നാലുപേര്‍ ഔട്ട്ലെറ്റില് അതിക്രമിച്ചു കയറി തന്നെ ദേഹോദ്രപവം ഏല്‍പ്പിച്ചെന്നും 83,000 രൂപയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി എന്നുമാണ് ജോഷ്വയുടെ പരാതി. മാനേജര്‍ കത്തി വീശി ഭീഷണിപ്പെടുത്തിയെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.
സിബിഎസ്ഇ സ്കൂള്‍ കായിക മേളയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികളാണ് എംജി റോഡ് ചിക്കിംഗില്‍ സാന്‍വിച്ച് കഴിക്കാനെത്തിയത്. സാന്‍വിച്ചില്‍ ചിക്കന്‍ ഇല്ലല്ലോ എന്ന പരാതി പറഞ്ഞതോടെ മാനേജറും വിദ്യാര്‍ഥികളും വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. വാക്കേറ്റം രൂക്ഷമായതോടെ വിദ്യാര്‍ഥികള്‍ കടയില്‍ നിന്നും ഇറങ്ങുകയും സഹോദരന്മാരെ കൂട്ടി വരികയുമായിരുന്നു.
സഹോദരങ്ങള്‍ കടയിലെത്തി ചോദ്യം ചെയ്തതോടെ മാനേജര്‍ കത്തിയെടുത്ത് വന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കടയ്ക്ക് പുറത്തേക്കിറങ്ങിയ ഇയാളെ മല്‍പ്പിടിത്തത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. നിലത്തു വീണ ഇയാളെ വിദ്യാര്‍ഥികള്‍ അടക്കം ചവിട്ടികൂട്ടി. ആക്രമണത്തിന് പിന്നാലെ ഇരുകൂട്ടരും ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Kerala
കൊച്ചി: സാന്ഡ്വിച്ചില് ചിക്കന്‍ കുറഞ്ഞു പോയതു ചോദ്യം ചെയ്ത വിദ്യാര്‍ഥികള്‍ക്കു നേരെ കത്തിയുമായി പാഞ്ഞടുത്ത് ചിക്കിംഗ് മാനേജര്‍. ഇടപ്പള്ളിയിലെ ചിക്കിംഗ് ഔട്ട്ലെറ്റില് ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. സിബിഎസ്ഇ മീറ്റില്‍ പങ്കെടുക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥികളെയാണ് മാനേജര്‍ ഭീഷണിപ്പെടുത്തിയത്.
ചോദ്യം ചെയ്തത് ഇഷ്ടപ്പെടാഞ്ഞ മാനേജര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചെന്നുമാണ് വിദ്യാര്‍ഥികളുടെ ആരോപണം. മാനേജരുടെ രൂക്ഷമായ പെരുമാറ്റത്തെത്തുടർന്നു വിദ്യാര്‍ഥികള്‍ സഹോദരങ്ങളെ വിളിച്ചുവരുത്തി. ഇതോടെ വാക്കേറ്റം ഉണ്ടാവുകയും മാനേജര്‍ കത്തി എടുത്ത് കൈയേറ്റം ചെയ്യാനായി ശ്രമിക്കുകയുമായിരുന്നുവെന്നുമാണ് പരാതി.
സംഭവത്തിന്റെ വീഡിയോ സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെയും മാനേജരുടെയും പരാതിയില്‍ സെന്‍ട്രല്‍ പോലീസ് കേസെടുത്തു. മാനേജരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതില്‍ വിദ്യാര്‍ഥികളുടെ സഹോദരങ്ങള്‍ക്കെതിരെയും കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതില്‍ മാനേജര്‍ക്കെതിരെയുമാണ് പരാതി.
Business
കൊച്ചി: പഠനത്തില്‍ മികവ് തെളിയിച്ച 1420 വിദ്യാര്‍ഥികള്‍ക്ക് മുത്തൂറ്റ് ഫിനാന്‍സ് മുത്തൂറ്റ് എം. ജോര്‍ജ് എക്സലന്‍സ് സ്കോളർഷിപ്പുകൾ നൽകി. എട്ട്, ഒന്‍പത് ക്ലാസുകളിലെ വിദ്യാർഥികൾക്കാണു സ്കോളർഷിപ്പ് നൽകിയത്.
പാലാരിവട്ടത്തെ മുത്തൂറ്റ് ഫിനാന്‍സിന്റെ ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങ് കുസാറ്റ് മുന്‍ പ്രോ- വൈസ്ചാന്‍സലര്‍ ഡോ. കെ. പൗലോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
3000 രൂപ വീതം കാഷ് പ്രൈസും മെമന്റോയുമാണ് നല്‍കിയത്. കേരളത്തിനുപുറമെ ചെന്നൈ, മധുരൈ, മംഗളൂരു, ബംഗളൂരൂ, ഹൈദരാബാദ്, മുംബൈ, ഗോവ, കോല്‍ക്കത്ത, ഡല്‍ഹി എന്നീ നഗരങ്ങളിലും പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
Kerala
കണ്ണൂർ: കണ്ണൂരിൽ റീൽ ചിത്രീകരണത്തിനായി റെഡ് ലൈറ്റ് കാട്ടി ട്രെയിൻ നിർത്തിയ സംഭവത്തിൽ കേസെടുത്ത് റെയിൽവേ പോലീസ്. സംഭവത്തിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെയാണ് റെയിൽവേ പോലീസ് കേസെടുത്തിരിക്കുന്നത്.
ഇന്ന് പുലർച്ചെ തലശേരിക്കും മാഹിക്കും ഇടയിലാണ് സംഭവം. എറണാകുളം - പൂനെ ഓഖ എക്സ്പ്രസാണ് വിദ്യാർഥികൾ റീൽ ചിത്രീകരണത്തിനായി തടഞ്ഞത്. കണ്ണൂർ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ തുടർന്ന് ജാമ്യത്തിൽ വിട്ടു.
Kerala
തൃശൂര്‍: ചേലക്കര എളനാട് റോഡിൽ സഹോദരങ്ങളായ വിദ്യാർഥികളെ ട്രാവലർ ഇടിച്ചുതെറിപ്പിച്ചു. രണ്ടു വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്.
ചേലക്കര എളനാട് റോഡിൽ ചിക്കപ്പൻപടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. ചേലക്കര എസ്എംടി സ്കൂളിലെ ഏഴാം ക്ലാസ്, എട്ടാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് സിനാൻ (13), മുഹമ്മദ് ബഷീഷ് (12) എന്നിവർക്കാണ് പരിക്കേറ്റത്.
അന്തിമഹാകാളൻകാവ് റോഡിൽ താമസിക്കുന്ന കുന്നത്ത് വീട്ടിൽ അലി - ഹാജിറ ദമ്പതികളുടെ മക്കളാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിലെ പരീക്ഷയ്ക്കായി പോകാൻ വീട്ടിൽ നിന്നിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ച് കടന്ന് ബസ് കയറാൻ ശ്രമിക്കുന്നതിനിടെ ചേലക്കരയിൽ നിന്ന് എളനാട് ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന ടെംപോ ട്രാവലർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് കുട്ടികളെ ഉടൻ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതര പരിക്കുകളുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവസ്ഥലത്തെത്തിയ ചേലക്കര പോലീസ് അപകടമുണ്ടാക്കിയ ട്രാവലർ കസ്റ്റഡിയിലെടുത്തു.
Kerala
കണ്ണൂർ: പഴയങ്ങാടിയിൽ വിദ്യാർഥികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. പഴയങ്ങാടി സ്വദേശി ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പഴയങ്ങാടി പോലീസ് കേസെടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വിനോദയാത്രയ്ക്കിടെയുണ്ടായ പ്രശ്നം പറഞ്ഞുതീർക്കാനെന്ന പേരിൽ ലിജോ പ്ലസ് ടു വിദ്യാർഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്ന് ഇയാൾ സുഹൃത്തുക്കളോടൊപ്പം കുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദിക്കുകയായിരുന്നു. പയ്യന്നൂർ ഗവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ട്രെയിനി അധ്യാപകനാണ് ലിജോ. ഡിസംബർ അഞ്ചിന് ആയിരുന്നു സ്കൂളിൽ നിന്ന് വിനോദയാത്ര പോയത്.
ഇതിനിടെ ലിജോ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് പരാതിയുണ്ടായിരുന്നു. ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർത്ഥികളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
Kerala
പരവൂർ: വിദ്യാർഥികൾക്ക് വേണ്ടി രാജ്യത്ത് ആദ്യമായി ചാർട്ടേഡ് ട്രെയിൻ അനുവദിച്ച് റെയിൽവേ. കാസർഗോഡ് എൽബിഎസ് എൻജിനിയറിംഗ് കോളജിൽ 22ന് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ നവ സംരംഭകത്വ ഉച്ചകോടിയായ ഐഇഡിസി സമ്മിറ്റ് - 2025 ൽ പങ്കെടുക്കുന്നവർക്ക് ആയി തിരുവനന്തപുരത്തുനിന്നും കാസർഗോഡേക്കും തിരിച്ചുമാണ് ചാർട്ടേഡ് ട്രെയിൻ അനുവദിച്ചിട്ടുള്ളത്.
ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്തരമൊരു പരിപാടിക്കായി ചാർട്ടേഡ് ട്രെയിൻ അനുവദിക്കുന്നത്. തിരുവനന്തപുരത്തുനിന്നും ഡിസംബർ 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് പുറപ്പെടുന്ന ട്രെയിൻ 22ന് പുലർച്ചെ നാലിന് കാസർഗോഡ് എത്തിച്ചേരും. അന്നേദിവസം രാത്രി 11 30ന് ട്രെയിൻ തിരുവനന്തപുരത്തേക്കും തിരിക്കും. 23ന് ഉച്ചകഴിഞ്ഞ് 2 30ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തുന്നതോടുകൂടി ട്രെയിൻ യാത്ര അവസാനിക്കും.
ട്രെയിന്‍ കോട്ടയം, എറണാകുളം, ഷൊർണൂർ, കോഴിക്കോട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാവും. ഒരു എസി കോച്ചും 17 സ്ലീപ്പർ കോച്ചുകളും ഉൾപ്പെടെ 18 ബോഗികളുള്ള ട്രെയിനിന്റെ ഓരോ ബോഗികളും പ്രത്യേക തീമിന്റെ ഭാഗമായിരിക്കും പ്രസ്തുത തീമിനനുസരിച്ചുള്ള പാനൽ ഡിസ്കഷനുകളും എക്സ്പെർട്ട് ടോക്കുകളും കലാപരിപാടികൾ ഉൾപ്പെടെ ഇതിന്റെ ഭാഗമായി ട്രെയിനിൽ സംഘടിപ്പിക്കും.
