പുൽപ്പള്ളി: ഗ്രാമപഞ്ചായത്തിലെ ടൗണിനോട് ചേർന്ന അന്പലപ്പടി ഉന്നതിക്കാർ കുടിവെള്ളമില്ലാതെ ദുരിതത്തിൽ. കോളനിയിലെ പത്തോളം കുടുംബങ്ങൾ പുൽപ്പള്ളി റേഞ്ച് ഓഫീസിൽ നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്.
സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേരാണ് ഇവിടെ കഴിഞ്ഞുവരുന്നത്. ചെതലത്ത് റേഞ്ച് ഓഫീസിന്റെ ആവശ്യങ്ങൾക്കായുള്ള കിണറിനെയാണ് കുടിവെള്ളത്തനായി ഉന്നതിയിലെ കുടുംബങ്ങൾ ആശ്രയിക്കുന്നത്. ഉന്നതിയിൽ നിലവിലുള്ള കിണറിൽ ടൗണിലെ ഓടകളിൽ നിന്നടക്കമുള്ള മാലിന്യങ്ങളടക്കം ഒഴുകിയെത്തുന്നതിനാൽ വെള്ളം ഉപയോശൂന്യമായ അവസ്ഥയിലാണ്.
വർഷങ്ങളായി ഇതേ അവസ്ഥ തുടരുകയാണെങ്കിലും അധികൃതർ മുഖം തിരിക്കുകയാണ്. പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ ജലനിധി അടക്കമുള്ള നിരവധി കുടിവെള്ളപദ്ധതികൾ നടപ്പിലാക്കുന്പോഴും ഉന്നതിയെ അവഗണിക്കുകയാണെന്നാണ് പരാതി ഉയരുന്നത്. ഉന്നതിയിലെ കുടിവെള്ളത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയിട്ടും അവഗണിക്കുകയാണെന്ന് ഉന്നതിക്കാർ പറയുന്നത്.
ആദിവാസിക്ഷേമത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്പോഴാണ് അന്പലപ്പടി ഉന്നതിയിലെ കുടുംബങ്ങൾ ദുരിതം പേറുന്നത്. പുൽപ്പള്ളി മുരിക്കൻമാർ ദേവസ്വത്തിന്റെ കൈതക്കാടിനോട് ചേർന്നുള്ള ചേർന്നുകിടക്കുന്ന 15 സെന്റ് സ്ഥലത്താണ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ചോർന്നൊലിക്കുന്ന വീട്ടിൽ കുടുംബാംഗങ്ങൾ കഴിയുന്നത്.
ഭൂമിയും വീടും നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് ഇവിടുത്തെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കുടിവെള്ളം എത്തിക്കാനുള്ള നടപടിയുണ്ടാകണമെന്നുമാണ് ഉന്നതിക്കാരുടെ ആവശ്യം.