കാലടി: കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് ടിഎസ്ആർ ഫാക്ടറിക്ക് സമീപമുള്ള ശിവക്ഷേത്രത്തിനും സമീപത്തെ തൊഴിലാളികളുടെ ക്വാർട്ടേഴ്സുകൾക്കും നേരെ കാട്ടാന ആക്രമണം. ക്ഷേത്രത്തിന്റെ ശ്രീകോവിൽ കട്ടിളയും ഓഫീസിന്റെ വാതിലും തകർത്ത ആനകൾ, അകത്തുണ്ടായിരുന്ന സാധനങ്ങൾ വലിച്ചുവാരി പുറത്തെറിഞ്ഞു.
ക്ഷേത്രത്തിന് തൊട്ടടുത്തുള്ള രാജേന്ദ്രൻ, ഷാജി എന്നിവരുടെ ക്വാർട്ടേഴ്സുകൾക്കുനേരെയാണ് ആക്രമണമുണ്ടായത്. ക്വാർട്ടേഴ്സിലെ സാധനസാമഗ്രികൾ നശിപ്പിച്ചു.ഒരു മാസം മുമ്പ് ഇതേ പ്രദേശത്തെ പള്ളിയും കാട്ടാനകൾ ആക്രമിച്ചിരുന്നു.
ടി.എസ്.ആർ ക്വാർട്ടേഴ്സ് പരിസരത്ത് ആനഭീഷണി രൂക്ഷമായതിനെ തുടർന്ന് അറുപതോളം കുടുംബങ്ങളാണ് ഇതിനകം സ്ഥലം മാറിപ്പോയത്. നിലവിൽ ഇവിടെയുള്ള തൊഴിലാളികൾ രാത്രികാലങ്ങളിൽ വെറ്റിലപ്പാറ ഭാഗത്തെ വാടകവീടുകളിലാണ് അന്തിയുറങ്ങുന്നത്. അതുകൊണ്ടുതന്നെയാണ് വലിയൊരു ദുരന്തം ഒഴിവായത്.
ലയങ്ങൾക്ക് ചുറ്റും പവർ ഫെൻസംഗ് സ്ഥാപിക്കണമെന്ന് തൊഴിലാളികളും യൂണിയനുകളും പലതവണ ആവശ്യപ്പെട്ടെങ്കിലും പ്ലാന്റേഷൻ മാനേജ്മെന്റെ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഫെൻസിംഗ് ഉണ്ടായിരുന്നെങ്കിൽ ഈ നാശനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു എന്ന് തൊഴിലാളികൾ പറയുന്നു.
തുടർച്ചയായ കാട്ടാന ആക്രമണങ്ങൾ മൂലം കോർപറേഷന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ മാനേജ്മെന്റ് കാണിക്കുന്ന നിഷ്ക്രിയത്വത്തിൽ കടുത്ത പ്രതിഷേധത്തിലാണ് പ്രദേശവാസികൾ. പ്രദേശത്ത് വനപാലകരും വാച്ചർമാരും കാട്ടാനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും സംഘത്തിൽ അംഗബലം കുറവായതിനാലും പല സ്ഥലങ്ങളിലായി ആന ഇറങ്ങുന്നത് കൊണ്ടും അവരും നിസഹായരാണ്.