മലപ്പുറം: കായിക മേഖലയിൽ നേട്ടങ്ങൾക്ക് അനുസരിച്ച് അടിസ്ഥാന സൗകര്യം ഉണ്ടാകണമെന്ന് കായിക വകുപ്പിന്റെ സെമിനാർ അഭിപ്രായപ്പെട്ടു. മലപ്പുറത്ത് നടന്ന നവകായിക കേരളം മികവിന്റെ ട്രാക്കിൽ വിഷൻ 31 - കായിക വകുപ്പിന്റെ സെമിനാറിന്റെ ഭാഗമായി എല്ലാവർക്കും സ്പോർട്സ് അടിസ്ഥാന കായിക വിദ്യാഭ്യാസവും കായിക ക്ഷമതാ മിഷന് എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.
അടിസ്ഥാന സൗകര്യം വികസിക്കുന്പോഴാണ് കായിക മേഖലയിലേക്ക് ഇറങ്ങാൻ പലരും താത്പര്യം കാണിക്കുന്നുള്ളു. എല്ലാവർക്കും സ്പോർട്സ്, എല്ലാവർക്കും ആരോഗ്യം എന്ന പ്രൊജക്ട് യാഥാർഥ്യമാകാൻ സർക്കാരും സ്പോർട്സ് കൗണ്‍സിലും ഗ്രാമപഞ്ചായത്ത് തലത്തിൽ ഒത്തുചേർന്ന മുന്നോട്ട് പോകണം. ഓരോ ഗ്രാമപഞ്ചായത്തിലും സ്പോർട്സ് കൗണ്‍സിൽ എന്നത് ഇതിനു ഉപകരിക്കും.
സ്ത്രീകൾ ഉൾപ്പെടെ എല്ലാ മേഖലയിൽ ഉള്ളവരെയും ഉൾക്കൊള്ളിച്ചു വേണം കായിക വിദ്യാഭ്യാസം നടപ്പാക്കേണ്ടത്. കായിക മേഖലകളിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന്റെ അളവിന് അനുസരിച്ച് ആരോഗ്യം, വിദ്യാഭ്യാസം എന്നിവക്ക് ചെലവഴിക്കുന്ന പണം കുറക്കാമെന്നും സെമിനാർ അഭിപ്രായപ്പെട്ടു. കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് മാത്രമല്ല കായിക ക്ഷമത, കായിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. സ്കൂളുകളിലെ കായികക്ഷമത പ്രോഗ്രാം, കമ്മ്യൂണിറ്റി സ്പോർട്സ് പുരോഗതികൾ എന്നിവ വഴിയും കുടുംബശ്രീയെ കായികക്ഷമത പ്രോഗ്രാമിന്റെ ബ്രാൻഡ് അംബാസിഡർ ആക്കുന്നതിലൂടെയും കേരളത്തെ കായിക സാക്ഷരത സംസ്ഥാനമാക്കി മാറ്റാമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
സ്കൂളുകളിൽ കായിക അധ്യാപകരുടെ അഭാവം, കായിക കോഴ്സുകൾ കഴിഞ്ഞവർക്കുള്ള അവസരങ്ങളുടെ കുറവ്, കായിക മേഖലയിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ തയാറാകാത്തത് തുടങ്ങിയ വിഷയങ്ങളും സെമിനാറിൽ ഉന്നയിച്ചു. ഡോ. എം.ആർ.ദിനു (ഡയറക്ടർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ) മോഡറേറ്ററായിരുന്നു. എം.എസ്.വർഗീസ് ( മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ, സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ), ഡോ. ബിന്ദു പി.വർഗീസ് (ചീഫ് സോഷ്യൽ സർവീസ് ഡിവിഷൻ, സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് ), ഡോ. കെ.വി.അനൂപ് (അസിസ്റ്റന്റ് ഡയറക്ടർ, ഫിസിക്കൽ എഡ്യൂക്കേഷൻ, കണ്ണൂർ സർവകലാശാല ), ഡോ. പി.ടി.അജീഷ് ( റിസർച്ച് ഓഫീസർ, ഫിസിക്കൽ എഡ്യൂക്കേഷൻ, എസ്സിഇആർടി കേരള ) തുടങ്ങിയവർ സംസാരിച്ചു.
Tags : local nattuvishesham Seminar