ഐഇഡി സി സമ്മിറ്റ് - 2025 നായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് അവരുടെ ആശയങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിനും പുതിയ ആശയങ്ങൾ രൂപീകരിക്കുന്നതിനും ഉള്ള ഒരു വലിയ ഇടം കൂടിയാണ് ഇത്തരം ഒരു ചാർട്ടേഡ് ട്രെയിൻ വരുന്നതോടെ സാധ്യമാകുന്നത്.
സമ്മിറ്റിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കായി ഇത്തരമൊരു ട്രെയിൻ സ്പോൺസർ ചെയ്തിരിക്കുന്നത് കേരള സ്റ്റാർട്ടപ്പ് മിഷൻ ആണ്. സമ്മിറ്റിന്റെ ടിക്കറ്റുകൾക്കായി www.iedcsummit.in എന്ന വെബ്സെറ്റ് സന്ദർശിക്കുക.
Kerala
കാഞ്ഞിരപ്പള്ളി: സ്കൂള്‍ ബസിന്റെ പിന്നിൽ ശബരിമല തീര്‍ഥാടകരുടെ മിനി ബസിടിച്ചു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 12 പേര്‍ക്കു പരിക്കേറ്റു. പാലാ - പൊന്‍കുന്നം റോഡില്‍ ഒന്നാം മൈലില്‍ ഇന്നു രാവിലെ 7.45നാണു അപകടം.
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്. സ്കൂള്‍ ബസിന്റെ പിന്നിലിടിച്ചശേഷം റോഡരികിലെ കടയിലേക്കു ഇടിച്ചു കയറിയാണ് മിനി ബസ് നിന്നത്.
സ്കൂള്‍ ബസ് ഡ്രൈവര്‍ പി.കെ. ചന്ദ്രന് (56), ബസ് ജീവനക്കാരി പ്രിയ സലീഷ് (35), വിദ്യാര്‍ഥികളായ ആന്‍ഡ്രിയ റിജോ (13), എ. ദേവനന്ദ (14), ലക്ഷ്മി ഭവാനി (13), ബംഗളൂരു സ്വദേശികളും ശബരിമല തീര്ഥാടകരുമായ ചന്ദ്രശേഖര്‍ (46), വെങ്കിടേഷ് (45), ധന്‍ജയ് (40), ഹരീഷ് കുമാര്‍ (43), മഞ്ജുനാഥ് (32), സൗരവ് (17), വെങ്കിടേഷ് (38) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala
കോട്ടയം: നെല്ലാപാറയിൽ സ്കൂൾ വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് അപകടത്തിൽപെട്ടു. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.
മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസ് തിരികെ തിരുവനന്തപുരത്തേക്ക് പോകുന്പോഴായിരുന്നു അപകടം നടന്നത്. നെല്ലാപാറയിൽ വച്ച് നിയന്ത്രണം വിട്ട ബസ് ഒരു വശത്തേക്ക് മറിഞ്ഞാണ് അപകടം. അപകടം നടക്കുന്പോൾ ബസിൽ 42 വിദ്യാർഥികളും നാല് അധ്യാപകരും ഉണ്ടായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
Kerala
ന്യൂഡൽഹി: ഒരു കിലോമീറ്റർ ചുറ്റളവിൽ ലോവർ പ്രൈമറി (എൽപി) സ്കൂളുകളും മൂന്നു കിലോമീറ്റർ ചുറ്റളവിൽ അപ്പർ പ്രൈമറി (യുപി) സ്കൂളുകളും ഇല്ലാത്ത എല്ലാ പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി കേരള സർക്കാരിനോടു നിർദേശിച്ചു.
2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഭൂമിശാസ്ത്രപരവും സാന്പത്തികവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി, കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെയും ജസ്റ്റീസ് ജോയ്മല്യ ബാഗ്ച്ചിയുടെയും ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.
മൂന്നു കിലോമീറ്റർ ചുറ്റളവിൽ വിദ്യാഭ്യാസ സംവിധാനങ്ങളില്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂളുകൾ സ്ഥാപിക്കണമെന്നാണു കോടതി നിർദേശം. നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മൂന്നു മാസത്തിനുള്ളിൽ നയം തയാറാക്കാനും പരമോന്നത കോടതി കേരളത്തോട് ആവശ്യപ്പെട്ടു.
മലപ്പുറം മഞ്ചേരിയിലെ എളാന്പ്രയിൽ എൽപി സ്കൂൾ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണു സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എളാന്പ്രയിലുള്ള വിദ്യാർഥികൾ മൂന്നും നാലും കിലോമീറ്റർ അപ്പുറമുള്ള സ്കൂളുകളെയാണ് വിദ്യാഭ്യാസത്തിനായി ആശ്രയിച്ചുകൊണ്ടിരുന്നത്.
"വ്യക്തിപരമായ ആവശ്യങ്ങൾ' പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും "വിദ്യാഭ്യാസപരമായ ആവശ്യം' ഉയരുന്നതുവരെ സ്കൂൾ നിർമിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണു സംസ്ഥാന സർക്കാർ എളാന്പ്രയിലെ സ്കൂൾ ആവശ്യം നിരാകരിച്ചുകൊണ്ടിരുന്നത്.
എന്നാൽ, രാജ്യത്ത് നൂറു ശതമാനം സാക്ഷരതയുള്ള സംസ്ഥാനമായ കേരളം സ്കൂൾ സ്ഥാപിക്കുന്നതിനെ എന്തിന് എതിർക്കണമെന്നും, നൂറു ശതമാനം സാക്ഷരത കരസ്ഥമാക്കിയത് വിദ്യാഭ്യാസത്തിൽ പണം ചെലവിട്ടതുകൊണ്ടാണെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഓർമിപ്പിച്ച് ഹൈക്കോടതി വിധി ശരിവച്ചു.
സ്കൂൾ വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം വ്യക്തമാക്കിയ സുപ്രീംകോടതി സ്കൂളുകൾ സ്ഥാപിക്കുന്നതിനുള്ള രണ്ടു ഘട്ട സമീപനമാണ് സംസ്ഥാന സർക്കാരിനോടു നിർദേശിച്ചത്. ആദ്യഘട്ടത്തിൽ ലോവർ അല്ലെങ്കിൽ അപ്പർ പ്രൈമറി സ്കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളും സംസ്ഥാനം തിരിച്ചറിയണം. രണ്ടാം ഘട്ടത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ എൽപി സ്കൂളുകളും മൂന്നു കിലോമീറ്റർ ചുറ്റളവിൽ യുപി സ്കൂളുകളും ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂളുകൾ സ്ഥാപിക്കണം.
സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിലുള്ള വിഭവപരിമിതി മുഖവിലയ്ക്കെടുത്തുകൊണ്ട് സ്വകാര്യ കെട്ടിടങ്ങൾ താത്കാലിക സ്കൂളുകളായി ഉപയോഗിക്കാൻ കോടതി അനുമതി നൽകി. എന്നാൽ ഇത് അനിശ്ചിതകാലത്തേക്ക് തുടരരുതെന്നും സ്ഥിരമായ സ്കൂളുകൾക്കായി ആവശ്യമായ ബജറ്റ് വിഹിതം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.
സ്കൂളുകൾ സ്ഥാപിക്കുന്നതിനു ലഭ്യമായ എല്ലാ സ്ഥലവിവരങ്ങളും സർക്കാരിനു നൽകണമെന്ന് കോടതി ഗ്രാമപഞ്ചായത്തുകൾക്ക് നിർദേശം നൽകി. സ്കൂളുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കാൻ ചില വ്യവസ്ഥകളോടെ ജീവകാരുണ്യ സ്ഥാപനങ്ങളെ ക്ഷണിക്കാമെന്നും കോടതി സർക്കാരിനോടു പറഞ്ഞു. എന്നാൽ, ഒരു സ്വകാര്യവ്യക്തിയെയും ഈ നിർദേശങ്ങളുടെ പ്രയോജനം നേടാൻ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.
International
അബൂജ: നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട 50 സ്കൂൾ കുട്ടികൾ തടവിൽനിന്ന് രക്ഷപ്പെട്ടു. ബാക്കി 253 വിദ്യാർഥികളും 12 അധ്യാപകരും ഇപ്പോഴും തടവിലാണ്. രക്ഷപ്പെട്ടവരിൽ 10നും 18നും ഇടയിൽ പ്രായമുള്ളവരുണ്ടെന്നും ഇവരെല്ലാം കുടുംബത്തോടൊപ്പമുണ്ടെന്നും സ്കൂൾ അധികൃതർ ഇന്നലെ അറിയിച്ചു.
കുട്ടികൾ പലപ്പോഴായി ഒറ്റയ്ക്കൊറ്റയ്ക്ക് രക്ഷപ്പെടുകയായിരുന്നുവെന്നാണ് നൈജർ സംസ്ഥാനത്തെ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ ചെയർമാനും സ്കൂളിന്റെ ഉടമയുമായ ഫാ. ബുലസ് ദൗവ യോഹന്ന പറഞ്ഞത്.
നൈജർ സംസ്ഥാനത്തെ പാപിരിയിൽ 629 കുട്ടികൾ പഠിക്കുന്ന സെന്റ് മേരീസ് ബോർഡിംഗ് സ്കൂളിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. സ്കൂളിൽ അതിക്രമിച്ചുകടന്ന സംഘം വിദ്യാർഥികളെയും അധ്യാപകരെയും കടത്തിക്കൊണ്ടുപോകുകയായിരുന്നു.
പട്ടാളവും നൈജർ സംസ്ഥാന പോലീസും പ്രാദേശിക വേട്ടക്കാരും ഉൾപ്പെട്ട ദൗത്യസംഘമാണ് സമീപ വനമേഖലയിൽ തെരച്ചിൽ നടത്തുന്നത്. നൈജറിനു പുറമേ കഡുന, സംഫാര, കാറ്റ്സിന, സൊക്കോറ്റോ, കെബ്ബി സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന വനമാണിത്. കഡുന സംസ്ഥാനത്തെ ബിർണിൻ ഗ്വാരി വനത്തിലേക്കായിരിക്കും കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് അനുമാനിക്കുന്നതായി നൈജീരിയൻ വൃത്തങ്ങൾ പറഞ്ഞു.
തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മോചനദ്രവ്യത്തിനായി കൊള്ള സംഘങ്ങളാണു സാധാരണ ഇത്തരം കൃത്യങ്ങൾ നടത്താറുള്ളത്. കൂടുതൽ ആക്രമണം ഉണ്ടാകാമെന്ന ഭീതിയിൽ നൈജർ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഇതിനു പുറമേ രാജ്യത്തുടനീളം 47 ബോർഡിംഗ് സ്കൂളുകൾ പൂട്ടാൻ നിർദേശിച്ചതായി നൈജീരിയൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
തട്ടിക്കൊണ്ടുപോയ കുട്ടികളെ വീണ്ടെടുക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാനും നൈജീരിയൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് യുഎൻ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകൾ ആവശ്യപ്പെട്ടു.
ഇതിനിടെ, നൈജീരിയയിൽ ക്രൈസ്തവ സമൂഹം നേരിടുന്ന പീഡനം അവസാനിപ്പിക്കാൻ അമേരിക്കയിലെ ട്രംപ് ഭരണകൂടം വിപുലമായ നടപടികൾ പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. നൈജീരിയയ്ക്കു മേൽ ഉപരോധം ചുമത്തൽ, അല്ലെങ്കിൽ ക്രൈസ്തവരെ ആക്രമിക്കുന്ന ഇസ്ലാമിക ഭീകര സംഘങ്ങളെക്കുറിച്ചുള്ള ഇന്റലിജൻസ് വിവരങ്ങൾ നൈജീരിയൻ സർക്കാരിനു കൈമാറൽ തുടങ്ങിയവയാണു പരിഗണനയിലുള്ളതെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് സൂചിപ്പിച്ചു.
Kerala
സുൽത്താൻ ബത്തേരി: വയനാട് പുല്‍പ്പള്ളി ചേകാടി എയുപി സ്കൂളിലെ വിദ്യാര്‍ഥികൾക്ക് ഭക്ഷ്യവിഷബാധ. 24 വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി.
ഛര്‍ദിയും തലവേദനയും വയറുവേദനയുമടക്കമുള്ള ദേഹാസ്വാസ്ഥ്യത്തെതുടര്ന്നാണ് ചികിത്സ തേടിയത്. സ്കൂളിൽ നിന്ന് വിനോദയാത്രക്ക് പോയപ്പോൾ കൊണ്ടുപോയ ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്.
വിദ്യാർഥികൾ മാനന്തവാടി മെഡിക്കൽ കോളജിൽ ആണ് ചികിത്സയിലുള്ളത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
Kerala
കൊച്ചി: സംസ്ഥാനത്തെ ഹൈസ്ക്കൂള് , ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബി.എല്‍ ഒമാരായി നിയമിച്ചതോടെ പൊതു പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥികള്‍ ആശങ്കയില്‍. പൊതുവിദ്യാലയങ്ങളിലെ പ്ലസ് ടു , പത്താം ക്ലാസ് പരീക്ഷകള്‍ എഴുതേണ്ട വിദ്യാര്‍ഥികളാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ഈ നടപടിയില്‍പ്പെട്ട് ധര്മസങ്കടത്തിലായിരിക്കുന്നത്.
പൊതു പരീക്ഷയ്ക്ക് തയാറാകാനും അധ്യായങ്ങള്‍ തീര്‍ക്കുന്നതിനുമായി ഏതാനും ദിവസങ്ങള്‍ മാത്രമേ അധ്യായന ദിനങ്ങളായി ഇനി മുന്നിലുള്ളു. അധ്യാപകര്‍ നവംബര്‍ മുതല്‍ ജനുവരി വരെ വരെ പ്രത്യേക ക്ലാസുകളും മറ്റും എടുത്താണ് ലാബും പാഠഭാഗങ്ങളും തീര്‍ക്കുന്നത്. പല സ്കൂളിലും അധ്യാപകര്‍ ബിഎല്‍ഒ മാരായി പോയതോടെ വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലായി.
പല സ്കൂളുകളിലും ഓരോ വിഷയത്തിലും ഇനിയും പാഠ്യഭാഗങ്ങളും ലാബുകളും തീരാനുണ്ട്. ആരോടാണ് പരാതി പറയേണ്ടതെന്ന വിഷമത്തിലാണ് ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും. പാഠ്യഭാഗങ്ങള്‍ തീര്‍ക്കാനായി ഗസ്റ്റ് നിയമനം നടത്താന്‍ ഇലക്ഷന് കമ്മീഷന് പയുന്നുണ്ട്. പക്ഷേ അവധി മൂന്നു മാസം കാലാവധിയില്‍ ഉണ്ടെങ്കില്‍ മാത്രമെ ഗസ്റ്റ് നിയമനം പാടുള്ളൂവെന്നാണ് നിയമം .
ഇത് പിന്നീട് ഓഡിറ്റ് ഒബ്ജക്ഷന് ആകാം എന്നത് പ്രഥമ അധ്യാപകരെ വലയ്ക്കുന്നു. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമെന്ന് പറഞ്ഞ് ഓഡിറ്റ് പ്രശ്നങ്ങളില്‍ നിന്ന് തലയൂരാമെങ്കിലും , അധ്യായന വര്‍ഷത്തിന്റെ അവസാന സമയത്ത് മിക്ക വിഷയങ്ങളിലും ഗസ്റ്റിനെ കിട്ടാന്‍ ബുദ്ധിമുട്ടാണ്.
മിക്കവരും സ്കൂളുകളില്‍ അധ്യായന വര്‍ഷാരംഭത്തില്‍ തന്നെ നിയമനം നേടിയിരിക്കും. എറണാകുളം ജില്ലയിലെ ഒരു സ്ക്കൂളില്‍ ശ്വാസം മുട്ടല്‍ കാരണം ചികിത്സയിലായിരുന്ന ടീച്ചര്‍ ലാബ് തീര്‍ക്കാനുള്ള വെപ്രാളത്തില്‍ രോഗം മാറുന്നതിന് മുമ്പ് സ്കൂളില്‍ വന്നു. ലാബില്‍ ക്ലാസ് എടുത്തു കൊണ്ടിരുന്ന ടീച്ചറിനോട് ബി.എല്‍ ഒ ഡ്യൂട്ടി വന്നത് വിളിച്ചറിയിച്ചതോടെ ടെന്ഷനാകുകയും ശ്വാസം മുട്ടല്‍ കൂടി അവര്‍ കുഴഞ്ഞു വീഴുകയായിരുന്നു.
സ്കൂളില്‍ നിന്ന് ഉടനടി ആശുപത്രിയില്‍ എത്തിക്കേണ്ടി വന്നു . ബിഎല്‍ഒ ഡ്യൂട്ടിക്കായി കൂടുതല്‍ അധ്യാപകരും സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നാണ് എത്തിയിരിക്കുന്നത്. പൊതു പരീക്ഷയ്ക്കിരിക്കുന്ന വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതി , അവരുടെ മാര്‍ക്കിനെ ബാധിക്കുമെന്നതിനാല്‍ ഹൈസ്ക്കൂള് , ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ ബി.എല്‍ ഒ നിയമനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു
National
ലക്നോ: ഉത്തർപ്രദേശിൽ സ്കൂളിൽ വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് വിദ്യാർഥികൾ ബോധരഹിതരായി. സാൻഡില പട്ടണത്തിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. 16 വിദ്യാർഥികളാണ് ബോധരഹിതരായത്.
എല്ലാ വിദ്യാർഥികളെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരു കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ലക്നോവിലേക്ക് മാറ്റി.
അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ചോർച്ചയുടെ കാരണം സ്ഥിരീകരിച്ചുകഴിഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുന്നതായും ജില്ലാ മജിസ്ട്രേറ്റ് അനുനായ് ഝാ പറഞ്ഞു.
സ്കൂൾ പരിസരത്ത് വാതകത്തിന്റെ രൂക്ഷഗന്ധം പടർന്നിരുന്നുവെന്നും ഇതേതുടർന്ന് പരിഭ്രാന്തരായ കുട്ടികൾ ക്ലാസ് മുറിയിൽ നിന്നും പുറത്തേക്ക് ഓടിയെന്നും അധികൃതർ പറഞ്ഞു. അധ്യാപകർ ഉടൻ തന്നെ എല്ലാ വിദ്യാർഥികളെയും ഒഴിപ്പിക്കുകയും രക്ഷിതാക്കളെയും അധികൃതരെയും വിവരമറിയിക്കുകയും ചെയ്തു.
ജില്ലാ മജിസ്ട്രേറ്റ്, പോലീസ് സൂപ്രണ്ട് അശോക് കുമാർ മീണ എന്നിവർ മറ്റ് ഉദ്യോഗസ്ഥരോടൊപ്പം സ്ഥലത്തെത്തി ചികിത്സയിൽ കഴിയുന്ന കുട്ടികളെയും സന്ദർശിച്ചു.
കുട്ടികൾക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും സമഗ്രമായ അന്വേഷണം നടത്താനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Kerala
ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടിക്ക് സമീപം സ്കൂൾ വിദ്യാർഥികളുമായി വിനോദ യാത്രയ്ക്ക് വന്ന ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു.
തമിഴ്നാട്ടിൽനിന്നും എത്തിയ കുട്ടികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഈ കുട്ടിയെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റ മറ്റു കുട്ടികൾ മൂന്നാറിലെ ആശുപത്രിയിൽ ചികിത്സ തേടി.
International
സിയൂൾ: ലോകത്തിലെ ഏറ്റവും കഠിനമായ പ്രവേശന പരീക്ഷയെന്നു വിശേഷിപ്പിക്കപ്പെടുന്ന ദക്ഷിണ കൊറിയയിലെ സുനെംഗ് ടെസ്റ്റിൽ ഇക്കുറി പങ്കെടുത്തത് 5,54,174 വിദ്യാർഥികൾ.
ഇന്നലെ നടന്ന ഈവർഷത്തെ പരീക്ഷയിൽ കഴിഞ്ഞ വർഷത്തേക്കാൾ ആറു ശതമാനം കൂടുതൽ കുട്ടികളാണ് പങ്കെടുത്തത്. രാജ്യത്തെ ഉന്നത സർവകലാശാലകളിൽ പ്രവേശനം നേടുന്നതിന് അത്യാവശ്യമായ ഈ പരീക്ഷയിൽ 2019നുശേഷം ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്നതും ഈവർഷമാണ്.
ഇക്കുറി പരീക്ഷാർഥികളുടെ എണ്ണം കൂടാൻ മറ്റൊരു കാരണമുണ്ട്. 2007ൽ ജനിച്ചവരായിരുന്നു ഭൂരിഭാഗം ഉദ്യോഗാർഥികളുമെന്നതാണത്. രാജ്യത്ത് ഒരു കുഞ്ഞ് ജനിക്കാൻ ശുഭകരമായ സമയമായി 2007 കണക്കാക്കപ്പെട്ടിരുന്നതിനാലാണ് അന്ന് ജനനനിരക്കിൽ വൻ വർധനവുണ്ടായത്.
