Kerala
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം മത്സരമല്ല, ഒരു ഉത്സവമാണെന്ന് മോഹൻലാൽ. 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹൻലാൽ.
ജയപരാജയങ്ങള്‍ക്ക് അപ്പുറം മുന്നിലുള്ള അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി മുന്നേറണമെന്ന് മോഹൻലാൽ പറഞ്ഞു. കലാകാരൻ എന്ന നിലയിൽ തന്നെ ഈ വേദിയോട് വലിയ ആദരമാണുള്ളതെന്നും യുവ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ആഘോഷമാണിതെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു.
കലാകാരന്മാരും കലാകാരികളും കഴിവുകളെ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കാതെ കഴിവുകള്‍ മിനുക്കിയെടുത്ത് അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇവിടെ ജയപരാജയങ്ങള്‍ അപ്രസക്തമാണ്. സമ്മാനങ്ങള്‍ നേടാനാകാത്തവരാരും മോശക്കാരാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ ബോധ്യമാണ് അവരിൽ ഉറപ്പിക്കേണ്ടത്. കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും തിരിച്ചറിവാണ് കലോത്സവം സമ്മാനിക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയകിരീടം ചൂടി കണ്ണൂർ.
വിജയികൾക്കുള്ള സ്വർണക്കപ്പ് മോഹൻലാൽ സമ്മാനിച്ചു. 1028 പോയിന്റുകൾ നേടിയാണ് കണ്ണൂർ ഒന്നാം സ്ഥാനത്ത് എത്തിയത്. 1023 പോയിന്റുകൾ നേടിയ തൃശൂർ രണ്ടാം സ്ഥാനവും, 1017 പോയിന്റുകളോടെ കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.
1013 പോയിന്റുകൾ നേടിയ പാലാക്കാടാണ് നാലാം സ്ഥാനത്ത്. സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം ഹയർസെക്കന്ററി സ്കൂൾ ഒന്നാമതെത്തി. വൈകിട്ട് ആരംഭിച്ച സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളന ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വി.ശിവൻകുട്ടിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിനന്ദിച്ചു. സിയ ഫാത്തിമയ്ക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിലാണ് അഭിനന്ദനം.
കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ട രോഗബാധിതയായ സിയ ഫാത്തിമയ്ക്ക് വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി എച്ച്എസ് വിഭാഗം അറബിക് പോസ്റ്റര്‍ രചനാ മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു.
Kerala
തൃശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മോഹൻലാൽ ആണ് സമ്മേളനത്തിൽ മുഖ്യാതിഥി.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണ കണ്ണൂർ ആണ് ചാമ്പ്യൻമാർ. 1023 പോയിന്റ് നേടിയാണ് കണ്ണൂർ കലാകിരീടം സ്വന്തമാക്കിയത്. തൃശൂർ ആണ് രണ്ടാം സ്ഥാനത്ത്. 1018 പോയിന്റ് നേടിയാണ് ആതിഥേയരായ തൃശൂർ രണ്ടാം സ്ഥാനത്തെത്തിയത്.
Kerala
തൃശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം സമാപിക്കുമ്പോൾ സ്വർണക്കപ്പ് കണ്ണൂരിന്. നിലവിലെ ചാമ്പ്യൻമാരായ തൃശൂർ രണ്ടാം സ്ഥാനത്ത്. 1023 പോയിന്റ് നേടിയാണ് കണ്ണൂർ കലാകിരീടം സ്വന്തമാക്കിയത്.
1018 പോയിന്റ് നേടിയാണ് ആതിഥേയരായ തൃശൂർ രണ്ടാം സ്ഥാനത്തെത്തിയത്. 1013 പോയിന്റ് നേടി കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്. വൈകിട്ട് നടക്കുന്ന സംസ്ഥാന കലോത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മോഹൻലാൽ ആണ് ചടങ്ങിൽ മുഖ്യാതിഥി.
Kerala
തൃശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. മോഹൻലാൽ ആണ് സമ്മേളനത്തിൽ മുഖ്യാതിഥി.
നിലവിൽ കണ്ണൂരും തൃശൂരുമാണ് സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാടുന്നത്. 985 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 978 പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനത്തുണ്ട്. പാലക്കാട് 977 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് നാലാം സ്ഥാനത്തേക്ക് താഴ്ന്നു. ഇനി എട്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഒന്നാം വേദിയിലെ നാടോടി നൃത്തമാണ് അവസാന ദിവസത്തെ പ്രധാന മത്സരം.
Editorial
ഭക്തിയും കലയും ആഘോഷവും ആറാടുന്ന പൂരം വരുന്നതേയുള്ളൂ. പക്ഷേ, ഇന്നുമുതൽ തൃശൂരിനെ അവരങ്ങെടുക്കുകയാണ്; സംസ്ഥാന സ്കൂൾ കലോത്സവമെന്ന പൂരത്തിനെത്തുന്ന പതിനയ്യായിരത്തോളം മത്സരാർഥികൾ!
