പേരൂര്‍ക്കട: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ഡോക്ടര്ചമഞ്ഞെത്തിയ 17കാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പോലീസിന് കൈമാറി. ഇന്നലെ രാവിലെയാണ് സംഭവം. കോട്ടയം പെരുന്ന സ്വദേശിനിയും പേരൂര്‍ക്കടയില്‍ താമസിച്ചുവരുന്നയാളുമായ 17കാരിയാണ് പിടിയിലായത്. മെഡിക്കല്‍കോളജിലെ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലാണ് ഡോക്ടര്‍വേഷം ധരിച്ച് 17കാരി എത്തിയത്.
സ്റ്റെതസ്കോപ്പ് ധരിച്ച് സുരക്ഷാ ജീവനക്കാര്‍ക്കു സമീപമെത്തിയപ്പോള്‍ അവര്‍ ഇവരെ ചോദ്യം ചെയ്തു. ഇവർ ഐഡന്റിറ്റി കാര്‍ഡ് ധരിക്കാതിരുന്നതാണ് സംശയത്തിന് ഇടനല്‍കിയത്. ആള്‍മാറാട്ടം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ മെഡിക്കല്‍കോളജ് പോലീസിന് കൈമാറുകയായിരുന്നു. സീനിയര്‍ ന്യൂറോളജി സര്‍ജനാണ് താനെന്ന് ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
വിവരമറിഞ്ഞ് മെഡിക്കല്‍കോളജ് ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലെത്തുന്നതിനു മുമ്പ് കാന്റീനിലും ആശുപത്രി ഇടനാഴിയിലും ഇവർ കറങ്ങിനടക്കുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാകുകയും ചെയ്തു. കാന്റീനില്‍ കണ്ട വേഷമായിരുന്നില്ല ഇവർക്കെന്നും പിന്നീട് വേഷംമാറിയാണ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലെത്തിയതെന്നും പോലീസ് അറിയിച്ചു.
ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ വനിതാജീവനക്കാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. ചെറുപ്പംമുതല്‍ തനിക്ക് ഡോക്ടറാകാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന് ഇവർ പോലീസിനോടു പറഞ്ഞു. ഇവരുടെ രക്ഷിതാക്കളെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്. നിയമനടപടികളുമായി മുന്നോട്ടുപോകേണ്ടതുണ്ടോയെന്ന് അതിനുശേഷം തീരുമാനിക്കുമെന്നു പോലീസ് അറിയിച്ചു.