ഉദിയന്‍കുളങ്ങര ആര്‍സി എല്‍പി സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും വിളവെടുത്ത പച്ചക്കറികളുമായി
നെയ്യാറ്റിന്‍കര : രാവിലെ എട്ടേമുക്കാലോടെ കുട്ടിക്കര്‍ഷകര്‍ വിദ്യാലയത്തിലെത്തും. അധ്യയനം ആരംഭിക്കുന്നതിനു തൊട്ടുമുന്പുവരെ അവര്‍ കൃഷി പരിപാലന പ്രവൃത്തികളില്‍ മുഴുകും. വിളവെടുപ്പിലും അവരുടെ സാന്നിധ്യം സജീവം. ഉദിയന്‍കുളങ്ങര ആര്‍സി എല്‍പിഎസിലെ വിദ്യാര്‍ഥികള്‍ക്കെല്ലാം കൃഷി ഏറെ താത്പര്യമുള്ളതായതിനു പിന്നില്‍ അവിടുത്തെ അധ്യാപകരുടെയും മറ്റും ആത്മാര്‍ഥമായ പ്രോത്സാഹനമുണ്ട്.
ചെങ്കല്‍ പഞ്ചായത്തില്‍ മര്യാപുരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഉദിയന്‍കുളങ്ങര ആര്‍സി എല്‍പിഎസ് ഏറെ പഴക്കമുള്ള വിദ്യാലയമാണ്. വിദ്യാര്‍ഥികളില്‍ കൃഷിയോടും കാര്‍ഷിക രംഗത്തോടും ഹൃദയാഭിമുഖ്യം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് വിദ്യാലയ പരിസരത്തുതന്നെ പച്ചക്കറിക്കൃഷി ആരംഭിച്ചത്. പയര്‍, കത്തിരിക്ക, വെണ്ടയ്ക്ക, വഴുതനങ്ങ, വെള്ളരിക്ക, തക്കാളി, പച്ചമുളക് മുതലായവയെല്ലാം ഈ വിദ്യാലയത്തിലെ കൃഷിയിടത്തിലുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറി പരമാവധി കൃഷിയിടത്തില്‍നിന്നു ലഭിക്കാറുണ്ടെന്നു ഹെഡ്മിസ്ട്രസ് ഷാജിത "ദീപിക' യോട് പറഞ്ഞു. കൂടാതെ, കാരയ്ക്കയും നെല്ലിക്കയും സുലഭം. ചെറിയ തോതില്‍ വാഴ കൃഷിയും ചെയ്യുന്നു.
ചെങ്കല്‍ കൃഷി ഭവനില്‍ നിന്നുമാണു കൃഷിയിടത്തിലേ ക്കുള്ള പച്ചക്കറി വിത്തുകളും തൈകളും ലഭിച്ചത്. സ്കൂളില്‍ വിദ്യാര്‍ഥികളുടെ കാര്‍ഷികക്ലബും പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷിയുടെ ഉത്തരവാദിത്തം ഈ ക്ലബിനാണെങ്കിലും സ്കൂളിലെ എല്ലാ വിദ്യാര്‍ഥികളുടെയും പങ്കാളിത്തം കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമാണ്. സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. റോബര്‍ട്ട് വിന്‍സന്റ് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പിന്തുണയേകുന്നു.
പിടിഎ അംഗങ്ങളും സ്കൂളിലെ പാചകക്കാരിയും വിദ്യാര്‍ഥികളെ എത്തിക്കുന്ന സ്വകാര്യ വാഹനത്തിലെ ഡ്രൈവറും ഉള്‍പ്പെടെ വിദ്യാര്‍ഥികളുടെ കാര്ഷികസ്നേഹത്തിന് കരുത്തു പകരാന്‍ നിരവധി സുമനസ്സുകളുണ്ട്. രാവിലെയും വൈകുന്നേരവുമാണ് വിദ്യാര്‍ഥികള്‍ കൃഷിയിടത്തില്‍ ചെലവഴിക്കുന്നത്.
കോഴിക്കാരവും ചാണകപ്പൊടിയുമൊക്കെ യഥാവിധി പച്ചക്കറി വിളകളില്‍ ഉപയോഗിക്കുന്നതും അധ്യാപകരുടെ മാര്‍ഗനിര്‍ദേശത്തോടെ വിദ്യാര്‍ഥികളാണ്. ഈ വിദ്യാലയത്തിലെ പഠനം പൂര്‍ത്തിയാക്കുന്ന ഓരോ വിദ്യാര്‍ഥിയും മണ്ണിന്റെ മഹത്വവും കൃഷിയുടെ നന്മയും കൂടി തിരിച്ചറിയുന്നുണ്ടെന്ന ആത്മസംതൃപ്തിയിലാണ് അധ്യാപകർ.