വിജയാരവങ്ങളും ആർപ്പുവിളികളും ഒരു കൈലേസിൽ ഒപ്പിനീക്കാവുന്ന സങ്കടങ്ങളും കണ്ട് പൂരനഗരി ഉറക്കമിളയ്ക്കും. ആസ്വാദനത്തിനൊപ്പം, കാഴ്ചക്കാരിൽ ചിലർ തങ്ങളുടെ ഗൃഹാതുരത്വങ്ങളുടെ അദൃശ്യമായൊരു കുടമാറ്റത്തിനും മുതിർന്നേക്കാം.
കല, ആത്മ-ശരീരങ്ങളുടെ സംയുക്തപ്രകടനമാണ്. പക്ഷേ, കലാമത്സരങ്ങൾ ശത്രുവില്ലാത്ത, ചോര പൊടിയാത്ത, ആയുധമെടുക്കാത്ത യുദ്ധംകൂടിയാണ്. ശത്രു പിറക്കുന്നിടത്ത് മരിക്കുന്നതെന്തോ അതാണ് കലയെന്നു തിരിച്ചറിയുക.
വിജയ-പരാജയ യാഥാർഥ്യങ്ങളെ അംഗീകരിക്കുക. കഴിവുകളെ കയറൂരിവിട്ട് സന്ധിയില്ലാതെ മത്സരിക്കുക. പക്ഷേ, സമ്മാനക്കപ്പുകളിൽനിന്നല്ല, ഉജ്വല കലാവിഷ്കാരത്താൽ നുരഞ്ഞുപൊന്തുന്ന ആത്മവീര്യത്തിൽനിന്നു പാനം ചെയ്യുക. സമ്മാനങ്ങൾക്കപ്പുറം കലയെയും ജീവിതവിജയത്തെയും സ്വന്തമാക്കുക.
പതിവുപോലൊരു പ്രഭാതമാണെങ്കിലും ഇന്ന് തൃശൂരിൽ പതിവില്ലാത്തത്ര തിരക്കാണ്. തേക്കിൻകാട്ടിലും പരിസരത്തുമായി അരങ്ങേറുന്ന 64-ാമതു കേരള സ്കൂൾ കലോത്സവത്തിനു തെളിയാനുള്ള തിരി അഗ്നിനൃത്തത്തിനൊരുങ്ങിക്കഴിഞ്ഞു.
കലോത്സവത്തിലെ ചാന്പ്യന്മാർക്ക് നൽകുന്ന സ്വർണക്കപ്പ് ഇന്നലെത്തന്നെ എത്തിച്ചു. ഇന്നുമുതൽ 18 വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000ത്തോളം കലാപ്രതിഭകൾ, നൂറുകണക്കിനു വിധികർത്താക്കൾ, ആയിരക്കണക്കിന് അധ്യാപകർ, സംഘാടകർ, ജോലിക്കാർ, പാചകപ്പുരകൾ, ഭക്ഷണശാലകൾ... പതിനായിരങ്ങളായി ഒഴുകിയെത്തുന്ന കാണികൾ... ലോകത്തെവിടെയുണ്ട് ഇതുപോലൊരു കൗമാര കലാമേള!
രാവിലെ ഒന്‍പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തും. 10ന് തേക്കിൻകാട് മൈതാനിയിലുള്ള എക്സിബിഷൻ ഗ്രൗണ്ടിലെ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായിരിക്കും.
പൂരസ്മരണയുയർത്തി പാണ്ടിമേളവും 64-ാം കലോത്സവത്തെ സൂചിപ്പിച്ചുകൊണ്ട് 64 കുട്ടികൾ അണിനിരക്കുന്ന വർണാഭമായ കുടമാറ്റവും അരങ്ങേറും. പിന്നെ മത്സരങ്ങൾ വേദികളെ പൂരപ്പറന്പാക്കും.1956ൽ കേരളം രൂപീകരിച്ചതിനു തൊട്ടുപിന്നാലെ 1957 ജനുവരി 25-26 തീയതികളിൽ എറണാകുളം എസ് ആർവി ഗേൾസ് ഹൈസ്കൂളിലായിരുന്നു ആദ്യത്തെ സ്കൂൾ യുവജനോത്സവം.
2009ലാണ് സ്കൂൾ കലോത്സവം എന്നു പേരു മാറ്റിയത്. 57ൽ ഇരുനൂറിൽ താഴെ കുട്ടികൾ പങ്കെടുത്ത സ്ഥാനത്താണ് ഇന്നിപ്പോൾ 15,000 മത്സരാർഥികളെത്തുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള! രണ്ടു കോവിഡ് വർഷങ്ങളിൽ മാത്രമാണ് കലോത്സവം മുടങ്ങിയത്.
യേശുദാസും ജയചന്ദ്രനും ഉൾപ്പെടെ ചലച്ചിത്ര-ഗാന-നൃത്തരംഗങ്ങളിലെ നിരവധി പ്രമുഖർ കലോത്സവത്തിലൂടെ പ്രതിഭ തെളിയിച്ചവരാണ്. ഇത്തവണത്തെ ആതിഥേയരായ തൃശൂരാണ് കഴിഞ്ഞവർഷം, കാൽ നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം കിരീടം നേടിയത്.
ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തായ പാലക്കാട് അതു തിരിച്ചുപിടിക്കാനും, തൃശൂർ ആധിപത്യം നിലനിർത്താനും, ഇത്തവണ കപ്പ് കൊണ്ടുപോകാൻ മറ്റു ജില്ലക്കാരും മത്സരിക്കുന്പോൾ തേക്കിൻകാട് വെടിക്കെട്ടിന്റെ രാപകലുകൾ തീർക്കും.
മികച്ച ഭക്ഷണവും താമസസൗകര്യവും സമയനിഷ്ഠയും മാത്രമല്ല, അർഹിക്കുന്നവർക്കു സമ്മാനം ഉറപ്പാക്കുന്നതുംകൂടിയാണ് സംഘാടകമികവ്. അപ്പോഴാണ് അപ്പീലുകളുടെ എണ്ണം കുറയുന്നത്. പരാജയങ്ങളേക്കാൾ ഭയാനകമായ മുറിവുകളുമായി ഒരു മത്സരാർഥിയും മടങ്ങരുത്.
കുട്ടികൾ നിർമിതബുദ്ധികളല്ലെന്നും തങ്ങളുടെ അഭിലാഷപൂർത്തീകരണത്തിന്റെ അമിതഭാരം അവരിലേക്കു പകരരുതെന്നും മാതാപിതാക്കൾ മറക്കരുത്. കുട്ടികൾക്കും ഓർമയുണ്ടായിരിക്കണം; കപ്പല്ല, കലയാണ് പാനം ചെയ്യേണ്ടതെന്ന്.
മത്സരിക്കുന്നവരിലേറെയും ഏറ്റുവാങ്ങാനിരിക്കുന്ന നൈമിഷിക സങ്കടങ്ങളുമായല്ല, ആത്മസാക്ഷാത്കാരത്തിന്റെയും വരാനിരിക്കുന്ന സാധ്യതകളുടെയും വിജയങ്ങളുടെയും പ്രതീക്ഷയിൽ തീർത്തൊരു ഗൂഢസ്മിതവുമായി പിരിയുവോളം, ഗഡീ, തൃശൂർ നിങ്ങൾക്കിരിക്കട്ടെ..! അഞ്ചുനാൾ ആടിത്തിമിർത്താലും.
Kerala
പാലക്കാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീം സോംഗ് തയാറാക്കിയതു പാലക്കാട് ജില്ലയിലെ പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. പൊതുവിദ്യാഭ്യാസവകുപ്പ് സംസ്ഥാനതലത്തിൽ നടത്തിയ മത്സരത്തിൽനിന്നാണു പൊറ്റശേരി സ്കൂളിലെ വിദ്യാർഥികളുടെ പാട്ട് പ്രമേയഗാനമായി തെരഞ്ഞെടുത്തത്.
രചനയും സംഗീതവും ആലാപനവും നടത്തിയതു സ്കൂളിലെ കുട്ടികൾതന്നെ. സംസ്ഥാന കായികമേളയ്ക്കു തീം സോംഗ് രചിച്ച പ്ലസ്ടു വിദ്യാർഥിയും പൊറ്റശേരി സ്കൂൾ പാർലമെന്റ് ചെയർമാനുമായ വി. പ്രഫുൽദാസാണ് കലോത്സവത്തിനായും പ്രമേയഗാനം എഴുതിയത്.
ഹൃദ്യ കൃഷ്ണ, വി.കെ. അക്ഷയ് എന്നിവരാണു വരികൾക്ക് ഈണം പകർന്നത്. പി.കെ. മുഹമ്മദ് ഫായിസ്, ഹൃദ്യ കൃഷ്ണ, എ. സൂരജ് ചന്ദ്രൻ, ആബേൽ ബിനോയ്, ജോയൽ മൈക്കിൾ, കെ. ലക്ഷ്മിക, കെ. ഗാഥകൃഷ്ണ, സി.പി. വിഷ്ണുദത്ത് എന്നിവരാണു പാടിയത്. ഗ്രാമപ്രദേശത്തെ വിദ്യാലയത്തിലെ കുട്ടികളുടെ ഈ നേട്ടം നാടിന് അഭിമാനമാണെന്നു പ്രിൻസിപ്പൽ സന്തോഷ് കുമാർ, ഹെഡ്മിസ്ട്രസ് ടി. സബിത, പിടിഎ പ്രസിഡന്റ് പി. ജയരാജൻ എന്നിവർ പറഞ്ഞു.
District News
പിറവം: ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ കലോത്സവം നാളെയും, മറ്റന്നാളും പെരുവ കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും. നാളെ രാവിലെ 9.30 ന് നടൻ രമേഷ് പിഷാരടി കലോത്സവം ഉദ്ഘാടനം ചെയ്യും.
സ്കൂൾ സമിതി ചെയർമാൻ എം.എ. വാസുദേവൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. ചടങ്ങിൽ മോൻസ് ജോസഫ് എംഎൽഎ മുഖ്യാതിഥിയാകും. രണ്ട് ദിവസങ്ങളിലായി എട്ട് വേദികളിൽ 1500 കലാപ്രതിഭകൾ മാറ്റുരയ്ക്കും. 29ന് വൈകിട്ട് നടക്കുന്ന സമാപന ചടങ്ങിൽ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് പി. വേണുഗോപാൽ അധ്യക്ഷത വഹിക്കും.