എന്നാൽ തുടർന്നിങ്ങോട്ട് രാജ്യത്തെ ജനസംഖ്യ വർഷംതോറും കുറഞ്ഞുവരുന്ന അവസ്ഥയാണ്. പരീക്ഷയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടും പരീക്ഷാർഥികൾ കൃത്യസമയത്ത് പരീക്ഷാസെന്ററുകളിൽ എത്തുന്നത് ഉറപ്പുവരുത്താനുമായി ഓഫീസുകളും കന്പനികളും വ്യാപാരസ്ഥാപനങ്ങളും തുടങ്ങി ഓഹരിവിപണിവരെ പതിവിനു വിപരീതമായി ഒരു മണിക്കൂർ വൈകിയാണു പ്രവർത്തനം ആരംഭിച്ചത്.
വിദ്യാര്‍ഥികള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തുന്നത് വൈകാതിരിക്കാനും വലിയ മുന്‍കരുതലുകളെടുത്തു. ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും ആവശ്യമായി നടപടികള്‍ സ്വീകരിച്ചു.
വിമാനസർവീസുകൾ വൈകി
നിർണായകമായ ഇംഗ്ലീഷ് ടെസ്റ്റിന് വിദ്യാർഥികൾക്കു യാതൊരുവിധ തടസവുമുണ്ടാകാതിരിക്കാൻ ഉച്ചയ്ക്ക് 1.05 മുതൽ 1.40 വരെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും വിമാനങ്ങളുടെ ലാൻഡിംഗും ടേക്ക് ഓഫും നിരോധിച്ചിരുന്നു.
ഇതോടെ 65 രാജ്യാന്തര സർവീസുകളുൾപ്പെടെ 140 വിമാനങ്ങളുടെ സർവീസ് വൈകി. പരീക്ഷ കഴിയുന്നതിനായി വിമാനങ്ങൾ വിമാനത്താവളങ്ങൾക്ക് 9843 അടി ഉയരത്തിൽ വട്ടമിട്ടു പറന്നു.പ്രാദേശികസമയം ഇന്നലെ രാവിലെ 8.40ന് തുടങ്ങിയ പരീക്ഷ വൈകുന്നേരം 5.40നാണ് അവസാനിച്ചത്.
എട്ടു മണിക്കൂര്‍ നീണ്ട ഈ പരീക്ഷയില്‍ കൊറിയന്‍, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കൊറിയന്‍ ഹിസ്റ്ററി, സോഷ്യല്‍ സ്റ്റഡീസ്, സയന്‍സ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണു പരീക്ഷകള്‍ നടത്തിയത്.
വ്യത്യസ്ത പരീക്ഷാരീതി
എല്ലാ വര്‍ഷവും നവംബറില്‍ നടക്കുന്ന സുനേംഗ് ടെസ്റ്റ് കേവലം ഒരു അക്കാദമിക് ചലഞ്ച് എന്നതിനപ്പുറം ഭാവിജീവിതം രൂപപ്പെടുത്തുന്നതിനുള്ള ചുവടുവയ്പായാണു കണക്കാക്കുന്നത്. വളരെ വ്യത്യസ്തമായ പരീക്ഷാരീതിയാണിത്.
ഓരോ വിഷയത്തിനും 80 മുതല്‍ 107 മിനിറ്റ് വരെ നീളുന്നതാണ് പരീക്ഷ. ഓരോ പരീക്ഷയ്ക്കുംശേഷം 20 മിനിറ്റാണു വിശ്രമസമയം. ഉച്ചഭക്ഷണത്തിനായി 50 മിനിറ്റ് സമയമാണു നല്‍കുന്നത്. ഇതിനുശേഷമാണ് സാധാരണയായി ഇംഗ്ലീഷ് ടെസ്റ്റ് നടത്തുന്നത്. ലിസണിംഗ് ടെസ്റ്റാണ് ഇംഗ്ലീഷ് പരീക്ഷയില്‍ പ്രധാനപ്പെട്ടത്. അവര്‍ കേള്‍ക്കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഉത്തരങ്ങള്‍. ഉയര്‍ന്ന ഏകാഗ്രതയും ഈ പരീക്ഷയിൽ ആവശ്യമാണ്.
തൊഴില്‍, വരുമാനം എന്നിവയെ സ്വാധീനിക്കുന്നതിനൊപ്പം വിദ്യാര്‍ഥികളുടെ സര്‍വകലാശാല പ്ലേസ്മെന്റുകള്‍, ഭാവിയിലേക്കുള്ള തൊഴില്‍സാധ്യതകള്‍ തുടങ്ങി സോഷ്യൽ സ്റ്റാറ്റസ് പോലും നിര്‍ണയിക്കുന്നത് ഈ പരീക്ഷയെ അടിസ്ഥാനമാക്കിയാണ്.
പരീക്ഷ അവസാനിച്ച് പുറത്തിറങ്ങുമ്പോൾ ഒരു ഉത്സവാന്തരീക്ഷത്തിന്റെ പ്രതീതിയാണുണ്ടാകുക. സംഗീതപരിപാടികളുടെയും മറ്റും അകമ്പടിയോടെയാണ് ഇവിടെ പരീക്ഷ കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികളുടെ നേട്ടങ്ങള്‍ ആഘോഷിക്കപ്പെടുന്നത്.
കഠിനമായ തയാറെടുപ്പുകൾ
പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം ഭക്ഷണക്രമം പോലും നിര്‍ദേശിക്കുന്നുണ്ട്. ജങ്ക് ഫുഡുകള്‍ പൂര്‍ണമായും ഒഴിവാക്കണം. ആപ്പിള്‍, വാഴപ്പഴം ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങള്‍, പുഴുങ്ങിയ മത്സ്യം തുടങ്ങിയ ലളിതമായ ഭക്ഷണമാണ് വിദ്യാര്‍ഥികളോടു നിര്‍ദേശിക്കുന്നത്.
പരീക്ഷാ ദിനങ്ങളില്‍ ആരോഗ്യം നിലനിര്‍ത്തുന്നതിനും യാതൊരു തരത്തിലുള്ള രോഗങ്ങള്‍ വരാതിരിക്കാനുമാണ് വിദ്യാര്‍ഥികള്‍ ഈ ഭക്ഷണക്രമം പിന്തുടരുന്നത്.
കഠിനമായ തയാറെടുപ്പാണ് പരീക്ഷയ്ക്കു മുന്നോടിയായി വിദ്യാര്‍ഥികള്‍ നടത്തുന്നത്. മോക്ക് ടെസ്റ്റുകളാണ് ഇതില്‍ പ്രധാനം. മൂന്ന് മോക്ക് ടെസ്റ്റുകളാണ് സാധാരണയായി ഉണ്ടാകാറുള്ളത്. വിദ്യാര്‍ഥികളുടെ നിലവാരം അളക്കുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള പരിശീലനം നല്കുന്നതിനുമാണിത്. സ്വകാര്യ അക്കാദമികളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഈ മോക്ക് ടെസ്റ്റ് ലഭിക്കാറുണ്ട്.
Kerala
കൊച്ചി: വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർഥികൾ ഗണഗീതം പാടുന്ന വീഡിയോ നീക്കം ചെയ്ത് ദക്ഷിണ റെയിൽവേ. എറണാകുളം സൗത്ത് - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിന് വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിച്ചിരുന്നു. ഇതിന്റെ വീഡിയോ ദക്ഷിണ റെയിൽവേ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവയ്ക്കുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്.
വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിനുശേഷം വിദ്യാർഥികൾ ട്രെയിനിൽ യാത്രചെയ്യവേയാണ് ഗണഗീതം പാടിയത്. കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ ഇന്ന് രാവിലെയാണ് പ്രധാനമന്തി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്.
എറണാകുളം - ബംഗളൂരു റൂട്ടിലോടുന്ന വന്ദേ ഭാരതിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ ആയി രാവിലെ എട്ടിന് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ വൈകുന്നേരം 5.50ന് ബംഗളൂരുവിൽ എത്തിച്ചേരും.
Kerala
കൊച്ചി: ഇടപ്പള്ളിയില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ആലപ്പുഴ സ്വദേശികളായ ഹരുണ്‍ ഷാജി, മുനീര്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 3.30ഓടെ ഇടപ്പള്ളി ബാങ്ക് ജംഗ്ഷനിലായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മെട്രോ പില്ലറില്‍ ഇടിച്ചായിരുന്നു അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
സംഭവത്തിൽ എളമക്കര പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Kerala
മലപ്പുറം: ഒൻപതാം ക്ലാസ് വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തിൽ ഏഴ് കുട്ടികളെ പോലീസ് ജുവനൈൽ ഹോമിലേക്ക് മാറ്റി. സിഡബ്ല്യുസി ഉത്തരവ് പ്രകാരമാണ് നടപടി.
വളവന്നൂർ യത്തീംഖാന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഹർഷിദിനാണ് മർദനമേറ്റത്. പരിക്കേറ്റ വിദ്യാർഥി കോട്ടക്കലിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
ഇൻസ്റ്റാഗ്രാമിൽ റീൽസ് പങ്കു വെച്ചതിലെ തർക്കമാണ് മർദനത്തിന് കാരണം. വ്യാഴാഴ്ച്ചയാണ് ഹർഷദിനു മർദനമേറ്റത്. മർദിച്ചതും ഒമ്പതാം ക്ലാസിലെ വിദ്യാർഥികളാണെന്ന് പോലീസ് പറയുന്നു.
National
ഭോപാൽ: വിദ്യാർഥിനികളെ അശ്ലീല വീഡിയോകൾ കാണിക്കുകയും സ്പർശിക്കുകയും ചെയ്ത അധ്യാപകൻ അറസ്റ്റിൽ. അധ്യാപകനായ രമേന്ദ്ര സിംഗ് കുശ്വാഹയെയാണ് അറസ്റ്റ് ചെയ്തത്. ദേഹത് പോലീസ് സ്റ്റേഷനിൽ മൂന്നു വിദ്യാർഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമം, പട്ടികജാതി - പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരമാണ് രമേന്ദ്ര സിംഗ് കുശ്വാഹയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലാണ് സംഭവം. കുശ്വാഹയെ സസ്പെൻഡ് ചെയ്തെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. ക്ലാസിനിടെയാണ് വിദ്യാർഥിനികളോട് അധ്യാപകൻ മോശമായി പെരുമാറിയത്. മാതാപിതാക്കളെ അറിയിക്കുമെന്ന് വിദ്യാർഥിനികൾ പറഞ്ഞപ്പോൾ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
തുടർന്ന് വിദ്യാർഥിനികൾക്ക് സ്കൂളിൽ പോകാൻ ഭയമായി. തുടർച്ചയായി ക്ലാസിൽ പോകാത്തതിൽ സംശയം തോന്നിയ മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് കുട്ടികൾ വിവരം പറഞ്ഞത്. ആദ്യം പ്രിൻസിപ്പലിനെ സമീപിച്ച് മാതാപിതാക്കൾ പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെതുടർന്നാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് വിദ്യാർഥിനികളുടെ വൈദ്യപരിശോധന നടത്തി. സ്കൂൾ ജീവനക്കാരിൽനിന്നും മാനേജ്മെന്റിൽനിന്നും വിവരങ്ങൾ ശേഖരിച്ചെന്ന് പോലീസ് അറിയിച്ചു.
District News
തിരുവല്ല: പത്തനംതിട്ട ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായ പ്രവൃത്തി പരിചയമേളയില്‍ പ്രതിഭകള്‍ തിളങ്ങി. തടി, കളിമണ്ണ്, ചിരട്ട, കടലാസ് തുടങ്ങിയവയില്‍ ആകര്‍ഷണീയമായ നിര്‍മാണങ്ങളാണ് കുട്ടികള്‍ ഒരുക്കിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തങ്ങളുടെ കരവിരുത് കുട്ടികള്‍ പ്രകടമാക്കി.
തിരുവല്ലയിലെ വിവിധ സ്കൂളുകളിലായി നടന്ന ശാസ്ത്രോത്സവത്തിന്റെ പ്രവൃത്തി പരിചയമേള തിരുമൂലപുരം ബാലികാമഠം എച്ച്എസ്എസ്, തിരുമൂലവിലാസം യുപിഎസ് എന്നിവിടങ്ങളിലാണ് നടന്നത്. മേളയുടെ സമാപനം ഇന്നാണ്.
District News
കുണ്ടറ : ദേശീയപാതയിലെ വെള്ളക്കെട്ട് പരാതി കൊടുത്തു മടുത്തു. ഒടുവിൽ തൂമ്പയും ചട്ടിയും എടുത്തിറങ്ങി അധ്യാപകരും വിദ്യാർഥികളും ചാലുവെട്ടി നേരയാക്കി. കുണ്ടറയിൽ ദേശീയപാത അധികാരികൾ ചെയ്യേണ്ട ജോലി അധ്യാപകരും വിദ്യാർഥികളും കൂടി ചെയ്തു.
ഇളമ്പള്ളൂർ എസ്എൻഎസ്എംഎച്ച്എസ് സ്കൂളിന്റെ മുന്നിലെ വെള്ളക്കെട്ടാണ് അധ്യാപകരും വിദ്യാർഥികളും ചേർന്നു ചാലു വെട്ടി വെള്ളം ഒഴുക്കി കളഞ്ഞത്.
മഴ പെയ്താൽ വർഷങ്ങളായി ഈ പ്രദേശത്ത് മുഴുവൻ വെള്ളക്കെട്ടാകും. സ്കൂൾ കുട്ടികൾ ചാടി കടന്നാണ് സ്കൂളിലേക്ക് കയറുന്നത്.കഴിഞ്ഞ കുറേ വർഷങ്ങളായി സ്കൂൾ അധികൃതർ ഇളമ്പള്ളൂർ പഞ്ചായത്തിനും സ്ഥലം എംഎൽഎ യ്ക്കുംഎംപി യ്ക്കും ദേശീയപാത അധികാരികൾക്കും നിരവധി തവണ പരാതി നൽകിയിട്ടും നാളിതുവരെയും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.ബന്ധപ്പെട്ട അധികാരികളിൽ നിന്നും നടപടികൾ ഒന്നും ഉണ്ടാകില്ലെന്ന് ഉറപ്പായത്തോടെയാണ് അധ്യാപകരും വിദ്യാർഥികളും തൂമ്പയും ചട്ടിയുമായി ഇറങ്ങിയത്.
District News
പിറവം: മാതൃഭാഷയും ഭാരതത്തിന്റെ സാസ്ക്കാരിക പൈതൃകവും കൈവിടാതെ വേണം പുതിയ തലമുറ വളർന്നുവരേണ്ടതെന്ന് ചിന്മയമിഷൻ ആഗോള അധ്യക്ഷനും ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാല ചാൻസലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി.
പിറവത്തിനടുത്ത് വെളിയനാട് ആദിശങ്കര നിലയത്തിൽ ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയിലെ വിദ്യാർഥികളും അധ്യാപകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ പാരമ്പര്യ വിഞ്ജാന ശാഖയെ ലോകം ഉറ്റു നോക്കുന്നകയാണെന്നും ഇത് പുതുതലമുറയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്നും വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം ചുണ്ടിക്കാട്ടി. സർവകലാശാല ആക്ടിംഗ് വൈസ് ചാൻസലർ ഡോ. ടി. അശോകൻ, ഡീൻ സുനീത ഗ്രാന്ധി , ട്രസ്റ്റി സുരേഷ് വാദ്വാനി, ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ബി.ഭവേഷ് എന്നിവർ പ്രസംഗിച്ചു.
District News
കൊല്ലം: അമൃതുകുളങ്ങര മുണ്ടയ്ക്കൽ ഈസ്റ്റ് ഗവ.എൽപി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി തുടങ്ങി. ‘കൂട്ടുകൂടാം ഹരിത ചങ്ങാതിക്കൊപ്പം’എന്ന പരിപാടിയിൽ കുട്ടികൾ 50 പൂച്ചട്ടികളിൽ പച്ചക്കറി തൈകൾ നട്ടു.
വഴുതന, പച്ചമുളക്, വെണ്ട, തക്കാളി തുടങ്ങി സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളാണ് നട്ടത്. തൈകളുടെ വളർച്ചാഘട്ടങ്ങൾ കുട്ടികൾ ജൈവ ഡയറിയിൽ രേഖപ്പെടുത്തും. ജൈവ കൃഷിയുടെ ബാലപാഠങ്ങൾ കുട്ടികളിൽ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
അമൃതലയ പ്രസിഡന്റ് കെ.പ്രസന്നകുമാറും പ്രധാനാധ്യാപിക എസ്.ലളിതാഭായിയും ചേർന്ന് ആദ്യ പച്ചക്കറിത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഡി.ഡിക്സൺ, എസ്.സുമിന, ഗ്രേസ് മൈക്കിൾ എന്നിവർ നേതൃത്വം നൽകി.
District News
മഞ്ചേരി : ക്ലാസ് റൂമിലെ ഫാന്‍ തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. മഞ്ചേരി ബോയ്സ് ഹൈസ്ക്കൂളിലെ ഒമ്പത് കെ. ഡിവിഷന് ക്ലാസില്‍ ഇന്നലെ ഉച്ചക്ക് 12.15നാണ് സംഭവം. ഫാന്‍ തലയില്‍ വീണ് അക്ഷയ് ജിത്ത്, ആല്ഡ്രിന്, ദേവദര്‍ശ് എന്നീ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. അധ്യാപിക ശാസ്ത്രമേളക്ക് പോയതിനാല്‍ പീരിയേഡ് അവധിയായിരുന്നു. 48 കുട്ടികള്‍ പഠിക്കുന്ന ക്ലാസില്‍ നാല് ഫാനുകളാണുള്ളത്.
ഇതില്‍ ഒരെണ്ണം ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് നേരത്തെ ശ്രദ്ധയില്‍പ്പെടുകയും ഇലക്ട്രീഷ്യന് വന്ന് പരിശോധിച്ച് പോവുകയും ചെയ്തിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഈ ഫാനാണ് ക്ലാസില്‍ സംസാരിച്ചിരിക്കുന്ന കുട്ടികളുടെ മേല്‍ വീണത്.
മറ്റു കുട്ടികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രധാനാധ്യാപിക ക്ലാസിലെത്തുകയും രണ്ട് അധ്യാപകരെ കൂട്ടി കുട്ടികളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ കുട്ടികളെ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. എന്നാല്‍ ഇത്തരത്തിലൊരപകടമുണ്ടായിട്ടും രക്ഷിതാക്കളെ വിവരമറിയിച്ചില്ലെന്നും ഫാന്‍ യഥാസമയം റിപ്പയര്‍ ചെയ്യാത്തതാണ് അപകടത്തിന് കാരണമായതെന്നും പരാതിയുണ്ട്.
District News
പാലക്കാട്: രണ്ടാം ക്ലാസുകാരന് തെരുവുനായുടെ കടിയേറ്റു. മേപ്പറമ്പ് മാപ്പിളക്കാട് വച്ചാണ് സംഭവം. സൗഹൃദ നഗറിൽ താമസിക്കുന്ന ധ്യാൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്.
വീടിനു സമീപത്ത് സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. പ്രദേശവാസിയായ യുവതിക്കും തെരുവ് നായയുടെ കടിയേറ്റു. ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Editorial
മഹാപ്രളയങ്ങളെ കൈകോർത്ത് അതിജീവിച്ചവർ മതഭ്രാന്തിന്റെ കുത്തിയൊഴുക്കിൽ പരസ്പരം കൈവിടരുത്.
ശാന്തമായി മുന്നോട്ടുപോയിരുന്ന ഒരു സ്കൂളിൽ തുടങ്ങിവച്ച ഹിജാബ് വിവാദത്തിന് വിദ്യാഭ്യാസമന്ത്രി കൊടുത്ത പിന്തുണയെ മതമൗലികവാദികളും രാഷ്ട്രീയ മുതലെടുപ്പുകാരും വിദഗ്ധമായി ഏറ്റെടുത്തു. യൂണിഫോം കോഡ് നിർബന്ധമായും നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സ്കൂൾ മാനേജ്മെന്റുകൾക്ക് ഉണ്ടെന്നും ഹിജാബ് അനുവദിക്കണമെന്നു വിധിക്കാനാകില്ലെന്നുമുള്ള 2018ലെ കേരള ഹൈക്കോടതി വിധി നിലനിൽക്കേയാണ് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ എന്തോ ഭരണഘടനാലംഘനം നടത്തിയെന്നു പ്രചരിപ്പിക്കുന്നത്.
നിലവിൽ പല ക്രൈസ്തവ സ്കൂളുകളും ഹിജാബ് അനുവദിക്കുന്നുണ്ട്. അതുപോലെ സെന്റ് റീത്താസ് പോലെയുള്ള സ്കൂളുകളുടെ തീരുമാനവും മാനിക്കപ്പെടണം. അതിനപ്പുറം, ഹിജാബ് വിഷയത്തിലെ ഭരണഘടനാ വ്യാഖ്യാനങ്ങൾ കോടതി നടത്തട്ടെ. അത്തരം വിധികൾ എന്തായാലും മാനിക്കാൻ ക്രൈസ്തവർക്കറിയാം.
