Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വൻസ്രാവുകൾ വലയിൽ കുടുങ്ങുകതന്നെ ചെയ്യുമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. കടകംപള്ളിയെയും രണ്ടു ദേവസ്വം മുൻ അധ്യക്ഷന്മാരെയും ചോദ്യം ചെയ്തതുകൊണ്ടൊന്നും ഇത് അവസാനിക്കില്ല. ഇതിന്റെ കണ്ണികൾ വിദേശത്താണ്.
യഥാർഥ പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാതെ ഇതവസാനിക്കില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നാണു തങ്ങൾ ആദ്യംമുതൽ ആവശ്യപ്പെടുന്നത്.
കോടതി നിയോഗിച്ച എസ്ഐടിയുടെ അന്വേഷണം മുന്നോട്ടുപോകുന്നതിൽ പരാതിയില്ല. കോടതിക്ക് ഇടപെടാൻ കഴിയും എന്നതുകൊണ്ടാണ് എസ്ഐടിയിൽ ഞങ്ങൾ വിശ്വാസമർപ്പിക്കുന്നത്. രാജ്യാന്തരമാനങ്ങളുള്ള ഒരു കേസാണിത്. അതുകൊണ്ടാണ് സിബിഐ അന്വേഷിക്കണമെന്നു പറയുന്നത്.
സിപിഎം നേതാക്കൾ ഓരോരുത്തരായി ഘോഷയാത്രപോലെ ജയിലിലേക്കാണ്. എന്നിട്ടും അവർക്കെതിരേ നടപടിയെടുക്കാൻ കഴിയാത്ത പാർട്ടി സെക്രട്ടറിയോടു സഹതാപം തോന്നുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: നെൽക്കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമതിയംഗം രമേശ് ചെന്നിത്തല. കൃത്യസമയത്ത് നെല്ലെടുക്കാതിരിക്കുകയും എടുത്ത നെല്ലിനു പണം നൽകാതിരിക്കുകയും ചെയ്യുന്ന സർക്കാർ നെൽക്കർഷകരെ ദ്രോഹിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്.
കഴിഞ്ഞ തവണ സർക്കാരിൽനിന്നു പണം ലഭിക്കാൻ ആറുമാസം വരെ എടുത്തുവെന്നാണ് മാധ്യമങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. കഴിഞ്ഞ കുറെ വർഷങ്ങളായി സർക്കാരിന്റെ സമീപനം ഇതാണ്. കൃത്യസമയത്ത് നെല്ലു സംഭരിക്കാത്തതു മൂലം അത് നശിച്ചുപോകുന്ന അവസ്ഥയുണ്ടാകും. കർഷകരെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആഘാതമാണത്. അപ്പോൾ കിട്ടുന്ന വിലയ്ക്ക് അവർ നെല്ല് പൊതുവിപണിയിൽ നൽകും.
മില്ലുടമകളും, സ്വകാര്യ കച്ചവടക്കാരും നെൽക്കർഷകരുടെ ഈ ഗതികേട് മുതലെടുത്ത് നിസാര വിലയ്ക്ക് നെല്ല് വാങ്ങി സംഭരിക്കുകയാണ്. നമ്മുടെ കർഷകരെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടിയാണിത്. സർക്കാരും സിവിൽ സപ്ലൈസും വിപണിയിൽ നിന്നും പിൻവാങ്ങുന്പോൾ സ്വകാര്യ മില്ലുടമകളും വ്യാപാരികളും ആ അവസരം മുതലെടുക്കും.
കർഷകരാകട്ടെ, കിട്ടിയ വിലയ്ക്ക് നഷ്ടം സഹിച്ചു നെല്ല് അവർക്ക് നൽകാൻ നിർബന്ധിതരാകുകയാണ്. സ്വകാര്യ മില്ലുടമകൾ പണം നൽകാതെ കർഷകരെ വ്യാപകമായി പറ്റിക്കുന്നുവെന്നാണു മനസിലാക്കാൻ കഴിയുന്നത്. സർക്കാർ അടിയന്തരമായി ഇടപെട്ട് നെൽക്കർഷകരിൽനിന്ന നെല്ല് സംഭരിക്കുകയും അവർക്കു നെല്ലിന്റെ പണം കൃത്യമായി നൽകുകയും വേണം. എങ്കിൽ മാത്രമേ സ്വകാര്യമില്ലുടമകളുടെ ചൂഷണത്തിൽനിന്നു നെൽക്കർഷകരെ രക്ഷിക്കാൻ കഴിയൂ എന്നും ചെന്നിത്തല പത്രക്കുറിപ്പിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഈ വര്‍ഷവും പുതുവത്സരം ആദിവാസികള്‍ക്കൊപ്പം ആഘോഷിക്കും. രമേശ് ചെന്നിത്തലയുടെ 16-ാംഗാന്ധിഗ്രാമം പരിപാടിയുടെ ഭാഗമായാണ് 2026 ജനുവരി ഒന്നിന് ഗുരുവായൂര്‍ പുന്നയൂര്‍ പഞ്ചായത്ത് നായാടി എസ്സി കോളനിയില്‍(അകലാട് മൂനൈനി) അദ്ദേഹം കോളനിവാസികള്‍ക്കൊപ്പം പുതുവത്സരം ആഘോഷിക്കുന്നത്.
