കാലടി: കാഞ്ഞൂർ പാറപ്പുറം–വല്ലംകടവ്–ശ്രീമൂലനഗരം റോഡ് ബിഎം ബിസി നിലവാരത്തിൽ നവീകരിച്ച ശേഷം ഈ റോഡിലെ വളവുകളിലും ജംഗ്ഷനുകളിലും അപകട പരന്പര. വാര്യാട്ട് അമ്പലത്തിനു മുന്നിലുള്ള കൊടുംവളവിലാണ് കൂടുതൽ അപകടങ്ങൾ. കഴിഞ്ഞ ദിവസം രാത്രിയിൽ കാഞ്ഞൂർ തട്ടാൻപടിക്കും വാര്യാട്ട് അമ്പലത്തിനും മുൻപുള്ള കൊടുംവളവിൽ അമിതവേഗത്തിൽ എത്തിയ കാർ വെള്ളായിക്കുടം രാമകൃഷ്ണന്റെ വീടിന്റെ മുൻവശത്തെ മതിൽ തകർത്ത് പറമ്പിലേക്ക് ഇടിച്ചുകയറി.
പാറപ്പുറം, തട്ടാൻപടി, മനയ്ക്കപടി, അകവൂർ ഹൈസ്കൂൾ ഷാപ്പും കവല, ശ്രീമൂലനഗരം ജംഗ്ഷൻ എന്നിവിടങ്ങളിലും അപകടങ്ങൾ പതിവായിരിക്കുകയാണ്. ശ്രീമൂലനഗരം ജംഗ്ഷനിൽ പുതിയേടം ഭാഗത്തുനിന്ന് ആലുവയിലേക്കും, കാലടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും ഒരേ വേഗത്തിൽ കടന്നുപോകുന്നതിനാൽ ഗതാഗത നിയന്ത്രണം പ്രായോഗികമല്ലാതായിരിക്കുകയാണ്. റോഡിന് വീതികുറഞ്ഞ വളവിൽ പരിശോധന നടത്തി റോഡിന്റെ വളവ് നേരെയാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വല്ലംകടവ് പാലം നിർമിച്ചതിനു ശേഷം നൂറുകണക്കിന് വാഹനങ്ങളാണ് പെരുമ്പാവൂരിലേക്കും ആലുവ ദേശം ഭാഗത്തേക്കും ഈ റോഡിലൂടെ കടന്നുപോകുന്നത്. പ്രായമായവരും വിദ്യാർഥികളും ഉൾപ്പെടെയുള്ള നിരവധി പേർ ഇവിടെ ജംഗ്ഷനുകളിൽ റോഡ് മുറിച്ചുകടക്കാൻ ദുരിതപ്പെടുകയാണ്.
ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം റോഡ് താഴേയ്ക്ക് ഇടിഞ്ഞതും അപകടത്തിന് വഴിവയ്ക്കുന്നുണ്ട്. റോഡ് നിർമാണത്തിലെ അശാസ്ത്രീയത അടക്കം അധികൃതർ പരിശോധിക്കണമെന്ന് റസിഡന്റ്സ് അസോസിയേഷൻ കൂട്ടായ്മ ഡിഫ്രാ ആവശ്യപ്പെട്ടു.