കാട്ടാക്കട: കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്നു രണ്ടര വയസുകാരി മരിച്ചതായി പരാതി.
പുനലാൽ ചക്കിപ്പാറ സ്വദേശി സിദ്ധിഖ്-ഫാസിലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. ശ്വാസതടസംമൂലം ആശുപത്രിയിലെത്തിച്ച കുഞ്ഞിനു കുത്തിവയ്പിനെ തുടർന്നുണ്ടായ അസ്വസ്ഥതയാണു മരണകാരണമായതെന്നു ബന്ധുക്കൾ ആരോപിച്ചു.
ശ്വാസതടസത്തെ തുടർന്നു വെള്ളിയാഴ്ചയാണ് കുഞ്ഞിനെ ആദ്യം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ച രാവിലെ വീണ്ടും അസ്വസ്ഥതയുണ്ടായി. ആശുപത്രിയിലെത്തിച്ച് ആവിപിടിച്ച ശേഷം രണ്ടുകുത്തിവയ് പ്പെടുക്കുകയും ഇതിനു പിന്നാലെ കുഞ്ഞിനു ബോധം നഷ്ടപ്പെടുകയുമായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു കുഞ്ഞിനെ മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ ബന്ധുക്കളുടെ മൊഴി കണക്കിലെടുത്ത് ആര്യനാട് പോലീസ് കേസെടുത്തു. സിദ്ധിഖ്-ഫാസിലത്ത് ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണു മരിച്ച ഐഷ ഫാത്തിമ. 18നു കുഞ്ഞിനു സുഖമില്ലാതെ വന്നപ്പോൾ ആര്യനാട് സർക്കാർ ആശുപത്രിയിൽ കാണിച്ചിരുന്നു. ശേഷം 19നു രാവിലെ 11 മണിക്കു കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടികളുടെ വിദഗ്ധനെ കാണിക്കുകയും ചെയ്തു.
ഡോക്ടറുടെ നിർദേശപ്രകാരം 20നു കുഞ്ഞിനെ കണ്ണാശുപത്രിയിൽ കാണിക്കുകയും ചെയ്തിരുന്നു. 22നു കുഞ്ഞിന്റെ ഹൃദയമിടിപ്പു കൂടുകയും ഉടൻതന്നെ വീണ്ടും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആ സമയം കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ സ്ഥിതി മോശമാണെന്നും ഐസിയുവിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു.
ഐസിയുവിൽ വച്ചു കുഞ്ഞിനു സിപിആർ നൽകിയപ്പോൾ കണ്ണുതുറന്നിരുന്നു. പിന്നീടാണു തുടരെത്തുടരെ രണ്ട് ഇഞ്ചക്ഷനുകൾ കുഞ്ഞിനു നൽകിയത്. ഇതോടെ കുഞ്ഞിന്റെ മുഖം ഒരു വശത്തേക്കു വലിഞ്ഞു മുറുകുകയും ബോധം മറയുകയും ചെയ്തു. ഉടൻതന്നെ ഡോക്ടർ പുറത്തിറങ്ങി കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റാൻ നിർദേശിക്കുകയും ചെയ്തു.
കുട്ടിയുടെ അച്ഛനെയും മുത്തശ്ശിയേയും ആംബുലൻസിൽ കയറ്റാൻ സമ്മതിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. തർക്കത്തിനൊടുവിൽ മുത്തശ്ശിയെ മാത്രം ആംബുലൻസിൽ കയറാൻ സമ്മതിക്കുകയും കുട്ടിയെ നെയ്യാർ മെഡിസിറ്റിയിൽ എത്തിക്കുകയുമായിരുന്നു. അവിടുത്തെ പരിശോധനയിൽ കുഞ്ഞു മരിച്ചെന്നു സ്ഥിരീകരിക്കുകയും ചെയ്തു.
എന്നാൽ രണ്ടര വയസുകാരിയുടെ മരണത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോ. അരുൺ വാര്യർ വ്യക്തമാക്കി. ഇഞ്ചക്ഷൻ മൂലമല്ല കുട്ടിയുടെ ആരോഗ്യനില വഷളായത്. കുട്ടിക്കു കടുത്ത ശ്വാസംമുട്ടൽ ഉണ്ടായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്നു കുഞ്ഞിന് അഡ്രിനാലിൻ നൽകി. നെയ്യാർ മെഡി സിറ്റിയിൽ എത്തിച്ചപ്പോൾ കുഞ്ഞിനു നേരിയ പൾസുണ്ടായിരുന്നതായും ഡോ. അരുൺ വാര്യർ പറഞ്ഞു.
ആശുപത്രിക്കു മുന്നിൽ ബിജെപിയും ഡിവൈഎഫ്ഐയും പ്രതിഷേധം നടത്തി
കാട്ടാക്കട: ചികിത്സാപ്പിഴവ് ആരോപിച്ച് കാട്ടാക്കട മമൽ ആശുപത്രിക്കു മുമ്പിൽ ബിജെപിയും ഡിവൈഎഫ്ഐയും പ്രതിഷേധം നടത്തി. രോഗിക്കു ശരിയായ ചികിത്സ ലഭിച്ചില്ലെന്നാരോപിച്ചാണു പ്രവർത്തകർ ആശുപത്രിക്കു മുമ്പിലെത്തി പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധം ശക്തമായതോടെ സ്ഥലത്ത് പോലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചു. ഇതിനിടെ പ്രതിഷേധം തുടരുകയായിരുന്ന ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തെ തുടർന്ന് പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥിതി നിയന്ത്രണവിധേയമായി. ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് തള്ളി നീക്കി.