കഴിഞ്ഞ 15 വര്‍ഷമായി പുതുവത്സരദിനം രമേശ് ചെന്നിത്തല ആദിവാസി ഗ്രമങ്ങളില്‍ അവര്‍ക്കൊപ്പമാണ് ആഘോഷിക്കുന്നത്. ആദിവാസി-ദളിത് കോളനികളില്‍ അധിവസിക്കുന്നവരുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതും അവ സര്‍ക്കാരിന്റെ ശ്രദ്ധയില്പ്പെടുത്തുന്നതുമാണ് ലക്ഷ്യം.
രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് ആദിവാസി ദളിത് വിഭാഗങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായാണ് ഗാന്ധിഗ്രാമം പരിപാടി ആരംഭിച്ചത്. ആദ്യതവണ കോളനിവികസനത്തിനായി സര്‍ക്കാരിനെക്കൊണ്ട് ഒരു കോടി രൂപ വീതം അനുവദിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. പിന്നീട് ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷനേതാവ് ആയിരുന്നപ്പോഴും പുതുവര്‍ഷം അവര്‍ക്കൊപ്പമാണ് ആഘോഷിച്ചിരുന്നത്.
Kerala
കണ്ണൂർ: കേരളത്തിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണു പാലക്കാട് കരോൾ സംഘത്തിന് നേരേയുണ്ടായ അക്രമമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ.
രാജ്യത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവർക്കു നേരേ വലിയ തോതിലുള്ള അക്രമങ്ങൾ നടക്കുന്നത്. കരോൾ സംഘങ്ങൾക്ക് നേരെ അക്രമങ്ങൾ നടക്കുന്നു.കണ്ണൂർ: കേരളത്തിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണു പാലക്കാട് കരോൾ സംഘത്തിന് നേരേയുണ്ടായ അക്രമമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ.
രാജ്യത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവർക്കു നേരേ വലിയ തോതിലുള്ള അക്രമങ്ങൾ നടക്കുന്നത്. കരോൾ സംഘങ്ങൾക്ക് നേരെ അക്രമങ്ങൾ നടക്കുന്നു. ക്രിസ്മസ് ദിവസം അവധി പോലും കൊടുക്കരുത് എന്നുള്ള തീരുമാനങ്ങൾ ഉണ്ടാകുന്നു.
കേരളത്തിൽ പാലക്കാട്ടുണ്ടായത് ദൗർഭാഗ്യകരമായ സംഭവമാണ്. ക്രിസ്മസ് കരോളുമായി പോയ ആളുകളെ ബിജെപിക്കാർ ആക്രമിച്ചു. ആ അക്രമം നടത്തിയ ആളുകളെ ഒരിക്കലും ന്യായീകരിക്കാൻ പാടില്ല. അവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം. സിപിഎമ്മും ബിജെപിയും തമ്മിൽ ശക്തമായ അന്തർധാര നിലനിൽക്കുന്നുണ്ട്. വിസിമാരുടെ നിയമനത്തിൽ ഗവർണറുമായി നടത്തിയ ഒത്തുകളിയെപ്പറ്റി മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണം.
എസ്എഫ്ഐക്കാരും ഡിവൈഎഫ്ഐക്കാരും വിസിക്കെതിരേയും ഗവർണർക്കെതിരേയും സമരം ചെയ്തു. സമരം ചെയ്ത ആളുകളെ മുഴുവൻ വഞ്ചിച്ചുകൊണ്ട് മുഖ്യമന്ത്രി ബിജെപിയുമായി ചേർന്ന് കുരങ്ങൻ അപ്പം പങ്കുവച്ചതുപോലെ ഇപ്പോൾ വിസി സ്ഥാനം പങ്കുവച്ചിരിക്കുകയാണ്.
സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ ഏറ്റവും വലിയ ഉദാഹരണമാണിത്. സിപിഎം-ബിജെപി അന്തർധാര നിലനിൽക്കുന്നതുകൊണ്ടാണ് കരോൾസംഘത്തെ ആക്രമിച്ച ആളുകളെ പിടികൂടുന്നതിൽ സർക്കാർ വലിയ വൈമുഖ്യം കാട്ടുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ വിദേശ സന്ദർശനത്തെ പരിഹസിച്ച് സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് നടത്തുന്ന വിമർശനം ബിജെപിയെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.
പുതിയ തൊഴിലുറപ്പു നിയമം കൊണ്ടുവന്നു രാജ്യത്തെ കോടിക്കണക്കിന് ഗ്രാമീണരെ പട്ടിണിയിലേക്കു തള്ളിവിടുന്ന ബിജെപി സർക്കാരിനെയോ പ്രധാനമന്ത്രിയെയോ അദ്ദേഹം വിമർശിക്കുന്നില്ല. വിമർശനത്തിന്റെ മുന രാഹുൽ ഗാന്ധിക്കു നേരേയാണ്. ഇത് എന്തിനു വേണ്ടിയാണെന്നും ആർക്കു വേണ്ടിയാണെന്നും അരിയാഹാരം കഴിക്കുന്നവർക്കു മനസിലാകും.
ബിജെപി കേന്ദ്ര നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ഇടയിലുള്ള പാലമാണ് ജോണ്‍ ബ്രിട്ടാസ് എന്നത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ തന്നെ രാജ്യസഭയിൽ പറഞ്ഞത് കേട്ടതാണ്.
പ്രധാനമന്ത്രി കഴിഞ്ഞ സെഷനിൽ കഷ്ടിച്ച് രണ്ടോ മൂന്നോ വട്ടമാണ് പാർലമെന്റ് നടപടികളിൽ പങ്കെടുത്തത്. അതേക്കുറിച്ച് പറയാൻ ബ്രിട്ടാസിന്റെ നാവ് പൊന്തില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ ഉത്തരവാദികളായ മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നതന്മാരെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.
ദേവസ്വം ബോർഡിന്റെ രണ്ടു മുൻപ്രസിഡന്റുമാർ ഈ മോഷണത്തിൽ പ്രവർത്തിക്കണമെങ്കിൽ വകുപ്പ് മന്ത്രിമാരുടെ അറിവും സമ്മതവും ഉണ്ടാകണം എന്നത് ഏത് കൊച്ചുകുട്ടിക്കും അറിയുന്ന കാര്യമാണ്. അവരെ രാഷ്ട്രീയമായി സംരക്ഷിക്കാനുള്ള സർക്കാരിന്റെ ശ്രമം അവസാനിപ്പിക്കണം.
സാധാരണഗതിയിൽ ക്രിമിനൽ നടപടി പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞാൽ അടുത്ത നടപടി തൊണ്ടിമുതൽ കണ്ടെത്തുക എന്നുള്ളതാണ്. ഇവിടെ മോഷണം പോയ സ്വർണത്തിന് എന്തു സംഭവിച്ചു എന്നതാണു പ്രസക്തമായ ചോദ്യം. ഇതിനുള്ള ഉത്തരം തേടുന്പോഴാണ് പൗരാണിക വസ്തുക്കളും ദിവ്യവസ്തുക്കളും വിൽക്കുന്ന അന്താരാഷ്ട്ര പൗരാണിക കരിഞ്ചന്തയുമായുള്ള ബന്ധം വെളിവാകുന്നത്. ഇക്കാര്യം താൻ അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകിയ മൊഴിയിൽ പറയുന്നുണ്ട്. അന്താരാഷ്ട്ര ആന്റിക്സ് മാഫിയ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നു എന്നുള്ളതു വളരെ വ്യക്തമാണ്. അത് കണ്ടെത്താനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്.
