വലിയതുറ: പെൺകുട്ടിയോട് മോശമായി പെരുമാറിയ കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍. ശംഖുംമുഖം രാജീവ് നഗര്‍ വയര്‍ലെസ് കോളനിയില്‍ താമസിക്കുന്ന റാംബോ രാജേഷ് എന്നു വിളിക്കുന്ന രാജേഷ് (43) ആണ് പോലീസിന്റെ പിടിയിലായത്. നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാജേഷ് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടിലെത്തുകയും പെണ്‍കുട്ടിയോട് മോശമായി പേരുമാറുകയും ചെയ്തതായി പോലീസില്‍ ലഭിച്ച പരാതിയില്‍ പറയുന്നു.
പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതോടെ വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മുന്‍പും ഇത്തരത്തില്‍ സമാനമായ സംഭവം നടന്നിട്ടുളളതായി പറയുന്നു.
വീട്ടുകാര്‍ പോലീസില്‍ വിളിച്ചതോടെ പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവ ദിവസം രാത്രിതന്നെ രാജേഷിനെ പോലീസ് പിടികൂടി.
വലിയതുറ എസ്എച്ച്ഒ അശോക കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.