ആറന്മുള: പോക്സോ കേസിൽ ഒളിവിൽപ്പോയ പിടികിട്ടാപ്പുള്ളിയായ പ്രതിയെ ആറന്മുള പോലീസ് അതിസാഹസികമായി പിടികൂടി. ഇടയാറന്മുള എരുമക്കാട് സ്വദേശിയായ മോഡിയിൽവീട്ടിൽ എം.കെ. സുരേഷ് (52) ആണ് പിടിയിലായത്.
പത്തും പന്ത്രണ്ടും വയസ് മാത്രം പ്രായമുളള കുട്ടികളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിൽ 2022 ൽ ആറന്മുള പോലീസ് ഇൻസ്പെക്ടർ സി.കെ. മനോജ് രജിസ്റ്റർ ചെയ്ത കേസിൽ ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോകുകയായിരുന്നു.
വർഷങ്ങളായി ഒളിവിൽകഴിഞ്ഞിരുന്ന ഇയാളെക്കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതി വീട്ടിലെത്തിയിട്ടുള്ളതായി വിവരം ലഭിച്ചതറിഞ്ഞ് പോലീസ് വീട്ടിലെത്തിയപ്പോൾ പ്രതി രക്ഷപ്പെട്ടുവെങ്കിലും പിന്തുടർന്നെത്തിയ പോലീസ് സംഘം ചെങ്ങന്നൂർ ബസ് സ്റ്റേഷനിൽ നിന്നും പിടികൂടുകയായിരുന്നു. ആറന്മുള പോലീസ് ഇൻസ്പെക്ടർ വി.എസ്. പ്രവീണിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്.
പോക്സോ കേസിൽ അറസ്റ്റ് ചെയ്തു
പെരുമ്പെട്ടി: പതിനേഴുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസിൽ പെരുമ്പെട്ടി പോലീസ് കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ പിടികൂടി.
മല്ലപ്പള്ളി മടുക്കോലി സ്വദേശിയായ കൊട്ടകപ്പറമ്പിൽ കെ.എം. മനു (28) ആണ് അറസ്റ്റിലായത്. പ്രണയം നടിച്ച്, വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.
മോഷണക്കേസുകളുൾപ്പെടെ നിരവധി കേസിൽ പ്രതിയായ മനു സംഭവത്തെ തുടർന്ന് ഒളിവിൽപ്പോയിരുന്നു. പെരുമ്പെട്ടി പോലീസ് ഇൻസ്പെക്ടർ ബി. സജീഷ് കുമാർ, സിവിൽപോലീസ് ഓഫീസർമാരായ അലക്സ്, അഭിജിത്ത് എന്നിവർ അടങ്ങുന്ന സംഘം എരുമേലിയിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ മനു തിരുവല്ല, റാന്നി, കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട്, കീഴ്വായ്പൂര് എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Tags : local nattuvishesham POCSO case