വിഴിഞ്ഞം വെങ്ങാനൂർ കട്ടച്ചൽമേലെ വീട്ടിൽ നിതീഷിന്റെ റോയൽ എൻഫീൽഡ് ബൈക്കിനു തീപർന്ന നിലയിൽ.
വിഴിഞ്ഞം: ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിനു തീപിടിച്ചു. ഉടമസ്ഥൻ തലനാരിഴക്ക് രക്ഷപ്പെട്ടു. ബാറ്ററിയും എൻജിനും പൊട്ടിത്തെറിച്ച ബുള്ളറ്റ് പൂർണമായി കത്തി നശിച്ചു. വിഴിഞ്ഞം വെങ്ങാനൂർ കട്ടച്ചൽമേലെ വീട്ടിൽ നിതീഷിന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റാണ് കത്തിയമർന്നത്. സ്വകാര്യ ആവശ്യത്തിനായി പെരിങ്ങമ്മലയിൽപോയി വരുന്നതിനിടെ ഇന്ധനമടിച്ച ശേഷമാണു വീട്ടിലേക്കു മടങ്ങിയത്. പതിവില്ലാത്ത രീതിയിൽ കുലുക്കവും ശബ്ദവും ഉണ്ടായെങ്കിലും കാര്യമാക്കിയിരുന്നില്ല. വീടിന്റെ ഗേറ്റുതുറന്നു മുറ്റത്ത് എത്തുന്നതിനിടയിൽ ബുള്ളറ്റിൽനിന്നു തീയും പുകയും വരികയായിരുന്നു. എൻജിൻ ഓഫാക്കാതെ വാഹനത്തിൽ ഇരുന്നു തന്നെ തീയണക്കാൻ ശ്രമിക്കുന്നതിനിടയിൽ തീ ആളിപ്പടർന്നു.
തീയണക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ നിതീഷ് ഫയർഫോഴ്സിന്റെ സഹായം തേടി. ബുള്ളറ്റിന്റെ എൻജിനും ബാറ്ററിയുമെല്ലാം ശബ്ദത്തോടെ പൊട്ടിത്തെറച്ചതോടെ നാട്ടുകാരും അടുത്തില്ല. ഒടുവിൽ വിഴിഞ്ഞത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചെങ്കിലും ബുള്ളറ്റ് പൂർണമായും നശിച്ചു.