കാസർഗോഡ്: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയ്ക്ക് (എസ്ഐആർ) ശേഷം ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പുതുക്കിയ കണക്കുകള്‍ പ്രകാരം ജില്ലയില്‍ ആകെ 10,96,241 വോട്ടര്‍മാരാണുള്ളത്. നേരത്തേയുണ്ടായിരുന്ന കരട് പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ വോട്ടർമാരുടെ എണ്ണത്തിൽ 74,896 പേരുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എസ്ഐആറിന് മുമ്പ് ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 10,78,256 ആയിരുന്നു. മരിച്ചവരുടെയും സ്ഥലംമാറിപ്പോയവരുടെയും വോട്ടുകളും ഇരട്ട വോട്ടുകളും നീക്കം ചെയ്തുകൊണ്ട് കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അത് 10,21,345 ആയി കുറഞ്ഞു. വീണ്ടും പുതിയ അപേക്ഷകള്‍ സ്വീകരിച്ചതോടെയാണ് വോട്ടര്‍മാരുടെ എണ്ണം 10,96,241 ആയി ഉയര്‍ന്നത്.
കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ കളക്ടര്‍ കെ. ഇമ്പശേഖര്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ക്ക് പട്ടികയുടെ പകര്‍പ്പ് കൈമാറി.അന്തിമ പട്ടികയില്‍ 5,40,698 പുരുഷ വോട്ടര്‍മാരും 5,55,530 സ്ത്രീ വോട്ടര്‍മാരും 13 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്.
മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ കണക്ക് ഇപ്രകാരമാണ് (പുരുഷ വോട്ടര്‍മാർ, സ്ത്രീ വോട്ടര്‍മാർ, ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാർ, ആകെ വോട്ടുകളുടെ എണ്ണം എന്ന ക്രമത്തിൽ): മഞ്ചേശ്വരം (1,14,570, 1,12,833, 0, 2,27,403), കാസര്‍ഗോഡ് (1,04,866, 1,04,866, 0, 2,09,732), ഉദുമ (1,11,473, 1,15,723, 4, 2,27,200), കാഞ്ഞങ്ങാട് (1,08,347, 1,14,472, 6, 2,22,825), തൃക്കരിപ്പൂര്‍ (1,01,442, 1,07,636, 3, 2,09,081). ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ സ്ത്രീ വോട്ടർമാരുടെ എണ്ണം പുരുഷ വോട്ടർമാരുടേതിനേക്കാൾ കൂടുതലാണ്. കാസർഗോഡ് മണ്ഡലത്തിൽ പുരുഷ വോട്ടർമാരുടെയും സ്ത്രീ വോട്ടർമാരുടെയും എണ്ണം തുല്യമാണെന്ന പ്രത്യേകതയുമുണ്ട്.
വോട്ടര്‍മാര്‍ ഈ പട്ടിക പരിശോധിക്കുകയും അര്‍ഹരായ എല്ലാവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് കളക്ടർ നിർദേശിച്ചു. തുടർന്നും പട്ടികയില്‍ ഇരട്ട വോട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോറം 7 ഉപയോഗിച്ച് അവ നീക്കം ചെയ്യുന്നതിനായി ആര്‍ക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുമ്പു വരെ പട്ടികയിൽ പേര് ചേര്‍ക്കാൻ ഇനിയും അവസരമുണ്ടാകും. അവസാന നിമിഷം വരെ കാത്തുനില്‍ക്കാതെ അര്‍ഹരായ മുഴുവന്‍ ആളുകളും തുടർന്നും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് കളക്ടര്‍ അഭ്യർഥിച്ചു.
ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ആര്‍ഡിഒ ബിനു ജോസഫ്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍. ഗോപകുമാര്‍, ജെഎസ്എ രാജീവന്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.എ. മുഹമ്മദ് ഹനീഫ്, പി.രമേശ്, ഹാരിസ് ചൂരി, ബിജു ഉണ്ണിത്താന്, ഹരീഷ് ബി. നമ്പ്യാര്‍, മാമുനി വിജയന് എന്നിവര്‍ പങ്കെടുത്തു.
പുതുതായി വോട്ടര്‍പട്ടികയിൽ പേരു ചേർക്കുന്നതിനായി ഇതുവരെ ലഭിച്ച 71,789 അപേക്ഷകളില്‍ 65,938 എണ്ണം അംഗീകരിച്ചു. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ കാസര്‍ഗോഡ് മണ്ഡലത്തിലാണ് - 19,342. മഞ്ചേശ്വരം മണ്ഡലത്തില്‍ 16,692 അപേക്ഷകളും ഉദുമയിൽ 15,671 അപേക്ഷകളും കാഞ്ഞങ്ങാട് 10,419 അപേക്ഷകളും തൃക്കരിപ്പൂരില്‍ 9,665 അപേക്ഷകളും ലഭിച്ചു.
പ്രവാസി വോട്ടര്‍മാരുടെ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിച്ച 11,746 അപേക്ഷകളില്‍ 8851 എണ്ണം അംഗീകരിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലത്തിലാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് (3996). മഞ്ചേശ്വരത്ത് 789 അപേക്ഷകളും കാസര്‍ഗോഡ് 1526 അപേക്ഷകളും ഉദുമയില്‍ 274അപേക്ഷകളും കാഞ്ഞങ്ങാട് 3261 അപേക്ഷകളും ലഭിച്ചു.
വോട്ടർപട്ടികയിൽനിന്ന് അനര്‍ഹരായ വ്യക്തികളെ നീക്കം ചെയ്യുന്നതിനായി ലഭച്ച 8095 അപേക്ഷകളില്‍ 7957 എണ്ണം അംഗീകരിച്ചു. മഞ്ചേശ്വരം (1877) കാസര്‍ഗോഡ് (1731), ഉദുമ (1446), കാഞ്ഞങ്ങാട് (1849), തൃക്കരിപ്പൂർ (1192) എന്നിങ്ങനെയാണ് ലഭിച്ച അപേക്ഷകളുടെ എണ്ണം.
വിലാസം മാറുന്നതിനായി ആകെ 3,108 അപേക്ഷകള്‍ ലഭിച്ചു. ഇതിൽ 2,616 അപേക്ഷകള്‍ സ്വീകരിച്ചു. മഞ്ചേശ്വരം (770), കാസര്‍ഗോഡ് (553), ഉദുമ (489), കാഞ്ഞങ്ങാട് (867), തൃക്കരിപ്പൂര്‍ (429) എന്നിങ്ങനെയാണ് അപേക്ഷകളുടെ എണ്ണം.
വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനായി 11,780 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 11,110 എണ്ണവും അംഗീകരിച്ചു. മഞ്ചേശ്വരം (3653), കാസര്‍ഗോഡ് (2453), ഉദുമ (1992), കാഞ്ഞങ്ങാട് (1458), തൃക്കരിപ്പൂര്‍ (2224) എന്നിങ്ങനെയാണ് അപേക്ഷകളുടെ എണ്ണം.
Tags : nattu vishesham 10 96 241 voters