District News
കോട്ടയം: 36-ാംമത് റവന്യു ജില്ലാ സ്കൂള്‍ കലോത്സവം 25 മുതല്‍ 28 വരെ കോട്ടയത്ത് നടക്കും. എംഡി സെമിനാരി എച്ച്എസ്, എംടി സെമിനാരി. എച്ച്എസ്എസ്, മൗണ്ട് കാര്‍മല്‍ എച്ച്എസ്എസ്, സെന്റ് ആന്‍സ് എച്ച്എസ്എസ്, ബേക്കര്‍ എല്‍പിഎസ്, വിദ്യാധിരാജാ എച്ച്എസ്, ഹോളിഫാമിലി എച്ച്എസ്എസ്, സെന്റ് ജോസഫ്സ് സിജിഎച്ച്എസ്, എംടി എല്‍പിഎസ്, എംഡി എല്‍പിഎസ് തുടങ്ങിയ സ്കൂളുകളിലെ 13 വേദികളിലായാണ് കലാമത്സരങ്ങള്‍ നടക്കുന്നത്.
13 ഉപജില്ലകളില്‍നിന്ന് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ 8,000 കുട്ടികള്‍ 300 ഇനങ്ങളില്‍ കലാമേളയില്‍ മാറ്റുരയ്ക്കുന്നു.
പ്രധാന വേദിയായ എംഡി സെമിനാരി സ്കൂളില്‍ ചൊവ്വാഴ്ച വൈകുന്നേരം നാലിന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ കലോത്സവം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനു മുന്നോടിയായി 2.30ന് മാമ്മന്‍ മാപ്പിള ഹാള്‍ പരിസരത്തുനിന്ന് എംഡി സ്കൂളിലേക്ക് വിളംബര ഘോഷയാത്ര നടത്തും. എംടി സെമിനാരി സ്കൂളിലാണ് ഭക്ഷണശാല പ്രവര്‍ത്തിക്കുക.
മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വോളണ്ടിയേഴ്സിനും ഭക്ഷണം നല്‍കും. 28നു വൈകുന്നേരം നാലിന് സമാനപനവും സമ്മാനദാനവും നടത്തുമെന്ന് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍, പബ്ലിസിറ്റി കണ്‍വീനര്‍ ആര്. ജിഗി എന്നിവര്‍ അറിയിച്ചു.തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ രാഷ്ട്രീയ നേതാക്കളെ ഉദ്ഘാടന, സമാപന സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കാനാവില്ല.
District News
മുരിക്കാശേരി: റവന്യു ജില്ലാ കലോത്സവം നാലാംദിനം പിന്നിട്ടപ്പോൾ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ കട്ടപ്പന ഉപജില്ല മുന്നിൽ. കട്ടപ്പന 770 പോയിന്റും തൊടുപുഴ 769 പോയിന്റും നേടിയാണ് ഓവറോളിനുവേണ്ടി പോരാടുന്നത്. രണ്ടുദിവസം മുന്നിലായിരുന്ന അടിമാലി ഉപജില്ല 729 പോയിന്റോടെ മൂന്നാം സ്ഥാനത്തായി.
കുമാരമംഗലം എംകെഎൻഎം എച്ച്എസ്എസ് 200 പോയിന്റുമായി സ്കൂളുകളിൽ മുന്നിൽ നിൽക്കുന്നു. കൂന്പൻപാറ ഫാത്തിമമാതാ ഗേൾസ് എച്ച്എസ്എസ് 186 പോയിന്റോടെ രണ്ടാമതും കല്ലാർ ജിഎച്ച്എസ്എസ് 156 പോയിന്റുനേടി മൂന്നാമതുമാണ്.
എച്ച്എസ്എസ് വിഭാഗത്തിൽ 106 പോയിന്റോടെ കൂന്പൻപാറ ഫാത്തിമമാതാ ഗേൾസ് സ്കൂളും എച്ച്എസ് വിഭാഗത്തിൽ 76 പോയിന്റും യുപി വിഭാഗത്തിൽ 34 പോയിന്റും നേടി കുമാരമംഗലം എംകെഎൻഎം എച്ച്എസ്എസും മുന്നിൽ തുടരുന്നു. 277 ഇനങ്ങൾ പൂർത്തിയായി. ഇതുവരെ 29 അപ്പീലുകൾ ലഭിച്ചു.
തുള്ളലിൽ മൂന്നാം വട്ടവും ശിവാനന്ദ്
ഹയർ സെക്കൻഡറി വിഭാഗം ആണ്‍കുട്ടികളുടെ ഓട്ടൻതുള്ളലിൽ ശിവാനന്ദ് വീണ്ടും സംസ്ഥാനതലത്തിൽ യോഗ്യത നേടി. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഓട്ടൻതുള്ളലിൽ ശിവാനന്ദ് തന്നെയാണ് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന കലോത്സവത്തിൽ ഫങ്കെടുക്കുന്നത്. ഒന്‍പതാം ക്ലാസിൽ പഠിക്കുന്പോൾ എൻസിസിയിലൂടെ ഡൽഹി റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ജില്ലയിൽനിന്നുള്ള ആദ്യ ഹൈസ്കൂൾ കേഡറ്റ് ആകാനും ഭാഗ്യം ലഭിച്ചു.
