തെക്കിൽ ദേശീയപാതയിൽ മറിഞ്ഞുവീണ ചരക്കുലോറിയിൽ നിന്ന് വെളുത്തുള്ളിച്ചാക്കുകൾ റോഡിലേക്ക് ചിതറിവീണ നിലയിൽ.
ചട്ടഞ്ചാൽ: തെക്കിലിൽ നിർമാണം നടക്കുന്ന ദേശീയപാതയിൽ അപകടങ്ങളൊഴിയുന്നില്ല. കഴിഞ്ഞ ദിവസം തെക്കിൽ ഫെറിക്കു സമീപത്തെ കയറ്റത്തിൽ ചരക്കുലോറി മറിഞ്ഞതിനെ തുടർന്ന് ഏറെനേരം ഗതാഗതം സ്തംഭിച്ചു. ലോറിയിലുണ്ടായിരുന്ന 24 ടണ്ണോളം വെളുത്തുള്ളി റോഡിലേക്ക് വീണതോടെയാണ് ഗതാഗതം തടസപ്പെട്ടത്. ലോറി ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കയറ്റം കയറുമ്പോൾ ലോറി പിന്നോട്ടുരുണ്ടതിനെ തുടർന്നായിരുന്നു അപകടം.
ആഴ്ചകൾക്കുമുമ്പ് ഇതേ സ്ഥലത്ത് സ്വകാര്യ ബസും രണ്ട് ചരക്കുലോറികളും കൂട്ടിയിടിച്ച് 19 പേർക്ക് പരിക്കേറ്റിരുന്നു. നിയന്ത്രണം വിട്ട ചരക്കുലോറി ബസിന്റെ പിന്നിലിടിക്കുകയും ബസ് മറ്റൊരു ലോറിയിലിടിക്കുകയും ചെയ്തായിരുന്നു അപകടം. നേരത്തേ മറ്റൊരു ചരക്കുലോറിയും ഇതേ സ്ഥലത്ത് തലകീഴായി മറിഞ്ഞിരുന്നു.
പഴയ ദേശീയപാതയിലെ അപകടമേഖലകളിലൊന്നായിരുന്ന തെക്കിൽ വളവിൽ ഇപ്പോൾ പാലം നിർമിക്കുകയും പാതയുടെ വീതി കൂട്ടുകയും ചെയ്തിട്ടും അപകടങ്ങളൊഴിയാത്ത നിലയാണ്.
പ്രവൃത്തികളിലെ മെല്ലെപ്പോക്കാണ് അപകടങ്ങൾക്കിടയാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലത്ത് ഇവിടെ മണ്ണിടിച്ചിൽ മൂലം ആഴ്ചകളോളം ഗതാഗതം തടസപ്പെട്ടിരുന്നു. എന്നാൽ മഴ മാറിയിട്ടും പ്രവൃത്തികൾക്ക് വേഗം വച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതി.