മുതലമട: കൃഷി വിജ്ഞാനകേന്ദ്രം പൂപ്പാറ ആദിവാസി ഉന്നതിയിൽ കുരുമുളക് മെതിക്കൽ യന്ത്രം വിതരണം ചെയ്തു. പട്ടികവർഗ വികസനപദ്ധതിയിൽ ഉൾപ്പെടുത്തി ഈ വർഷത്തെ വാർഷിക പദ്ധതിയിൽതന്നെ യന്ത്രം കിട്ടിയതിന്റെ സന്തോഷത്തിലാണ് പൂപ്പാറയിലെ കുരുമുളക് കർഷകർ.
മുന്പ് ഒരുപാട് സമയവും അധ്വാനവും കുരുമുളകുമണികൾ തിരിയിൽ നിന്ന് വേർതിരിക്കാനായി വേണ്ടിവന്നിടത്ത് മണിക്കൂറിൽ 500 കിലോഗ്രാംവരെ കുരുമുളകുമണികൾ വേർതിരിക്കാവുന്ന യന്ത്രമാണ് കർഷകർക്ക് നൽകിയത്.
വൈദ്യുതിയില്ലാത്ത ഊരിൽ ഇന്ധനമുപയോഗിച്ച് യന്ത്രം ഉപയോഗിക്കാൻ സാധിക്കുന്നതും വളരെ നല്ലതായി കർഷകർക്ക് ബോധ്യപ്പെട്ടു. യന്ത്രത്തിന്റെ ആദ്യ പ്രദർശന പ്രവർത്തനത്തിൽ മിനിറ്റുകൾക്കുള്ളിൽ പത്തുകിലോയിലധികം പച്ച കുരുമുളക് മണികൾ വേർതിരിച്ചു വന്നപ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ള മുഴുവൻ ഉന്നതിനിവാസികളായ കർഷകരും കൈയടിച്ച് സന്തോഷം പ്രകടിപ്പിച്ചു.
കൃഷി വിജ്ഞാനകേന്ദ്രം അസിസ്റ്റന്റ് പ്രഫസർമാരായ ഡോ. ജിജി അലൻ, ഡോ.പി.എസ്. ലക്ഷ്മി, ഡോ.എ.എസ്. സ്മിജിഷ, പറമ്പിക്കുളം കൃഷി ഓഫീസറായ സി. അശ്വതി, കൃഷി അസിസ്റ്റന്റ് ഓഫീസറായ പി.കെ. ബാലസുബ്രഹ്മമണ്യൻ, പറമ്പിക്കുളം ബിഎഫ്ഒ പ്രത്യുഷ്, ആർഎഫ്ഒ രാജേന്ദ്രൻ, എസ്എഫ്ഒ പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham machine extracting turmeric