കൾച്ചറൽ വിഭാഗത്തിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചായിരുന്നു ഇത്. കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്എസ്എസ് പ്ലസ്വണ് വിദ്യാർഥിയാണ്. തുള്ളൽ ആചാര്യൻ കുറിച്ചിത്താനം ജയകുമാറിന്റെ ശിക്ഷണത്തിലാണ് പരിശീലനം. അധ്യാപക ദന്പതികളായ ബിനീഷും സുഗന്ധിയുമാണ് മാതാപിതാക്കൾ.
ഈ വാക്കിലുണ്ട്പുതുതലമുറയുടെ നൊന്പരം
ജിയന്ന അവതരിച്ച മോണോ ആക്ടിലെ അവസാന വരികളിൽ തന്നെയുണ്ട് കാട്ടാനശല്യത്തിൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ നൊന്പരം. അതെ ഞങ്ങൾ പുതുതലമുറ ഇത് കണ്ടാണ് വളരുന്നത്. ഞങ്ങൾ ഒന്നടങ്കം ഈ രാജ്യത്തുനിന്നു പലായനം ചെയ്യും. ഭരണകൂടങ്ങളേ നിങ്ങൾ വന്യമൃഗങ്ങളെയും കെട്ടിപ്പിടിച്ച് നാട്ടിൽ കിടന്നു കൊള്ളൂ, ഞങ്ങൾ പോകുന്നു ഗുഡ്ബൈ, ഇതായിരുന്നു ആ വാക്കുകൾ.
ഭരണകൂടത്തിനുനേരേ കുറിക്കുകൊള്ളുന്ന വാക്കുകളുമായെത്തി വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്കൂളിലെ ജിയന്ന ജിയോ യുപി വിഭാഗം ഒന്നാംസ്ഥാനം നേടി. ഊട്ടുകുളത്തിൽ ജിയോ -സിനി ദന്പതികളുടെ മകളാണ് ജിയന്ന. ജികെ പന്നാംകുഴിയാണ് പരിശീലകൻ.
മിമിക്രിയിൽ ഒരിക്കൽക്കൂടി ജോണും ആദ്യാലക്ഷ്മിയും
അനുകരണ കലയിൽ വിജയം ആവർത്തിച്ച് ജോണ്‍ ഡിയാഗോ ജോസണും ആദ്യാലക്ഷ്മിയും. കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിയായ ജോണ്‍ കഴിഞ്ഞ വർഷവും ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. മൃഗങ്ങളുടെയും യന്ത്രങ്ങളുടെയും സംഗീതോപകരണങ്ങളുടെയുമെല്ലാം ശബ്ദം തനിയെ കേട്ടുപഠിച്ചാണ് വേദിയിൽ അവതരിപ്പിച്ചത്. ബ്രദർ ജോസണ്‍ ജോണിന്റെയും തൊടുപുഴ വിമല സ്കൂൾ അധ്യാപികയായ മഞ്ജുവിന്റെയും മകനാണ് ജോണ്‍.
പെരിയാർ കടുവാ സങ്കേതത്തോട് ചേർന്നുള്ള വീട്ടിൽ സദാസമയവും കേൾക്കുന്ന പക്ഷിമൃഗാദികളുടെ ശബ്ദം അനുകരിച്ചാണ് ആദ്യാലക്ഷ്മി എച്ച്എസ് വിഭാഗം മിമിക്രിയിൽ ഒന്നാമതെത്തിയത്. കുമളി ജിവിഎച്ച്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. കുമളി ലബ്ബക്കണ്ടത്ത് പെരിയാർ കടുവാസങ്കേതത്തിനു സമീപമാണ് ആദ്യാലക്ഷ്മിയുടെ വീട്.
കുഞ്ഞുന്നാൾ മുതൽ വീടിനു സമീത്തെ വനത്തിൽനിന്നു കേൾക്കുന്ന പക്ഷിമൃഗാദികളുടെ ശബ്ദം അനുകരിക്കാറുണ്ടായിരുന്നു. മകളുടെ അനുകരണശീലം തിരിച്ചറിഞ്ഞ രക്ഷിതാക്കളാണ് മിമിക്രി മത്സരത്തിൽ പങ്കെടുക്കാൻ പ്രചോദനമായത്. എ ഗ്രേഡ് നേടിയിരുന്നു. അനുഭവനിൽ രതീഷ് നന്പൂതിരി - അനു മകളാണ്.
