മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പതിമൂന്നാമത് വാക്ക് എഗൻസ്റ്റ് ഡ്രഗ്സ് സമൂഹനടത്തം കട്ടപ്പനയിൽ എത്തിയപ്പോൾ.
കട്ടപ്പന: ലഹരിക്കെതിരേ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പതിമൂന്നാമത് വാക്ക് എഗൻസ്റ്റ് ഡ്രഗ്സ് സമൂഹനടത്തം പരിപാടി കട്ടപ്പനയിൽ വിപുലമായി നടന്നു. നാടുമുഴുവൻ ബാർ തുറന്നു കൊണ്ടല്ല ലഹരിക്കെതിരേയുള്ള പോരാട്ടം നടത്തേണ്ടത്.
രാസ ലഹരിക്കെതിരെേയുള്ള നീക്കങ്ങൾ ഗവൺമെന്റ്് നടത്തണം. പോലീസും എക്സൈസും സംയുക്തമായി ഇതിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു.
അന്താരാഷ്ട്ര ലഹരിമാഫിയ ഇന്ത്യയിൽ മാത്രമല്ല ലോകത്തുടനീളം പിടിമുറുക്കുകയാണ്. ഇതിൽനിന്ന് പുതിയ തലമുറയെ രക്ഷിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. കേരളം ഒരു കൊളംബിയ ആകാൻ അനുവദിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
കട്ടപ്പന സ്കൂൾ കവലയിൽനിന്നും നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയാണ് ലഹരിക്കെതിരേയുള്ള സമൂഹ നടത്തം ആരംഭിച്ചത്.
വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ സംഘടിപ്പിച്ച നടത്തം കട്ടപ്പന ഗാന്ധി സ്ക്വയറിൽ അവസാനിപ്പിച്ച് പുഷ്പാർച്ചന നടത്തി. തുടർന്ന് കട്ടപ്പന മിനി സ്റ്റേഡിയത്തിൽ എത്തിയതിനുശേഷം നടന്ന പൊതുയോഗത്തിൽ രമേശ് ചെന്നിത്തല ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
കോഴിക്കോടുനിന്നാരംഭിച്ച പരിപാടി വിവിധ ജില്ലകളിൽ പര്യടനം നടത്തി എറണാകുളത്ത് സമാപിക്കും. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രൗഡ് കേരളയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
Tags : Chennithala nattuvisesham local news