റംഷാദ്
പ്രതിയെ പിടികൂടുന്നതിനിടെ എസ്ഐക്ക് പരിക്കേറ്റു
എടപ്പാൾ: പൂക്കരത്തറയിൽ യുവാവിനെ വെട്ടി പരിക്കേൽപിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. അംശക്കച്ചേരി സ്വദേശി റംഷാദ് (23)നെയാണ് ചങ്ങരംകുളം എസ്ഐ വിനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടുന്നതിനിടെ എസ്ഐ വിനുവിന്റെ വലത് കൈയ്ക്ക് ആക്രമത്തിൽ പൊട്ടലേറ്റു.
കഴിഞ്ഞ മാസം 19ന് വൈകുന്നേരമാണ് സംഭവം. പൂക്കരത്തറ പെട്രോൾ പന്പിന് സമീപത്ത് ബൈക്കിലെത്തിയ മൂന്നംഗ സംഘം എടപ്പാൾ സ്വദേശിയായ ഇൻത്യാസിനെ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത്നിന്ന് രക്ഷപ്പെട്ട പ്രതികളിൽ ഒരാളെ അന്ന് തന്നെ പോലീസ് പിടികൂടിയിരുന്നു. എടപ്പാൾ സ്വദേശി ലുക്മാൻ ആണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാൾ ലഹരി ഉപയോഗിക്കുന്നത് ബന്ധുക്കളെ അറിയിച്ചതിലുള്ള വൈരാഗ്യമായിരുന്നു അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ഒളിവിലായിരുന്ന പ്രതികൾക്കായി പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് രണ്ടാംപ്രതി റംഷാദിനെ എടപ്പാൾ അംശക്കച്ചേരിയിലെ വീട്ടിൽ നിന്ന് പിടികൂടിയത്. റംഷാദിനെതിരേ സമാനമായ മറ്റു കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
എസ്ഐ വിനു, എസ്സിപിഒമാരായ ബിജു, നിധീഷ്, സിപിഒ സഫ് വാൻ, രജിത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പൊന്നാനി കോടതിയിൽ ഹാജരാക്കി.
Tags : Local News Nattuvishesham Malappuram