District News
ആലപ്പുഴ: ആലപ്പുഴ റവന്യു ജില്ലാ സ്കൂൾ കലോത്സവം 25 മുതൽ 29 വരെ പ്രധാന വേദിയായ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെ പന്ത്രണ്ട് വേദികളിൽ നടക്കും. കലോത്സവ ലോഗോയുടെ പ്രകാശനം പി.പി. ചിത്തരഞ്ജൻ എംഎൽഎ നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീലത, സ്കൂൾ കലോത്സവ പബ്ലിസിറ്റി വൈസ് ചെയർമാൻ പോരുവഴി ബാലചന്ദ്രൻ, കൺവീനർ സജിത്ത് ലാൽ, അധ്യാപകസംഘടന നേതാക്കളായ പി.ഡി. ജോഷി, ജോൺ ബ്രിട്ടോ, സൂപ്രണ്ട് മീരാദാസ്, സംഘടന നേതാക്കൾ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഷെറിൽ സാറാ റെജി രൂപകൽപ്പന ചെയ്ത ലോഗോ ആണ് സ്കൂൾ കലോത്സവ മേളയ്ക്ക് തെരഞ്ഞെടുത്തത്. ലോഗോ തയാറാക്കിയ വിദ്യാർഥിനിക്ക് പ്രശസ്തിപത്രവും കാഷ് അവാർഡും സമ്മാനിക്കുമെന്നു സ്കൂൾ കലോത്സവ പബ്ലിസിറ്റി കൺവീനർ സജിത്ത് ലാൽ അറിയിച്ചു.
ഈ മാസം 17 മുതൽ നടത്താനിരുന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെത്തുടർന്ന് ഡിസംബർ അവസാന തീയതിലേക്കു മാറ്റിയിരുന്നു. ഡിസംബർ 15 മുതൽ ക്രിസ്മസ് പരീക്ഷ തീയതി പ്രഖ്യാപിച്ചതിനാലും പരീക്ഷ അവസാനിക്കുന്ന ദിവസം മുതൽ ക്രിസ്മസ് അവധി ആരംഭിക്കുന്നതിനാലുമാണ് കലോത്സവ തീയതിയിൽ വീണ്ടും മാറ്റം വരുത്തി ഈമാസം അവസാനം നടത്താൻ തീരുമാനിച്ചത്. സംസ്ഥാന സ്കൂൾ കലോത്സവവും ജനുവരി പകുതിയോടെ ആരംഭിക്കുന്നതിനാലുമാണ് കലോത്സവ തീയതിയിൽ വീണ്ടും മാറ്റം വരുത്തിയത്.
District News
കണ്ണൂർ: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജ് പന്തലിന്റെ കാൽനാട്ടുകർമം മുഖ്യവേദിയായ മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. കണ്ണൂർ ഡിഡിഇ ഡി. ഷൈനി കാൽനാട്ടുകർമം നിർവഹിച്ചു.
വിദ്യാകിരണം കോ-ഓർഡിനേറ്റർ കെ. സി സുധീർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. പ്രകാശൻ, ഭക്ഷണ കമ്മിറ്റി കൺവീനർ യു.കെ. ബാലചന്ദ്രൻ, മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനർ വി.വി. രതീഷ്, സ്റ്റേജ് ആൻഡ് പന്തൽ കമ്മറ്റി കൺവീനർ എസ്.എ. ജീവാനന്ദ്, കെ.ടി. സാജിദ്, കൈറ്റ് കോ-ഓർഡിനേറ്റർ കെ.സുരേന്ദ്രൻ, ജസ്റ്റിൻ ജയകുമാർ, ഷൈൻചന്ദ്ര എന്നിവർ പങ്കെടുത്തു. 18 മുതൽ 22 വരെയാണ് റവന്യുജില്ലാ സ്കൂൾ കലോത്സവം.
District News
പാറശാല: സബ്ജില്ലാ കലോത്സവത്തില്‍ ഗവ. സ്കൂളുകളുടെ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ ചരിത്ര നേട്ടവുമായി പാറശാല ഗവ: വെക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ ഒന്നാം സ്ഥാനത്തെത്തി. 203 പോയിന്റുകള്‍ നേടിക്കൊണ്ടാണ് വിദ്യാലയത്തിലെ കലാപ്രതിഭകള്‍ ഈ അപൂര്‍വനേട്ടം കൈവരിച്ചത്. ഗ്രൂപ്പിനങ്ങളില്‍ പണിയനൃത്തം, മംഗലംകളി, ഇരുളനൃത്തം, നാടകം എന്നിവ ഉള്‍പ്പെടെ അഞ്ചിനങ്ങളില്‍ എച്ച്എസ്എസ് വിഭാഗം ഒന്നാം സ്ഥാനത്തെത്തി.
മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുഡി എന്നീ വ്യക്തിഗത ഇനങ്ങളില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച ഗൗരിനന്ദയാണ് 25 പോയിന്റുകളോടെ ഏറ്റവും മുന്നില്‍ എത്തിയത്. അഭിനന്ദ് 18 പോയിന്റുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി.
വിജയികളെ പ്രിന്‍സിപ്പൽ പി.എസ്. റാണി, സ്റ്റാഫ് സെക്രട്ടറി ഡോ. അഗസ്റ്റിന് ജോസ്, കണ്‍വീനര്‍മാരായ മാര്ട്ടിന്, അക്സാമോസസ്, മറ്റ് അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന് അഭിനന്ദിച്ചു.
