തൊടുപുഴ: ഓണ്‍ലൈൻ മാപ്പ് നോക്കിയെത്തിയ കാർ വഴിതെറ്റി മൂലമറ്റം വൈദ്യുതി നിലയത്തിന്റെ പ്രവേശനകവാടത്തിലെ ഗേറ്റിൽ ഇടിച്ചു. വെള്ളിയാഴ്ച രാത്രി 12 ഓടെയാണ് അപകടം.
കാഞ്ചിയാർ കോഴിമല സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാർ വഴിതെറ്റിയാണ് രാത്രി വൈദ്യുതി നിലയത്തിനു മുന്നിലെത്തിയത്. വൈദ്യുതി നിലയത്തിനു മുന്നിലെത്തിയപ്പോൾ ഗേറ്റ് കാണാതെ ഇതിൽ ഇടിക്കുകയായിരുന്നു. ഗേറ്റിനു സമീപം സുരക്ഷാചുമതലയിലുണ്ടായിരുന്ന പോലീസ് ഇവരെ പിടികൂടി. ചോദ്യംചെയ്യലിൽ അബദ്ധത്തിൽ സംഭവിച്ചതാണെന്നു പറഞ്ഞതോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കാഞ്ഞാർ പോലീസും സ്ഥലത്തെത്തി നടത്തിയ ചർച്ചയിൽ ഗേറ്റിന്റെ തകരാർ പരിഹരിക്കാമെന്ന നിബന്ധനയിൽ ഇവരെ വിട്ടയച്ചു.
കോഴിമല സ്വദേശിയും ഭാര്യയും മാതാവും കുട്ടികളും അടങ്ങുന്ന കുടുംബമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.ഇതിനു മുൻപും വാഹനങ്ങൾ വഴിതെറ്റി വൈദ്യുതി നിലയത്തിനു സമീപമെത്തിയിട്ടുണ്ട്. മൂലമറ്റം ടൗണിൽനിന്ന് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ വൈദ്യുതി നിലയത്തിന്റെ പ്രവേശനകവാടത്തിലെത്തും. നിലവിൽ സഞ്ചാരയോഗ്യമാക്കുന്ന കോട്ടമല റോഡ് വൈദ്യുതി നിലയത്തിന്റെ പ്രവേശന കവാടത്തിനു സമീപത്തു കൂടെയാണ് കടന്നുപോകുന്നത്. ഇതാണ് വഴിതെറ്റാനുള്ള കാരണമെന്നാണ് നിഗമനം. ഗേറ്റിന് സാരമായി തകരാർ സംഭവിച്ചതായി കെഎസ്ഇബി അധികൃതർ അറിയിച്ചു.
Tags : nattu vishesham road at night crashed