പനമരം: പച്ചിലക്കാട്, ചീക്കല്ലൂർ പ്രദേശങ്ങളിൽ രണ്ട് ദിവസമായി ഭീതി പരത്തുന്നത് അഞ്ച് വയസ് മതിക്കുന്ന ആണ് കടുവ. ഡബ്ല്യു 112 എന്നു നന്പറിട്ട കടുവയാണ് ജനവാസകേന്ദ്രത്തിൽ എത്തിയതെന്നു വനം-വന്യജീവി സംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു.
ഡ്രോണ്‍ കാമറയിൽ ചിത്രം പതിഞ്ഞതാണ് കടുവയെ തിരിച്ചറിയാൻ സഹായകമായത്.
ഇന്നലെ ഉച്ചയോടെ ചീക്കല്ലൂർ ഭാഗത്ത് കടുവ എത്തിയിരുന്നു. ഇതേത്തുടർന്ന് പനമരം-മേച്ചേരി-ചീക്കല്ലൂർ റോഡിൽ ഗതാഗതം ഭാഗികമായി നിരോധിച്ചിരുന്നു. പനമരം, കണിയാന്പറ്റ പഞ്ചായത്തുകളുടെ ചില ഭാഗങ്ങളിൽ നിരോധനാജ്ഞയും അങ്കണവാടികൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിരുന്നു.
ജനജീവിതത്തിനു ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം കടുവയെ കാടുകയറ്റാനാണ് വനസേനയുടെ പദ്ധതി. സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ. രാമന്റെ നേതൃത്വത്തിൽ കൽപ്പറ്റ, ബേഗൂർ, വെള്ളമുണ്ട വനം റേഞ്ച് ഓഫീസുകളിൽനിന്നുള്ള ജീവനക്കാരും മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങളിൽനിന്നുള്ള ആർആർടി സംഘവും കടുവ ദൗത്യത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കടുവ സാന്നിധ്യം അനുഭവപ്പെട്ട പ്രദേശങ്ങളിൽ ജനം ഭീതിയിലാണ്.
Tags : Local News Nattuvishesham Wayanad