District News
തൃശൂർ: ജില്ലാ സ്പെഷൽ സ്കൂൾ കലോത്സവത്തിൽ പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സി ഹോം തുടർച്ചയായി നാലാം തവണയും ജേതാക്കളായി. 88 പോയിന്റ് നേടിയാണ് ഓവറോൾ കിരീടം കരസ്ഥമാക്കിയത്. ചെറൂർ സെന്റ് ജോസഫ് സ്പെഷൽ സ്കൂൾ 40 പോയിന്റ് നേടി രണ്ടാംസ്ഥാനം കരസ്ഥമാക്കി.
മണ്ണുത്തി സ്നേഹ ദീപ്തി സ്പെഷ്യൽ സ്ക്കൂളിൽ വച്ച് നടത്തിയ ജില്ലാതല മത്സരങ്ങളിൽ 50 സ്കൂളുകളിൽ നിന്നായി 400 ൽ അധികം ഭിന്നശേഷിയുള്ള കുട്ടികൾ പങ്കെടുത്തു. തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ പി.എം.ബാലകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പെഷ്യൽ സ്കൂൾ ചെയർമാനും പോപ്പ് പോൾ മേഴ്സി ഹോം ഡയറക്ടറുമായ ഫാ. ജോണ്സണ് അന്തിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനത്തിൽ മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. സി. ബിൽഹ, സി. ലിയോ തോമസ്, റോബിൻസണ്‍, ലിജോ, പി.ജെ.തോമസ്, ആഷിക്, സെറീന, ജോളി തുടങ്ങിയവർ പ്രസംഗിച്ചു
District News
പുതുക്കാട്: നാലു ദിവസങ്ങളിലായി പുതുക്കാട് നടക്കുന്ന ഇരിങ്ങാലക്കുട ഉപജില്ലാ സ്കൂള്‍ കലോത്സവത്തിനു തിരിതെളിഞ്ഞു. മന്ത്രി ഡോ.ആര്. ബിന്ദു കലോത്സവം ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, സ്കൂള്‍ മാനേജര്‍ ഫാ. പോള്‍ തേയ്ക്കാനത്ത്, ജില്ല പഞ്ചായത്തംഗം സരിത രാജേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി ചെയര്‍പേഴ്സണ്‍ അഡ്വ. അല്‍ജോ പുളിക്കന്‍, പുതുക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സി.സി. സോ മസുന്ദരന്, സെബി കൊടിയന്‍, ഇരിങ്ങാലക്കുട എഇഒ എം.എസ്. രാജീവ്, സ്കൂള്‍ പ്രിന്‍സിപ്പൽ ടോബി തോമസ്, വി.യു. മനോജ്, ഷാജു മാടമ്പി എന്നിവര്‍ പ്രസംഗിച്ചു.
കലോത്സവവേദിയില്‍ താരമായി റെക്സ റോബോട്ട്. ഉദ്ഘാടന ചടങ്ങില്‍ സ്വാഗതം ആശംസിച്ച് വിശിഷ്ട വ്യക്തികള്‍ക്ക് പൂച്ചെണ്ടുമായി എത്തിയ റോബോട്ട് എല്ലാവർക്കും കൗതുകക്കാഴ്ചയായി.
District News
ആലുവ: ആലുവ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. എച്ച്എസി എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ ഫാസിൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ സൈജി ജോളി, സ്ഥിരംസമിതി അധ്യക്ഷരായ ലത്തീഫ് പൂഴിത്തുറ, മിനി ബൈജു, കൗൺസിലർമാരായ കെ. ജയകുമാർ, എ ഇ ഒ സനൂജ ഷംസു എന്നിവർ പ്രസംഗിച്ചു. അധ്യാപക അവാർഡ് ലഭിച്ച ജബ്ബാർ മാസ്റ്ററിനെ അനുമോദിച്ചു. 8 വേദികളിലായി 7,000 വിദ്യാർഥികളാണ് മത്സരിക്കുന്നത്. കലോത്സവം നാളെ അവസാനിക്കും.
വൈപ്പിനിൽ
വൈപ്പിന്‍: നാലുനാള്‍ നീളുന്ന വൈപ്പിന്‍ ഉപജില്ലാ സ്കൂള്‍ കലോത്സവം പ്രധാനവേദിയായ എടവനക്കാട് എച്ച്ഐഎച്ച്എസ് സ്കൂളിൽ കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആദ്യദിനം രചനാ മത്സരങ്ങളും ഉറുദു, അറബി ഇനങ്ങളിലെ മത്സരങ്ങളും ആക്ഷന്‍ സോംഗ്, സ്കിറ്റ് മത്സരങ്ങളും നടന്നു.
ഇന്നുപ്രധാന വേദിയില്‍ സംസ്കൃത നാടകം, മാപ്പിളപ്പാട്ട്, കോല്‍ക്കളി, ഒപ്പന എന്നിവ നടക്കും. എസ്പി സഭാ സ്കൂളിലാണ് നൃത്തഇനങ്ങള്‍. വ്യാപാരഭവനില്‍ ശാസ്ത്രീയ സംഗീതം, ലളിതഗാനം എന്നിവ നടക്കും. ഉദ്ഘാടന ചടങ്ങിൽ എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു.