വാസു ദേവസ്വം ബോർഡ് പ്രസിഡന്റും കടകംപള്ളി സുരേന്ദ്രൻ മന്ത്രിയുമായിരിക്കുന്ന കാലത്ത് കേരളത്തിലെ ക്ഷേത്രങ്ങളിലുള്ള പഴയ ഉരുളി, ചെന്പ്, വിളക്കുകൾ ഉൾപ്പെടെയുള്ള പുരാവസ്തുക്കളായിട്ടുള്ളതെല്ലാം ലേലം ചെയ്യാൻ തീരുമാനിച്ചിരുന്നു. അന്ന് അതിനെ അന്നത്തെ പ്രതിപക്ഷ നേതാവ് എന്നുള്ള നിലയിൽ താൻ ശക്തമായി എതിർത്തു. ദേവസ്വം ബോർഡിന് ഇതുമായി ബന്ധപ്പെട്ട് കത്ത് കൊടുത്തു. കേരളത്തിലെ ക്ഷേത്രങ്ങളിലെ ഈ പഴയ ഉരുപ്പടികൾ വയ്ക്കാൻ സ്ഥലമില്ലെന്നാണ് അന്ന് ഇവർ പറഞ്ഞത്.
കേരളത്തിലെ ക്ഷേത്രങ്ങളിലെ മുഴുവൻ പുരാവസ്തുക്കളും വിൽപന നടത്താനും അതിൽ നിന്ന് വൻതോതിലുള്ള പണം ഉണ്ടാക്കാനുമുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് ഈ സ്വർണക്കൊള്ള എന്നു വ്യക്തമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
കോട്ടയം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കു പൗരാണിക സാധനങ്ങള്‍ കള്ളക്കടത്ത് നടത്തുന്ന രാജ്യാന്തര കള്ളക്കടത്തു സംഘവുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേകാന്വേഷണ സംഘത്തിന് കത്തു നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല.
സുഭാഷ് കപൂര്‍ എന്നയാള്‍ നേതൃത്വം നല്കുന്ന സംഘം വഴി ഇടപാടുകള്‍ നടന്നതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഈ വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കുമെന്നും അദ്ദേഹം കോട്ടയത്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണത്തിന് 50 കോടി രൂപയ്ക്കടുത്താണു വിലയെങ്കിലും പൗരാണിക വസ്തുക്കളുടെ രാജ്യാന്തര മാര്‍ക്കറ്റില്‍ സ്വര്‍ണപ്പാളികള്‍ക്ക് 500 കോടി രൂപയുടെ മൂല്യം വരും എന്നാണ് അനുമാനം.
സ്വര്‍ണം അടിച്ചുമാറ്റാന്‍ നടത്തിയ ഒരു ലോക്കല്‍ ഗൂഢാലോചനയല്ല അത്. മറിച്ച്, രാജ്യാന്തര മാനങ്ങളുള്ള ഒരു വലിയ കള്ളക്കടത്തു സംഘം ഇടപെട്ട ഇടപാടാണ്. ഇപ്പോള്‍ കാണുന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. കേരളത്തിലെ ക്ഷേത്രങ്ങളിലെ അമൂല്യ വസ്തുക്കള്‍ പുറത്തു വില്പന നടത്താനുള്ള വലിയ ഗൂഢാലോചനയാണ്. ഇതിന് പിന്നിലുള്ള വന്‍ സ്രാവുകളെ പിടിക്കണം.
സമാനതകളില്ലാത്ത സ്വര്‍ണക്കൊള്ളയാണ് ശബരിമലയില്‍ നടന്നത്. സിപിഎമ്മിന്റെ രണ്ട് ഉന്നത നേതാക്കള്‍ മോഷണത്തിന് അറസ്റ്റിലാണ്. അവര്‍ക്ക് ജാമ്യം പോലും ലഭിക്കുന്നില്ല. പക്ഷേ ഈ വിഷയത്തില്‍ മുഖ്യമന്ത്രി വായ തുറക്കുന്നില്ല. സര്‍ക്കാരും സിപിഎമ്മും പ്രതികളെ സംരക്ഷിക്കുകയാണ്. മന്ത്രിമാരെ ചോദ്യം ചെയ്യണം. യഥാര്‍ഥ പ്രതികളിലേക്ക് അന്വേഷണം എത്തണം.
ജോണ്‍ ബ്രിട്ടാസ് പിണറായി വിജയന്റെ ദല്ലാളായിട്ടാണ് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രാജ്യസഭയില്‍ നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നു.
സിപിഎമ്മും എല്‍ഡിഎഫും ഉൾപ്പെടുന്ന ഇന്ത്യാ മുന്നണി രാജ്യവ്യാപകമായി എതിര്‍ക്കുന്ന പാഠ്യപദ്ധതി പരിഷ്കരണം പിന്‍വാതിലിലൂടെ കേരളത്തിലെത്തിക്കാന്‍ ദല്ലാളായി പ്രവര്‍ത്തിച്ചയാളാണ് ബ്രിട്ടാസ്. പകരം പിണറായി വിജയനെതിരെയുള്ള സ്വര്‍ണക്കടത്ത് കേസ് അടക്കമുള്ളവ തേച്ചുമായ്ച്ചു കളയാന്‍ കേന്ദ്രസര്‍ക്കാരില്‍ സ്വാധീനം ചെലുത്തുന്നതും ബ്രിട്ടാസിനെ ഉപയോഗിച്ചാണ്.
കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ തരംഗം രൂപപ്പെട്ടു വരികയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരു രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് കേരളത്തില്‍ വീശുകയാണ്. പത്തു വര്‍ഷമായി അധികാരത്തിലിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിനെതിരായ ശക്തമായ ജനവികാരം പ്രകടമാണ്. സര്‍ക്കാരിനെതിരായ ജനവികാരത്തിന്റെ അലയടികളാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ദൃശ്യമാകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആരോപണം ഉയർന്നപ്പോൾതന്നെ ആരോപണത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ഒരു പരാതിയും ലഭിക്കാതെതന്നെ പാർട്ടി അടിയന്തരനടപടികൾ സ്വീകരിച്ചെന്നു മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
രാഹുലിനെ ഉടനടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കി. അതുകഴിഞ്ഞു പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. പാർലമെന്ററി പാർട്ടിയിൽനിന്ന് ഒഴിവാക്കിയെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
കെപിസിസി പ്രസിഡന്റിനു കഴിഞ്ഞദിവസം പരാതി ലഭിച്ച ഉടൻ അതു ഡിജിപിക്ക് അയച്ചുകൊടുത്തു. അതാണ് ആ കാര്യത്തിൽ ശരിയായ നടപടിക്രമം. പരാതി ആർക്കുകിട്ടിയാലും നിയമപരമായി പോലീസിൽ റിപ്പോർട്ട് ചെയ്യണം. ആ നടപടിക്രമം കൃത്യമായി പാലിച്ചിട്ടുണ്ട്. രാഹുലിനെതിരേ കൂടുതൽ പരാതികൾ ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അതീവഗൗരവമായിട്ടാണു വിഷയം പരിഗണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഞങ്ങൾക്ക് ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല. ഈ വിഷയത്തിൽ എന്റെ നിലപാടെന്തെന്നു തുടക്കംമുതൽ കേരളത്തിലെ ജനങ്ങൾക്കറിയാം. കോടതി രാഹുലിന്റെ മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. ഈ വിഷയത്തിൽ കോടതി എന്തു തീരുമാനമെടുക്കുമെന്നു നോക്കിക്കൊണ്ടിരിക്കുകയാണ്.
അതിനുശേഷം പാർട്ടി നേതൃത്വം ആലോചിച്ചു യുക്തമായ തീരുമാനമെടുക്കും. പീഡനവിഷയത്തിൽ കുറ്റക്കാരെ ഒരുതരത്തിലും സംരക്ഷിക്കാത്ത കോണ്‍ഗ്രസിന്റെ സമീപനവും കുറ്റക്കാരെ സന്പൂർണമായി സംരക്ഷിച്ച് ഇരകളെ നിർദാക്ഷിണ്യം തഴയുന്ന സിപിഎമ്മിന്റെ സമീപനവും കേരളത്തിലെ ജനങ്ങൾ മനസിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ചു രമേശ് ചെന്നിത്തലയുടെ പ്രതികരണംതേടിയ മാധ്യമപ്രവർത്തകരെ കൈയേറ്റംചെയ്ത് കോണ്‍ഗ്രസ് പ്രവർത്തകർ. ആവശ്യമുള്ള ചോദ്യംചോദിച്ചാൽ മതി, പണംവാങ്ങിയാണ് ചോദ്യങ്ങൾ ചോദിക്കുന്നത് തുടങ്ങിയ ആരോപണങ്ങളുമായാണ് മാധ്യമപ്രവർത്തകർക്കുനേരേ കൈയേറ്റശ്രമമുണ്ടായത്.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്ന സമീപനമാണ് എല്‍ഡിഎഫ് സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. കാലിക്കട്ട് പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ ഭരണനേട്ടമല്ല, വര്‍ഗീയത പറഞ്ഞാണ് എല്‍ഡിഎഫ് വോട്ടു പിടിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കൊള്ള ജനം വിഷയമാക്കും.
കേസില്‍ രണ്ട് സിപിഎം നേതാക്കള്‍ ജയിലിലായിട്ടും മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി വരുമ്പോള്‍ മുഖ്യമന്ത്രി മൗനിയാകും.
