കോട്ടയം: 36-ാംമത് റവന്യു ജില്ലാ സ്കൂള്‍ കലോത്സവം 25 മുതല്‍ 28 വരെ കോട്ടയത്ത് നടക്കും. എംഡി സെമിനാരി എച്ച്എസ്, എംടി സെമിനാരി. എച്ച്എസ്എസ്, മൗണ്ട് കാര്‍മല്‍ എച്ച്എസ്എസ്, സെന്റ് ആന്‍സ് എച്ച്എസ്എസ്, ബേക്കര്‍ എല്‍പിഎസ്, വിദ്യാധിരാജാ എച്ച്എസ്, ഹോളിഫാമിലി എച്ച്എസ്എസ്, സെന്റ് ജോസഫ്സ് സിജിഎച്ച്എസ്, എംടി എല്‍പിഎസ്, എംഡി എല്‍പിഎസ് തുടങ്ങിയ സ്കൂളുകളിലെ 13 വേദികളിലായാണ് കലാമത്സരങ്ങള്‍ നടക്കുന്നത്.
13 ഉപജില്ലകളില്‍നിന്ന് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ 8,000 കുട്ടികള്‍ 300 ഇനങ്ങളില്‍ കലാമേളയില്‍ മാറ്റുരയ്ക്കുന്നു.
പ്രധാന വേദിയായ എംഡി സെമിനാരി സ്കൂളില്‍ ചൊവ്വാഴ്ച വൈകുന്നേരം നാലിന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ കലോത്സവം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനു മുന്നോടിയായി 2.30ന് മാമ്മന്‍ മാപ്പിള ഹാള്‍ പരിസരത്തുനിന്ന് എംഡി സ്കൂളിലേക്ക് വിളംബര ഘോഷയാത്ര നടത്തും. എംടി സെമിനാരി സ്കൂളിലാണ് ഭക്ഷണശാല പ്രവര്‍ത്തിക്കുക.
മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വോളണ്ടിയേഴ്സിനും ഭക്ഷണം നല്‍കും. 28നു വൈകുന്നേരം നാലിന് സമാനപനവും സമ്മാനദാനവും നടത്തുമെന്ന് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍, പബ്ലിസിറ്റി കണ്‍വീനര്‍ ആര്. ജിഗി എന്നിവര്‍ അറിയിച്ചു.തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ രാഷ്ട്രീയ നേതാക്കളെ ഉദ്ഘാടന, സമാപന സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കാനാവില്ല.
Tags : local nattuvishesham Kalotsavam