ഉപ്പുതറ: ഇടപ്പൂക്കുളത്ത് വീടിനു തീയിട്ട് കുടുംബത്തെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 21ന് പുലർച്ചെ 2.45നാണ് കൊച്ചുപുരയ്ക്കൽ കെ.യു. ബെന്നിയുടെ വീടിന് തീവച്ചത്. ബെന്നിയുടെ അടുത്ത ബന്ധു ജോസ് ഉലഹന്നാൻ (62)നെയാണ് ഉപ്പുതറ എസ് ഐ പി.എൻ. പ്രദീപ് അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്നങ്ങളുടെ പേരിൽ ജോസും ബെന്നിയും തമ്മിൽ അകൽച്ചയിലായിരുന്നു. ജോസിന് ബെന്നിയോടുള്ള വൈരാഗ്യമാണ് വീടിന് തീവയ്ക്കുന്നതിലേക്കു നയിച്ചത്. ജോസ് കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വീടിന് തീ വെച്ചയുടൻ മുറ്റത്ത് ആളനക്കം കേട്ട് ബെന്നിയുടെ മകൻ ലിബിൻ ഉറക്കമുണർന്നു. തുടർന്ന്
ബന്നിയേയും വിളിച്ചുണർത്തി. മുൻ വശത്തെ തിണ്ണയിൽ തീ കത്തുന്നതു ജനലിൽക്കൂടി കണ്ടതോടെ പിൻവശത്തെ വാതിൽ തുറന്ന് എല്ലാവരും പുറത്തിറങ്ങി. അപ്പോഴേക്കും മുൻവശത്തെ വാതിലിൽ തീ ആളിപ്പടർന്നിരുന്നു. വീട്ടുകാർ എല്ലാവരും ചേർന്ന് വെള്ളമൊഴിച്ച് തീയണച്ചു. ഉടനെ അയൽക്കാരും വിവരമറിഞ്ഞ് ഉപ്പുതറ പേലീസും സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ചാക്കിൽ നിറച്ച് അതിൽ ഇന്ധനം ഒഴിച്ചാണ് തീകത്തിച്ചതെന്ന് മനസിലായി.
പിൻവശത്തെ വാതിലിനു പുറത്തും ജനലിന്റെ വശങ്ങളിലും ചാക്കിൽ പ്ലാസ്റ്റിക് മാലിന്യം നിറച്ചുവച്ചിരുന്നു. ഇവിടെയെല്ലാം ഇന്ധനവും ഒഴിച്ചിരുന്നു. മുറ്റത്ത് മുളക്പൊടിയും വിതറിയിരുന്നു. വൈദ്യുതി മീറ്ററിൽനിന്ന് ഫ്യൂസ് ഊരിമാറ്റി വൈദ്യൂതി വിച്ഛേദിച്ച് മുൻവശത്ത് ക്രമീകരിച്ചിരുന്ന സിസിടിവിയുടെ പ്രവർത്തനം നിശ്ചലമാക്കിയ ശേഷമാണ് വീടിന് തീവച്ചത്.
വീട്ടുകാർ ഉണർന്നതിനാൽ മറ്റിടങ്ങളിൽ തീയിടാതെ ഇയാൾ പിൻവാങ്ങി. ഇതു കാരണം അഞ്ചുവയസുള്ള കുട്ടിയുൾപ്പെടെ അഞ്ചു ജീവനുകൾ രക്ഷപ്പെട്ടു.