കോടതി മേല്‍നോട്ടം വഹിച്ചില്ലെങ്കില്‍ ശബരിമല സ്വര്‍ണകൊള്ള സ്വര്‍ണകടത്ത് കേസു പോലെ ആവിയായി പോയേനെയെന്നും അദ്ദേഹം വിമര്‍ശിച്ചു. മന്ത്രിമാരായ കടകംപള്ളിയും വാസവനും ചോദ്യം ചെയ്യപ്പെടേണ്ട വ്യക്തികളാണ്.
പത്മകുമാര്‍ പറഞ്ഞതുപോലെ ദൈവതുല്യനായ ആള്‍ക്ക് വേണ്ടിയാണ് ഇവര്‍ അത് ചെയ്തതെങ്കില്‍ അത് കാരണഭൂതനല്ലേയെന്നും ചെന്നിത്തല ചോദിച്ചു. ശബരിമല വിഷയം വഴിതിരിച്ച് വിടാനാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ കേസ് ഉയര്‍ത്തുന്നത്.
രാഹുലിനെതിരെ പാര്‍ട്ടി ശക്തമായ നടപടി സ്വീകരിച്ചതാണ്. രാഹുലിന്റെത് വ്യക്തിപരമായ കേസാണെന്നും നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുതിർന്ന സിപിഎം നേതാവുമായ എ. പത്മകുമാർ ഉൾപ്പെടെ രണ്ടു മുൻ പ്രസിഡന്റുമാർ അറസ്റ്റിലായതിനു പിന്നാലെ ഇനി അകത്തു പോകാനുള്ളത് മന്ത്രിമാരാണെന്ന് കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.
പ്രതിപക്ഷം കാലങ്ങളായി ഉന്നയിച്ചുകൊണ്ടിരുന്ന ഗുരുതരമായ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഈ അറസ്റ്റുകൾ. യഥാർഥ സൂത്രധാരന്മാർ മന്ത്രിമാരും സിപിഎമ്മിന്റെ ഉന്നതനേതാക്കളുമാണ്. അന്വേഷണം അവരിലേക്കു വ്യാപിപ്പിക്കണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Kerala
ശബരിമല: മണ്ഡലകാലം തുടങ്ങി 24 മണിക്കൂർ തികയുന്നതിനു മുന്‍പു തന്നെ സർക്കാർ സംവിധാനങ്ങളെല്ലാം പാളിയെന്നു കോൺ ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് തെന്നിത്തല കുറ്റപ്പെടുത്തി. പതിനഞ്ചും ഇരുപതും മണിക്കൂറുകൾ കാത്തുനിന്ന ശേഷവും ദർശനം കിട്ടാതെ നൂറുകണക്കിനു തീർഥാടകരാണു മടങ്ങിപ്പോകുന്നത്.
കാനന പാതയിലൊരിടത്തും ഇവർക്കു പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കിയില്ല. ശബരിമലയിലെ സ്ഥിതി ഭയാനകമാണെന്നു പുതുതായി ചുമതലയേറ്റ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പോലും തുറന്നു സമ്മതിച്ചത് സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് ചെന്നിത്തല പറഞ്ഞു.
ഭക്തരുടെ കാണിക്കയിലും സ്വർണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള സമ്പത്തിലുമാണ് സർക്കാരിനു കണ്ണ്. സ്വർണക്കൊള്ളയിൽ വശംകെട്ടു പോയ ദേവസ്വം ബോർഡും സർക്കാരും ഈ തീർഥാടന കാലത്തേക്കുള്ള ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല. സാധാരണ നിലയിൽ കേന്ദ്ര സേനയുടെ സേവനം ശബരിമലയിൽ ഉപയോഗപ്പെടുത്താറുണ്ട്. ഇത്തവണ അതുപോലുമുണ്ടായില്ലെന്ന് ചെന്നിത്തല പറഞ്ഞു.
