ഉദ്ഘാടനത്തിനു തയാറായ വെൺമണി ശാർങ്ങക്കാവ് പാലം.
ചെങ്ങന്നൂർ: അച്ചൻകോവിലാറിനു കുറുകെ ചെങ്ങന്നൂർ -മാവേലിക്കര താലൂക്കുകളെ ബന്ധിപ്പിക്കുന്ന ശാർങ്ങക്കാവ് പാലം ഇന്ന് യാഥാർഥ്യമാകും. വൈകിട്ട് അഞ്ചിന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
വെൺമണി പഞ്ചായത്തിനെയും നൂറനാടിനെയും ബന്ധിപ്പിക്കുന്ന പാലം വരുന്നതോടെ പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള യാത്രാക്ലേശത്തിനാണ് പരിഹാരമാകുന്നത്.
നേരത്തെ നാട്ടുകാരുടെ ഏക ആശ്രയമായിരുന്ന ആംബുലൻസ് പാലം 2018-ലെ മഹാപ്രളയത്തിലാണ് തകർന്നത്. ഇതോടെ ഇരുഭാഗത്തുമുള്ള ജനങ്ങൾ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ട അവസ്ഥയിലായിരുന്നു. മന്ത്രി സജി ചെറിയാന്റെ ഇടപെടലിലൂടെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 15.57 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക രീതിയിൽ പുതിയ പാലം നിർമിച്ചിരിക്കുന്നത്.
മൂന്നു സ്പാനുകളിലായി 103.4 മീറ്റർ നീളവും 11.6 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. പാലത്തിന് ഇരുവശത്തുമായി 254 മീറ്റർ ദൈർഘ്യമുള്ള റോഡ്ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള ടാറിംഗുമാണ് ചെയ്തിരിക്കുന്നത്.
വെൺമണി പ്രാഥമികാരോഗ്യകേന്ദ്രം, ഇടപ്പോൺ ജോസ്കോ ഹോസ്പിറ്റൽ, പുന്തല ആയുർവേദ ഡിസ്പെൻസറി തുടങ്ങിയ ആരോഗ്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നവർക്ക് പുതിയ പാലം വലിയ ആശ്വാസമാകും. കൂടാതെ, ശാർങ്ങക്കാവ് ദേവീക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്കും പ്രശസ്തമായ ശാർങ്ങക്കാവ് വിഷു ഉത്സവത്തിന് മാവേലിക്കര ഭാഗത്തുനിന്നെത്തുന്ന പതിനായിരക്കണക്കിന് ആളുകൾക്കും ഇനി സുഗമമായി യാത്ര ചെയ്യാം.
മേഖലയിലെ കാർഷിക-വ്യാപാര രംഗങ്ങളിലും പുതിയ പാലം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.