പറവൂരിൽ നാളെ
വരാപ്പുഴ: പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് തുടക്കമാകും. രാവിലെ 9.30ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, സംസ്കൃതം, അറബിക് വിഭാഗങ്ങളിലായി 125 ഇനങ്ങളിൽ 3000 വിദ്യാർഥികൾ പങ്കെടുക്കും. വെള്ളിയാഴ്ച സമാപിക്കും.
District News
പത്തനംതിട്ട: പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 38 സീനിയർ സെക്കൻഡറി സിബിഎസ്ഇ സ്കൂളുകൾ പങ്കെടുത്ത സെൻട്രൽ ട്രാവൻകൂർ സഹോദയ കലോത്സവത്തിൽ കുന്പഴ മൗണ്ട് ബഥനി പബ്ലിക് സ്കൂൾ മികച്ച വിജയം നേടി. 529 പോയിന്റാണ് സൂകളിനു ലഭിച്ചത്. തിരുവല്ല മാന്താനം ചോയ്സ്, ബിലീവേഴ്സ് ചർച്ച് റസിഡൻഷൽ സ്കൂളുകളിലായിരുന്നു മത്സരങ്ങൾ.
വിവിധ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം എ ഗ്രേഡ് നേടിയവർ: കാറ്റഗറി മൂന്ന് - അനുഗ്രഹ് ഏബ്രഹാം ബിജി (ഗിത്താർ, വെസ്റ്റേൺ), ഏഞ്ചലീന തോമസ് (ഉപന്യാസം, ഹിന്ദി), ആകാശ് അശോക് (തബല, ഈസ്റ്റേണ്‍).
കാറ്റഗറി നാല് - അക്സാ അര്‍ഷാദ് (ഡിജിറ്റല്‍ പെയിന്റിംഗ്), മേഘ അശോക് (പദ്യപാരായണം - സംസ്കൃതം, മോണോ ആക്ട്) ജുറുഷ അനു മാത്യു ( മാപ്പിളപാട്ട്), ഹന്ന മറിയം മാത്യു (പദ്യപാരായണം - മലയാളം).
രണ്ടാംസ്ഥാനം എ ഗ്രേഡ് കാറ്റഗറി രണ്ട് - റിതി നാരായണ്‍ (ഭരതനാട്യം), കാറ്റഗറി നാല് - അക്സ അര്‍ഷാദ് (പെയിന്റിംഗ് -വാട്ടര്‍ കളര്‍), ശിവകാമി രാജീവ് (കവിതാരചന - ഇംഗ്ലീഷ്), ആഷ്ബല്‍ എം. വര്‍ഗീസ് (കഥാരചന - ഹിന്ദി).
മൂന്നാംസ്ഥാനം എ ഗ്രേഡ് കാറ്റഗറി രണ്ട് - അലോഷി തോമസ് (ഡിജിറ്റല്‍ പെയിന്റിംഗ്), ഹൃദ്യ ലിസ് തോമസ് (പ്രസംഗം - ഇംഗ്ലീഷ്). കാറ്റഗറി മൂന്ന് - അലീന ബിനു (പ്രസംഗം - മലയാളം), അതുല്‍ അജയ് (തബല ഈസ്റ്റേണ്‍).
ഗ്രൂപ്പ് വിഭാഗം - കോല്‍കളി (ഒന്നാം സ്ഥാനം എ ഗ്രേഡ്), ദേശഭക്തിഗാനം (രണ്ടാം സ്ഥാനം എ ഗ്രേഡ്), ഒപ്പന, തിരുവാതിര, സംഘനൃത്തം, ദഫ്മൂട്ട്, മാര്‍ഗംകളി, സമൂഹഗാനം (മൂന്നാം സ്ഥാനം എ ഗ്രേഡ്).
District News
ചങ്ങനാശേരി: ചങ്ങനാശേരി ഉപജില്ല കലോത്സവം ഇന്നു മുതല്‍ ഇത്തിത്താനം ഹയര്‍സെക്കന്‍ഡറി, മലകുന്നം ഇളങ്കാവ് എല്‍പി, ഗവ. എല്‍പി സ്കൂളുകളില്‍ നടക്കും. ഇന്നു രാവിലെ പത്തിന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രശസ്ത സിനിമാതാരം സേതു കലോത്സവം ഉദ്ഘാടനം ചെയ്യും.
ജനറല്‍ കണ്‍വീനര്‍ വി.ജെ. വിജയകുമാര്‍, എഇഒ കെ.എ. സുനിത, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്, ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ്, കൊച്ചുറാണി ജോസഫ്, ഫാ. സോണി മുണ്ടുനടയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് എട്ടുവേദികളിലായി 75 ഇനങ്ങളിലായി മത്സരങ്ങള്‍ നടക്കും. 29ന് വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. ജോബ് മൈക്കിള്‍ എംഎല്‍എ ഇധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ വി.ജെ. വിജയകുമാര്‍, എഇഒ കെ.എ. സുനിത, കണ്‍വീനര്‍മാരായ പി. സി. രാധാകൃഷ്ണന്, ബിനു സോമന്, എസ്. അശ്വതി തുടങ്ങിയവര്‍ പങ്കെടുത്തു.