District News
നെടുമങ്ങാട്: ദേവസ്വം മന്ത്രി അടിയന്തരമായി രാജിവയ്ക്കണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇടതുപക്ഷം നിയന്ത്രിക്കുന്ന ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ശബരിമല അയ്യപ്പന്റെ സ്വർണ്ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട ജയിലിൽ ആയതുപോലെ ഇനിയും ഒരുപാട് ഉന്നതർ ജയിലിൽ ആകുമെന്നും മഞ്ഞുമലയുടെ ഒരറ്റത്ത് മാത്രമാണ് പ്രത്യേക അന്വേഷണസംഘം എത്തിച്ചേർന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആനാട് - മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മണ്ഡലം സമ്മേളനം ആനാട് നെട്ടറക്കോണം ഗോപാലകൃഷ്ണൻ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
ആനാട് ജയൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് പുരുഷോത്തമൻ നായർ, ആനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹുമയൂൺ കബീർ, മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വേട്ടംപള്ളി സനൽ, എസ്. മുജീബ്, ആർ. അജയകുമാർ, വേട്ടംപള്ളി രഘുനാഥൻനായർ, ആനാട് ജി. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം കെപിസിസി വൈസ് പ്രസിഡന്റ് പാലോടി രവി ഉദ്ഘാടനം ചെയ്തു.
District News
ചെറുതോണി: യുഡിഎഫ് അധികാരത്തിൽ വരുന്പോൾ ഇടതുപക്ഷ സർക്കാരിന്റെ ഭൂപതിവ് നിയമ-ചട്ട ഭേദഗതികൾ അസാധുവാക്കി ചട്ടം മാത്രം ഭേദഗതി ചെയ്തു കെട്ടിടനിർമാണ നിരോധനം പിൻവലിക്കുമെന്നും നിയമാനുസരണം നടത്തിയിട്ടുള്ള നിർമാണങ്ങൾക്കെല്ലാം നിയമപ്രാബല്യം നൽകുമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉറപ്പു നൽകി.
യുഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് വളയൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയോര ജനതയെ പീഡിപ്പിച്ച ചരിത്രം മാത്രമാണ് ഇടതുപക്ഷ ഗവണ്‍മെന്റുകൾക്കുള്ളത്. അച്യുതാനന്ദന്റെ കാലത്തെ കിരാതനടപടികളുടെ തുടർച്ചതന്നെയാണ് പിണറായി സർക്കാരും കഴിഞ്ഞ ഒൻപതു വർഷമായി നടത്തിക്കൊണ്ടിരിക്കുന്നത്.
1964 ചട്ടം അനുസരിച്ചുള്ള പട്ടയങ്ങൾ സംസ്ഥാനത്തുടനീളം നിലനിൽക്കുന്പോൾ ഇടുക്കിയിൽ മാത്രം നിർമാണനിരോധനം ഏർപ്പെടുത്തിയത് ഇടുക്കിയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
2023ൽ ഭൂപതിവ് നിയമഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ സർക്കാർ നൽകിയ ഉറപ്പിന്റെ ലംഘനമാണ് ചട്ട ഭേദഗതിയിലെ വ്യവസ്ഥകൾ. ഒരിക്കൽ സർക്കാരിന്റെ നിയമങ്ങൾ അനുസരിച്ച് നടത്തിയിരിക്കുന്ന നിർമാണങ്ങൾ വർഷങ്ങൾ കഴിയുന്പോൾ നിയമവിരുദ്ധമാണെന്ന് സർക്കാർ തന്നെ പറഞ്ഞാൽ സർക്കാർ നിയമങ്ങളെ ജനങ്ങൾ എങ്ങനെ വിശ്വസിക്കും.
ജനങ്ങളെ കൊള്ളയടിച്ച് ഖജനാവ് നിറയ്ക്കുന്നതിനുള്ള മാർഗമായി ചട്ട ഭേദഗതി മാറ്റിയത് ഖേദകരമാണ്.സിഎച്ച്ആർ ഭൂമി വനഭൂമിയാണെന്ന സർക്കാർ നിലപാട് തിരുത്തണം. മലയോര ജനത കൈയേറ്റക്കാരാണെന്ന നിലപാട് മാറ്റി കുടിയേറ്റക്കാരായി അംഗീകരിക്കാൻ തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഡീൻ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു.
യോഗത്തിൽ യുഡിഎഫ് ജില്ലാ കണ്‍വീനർ പ്രഫ. എം.ജെ. ജേക്കബ്, കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ. പൗലോസ്, എഐസിസി അംഗം അഡ്വ. ഇ.എം. അഗസ്തി, എ.കെ മണി, കെപിസിസി സെക്രട്ടറി അഡ്വ. എസ്. അശോകൻ, അഡ്വ. ജോയി തോമസ്, കെ.എ. സിയാദ്, സുരേഷ് ബാബു, എ.പി. ഉസ്മാൻ, പി.സി. ജയൻ, കെ.എ. കുര്യൻ, അഡ്വ. തോമസ് പെരുമന, എം.കെ. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.