പക്ഷേ, മതസംഘടനകളും അഭ്യുദയകാംക്ഷികളും നടത്തുന്ന വ്യാഖ്യാനങ്ങളും കുത്തിത്തിരിപ്പും സ്വീകാര്യമല്ല. സമീപകാലത്ത്, ക്രൈസ്തവ സ്കൂളുകളിൽ മാത്രം മുസ്ലിം മതാചാരങ്ങൾ നടപ്പാക്കാൻ ചിലർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് പതിവായതുകൊണ്ടാണ് അതു പറയേണ്ടിവരുന്നത്. കഴിഞ്ഞ നിലന്പൂർ തെരഞ്ഞെടുപ്പിലും ഓരോ മതമൗലികവാദ സംഘടനകളെ ഒക്കത്തിരുത്തിയവർക്കും താലിബാനെ താലോലിക്കുന്നവർക്കുമൊക്കെ രാഷ്ട്രീയ താത്പര്യങ്ങളുണ്ട്.
പക്ഷേ, വിദ്യാഭ്യാസത്തെയെങ്കിലും വെറുതെ വിടണം. ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ വിഭാഗങ്ങളിലെ യഥാർഥ മതേതര വിശ്വാസികൾ നിശബ്ദരായിരിക്കരുത്. മതനേതാക്കൾ അവരുടെ ഉത്തരവാദിത്വം നിർവഹിക്കണം. മതഭ്രാന്തുകളെ വിദ്യാലയങ്ങളുടെ പടി കയറ്റാതിരിക്കാൻ നമുക്കൊരു സ്ഥിരം സംവിധാനമുണ്ടാകണം. ഭിന്നിക്കാനല്ല, കൈ കോർക്കാൻ ഇതാണു സമയം.
ചില അവാസ്തവങ്ങളെ ചൂണ്ടിക്കാണിച്ചില്ലെങ്കിൽ നുണകൾ അതിവേഗം ലോകംചുറ്റിവരും. ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീ, ഹിജാബ് ധരിച്ച വിദ്യാർഥിനിയോട് അതു പാടില്ലെന്നു പറയുന്നത് എന്തു വിരോധാഭാസമാണെന്നു പറഞ്ഞത് വിദ്യാഭ്യാസ മന്ത്രിയാണ്. സർ, കന്യാസ്ത്രീ ധരിച്ചിരിക്കുന്നത് അവരുടെ യൂണിഫോമാണ്.
വിദ്യാർഥികൾക്കു നിഷ്കർഷിച്ചിരുന്ന യൂണിഫോം കന്യാസ്ത്രീകൾക്കോ മറ്റധ്യാപകർക്കോ ബാധകമല്ല. മുസ്ലിം സ്കൂളുകളിൽ ഉൾപ്പെടെ മതവേഷം ധരിക്കുന്ന അധ്യാപകരുണ്ട്. ആ വേഷം ധരിക്കാൻ മുസ്ലിം മാനേജ്മെന്റും വിദ്യാർഥികളെ അനുവദിക്കാറില്ല. അതുപോലെ അനിവാര്യമായ മതാചാരങ്ങൾ (എസെൻഷ്യൽ റിലിജിയസ് പ്രാക്റ്റിസ്) ഭരണഘടനയുടെ 25, 26 വകുപ്പുകൾ പ്രകാരം അനുവദനീയമാണ്. ഹിജാബിന്റെ കാര്യത്തിൽ അത്തരമൊരു തീരുമാനം ഉണ്ടായാൽ അതു നടപ്പാക്കുന്നതിൽ ആർക്കുമില്ല രണ്ടഭിപ്രായം.
പക്ഷേ, നിലവിൽ യൂണിഫോമിന്റെ കാര്യത്തിൽ ബന്ധപ്പെട്ട സ്കൂൾ മാനേജ്മെന്റുകൾ തീരുമാനമെടുക്കും. അതിനു മാനേജ്മെന്റിന് പൂർണ അധികാരമുണ്ടെന്ന് 2018ൽ കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖും 2022ൽ കർണാടക ഹൈക്കോടതിയും വിധിച്ചിട്ടുള്ളതാണ്.
ഇതിനെതിരേയുള്ള ഹർജിയിൽ സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ചിൽ ഭിന്നവിധി ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞവർഷം കേസ് വിശാലബെഞ്ചിനു വിട്ടു. വിധി ഉണ്ടാകുന്നതുവരെ യൂണിഫോമിന്റെ പേരിൽ കന്യാസ്ത്രീകളെ മന്ത്രി വർഗീയതയുടെ ശിരോവസ്ത്രം ധരിപ്പിക്കരുത്. യൂണിഫോം നിർബന്ധമായ പല സർക്കാർ സർവീസുകളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പോലുള്ള സംവിധാനങ്ങളിലും മതനിരപേക്ഷമായ യൂണിഫോമാണല്ലോ നിർദേശിച്ചിരിക്കുന്നത്.
മന്ത്രി പറഞ്ഞ മറ്റൊരു കാര്യം, വിദ്യാർഥിനിക്ക് എന്തെങ്കിലും വിഷമമുണ്ടായാൽ അതിന്റെ ഉത്തരവാദി സ്കൂൾ മാനേജ്മെന്റായിരിക്കുമെന്നാണ്. നാലു മാസം സെന്റ് റീത്താസിലെ മറ്റ് 449 വിദ്യാർഥികളെപ്പോലെ യൂണിഫോം ധരിച്ച് സന്തോഷവതിയായിരുന്ന കുട്ടിയെ ഒരു സുപ്രഭാതത്തിൽ ഹിജാബും ധരിപ്പിച്ചു വിട്ട മാതാപിതാക്കൾക്കും അതിന്റെ പേരിൽ സ്കൂളിന്റെ വളപ്പിൽ കടന്ന് ബഹളംവച്ച് എല്ലാ വിദ്യാർഥികളെയും ഭയപ്പെടുത്തിയ മുസ്ലിം സംഘടനാ ഭാരവാഹികൾക്കും കോലാഹലം ഉണ്ടാക്കിയവർക്കുമൊന്നും ഇല്ലാത്ത ഉത്തരവാദിത്വം നിശ്ചിത യൂണിഫോം ധരിക്കണമെന്ന് ആവശ്യപ്പെട്ട ക്രിസ്ത്യൻ മാനേജ്മെന്റിനു നൽകിയ അങ്ങയുടെ രാഷ്ട്രീയം ശുദ്ധമാണെന്നു തോന്നുന്നില്ല.
ആവശ്യത്തിന് ആളെ കിട്ടാത്തതിനാൽ ഭിന്നശേഷിസംവരണത്തിന്റെ പേരിൽ മറ്റ് അധ്യാപകരുടെ നിയമനം തടഞ്ഞുവയ്ക്കരുതെന്ന എൻഎസ്എസ് കേസിലെ സുപ്രീംകോടതിവിധി മറ്റുള്ളവർക്കും ബാധകമാക്കണമെന്നു പറഞ്ഞതിന്, ക്രൈസ്തവ മാനേജ്മെന്റുകൾ ജാതിയും മതവും നോക്കി വിരട്ടണ്ടെന്നും വിമോചനസമരത്തിനു ശ്രമിക്കണ്ടെന്നും പറയാൻ അങ്ങേക്ക് രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു.
പിന്നീട് പാർട്ടിയുടെ സമ്മർദത്താലാകാം ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ ആവശ്യം ന്യായമാണെന്ന് അങ്ങേക്കു മാറ്റിപ്പറയേണ്ടിവന്നു. ഹിജാബ് വിഷയത്തിലും വൈകിട്ടു പറയുന്നതല്ല അങ്ങ് രാവിലെ പറയുന്നത്. അങ്ങയെ ഭരണഘടനാ സംരക്ഷകനായി ചിത്രീകരിക്കുന്ന മതമൗലികവാദ സംഘടനയുടെയും അവരുടെ ഒളിപ്പോരാളികളുടെയും മതതാത്പര്യങ്ങൾ അറിഞ്ഞിരിക്കുന്നതു നല്ലത്. വെറുമൊരു വ്യായാമ നൃത്തത്തിന്റെ പേരിൽപോലും ഈ ഭരണഘടനാ ആരാധകരുടെ പ്രതികരണം കേരളം മറന്നിട്ടില്ല.
ചില വസ്തുതകൾകൂടി പറയാം. ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കണ്ണൂരിലെ ഒരു സ്കൂളിൽ വെള്ളിയാഴ്ച നിസ്കാരത്തിനു കുട്ടികളെ സ്കൂൾ ബസിൽ കൊണ്ടുപോകുന്ന വീഡിയോ കാണിച്ച്, അതാണ് മതേതരത്വത്തിന്റെ ഉജ്വല മാതൃകയെന്നു ചിലർ ക്ലാസെടുക്കുന്നുണ്ട്. അതെ, കത്തോലിക്കാസഭയുടെ ആ മാതൃക ഇതര മതസ്ഥരായ വിദ്യാർഥികളുടെ മതപരമായ ആവശ്യങ്ങൾക്കുവേണ്ടി മുസ്ലിം മാനേജ്മന്റുകളും നടത്തട്ടെ.
അല്ലാതെ, തങ്ങളുടെ സ്ഥാപനത്തിൽ മറ്റൊരു മതത്തിനും പ്രാർഥനാമുറികൾ അനുവദിച്ചിട്ടില്ലാത്തവർ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം നിസ്കാരമുറി ആവശ്യപ്പെടുന്നതുപോലെയുള്ള നാടകം നടത്തരുത്. അതുപോലെ വത്തിക്കാനിലെ അപ്പസ്തോലിക ലൈബ്രറിയിൽ നിസ്കരിക്കാൻ അനുവാദം കൊടുത്തെന്ന വാർത്തയും മതമൗലികവാദികൾ ഉൾപ്പെടെ പ്രചരിപ്പിക്കുന്നുണ്ട്. അതു പുതിയ കാര്യമല്ല. കത്തോലിക്കാസഭയുടെ ആസ്ഥാനം ഒരാളെയും അകറ്റിനിർത്തില്ല.
