ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മോദി, അമിത് ഷാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജെഎന്‍യു അധികൃതര്‍.
മുദ്രാവാക്യങ്ങള്‍ മുഴക്കിയ വിദ്യാര്‍ഥികള്‍ക്കെതിരെ ഇതിനോടകം എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്തതെന്നും ജെഎന്‍യു. അഡ്മിനിസ്‌ട്രേഷന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ വ്യക്തമാക്കി.
സര്‍വകലാശാലകള്‍ അറിവിന്‍റെ ആശയങ്ങളുടെയും കേന്ദ്രങ്ങളാണ് അതിനെ വെറുപ്പിന്‍റെ പരീക്ഷണശാലകള്‍ ആക്കി മാറ്റാന്‍ അനുവദിക്കില്ല. അഭിപ്രായ സ്വാതന്ത്യം മൗലികാവകാശമാണ്. എന്നാല്‍ അക്രമവും നിയമവിരുദ്ധവും രാജ്യവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാനാകില്ലെന്നും അധികൃതര്‍ പറഞ്ഞു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ ജയിലില്‍ കഴിയുന്ന ജെഎന്‍യു മുന്‍ വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവര്‍ക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി വൈകിയാണ് വിദ്യാര്‍ഥികള്‍ കാമ്പസില്‍ വിവാദ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. ഇടത് വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മുദ്രാവാക്യങ്ങള്‍.
Tags : slogans JNU action students