District News
കട്ടപ്പന: ലഹരിക്കെതിരേ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പതിമൂന്നാമത് വാക്ക് എഗൻസ്റ്റ് ഡ്രഗ്സ് സമൂഹനടത്തം പരിപാടി കട്ടപ്പനയിൽ വിപുലമായി നടന്നു. നാടുമുഴുവൻ ബാർ തുറന്നു കൊണ്ടല്ല ലഹരിക്കെതിരേയുള്ള പോരാട്ടം നടത്തേണ്ടത്.
രാസ ലഹരിക്കെതിരെേയുള്ള നീക്കങ്ങൾ ഗവൺമെന്റ്് നടത്തണം. പോലീസും എക്സൈസും സംയുക്തമായി ഇതിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു.
അന്താരാഷ്ട്ര ലഹരിമാഫിയ ഇന്ത്യയിൽ മാത്രമല്ല ലോകത്തുടനീളം പിടിമുറുക്കുകയാണ്. ഇതിൽനിന്ന് പുതിയ തലമുറയെ രക്ഷിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. കേരളം ഒരു കൊളംബിയ ആകാൻ അനുവദിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
കട്ടപ്പന സ്കൂൾ കവലയിൽനിന്നും നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയാണ് ലഹരിക്കെതിരേയുള്ള സമൂഹ നടത്തം ആരംഭിച്ചത്.
വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ സംഘടിപ്പിച്ച നടത്തം കട്ടപ്പന ഗാന്ധി സ്ക്വയറിൽ അവസാനിപ്പിച്ച് പുഷ്പാർച്ചന നടത്തി. തുടർന്ന് കട്ടപ്പന മിനി സ്റ്റേഡിയത്തിൽ എത്തിയതിനുശേഷം നടന്ന പൊതുയോഗത്തിൽ രമേശ് ചെന്നിത്തല ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
കോഴിക്കോടുനിന്നാരംഭിച്ച പരിപാടി വിവിധ ജില്ലകളിൽ പര്യടനം നടത്തി എറണാകുളത്ത് സമാപിക്കും. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രൗഡ് കേരളയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
Kerala
തിരുവനന്തപുരം: കേരളത്തിലെ കർഷകർക്ക് സൗജന്യമായി സൗരോർജ പന്പുകൾ നൽകാനുള്ള കേന്ദ്രപദ്ധതിയായ പിഎം കുസും പദ്ധതിയുമായി ബന്ധപ്പെട്ട് അനർട്ടിൽ നടക്കുന്ന കോടികളുടെ ക്രമക്കേടിനെക്കുറിച്ച് വൈദ്യുത മന്ത്രിയോട് താൻ ചോദിച്ച ചോദ്യങ്ങൾക്കു മറുപടി എന്ന പേരിൽ അനർട്ട് പുറത്തിറക്കിയ കുറിപ്പിലുള്ളത് പച്ചക്കള്ളമാണെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വിശദീകരത്തോടെ താൻ ഉന്നയിച്ച മുഴുവൻ അഴിമതി ആരോപണങ്ങളും ശരിവയ്ക്കപ്പെട്ടിരിക്കുകയാണ്. ആരോപണങ്ങൾക്ക് മറുപടി പറയാതെ ഒളിച്ചോടാൻ വൈദ്യുതമന്ത്രി നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് അനർട്ടിനെക്കൊണ്ട് സന്പൂർണമായും കളവുകൾ മാത്രമടങ്ങിയ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്. ഇതിലെ ഓരോ അവകാശവാദവും തെറ്റാണ് എന്നതിനുള്ള തെളിവുകൾ കൈയിലുണ്ട്. വൈദ്യുത മന്ത്രിക്ക് അത് നൽകാൻ തയാറാണ്. ഇക്കാര്യത്തിൽ മറുപടി പറയാൻ വൈദ്യുതമന്ത്രി തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരിക്കേ താൻ പുറത്തുകൊണ്ടുവന്ന ഒരു കണ്‍സൾട്ടൻസി അഴിമതി ഇടപാട് നാടുനീളെ ന്യായീകരിച്ചു നടന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഉണ്ടായിരുന്നു. അദ്ദേഹത്തിന് എന്തു സംഭവിച്ചു എന്ന് നമ്മളെല്ലാം കണ്ടതാണ്. അതേ ഗതി തന്നെ ഈ ഉദ്യോഗസ്ഥനും സംഭവിക്കും. ഇനിയും ഈ അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ഇയാൾ ഉൾപ്പെട്ട മറ്റൊരു വലിയ അഴിമതി അധികം താമസിയാതെതന്നെ പുറത്തുവിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.