അതിനൊരു പ്രധാന കാരണം, അവിടെ ഉപയോഗത്തിലൂടെ പോലും സ്വത്തുക്കൾ വഖഫാക്കുന്ന നിയമം ഇല്ലാത്തതാകാം. പതിറ്റാണ്ടുകൾക്കു മുന്‍പു നിയമാനുസൃതം വാങ്ങിയ സ്വന്തം കിടപ്പാടത്തിനുവേണ്ടി രാപകൽ സമരം ചെയ്യേണ്ടിവരുന്ന ഇന്ത്യയിൽ അതല്ലല്ലോ സ്ഥിതി. അതുപോലെ, കണ്ണൂർ ജില്ലയിലുൾപ്പെടെ ചില ക്രൈസ്തവ മാനേജ്മെന്റുകൾ സ്കൂളിൽ ഹിജാബ് അനുവദിക്കുന്നുണ്ട്.
കാസർഗോഡ് ഒരു അണ് എയ്ഡഡ് സിബിഎസ്ഇ സ്കൂളിൽ വെളുത്ത സ്കാർഫ് മാത്രം അനുവദിക്കുന്നുണ്ട്. അതൊന്നും ഒരു മതമൗലികവാദ സംഘടനയുടെയും തീട്ടൂരത്തിന്റെ അടിസ്ഥാനത്തിലല്ല. അതേപോലെ, സെന്റ് റീത്താസ് ഉൾപ്പെടെ പല സ്കൂളുകളും യൂണിഫോമിൽ ഹിജാബ് ഉൾപ്പെടുത്തിയിട്ടില്ല. നിലവിലെ കോടതിവിധികളനുസരിച്ച് അതിനെ അംഗീകരിക്കാൻ എല്ലാവരും തയാറാകണം.
വ്യക്തിയുടെ ഐഡന്റിറ്റിയെ പൂർണമായോ ഭാഗിമായോ മറയ്ക്കുന്ന പർദയെയും ഹിജാബിനെയുമൊക്കെ പൊട്ടിനോടും കുങ്കുമക്കുറിയോടും കൊന്തയോടുമൊക്കെ ഉപമിക്കുന്നത് നിർദോഷകരമല്ല. നമുക്കിവിടെ ഭരണഘടനയുണ്ട്. തർക്കമുണ്ടായാൽ അതു വ്യാഖ്യാനിക്കാൻ മതേതര കോടതികളുമുണ്ട്. സിക്കുകാരുടെ അനിവാര്യ മതാചാരങ്ങളെ അനുവദിച്ചതുപോലെ കോടതി ഇക്കാര്യങ്ങളിലും തീരുമാനം ഉണ്ടാക്കും.
അതുവരെ സാമൂഹികവിരുദ്ധരെ പള്ളിക്കൂടങ്ങളിൽ കയറ്റരുത്. ആ വിദ്യാലയങ്ങളുടെ സൃഷ്ടിയാണ് മതേതര കേരളം. അവിടെയാണ് ഇന്ത്യയുടെ ഭാവി. ഒരു വർഗീയതയെയും ഹിജാബിന്റെ ഗുണഭോക്താക്കളാക്കരുത്. ക്രൈസ്തവ സമുദായം ഈ രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കു കൊടുത്തിരിക്കുന്ന സംഭാവനകളും ഹിജാബ് വിഷയം ആളിക്കത്തിക്കാനെത്തിയവർ കേരളത്തിനു കൊടുത്തിരിക്കുന്ന സംഭാവനകളും താരതമ്യം ചെയ്യുന്നതു നല്ലതാണ്.
സമൂഹമാധ്യമങ്ങളിലുൾപ്പെടെ അഴിഞ്ഞാടുന്ന മതഭ്രാന്തരെ ഭയന്ന് മതവിശ്വാസികൾ മാറിനിൽക്കരുത്. രാഷ്ട്രീയത്തെയും മതം വിഴുങ്ങിയ കാലത്ത്, മതസൗഹാർദം നിലനിർത്താൻ യഥാർഥ മതവിശ്വാസികളുടെ സ്ഥിരം വേദിയുണ്ടാകണം. പറഞ്ഞാൽ തീരാത്തതൊന്നും ഇവിടെയില്ല. മഹാപ്രളയങ്ങളെ കൈകോർത്ത് അതിജീവിച്ചവർ മതഭ്രാന്തിന്റെ കുത്തിയൊഴുക്കിൽ പരസ്പരം കൈവിടരുത്.
Kerala
പാലക്കാട്: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിയെ കാണാതായി. മാത്തൂർ ചുങ്കമന്ദം സ്വദേശികളായ രണ്ട് വിദ്യാർഥികളാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തിയതായി കോട്ടായി പോലീസ് അറിയിച്ചു.
കുന്നംപറമ്പ് തണ്ണിക്കോട് താമസിക്കുന്ന സവിതയുടെ മകൻ സുഗുണേഷ്(18) ആണ് കാണാതായത്. കോട്ടായി സ്വദേശിയായ അഭിജിത്തിനെയാണ് രക്ഷപ്പെടുത്തിയത്.
സുഗുണേഷിനായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാർഥികള്‍. കുളിക്കുന്നതിനിടെ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം.
നിലവിൽ അഗ്നി രക്ഷാസേനയുടെ മുങ്ങൽ വിദഗ്ധരുള്‍പ്പടെ സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയാണ്. വിദ്യാർഥിയുടെ നിലവിളി കേട്ടാണ് ആളുകള്‍ ഓടിക്കൂടിയത്.
Leader Page
കഴിഞ്ഞ കുറെ ദിവസങ്ങളായി, ദൃശ്യ-പത്ര മാധ്യമങ്ങളിലെ പ്രധാന വാർത്ത പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദമാണ്. ഇതോടു ചേർത്ത്, കന്യാസ്ത്രീകൾ ധരിക്കുന്ന ശിരോവസ്ത്രവും കുട്ടികളുടെ ഹിജാബും തമ്മിൽ താരതമ്യം ചെയ്യുന്ന തികച്ചും ആസൂത്രിതമായ ഒരു സാമാന്യവത്കരണം രൂപപ്പെടുന്നതു കാണാതെ പോകരുത്. കന്യാസ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നതുകൊണ്ട് കുട്ടികൾക്കും അത് അനുവദിക്കണമെന്നു പറയുന്നത്, ക്രിസ്ത്യൻ പുരോഹിതർ ളോഹ ധരിക്കുന്നതുകൊണ്ട് അവർ മേലധികാരികളായ സ്കൂളുകളിൽ കുട്ടികൾക്കു ളോഹ ധരിക്കാൻ അനുമതി കൊടുക്കണമെന്ന അങ്ങേയറ്റം ബാലിശമായ ന്യായീകരണം തന്നെയാണ്.
കേരളത്തിൽ അധ്യയനവർഷം, സ്വാഭാവികമായും തുടങ്ങുന്നത് ജൂണിലാണ്. സ്കൂൾ തുറന്നു നാലു മാസം കഴിഞ്ഞുണ്ടായ ഹിജാബ് വിവാദം, വിവിധ സംഘടനകൾ മാർച്ചും റാലിയുമൊക്കെ നടത്തി ഊതിപ്പെരുപ്പിക്കുന്നതും ഈ ദിവസങ്ങളിൽ നാം കണ്ടതാണ്. സ്കൂൾ അധികൃതരും പിടിഎയും സമുദായ നേതാക്കളും ഒന്നിച്ചിരുന്നു സംസാരിച്ചു തീർക്കേണ്ട വിഷയത്തിലെ ഭരണ-ഉദ്യോഗസ്ഥതല അധികാരികളുടെ ഇരട്ടത്താപ്പു കാണുമ്പോൾ സാംസ്കാരിക കേരളത്തിന്റെ മാറ്റപ്പെടുന്ന മുഖം മറനീക്കി പുറത്തുവരികയും ചെയ്യുന്നുണ്ട്.
കുട്ടികളുടെ ഹിജാബും
കന്യാസ്ത്രീകളുടെ ശിരോവസ്ത്രവും കോടതി നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ
Essential Religious Practice (ERP) അഥവാ "അനിവാര്യമായ മതപരമായ ആചാരം' എന്നൊരു നിയമമുണ്ടെന്ന് അറിയാമോ? സ്കൂൾ മാനേജ്മെന്റിന്റെ യൂണിഫോമുമായി ബന്ധപ്പെട്ട നിലപാട്, സ്ഥാപനപരമായ അച്ചടക്കത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവിടെ വിദ്യാർഥി ധരിക്കുന്നത് അക്കാദമിക് സമത്വം ലക്ഷ്യമിട്ടുള്ള പൊതു യൂണിഫോം ആണ്. എന്നാൽ, കന്യാസ്ത്രീകൾ ധരിക്കുന്നത് അവരുടെ ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട സ്ഥാപനപരമായ യൂണിഫോമാണ്; അത് സ്കൂളിന്റെ സ്ഥാപക താത്പര്യത്തെയും പ്രതിനിധീകരിക്കുന്നു. കൃത്യവും ഒപ്പം നിയമപരവുമായ വേർതിരിവുള്ള ഒരു കാര്യത്തെ സംഘബലംകൊണ്ട് ചോദ്യംചെയ്യുന്ന അനീതിയെ കേരളസമൂഹം അർഹിക്കുന്ന അവജ്ഞയോടെതന്നെ തള്ളിക്കളയുമെന്നു തീർച്ച.
മറ്റൊരു താരതമ്യം, സിഖ് തലപ്പാവുമായി ബന്ധപ്പെട്ടാണ്. സിഖ് തലപ്പാവിനുള്ള ഇളവിനെ ഹിജാബുമായി താരതമ്യം ചെയ്യുന്നത് നിയമപരമായിത്തന്നെ നിലനിൽക്കുന്നതല്ല. സിഖ് തലപ്പാവ് അവരുടെ മതത്തിലെ "അനിവാര്യമായ മതപരമായ ആചാരം' (ERP) ആയി നിയമപരമായിതന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഹിജാബ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ടോയെന്ന കാര്യത്തിൽ കർണാടക ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതികൾ വിവിധ കേസുകളുമായി ബന്ധപ്പെട്ട് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രവുമല്ല, ഫാത്തിമ തസ്നീം V/s സ്റ്റേറ്റ് ഓഫ് കേരള (2018) കേസിൽ, വിദ്യാർഥികൾക്ക് അവരുടെ വ്യക്തിഗത അവകാശം ഒരു സ്ഥാപനത്തിന്റെ കൂട്ടായ അവകാശങ്ങൾക്കും അച്ചടക്കത്തിനും മുകളിൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും കേരള ഹൈക്കോടതി തീർപ്പുകൽപ്പിച്ചതും യൂണിഫോം നിശ്ചയിക്കാനുള്ള അധികാരം സ്ഥാപനത്തിനാണെന്ന് കോടതി നിരീക്ഷിച്ചതും ചേർത്തു വായിക്കണം. കർണാടക ഹൈക്കോടതിയുടെ ഹിജാബ് സംബന്ധിച്ച വിധി (2022), ഹിജാബ് അനിവാര്യമായ മതപരമായ ആചാരമല്ല എന്നു വിലയിരുത്തിക്കൊണ്ട് യൂണിഫോം നയത്തിനു മുൻഗണന നൽകിയിട്ടുമുണ്ട്.
