വിളപ്പിൽശാല: റോഡിന്റെ വഴിമുടക്കിയായി തൊണ്ടി മുതലുകൾ. ഇവ അപകടം വിളിച്ചു വരുത്തുന്നുവെന്ന് ആക്ഷേപം. പേയാട് - വിളപ്പിൽശാല - വെള്ളനാട് റോഡിലാണ് തൊണ്ടിമുതലുകൾ വില്ലനായി മാറുന്നത്.
വിളപ്പിൽശാല സ്റ്റേഷനു സമീപത്തുള്ള റോഡിലാണ് പോലീസ് പിടിച്ചെടുത്ത ടിപ്പറുകളും ജെസിബികളും ലോറികളും പാർക്ക് ചെയ്തിരിക്കുന്നുന്നത്. തിരക്കേറിയ റോഡിൽ ഈ പാർക്കിംഗ് വരുത്തുന്ന അപകടം ചില്ലറയല്ല. കഴിഞ്ഞ ദിവസം രാത്രിയിൽ ഈ തൊണ്ടിവാഹനങ്ങളിലൊന്നിൽത്തട്ടി അപകടം സംഭവിച്ചിരുന്നു.
2019-ലാണു പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്കു മാറിയത്. തുടക്കത്തിൽ സമീപത്തെ സ്വകാര്യ പുരയിടത്തിലാണ് തൊണ്ടുവാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. എന്നാൽ വസ്തു ഉടമ ആവശ്യപ്പെട്ടതിനെ തുടർന്ന് അവിടെനിന്നു പിന്നീട് മാറ്റേണ്ടി വന്നു. ഇതോടെയാണ് റോഡുതന്നെ പോലീസ് പാർക്കിംഗ് കേന്ദ്രമാക്കിയത്. കേസുകൾ തീർപ്പാകുന്നതുവരെ വാഹനങ്ങൾ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം പോലീസിനാണ്.
എന്നാൽ സ്റ്റേഷൻ പരിസരത്ത് ഇവ പാർക്ക് ചെയ്യാനുള്ള സ്ഥലം ഇല്ലാത്തതാണ് പോലീസുകാരെ വലയ്ക്കുന്നത്. സമീപത്തെവിടെയെങ്കിലും പാർക്കിംഗ് സൗകര്യമൊരുക്കാമെന്നു പഞ്ചായത്ത് ഉറപ്പു നൽകിയിരുന്നുവെങ്കിലും പാലിക്കപ്പെട്ടില്ല. ഇവിടെ അടുത്താണ് ഇഎംഎസ് അക്കാദമിയുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഈ അക്കാദമിയിലെത്തിയതും ഇതുവഴിയാണ്.
അന്നു നാലുദിവസം ഈ തൊണ്ടി വാഹനങ്ങൾ റോഡിൽനിന്നും അപ്രത്യക്ഷമായിരുന്നുവെങ്കിലും സെൻട്രൽ കമ്മിറ്റി മീറ്റിംഗ് തീർന്നയുടൻ വീണ്ടും ഇവ മായ പോലെ പ്രത്യക്ഷമായി. ഇതു പരാതിയായി നാട്ടുകാർ ഉന്നയിച്ചെങ്കിലും അവഗണിക്കപ്പെടുകയായിരുന്നു. പരാതി പറഞ്ഞു മടുത്ത പ്രദേശവാസികൾ പ്രശ്നപരിഹാരത്തിനു മറ്റെന്തു മാർഗമാണുള്ളതെന്ന് ആലോചിക്കുകയാണ്.