മേൽ സൂചിപ്പിക്കപ്പെട്ട കോടതിവിധികളിലൂടെ വ്യക്തമാകുന്നത്, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർഥി പ്രവേശിക്കുമ്പോൾ, പ്രസ്തുത വിദ്യാർഥി സ്ഥാപനപരമായ അച്ചടക്കത്തിനും പൊതുനിയമങ്ങൾക്കും വിധേയനാണ് എന്നതാണ്. യൂണിഫോം ഇളവ് നൽകിയാൽ അത് മറ്റു മതവിഭാഗങ്ങളുടെ ആവശ്യങ്ങൾക്കും വഴിതുറക്കുകയും സ്കൂളിലെ അച്ചടക്കത്തെയും മതനിരപേക്ഷമായ വിദ്യാഭ്യാസ അന്തരീക്ഷത്തെയും തകർക്കുകയും ചെയ്യുമെന്നതും യാഥാർഥ്യമായതിനാൽ സ്കൂൾ മാനേജ്മെന്റിന്റെ ഇക്കാര്യത്തിലുള്ള തീരുമാനം നിയമപരമായിതന്നെ ശരിയെന്നു വേണം, കരുതാൻ.
വർഗീയ ധ്രുവീകരണത്തിനു കുടപിടിക്കുന്നവരുടെ കപടമുഖം
ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ, യാദൃച്ഛികമായുണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തികഞ്ഞ ആസൂത്രണത്തിന്റെ മറവിൽ നടത്തപ്പെടുന്ന ഇത്തരം ധ്രുവീകരണങ്ങളെ മുളയിലേ നുള്ളുകയെന്നതുതന്നെയാണ് പ്രാഥമിക പോംവഴി. അതിനപ്പുറം വർഗീയ ചേരിതിരിവുണ്ടാക്കി, കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന അഭ്യുദയകാംക്ഷികളുടെ ഗണത്തിൽ ഭരണനിർവഹണ ചുമതലയിലുള്ളവർ പോലുമുള്ളതിന്റെ കപടത, കേരള സമൂഹം തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരം ശ്രമങ്ങൾ കേരള സമൂഹം അർഹിക്കുന്ന അവജ്ഞയോടെതന്നെ തള്ളിക്കളയുമെന്ന ശുഭാപ്തിവിശ്വാസവുമുണ്ട്.
ഇവിടെ തെളിഞ്ഞുവരേണ്ടത്, സ്കൂൾ വിദ്യാർഥികളുടെ യൂണിഫോമെന്ന തുല്യതയിലേക്കും സമത്വത്തിലേക്കുമുള്ള പാതയാണ്. ജാതിയുടെയും മതത്തിന്റെയും സാമ്പത്തിക ഉച്ചനീചത്വങ്ങളുടെയും അതിർവരമ്പുകളെ ഭേദിക്കുന്ന തുല്യതയുടെ പ്രായോഗികതതന്നെയാണ്, യൂണിഫോമെന്ന ആശയത്തിന്റെ ഉപജ്ഞാതാക്കൾ സ്വപ്നം കണ്ടത്. അതുകൊണ്ടുതന്നെ നൈമിഷികമായ വൈകാരികതയ്ക്കപ്പുറം, നമ്മുടെ നാട് പാരമ്പര്യമായി ആർജിച്ചെടുത്ത മതസൗഹാർദത്തിന്റെ കണ്ണികളെ വിളക്കിച്ചേർക്കേണ്ട ബാധ്യതയാണ് നാം ഏറ്റെടുക്കേണ്ടത്. അതിനുതന്നെയാണ് മാനേജ്മെന്റും പിടിഎയും വിദ്യാർഥികളും പൊതുസമൂഹവും പ്രാമുഖ്യം നൽകേണ്ടത്.
Kerala
തിരുവനന്തപുരം: ക്രിമിനല്‍ കേസില്‍ പ്രതികളായാല്‍ അഡ്മിഷന് ഇല്ലെന്ന തീരുമാനവുമായി കേരള വിസി മുന്നോട്ട്.
വിഷയത്തില്‍ കോളജുകള്‍ക്ക് വിസി മോഹന്‍ കുന്നുമ്മല്‍ സര്‍ക്കുലര്‍ അയച്ചു. പ്രവേശനം നേടുന്നവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് സത്യവാംഗ്മൂലം നല്‍കണമെന്നും സര്‍ക്കുലറിലുണ്ട്.
സത്യവാംഗ്മൂലം ലംഘിച്ച് കേസില്‍ പ്രതികളായാല്‍ നടപടി എടുക്കാം. സസത്യവാംഗ്മൂലത്തിൽ നാല് ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോളേജുകളില്‍ നിന്ന് ഡീബാര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ?, ക്രിമിനല്‍ കേസുകളില്‍ പ്രതികളാണോ?, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനല്‍ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ?, പരീക്ഷ ക്രമക്കേടില്‍ പെട്ടിട്ടുണ്ടോ? എന്നിവയാണവ.
ഈ ചോദ്യങ്ങള്‍ക്ക് പ്രവേശനം നേടുന്ന വിദ്യാർഥികള്‍ മറുപടി നല്‍കണം. സര്‍ക്കുലര്‍ ലംഘിച്ചാല്‍ നടപടി കോളജ് കൗണ്‍സിലിന് തീരുമാനിക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
അതേസമയം, നടപടിയില്‍ പ്രതിഷേധമറിയിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തി. ചരിത്ര നിഷേധ ഉത്തരവുകള്‍ പൊതുജനങ്ങള്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന് എസ്എഫ്ഐ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. വൈസ് ചാന്‍സലറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു.
District News
തിരുവനന്തപുരം: വിഴിഞ്ഞത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. പൊഴിയൂർ സ്വദേശി ഷാബു(44) ആണ് അറസ്റ്റിലായത്.
വിഴിഞ്ഞം കോട്ടപ്പുറം നിർമലാ ഭവനിൽ ജയിംസ്- മോളി ദമ്പതിമാരുടെ മകൻ ജെയ്സൻ(17), പുതിയതുറ ഉരിയരിക്കുന്നിൽ ഷാജി-ട്രീസ ദമ്പതിമാരുടെ മകൾ ടി.ഷാനു(16) എന്നിവരാണ് മരിച്ചത്. മറ്റൊരു വിദ്യാർഥിനി പുതിയതുറ സ്വദേശിനി സ്റ്റെഫാനി(16) ഗുരുതര പരുക്കേറ്റു ചികിത്സയിലാണ്.
അഭിഭാഷകനായ ഷാബുവിനെതിരെ മദ്യലഹരിയിൽ വാഹനമോടിച്ചതനുസരിച്ചുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മനപ്പൂർവമുളള നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഞായറാഴ്ച വൈകുന്നേരം മുല്ലൂർ ഭദ്രകാളിക്ഷേത്രത്തിനു മുന്നിലാണ് അപകടമുണ്ടായത്. വിഴിഞ്ഞത്ത് നിന്ന് പുതിയതുറ ഭാഗത്തേക്ക് പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടറും ചൊവ്വര ഭാഗത്തു നിന്നു വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
District News
വയനാട്: വന്യജീവി ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക. തിരുമാലി കാരമാട ഉന്ന തിയിലെ സുനീഷിനാണ് പരിക്കേറ്റത്.
കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് സുനീഷ്. വീടിന് സമീപം കളിക്കുന്നതിനിടെ വന്യജീവി ആക്രമിക്കുകയായിരുന്നു. ശരീരത്തിൽ നഖം കൊണ്ട തിന്റെ പാടുകളുണ്ട്. കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ര വേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
സുനീഷിനെ ആക്രമിച്ചത് കടുവയാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ആ ക്രമണത്തിന് പിന്നിൽ പുലിയാകാമെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Kerala
കാസർഗോഡ്: കാർ ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിച്ച് ഓട്ടോയിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് പരിക്കേറ്റതിനു പിന്നാലെ ഓട്ടോഡ്രൈവർ ജീവനൊടുക്കി. പള്ളഞ്ചിയിലെ അനീഷാണ് (43) ജീവനൊടുക്കിയത്.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം. ബേത്തൂർപാറയിൽനിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോയ്ക്ക് പിറകിലാണ് നിയന്ത്രണം വിട്ടവന്ന കാർ ഇടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന ബേത്തൂർ പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് പ്ലസ് വൺ വിദ്യാർഥികൾക്കായിരുന്നു പരിക്കേറ്റത്.
അപകടം നടന്ന ഉടൻ പള്ളഞ്ചിയിലെത്തിയ അനീഷ് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ആസിഡ് കുടിക്കുകയായിരുന്നു. നാട്ടുകാർ അനീഷിനെ ആദ്യം കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
District News
കേരളത്തിലെ നിയമ വിദ്യാർത്ഥികൾക്ക് ഇനി പരീക്ഷകൾ മലയാളത്തിൽ എഴുതാൻ അനുമതി. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഗവേണിംഗ് ബോഡി യോഗമാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം.
നാലു വർഷ ബിരുദ പ്രോഗ്രാമിൻ്റെ ഭാഗമായി കെൽട്രോണുമായി സഹകരിച്ച് വികസിപ്പിച്ച ഇന്റേൺഷിപ്പ് കേരള 1.0 പോർട്ടൽ ഓഗസ്റ്റോടെ പ്രവർത്തനക്ഷമമാക്കാനും യോഗത്തിൽ തീരുമാനമായി. പൊതുമേഖലാ സ്ഥാപനങ്ങളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഈ പോർട്ടലുമായി ബന്ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.
സർവകലാശാലകളിലും കോളേജുകളിലുമുള്ള സെന്റർ ഫോർ സ്കിൽ ഡെവലപ്മെൻ്റിൻ്റെ പ്രവർത്തനം ശക്തിപ്പെടുത്താനും കൗൺസിൽ തീരുമാനിച്ചു. പ്രാദേശിക വിജ്ഞാനത്തിൻ്റെയും വിജ്ഞാന സമ്പ്രദായങ്ങളുടെയും വൈവിധ്യവുമായി ബന്ധപ്പെട്ട് ഒരു ദേശീയ സെമിനാർ സംഘടിപ്പിക്കാനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആസൂത്രണം ചെയ്യുന്നുണ്ട്.